ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും നൊമ്പരം പേറുന്ന ഹൃദയങ്ങളാണിന്ന് കൂടുതലും. ഒരുവശത്ത് അമിതമായ തിരക്ക്; ജീവിതവ്യഗ്രത. മറുവശത്ത് ശൂന്യത, ഏകാന്തത.
ഈ ഒറ്റപ്പെടലും ഏകാന്തതയും ദൈവത്തിന്റെ പദ്ധതിയല്ല. കാരണം, ആദിപിതാവായ ആദാമിന് ഇണയെ കൊടുക്കുന്നതിന് മുൻപ് ദൈവം പറഞ്ഞു ''മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല; അവന് ചേർന്ന ഇണയെ ഞാൻ നല്കും'' (ഉൽപത്തി 2:18).
ഏകാന്തത നന്നല്ല. അത് ദൈവത്തിന്റെ ഹിതവുമല്ല. എല്ലാ ഏകാന്തതകളെയും അതിജീവിക്കുവാൻ തക്കവിധത്തിലുള്ള ഉന്നതമായ കൃപ ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ മനുഷ്യന് നല്കിയിട്ടുണ്ട്. തന്റെ വചനങ്ങളിലൂടെ യേശുവത് വെളിപ്പെടുത്തി യിട്ടുണ്ട്. ''ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാൻ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങൾക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാൻ ലോകത്തിനു കഴിയുകയില്ല'' (യോഹ.14:16-17).
എന്നും കൂടെയിരിക്കാൻ ഒരാൾ
വരാൻ പോകുന്ന കാലങ്ങളിൽ ഓരോ മനുഷ്യനും അഭിമുഖീകരിക്കേണ്ടിവരുന്ന ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും തടവറകളിൽ നമ്മോടൊത്ത് നിരന്തരം വസിച്ചുകൊണ്ട് നമ്മെ ശക്തീകരിക്കുവാനും മുന്നോട്ടു നയിക്കുവാനും കൂടിയാണ് പരിശുദ്ധാത്മാവിനെ ദൈവം നമ്മുടെമേൽ വർഷിച്ചത്. ഏതെങ്കിലും പ്രത്യേക ഘട്ടങ്ങളിൽ മാത്രമല്ല, പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുകയും നമ്മോടൊത്തു വസിക്കുകയും ചെയ്യുന്നത്. പിന്നെയോ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അവിടുന്ന് നമ്മുടെ സഹായിയും സഹവർത്തിയുമാണ്.
ഈ ദിവ്യാത്മാവിന്റെ കരം പിടിക്കാൻ നാം തയാറായാൽ ഒരു തരത്തിലും ഏകാന്തത നമ്മെ കീഴടക്കുകയില്ല. അപ്പന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും സഹായികളുടെയും സ്ഥാനത്തുനിന്നുകൊണ്ട് അവിടുന്ന് നമുക്കായി കൃപ ചൊരിയും. മാത്രമല്ല നമ്മുടെ ഹൃദയത്തിൽ യേശുവിന്റെ സ്‌നേഹം നിറച്ചുകൊണ്ട് സ്ഥായിയായ യേശു അനുഭവത്തിലേക്ക് നമ്മെ ഉയർത്തുകയും ചെയ്യും. തിരുവചനം പറയുന്നതിപ്രകാരമാണ്: ''നമുക്ക് നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു'' (റോമ 5:5). ഈ സത്യാത്മാവിനെ ഹൃദയപൂർവം സ്വീകരിക്കുന്നവർക്ക് ലഭിക്കുന്നത് കർത്താവായ യേശുവുമായിട്ടുള്ള ആഴമായ വ്യക്തിബന്ധമാണ്. ഈ ബന്ധം ലഭിക്കുന്നവർക്ക് അനാഥത്വത്തിന്റെയും ഏകാന്തതയുടെയും ഭീകരമായ നീരാളിപ്പിടുത്തത്തിൽനിന്നും മോചനം ലഭിക്കുക മാത്രമല്ല, കർത്താവായ യേശുവുമായുള്ള നിത്യസഹവാസത്തിൽ ആയിരിക്കാനുള്ള കൃപ ലഭിക്കുകയും ചെയ്യുന്നു.
ബന്ധങ്ങൾക്ക് ഉപരിയായ ബന്ധം
എല്ലാ ബന്ധങ്ങൾക്കും ഉപരിയായ ബന്ധമാണ് പരിശുദ്ധാത്മ അഭിഷേകത്തിലൂടെ ഒരുവന് യേശുവുമായി ലഭിക്കുന്നത്. കർത്താവായ യേശുവിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മ അഭിഷേകമെന്ന് തിരിച്ചും ഇതിനെ വ്യാ ഖ്യാനിക്കാം. ഈ ബന്ധത്തിലേക്ക് കടന്നുവരുന്നവർ താനറിയാതെ തന്നെ ദൈവത്തെ 'ആബാ' (പിതാവേ) എന്ന് വിളിച്ചുതുടങ്ങുന്നു. അങ്ങനെ പിതാവായ ദൈവവുമായി പിതൃ-പുത്രബന്ധത്തിലേക്ക് കടന്നുവരുന്ന ഒരാ ൾക്ക് പിന്നെ ഏകാന്തതയോ അനാഥത്വബോധമോ ഉണ്ടാവുകയില്ല. ഇവിടെ യേശുവിന്റെ വാഗ്ദാനം യാഥാർത്ഥ്യമായി മാറുന്നു. ''ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും. അല്പസമയംകൂടി കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാൽ, നിങ്ങളെന്നെ കാണും'' (യോഹ.14:18).
ലോകത്തിനും അതിന്റെ വഴി പിന്തുടരുന്നവർക്കും തീർത്തും അസാധ്യമായ ഈ യേശുദർശനം പരിശുദ്ധാ ത്മ അഭിഷേകത്തിലൂടെയാണ് ലഭ്യമാകുന്നത്. യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷം ക്രിസ്തുശിഷ്യന്മാർക്കും ക്രിസ്തുവിൽ വിശ്വസിക്കുന്ന മറ്റുള്ളവർക്കും ലഭിച്ചത് ഇങ്ങനെയാണ്. അതുതന്നെയാണ് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതും. യേശുവിൽ വിശ്വസിച്ചുകൊണ്ട് പിതാവിനോട് പരിശുദ്ധാത്മാവിനെ ചോദിക്കുന്നവർക്ക് അതു ലഭിക്കുന്നു. പരിശുദ്ധാത്മാവാകട്ടെ തന്നിലാശ്രയിക്കുന്നവരെ അഗാധമായ യേശു അനുഭവത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇവിടെ അനാഥത്വമില്ല, ഏകാന്തതയുമില്ല... നിറവുള്ള 'ആബാഅനുഭവം' മാത്രം... ഈ അനുഭവമാണ് യേശുവിൽ വിശ്വസിക്കുന്ന ഒരുവന് ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളത്.
സഹവാസത്തിലൂടെ പൂർണത പ്രാപിക്കുന്ന ബന്ധം
യേശുവുമായുള്ള സഹവാസത്തിലൂടെയും അവിടു ത്തെ വചനങ്ങൾ ധ്യാനിക്കുന്നതിലൂടെയും കൂദാശകളിലൂടെയും വ്യക്തിപരമായ പ്രാർത്ഥനകളിലൂടെയുമാണ് യേശുവുമായിട്ടുള്ള നിരന്തരബന്ധത്തിൽ നിലനില്ക്കാൻ ഒരുവന് കഴിയുന്നത്.
മറിയത്തിന് മർത്താ എന്നു പേരുള്ള ഒരു സഹോദരിയുണ്ടായിരുന്നു. ഒരിക്കൽ യേശു ആ ഭവനത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, മറിയം യേശുവിന്റെ പാദത്തിങ്കലിരുന്ന് അവിടുത്തെ വായിൽനിന്നും അടർന്നു വീഴുന്ന കൃപാവചസുകൾ ശ്രദ്ധിച്ച് അവന്റെ മുഖത്തുതന്നെ നോക്കിക്കൊണ്ടിരുന്നു. മർത്തയാകട്ടെ ഗുരുവിനെ സല്ക്കരിക്കുന്നതിൽ വ്യഗ്രചിത്തയുമായിരുന്നു. അവൾ യേശുവിനെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: ''കർത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കുവാൻ അവളോടു പറയുക. കർത്താവ് അവളോടു പറഞ്ഞു: ''മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും ഉൽക്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് എടുക്കപ്പെടുകയില്ല'' (ലൂക്കാ 10:40-42).
യേശുവിന്റെ പാദത്തിങ്കലുള്ള ആ ഇരുപ്പാണ് യേശുവുമായുള്ള അഗാധമായ വ്യക്തിബന്ധത്തിലേക്ക് അവ ളെ നയിച്ചത്. ആ വ്യക്തിബന്ധമാണ് കാൽവരിയിൽ പരിശുദ്ധ അമ്മയോടൊപ്പം യേശുവിന്റെ കുരിശിൻ ചുവട്ടിലായിരിക്കുവാൻ അവൾക്ക് ശക്തി കൊടുത്തത്. യേശുവുമായുള്ള ആത്മബന്ധമാണ് കല്ലറയിൽ അടക്കപ്പെട്ട യേശുവിന്റെ ശരീരത്തിൽ പൂശാനുള്ള സുഗന്ധ ദ്രവ്യവുമായി നേരം പുലരുന്നതിനു മുൻപേ, തനിക്ക് സംഭവിക്കാവുന്ന എല്ലാ വിപത്തുകളെയും അവഗണിച്ചുകൊ ണ്ട് യേശുവിന്റെ കല്ലറയിങ്കൽ എത്തുവാൻ അവൾക്ക് ശക്തി കൊടുത്തത്. അവളുടെ അചഞ്ചലമായ സ്‌നേഹത്തിനും ആത്മബന്ധത്തിനും കർത്താവ് കൊടുത്ത സ മ്മാനമാണ് ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യദർശനം.
നമുക്കും അവകാശപ്പെട്ടത്
യേശുവുമായുള്ള ആഴമായ ബന്ധം നമുക്കും അവകാശപ്പെട്ടതാണ്. അവിടുന്നത് നമുക്ക് തരാൻ തയാറുള്ളവനുമാണ്. പക്ഷേ, ആ ബന്ധം നമുക്ക് ലഭിക്കണമെങ്കിൽ പരമപ്രധാനമായി ചെയ്യേണ്ടത് ഏകാന്തതയിൽ യേശുവുമായി ഒറ്റയ്ക്കിരിക്കുവാൻ തയാറാവുകയാണ്. അവിടുന്നിൽനിന്നും പരിശുദ്ധാത്മാവിനെ ചോദിച്ചു മേടിക്കണം. പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറഞ്ഞ് എന്നെ യേശുവുമായി ഒരുമിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കണം. നമുക്ക് തന്ന നന്മകളോർത്ത് അവിടുത്തേക്ക് നന്ദി പറയുകയും അവിടുത്തെ ആരാധിക്കുകയും വേണം. വന്നുപോയ പാപങ്ങൾ ഏറ്റുപറയുകയും പൊറുതി ചോദിക്കുകയും വേണം. അവിടുത്തെ സ്വരം കേൾക്കാനായി നാം ചെവികൊടുക്കണം. അവിടുന്ന് നമ്മോടു സംസാരിക്കും. നമ്മെ ആശ്വസിപ്പിക്കുകയും ഹൃദയത്തിന്റെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യും. അവിടുന്ന് പറയുന്നത് കേൾക്കുന്നില്ലേ... ''എന്റെ മക്കളുടെകൂടെ നിന്നെ പാർപ്പിക്കാനും സകല ജനതകളുടേതിലുംവച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്ക് നല്കാനും ഞാൻ എത്ര ആഗ്രഹിച്ചു. എന്റെ പിതാവേ എന്നു നീ വിളിക്കുമെന്നും എന്റെ മാർഗം നീ ഉപേക്ഷിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിച്ചു'' (ജറെ.3:19). അതേ നമ്മുടെ നാവിൽനിന്നും 'പിതാവേ' എന്നുള്ള ഒരു വിളി കേൾക്കാൻ ദൈവം എത്രയധികമായി കൊതിക്കുന്നുവെന്നോ? ആ വിളി നമ്മുടെ അപ്പച്ചന് കൊടുക്കാൻ കഴിയണമെങ്കിൽ വ്യക്തിപരമായ പ്രാർത്ഥനയിൽ യേശുവിന്റെ ആത്മാവുമായി (പരിശുദ്ധാത്മാവ്) നാം അഗാധമായ ബന്ധത്തിൽ വരണം. ഏകാന്തതയിൽ യേശുവുമായി ചേർന്നിരിക്കാൻ ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും നീക്കിവയ്ക്കണം.
മണവറപോലെ
ഭാര്യാഭർത്താക്കന്മാർ സംഗമിക്കുന്ന മണവറപോലെ പരിശുദ്ധവും സ്‌നേഹനിർഭരവും കൃപ നിറഞ്ഞതുമാണ് ഏകാന്തതയിലുള്ള വ്യക്തിപരമായ പ്രാർത്ഥന. യേശുവുമായുള്ള വ്യക്തിബന്ധം ഉരുത്തിരിയുന്നത് ഇവിടെയാണ്. ആരെല്ലാം ഈ മണവറയിൽ ക്രിസ്തുവുമായി സമയം ചെലവഴിക്കുന്നുണ്ടോ അവരെല്ലാം ആത്മീയ ജീവിതത്തിൽ വളരുകയും പടർന്നുപന്തലിക്കുകയും നി റയെ ഫലം ചൂടുകയും ചെയ്തിട്ടുണ്ട്. ആരെല്ലാം വ്യക്തിപരമായ പ്രാർത്ഥനയിൽനിന്നും പിന്തിരിഞ്ഞിട്ടുണ്ടോ അ വരെല്ലാം വെട്ടപ്പെട്ട ശാഖപോലെ നിപതിച്ചിട്ടുണ്ട്. തായ്ത്തടിയായ ക്രിസ്തുവുമായുള്ള ബന്ധം നഷ്ടപ്പെട്ടുപോയാൽ ശാഖകളായ നമുക്ക് ഫലം പുറപ്പെടുവിക്കാനോ ജീവനിൽ നിലനില്ക്കാനോ കഴിയുകയില്ലല്ലോ.
കർത്താവുമായുള്ള ബന്ധത്തിൽ വളരുന്ന ജീവിതത്തെക്കുറിച്ച് പ്രവാചകൻ പറയുന്നതിപ്രകാരമാണ്. ''കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗൃഹീതൻ; അവന്റെ പ്രത്യാശ അവിടുന്നുതന്നെ. അവൻ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു. അതു വേനല്ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്; വരൾച്ചയുടെ കാലത്തും അതിന് ഉൽക്കണ്ഠയില്ല; അതു ഫലം നല്കിക്കൊണ്ടേയിരിക്കും'' (ജറെമിയ 17:7-8).
പ്രാർത്ഥനയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന പരിശുദ്ധാത്മാവിനെ നമ്മിൽ വളരുവാൻ അനുവദിക്കാം. വ്യക്തിപരമായ പ്രാർത്ഥനയിലെ കുറവുകൾ നികത്തി അരൂപിയെ ഉജ്വലിക്കുവാനനുവദിക്കാം. ആ ജ്വലനം വീണ്ടുമൊരു പന്തക്കുസ്തായ്ക്കുവേണ്ടിയുള്ള തീയിടലായി ഭവിക്കട്ടെ. ഏകാന്തതകൾ യേശുവോടൊത്ത് നമുക്ക് പങ്കിടാം.
പ്രാർത്ഥന
പരിശുദ്ധാത്മാവായ ദൈവമേ, ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ. ഞങ്ങളെ ചൂഴ്ന്നുനില്ക്കുന്ന ഏകാന്തതയിലും ഒറ്റപ്പെടലുകളിലും ഞങ്ങളുടെ നിത്യസഹായകനായി വന്ന് ആ നിമിഷങ്ങളെ പ്രാർത്ഥനാ നിർഭരമാക്കി മാറ്റണമേ. ഭൂമിയിൽ തീയിടാൻ വന്ന യേശുവിന്റെ ആത്മാവേ, രണ്ടാം പന്തക്കുസ്തായ്ക്കു വേണ്ടിയുള്ള അഗ്നിവർഷം ഞങ്ങളുടെ ഹൃദയങ്ങളിൽനിന്നും ഉളവാകുവാൻ ഇടവരുത്തണമേ. ആമ്മേൻ
Written by സ്റ്റെല്ല ബെന്നി
No comments:
Post a Comment