Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Saturday, November 24, 2012

ജീസസ് ഈസ് എലൈവ്‌

''നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്ക് നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുൻപാകെ നിങ്ങൾ സാക്ഷ്യം നല്കും. അവർ നി ങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോൾ, എ ങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങൾ ആകുലപ്പെടേണ്ടാ. നിങ്ങൾ പറയേണ്ടത് ആ സമയത്ത് നിങ്ങൾക്ക് നല്കപ്പെടും'' (മത്തായി 10:18-19).

2012 മെയ് 23 ബുധനാഴ്ച. ഇടവകയിലെ പ്രാർത്ഥനാ കൂട്ടായ്മകളിൽ ആഴ്ചതോറുമുള്ള പ്രാർത്ഥന നടക്കുന്നത് ബുധനാഴ്ചകളിലാണ്. ഏറെ ജോലിത്തിരക്കുള്ള ദിവസമായിരുന്നു അന്ന്. അതുകൊണ്ടുതന്നെ നല്ല ക്ഷീണവും. എങ്ങനെയെങ്കിലും വീട്ടിലെത്തി ഒന്നു കിടന്നാൽ മതിയെന്ന ചിന്തയോടെ അനുവദനീയമായതിലും കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കുന്നതിനിടെയാണ് കൂട്ടായ്മയുടെ കോ-ഓർഡിനേറ്ററിന്റെ ഫോൺ വന്നത്.

ഉടനെ നടക്കുന്ന ധ്യാനത്തിനൊരുക്കമായുള്ള ശുശ്രൂഷയിൽ വചനം പറയാൻ ചെല്ലണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പലതും പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും അവസാനം പോകാമെന്ന് മനസില്ലാ മനസോടെ സമ്മതിക്കേണ്ടിവന്നു.
വീട്ടിലെത്തുന്നതുവരെ മനസ് അസ്വസ്ഥമായി കർ ത്താവിനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. വിശ്രമം ഏറ്റവും ആഗ്രഹിച്ച ഈ ദിവസംതന്നെ അതിനനുവദിക്കാത്ത നിനക്കൊരു ദയയും തോന്നുന്നില്ലേ? വയ്യാത്തതുകൊണ്ടല്ലേ, ഇതിനുമുമ്പ് ഇങ്ങനെ പറ്റില്ല എന്നു പറഞ്ഞിട്ടില്ലല്ലോ? ഇങ്ങനെയൊക്കെ ആയിരുന്നു ചിന്തകൾ.

ശുശ്രൂഷ കഴിഞ്ഞപ്പോൾ എന്റെ മണ്ടത്തരം മനസിലായി. കർത്താവിനാവശ്യമുണ്ടായിരുന്നത് എന്റെ വാ ക്ചാതുര്യവും ലോകത്തിന്റെ അറിവും ആയിരുന്നില്ല. മറിച്ച്, കർത്താവിന് ആ കൂട്ടായ്മയോട് പറയാൻ ആവശ്യമുള്ളത് പറയാനുള്ള ഒരു വ്യക്തിയെ മാത്രമായിരുന്നുവെന്ന് മനസിലായി. ഞാനല്ലെങ്കിൽ മറ്റൊരാൾ.

സാധാരണ രാത്രി പത്തുമണിക്കവസാനിക്കുന്ന ശു ശ്രൂഷ അന്നവസാനിച്ചപ്പോൾ പത്തേമുക്കാൽ. അവിടെ നിന്നിറങ്ങാൻ പിന്നെയും വൈകി. ഫോണിൽ നോക്കിയപ്പോൾ നിരവധി തവണ ഭാര്യ വിളിച്ചിരിക്കുന്നു. വണ്ടി സ്റ്റാർട്ടുചെയ്തുകൊണ്ട് വീട്ടിലേക്ക് വിളിക്കാൻ തുടങ്ങിയപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിറങ്ങിയപ്പോൾ സം സാരിക്കാൻ പറ്റാതിരുന്ന ഒരാൾ വിളിക്കുകയാണ്, പ്രാർത്ഥനാ സഹായമാണ്. പിന്നീട് ഭാര്യയെ വിളിച്ചു. നാലുപാടും നോക്കി പോലീസില്ല എന്നുറപ്പു വരുത്തിയിരുന്നു. എന്നാൽ, ഏകദേശം ഇരുന്നൂറു മീറ്റർ പിന്നിട്ടുകാണും എവിടെനിന്നെന്നറിയില്ല പിന്നിൽ പോലീസ് വാഹനം. നിർത്താൻ ആവശ്യപ്പെട്ട് അവർ സിഗ്നൽ തന്നു. അസ്ഥിയിലൂടെ ഒരു മരവിപ്പ് കടന്നുപോയി. കാരണം ഒമാനിൽ വാഹനാപകടം ക്രമാതീതമായി വർധിക്കുന്നതിനാൽ നിയമം ഏറെ കർശനമാക്കിയിട്ടുണ്ട്. അതനുസരിച്ച് ഡ്രൈവിംഗിനിടയിൽ ഫോണുപയോഗിക്കുന്നവർക്ക് പത്തു ദിവസത്തെ ജയിൽശിക്ഷയും കൂടാതെ പിഴയും എന്ന നിയമം ആയിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. ശിക്ഷ അനുഭവിച്ചേ മതിയാവൂ.

വണ്ടി നിർത്താനുള്ള സിഗ്നൽ കിട്ടിയതും കർ ത്താവിനോടുള്ള എന്റെ ദേഷ്യം ഇരട്ടിച്ചു. ക്ഷീണിച്ചുറങ്ങാൻ പോയ എന്നെ പോലീസിലേല്പിക്കാൻ നീയെന്തിനു ശ്രമിക്കുന്നുവെന്ന് കർത്താവിനോടു ഞാൻ കലഹിച്ചു.

വാഹനത്തിൽ നിന്നിറങ്ങിയ പോലീസുദ്യോഗസ്ഥൻ എന്റെ വാഹനത്തിനരികിലെത്തി കൈതന്നു. ഇവിടെ പോലീസുകാർ ഇങ്ങനെയാണ്. മാന്യമായി ഇടപെടും. അസഭ്യമില്ല; അലർച്ചയില്ല, മർദ്ദനമില്ല. വാ ഹനമിടിച്ച് ആളു മരിച്ചാലും കൈതന്ന് വിശേഷങ്ങളന്വേഷിച്ചതിനുശേഷമേ കാര്യത്തിലേക്ക് കടക്കുകയുള്ളൂ.

കാറിൽനിന്നും വെളിയിലിറങ്ങി ലൈസൻസും മറ്റു രേഖകളും പോലീസിനു കൈമാറുമ്പോൾ കർത്താവിന്റെ സ്വരം 'പേടിക്കണ്ട.' അതത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. കാരണം, ഇവിടുത്തെ പോലീസ് പിടിച്ചാൽ പിടിച്ചതാണ്. ഇതിനിടയിൽ പോലീസുകാരന്റെ നെയിംപ്ലേറ്റ് ശ്രദ്ധിച്ചപ്പോൾ മനസിലായി അദ്ദേഹം ഉന്നത പദവിയിലുള്ള ഓഫീസറാണെന്ന്. കൂടാതെ അദ്ദേഹം വാഹനത്തിന്റെ വലതുവശത്തേക്ക് നീങ്ങുന്നു. വലതുവശത്തുള്ള സീറ്റിൽ ബൈബിൾ വച്ചിട്ടുണ്ട്. അതിലേക്കു തന്നെയാണദ്ദേഹത്തിന്റെ നോട്ടം. അതോടെ ഭയം ഇരട്ടിച്ചു. എന്തു ചെയ്യും എന്നാലോചിക്കുമ്പോൾ അദ്ദേഹത്തിന്റെ ചോദ്യം 'എവിടെയാണ് താമസം?' ഉത്തരം പറഞ്ഞപ്പോൾ അവിടെനിന്നും ഇത്രയകലെ എന്തിനുവന്നു എന്നായി. ഇതിനിടെ പോലീസ് വാഹനത്തിലുണ്ടായിരുന്ന മറ്റൊരുദ്യോഗസ്ഥൻ ഒരു രജിസ്റ്ററുമായി പുറത്തിറങ്ങി. അതോടെ ഉറപ്പായി ഇനി പത്തുദിവസം ജയിലിൽതന്നെ. രണ്ടുദ്യോഗസ്ഥരും പരസ്പരം സംസാരിക്കുന്നതിനിടെ എനിക്കു പരിചയമുള്ള ട്രാഫിക് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയമായി.

ഈ സമയം എന്നെ സംബന്ധിക്കുന്ന വിവരങ്ങളൊക്കെ രജിസ്റ്ററിൽ എഴുതിയതിനുശേഷം രണ്ടുദ്യോഗസ്ഥരുംകൂടി എന്റെ അടുത്തുവന്നു പറഞ്ഞു: ''പുതിയ നിയമം അനുസരിച്ച് നിന്നെ അറസ്റ്റു ചെയ്യുകയാണ്. ഇന്നു രാത്രി പോലീസ് സ്റ്റേഷനിൽ, നാളെ അടുത്തുള്ള ജയിലിൽ. ഒന്നും ചെയ്യാനില്ല. ഭാര്യയോടെങ്ങനെ വിവരം പറയും? പ്രാർത്ഥനാ കൂട്ടായ്മയിലുള്ള ആരെയെങ്കിലും വിളിച്ചു പറയാമെന്നു കരുതിയപ്പോൾ, സീറ്റിലിരിക്കുന്ന ബൈബിൾ ചൂണ്ടി അതെന്താണെന്നു ചോദിച്ചു. ബൈബിളാണെന്നു പറഞ്ഞാൽ വേറെ ശിക്ഷ വരുമോ? മറ്റെന്തെങ്കിലും ആണെന്നു പറയണമെന്നു കരുതിയപ്പോൾ പിന്നെ യും കർത്താവിന്റെ ഇടപെടൽ 'നുണ പറയേണ്ട.' പ്രാർത്ഥനാകൂട്ടായ്മക്കു പോയതാണെന്നു പറഞ്ഞാ ൽ എവിടെ ആയിരുന്നെന്നും ആരുടെ വീട്ടിലായിരുന്നെന്നും പറയേണ്ടിവരും. അതാ വീട്ടുകാർക്കും ഒരുപക്ഷേ വന്ന എല്ലാവർക്കും പ്രശ്‌നമാവില്ലേ എന്നായി അടുത്ത ചിന്ത. ഒടുവിൽ പറഞ്ഞു: ''പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയതാണ്. ഒരാളെ കാണാൻ ഇതുവഴി വന്നതാണ്.''

അപ്പോൾ രണ്ടാമത്തെ ഉദ്യോഗസ്ഥൻ രജിസ്റ്ററിൽ ഒപ്പിടാനാവശ്യപ്പെട്ടുകൊണ്ട് അടുത്തെത്തി. എഴുതിയിരിക്കുന്നതു മുഴുവൻ അറബിയിലായതിനാൽ ഒപ്പിടാൻ മടിച്ചുകൊണ്ടു ഞാൻ പറഞ്ഞു, സ്റ്റേഷനിൽ ചെന്നിട്ട് ഒപ്പിടാം. തുടർന്നെന്റെ കാറിന്റെ താക്കോൽ ഞാനദ്ദേഹത്തെ ഏല്പിച്ചു. പോലീസ് വാഹനത്തിൽ കയറാനൊരുങ്ങുന്നതിനിടയിൽ, ''നീ പ്രാർത്ഥനയ്ക്കു പോയതാണെന്നു തന്നെയല്ലേ പറഞ്ഞത്'' എന്ന് ഉയർ ന്ന ഉദ്യോഗസ്ഥൻ ചോദിച്ചു. ശിക്ഷ ഇരട്ടിക്കും എന്നുറപ്പിച്ചുകൊണ്ട് അതെയന്നു ഞാനുത്തരം പറഞ്ഞു. തുടർന്നദ്ദേഹം രണ്ടാമത്തെ ഉദ്യോഗസ്ഥനുമായി എന്തോ സംസാരിച്ചു. അതിനുശേഷം രജിസ്റ്ററിൽ എന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ പേജുകൾ വലിച്ചുകീറി, അടുത്തുള്ള വേസ്റ്റു ബോക്‌സിൽ കൊണ്ടുപോയി ഇട്ടതിനുശേഷം മടങ്ങിവന്നു പറഞ്ഞു: ''പ്രാർത്ഥനയ്ക്കു പോയതാണെന്ന് നീ പറഞ്ഞതിനാൽ നിന്നെ ഞങ്ങ ൾ കൊണ്ടുപോകുന്നില്ല. നീ ഇതുവഴി വന്നിട്ടില്ല; ഞങ്ങൾ നിന്നെ കണ്ടിട്ടുമില്ല.''

മറുപടി പറയാൻ കഴിയാത്തവി ധം തൊണ്ട വരണ്ടു നില്ക്കുമ്പോൾ, എന്റെ തോളിൽ തട്ടി 'ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം' എന്നു പറഞ്ഞ് തന്റെ വിസിറ്റിംഗ് കാർഡ് നീട്ടിക്കൊണ്ടു കൂട്ടിച്ചേർത്തു: ''എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട.''
മൂന്നുദിവസം കഴിഞ്ഞെന്നെ വിളിച്ച അദ്ദേഹം പറ ഞ്ഞു: ''എന്റെ ഒരു കുഞ്ഞ് ബുദ്ധിമാന്ദ്യമുള്ള അവസ്ഥയിലാണ് ജനിച്ചത്. ഇപ്പോഴത്തെ അവസ്ഥയ്ക്കു മാറ്റംവരാൻ നീ പ്രാർത്ഥിക്കുന്ന നിന്റെ ദൈവത്തോടൊന്നു പറയണം.''

ഒരു കാര്യം ഉറപ്പ്. തന്റെ ശുശ്രൂഷയ്ക്കായി ഒരുവൻ പോകുമ്പോൾ അവനോടൊപ്പം ദൈവംകൂടി പോകുന്നു എന്ന കാര്യം. ക്ഷീണിതനായിരുന്ന എ ന്നെ ബലംപിടിച്ച് കർത്താവ് കൊണ്ടുപോയത് വിജാതീയനായ ആ പോലീസുദ്യോഗസ്ഥന്റെ ജീവിതത്തി ൽ ഇടപെടാൻ അവിടുന്നാഗ്രഹിക്കുന്നതുകൊണ്ടുതന്നെ. ദൈവത്തിന്റെ നാമം ആ കുടുംബത്തിൽ മഹത്വപ്പെടുന്ന ദിവസത്തിനായി കാത്തിരിക്കുന്നു. കാരണം, അവൻ ഇന്നും ജീവിക്കുന്നവൻ തന്നെ!

Written by  റോയി അഗസ്റ്റിൻ, ഒമാൻ



No comments:

Post a Comment