Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Sunday, November 18, 2012

മാർത്തോമ്മാ പകർന്ന വിശ്വാസത്തിരിനാളവുമായ് സീറോ മലബാർ സഭ ഉയരങ്ങളിലേക്ക്


ഇന്ത്യയിൽ ക്രിസ്ത്യാനികളുണ്ടോ? കഴി ഞ്ഞ ഏതാനും വർഷത്തെ അമേരിക്കൻ വാസത്തിനിടയിൽ പേരും ജന്മനാടും പറഞ്ഞ് പരിചയപ്പെടുമ്പോൾ ചിലരിൽനിന്നെങ്കിലും ഈ ചോദ്യം കേട്ടിട്ടുണ്ട്. ഇന്ത്യയുടെ സാമൂഹ്യ, ചരിത്ര പശ്ചാത്തലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത, ഇന്ത്യയെ ഹൈവന്ദവ രാഷ്ട്രമായിക്കാണുന്ന അല്ലെങ്കിൽ ഇന്ത്യാക്കാരെല്ലാം ഹിന്ദുക്കളാണെന്ന് ധരിക്കുന്ന അമേരിക്കക്കാർ ഏറെയുണ്ടെന്നതാണ് വാസ്തവം. ഇന്ത്യയിൽ നിന്നാണെന്ന് അറിയുമ്പോൾ, മതപരിവർത്തനം നടത്തി ക്രിസ്ത്യാനി ആയതെന്നാണെന്നറിയാൻ കൗതുകം കാട്ടുന്നവരുമുണ്ട്.

വിശ്വാസവിളക്കുമായി തോമാശ്ലീഹ
രണ്ടായിരത്തോളം വർഷത്തെ അനുഗൃഹീ ത പാരമ്പര്യവും മഹത്തായ ചരിത്രവും പേറുന്നതാണ് ഭാരതത്തിലെ ക്രൈസ്തവസഭ. 40 വർഷങ്ങൾകൂടി കഴിഞ്ഞാൽ, 2052ൽ തോമാശ്ലീഹായുടെ ഭാരതപ്രവേശനത്തിന്റെയും ക്രൈസ്തവസഭാ സ്ഥാപനത്തിന്റെയും രണ്ടു സഹസ്രാബ്ദങ്ങൾ പൂർത്തിയാകും. 

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്രിസ്റ്റഫർ കൊളംബസ് നടത്തിയ സമുദ്രയാത്രയ്ക്കുശേഷമാണ് അമേരിക്കൻ ഭൂഖണ്ഡത്തിലേക്ക് യൂറോപ്പിൽനിന്നുള്ള കുടിയേറ്റവും തുടർന്നുള്ള കോളനിവൽക്കരണവും ആരംഭിക്കുന്നത്. പിന്നീട് ക്രൈസ്തവരാഷ്ട്രങ്ങളായി തീർന്ന പല യൂറോപ്യൻ രാജ്യങ്ങളിൽ സുവിശേഷസന്ദേശം എത്തുന്നതിനും വർഷങ്ങൾക്കുമുമ്പേ ഭാരതത്തിൽ ക്രിസ്തുസന്ദേശം പ്രചരിച്ചിരുന്നു. എ.ഡി 52ൽത്തന്നെ അപ്പസ്‌തോലനായ സെന്റ് തോമസ് 'മുസിരിസ്' എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിലെ മാല്യങ്കരയിൽ എത്തിച്ചേർന്നു. രണ്ടു പതിറ്റാണ്ടുനീണ്ട സുവിശേഷവേലയ്ക്കിടയിൽ പാലയൂർ, കൊടുങ്ങല്ലൂർ, കോക്കമംഗലം, കോട്ടക്കടവ്, കൊല്ലം, നിരണം, ചായൽ എന്നീ സ്ഥലങ്ങളിൽ ഏഴ് ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു അദ്ദേഹം.

വഴിയൊരുക്കിയ വ്യാപാരബന്ധം
ക്രിസ്തുവിന് വർഷങ്ങൾമുമ്പുതന്നെ ഭാരത്തിന്റെ മലബാർ മേഖലയുമായി പല മെഡിറ്ററേനിയൻ രാജ്യങ്ങൾക്കും വ്യാപാര ബന്ധമുണ്ടായിരുന്നു. 'മുസിരിസ്' എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ അക്കാലത്ത് പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു. പല പ്രാചീന ചരിത്രകാരന്മാരുടെയും യാത്രാവിവരണങ്ങളിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. 

ഭാരതത്തിന് റോമാസാമ്രാജ്യവുമായി നയതന്ത്ര, വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നു. ആദ്യനൂറ്റാണ്ടിൽത്തന്നെ മലബാറിലെ പലപ്രദേശങ്ങളിലും യഹൂദകോളനികൾ സ്ഥാപിമായതിൽനിന്ന് ഇത് അനുമാനിക്കാം.ഈ പശ്ചാത്തലമാണ് തോമാശ്ലീഹായ്ക്ക് ക്രിസ്തുവിൽനിന്ന് പ്രേഷിതദൗത്യം ലഭിച്ച് അധികം വൈകാതെതന്നെ സുവിശേഷപ്രചരണാർത്ഥം ഭാരതത്തിലേക്ക് വരാൻ വഴിയൊരുക്കിയത്. തെക്കൻ ഭാരതത്തിൽ 20 വർഷക്കാലം സുവിശേഷപ്രചാരണം നടത്തിയ തോമാശ്ലീഹാ എ.ഡി 72ൽ മദ്രാസിനടുത്തുവെച്ചാണ് രക്തസാക്ഷിത്വം വരിച്ചത്. അദ്ദേഹത്തിന്റെ മൃതശരീരം മൈലാപ്പൂരിൽ സംസ്‌കരിക്കുകയും ചെയ്തു.

മാർത്തോമ ക്രിസ്ത്യാനികൾ വരുന്നു
തോമാശ്ലീഹായിൽനിന്ന് മാമ്മോദീസാ സ്വീകരിച്ച ആദ്യ ക്രൈസ്തവ സമൂഹം 'മാർത്തോമ ക്രിസ്ത്യാനികൾ' എന്നാണ് അറിയപ്പെട്ടിരുന്നത്. നസ്രായനായ ഈശോയുടെ പാത പിന്തുടങ്ങുന്നവർ എന്നർത്ഥമുള്ള 'നസ്രാണികൾ' എന്നും ഇവരെ വിളിച്ചിരുന്നു. തോമാശ്ലീഹാ സ്ഥാപിച്ച പൗരസ്ത്യ സുറിയാനി (കൽദായ) സഭയുമായി ആദ്യനൂറ്റാണ്ടുമുതൽത്തന്നെ ഭാരതത്തിലെ മാർത്തോമ ക്രിസ്ത്യാനികൾ ബന്ധപ്പെടാനിടയി. ആ ബന്ധം ദീർഘനാൾ സുദൃഢമായി നിലനിൽക്കുകയും ചെയ്തു. 

നാലാം നൂറ്റാണ്ടുമുതൽ 16-ാം നൂറ്റാണ്ടിന്റെ അവസാനംവരെ പൗരസ്ത്യ സുറിയാനി സഭയുടെ പാത്രീയാക്കീസ് ചുമതലപ്പെടുത്തി അയച്ചിരുന്ന മെത്രാന്മാരായിരുന്നു മാർത്തോമാ ക്രിസ്ത്യാനികളുടെ ആത്മീയവും സഭാപരവുമായ ചുമതലകൾ നിർവഹിച്ചിരുന്നത്. 'പള്ളിയോഗം' (സിനഡിന്റെ ആദ്യരൂപം എന്ന് പറയാം) എന്ന സഭാംഗങ്ങളുടെ കൂട്ടായ്മയിലൂടെ തദ്ദേശീയ വൈദികനാണ് പ്രാദേശികസഭയുടെ ഭരണനിർവഹണം നിർവഹിക്കുന്നത്. 'ആർച്ച് ഡീക്കൻ' എന്നാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. 

സഭാപരവും കൗദാശികവും ദൈവശാസ്ത്രപരവുമായ കാര്യങ്ങളിൽ പൗരസ്ത്യ സുറിയാനി പാരമ്പര്യം മാർത്തോമാക്രിസ്ത്യാനികൾ പങ്കുവെച്ചിരുന്നു. എന്നാൽ, സാമൂഹ്യവും സാംസ്‌കാരികവും സംഘടനാപരവുമായ കാര്യങ്ങളിൽ തികച്ചും ഭാരതീയമായ ക്രമങ്ങളായിരുന്നു അനുവർത്തിച്ചിരുന്നത്. ഈശോയുടെ സംസാരഭാഷയായ അരമായയുമായി ഏറെ ബന്ധമുള്ള സുറിയാനി ഭാഷയിലുള്ള ആരാധനക്രമമായിരുന്ന മാർത്തോമ ക്രിസ്ത്യാനികൾക്ക് ഉണ്ടായിരുന്നത്.


മുറിപ്പാടായി സഭാവിഭജനം
16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മിഷണറിമാർ എത്തിയതുമുതൽ പൗരസ്ത്യ സുറിയാനി മെത്രാന്മാരുടെ വരവ് നിലക്കുകയും ആർച്ച്ഡീക്കൻ എന്ന സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. പിന്നീടുള്ള ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകളിൽ ലത്തീൻ വൈദികരാണ് മാർത്തോമാ ക്രിസ്ത്യാനികളുടെ സഭാപരവും കൗദാശികവുമായ കാര്യങ്ങൾ നിർവഹിച്ചിരുന്നത്. 

മാർത്തോമാ ക്രിസ്ത്യാനികളുടെ ആരാധനാക്രമത്തിലും സഭാഭരണത്തിലും ലത്തീൻശൈലി കടന്നുവരാൻ ഇത് ഇടയാക്കി. 1653ലെ ചരിത്രപ്രശസ്തമായ 'കൂനൻകുരിശ് സത്യ'ത്തോടെ മാർത്തോമാ ക്രിസ്ത്യാനികൾ രണ്ടായി വിഭജിക്കപ്പെട്ടു. ലത്തീൻ മെത്രാന്മാരുടെ അധികാരം അംഗീകരിക്കാത്ത ഒരു വിഭാഗം ആർച്ച്ഡീക്കന്റെ നേതൃത്വത്തിൽ ഒരു സമൂഹമായി തീർന്നു. പുത്തൻകൂറ്റുകാർ എന്നാണ് ഇവർ അറിയപ്പെട്ടത്. 

പിന്നീട് അവർ പാശ്ചാത്യ സുറിയാനി ദൈവശാസ്ത്രവും അന്ത്യോക്യായിലെ പൗരസ്ത്യ സുറിയാനി ഓർത്തഡോക്‌സ് ആരാധനാക്രമവും അംഗീകരിച്ചു. യാക്കോബായസഭ എന്നറിയപ്പെട്ടിരുന്ന അവർ പിന്നീട് പല സ്വതന്ത്രസഭകളായി വിഭജിക്കപ്പെട്ടു. റോമൻ കത്തോലിക്കാ സഭയോട് പൂർണമായ വിശ്വസ്തതയും വിധേയത്വവും പുലർത്തിയ മാർത്തോമാ ക്രിസ്ത്യാനികൾ സീറോ മലബാർ സഭ എന്നറിയപ്പെടാൻ തുടങ്ങി. 


'സീറോ മലബാർ' വന്ന വഴി
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചതും കേരള സംസ്ഥാനം നിലവിൽ വന്നതും 1957ലാണ്. അതിനുമുമ്പ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങൾ മലബാർ എന്നാണ് പൊതുവേ അറിയപ്പെട്ടിരുന്നത്. 

വിശേഷിച്ച്, വിദേശങ്ങളിൽ. പൗരസ്ത്യ സുറിയാനി സഭ മലബാറിലെ മാർത്തോമാ ക്രിസ്ത്യാനികളെ നിയന്ത്രിക്കാൻ തുടങ്ങിയ നാൾമുതൽ സുറിയാനി ഭാഷയിലുള്ള പൗരസ്ത്യ സുറിയാനി ആരാധനക്രമമായിരുന്നു നിലവിലുണ്ടായിരുന്നത്. 

മലബാർ പ്രദേശത്തെ സുറിയാനി ക്രിസ്ത്യാനികൾ എന്ന അർത്ഥത്തിൽ വത്തിക്കാന്റെ രേഖകളിൽ 'സീറോ മലബാർ സഭ' എന്ന നാമം ഉപയോഗിച്ചിരുന്നു. പിന്നീട് തദ്ദേശീയ മെത്രാന്മാരുടെ നിയമനത്തോടെ ഈ നാമം ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയായിരുന്നു.


വളർച്ചയിലേക്ക് അതിവേഗം
ലിയോ പതിമൂന്നാമൻ പാപ്പ 1887ൽ ലത്തീൻ സഭയുടെ അധികാരപരിധിയിൽനിന്ന് സുറിയാനി കത്തോലിക്കരെ ഒഴിവാക്കി കോട്ടയം, തൃശൂർ എന്നീ രണ്ടു വികാരിയത്തുകൾ സ്ഥാപിച്ചു. പിന്നീട്, 1896ൽ തൃശൂർ, എറണാകുളം, ചങ്ങനാശേരി എന്നീ മൂന്നു വികാരിയത്തുകളായി പുന$സംഘടിപ്പിക്കുകയും തദ്ദേശീയ മെത്രാന്മാരെ നിയമിക്കുകയും ചെയ്തു.

പയസ് ആറാമൻ പാപ്പയുടെ കൽപ്പനവഴി 1923ൽ എറണാകുളം അതിരൂപതയായും തൃശൂർ, ചങ്ങനാശേരി, കോട്ടയം രൂപതകളായും ഉയർത്തിക്കൊണ്ട് സീറോ മലബാർ ഹയരാർക്കി രൂപീകൃതമായി. ചങ്ങനാശേരി 1956ൽ അതിരൂപതയായി ഉയർത്തപ്പെട്ടു. ലത്തീൻ സ്വാധീനത്തിലൂടെ നഷ്ടമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1962ൽ അത് നിലവിൽ വരികയും ചെയ്തു. 

തുടർന്നുള്ള വർഷങ്ങളിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി രൂപതകളും മിഷൻ കേന്ദ്രങ്ങളും ആരംഭിച്ചു. 1992ൽ ജോൺ പോൾ രണ്ടാമൻ പാപ്പ സീറോ മലബാർ സഭയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തിയതോടെ സീറോ മലബാർ സഭയുടെ അധ്യക്ഷൻ മേജർ ആർച്ച്ബിഷപ്പ് പദവിക്ക് അർഹനായി.

മെത്രാന്മാരുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടെ പൂർണമായ ഭരണാധികാരം 2004ൽ സഭയ്ക്ക് കൈമാറുകയും ചെയ്തു. 2011ൽ മാർ വർക്കി

വിതയത്തിലിന്റെ നിര്യാണത്തെ തുടർന്ന് സീറോ മലബാർ സഭ സിനഡ് യോഗം ചേർന്ന് പുതിയ മേജർ ആർച്ച്ബിഷപ്പായി മാർ ജോർജ് ആലഞ്ചേരിയെ തിരഞ്ഞെടുക്കുകയും പാപ്പ ആ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തതുവഴി സീറോ മലബാർ സഭാചരിത്രത്തിലെ പ്രധാനനാഴികകല്ലായിമാറി ആ തിരഞ്ഞെടുപ്പ്. 


സീറോ മലബാർ സഭ ഇന്ന്
സീറോ മലബാർ സഭയ്ക്ക് കേരളത്തിനകത്ത് അഞ്ച് അതിരൂപതകളും 13 രൂപതകളും കേരളത്തിനു പുറത്ത് 12 രൂപതകളുമുണ്ട്.  ചിക്കാഗോ സെന്റ് തോമസ് രൂപതയുൾപ്പെടെയാണിത്. 30 രൂപതകളിലായി 4,018,204 വിശ്വാസികളും രൂപതാ പരിധിക്ക് പുറത്ത് 585,900 വിശ്വാസികളുമാണുള്ളത്. 47 ബിഷപ്പുമാരും 8547 വൈദികരും (രൂപതാ വൈദികർ 3556; സന്യാസവൈദികർ 4991) 32,114 കന്യാസ്ത്രീകളും 1214 വൈദികവിദ്യാർത്ഥികളും സീറോ മലബാർ സഭയിലുണ്ട്. 2819 ഇടവകകളും 521 മിഷൻ കേന്ദ്രങ്ങളുമുണ്ട്. വിദ്യാഭ്യാസ ആതുരശുശ്രൂഷ മേഖലകളിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന സഭ 4860 വിദ്യാഭ്യാസ സ്ഥാപനങ്ങളും 2614 ആതുരാലയങ്ങളും നടത്തുന്നു. 

നാഗ്പൂർ ലത്തീൻ രൂപതയുടെ പ്രദേശങ്ങൾ വിഭജിച്ച് ഛാന്ദാ മിഷൻ രൂപീകരിച്ചതോടെയാണ് കേരളത്തിന്റെ ഇത്തിരിവട്ടത്തിൽനിന്ന് ഭാരതത്തിന്റെ വിശാലതയിലേക്കുള്ള സീറോ മലബാർ സഭയുടെ പ്രയാണം ആരംഭിച്ചത്. 1962ൽ രൂപീകൃതമായ ഈ മിഷന്റെ സുവർണജൂബിലി വർഷമാണല്ലോ ഇത്. 1968ൽ അപ്പസ്‌തോലിക് എക്‌സാർക്കേറ്റായി ഉയർത്തപ്പെട്ട ഛാന്ദാ മിഷനെ 1977ൽ പോൾ ആറാമൻ പാപ്പ രൂപതയായി പ്രഖ്യാപിച്ചു. 2001ൽ ചിക്കാഗോ സെന്റ് തോമസ് രൂപത സ്ഥാപിച്ചതോടെ സീറോ മലബാർ സഭാ സംവിധാനം ഇന്ത്യയ്ക്ക് പുറത്തേക്കും പ്രയാണം ആരംഭിച്ചു. ഭാരതത്തിനു പുറത്തുള്ള ഏക സീറോ മലബാർ രൂപതയാണിത്. 


സാർവത്രികസഭയിൽ പ്രമുഖ സ്ഥാനം 
ലത്തീൻ റീത്ത് ഔദ്യോഗികമായ റോമൻ കത്തോലിക്കാസഭയിൽ സീറോ മലബാർ സഭ ഉൾപ്പെടെ 22 പൗരസ്ത്യസഭകളാണു

ള്ളത്. ഇതിൽ ഉക്രേനിയൻ സഭയാണ് ഏറ്റവും വലുത്. സീറോ മലബാർ സഭയ്ക്കാണ് രണ്ടാം സ്ഥാനം. പൗരസ്ത്യ സഭകളിൽ മിക്കവയും റോമൻ സഭയുമായി തെറ്റിപ്പിരിയുകയും പിന്നീട് പുനരൈക്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ സീറോ മലബാർ സഭ എക്കാലവും പാപ്പയോട് വിധേയത്വം പുലർത്തുകയും റോമാസഭയുമായി സുദൃഢബന്ധം നിലനിർത്തുകയും ചെയ്യുന്ന സമൂഹമാണ്.

സുദൃഢമായ ആത്മീയ അടിത്തറയും മതാത്മക ജീവിതവും പൗരോഹിത്യ, സന്യസ്തവിളികളുടെ ഉയർന്ന തോതും കണക്കിലെടുത്താൽ ആഗോളസഭയിൽ ഏറ്റവും സജീവമായ ക്രൈസ്തവസമൂഹമാണിത്. സീറോ മലബാർ സഭാംഗങ്ങളായ വൈദികരും സന്യസ്തരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ സേവനം അനുഷ്~ിക്കുന്നുണ്ട്. 

രണ്ടായിരം വർഷംമുമ്പ് തോമാശ്ലീഹാ കേരളത്തിലേക്ക് കൊണ്ടുവന്ന ക്രൈസ്തവ വിശ്വാസത്തിന്റെ ചൈതന്യവും അതിലൂന്നിയ മഹത്തായ പാരമ്പര്യവും കാത്തുസൂക്ഷിച്ച് പുത്തൻ തലമുറയ്ക്ക് പകർന്നുകൊടുക്കുന്ന വിശ്വാസീസമൂഹമാണ് സീറോ മലബാർ സഭയുടെ കരുത്ത്.

Written by  ജെ. ജോസഫ്, വാഷിംഗ്ടൺ

1 comment:

  1. ഏറ്റവും സജീവമായ സഭയായ സിറോ മലബാര്‍ സഭയ്ക്ക് അതിന്റെ പാത്രായാര്‍ക്കി സ്ഥാനം തിരികെ ലഭിച്ചിട്ടില്ല. സ്വന്തം മാതൃരാജ്യമായ ഇന്ത്യയില്‍ സുവിശേഷം പറയുവാനോ പ്രേക്ഷിത പ്രവര്‍ത്തനം നടത്തുവാനോ അവകാശം നിഷേധിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ലത്തീന്‍ സഭയ്ക്കുവേണ്ടി മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന 80 ശതമാനം സന്ന്യാസികളും സിറോ മലബാര്‍ സഭയുടെ സന്താനങ്ങളാണ്. കേരളത്തിന് വെളിയിലുള്ള രൂപതകളുടെ നിയന്ത്രണവും അധികാരവും സിറോ മലബാര്‍ സിനഡിന് നല്‍കിട്ടില്ല. അത് ലത്തീന്‍ നിയന്ത്രണത്തിലുള്ള വത്തിക്കാന്‍ കൈയ്യാളുന്നു. മാത്രമല്ല, വിദേശത്തുള്ള പ്രവാസികളായ തന്റെ മക്കളുടെ അജപാലനാവശ്യം സ്വന്തം നിലയില്‍ നിറവേറ്റാനുള്ള അവകാശം ഈ പൌരാണിക സഭയ്ക്ക് നല്കപ്പെട്ടിട്ടില്ല. ഇന്ന് സിറോ മലബാര്‍ സഭാ മക്കളെ അന്യവല്‍ക്കരിച്ചു സഭയില്‍ നിന്നും പൈതൃകത്തില്‍ നിന്നും അടര്‍ത്തി മാറ്റാനുള്ള ശ്രമം വ്യാപകമായി നടത്തുന്നു.

    ഓര്‍ക്കുക! എല്ലാ നസ്രാണികളും ക്രിസ്ത്യാനികളാണ് ! എന്നാല്‍ എല്ലാ ക്രിസ്ത്യാനികളും നസ്രാണികളല്ല!

    ReplyDelete