Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Monday, November 5, 2012

മധ്യാകാശത്തു വിളംബരം ചെയ്യുന്ന സുവിശേഷം


ലോകാവസാനത്തെക്കുറിച്ച് നിരന്തരം പറഞ്ഞു കേൾക്കുന്നത് നിരവധി കിംവദന്തികൾ; നാളും തിയതിയും 'കിറുകൃത്യം' പ്രവചിച്ചു പെട്ടകം പണിതു കാത്തിരിക്കുന്നവർപോലും ധാരാളം.
ഇതിനിടയിൽ അവസാന നാഴിക എന്നായിരിക്കുമെന്ന് ദൈവപുത്രന്റെ സൂചന സൗകര്യപൂർവം വിസ്മരിക്കുന്നു നാം.

''എല്ലാ ജനതകളുടെയും സാക്ഷ്യത്തിന് രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം സമാഗതമാകും'' (മത്തായി 24:14).
ഈ കുറിപ്പ് തയാറാക്കുമ്പോൾ ഐക്യരാഷ്ട്ര സഭയുടെ കണക്കുകൂട്ടൽ പ്രകാരമുള്ള ലോകജനസംഖ്യ: 7,065,440,779. മനസിലാവുന്ന രീതിയിൽ പറഞ്ഞാൽ 706 കോടിയിലധികം ജനങ്ങൾ. ഇവരാണ് ഭൂമിയുടെ അവകാശികൾ; ആദാമിന്റെ സന്തതിപരമ്പരകൾ.

'രാജ്യത്തിന്റെ സുവിശേഷം' ഇവരിൽ എത്ര പേരോടു പ്രസംഗിക്കപ്പെട്ടു? നെഞ്ചിൽ കൈവച്ചു ഞാനും നിങ്ങളും ഉത്തരം പറയേണ്ട ചോദ്യം. ഒരു ക്രൈസ്തവനെന്ന നിലയിൽ നമ്മുടെ പ്രാഥമിക ഉത്തരവാദിത്തമാണ് സുവിശേഷപ്രഘോഷണം.

പലപ്പോഴും സാഹചര്യങ്ങളെ പഴിചൊല്ലി രക്ഷപ്പെടുകയാണ് നാമെല്ലാം. കമ്യൂണിസത്തിന്റെ ഇരുമ്പു മറയ്ക്കുള്ളിൽ എങ്ങനെ പ്രസംഗിക്കാനാണ് സുവിശേഷം? ഭൗതികതയുടെ തിരതള്ളലിലും സുവിശേഷം പ്രസംഗിക്കുക പ്രയാസകരം. ഈ വാദഗതികളൊക്കെ മുൻകൂട്ടി കണ്ട് വിശുദ്ധ പൗലോസ് രണ്ടായിരം വർഷം മുമ്പ് പറഞ്ഞു: ''വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വർത്തിക്കുക; മറ്റുള്ളവരിൽ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തിൽ ശ്രദ്ധിക്കുകയും ചെയ്യുക'' (2 തിമോത്തിയോസ് 4:2).

സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും വചനം പ്രസംഗിക്കപ്പെടണം. ഒറീസയിലും ഉത്തര കൊറിയയിലും സൗദി അറേബ്യയിൽപോലും വചനം പ്രഘോഷിക്കപ്പെടണം. അല്ലെങ്കിൽ നാമൊക്കെ തണുപ്പും ചൂടുമില്ലാത്ത 'മന്ദോഷ്ണർ' മാത്രമായി ഒതുങ്ങിത്തീരും.

ലോകത്തെ 706 കോടി ജനങ്ങളിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർ വെറും 220 കോടി മാത്രം. അതായത് ലോകജനതയുടെ മൂന്നിൽ രണ്ടു ഭാഗവും ഇനിയും വചനം കേൾക്കേണ്ടിയിരിക്കുന്നു.

ജനനിബിഡമായ രണ്ട് ഏഷ്യൻ രാജ്യങ്ങളിൽ തിരുവചനത്തിന്റെ വെളിച്ചം എത്തിക്കാമെങ്കിൽ ലോകത്തിന്റെ മൂന്നിലൊന്നും സുവിശേഷവൽക്കരിക്കപ്പെടും; ചൈനയും ഇന്ത്യയുമാണ് ആ രാജ്യങ്ങൾ. ലോകത്തെ ആകെ ജനതയുടെ അഞ്ചിലൊന്നും അധിവസിക്കുന്നത് ചൈനയിൽ; 134 കോടിയാളുകൾ. ലോകജനതയുടെ 17 ശതമാനം ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ; ജനസംഖ്യ 121 കോടി.

ഇന്ത്യയും ചൈനയും; ലോകത്തെ വമ്പൻ സാമ്പത്തിക ശക്തികളായി മാറിക്കൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങൾ. ഇന്ത്യ മതേതരരാജ്യം; ചൈന മതരഹിതമായ കമ്യൂണിസ്റ്റ് രാജ്യം.
ഇന്ത്യയിലാണോ ചൈനയിലാണോ കൂടുതൽ ക്രൈസ്തവർ? ഈ ചോദ്യത്തിനുള്ള ഉത്തരം തെല്ലൊന്നു ഞെട്ടിച്ചുകളഞ്ഞു. ഇന്ത്യയിലുള്ളതിന്റെ മൂന്നിരട്ടിയിലധികം ക്രൈസ്തവരുണ്ട് ചൈനയിൽ! ഇന്ത്യൻ ജനതയുടെ 2.3 ശതമാനം മാത്രമാണ് വചനം സ്വീകരിച്ചവർ; ഏകദേശം 2.6 കോടി ക്രൈസ്തവർ. ചൈനീസ് ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുപ്രകാരം 1.4 കോടിയാണ് ക്രൈസ്തവരുടെ എണ്ണം.

എന്നാൽ, ചൈനീസ് ജനതയുടെ അഞ്ചു ശതമാനത്തിലേറെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു കഴിഞ്ഞതായാണ് പടിഞ്ഞാറൻ മാധ്യമങ്ങൾ നൽകുന്ന വിവരം. പ്രൊപ്പഗാന്താ തിരുസംഘം നൽകുന്നതും ഏതാണ്ട് സമാന കണക്കുകൾ; 8.7 കോടി ക്രൈസ്തവരെങ്കിലും ചൈനയിൽ ഉണ്ടെന്നാണ് വിദഗ്ധമതം!

ക്രൈസ്തവരുടെ എണ്ണം ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ. അവിടെ ഒരു ശതമാനത്തിലും താഴെയാണ് ക്രൈസ്തവരുടെ സംഖ്യ.
ഒരു കാലത്ത് ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ ദക്ഷിണകൊറിയയിലാണ് ഏറ്റവും വേഗത്തിൽ ക്രൈസ്തവ വിശ്വാസം പ്രചരിക്കുന്നത്. അവിടുത്തെ ജനസംഖ്യയുടെ 29.2 ശതമാനവും ഇപ്പോൾ ക്രൈസ്തവരാണ്.

മൂന്നുവർഷം ദക്ഷിണകൊറിയയിൽ സുവിശേഷപ്രഘോഷണം നടത്തിയ ഒരു മിഷനറിയുമായി കഴിഞ്ഞ ദിവസം സംസാരിക്കാനിടയായി. ആഫ്രിക്കൻ വംശജനായ ബിഷപ് ഇമ്മാനുവൽ ഒഫോറി. ദക്ഷിണ കൊറിയയിൽ ആളിപ്പടരുന്ന സുവിശേഷാഗ്നിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഒരു ദൈവവചനം:

''അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടി പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു'' (മർക്കോസ് 16:20).
ആഢ്യതയുടെ സുവിശേഷം പ്രസംഗിച്ചുപോവുന്ന ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇപ്പോഴും 2.3 ശതമാനം മാത്രം ക്രൈസ്തവരായിട്ടുള്ളത് എന്നത് മുട്ടിന്മേൽനിന്നു ധ്യാനിക്കേണ്ട വിഷയം.
ചൈനയുടെ മുളമറയ്ക്കുള്ളിലേക്കു സുവിശേഷം എത്തിക്കാൻ പെടാപ്പാടു പെടുന്ന നിരവധി സുവിശേഷകരുണ്ട് യൂറോപ്പിൽ. ഇവരിൽ കത്തോലിക്കരുണ്ട്; അകത്തോലിക്കരും ധാരാളം. ഇംഗ്ലീഷിൽ തയാറാക്കിയ ഒരു വചനപ്രഘോഷണ വീഡിയോ യൂട്യൂബിൽ കണ്ടവരുടെ കണക്ക് കാണാനിടയായി; ചൈനയിൽ നിന്നുള്ളവരായിരുന്നു കാണികളിൽ ഏറെയും.
വചനദാഹംകൊണ്ടു വലയുകയാണ് ചൈനയിലെ ജനം. ഇവർക്കിടയിൽ ഇംഗ്ലീഷ് അധ്യാപകരായും ഉൽപ്പന്ന വ്യാപാരികളായും ബിസിനസ് കൺസൾട്ടന്റുമാരായുമൊക്കെ കടന്നുചെല്ലുകയാണ് തീക്ഷ്ണമതികളായ സുവിശേഷപ്രവർത്തകർ. കേരളത്തിൽനിന്നുള്ള യുവത്വം തുടിക്കുന്ന ക്രിസ്തുവിന്റെ പടയാളികളെ ചൈനീസ് തെരുവുകളിൽ കണ്ടുമുട്ടാൻ ഭാഗ്യം ലഭിച്ചിരുന്നെങ്കിൽ!

വിതയ്ക്കപ്പെടുന്ന വചനം വളർന്നു വ്യാപിക്കുമെന്നത് നിത്യസത്യം മാത്രം; അത് ചൈനയിലായാലും ഇന്ത്യയിലായാലും ആഫ്രിക്കയിലായാലും അങ്ങനെതന്നെ. അപ്പസ്‌തോല പ്രവർത്തനങ്ങളിൽ പറയുന്നതുപോലെ: ''കർത്താവിന്റെ വചനം ആ നാട്ടിലെങ്ങും വ്യാപിച്ചു'' (അപ്പ.പ്രവ.13:49).

കേരളത്തിൽനിന്നുള്ള പ്രശസ്തരായ വചനപ്രഘോഷകരെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ കണ്ടുമുട്ടുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്. മലയാളികൾക്കിടയിൽമാത്രം അവരുടെ സുവിശേഷപ്രസംഗങ്ങൾ പരിമിതപ്പെട്ടു പോകുന്നതു കാണുമ്പോൾ അൽപ്പമല്ലാത്ത ദുഃഖവും തോന്നും.

ചുറ്റി സഞ്ചരിച്ചു വചനം സകല ജനത്തോടും പറയാനാണ് യേശുവിന്റെ നിർദേശം. രാജ്യങ്ങളിൽനിന്നു രാജ്യങ്ങളിലേക്കും കൂട്ടായ്മകളിൽനിന്നു കൂട്ടായ്മകളിലേക്കും പറന്നു നടന്നു പ്രഘോഷിക്കേണ്ടതാണ് തിരുവചനം.

''യേശു അവരുടെ സിനഗോഗിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു'' (മത്തായി 9:35).
ഈശോ നമ്മോടും ഇതാണാവശ്യപ്പെടുന്നത്. നമ്മുടെയൊക്കെ 'കംഫർട്ട് സോണുകൾ'ക്കു പുറത്ത് മരണത്തെപ്പോലും മുന്നിൽക്കണ്ട് വചനം പ്രഘോഷിക്കാനുള്ള ക്ഷണമാണ് ക്രിസ്തുവിന്റേത്. എന്നെയും നിങ്ങളെയും നോക്കി അവിടുന്നു വിളിച്ചു പറയുന്നുണ്ട്: ''വിളവധികം വേലക്കാരോ ചുരുക്കം'' (മത്തായി 9:37).

സഹനഭൂമികളിലും വിത്തെറിഞ്ഞു വിതയ്ക്കപ്പെടേണ്ടതാണു സുവിശേഷം. സംഘാടകരുടെ സ്തുതിഗീതങ്ങളിലും ആൾക്കൂട്ടത്തിന്റെ ആരവങ്ങളിലും അഭിരമിച്ചു പോകാതെ സഹനത്തിന്റെ കനൽപ്പാതകൾ കടന്നു വചനം പറയാൻ ഒരുക്കമുള്ള ഹൃദയങ്ങളെ എവിടെയാണ് കണ്ടെത്തുക?

വിദൂരസ്ഥലങ്ങളിൽ കടന്നുചെന്നു വചനം പറയാൻ നിരവധി വൈതരണി ഉണ്ടാവാമെന്നതു വാസ്തവം. ദൂരം, അറിയാത്ത ഭാഷ, സാമ്പത്തിക പരാധീനതകൾ... അങ്ങനെ എത്രയെത്ര തടസവാദങ്ങൾ.

എന്റെ പ്രിയപ്പെട്ടവരേ, രണ്ടായിരത്തോളം വർഷങ്ങൾ മുമ്പ് സെന്റ് തോമസ് ഇന്ത്യയിൽ വന്നപ്പോൾ എന്തുതരം യാത്രാസൗകര്യങ്ങളാണുണ്ടായിരുന്നത്? ഏതു ഭാഷയിലാണ് അദ്ദേഹം സുവിശേഷം പ്രഘോഷിച്ചത്? കുറേ നൂറ്റാണ്ടുകൾക്കുശേഷം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഇന്ത്യയിൽ വന്നപ്പോഴും ഭിന്നമായിരുന്നില്ല അവസ്ഥകൾ.
എന്നിട്ടും അനേകായിരങ്ങൾ അവരുടെ അധരങ്ങളിൽനിന്നും വചനം കേട്ടു. ഉച്ചഭാഷിണികളും ഗായകസംഘവുമില്ലാത്ത ഒരു കാലഘട്ടത്തിലായിരുന്നു അവരുടെയൊക്കെ 'കൺവൻഷനുകൾ' എന്നതു കട്ടായം.

അവരുടെ കൈവശമുണ്ടായിരുന്നത് വിശ്വാസംകൊണ്ടു മൂർച്ചപ്പെടുത്തിയ മറ്റൊരു ആയുധം. അടയാളങ്ങൾകൊണ്ട് സ്ഥിരീകരിക്കപ്പെടുകയായിരുന്നു അവർ പ്രഘോഷിച്ച വചനം. അന്ധർ കാണുകയും മുടന്തർ കുതിച്ചു ചാടുകയും ചെയ്യുന്ന തരത്തിലുള്ള അടയാളങ്ങൾ. യേശുവിന്റെ സ്വർഗാരോഹണത്തിനുശേഷമാകണം ശിഷ്യന്മാർ ഗൗരവബുദ്ധ്യാ സുവിശേഷപ്രഘോഷണം ആരംഭിച്ചത്.

''അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു'' (മർക്കോസ് 16:20).
അതെ. സത്യവചനം സ്ഥിരീകരിക്കാൻ സ്വർഗം തുറക്കപ്പെടുകതന്നെ ചെയ്യും. അതുകൊണ്ടാണ് വിശുദ്ധ പത്രോസ് തന്റെ പ്രസംഗങ്ങളിൽ ഇങ്ങനെ പ്രാർത്ഥിച്ചത്:
''അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകൾ നീട്ടേണമേ. അവിടുത്തെ വചനം പൂർണധൈര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കണമേ'' (അപ്പ.പ്രവ.4:30) എന്ന്.

അവരുടെ പ്രാർത്ഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങിയെന്നും അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ട് പൂരിതരായി പൂർവാധികം ശക്തിയോടെ സുവിശേഷം പ്രസംഗിച്ചുവെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സുവിശേഷം പ്രസംഗിക്കുന്നവർക്കായി പിതാവിനോടു പ്രാർത്ഥിക്കുന്ന യേശുവിനെ നാം ബൈബിളിൽ കണ്ടുമുട്ടുന്നു.
''അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിക്കൂടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത്'' (യോഹ.17:20).
അത്യന്തം തീക്ഷ്ണതയോടെ, ദൈവാരൂപിയാൽ നിറഞ്ഞ് വചനം പ്രഘോഷിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ ഏതു പ്രതിബന്ധവും അകന്നുമാറുമെന്നാണ് വിശുദ്ധ പൗലോസിന്റെ സാക്ഷ്യം.
''ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാൻ ഞാൻ ത്രോവാസിൽ ചെന്നപ്പോൾ കർത്താവിൽ എനിക്കായി ഒരു വാതിൽ തുറക്കപ്പെട്ടു'' (2 കോറിന്തോസ് 2:12).
കേരളത്തിൽനിന്ന് ഉപജീവനമാർഗം തേടി മറുനാട്ടിലെത്തിയവർക്കുവേണ്ടി മാത്രമാണോ സുവിശേഷപ്രഘോഷണങ്ങൾ നടത്തേണ്ടത്. അല്ലെന്നു വ്യക്തമായി പറഞ്ഞുതരുന്നു പൗലോസ്. പുതുവയലുകളിൽ വിതയ്ക്കപ്പെടേണ്ടതാണ് ഈ വിത്തെന്ന് വിളിച്ചു പറയുകയാണ് അദ്ദേഹം.

''അപ്പോൾ, അന്യന്റെ വയലിൽ ചെയ്ത ജോലികളെപ്പറ്റി പ്രസംഗിക്കാതെ, നിങ്ങൾക്കപ്പുറമുള്ള സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കാൻ ഞങ്ങൾക്കു കഴിയും'' (2 കോറിന്തോസ് 10:16).
റോമാക്കാർക്കെഴുതിയ ലേഖനത്തിലും ഈ പ്രഘോഷണമാതൃക വിശദമാക്കുന്നുണ്ട് പൗലോസ്. ''അങ്ങനെ മറ്റൊരുവൻ സ്ഥാപിച്ച അടിസ്ഥാനത്തിന്മേൽ പണിയാതെ ക്രിസ്തുവിനെ അറിയാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുന്നതിൽ ഞാൻ അത്യധികം ഉത്സാഹം കാണിച്ചു'' (റോമ 15:20).

ക്രിസ്തുവിനെ അറിയാത്ത 476 കോടി ജനങ്ങൾ വചനദാഹവുമായി വരണ്ടുണങ്ങുമ്പോൾ വചനപ്രഘോഷകരുടെ യാത്രാലക്ഷ്യങ്ങൾ മാറ്റി വരയ്‌ക്കേണ്ടത് തികച്ചും അനിവാര്യം.
യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ വേണം വചനം പറയാനെന്നും ലോകംകണ്ട എക്കാലത്തെയും വലിയ വചനപ്രഘോഷകൻ പറയുന്നു. ലേഖനങ്ങളിൽ ഒന്നല്ല, മൂന്നുവട്ടമാണ് അദ്ദേഹത്തിന്റെ ഈ ഉപദേശം.

''എന്താണ് എന്റെ പ്രതിഫലം? സുവിശേഷം നൽകുന്ന അവകാശം പൂർണമായി ഉപയോഗിക്കാതെ പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗിക്കുന്നതിലുള്ള സംതൃപ്തി മാത്രം'' (1 കോറിന്തോസ് 9:18).

കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനത്തിലും ഈ പരാമർശം മറ്റൊരു രീതിയിൽ കാണാം.
''ദൈവത്തിന്റെ സുവിശേഷം പ്രതിഫലം കൂടാതെ പ്രസംഗിച്ചുകൊണ്ട് നിങ്ങളുടെ ഉൽക്കർഷത്തിനുവേണ്ടി ഞാൻ എന്നെത്തന്നെ താഴ്ത്തിയതു തെറ്റാണോ?'' (2 കോറിന്തോസ്11:7).
സ്വന്തം അധ്വാനഫലംകൊണ്ട് സുവിശേഷം പ്രചരിപ്പിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം തൊഴിലായ കൂടാരനിർമാണത്തോടൊപ്പം സുവിശേഷപ്രസംഗവും. ''സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങൾക്ക് ഓർമയുണ്ടല്ലോ? ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിക്കുമ്പോൾ ഞങ്ങൾ നിങ്ങളിലാർക്കും ഭാരമായിത്തീരരുതെന്ന് കരുതി രാപകൽ അധ്വാനിച്ചു'' (1 തെസലോനിക്ക 2:9).

സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ തനിക്കു ദുരിതം എന്നാണ് വിശുദ്ധ പൗലോസിന്റെ ഭാഷ്യം. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും എനിക്കും ദുരിതം. കാരണം, യേശുവിന്റെ ആഹ്വാനവും കൽപനയുമാണത്.

അന്ത്യനാളുകളിൽ മധ്യാകാശത്തു പറന്നു പ്രസരിക്കുന്ന സുവിശേഷത്തെക്കുറിച്ച് വിശുദ്ധ യോഹന്നാൻ വെളിപാടു പുസ്തകത്തിൽ വിശദീകരിക്കുന്നു. അതൊരു മുന്നറിയിപ്പുകൂടിയാ വാം.
നാം വചനം പ്രഘോഷിക്കുന്നില്ലെങ്കിൽ ദൈവദൂതന്മാർ വചനം പ്രഘോഷിച്ചു തുടങ്ങുമെന്നു സാരം.
''മധ്യാകാശത്തിൽ പറക്കുന്ന വേറൊരു ദൂതനെ ഞാൻ കണ്ടു. ഭൂമിയിലുള്ളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരം ചെയ്യാനുള്ള ഒരു സനാതന സുവിശേഷം അവന്റെ പക്കലുണ്ട്'' (വെളിപാട് 14:6).

മനുഷ്യർ വചനം പറയാൻ മടിക്കുമ്പോൾ അവരുടെ സ്ഥാനം ദൈവദൂതന്മാർ ഏറ്റെടുത്തേക്കാം. മാമോദീസയിലൂടെ ക്രിസ്തുവിനെ സ്വീകരിച്ച ഏതൊരുവനും മലമുകളിൽ കയറി വിളിച്ചു പറയേണ്ട ഒന്നാണ് സുവിശേഷം. ഈശോ നൽകിയ ആ ആഹ്വാനം നാം മറക്കുവതെങ്ങനെ?
''അവൻ അവരോടു പറഞ്ഞു: നിങ്ങൾ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ'' (മർക്കോസ് 16:15).
സുവിശേഷം അറിഞ്ഞിട്ടില്ലാത്ത 476 കോടി ജനങ്ങളോടും പോയി സുവിശേഷം പ്രസംഗിക്കുവിൻ എന്ന് അവൻ നിന്റെ നെഞ്ചിനുനേരെ ചൂണ്ടിയും പറയുന്നില്ലേ?



Written by  ശാന്തിമോൻ ജേക്കബ്


No comments:

Post a Comment