Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Tuesday, November 13, 2012

പൗരസ്ത്യ നസ്രാണീയതയുടെ പ്രവാചകനും കാവൽമാലാഖയും




Written by  ഫാ. ആന്റണി മൂലയിൽ (സെക്രട്ടറി, പ്രസ്ബിറ്റൽ കൗൺസിൽ)

രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ച അതേ വർഷം അതേ മാസം (1962 ഒക്‌ടോബർ) കർത്താവിന്റെ പൗരോഹിത്യ ദാനം സ്വീകരിച്ച അഭിവന്ദ്യ മാർ ജോസഫ് പവ്വത്തിൽ എന്ന സഭാമനുഷ്യൻ (Ecclesial person) പൗരോഹിത്യ ജീവിതത്തിന്റെ അഞ്ചു ദശകങ്ങളും മേൽപ്പട്ട ശുശ്രൂഷയുടെ നാലു പതിറ്റാണ്ടുകളും പിന്നിടുന്നു. ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളേജിലെ ധനതത്വശാസ്ത്ര അധ്യാപനം മുതൽ ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷപദം വരെ- ചലനാത്മകമായ അമ്പതു സംവത്സരങ്ങൾ. കറതീർന്ന സഭാസ്‌നേഹവും അടിയുറച്ച വിശ്വാസവും ആഴമേറിയ ബോധ്യങ്ങളും സഭാത്മകമായ സമീപനങ്ങളും ഈ ഇടയശ്രേഷ്ഠനെ സഭാനഭസ്സിലെ സുവർണതാരകമാക്കുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മാധ്യമലോകവും പൊതുസമൂഹവും പവ്വത്തിൽ പിതാവിന്റെ ചിത്രം വരയ്ക്കുന്നത് വിദ്യാഭ്യാസ - രാഷ്ട്രീയ ഫ്രെയിമുകൾക്കുള്ളിൽ മാത്രമാണ്, അതാകട്ടെ കറുപ്പും വെളുപ്പും ഇടകലർന്ന ചിത്രങ്ങൾ. എന്നാൽ, ''മലബാർ സഭയുടെ സുവർണ്ണ കിരീടം'' എന്ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ അടയാളപ്പെടുത്തിയ ഈ നസ്രാണി സഭാപിതാവ് തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചത് സ്വത്വബോധം നഷ്ടപ്പെട്ട മാർതോമാ നസ്രാണികളുടെ പൈതൃക സംരക്ഷണത്തിനും ആത്മീയസ്രോതസുകളുടെ പുനർജ്ജീവനത്തിനും പൗരസ്ത്യ സഭാത്മകതയുടെ പ്രചാരത്തിനുമായാണ്. 

സഭയും ലിറ്റർജിയും 
ലിറ്റർജിയും സഭയും തമ്മിലുളള പരസ്പര പൂരകത്വവും ആരാധന ജീവിതത്തിന്റെ അന്തരാർത്ഥങ്ങളും സീറോ മലബാർ സഭാമക്കൾ മനസിലാക്കിയത് മാർ പവ്വത്തിലിനെപ്പോലുളള സഭാ മനുഷ്യരുടെ തീവ്രശ്രമങ്ങളിലൂടെയാണ്. സ്വന്തം പൈതൃകത്തെ സംശയത്തോടെയും അഭിമാനരാഹിത്യത്തോടെയും നോക്കിക്കണ്ടിരുന്ന ഒരു സഭാസമൂഹത്തിന് സ്വത്വബോധവും(Identity consciousness)  സഭാത്മകബോധവും(Eclesial sense) നൽകി എന്നതാണ് മാർ പവ്വത്തിലിന്റെ ഏറ്റവും ശ്രേഷ്ഠമായ സംഭാവന.

സഭയും കൂട്ടായ്മയും
പരസ്പരം പഴിചാരിയും വിരുദ്ധദിശകൾ തെരഞ്ഞെടുത്തും ചരിച്ചിരുന്ന കേരളക്രൈസ്തവസഭകൾ പരസ്പരസഹകരണത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാതായനങ്ങൾ തുറന്നതിന് സമകാലിക കേരളക്രൈസ്തവസമൂഹം ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് ചങ്ങനാശേരിയുടെ ഈ വീരപുത്രനോടാണ്. ദിവംഗതനായ പരിശുദ്ധ ബസേലിയോസ് മാർതോമാ മാത്യുസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വാക്കുകൾ ഓർമ്മിക്കുക. ''നമ്മുടെ നാട്ടിലുള്ള എപ്പിസ്‌കോപ്പൽ സഭകളെല്ലാംതന്നെ സൗഹാർദ്ദപൂർവ്വം ഇന്ന് സഹവർത്തിത്വം പുലർത്തുന്നു. അവരുടെ തലവന്മാർ ഒരുമിച്ചിരുന്നു സംസാരിക്കുകയും ഒരേ മേശയിൽനിന്ന് ഭക്ഷണം കഴിക്കുകയും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പ്രവർത്തിക്കുകയും ചെയ്യുന്നു.  ഇതിനൊക്കെ കാരണഭൂതൻ അഭിവന്ദ്യ പവ്വത്തിൽ തിരുമേനിയല്ലാതെ വേറെ ആരാണ്?'' മാർ പവ്വത്തിലിന്റെ സഭൈക്യസമർപ്പണത്തിന്റെ ഉത്തമ നിദർശനങ്ങളാണ് ലോകത്തിലെതന്നെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയമായ നിലയ്ക്കൽ എക്യുമെനിക്കൽപള്ളി.

പ്രകാശഗോപുരം
പ്രകാശം പരത്തിക്കൊണ്ട് മാർ പവ്വത്തിൽ പിന്നിട്ട പടവുകൾ നിരവധിയാണ്. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളുടെ സാരഥ്യത്തിനുപുറമെ 1994-മുതൽ തുടർച്ചയായി രണ്ടുപ്രാവശ്യം ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (CBCI) അധ്യക്ഷൻ, കെ. സി. ബി. സി ചെയർമാൻ, വിയന്നാ ആസ്ഥാനമാക്കിയ പ്രോ- ഓറിയന്റെ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ബഹുമാന്യ അംഗം, 1985 മുതൽ 2006 വരെ റോമിൽ നടന്ന എല്ലാ സിനഡുകളിലെയും അംഗം,  ഏഷ്യൻ സിനഡ്, പോസ്റ്റ് സിനഡൽ കൗൺസിൽ എന്നിവയിൽ പ്രത്യേക പ്രാതിനിധ്യം തുടങ്ങിയ നിലകളിലെല്ലാം മാർ പവ്വത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. മലബാർസഭയുടെ ഇപ്പോഴത്തെ മേലധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുൾപ്പെടെ ആറ് മെത്രാന്മാർക്ക് അദ്ദേഹം മെത്രാ ൻ പട്ടം പരികർമ്മം ചെയ്തു. അദ്ദേഹത്തിന്റെ സമഗ്ര അജപാലനദർശനത്തിന്റെ ഉത്തമ ഉദാഹരണങ്ങൾ ഇനിയും നിരവധിയാണ്.

കോഴിക്കോട് രൂപതാ മുൻമെത്രാൻ മാക്‌സ്വെൽ നൊറോണ പിതാവ് വൈദികമന്ദിരത്തിൽ വിശ്രമിക്കുന്ന സമയം. അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു വൈകുന്നേരം പവ്വത്തിൽ പിതാവ് അദ്ദേഹത്തെ സന്ദർശിക്കാൻ എത്തി. ഈ വിവരം നൊറോണാ പിതാവിനെ അദ്ദേഹത്തിന്റെ സഹായി അറിയിച്ചു. ''പിതാവിനെ കാണാൻ എനിക്ക് പേരറിയാത്ത ഒരു പിതാവ് ദൂരെനിന്ന് എത്തിയിട്ടുണ്ട്''. ഉൾക്കണ്ണുകളിൽ തെളിഞ്ഞ സൗഹൃദപ്രകാശത്തിൽ മാക്‌സ്‌വെൽ നൊറോണ പിതാവിന്റെ മറുപടി: ''നീ അറിയാത്ത ഒരു പിതാവ് ദൂരെ നിന്നും എന്നെ കാണാൻ എത്തിയിട്ടുണ്ടെങ്കിൽ അതു തീർച്ചയായും പവ്വത്തിൽ പിതാവായിരിക്കും''.

ജൂബിലി വേളയിൽ തമ്പുരാനുമുമ്പിൽ കൃതജ്ഞതാഹസ്തങ്ങൾ ഉയർത്തുന്ന മാർ പവ്വത്തിലിനൊപ്പം നമുക്കും അണിചേരാം. സഭയ്ക്ക് പുണ്യമായി ഒരു വലിയ പ്രവാചകനെ അയച്ചുതന്നതിന്. സ്‌നാപകനെപ്പറ്റി ഈശോ പറഞ്ഞു: ''കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അയാൾ''. മലബാർ സഭയുടെ കനകാഭരണം, മാർതോമാ നസ്രാണികളുടെ ഈ പ്രകാശഗോപുരം സഭയുടെ വഴിത്താരകളെ അനുസ്യൂതം പ്രകാശിപ്പിക്കട്ടെയെ ന്ന് നമുക്ക് പ്രാർത്ഥിക്കാം.

1 comment:

  1. പ്ലാസിഡച്ചനെ പൗവ്വത്തില്‍ പിതാവ്‌ വിശേഷിപ്പിച്ചത്‌ 'ആധുനിക സഭാപിതാവ്‌' എന്നാണ്‌. പൗവത്തില്‍ പിതാവിനെ എന്താണ്‌ വിശേഷിപ്പിക്കുക. സീറോ മലബാര്‍ പിതാക്കന്മാരുടെ ആദ്‌ലീമിനാ സന്ദര്‍ശന വേളയില്‍ ബനഡിക്റ്റ്‌ 16-�ം മാര്‍പാപ്പ മാര്‍ പൗവ്വത്തില്‍നെ ചൂണ്ടി മറ്റ്‌ മെത്രാന്‍മാരോട്‌ പറഞ്ഞത്രെ "ഇതാ സഭയുടെ കിരീടം". അതെ തീര്‍ച്ചയായും അദ്ദേഹം സഭയുടെ കിരീടം തന്നെയാണ്‌. ഈ വിശേഷണത്തിന്‌ അര്‍ഹനാകാന്‍ യോഗ്യരായ മറ്റാരുണ്ട്‌ ഈ സഭയില്‍?

    ReplyDelete