Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, November 28, 2012

രാജാവായ ക്രിസ്തു

ആരാധനാ ക്രമവത്സരത്തിലെ ഒന്നാമത്തെ ഞായറാഴ്ചയും അവസാനത്തെ ഞായറാഴ്ചയും സഭ ക്രിസ്തുവിലേക്ക് പ്രത്യേകമായി നോക്കുന്നു. ഒന്നാമത്തെ ഞായറാഴ്ച ഗർഭസ്ഥശിശുവായ യേശുവിനെ സഭ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. ഈ ശിശു നമ്മുടെ രാജാവാണെന്ന് ആരാധനക്രമവത്സരത്തിലെ അവസാന ഞായറാഴ്ച സഭ പ്രഘോഷിക്കുന്നു.
രാജാവ് എന്നു പറഞ്ഞാൽ ഭരിക്കുന്നയാൾ എന്നാണല്ലോ. അധികാരം ഉള്ള ആൾ, അധികാരം ഉള്ളിടത്തോളം കാലം ഭരിക്കും. ഭരിക്കുവാൻ ഒരു രാജ്യം വേണം; രാജ്യത്ത് ജനങ്ങളും വേണം. ഫിലിപ്പിയർക്കുള്ള ലേഖനം 2:9 ൽ നാം ഇപ്രകാരം വായിക്കുന്നു: ആകയാൽ, പിതാവായ ദൈവം അവിടുത്തെ (യേശുവിനെ) അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നൽകുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനുമുമ്പിൽ സ്വർഗത്തിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്ന്, പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്.

യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കും. എങ്കിൽ, യേശുവിന്റെ അധികാരത്തിനും ശക്തിക്കും കീഴാണ് അവയെല്ലാമെന്ന് വ്യക്തം. മത്തായി 24:29-31 വചനങ്ങൾ ശ്രദ്ധിക്കുക: അക്കാലത്തെ പീഡനങ്ങൾക്കുശേഷം പൊടുന്നനവെ സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശം തരുകയില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന് നിപതിക്കും. ആകാശശക്തികൾ ഇളകുകയും ചെയ്യും. അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും. ഭൂമിയിലെ സകല ഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രൻ വാനമേഘങ്ങളിൽ ശക്തിയോടും മഹത്വത്തോടുംകൂടി വരുന്നത് കാണുകയും ചെയ്യും. വലിയ കാഹളധ്വനിയോടുകൂടി തന്റെ ദൂതന്മാരെ അവൻ അയക്കും. അവർ ആകാശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നാലു ദിക്കുകളിൽനിന്നും അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.

യേശു ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പ്രധാന പുരോഹിതന്മാരും ജനപ്രമാണികളും അവനെ സമീപിച്ച് ചോദിച്ചു: എന്ത് അധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്? ഇതിന് യേശു പറഞ്ഞ മറുപടി ഇതാണ്: എന്ത് അധികാരത്താലാണ് ഞാനിത് ചെയ്യുന്നത് എന്ന് ഞാനും നിങ്ങളോട് പറയുന്നില്ല (മത്തായി 21:27). അധികാരം ഉണ്ടെന്ന് യേശു അവിടെ ആവർത്തിച്ചു പറയുന്നത് നാം ശ്രദ്ധിക്കേണ്ടതാണ്.

മത്തായി 25:31-46 വചനങ്ങളിൽ അവസാനവിധിയെപ്പറ്റിയുള്ള യേശുവിന്റെ വിവരണമാണ് നാം വായിക്കുന്നത്: മനുഷ്യപുത്രൻ എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തിൽ എഴുന്നള്ളുമ്പോൾ അവൻ തന്റെ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകും. അവന്റെ മുമ്പാകെ എല്ലാ ജനതകളും ഒരുമിച്ച് കൂട്ടപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്ന് വേർതിരിക്കുന്നതുപോലെ അവൻ അവരെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ ഇടതുവശത്തും നിർത്തും. അനന്തരം തന്റെ വലതുഭാഗത്ത് നിൽക്കുന്നവരെ നോക്കി അരുളിച്ചെയ്യും. എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. അനന്തരം തന്റെ ഇടതുവശത്ത് ഉള്ളവരോട് പറയും: ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽ നിന്നകന്ന്, പിശാചിനും അവന്റെ ദൂതന്മാർക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുവിൻ.... ഇവർ നിത്യശിക്ഷയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പ്രവേശിക്കും.

യേശുവിന്റെ അധികാരത്തിൻ കീഴിൽ സർവരും വരുമെന്ന് ഈ വചനങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു.

1 കോറിന്ത്യർ 15:24-26 വചനങ്ങൾ ഇനി വായിക്കാം: അവൻ (യേശു) എല്ലാ ഭരണവും അധികാരവും ശക്തിയും നിർമാർജനം ചെയ്ത് രാജ്യം പിതാവായ ദൈവത്തിന് സമർപ്പിക്കുമ്പോൾ എല്ലാറ്റിന്റെയും അവസാനമാകും. എന്തെന്നാൽ, സകല ശത്രുക്കളെയും തന്റെ പാദസേവകർ ആക്കുന്നതുവരെ അവിടുന്ന് വാഴേണ്ടിയിരിക്കുന്നു. മരണം എന്ന അവസാന ശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. എഫേസൂസുകാർക്കുള്ള ലേഖനം 1 : 21 - 23 വചനങ്ങളും ശ്രദ്ധാർഹമാണ്: അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങൾക്കും അധികാരങ്ങൾക്കും ശക്തികൾക്കും പ്രഭുത്വങ്ങൾക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങൾക്കുമുപരി അവനെ (യേശുവിനെ) ഉപവിഷ്ടനാക്കി. അവിടുന്ന് എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങൾക്ക് കീഴിലാക്കുകയും എല്ലാറ്റിനും മുകളിൽ അവനെ സഭയ്ക്ക് തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂർത്തിയാക്കുന്ന അവന്റെ പൂർണതയുമാണ്.

ഇതുപോലെയുള്ള തിരുവചനങ്ങളിൽ നിന്നെല്ലാം നാം മനസിലാക്കുന്നത്, യേശുവിന് സർവരുടെയുംമേൽ, സർവത്തിന്റെയുംമേൽ അധികാരം ഉണ്ടെന്നാണ്. അവിടുത്തെ സംരക്ഷണത്തിലും പരിപാലനയിലുമാണ് നാം ജീവിക്കുന്നത്. നമ്മൾ ഓരോരുത്തരെയും മരിപ്പിക്കുന്നതും ഉയിർപ്പിക്കുന്നതും വിധിക്കുന്നതും മരണാനന്തരജീവിതമായ സ്വർഗത്തിലേക്കോ നരകത്തിലേക്കോ പറഞ്ഞയക്കുന്നതും യേശുവാണ്. ചെയ്ത സർവ നന്മകൾക്കും സുകൃതങ്ങൾക്കും പ്രതിഫലം നൽകുന്നതും യേശുവാണ്. പാപങ്ങൾ ക്ഷമിക്കുകയും പാപത്തിന്റെ കടങ്ങൾ ഇളച്ചു തരുകയും പാപത്തിന്റെ മുറിവുകളെ ഉണക്കുകയും ചെയ്യുന്നത് യേശുവാണ്. പരിശുദ്ധാത്മാവിനെ നമ്മുടെമേൽ അയക്കുന്നത് യേശുവാണ്. ഞാൻ പോയാൽ സഹായകനെ ഞാൻ നിങ്ങളുടെ പക്കലേക്ക് അയക്കും എന്ന യേശുവിന്റെ വാഗ്ദാനം ഓർക്കാം. നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതും രോഗങ്ങൾ സുഖപ്പെടുത്തുന്നതും യേശുവാണ്. അതിനാൽ, ഓരോ മനുഷ്യന്റെമേലും യേശുവിന് സമ്പൂർണ അധികാരമുണ്ട്.

എല്ലാ ദുഷ്ടാരൂപികളുടെമേലും രോഗങ്ങളുടെമേലും പ്രകൃതിയുടെമേലും ജീവജാലങ്ങളുടെമേലും യേശുവിന് അധികാരം ഉണ്ട്. യേശുവിന്റെ കൽപനകൾ ദുഷ്ടാരൂപികൾ അനുസരിക്കുന്നു. യേശുവിന്റെ സാന്നിധ്യത്തിൽ ഭയന്നു വിറയ്ക്കുകയും ഓടിപ്പോവുകയും ചെയ്യുന്നു. കാറ്റും തിരമാലയും പോലുള്ള പ്രകൃതിശക്തികൾ യേശുവിനെ അനുസരിക്കുന്നു. യേശു രാജാവാണ്, എല്ലാത്തിന്റെയും അധിപനാണ് എന്ന് ക്രിസ്തുവിന്റെ രാജത്വ തിരുനാളിൽ സഭ ഏറ്റുപറയുന്നു. നമ്മൾ ഓരോരുത്തരും ഈ വിശ്വാസം ഏറ്റുപറയുകയും യേശുവിന്റെ സംരക്ഷണത്തിനും അനുഗ്രഹത്തിനും വഴിനടത്തലിനുമായി നമ്മെത്തന്നെ സമർപ്പിക്കുകയും ചെയ്താൽ അത് നമുക്ക് നന്മയായി ഭവിക്കും. നമ്മുടെ പ്രശ്‌നങ്ങളെയും രോഗങ്ങളെയും ഭയപ്പെടുന്ന കാര്യങ്ങളെയും യേശുവിന് സമർപ്പിച്ച് പ്രാർത്ഥിച്ചാൽ യേശു നമ്മെ രക്ഷിക്കും. രാജാവിന്റെ അധികാരം മാത്രമല്ല, രാജാവിന്റെ ഉത്തരവാദിത്തംകൂടി യേശു കാണിക്കുന്നുണ്ട്. അതാണ് യേശു നൽകുന്ന സ്‌നേഹം, കരുണ, ക്ഷമ, രോഗശാന്തി, പരിശുദ്ധാത്മാവിന്റെ അഭിഷേകം, മറ്റ് അനുഗ്രഹങ്ങൾ എന്നിവയെല്ലാം. യേശു രക്ഷിക്കുന്ന ദൈവമാണ്. സംരക്ഷിക്കുന്ന ദൈവമാണ്. സുഖപ്പെടുത്തുന്ന ദൈവമാണ്. ശക്തിപ്പെടുത്തുന്ന ദൈവമാണ്. അനുഗ്രഹിക്കുന്ന ദൈവമാണ്. മുറിവുണക്കുന്ന ദൈവമാണ്. ഇതെല്ലാം ഈ ദിവസങ്ങളിൽ വിശ്വസിച്ച് ഏറ്റുപറഞ്ഞ് നമുക്ക് അനുഗ്രഹങ്ങൾ പ്രാപി ക്കാം.



Written by  ഫാ. ജോസഫ് വയലിൽ. സി.എം.ഐ 

No comments:

Post a Comment