''സ്‌നേഹത്തിന് ഒരിക്കലും മരിക്കാനാവില്ല. സമയത്തിന്റെ പരിമിതികളെക്കുറിച്ചുള്ള അറിവ് കൂടാതെ സ്‌നേഹിക്കുക.. നിനക്കുവേണ്ടി മരിക്കുകയാണ് എന്റെ ആഗ്രഹം. സ്‌നേഹത്തിന്റെ ഈ പ്രവൃത്തി സ്വീകരിക്കുവാൻ വേണ്ടി എന്നെ മുഴുവനായും സമർപ്പിക്കുവാൻ ഞാൻ സന്നദ്ധനാണ്.'' - ദൈവദാസൻ മാർഷൽ വാൻ
ശുദ്ധരുടെ ജീവചരിത്രകൃതികളുള്ള ഒരു മേശയ്ക്കൽ ഇരിക്കുമ്പോൾ വാന്റെ മനസിൽ ഒരൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ, ''ദൈവമേ എന്നെ നയിച്ചാലും. എനിക്കുള്ള വഴി നീ തെളിച്ചുതന്നാലും.'' പുസ്തകങ്ങളിൽ ഏതൊന്നിനെയാണോ താൻ എടുക്കുന്നത് ആ പുസ്തകം താൻ വായിക്കും. അത് ദൈവത്തിന്റെ മറുപടിയായിരിക്കും. കണ്ണടച്ച് അവൻ ഒരു പുസ്തകത്തിൽ തൊട്ടു. കൈയിൽ കിട്ടിയ പുസ്തകത്തിന്റെ നേർക്ക് അവൻ ആകാംക്ഷയോടെ നോക്കി. 'ഒരാത്മാവിന്റെ കഥ'. അതായിരുന്നു പുസ്തകത്തിന്റെ പേര്. ആരാണ് എഴുതിയിരിക്കുന്നതെന്ന് അറിയാൻ അതിന്റെ ചുവട്ടിലേക്ക് നോക്കി. ഈശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ.
ഇങ്ങനെയൊരു വിശുദ്ധയെക്കുറിച്ച് വാൻ ഇതിന് മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. ഈ പുസ്തകം ഇതിന് മുമ്പ് കണ്ടിരുന്നുമില്ല. ഒരുപാട് ചോദ്യങ്ങളും ചിന്തകളുംഅവന്റെ മനസിലേക്ക് കടന്നുവന്നു. എന്താണീ ആത്മാവിന്റെ കഥ? ആരാണീ കൊച്ചുത്രേസ്യ? അനേകം വിശുദ്ധരോട് താരതമ്യപ്പെടുത്താവുന്ന എന്ത് ഗുണമാണ് ഈ വിശുദ്ധയിലുള്ളത്? വാനിന് ആദ്യമാത്രയിൽ ഈർഷ്യയാണ് തോന്നിയത്. തന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കാം എന്ന വാക്ക് ദൈവം തെറ്റിച്ചിരിക്കുന്നു. ചിലപ്പോൾ മറ്റനേകം വിശുദ്ധരുടേതുപോലെയുള്ള ജീവിതചിത്രമായിരിക്കാം കൊച്ചുത്രേസ്യായുടേതും. വാൻ അനുമാനിച്ചു. ജനനം മുതൽ മരണം വരെ ദൈവത്തോടൊത്തുള്ള അനുഭവങ്ങളും അത്യാഹ്ലാദങ്ങളും അനുഭവിച്ച് പുണ്യത്തിൽ വളർന്നവൾ.. അനേകം അത്ഭുതങ്ങൾ ചെയ്തവൾ.. ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും അപ്പവും വെള്ളവും കഴിച്ച് ജീവിക്കുകയും ചെയ്തവൾ.. അവസാനതുള്ളി രക്തം ചിന്തും വരെ പ്രാർത്ഥനയിലും അനുസരണത്തിലും വിശുദ്ധിയിലും വ്യാപരിച്ചവൾ.. മരണമടഞ്ഞപ്പോൾ ശരീരത്തിൽ സുഗന്ധം പ്രസരിക്കുകയും കല്ലറയിങ്കൽ അത്ഭുതങ്ങൾ അരങ്ങേറുകയും ഒക്കെ~ചെയ്തു. ഒടുവിൽ സഭ വിശുദ്ധപദവിയിലേക്കുയർത്തി. ഇങ്ങനെയൊരു വഴിയിലൂടെയായിരിക്കാം തെരേസയുടെ ജീവിതവും പോകുന്നതെന്നെക്കെയാണ് വാൻ കരുതിയത്.
യഥാർത്ഥ തെരേസ ആരായിരുന്നു എന്നറിയാതെ താൻ നടത്തിയ അബദ്ധപൂർണ്ണമായ അനുമാനങ്ങളെക്കുറിച്ച് പിന്നീട് ആത്മകഥയിൽ വാൻ മനസ്തപിക്കുന്നു. ദൈവം നല്കിയ വാഗ്ദാനത്തിൽ വിശ്വസിച്ച് ഒടുവിൽ വാൻ പുസ്തകം തുറന്നു വായനയാരംഭിച്ചു: ഏതാനും പേജുകൾ വായിച്ചപ്പോഴേ വാൻ ന്റെ കവിളിലൂടെ കണ്ണീർച്ചാലുകളൊഴുകിത്തുടങ്ങി. അത്ഭുതകരമായ ഏതോ പരിണാമം അവന്റെ ഉള്ളിൽ സംഭവിക്കുകയായിരുന്നു. അതിനെക്കുറിച്ച് വാൻ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ദൈവം സ്‌നേഹമാണെന്ന് ആ നിമിഷം എനിക്ക് മനസിലായി. തെരേസയെപ്പോലെ അനേകം കൊച്ചുകൊച്ചുകാര്യങ്ങളിലൂടെ വിശുദ്ധി പ്രാപിക്കാമെന്ന് ഞാൻ തിരിച്ചറിഞ്ഞു... അതൊരു പുഞ്ചിരിയാവാം.. ഒരു നോട്ടമാകാം.. സ്‌നേഹപൂർവ്വകമായ വാക്കാകാം.. സ്‌നേഹത്തോടെ എല്ലാം മററുള്ളവർക്കായി ചെയ്യുക.. അതെന്ത് സന്തോഷകരമായിരിക്കും! അന്നുമുതൽ വിശുദ്ധിയെക്കുറിച്ചുള്ള ചിന്ത എന്നെ ഭാരപ്പെടുത്തിയില്ല.. അനർഗളമായ ഒരു പ്രവാഹമായി എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു....''
അത് വാൻ ന്റെ സവിശേഷമായ യാത്രയുടെ ആരംഭമായിരുന്നു. തെരേസയുടെ ആത്മാവിന്റെ കഥ വാൻ ന്റെ ആത്മാവിന്റെ കഥയായി മാറുകയായിരുന്നു. തന്റെ ജീവിതം തെരേസ എഴുതിയതുപോലെയുള്ള അനുഭവം. തെരേസയുടെ ഒരു യെസ് അല്ലെങ്കിൽ ഒരു നോ അത് തന്റെ ചിന്തയിൽ നിന്നുള്ളതായി വാൻ ന് തോന്നി. അവളുടെ ചിന്തകൾ, അവളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ.. അവളുടെ കണ്ണുകൾ.. എല്ലാം എന്റേതുതന്നെയാണ്. എന്റെ ജീവിതവും ചിന്തകളും ഇതേപോലെ പകർത്തിയിരിക്കുന്ന മറ്റൊരു ഗ്രന്ഥമില്ല...ഈ ഒരു പുസ്തകം കണ്ടെത്തിയിരുന്നില്ല എങ്കിൽ എന്റെ ജീവിതം ഇതുപോലെയൊന്ന് ആകുമായിരുന്നില്ല എന്നുവരെ വാൻ എഴുതി.
പിറ്റേന്ന് രാവിലെ വാൻ ഉറക്കമുണർന്ന് പരിശുദ്ധ മറിയത്തിന്റെ ചിത്രത്തിന് മുമ്പിൽ മുട്ടുകുത്തി. ''പരിശുദ്ധ കന്യകേ, എന്റെ അമ്മേ, എന്റെ ജീവിതത്തിൽ ഇതുപോലെയൊരു സന്തോഷം ഞാൻ നടാടെയാണ് അനുഭവിക്കുന്നത് എന്നതാണ് സത്യം.. ഈ ദിവസം പുതിയൊരു വഴിയാണ് എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നത്. ഇന്നുമുതൽ അമ്മേ പുതിയ രീതിയിലും വഴിയിലും പൂർണ്ണതയോടെ ദൈവത്തെ സ്‌നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ.. പൂർണ്ണമായ ബോധ്യത്തോടെ എന്നെത്തന്നെ ദൈവത്തിന് സമർപ്പിക്കാൻ എന്നെ സഹായിക്കണമേ.. എനിക്ക് ചെറുപുഷ്പത്തെ, ഈ വിശുദ്ധയെ വഴികാട്ടിയായി കിട്ടണമെന്ന് എനിക്കാഗ്രഹമുണ്ട്..''
അനന്തരം ഈശോയോടായി വാൻ പറഞ്ഞു: എന്റെ വിശ്വസ്തനായ ഏക ഗുരോ, ഈശോയേ, നിനക്കറിയാമല്ലോ ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്നും നിന്റെ ആഗ്രഹമനുസരിച്ചാണ് ഞാൻ പ്രതികരിക്കുന്നതെന്നും. ഒരു വിശുദ്ധനാകണമെന്നുള്ള ആഗ്രഹം നീയാണ് എന്റെ ഹൃദയത്തിൽ അങ്കുരിപ്പിച്ചത്. അനേകം ആത്മാക്കളുടെ രക്ഷയ്ക്കായി, അനേകരെ ആശ്വസിപ്പിക്കുവാനായി ചെറിയ കാര്യങ്ങളിലൂടെ നിന്നെ മഹത്വപ്പെടുത്തിയ കൊച്ചുത്രേസ്യായുടെ കരങ്ങളെ നീ ഉപയോഗിച്ചു... കൊച്ചുത്രേസ്യായെ എനിക്ക് മാർഗ്ഗനിർദ്ദേശകയായി നീ നല്കിയാലും.. നിന്നെ എങ്ങനെയാണ് സ്‌നേഹിക്കേണ്ടതെന്ന് അവൾക്കെന്നെ പഠിപ്പിക്കാൻ കഴിയും..'
അനന്തരം വാൻ ഒരു കുന്നിൻമുകളിലേക്ക് യാത്രയായി. മലമുകളിലെ നിശബ്ദതയിൽ പെട്ടെന്ന് ആരോ തന്നെ വിളിക്കുന്നതായി വാൻ അറിഞ്ഞു. ''വാൻ, വാൻ.. എന്റെ പ്രിയ സഹോദരാ..'' വാൻ ചുറ്റും തിരിഞ്ഞുനോക്കി. ആരാണ് വിളിക്കുന്നത്? ആരെയും കാണാനില്ല. പെട്ടെന്ന് വാൻ തിരിച്ചറിഞ്ഞു കേവലം മർത്ത്യഭാഷയല്ല താൻ കേട്ടത്. അലൗകികമായ ഏതോ ഒന്ന്.. ''ഓ! ഇതെന്റെ പ്രിയപ്പെട്ട സഹോദരി തെരേസയാണോ'' കരച്ചിലിനടുത്ത സ്വരത്തിൽ സന്തോഷത്തോടെ അവൻ ചോദിച്ചു.'' അതെ, ഇത് സത്യമായും നിന്റെ സഹോദരി തെരേസയാണ്.. ഇതാ, ഇപ്പോൾ ഈ നിമിഷം മുതൽ വ്യക്തിപരമായി നീയെന്റെ സഹോദരനായിരിക്കും. കാരണം നീയെന്നെ നിന്റെ സഹോദരിയായി തിരഞ്ഞെടുത്തു. ഇപ്പോൾ മുതൽ നമ്മുടെ രണ്ട് ആത്മാക്കൾ ദൈവസ്‌നേഹത്തിൽ ഒന്നായിരിക്കും. ഈ നിമിഷം മുതൽ എന്റെ ജീവിതത്തിലെ സ്‌നേഹത്തെക്കുറിച്ചുള്ള മനോഹരമായ ചിന്തകൾ അറിയാൻ നിന്നെ ഞാൻ അനുവദിക്കും.. ദൈവമാണ് ഈ സംഗമം അനുവദിച്ചിരിക്കുന്നത്. ഈ ലോകത്ത് ജീവിച്ചിരുന്ന കാലത്ത് സ്‌നേഹത്തെക്കുറിച്ചുള്ള വലിയ പാഠങ്ങൾ എന്റെ ആത്മാവ് ഗ്രഹിച്ചിരുന്നതിനെക്കാൾ ദൈവം എന്നെ പഠിപ്പിച്ചു. അവിടുത്തെ വേലയുടെ ചെറിയ ശുശ്രൂഷകനും സഹായിയുമാകാൻ ദൈവം നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.. ദൈവം നമ്മുടെ പിതാവാണ്.. അവിടുന്ന് സ്‌നേഹമാണ്.. അവിടുത്തെ നന്മയും കാരുണ്യവും അപരിമേയമാണ്. നമ്മുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും അവിടുന്ന് സാകൂതം വീക്ഷിക്കുന്നുണ്ട്.. നമ്മുടെ ആദിമാതാപിതാക്കന്മാർ പാപം ചെയ്ത് അവിടുന്നിൽ നിന്ന് അകന്നുപോയപ്പോൾ ദൈവം തന്റെ ഏകമകനെ തന്നെ അയച്ചു.. ക്രിസ്തു വന്നത് തന്റെ സഹോദരരോട് പിതാവിന്റെ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കാനാണ്... ദൈവത്തിന്റെ മക്കളായിരിക്കുന്നതിൽ നാം യഥാർത്ഥത്തിൽ ഭാഗ്യവാന്മാരാണ്.. ദൈവത്തെ ഒരിക്കലും ഭയപ്പെടരുത്.. അവിടുന്ന് സ്‌നേഹമുള്ള പിതാവാണ്. എങ്ങനെ സ്‌നേഹിക്കണം എന്ന് മാത്രമേ അവിടുത്തേയ്ക്ക് അറിയൂ.. ദൈവം സുഹൃത്താണെന്ന് തുറന്ന് പറയുന്നതിൽ ഒരിക്കലും മടിക്കരുത്.. നിന്റെ മനസിൽ തോന്നുന്നതെല്ലാം നീ അവിടുത്തോട് തുറന്ന് പറയണം.. സുഹൃത്തുക്കളുടെ പരിഹാസം, ഒറ്റപ്പെടൽ, നിന്റെ കണ്ണീര്.. സന്തോഷം..''
അപ്പോൾ വാൻ തെരേസയെ സംശയിച്ചു. ''ഞാനിവയൊക്കെ എന്തിന് പ്രത്യേകമായി ദൈവത്തോട് പറയണം? അവിടുത്തേയ്ക്ക് ഇതെല്ലാം അറിയാമല്ലോ? ''നീ പറഞ്ഞത് ശരിയാണ് എന്റെ കൊച്ചു സഹോദരാ.. എങ്കിലും നിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന ഏറ്റവും ആത്മാർത്ഥതയുള്ള വാക്ക്‌കേൾക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു... നീ സന്തോഷം അനുഭവിക്കുകയാണെന്ന് കരുതൂ, അപ്പോൾ ആ സന്തോഷം നീ ദൈവത്തിന് സമ്മാനിക്കൂ. ദമ്പതികൾ പരസ്പരം സ്‌നേഹിക്കുമ്പോൾ, ഒരാൾ മറ്റെയാളെ സ്‌നേഹിക്കുമ്പോൾ ആ സ്‌നേഹത്തോട് അവർക്കെന്തുമാത്രം നന്ദിയുണ്ടായിരിക്കും? അതുപോലെ നിന്റെ സന്തോഷം നീ ദൈവത്തിന് നല്കുമ്പോൾ ദൈവം സന്തോഷിക്കും. നീ ദു:ഖിതനാണോ ആ അവസ്ഥ ദൈവത്തോട് പറയുക, ദൈവമേ ഞാൻ വളരെ അസന്തുഷ്ടനാണ് എന്ന്.. ഈ സങ്കടം ക്ഷമയോടെ സ്വീകരിക്കാൻ എന്നെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കൂ..''
ആദ്യസമാഗമം അവസാനിക്കുന്നതിന് മുമ്പ് തെരസേ വാൻ നോട് ഇങ്ങനെ തുടർന്നു: ഞാൻ നിന്നെ സ്‌നേഹിക്കുന്നു.. കാരണം എന്റെ സ്‌നേഹത്തിന്റെ സൗഹൃദത്തിൽ നീ അംഗമാണ്.. എന്റെ പ്രിയ സഹോദരാ, നീയും സ്വർഗീയ പിതാവുമായുള്ള ബന്ധത്തിൽ ഒരിക്കലും കുറവുണ്ടാകരുത്.. എന്റെ ഉപദേശങ്ങളെ സ്വീകരിക്കുന്നതിൽ വിമുഖത കാണിക്കരുത്.. നമുക്ക് പിരിയാൻ സമയമായി.. നമ്മൾ വീണ്ടും കണ്ടുമുട്ടും.. സംസാരിക്കും... പോകും മുമ്പ് ഞാൻ നിനക്കൊരു ചുംബനം തരട്ടെ..'' ആ സമയത്ത് വാൻ ന്റെ കവിളത്ത് തട്ടി സുഖദമായ ഒരു കാറ്റ് കടന്നുപോയി.
***************************
നോർത്ത് വിയറ്റ്‌നാമിൽ 1928 മാർച്ച് 15 നാണ് ജോവാച്ചിം നൗയെൻ വാൻ താൻ ജനിച്ചത്. ചൂതാട്ടക്കാരനും മദ്യപാനിയുമായ ഒരു തയ്യൽക്കാരനായിരുന്നു പിതാവ്. വയലുകളിൽ പണി ചെയ്ത് ജീവിക്കാൻ നിർബന്ധിക്കപ്പെട്ട സ്ത്രീയായിരുന്നു അമ്മ. ഉത്തമകത്തോലിക്കയായ സ്ത്രീയായിരുന്നു അവർ. ലീ എന്ന് പേരുള്ള സഹോദരനും ടീ എന്നു പേരുള്ള സഹോദരിയും വാൻ താൻ ന് ഉണ്ടായിരുന്നു. നന്നേ ചെറുപ്പം മുതൽ ദയാലുവും സ്‌നേഹസമ്പന്നനുമായിരുന്നു വാൻ. ദൈവികകാര്യങ്ങളിലും അവൻ നിഷ്ഠ പുലർത്തിയിരുന്നു. പ്രത്യേകിച്ച് മാതാവിനോട്.. മാതാവിനോടുള്ള ആദരസൂചകമായി കൂട്ടുകാർക്കും സഹോദരങ്ങൾക്കുമൊപ്പം പ്രദക്ഷിണം നടത്തുക വാന്റെ കുട്ടിക്കാല വിനോദങ്ങളിൽ ഒന്നായിരുന്നു. പ്രാർത്ഥിക്കുവാനും അമ്മയോടൊപ്പം കൊന്ത ചൊല്ലാനും അവൻ ഉത്സാഹിച്ചു. ആറാം വയസിൽ വാന്റെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം നടന്നു. ആ ദിവസത്തെക്കുറിച്ച് വാൻ പിന്നീട് അനുസ്മരിക്കുന്നത് ഇങ്ങനെയാണ്: ഒടുവിൽ ആ സമയം ആഗതമായി.. ഏറെക്കാലമായി കാത്തിരുന്ന സമയം.. സ്‌നേഹത്തിന്റെ അപ്പം സ്വീകരിക്കുവാൻ വേണ്ടി ജാഗ്രതയോടെ നാവ് നീട്ടി.. അവാച്യമായ സന്തോഷം എന്റെ ഹൃദയത്തിൽ നിറഞ്ഞു.. അപാരമായ സാഗരത്തിലെ ഒരു തുള്ളി ജലമാണ് ഞാനെന്ന് എനിക്കപ്പോൾ തോന്നി..''
പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന് ശേഷം എല്ലാ ദിവസവും വാൻ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നു. അങ്ങനെ ഓരോ തവണയും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴും വാന്റെ മനസിൽ ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ''എനിക്കൊരു വൈദികനാകണം.. ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്തവരുടെയിടയിൽ ദൈവവചനം പ്രഘോഷിക്കണം..''
ഏഴാം വയസിൽ വാന്റെ സ്‌കൂൾ ജീവിതം ആരംഭിച്ചു. കുട്ടികളോട് നിർദാക്ഷിണ്യമായി പെരുമാറുന്നവരായിരുന്നു അധ്യാപകർ. തന്മൂലം വാൻ ന് കഠിനമായ ശിക്ഷാമുറകൾ ഏറ്റുവാങ്ങേണ്ടി വന്നു. ദിനം പ്രതി അവൻ വിളറിയും ക്ഷീണിച്ചും കാണപ്പെട്ടു. ഈ ഒരു സാഹചര്യത്തിൽ വാന്റെ അമ്മ ഇടവകവൈദികനായ ഫാ. ജോസഫ് വാൻ നാ യുടെ സഹായം തേടി. ഹൗസ് ഓഫ് ഗോഡ് എന്ന പേരിൽ മതപരമായ ഒരു സ്ഥാപനം അദ്ദേഹം ആരംഭിച്ചിരുന്നു.
മതപരമായ അറിവുകൾക്കൊപ്പം സ്‌കൂൾ വിദ്യാഭ്യാസവും അവിടെ നല്കി. സമർത്ഥരായ വിദ്യാർത്ഥികൾക്ക് സെമിനാരി വിദ്യാഭ്യാസത്തിനുള്ള തുടർസാധ്യതകളും ഉണ്ടായിരുന്നു. അവിടെ സമർത്ഥനായ വിദ്യാർത്ഥി എന്ന ലേബലിൽ അറിയപ്പെടാൻ വാൻ ന് അധികസമയം വേണ്ടിവന്നില്ല. എന്നാൽ വിധിവൈപരീത്യമെന്ന് പറയട്ടെ, മുൻകാലങ്ങളിൽ ഉണ്ടായിരുന്നതുപോലെയുള്ള കഠിനമായ ശിക്ഷാവിധികൾ അകാരണമായി ഇവിടെയും വാൻ ന് ഏറ്റുവാങ്ങേണ്ടിവന്നു. പ്രഫസർ വിൻഹ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സ്വകാര്യമുറിയിലേക്ക് വിളിച്ചുവരുത്തി വാൻനെ തലങ്ങും വിലങ്ങും അടിച്ച് ശരീരം പൊട്ടിക്കുകയായിരുന്നു അയാളുടെ വിനോദം. അതിന് കാരണം പറയുന്നതാവട്ടെ കറയറ്റ ജീവിതം പഠിപ്പിക്കുക യാണെന്നും. എന്നാൽ ഇക്കാര്യം ആരോടും പറയരുതെന്ന ഭീഷണിയും ഉണ്ടായിരുന്നു. എങ്കിലും ആ രഹസ്യം പുറത്തുവരിക തന്നെ ചെയ്തു. വാന്റെ തുണിയിൽ അലക്കുകാരി ചോരപ്പാടുകൾ കണ്ടെത്തിയതോടെയായിരുന്നു അത്. സംഭവിച്ചത് എന്തെന്ന് ഫാ. വാൻ നിഹിന് വ്യക്തമായത് വാന്റെ രക്ഷയ്ക്ക് കാരണമായി.
മറ്റ് വിദ്യാർത്ഥികൾക്കുള്ള ഒരു റോൾ മോഡൽ എന്ന നിലയിലാണ് ഫാ. വാൻ നിഹ്, വാൻ നെ അവതരിപ്പിച്ചത്. കാറ്റക്കിസ്റ്റുകളായ മറ്റ് വിദ്യാർത്ഥികൾ തീരെ ആവേശമില്ലാത്തവരായിരുന്നു. സ്വഭാവികമായും വാൻനെ ഇത് അവരുടെ ശത്രുവാക്കി. വാനിനെതിരെ കുറ്റം കണ്ടുപിടിച്ച് അവനെ ശല്യപ്പെടുത്തുക എന്നത് വ്രതം പോലെ അവർ ഏറ്റെടുത്തതോടെ ആ ജീവിതം വീണ്ടും ദുരിതമയമായി. അപ്പോഴെല്ലാം പ്രാർത്ഥനയിലും ജപമാലയിലും വാൻ അഭയം കണ്ടെത്തുകയായിരുന്നു.
ഈ സമയം തന്നെ വാന്റെ കുടുംബത്തിലും ദുരിതങ്ങൾ വിരുന്നിനെത്തി. ഒരു വെള്ളപ്പൊക്കം കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും തിരികെ വരാത്തവിധം കവർന്നെടുത്തുകൊണ്ടുപോയി. നിരുത്തരവാദിയായ കുടുംബനാഥൻ മൂലം കുടുംബത്തിന്റെ അവസ്ഥ വീണ്ടും പരിതാപകരമായി. വാൻ ന് പണം അയ്ക്കാനോ വസ്ത്രം അയ്ക്കാനോ ആ അമ്മയ്ക്ക് കഴിഞ്ഞില്ല..
നാളുകൾക്ക് ശേഷം ഏതാനും സുഹൃത്തുക്കളുമൊപ്പം സെമിനാരിയിൽ ചേരുക എന്ന ആഗ്രഹത്തോടെ വാൻ ഹൗസ് ഓഫ് ഗോഡിൽ നിന്ന് യാത്രയായി. പക്ഷേ അവരെ സ്വീകരിക്കുന്ന ഒരു സെമിനാരി കിട്ടാത്തതിനാൽ വാനിന് തിരികെ പോരേണ്ടി വന്നു. പിന്നീട് ഒരു വീട്ടുവേലക്കാരന്റെ ജീവിതമാണ് വാനിന് നയിക്കേണ്ടിവന്നത്. പന്ത്രണ്ടാം വയസിൽ ഒരു സർട്ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും അത് വിദ്യാഭ്യാസം തുടരാനുള്ള സാഹചര്യമുണ്ടാക്കിയില്ല. ഒരു തെരുവ് യാചകനായി അലഞ്ഞുതിരിഞ്ഞ് ജീവിക്കേണ്ട വിധിവൈപരീത്യവും വാനിനുണ്ടായി. ''മറ്റുള്ളവർക്ക് മുമ്പിൽ കൈ നീട്ടി ഭിക്ഷ യാചിക്കുകയായിരുന്നു എന്റെ അന്നത്തെ ജീവിതം... അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒരുവനെ സംബന്ധിച്ച് ജീവിതം അത്ര ദരിദ്രമല്ലെന്ന് എനിക്ക് മനസ്സിലായി... ക്രിസ്തുവിന് വേണ്ടി സഹിക്കുന്നതിൽ എന്റെ ഉള്ളിൽ സമാധാനവും സന്തോഷവും അപ്പോഴും നിറഞ്ഞിരുന്നു.. പാപം ഒഴിവാക്കണമെന്നും ദൈവത്തിന് സങ്കടമുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്നും എനിക്കറിയാമായിരുന്നു...'' വാന്റെ നോട്ടം എല്ലായ്‌പ്പോഴും ഈശോയിലേക്കും പരിശുദ്ധ മറിയത്തിലേക്കും മാത്രമായിരുന്നു. അതുകൊണ്ടാണ് പരീക്ഷണങ്ങളിലും ദുരിതങ്ങളിലും പിടിച്ചുനില്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ഒരു ദിവസം തന്റെ മനസ്സിന്റെ ഭാരങ്ങൾ ഒരു പുരോഹിതനോട് പങ്കുവയ്ക്കാൻ വാനിന് അവസരമുണ്ടായി. ''ഈ പരീക്ഷണങ്ങളെല്ലാം നീ ദൈവത്തിന് സമർപ്പിക്കൂ.. ദൈവം നിനക്ക് കുരിശുകൾ നല്കുന്നത് അവിടുന്ന് നിന്നെ തിരഞ്ഞെടുത്തു എന്നതിന്റെ അടയാളമാണ്..'' പുരോഹിതന്റെ വാക്കുകൾ വാന്റെ ഹൃദയത്തിന് വലിയ ആശ്വാസമാണ് നല്കിയത്.
1942 ൽ വാൻ ന് സെമിനാരിയിൽ പ്രവേശനം കിട്ടി. എന്നാൽ ആറുമാസങ്ങൾക്ക് ശേഷം ഫണ്ടിന്റെ അപര്യാപ്തത മൂലം സെമിനാരി അടച്ചുപൂട്ടേണ്ടി വന്നു. പക്ഷേ ക്വാങ് യെൻ എന്ന സ്ഥലത്തെ സെന്റ് തെരേസ ഓഫ് ദ ചൈൽഡ് ജീസസ് എന്ന സെമിനാരിയിൽ തുടർവിദ്യാഭ്യാസം നടത്താൻ രണ്ട് ഡൊമിനിക്കൻ വൈദികരുടെ സഹായത്താൽ വാൻ ന് സാധിച്ചു.
***********************
അന്ന്, ആ കുന്നിൻമുകളിൽ വച്ച് ഒരു നേർത്ത തലോടലായി കൊച്ചുത്രേസ്യ വന്ന നാൾ മുതൽ വാന്റെ ജീവിതത്തിൽ പിന്നെയും മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു. വാൻ ന്റെ സന്തതസഹചാരിയും ആത്മീയോപദേഷ്ടാവുമായി തെരേസ മാറി. വാൻ ന്റെ മനസിൽ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ഒരു പുരോഹിതനാകുക. അതിന് വേണ്ടി ആത്മീയവും ഭൗതികവുമായി എന്തു കഷ്ടപ്പാടുകൾ സഹിക്കുവാനും അവൻ സന്നദ്ധനായിരുന്നു. പക്ഷേ ഒരു ദിവസം തെരേസ അവനോട് പറഞ്ഞു: എനിക്ക് നിന്നോട് പ്രത്യേകമായി ഒരു കാര്യം പറയുവാനുണ്ട്. അത് നിന്നെ വളരെ സങ്കടപ്പെടുത്തുന്ന ഒരു കാര്യമായിരിക്കും. നീ ഒരിക്കലും ഒരു വൈദികനാകില്ലെന്ന് ദൈവം എന്നോട് പറഞ്ഞിട്ടുണ്ട്..'' വാനെ സംബന്ധിച്ച് ഹൃദയഭേദകമായിരുന്നു ആ വാർത്ത. അവൻ ഉറക്കെ കരഞ്ഞുകൊണ്ട് പറഞ്ഞു: വൈദികനാകുകയില്ലെങ്കിൽ പിന്നെ ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത്?'' തെരേസ അവനെ ആശ്വസിപ്പിച്ചു ''വാൻ, എന്റെ കൊച്ചനിയാ ദൈവം നിന്റെ അപ്പസ്‌തോലപ്രവർത്തനം മറ്റൊരു മേഖലയിൽ വിനിയോഗിക്കാനാണ് ആഗ്രഹിച്ചിരിക്കുന്നത്. നീ എന്തുകൊണ്ടാണ് അത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാത്തത്? സ്വർഗീയപിതാവിന്റെ അഭീഷ്ടത്തിന് കീഴടങ്ങുക.. തുടർന്ന് ആത്മാവിന്റെ കഥയിലെ ഒരു പ്രധാന ഭാഗത്തേയ്ക്ക് തെരേസ അവന്റെ ശ്രദ്ധ തിരിച്ചു. സ്‌നേഹം എല്ലാ ദൈവവിളിയിലും അടങ്ങിയിരിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു.. എല്ലാറ്റിനും മീതെയുള്ളത് സ്‌നേഹമാണ്.. അത് എല്ലാ കാലത്തെയും ദേശത്തെയും ആലിംഗനം ചെയ്യുന്നു.. സ്‌നേഹം. നിത്യമായ വാക്കാണത്..''
''തെരേസ, എന്റെ പെങ്ങളേ, ഏതുതരത്തിലുള്ള ദൈവവിളിയാണ് എനിക്കായി ഒരുക്കിയിരിക്കുന്നത്? ഞാനൊരു വൈദികനാകുകയില്ലെങ്കിൽ...'' ''നീയൊരു ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കും. അവിടെ നീ നിന്നെത്തന്നെ പൂർണ്ണമായി ദൈവത്തിന് നല്കും..''
1942-43 ലെ ഒരു മഞ്ഞുകാലം. ഒരു സ്വപ്‌നം വാനിന് ഉണ്ടായി. അതേക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ: 'കട്ടിലിന് സമീപം തലയ്ക്കൽ ഒരാൾ നില്ക്കുന്നത് ഞാൻ കണ്ടു. അദ്ദേഹം വളരെ ഉയരമുള്ളവനും കറുത്ത വസ്ത്രം ധരിച്ചവനുമായിരുന്നു.. അപാരമായ കരുണ ആ മുഖത്ത് നിറഞ്ഞുനിന്നിരുന്നു.. അദ്ദേഹം എന്നോട് ഒരു ചോദ്യം ചോദിച്ചു: എന്റെ കുഞ്ഞേ, നിനക്ക് ആഗ്രഹമുണ്ടോ.. ആ ചോദ്യം പൂർണ്ണമാകുന്നതിന് മുമ്പ് ഞാൻ മറുപടി പറഞ്ഞു. യെസ്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഹൗസിലെ ഒരു പ്രതിമ വാൻ കാണാനിടയായി. സ്വപ്‌നത്തിൽ കണ്ട രൂപത്തോട് നല്ല സാദൃശ്യം ഉണ്ടായിരുന്നു ആ പ്രതിമയ്ക്ക്.. റിഡംപ്റ്ററിസ്റ്റ് സഭയുടെ സ്ഥാപകനായ വിശുദ്ധ അൽഫോൻസ് ലിഗോരിയുടേതായിരുന്നു അത്. അധികം വൈകാതെ തെരേസ അവന് വെളിപ്പെടുത്തി ഒരു റിഡംപ്റ്ററിസ്റ്റ് സഹോദരനാകുക എന്നതായിരിക്കും അവന്റെ നിയോഗമെന്ന്.. എന്നാൽ വരാൻ പോകുന്ന ചില പരീക്ഷണങ്ങളെക്കുറിച്ച് തെരേസ മുന്നറിയിപ്പും നല്കിയിരുന്നു. എന്റെ കുഞ്ഞനിയാ, പരീക്ഷണങ്ങളുടെ വഴിയേ മുള്ളുകളുടെ വഴിയേ ആയിരിക്കും നീ നടക്കാൻ പോകുന്നത്. ആകാശം ഇപ്പോൾ തെളിഞ്ഞതായിരിക്കും. പക്ഷേ അധികം വൈകാതെ അത് മേഘാവൃതമാകും. നിനക്ക് കണ്ണീരു പൊഴിക്കേണ്ടിവരും.. നിനക്ക് നിന്റെ സന്തോഷം നഷ്ടമാകും.. ലോകം ക്രിസ്തുവിനോട് ചെയ്തതുപോലെ നിന്നോടും ചെയ്യും.. പക്ഷേ നീ ഭയപ്പെടരുത്.. ക്രിസ്തു അപ്പോഴും നിന്റെ ആത്മാവിൽ ജീവിക്കുന്നുണ്ടാവും.... ഈലോകത്തിൽ സഹനം നിന്റെ സ്‌നേഹത്തിന്റെ അടയാളമായിരിക്കും.. സഹനം നിന്റെ സ്‌നേഹത്തിന് അർത്ഥവും മൂല്യവും നല്കും..''
ഹാനോയിയിലെ റിഡംപ്റ്ററിസ്റ്റ് ഭവനത്തിലാണ് വാൻ അംഗമായത്. ഹെൽപ്പറുടെ ഉത്തരവാദിത്വമാണ് ആദ്യം അവനിൽ ചുമത്തപ്പെട്ടിരുന്നതെങ്കിലും പിന്നീട് പോസ്റ്റുലന്റായി. ബ്രദർ മാഴ്‌സൽ എന്ന പേരാണ് അവൻ സ്വീകരിച്ചത്. വ്രതവാഗ്ദാനത്തിന് ശേഷം ക്രിസ്തു സംസാരിക്കുന്നത് അവൻ കേട്ടു. എന്റെ മകനേ, മാനവകുലത്തോടുള്ള സ്‌നേഹത്തെപ്രതി നീ നിന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കുക.
തന്റെ ശരീരത്തെ സഹനങ്ങൾക്കായി വിട്ടുകൊടുക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് വാന്നിന് മനസിലായി. നിന്ദനം.. പീഡനം... ഈശോയുടെ പീഡാസഹനത്തോട് ഇവയെല്ലാം ചേർത്തുവച്ച് വൈദികരുടെ വിശുദ്ധിക്കുവേണ്ടി പ്രാർത്ഥിക്കുവാനാണ് ഈശോ ആവശ്യപ്പെട്ടത്.
***************
വാന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം കമ്മ്യൂണിസ്റ്റ് പീഡനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. 1954 ജൂലൈ. നോർത്ത് വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് അധിനിവേശത്തിലായി. ക്രൈസ്തവ സുരക്ഷയ്ക്ക് ഭീഷണി ഉയർന്ന ആ സാഹചര്യത്തിൽ ക്രിസ്ത്യാനികൾ സൗത്ത് വിയറ്റ്‌നാമിലേക്ക് ഓടിപ്പൊയ്‌ക്കൊണ്ടിരുന്നു. ഹാനായിലെ റിഡംപ്റ്ററിസ്റ്റ് ഭവനത്തിൽ ഏതാനും റിഡംപ്റ്ററിസ്റ്റുകൾ അവശേഷിച്ചു. ക്രിസ്ത്യാനികളുടെ സുരക്ഷയെ പ്രതിയായിരുന്നു അത്.
അവർക്കിടയിലേക്ക് മടങ്ങാൻ, 1950 ൽ വിയറ്റ്‌നാമിലെ സായിഗോണിലേക്ക് പുറപ്പെട്ട വാൻ തീരുമാനിച്ചു. ഈശോ ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ദ്രോഹങ്ങൾക്കിടയിലും ക്രിസ്തുവിനെ സ്‌നേഹിക്കാൻ സന്നദ്ധരായ കുറെപേർ അവിടെയുണ്ട്. അവിടേയ്ക്ക് ഞാൻ പോകുന്നു..'' ഏതാനും ദിവസങ്ങൾക്ക് ശേഷം സഹോദരി ആനി മേരിക്ക് എഴുതിയ ഒരു കത്തിൽ വാൻ ഇങ്ങനെ കുറിച്ചു. 'മിക്കവാറും എന്റെ എല്ലാ സങ്കടങ്ങളും വിട്ടൊഴിഞ്ഞുപോയിരിക്കുന്നു.. ഇപ്പോൾ ഒന്നുമാത്രമേ എന്റെ ചിന്തയുള്ളൂ.. ഞാൻ ഹാനോയിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ....ദൈവത്തിന്റെ സ്വരത്തിനെതിരെയുള്ള എന്റെ മർക്കഷ്ടമുഷ്ടിയാകുമായിരുന്നു അത്..'
1955 മെയ് 7. ചന്തയിലെത്തിയതായിരുന്നു വാൻ. അവിടെ ആളുകൾ തെക്കുള്ള ഗവൺമെന്റിനെ വിമർശിച്ചും കുറ്റപ്പെടുത്തിയും സംസാരിക്കുന്നത് വാൻ കേൾക്കാനിടയായി. മാർഷൽ അതിനോട് ഇങ്ങനെയാണ് പ്രതികരിച്ചത്.'' ഞാൻ അവിടെ നിന്ന് എത്തിയതേയുള്ളൂ. അവിടെത്തെ ഗവൺമെന്റ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല..''
തൂണിനും കാതുകളും കണ്ണുകളുമുള്ള കമ്മ്യൂണിസ്റ്റുകാർ ഇത് കേട്ടുവെന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മാത്രമേ വാൻ അറിഞ്ഞുള്ളൂ. പിന്നീട് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്കും അവിടെ നിന്ന് ജയിലിലേക്കും. അഞ്ച് മാസങ്ങൾക്ക് ശേഷം ഹാനായിയിലെ സെൻട്രൽ ജയിലിലേക്ക്.. അവിടെ വച്ച് അനേകം വൈദികരെയും കത്തോലിക്കരെയും കണ്ടുമുട്ടാനിടയായി. ജീവനും ആരോഗ്യവും രക്ഷിച്ചെടുക്കാൻ ആയാസരഹിതമായ ചില മാർഗ്ഗങ്ങൾ വേണമെങ്കിൽ വാൻ ന് ആർജ്ജിച്ചെടുക്കാമായിരുന്നു. ജയിലിൽ നിന്ന് അദ്ദേഹം സുപ്പീരിയർക്കെഴുതി. ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനെനിക്ക് ഒരെളുപ്പവഴിയുണ്ട്.. അങ്ങയെ കുറ്റപ്പെടുത്തി സംസാരിച്ചാൽ മാത്രം മതി.. അങ്ങ് വിഷമിക്കരുത്. ഞാനതിന് ഒരിക്കലും തയ്യാറല്ല..'' ബ്രെയിൻവാഷിംങ് മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു.. ശത്രുക്കൾ ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് അദ്ദേഹത്തെ വ്യതിചലിപ്പിച്ചെടുക്കാൻ അടവുകൾ പലതും പയറ്റിനോക്കി. സ്‌നേഹത്തിന്റെ ആയുധത്തിനല്ലാതെ മറ്റൊന്നിനും വാനെ അടർത്തിമാറ്റാനായിരുന്നില്ല...സ്‌നേഹത്തിന്റെ ഇരയായിരുന്നു വാൻ.. സ്‌നേഹമായിരുന്നു അവന്റെ സന്തോഷം.
അറസ്റ്റ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ശാന്തനും ആത്മസംയമനം ഉള്ളവനുമായി ഹാനായിലെ കോടതിക്ക് മുമ്പാകെ വാൻ പ്രത്യക്ഷപ്പെട്ടു. കുമ്പസാരം നടത്തി കമ്മ്യൂണിസ്റ്റ് അനുഭാവിയായിത്തീരാനുള്ള സാധ്യതയെ തള്ളിക്കളഞ്ഞതിന്റെ പേരിൽ പതിനഞ്ച് വർഷം കഠിന തടവിന് അദ്ദേഹത്തെ വിധിച്ചു. റീ എഡ്യുക്കേഷൻ ക്യാമ്പ് എന്നാണ് അത് അറിയപ്പെട്ടത്. ഒന്നാം നമ്പർ ക്യാമ്പിലേക്കായിരുന്നു അദ്ദേഹത്തിന്റെ നിയമനം. കഠിനമായ ജോലികൾ അവിടെ നിർബന്ധിതപൂർവ്വം ചെയ്യേണ്ടിവന്നു. അവിടെവച്ച് അനേകം കത്തോലിക്കരെ കാണാൻ അദ്ദേഹത്തിന് സാധിച്ചു. ഒരു ഇടവക വൈദികനെക്കാൾ തിരക്കുപിടിച്ചതായിരുന്നു അദ്ദേഹത്തിന്റെ അവിടുത്തെ ദിനങ്ങൾ. അനേകർ ആത്മീയോപദേശങ്ങൾക്കും ആശ്വാസത്തിനുമായി മാർഷൽ വാനിനെ സന്ദർശിച്ചു. ഈ ക്യാമ്പിൽവച്ച് മരിക്കുവാൻ പോലും മാർഷൻ വാൻ സന്നദ്ധനായിരുന്നു. ദൈവം എന്താണോ ആവശ്യപ്പെടുന്നത് അത് പൂർണ്ണാർത്ഥത്തിൽ നിറവേറ്റുക എന്നതിനപ്പുറം മാർഷൽ വാനിന്ന് മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ല. മരണസന്നദ്ധത വെളിവാക്കിയപ്പോഴെല്ലാം ഈശോ പറഞ്ഞു. ''നീ ജീവിച്ചിരിക്കണം.. അനേകം ആത്മാക്കൾക്ക് നിന്നെക്കൊണ്ട് ആവശ്യമുണ്ട്..'' ഓരോ തവണയും ദൈവത്തിന്റെ ആഗ്രഹത്തിന് വാൻ കീഴടങ്ങിക്കൊണ്ടിരുന്നു.
1957 ഓഗസ്റ്റിൽ രണ്ടാം നമ്പർ ക്യാമ്പിലേക്ക് വാന്റെ വാസം മാറി. കഠിനപീഡനങ്ങൾക്ക് അദ്ദേഹം വിധേയനായി. 1958 ന്റെ ആരംഭത്തിലെ മൂന്നുമാസം വെളിച്ചമോ സന്ദർശകരോ സഹതടവുകാരോ ഇല്ലാതെ ഒറ്റയ്‌ക്കൊരു സെല്ലിലായിരുന്നു വാന്റെ ജീവിതം. അപ്പോഴും അദ്ദേഹത്തിന്റെ ഹൃദയം മാത്രം പ്രകാശിച്ചുകൊണ്ടിരുന്നു. 1959 ജൂലൈ 10 ന് മുപ്പത്തിയൊന്ന് വയസും നാലു മാസവും പിന്നിട്ടപ്പോൾ ബ്ര. മാർഷൽ വാന്റെ ആത്മാവ് സ്‌നേഹം നിറഞ്ഞ പിതാവിന്റെ മടിത്തട്ടിലേക്ക് യാത്രയായി. ക്ഷയരോഗബാധയെതുടർന്നായിരുന്നു മരണം. 1997 മാർച്ച് 26 ന് അദ്ദേഹത്തിന്റെ നാമകരണനടപടികൾ ബെല്ലി ആർസ് രൂപതയിൽ ആരംഭിച്ചു.
No comments:
Post a Comment