Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Saturday, October 27, 2012

കണ്ണീരിന്റെ വിളവുകൾ

ദൈവത്തിന്റെ തിരുസന്നിധിയിൽ ഒരു തേങ്ങലും പാഴാവുന്നില്ല; ഒരു തുള്ളി കണ്ണീരും ഫലമണിയാതെയിരിക്കുന്നുമില്ല. കാരണം, അവിടുന്ന് നിലവിളി കേൾക്കുന്ന ദൈവമാണ്.
''കണ്ണീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്യട്ടെ! വിത്തു ചുമന്നുകൊണ്ട് വിലാപത്തോടെ വിതയ്ക്കാൻ പോകുന്നവർ കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ വീട്ടിലേക്കു മടങ്ങും'' (സങ്കീ.126:5-6).



നെടുവീർപ്പുകൾപോലും കേൾക്കാതെ പോകുന്നവനല്ല നമ്മുടെ ദൈവം. യൂദായിലെ മലമ്പ്രദേശത്തുള്ളവളായിരുന്നു ഹന്ന. എൽക്കാനയുടെ രണ്ടു ഭാര്യമാരിലൊരാൾ. സന്താനഭാഗ്യമില്ലാത്തവൾ. ദൈവതിരുസന്നിധിയിലിരുന്ന് ഹൃദയം ഉരുകി അവൾ കരഞ്ഞപ്പോൾ ലഭിച്ച പ്രത്യുത്തരമാണ് ഇസ്രായേലിന്റെ മഹാപ്രവാചകനായി ദൈവം ഉയർത്തിയ സാമുവേൽ!

വിലാപങ്ങൾ ഇനിമുതൽ ഉത്സവവേളകളായി മാറുമെന്നർത്ഥം; ഹൃദയം തകർന്ന നിലവിളികൾ ആനന്ദത്തിന്റെ ആർപ്പുവിളികളായും.

ക്രിസ്തു ഏറെ സ്‌നേഹിച്ചിരുന്ന ഒരു കുടുംബം. ലാസർ എന്ന ഒരു ചെറുപ്പക്കാരൻ. മർത്തായും മറിയവും അവന്റെ സഹോദരിമാർ. അവരുടെ സന്തോഷങ്ങളുടെ കടയ്ക്കൽ ഒരു ദിനം ലാസറിന്റെ വേർപാട്. ഈശോപോലും ലാസറിന്റെ മരണത്തിൽ നൊമ്പരപ്പെടുന്നുണ്ട്. മരിച്ചു നാലാംനാൾ മർത്തായുടെ തേങ്ങൽ നിലക്കുംമുൻപാണ് ക്രിസ്തു അവിടെയെത്തുന്നത്.

മർത്തായും മറിയവും പ്രത്യാശയുടെ ഒരു തരിപോലും ബാക്കിവയ്ക്കാത്ത സമയം. മരിച്ചു നാലാംനാൾ ചീഞ്ഞളിഞ്ഞു തുടങ്ങുന്ന ഒരു മനുഷ്യശരീരം. ആ ദുർഗന്ധം സഹിക്കാൻ പ്രിയപ്പെട്ടവർക്കുപോലും ആകില്ലെന്നു മർത്തായ്ക്കറിയാം.

അവിടെയാണ് ക്രിസ്തു അസാധ്യങ്ങളെ സാധ്യമാക്കുന്നത്. ആശയുടെ അവസാനത്തെ തിരിനാളവും കെട്ടണഞ്ഞു കിടക്കുന്നിടത്ത് ഉദയം ചെയ്യുന്നതാവട്ടെ അത്ഭുതങ്ങളുടെ പ്രകാശപൂരം. കല്ലറകൾ എനിക്കും നിങ്ങൾക്കും ബന്ധനം തീർത്തേക്കാം.

എന്നാൽ, ദൈവത്തിന്റെ ശക്തിക്കു തടസമാകാൻ ഭൂമിയിൽ ഒരു കല്ലറയ്ക്കും കഴിയില്ലെന്നതാണു സത്യം.

ഉൽപത്തി പുസ്തകത്തിൽ ഇത്തരമൊരു നിസഹായതയുടെ നിലവിളി നാം കേൾക്കുന്നുണ്ട്. സാറായുടെ ദാസിയായിരുന്ന ഹാഗാറിന്റെയും അവളുടെ ഉദരഫലമായ ഇസ്മായേലിന്റെയും നിലവിളി.

മരുഭൂമിയുടെ മഹാവിജനതയിൽ ഒരു തുള്ളി ജലംപോലുമില്ലാതെ ഒരമ്മയും പിഞ്ചുകുഞ്ഞും.

''അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കുറെ അപ്പവും ഒരു തുകൽസഞ്ചിയിൽ വെള്ളവുമെടുത്ത് ഹാഗാറിന്റെ തോളിൽ വച്ചുകൊടുത്തു. മകനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവൾ അവിടെനിന്നുപോയി ബേർഷെബ മരുപ്രദേശത്ത് അലഞ്ഞുനടന്നു. തുകൽസഞ്ചിയിലെ വെള്ളം തീർന്നപ്പോൾ അവൾ കുട്ടിയെ ഒരു കുറ്റിക്കാട്ടിൽ കിടത്തി. കുഞ്ഞു മരിക്കുന്നത് എനിക്ക് കാണാൻ വയ്യാ എന്നു പറഞ്ഞ് അവൾ കുറെ അകലെ, ഒരു അമ്പെയ്ത്തു ദൂരെച്ചെന്ന് എതിർവശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി. കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടു. സ്വർഗത്തിൽ നിന്ന് ദൈവത്തിന്റെ ദൂതൻ അവളെ വിളിച്ചു പറഞ്ഞു: ഹാഗാർ, നീ വിഷമിക്കേണ്ട; ഭയപ്പെടുകയും വേണ്ട. കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനിൽനിന്നു ഞാൻ വലിയൊരു ജനതയെ പുറപ്പെടുവിക്കും. ദൈവം അവളുടെ കണ്ണു തുറന്നു. അവൾ ഒരു കിണർ കണ്ടു. അവൾ ചെന്ന് തുകൽസഞ്ചി നിറച്ച്, കുട്ടിക്കു കുടിക്കാൻ കൊടുത്തു. ദൈവം ആ കുട്ടിയോടു കൂടെയുണ്ടായിരുന്നു...'' (ഉൽപത്തി 21:14-20).

ഹാഗാർ നിലവിളിക്കുമ്പോഴും ആ കിണർ അവിടെത്തന്നെ ഉണ്ടായിരുന്നുവോ? അറിയില്ല. പക്ഷേ, ഒന്നറിയാം കണ്ണീരിന്റെ നിമിഷങ്ങളിൽ നമ്മുടെ ബാഹ്യനയനങ്ങൾ ഭാഗികമായി മൂടപ്പെടുകയാണ്. ദൈവത്തിന്റെ മഹാകൃപയുടെ നീരൊഴുക്കുകൾ കാണാനാവാത്തവിധം മൂടപ്പെടുകയാണ് നമ്മുടെ കണ്ണുകൾ. കണ്ണീരിന്റെ മരുഭൂമികളിലൊക്കെയും നീരൊഴുക്കുള്ള ഒരു ജലാശയം ഒരു സാധ്യതയാണ്; അതൊരു വാഗ്ദാനം തന്നെയാണ്.

രാജാക്കന്മാരുടെ പുസ്തകത്തിൽ അതിമനോഹരമായ മറ്റൊരു ദൈവപരിപാലന കാണുന്നുണ്ട് നാം. ഇസ്രായേലിൽ ആഹാബ് എന്ന പെൺകോന്തനായ ഒരു രാജാവും അയാളുടെ ദുഷ്ടയായ ഭാര്യ ജെസബെലും. അവരുടെ ദുഷ്‌ചെയ്തികളുടെ പ്രതിഫലമായി മഴമേഘങ്ങളെ മൂന്നരവർഷത്തേക്ക് വിലക്കിയിരിക്കുകയാണ് പ്രവാചകനായ ഏലിയാ. വിതയും കൊയ്ത്തും വിളവുകളുമില്ലാതെ വരണ്ടുണങ്ങുകയാണ് നാട്. ഏലിയായുടെ ശിരസിനു വില പറഞ്ഞിരിക്കുകയാണ് രാജാവും റാണിയും. പലായനം ചെയ്യുകയാണ് പ്രവാചകൻ.

''കർത്താവ് ഏലിയായോട് അരുളിച്ചെയ്തു: നീ സീദോനിലെ സറേഫാത്തിൽ പോയി വസിക്കുക. അവിടെ നിനക്കു ഭക്ഷണം തരുന്നതിന് ഞാൻ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്'' (1 രാജാ.17:8-9).

കർത്താവ് വീണ്ടും ഇസ്രായേലിൽ മഴ പെയ്യിക്കുന്നതുവരെ വിധവയുടെ കലത്തിൽ മാവ് തീർന്നുപോയില്ല. അവളുടെ പാത്രങ്ങളിൽ എണ്ണ വറ്റിയതുമില്ല. നമുക്കുവേണ്ടിയും ഇത്തരത്തിൽ ഇല്ലായ്മകളുടെ സറേഫാത്തിൽ വിരുന്നൊരുക്കുന്നു ദൈവം. ദൈവത്തിന്റെ കരുതലിൽ പൂർണമായി വിശ്വസിക്കണമെന്നു മാത്രം.

രാജാക്കന്മാരുടെ രണ്ടാമത്തെ പുസ്തകത്തിലും കാണുന്നുണ്ട് ഇത്തരത്തിൽ ദൈവത്തിന്റെ ഒരു ഇടപെടൽ. ദൈവത്തിന് പ്രിയങ്കരനായിരുന്നു ഹെസക്കിയ രാജാവ്. രോഗക്കിടക്കയിലാണ് അദ്ദേഹം. രാജാവിന്റെ മരണം അടുത്തുചെന്നു പ്രവചിക്കുകയാണ് പ്രവാചകനായ ഏശയ്യാ.

പ്രവാചകന്റെ മുന്നറിയിപ്പു കേട്ട ഹെസക്കിയ മനമുരുകി ദൈവത്തെ വിളിച്ചപേക്ഷിച്ചു. ആത്മാർത്ഥത നിറഞ്ഞതായിരുന്നു ആ സ്വരം. പതിനഞ്ചു ദിവസംപോലും ജീവിച്ചിരിക്കില്ലെന്ന ദൈവഹിതം പതിനഞ്ചു വർഷത്തേക്കുകൂടി നീട്ടിവാങ്ങാൻ പര്യാപ്തമായിരുന്നു ഹെസക്കിയയുടെ നിലവിളി.

''... ഞാൻ നിന്റെ കണ്ണീർ കാണുകയും പ്രാർത്ഥന കേൾക്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നെ സുഖപ്പെടുത്തും. മൂന്നാം ദിവസം നീ കർത്താവിന്റെ ആലയത്തിലേക്കു പോകും. ഞാൻ നിന്റെ ആയുസ് പതിനഞ്ചു വർഷംകൂടി നീട്ടും...'' (2 രാജാ.20:5-6).

വ്യക്തികളുടെ ജീവിതങ്ങളിൽ മാത്രമല്ല, സമൂഹങ്ങളുടെ നിലവിളികളിലും ചെവിചായിക്കുന്നവനാണ് നമ്മുടെ ദൈവം. ഇസ്രായേലിനു മുന്നിൽ കോട്ടകൊത്തളങ്ങളുടെ പ്രതിരോധമുയർത്തി നില്ക്കുകയായിരുന്നു ജറീക്കോ നഗരം. ആൾബലംകൊണ്ടും സൈന്യബലംകൊണ്ടും തകർക്കാൻ കഴിയാത്തവിധം ശക്തം.

ഇവരുടെ സുശക്തമായ പ്രതിരോധം തകർക്കാൻ ദൈവം നല്കിയ ഒറ്റമൂലിയായിരുന്നു പ്രാർത്ഥന. ഏഴുദിവസം കാഹളം മുഴക്കി ദൈവത്തെ സ്തുതിച്ചുകൊണ്ട് വാഗ്ദാനപേടകവുമായി ഒരു നഗരപ്രദക്ഷിണം. ഏഴാംദിവസം അവരുടെ മുന്നിൽ തകർന്നടിയുന്ന ജറീക്കോയുടെ നഗരമതിലുകൾ!

''കാഹളം മുഴങ്ങി. കാഹളധ്വനി കേട്ടപ്പോൾ ജനം ആർത്തട്ടഹസിക്കുകയും മതിൽ നിലംപതിക്കുകയും ചെയ്തു'' (ജോഷ്വ 6:20).

നമ്മുടെ മുൻപിലുള്ള എത്ര ശക്തമായ പ്രതിരോധങ്ങളെയും നിലംപരിശാക്കുന്നവനാണ് ദൈവം. ചെങ്കടൽ വിഭജിക്കപ്പെടുമെന്ന് മോശപോലും വിശ്വസിച്ചിട്ടുണ്ടാവില്ല. വാഗ്ദാനപേടകത്തിന്റെ സാന്നിധ്യത്താൽ ജോർദ്ദാൻ നദി വിഭജിക്കപ്പെടുന്നതും കണ്ടവരാണ് ഇസ്രായേൽജനം.

അത്ഭുതങ്ങളുടെ രാജാവാണ് നമ്മുടെ ദൈവം. കണ്ണീരിന്റെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോഴും കരംപിടിക്കുന്ന ദൈവം.
Written by  ശാന്തിമോൻ ജേക്കബ്‌ 

No comments:

Post a Comment