Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Monday, October 1, 2012

ഇങ്ങനെയുമുണ്ടോ ഒരു പാപം?



ധ്യാനഗുരു പറഞ്ഞ ഒരു സംഭവമാണിത്. ഒരിക്കൽ അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അന്ന് ആ ട്രെയിൻ വൈകിയാണ് ഓടിയിരുന്നത്. മാത്രമല്ല, ട്രെയിനിൽ നല്ല തിരക്കും. എന്നാലും അദ്ദേഹത്തിന് ഇരിക്കാൻ സ്ഥലം കിട്ടി. ഏതാനും സ്റ്റേഷനുകൾ പിന്നിട്ടപ്പോൾ ഒരു സ്ത്രീ ഒക്കത്ത് കുഞ്ഞുമായി ട്രെയിനിൽ കയറി. അവൾ തിക്കിത്തിരക്കി എവിടെയെങ്കിലും ചാരി നില്ക്കാനൊരു സ്ഥലം നോക്കി ധ്യാനഗുരു ഇരുന്നിരുന്ന സീറ്റിന്റെ എതിർഭാഗത്തുള്ള സീറ്റിനടുത്ത് വന്നുനിന്നു. വൈദികൻ ആ സ്ത്രീക്കുവേണ്ടി തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്താലോയെന്ന് ആലോചിക്കുന്നതിനിടയിലാണ് അദ്ദേഹം ആ കാഴ്ച കാണുന്നത്. തന്റെ എതിരെയുള്ള സീറ്റിൽ ഒരാൾക്കുകൂടി ഇരിക്കാനുള്ള സ്ഥലമുണ്ട്. പക്ഷേ, ആ സീറ്റിൽ ഇരിക്കുന്ന ഒരാൾ അല്പം കൂടുതൽ സ്ഥലം കവർന്നിട്ടുണ്ട്. കുറെനേരം കഴിഞ്ഞിട്ടും ആ കുഞ്ഞിനെയും അമ്മയെയും കണ്ടിട്ടും അയാൾ കണ്ടഭാവംപോലും നടിച്ചില്ല. അദ്ദേഹം അല്പമൊന്ന് ഒതുങ്ങിക്കൊടുത്താൽ മതി ആ സ്ത്രീക്ക് തന്റെ കുഞ്ഞിനെയും മടിയിൽ വച്ച് അവിടെ ഇരിക്കുവാനാകും. പക്ഷേ, ആ വ്യക്തി അതിനു തയാറല്ല എന്നു കണ്ടപ്പോൾ ആ വൈദികൻ അയാളെ വിളിച്ചുകൊണ്ടു പറഞ്ഞു: ''സുഹൃത്തേ, അല്പമൊന്ന് ഒതുങ്ങിയിരുന്നാൽ ഈ സ്ത്രീക്കുകൂടി അവിടെ ഇരിക്കാൻ കഴിയുമല്ലോ.'' അതിനുള്ള ഉത്തരം അദ്ദേഹം പറഞ്ഞില്ല. പകരം വലിയ കോപത്തോടുകൂടി ആ വൈദികനെ ഒന്നു നോക്കി. ആ മനുഷ്യൻ അതിനു തയാറല്ല എന്നു കണ്ടപ്പോൾ വൈദികൻ തന്റെ അഭ്യർത്ഥന വീണ്ടും ആവർ ത്തിച്ചു. അപ്പോൾ അയാൾ ഇപ്രകാരം പറഞ്ഞു; ''ഞാൻ ഒതുങ്ങിയിരുന്നിട്ട് ആരും ഈ സീറ്റിൽ ഇരിക്കാമെന്ന് കരുതേണ്ട. പകരം അച്ചനങ്ങോട്ട് എഴുന്നേറ്റു നിന്നിട്ട് അവരെ അവിടെ ഇരുത്തുകയായിരിക്കും കൂടുതൽ നല്ലത്. അച്ചനറിയാമോ മൂന്നുനാലു വർഷമായി ഞാൻ ഈ ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്നു. രാവിലെയും വൈകുന്നേരവും ഞാൻ കമ്പനിയിലേക്കു പോകുന്നതും തിരികെ വരുന്നതും ട്രെയിനിൽ തന്നെയാണ്. പലപ്പോഴും കമ്പനിയിലെ ജോലി കഴിഞ്ഞ് ക്ഷീണിച്ചവശനായിട്ടായിരിക്കും ട്രെയിനിൽ കയറിപ്പറ്റുന്നത്. നാളിതുവരെ ഒരൊറ്റ വ്യക്തിപോലും തൂങ്ങിനില്ക്കുന്ന എന്നെ കണ്ടിട്ട് അല്പമൊന്ന് ഒതുങ്ങിയിരുന്ന് എന്നെ ഇരിക്കുവാൻ അനുവദിച്ചിട്ടില്ല. എനിക്കിതുവരെ കിട്ടാത്തത് ഞാനും കൊടുക്കാൻ തയാറല്ല.'' ഇത്രയും പറഞ്ഞതിനുശേഷം അയാൾ ഒന്നുകൂടി വിശാലമായി ഇരിക്കുവാൻ ശ്രമിച്ചു.


അപ്പോൾ ആ വൈദികൻ അങ്ങനെ അയാളോടു ചോ ദിച്ചു; ''സഹോദരാ, ഇതുവരെ നിങ്ങൾക്കു കിട്ടാത്ത നന്മ മറ്റൊരു വ്യക്തിക്ക് കൊടുക്കുവാൻ നിങ്ങൾ മടിക്കുന്നു, ശരിതന്നെ. എന്നാൽ, ഈ കൊടുക്കായ്കയുടെ ചങ്ങല ഒന്നു പൊട്ടിക്കാൻ നിങ്ങൾക്കൊന്നു മനസായിക്കൂടേ? നിങ്ങൾക്കു ലഭിക്കാത്തതുകൊണ്ട് നിങ്ങളും കൊടുക്കാത്ത ഈ ചങ്ങലയിൽ കുടുങ്ങി നാളിതുവരെ നിങ്ങൾ സഞ്ചരിച്ചു. എന്നാൽ, നിങ്ങൾക്കിതിനെ നല്കുന്നതിൽ സന്തോഷിക്കുന്നവരുടെ ചങ്ങലയാക്കി മാറ്റാൻ കഴിയും. ഇന്ന് നിങ്ങൾ ഈ സ്ത്രീക്ക് ഇരിക്കാൻ സീറ്റു കൊടുത്താൽ അവൾ എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും. മറ്റൊരിക്കൽ ഇതുപോലെ ഒരവസ്ഥയിൽ ഒരാളെ കാണുവാൻ ഇടയായാൽ ഒതുങ്ങിയിരുന്നോ സീറ്റ് ഒഴിഞ്ഞുകൊടുത്തോ അയാളെ സഹായിക്കുവാൻ നിങ്ങൾ അവളോടു കാണിക്കുന്ന കാരുണ്യം ഇടയായിത്തീരും. മാത്രമല്ല, അവളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞും ഈ കാഴ്ച കാ ണും. നാളെ ആവശ്യത്തിലായിരിക്കുന്ന ഒരാളെ കാണുമ്പോൾ സഹായിക്കാനുള്ള പ്രേരണ ആ കുരുന്നു മനസിലും മുളയെടുക്കും. അങ്ങനെ കൊടുക്കുന്നവരുടെ ചങ്ങലയിൽ ആ കുഞ്ഞും ഉൾപ്പെടാനിടവരും.'' അപ്പോഴാണ് തന്നെ നോക്കിക്കൊണ്ട് ആ സ്ത്രീയുടെ ഒക്കത്തിരുന്ന് ചിരിക്കുന്ന കുഞ്ഞിനെ അയാൾ കണ്ടത്. ആ കുഞ്ഞിലെ നന്മ ദർശിച്ചതുകൊണ്ടാകണം ഏതോ ഒരു പ്രേരണയാൽ അയാൾ ഒതുങ്ങിയിരുന്ന്, അമ്മയ്ക്കും കുഞ്ഞിനും ഇരിക്കാൻ സ്ഥലം കൊടുത്തു.

ചങ്ങലകൾ മുറിച്ചില്ലെങ്കിൽ...
സുഭാഷിതങ്ങളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: ''നിനക്കു ചെയ്യാൻ കഴിവുള്ള നന്മ, 

അതു ലഭിക്കാൻ അവകാശമുള്ളവർക്ക് നിഷേധിക്കരുത്'' (സുഭാ.3:27). പലപ്പോഴും മറ്റുള്ളവർക്ക് സഹായം ചെയ്യാനുള്ള നമ്മുടെ മടിയുടെ പിന്നിൽ ഇത്തരത്തിലുള്ള കൊടുക്കായ്കകളുടെ ചങ്ങലകൾ കാണാനിടയുണ്ട്. എന്റെ ആവശ്യസമയത്ത് എനിക്കാരും സഹായം തന്നിട്ടില്ല. അതുകൊണ്ട് ഞാനും ആർക്കും സഹായം ചെ യ്യാൻ തയാറല്ല എന്നതായിരിക്കും നമ്മുടെ നിലപാട്. എന്നാൽ, നമുക്ക് കിട്ടാത്തതു കൊടുക്കാൻ തയാറാകുന്നിടത്താണ് സ്‌നേഹത്തിന്റെ പൂർണത.

നമ്മളോട് മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്കുണ്ടായിരിക്കാം. എന്നാൽ, മറ്റുള്ളവരോട് എപ്രകാരം നന്നായി പെരുമാറണം എന്നതിനെക്കുറിച്ചുള്ള ചിന്ത നമ്മളിൽ തീരെ ഇല്ലാതെയും വരാം. അതുകൊണ്ടാണ് യേശു ഇപ്രകാരം തന്റെ ശിഷ്യന്മാരോടും അതുവഴി നമ്മളോടും പറഞ്ഞത്, ''മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങ ൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ'' (ലൂക്കാ 6:31) എന്ന്.

യേശു ഇപ്രകാരം പറയുക മാത്രമല്ല ചെയ്തത്, സ്വ ന്തം ജീവിതത്തിലൂടെ അവിടുന്ന് അതു കാണിച്ചുകൊടുക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു; ''ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെതന്നെ'' (മത്തായി 20:27). 

അവസാനത്തെ അത്താഴസമയത്ത് യേശു എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തുവാലയെടുത്ത് അരയിൽ കെട്ടി. അനന്തരം ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അരയിൽ കെട്ടിയിരുന്ന തുവാലകൊണ്ട് തുടയ്ക്കുകയും ചെയ്തു. പാദംകഴുകൽ ശുശ്രൂഷയ്ക്കുശേഷം അവിടുന്ന് മേല ങ്കി ധരിച്ച് സ്വസ്ഥാനത്തിരുന്നു. എന്നിട്ട് ശിഷ്യന്മാരോടു പറഞ്ഞു: ''ഞാനെന്താണു നിങ്ങൾക്ക് ചെയ്തതെന്ന് നിങ്ങൾ അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരു എ ന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ. ഞാൻ ഗുരുവും കർത്താവുമാണ്. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ, ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊ രു മാതൃക നല്കിയിരിക്കുന്നു'' (യോഹ.13:13-15).

കർത്താവ് ഇതൊരു കല്പനയായിട്ടാണ് ശിഷ്യന്മാർക്കു നല്കിയത്. ഈ വിധത്തിൽ സ്വയം താണുകൊണ്ട് മറ്റുള്ളവരെ ഉയർത്തുന്നവരെ ശ്രേഷ്ഠന്മാരിൽ അതിശ്രേഷ്ഠന്മാരായി അവിടുന്നു മുദ്ര കുത്തുകയും ചെയ്തു. അവിടുന്നു പറഞ്ഞു: ''നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവൻ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. ആരാണ് വലിയവൻ, ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാനാകട്ടെ നിങ്ങളുടെ ഇടയിൽ പരിചരിക്കുന്നവനെപ്പോലെയാണ്'' (ലൂക്കാ 22:26-27).

എളിമപ്പെടുവാനും താഴാനും ഒരുവൻ തയാറാകുന്നതിന്റെ തോതനുസരിച്ചേ ആത്മീയ ജീവിതത്തിൽ വളരാൻ കഴിയൂ. 'താണനിലത്തേ നീരോടൂ' എന്ന പഴമൊഴി വ്യക്തമാക്കുന്നതും ഇതുതന്നെയാണ്. നമ്മളിലെല്ലാവരുംതന്നെ ആത്മീയ ജീവിതത്തിൽ വളരുവാനും ഫലം പുറപ്പെടുവിക്കുവാനും ആഗ്രഹിക്കുന്നവരാണ്. എന്നാൽ, ഇതിനുവേണ്ടി സ്വയം താഴലിന്റെയും എളിമപ്പെടലിന്റെയും വഴിയിലൂടെ ദൈവാത്മാവ് നമ്മെ നടത്തുമ്പോഴാണ് യഥാർത്ഥത്തിലുള്ള നമ്മുടെ തകർന്ന ആത്മീയ അവസ്ഥ പുറത്തുവരുന്നത്. സ്വയം താഴലിന്റെയും എളിമപ്പെടലിന്റെയും വഴികളിലൂടെ നയിക്കപ്പെടാനുള്ള കൃപ ദൈവാത്മാവിനോട് നാം ചോദിച്ചു വാങ്ങേണ്ടിയിരിക്കുന്നു. 

ഇതു പാപംതന്നെ
പലരും പാപത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ സ്വയം നീതീകരിച്ചുപോകുന്ന ഒരു ഘട്ടമുണ്ട്. ഞാൻ ആർക്കെതിരെയും യാതൊരു തിന്മയും ചെയ്യുന്നില്ലല്ലോ എന്ന ചിന്തയാണ് അത്. എന്നാൽ, ദൈവവചനം പറയുന്നു; മറ്റുള്ളവരോടു ചെയ്യുന്ന ദ്രോഹങ്ങൾ മാത്രമല്ല പാപം. മറ്റുള്ളവർക്ക് ചെയ്യാതിരിക്കുന്ന നന്മയും പാപമാണ്. ഇതിനെക്കുറിച്ച് അധികമാർക്കും ബോധ്യമില്ല. എന്നാൽ ലേഖനത്തിലൂടെ ഇപ്രകാരം ദൈവം സംസാരിക്കുന്നു: ''ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു'' (യാക്കോബ് 4:17).

സ്‌നേഹപൂർവമുള്ള ഒരു വാക്ക്, ഒരു സാന്ത്വനം, കരുണാർദ്രമായ ഒരു കടാക്ഷം, അപരന്റെ നന്മയെക്കുറിച്ചുള്ള ഒരേറ്റുപറച്ചിൽ, വാത്സല്യപൂർവമുള്ള ഒരു തലോടൽ, അപരന്റെ നന്മ കാംക്ഷിച്ചുകൊണ്ട് കൊടുക്കുന്ന ഒരു തിരുത്തൽ, വിശക്കുന്നവന്റെ നേർക്കു നീട്ടുന്ന ഒരു പാത്രം ഭക്ഷണം, ദാഹിക്കുന്നവനു പകർന്നുകൊടുക്കുന്ന ദാഹജലം... എ ന്നിങ്ങനെ എത്രയെത്ര നന്മകളാണ് നമുക്കു മറ്റുള്ളവർക്കു നല്കാൻ കഴിയുന്നത്. അറിഞ്ഞുകൊണ്ട് നാമതു നിഷേധിക്കുമ്പോൾ അതു പാപമായിത്തീരുന്നു.
ഏറ്റവും പ്രധാനമായ ഒരു സംഗതി നമ്മുടെ കൊടുക്കായ്കകളുടെയും കൊടുത്തതിന്റെയും കണക്കാണ് അവസാന വിധിയുടെ സമയത്ത് നമ്മുടെ നേർക്കുള്ള വിധിവാചകത്തിനുള്ള തെളിവായി വായിക്കപ്പെടുന്നത്.

അന്ത്യവിധിയുടെ അളവുകോൽ
അന്ത്യവിധിയുടെ സമയത്ത് ഇടയൻ ചെമ്മരിയാടുകളെ കോലാടുകളി ൽനിന്നും വേർതിരിക്കുന്നതുപോലെ നീതിമാന്മാരെയും നീതിരഹിതരെ യും വേർതിരിക്കും. നീതിമാന്മാരെ തന്റെ വലതുവശത്തും നീതിരഹിതരെ തന്റെ ഇടതുവശത്തും നിർത്തും. അനന്തരം അവിടുന്ന് തന്റെ വലതുവശത്തു ള്ള നീതിമാന്മാരോടായി പറയും; എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവി ൻ. ലോകസ്ഥാപനം മുതൽ നി ങ്ങൾക്കായി സജ്ജമാക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. എന്തെന്നാൽ, എനിക്കു വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്കു ദാഹി ച്ചു നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു നിങ്ങൾ എന്റെ അടുത്തുവന്നു.
അപ്പോൾ നീതിമാന്മാർ ഇങ്ങനെ മറുപടി പറയും: കർത്താവേ നിന്നെ വിശക്കുന്നവനായി കണ്ട് ഞങ്ങൾ ആഹാരം നല്കിയതും ദാഹിക്കുന്നവനായി കണ്ട് കുടിക്കാൻ നല്കിയതും എപ്പോൾ? നിന്നെ ഞങ്ങൾ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ട് സന്ദർശിച്ചത് എപ്പോൾ? അപ്പോൾ കർത്താവ് മറുപടി പറയും, സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് ചെയ്തുകൊടുത്തപ്പോൾ നിങ്ങൾ എനിക്കുതന്നെയാണ് ചെയ്തത് (മത്തായി 25:32-40).

അനന്തരം അവിടുന്ന് തന്റെ ഇടതുഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽനിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാർക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. എനിക്കു വിശന്നു നിങ്ങൾ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു നിങ്ങൾ കുടിക്കാൻ തന്നില്ല. ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു നിങ്ങളെന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു നിങ്ങളെന്നെ സന്ദർശിച്ചില്ല. അപ്പോൾ അവർ ചോദിക്കും: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ പരദേശിയോ നഗ്നനോ രോഗിയോ കാരാഗൃഹത്തിൽ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എ പ്പോൾ? അപ്പോൾ അവൻ മറുപടി പറയും. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഈ ഏറ്റവും എളിയവരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്യാതിരുന്നപ്പോൾ എനിക്കുതന്നെയാണ് ചെയ്യാതിരുന്നത്. ഇവർ നിത്യശിക്ഷയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പ്രവേശിക്കും (മത്തായി 25:41-46).

നരകത്തിൽ വിലാപവും പല്ലുകടിയും ആയിരിക്കും എന്ന് തിരുവചനത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. ആ വിലാപം മിക്കവാറും എനിക്കു കഴിയാതെ പോയല്ലോ എന്നുള്ളതായിരിക്കും. എന്റെ കിണറ്റിലെ വെള്ളംകൊ ണ്ട് കർത്താവിന്റെ ദാഹമകറ്റാൻ, എന്റെ മേശയിലെ ഭക്ഷണംകൊണ്ട് അവന്റെ വിശപ്പകറ്റാൻ, എന്റെ വസ്ത്രംകൊണ്ട് അവന്റെ നഗ്നതയകറ്റാൻ കഴിയാതെ പോയല്ലോ എന്ന് ചിന്തിച്ചായിരിക്കും അപ്പോൾ വിലപിക്കുന്നത്. ആ വിലാപം നമ്മുടെ വായിൽനിന്നും പുറപ്പെടാതിരിക്കുവാൻ വെളിച്ചമുള്ള നേരത്ത് നമുക്ക് കണ്ണു തുറക്കാം. ഇന്ന് എന്നുള്ള ദിനങ്ങൾ ഉള്ളിടത്തോ ളം നാൾ നമുക്ക് നന്മ ചെയ്യാം. അതിനുള്ള കൃപാവരം ലഭിക്കാൻ തമ്പുരാനോടപേക്ഷിക്കാം.

പരിശുദ്ധാത്മാവായ ദൈവമേ, ദരിദ്രരിലും നിരാലംബരിലും എന്റെ സഹായം ആവശ്യമായ ഓരോരുത്തരിലും യേശുവിന്റെ മുഖം ദർശിച്ചുകൊണ്ട് അവർക്കു ശുശ്രൂഷ ചെയ്യുവാനും അങ്ങനെ നിത്യജീവന്റെ പാതയിലേക്ക് നയിക്കപ്പെടാനുമുള്ള കൃപാവരം എനിക്ക് നല്കണമേ, ആമ്മേൻ.

No comments:

Post a Comment