Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Sunday, October 7, 2012

തെറ്റിദ്ധരിക്കപ്പെട്ടവൾ വാഴ്ത്തപ്പെട്ടവളാകുന്നതെങ്ങനെ?



ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാ ഭാരത സഭയിലെ ഏറ്റവും വലിയ 'മിസ്റ്റിക്ക്' ആണ്. മദറിന്റെ ജീവചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ ഏറെ സ്പർശിച്ചത് മദർ അഭിമുഖീകരിച്ച വിമർശനങ്ങളും തെറ്റിദ്ധാരണകളുമാണ്. എല്ലാ ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ആളുകളെ കാണിക്കാനാണ് എന്നു കരുതി രൂപതാധ്യക്ഷൻ അതിനു വിലക്കേർപ്പെടുത്തി. ആഴ്ചയിലൊരിക്കൽ മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ എന്ന് അദ്ദേഹം നിഷ്‌കർഷിച്ചു. ക്രിസ്തുവിന്റെ തിരുമുറിവുകൾ ശരീരത്തിലേറ്റുവാങ്ങി വേദനകൊണ്ടു പിടയുമ്പോഴും ആളുകൾ അത് തട്ടിപ്പായും മാനസിക വിഭ്രാന്തിയായും മുദ്രകുത്തി.

സ്വന്തം ആത്മീയപിതാവിനോടുള്ള ബന്ധംപോലും സംശയത്തിനും അപവാദത്തിനും കാരണമായി. തൃശൂരിൽ ഒരു മഠം സ്ഥാപിച്ചപ്പോൾ അവിടുത്തെ ആത്മീയ മക്കളെ കാണാൻ പോകാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ടു. പുത്തൻവേലിക്കരയ്ക്ക് പുറത്ത് പോകരുതെന്നുള്ള കല്പന.

സ്വന്തം കുടുംബാംഗങ്ങൾക്കുപോലും അവളെ ഉൾക്കൊള്ളാനായില്ല.... എന്നിട്ടും മദർ മറിയം ത്രേസ്യാ തളർന്നില്ല. ഏഴു പതിറ്റാണ്ടുകൾക്കപ്പുറത്തെ കേരളീയ സാമൂഹ്യ പശ്ചാത്തലത്തിൽ ഒരു സ്ത്രീക്കും ചെയ്യാൻ കഴിയാത്തത് അവൾ ചെയ്തു. സംശയത്തിന്റെയും വിമർശനത്തിന്റെയും പരിഹാസത്തിന്റെയും തീക്കനലുകൾക്കു മുകളിലൂടെ നിർഭയം നടന്ന അവൾ മഠം സ്ഥാപിക്കുന്നതിനും കന്യാസ്ത്രീയാകുന്നതിനും മുൻപുതന്നെ വലിയൊരു മിഷനറിയായിരുന്നു. അക്കാലത്തെ അവിവാഹിതയായ ഒരു ഗ്രാമീണ പെൺകുട്ടിക്ക് ചിന്തിക്കുവാൻപോലും ആകാത്ത കാര്യങ്ങൾ അവൾ ചെയ്തു. ഭവനങ്ങളിൽ കടന്നുചെന്ന് രോഗികളെ ശുശ്രൂഷിച്ചു. മദ്യപാനികളെയും വഴിതെറ്റിയവരെയും ഉപദേശിച്ചു മാനസാന്തരപ്പെടുത്തി. ജനങ്ങളുടെ മാനസാന്തരത്തിനായി കഠിനമായ സഹനങ്ങൾ ഏറ്റെടുത്ത് തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു.

ആരും പോകാത്ത വഴിയിലൂടെ സഞ്ചരിക്കാനും ആക്ഷേപങ്ങൾ അവഗണിച്ച് മുന്നേറാനും മദറിനെ ശക്തിപ്പെടുത്തിയതെന്താണ്? 'തന്റെ ആത്മമണവാളനായ ക്രിസ്തുവിനോടുള്ള സ്‌നേഹം.'

വിമർശനങ്ങളിലും പ്രതിബന്ധങ്ങളിലും മടുത്തു പിന്മാറുന്നത് ക്രിസ്തുവിനോടുള്ള സ്‌നേഹം കുറച്ചും സ്വയംസ്‌നേഹം കൂടുതലും ആയതുകൊണ്ടാണ്. രാത്രിയുടെ അന്ധകാരത്തെയും കാവൽനില്ക്കുന്ന പട്ടാളക്കാരെയും ഭയപ്പെടാതെ അതിരാവിലെ യേശുവിന്റെ കല്ലറയിലേക്ക് മഗ്ദലനാമറിയം ഓടി. കാരണം, സ്‌നേഹം ഭയത്തെ അറിയുന്നില്ല. വിമർശനങ്ങളും അപമാനവും ഒറ്റപ്പെടലുകളും നാം ഭയപ്പെടുന്നു. എല്ലാവരുടെയും അംഗീകാരവും സ്‌നേഹവും നമ്മുടെ ലക്ഷ്യമായിത്തീരുകയും ചെയ്യുന്നു. ഇക്കാരണത്താൽ ക്രിസ്തുവിനായി നിലകൊള്ളാൻ നമുക്കു പറ്റുന്നില്ല. അന്യായമെന്ന് തോന്നാവുന്ന തീരുമാനങ്ങളെയും തന്നെ നിസഹായയാക്കി മാറ്റുന്ന നടപടികളെയും ചോദ്യം ചെയ്യാതെ അനുസരിക്കാൻ മദറിന് ശക്തി നല്കിയതെന്താണ്? ദൈവമറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന ബോധ്യവും സ്വന്തം ആഗ്രഹങ്ങളെക്കാളുപരിയായി ദൈവതിരുമനസ് നിറവേറണമെന്ന ചിന്തയുംതന്നെ. പരിശുദ്ധ ദൈവമാതാവ് യൗസേപ്പ് പിതാവിനാൽ തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ ശാന്തത വെടിഞ്ഞില്ല. മദർ മറിയം ത്രേസ്യായും പരിശുദ്ധ അമ്മയെ അനുകരിച്ച് ശാന്തതയോടെ തെറ്റിദ്ധാരണകളെ സ്വീകരിച്ചു. ''വിനാശത്തിന്റെ കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ ഞാൻ കർത്താവിൽ ആശ്രയിച്ചു'' എന്ന് സങ്കീർത്തകൻ പറയുന്നതുപോലെ തന്നെ. 

മദർ മറിയം ത്രേസ്യായ്ക്കുണ്ടായ അപമാനങ്ങളും തെറ്റിദ്ധാരണകളും അവളെ പുണ്യപൂർണതയിലേക്ക് വളർത്തി. അതുപോലെ നമുക്കുണ്ടായ തെറ്റിദ്ധാരണകളും ആക്ഷേപങ്ങളും നമ്മെ ആത്മീയമായി ഉയർത്തിയിട്ടുണ്ടോ? അതോ തളർത്തുകയാണോ ചെയ്തത്? പരാതിയും പിറുപിറുപ്പും സ്വയം നീതീകരിക്കാനുള്ള ബദ്ധപ്പാടും ധിക്കാരത്തോടെയുള്ള പ്രതികരണവും അനുസരിക്കാൻ സന്നദ്ധമാകാത്ത മനസും നമുക്ക് നഷ്ടപ്പെടുത്തിക്കളഞ്ഞ പുണ്യങ്ങൾ എത്രയധികമാണ്!

നമുക്കു പ്രാർത്ഥിക്കാം
കർത്താവേ, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായെപോലെ ശാന്തതയോടും എളിമയോടുംകൂടി ആക്ഷേപങ്ങളും തെറ്റിദ്ധാരണകളും സ്വീകരിക്കാൻ ഞങ്ങളെയും പഠിപ്പിക്കേണമേ.

Written by  ബെന്നി പുന്നത്തറ 

No comments:

Post a Comment