Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Tuesday, July 31, 2012

ക്രിസ്‌തു ശരണം


`കര്‍മ്മം', `നിര്‍വാണം' തുടങ്ങിയ ബുദ്ധമതവിശ്വാസങ്ങളെക്കുറിച്ചുള്ള സംശയങ്ങളാണ്‌ പോള്‍ വില്യംസിനെ യഥാര്‍ത്ഥ സത്യം അറിയാനുള്ള അന്വേഷണത്തിലേക്ക്‌ നയിച്ചത്‌. ആ അന്വേഷണം അവസാനിച്ചത്‌ ക്രിസ്‌തുവിലായിരുന്നു. പ്രതീക്ഷയുള്ളതും മനുഷ്യനെ മാനിക്കുന്നതും ആദരിക്കുന്നതുമായ ഒരു മതവിശ്വാസവും അത്‌ നല്‌കുന്ന ആശ്വാസവുമാണ്‌ പോള്‍ വില്യംസിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക്‌ തിരിഞ്ഞുനടക്കാന്‍ പ്രേരിപ്പിച്ചത്‌.
ഇത്‌ പോള്‍ വില്യംസ്‌. ഇംഗ്ലണ്ടിലെ ബ്രിസ്‌ റ്റോള്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍. ആംഗ്ലിക്കന്‍ സഭാപാരമ്പര്യത്തിലുള്ള ഒരു കുടുംബത്തില്‍ ജനനം. ഫിലോസഫി പഠനകാലത്ത്‌ ബുദ്ധമതത്തിലേക്ക്‌ ആകൃഷ്‌ടനായി. പിന്നീട്‌ ഇരുപത്‌ വര്‍ഷക്കാലം ബുദ്ധമതാനുയായി ആയിട്ടായിരുന്നു അദ്ദേഹം ജീവിച്ചത്‌. പക്ഷേ ബുദ്ധമതത്തിന്റെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചുള്ള ചില സംശയങ്ങള്‍ അദ്ദേഹത്തെ പര്യാകുലനാക്കി. ഒടുവില്‍... അതെ, ആംഗ്ലിക്കനായും ബുദ്ധമതക്കാരനായും ജീവിതത്തിന്റെ ഇരുപുറങ്ങള്‍ വായിച്ചുതീര്‍ത്ത അദ്ദേഹം റോമന്‍ കത്തോലി ക്കാ വിശ്വാസത്തെ ആശ്ലേഷിച്ചത്‌ അപ്രതീക്ഷിതമായിട്ടായിരുന്നു. അതുകൊണ്ടാണ്‌ മതപരിവര്‍ ത്തനത്തെക്കുറിച്ച്‌ വിശദീകരിക്കുന്ന തന്റെ ഗ്ര ന്ഥത്തിന്‌ `അണ്‍ എക്‌സ്‌പെറ്റഡ്‌ വേ'-അപ്രതീക്ഷിതവഴി- യെന്ന്‌ പോള്‍ വില്യംസ്‌ പേരു നല്‌കിയതും.
1950 ല്‍ ഇംഗ്ലണ്ടിലായിരുന്നു പോള്‍ വില്യംസിന്റെ ജനനം. കുടുംബത്തിന്‌ പ്രത്യേകമായ മതവിശ്വാസമൊന്നുമില്ലായിരുന്നുവെന്നാണ്‌ പോള്‍ വില്യംസിന്റെ സാക്ഷ്യം. ഇനി ഏതെങ്കിലും ഒരു വിശ്വാസമുണ്ടായിരുന്നെങ്കില്‍ അത്‌ ആംഗ്ലിക്കന്‍ വിഭാഗത്തോടായിരുന്നു താനും. പിതാവിന്റെ വംശത്തില്‍ ബന്ധുക്കളും മറ്റും ആംഗ്ലിക്കന്‍ വൈദികരായുണ്ടായിരുന്നു. അമ്മ ഒരു മതത്തോടും മമത പുലര്‍ത്തിയിരുന്നില്ല എന്നാണ്‌ പോളിന്റെ ഓര്‍മ്മ.

ഇങ്ങനെയൊക്കെയാണെങ്കിലും പോള്‍ നന്നേ ചെറുപ്പത്തിലേ ആംഗ്ലിക്കന്‍ പള്ളിയിലെ ഗായകസംഘത്തില്‍ അംഗമായി. ഗാനങ്ങള്‍ ആലപിക്കുന്നതില്‍ ആനന്ദിച്ചിരുന്ന പോളിന്‌ പാടാന്‍ ശബ്‌ദം നഷ്‌ടപ്പെട്ടത്‌ ഒരു നഷ്‌ടമായെങ്കിലും ഗായകസംഘത്തില്‍ തന്നെ അദ്ദേഹം തുടര്‍ന്നു. നിശ്ശബ്‌ദനായിത്തന്നെ. ആംഗ്യരൂപത്തിലുള്ള ഇവിടുത്തെ പ്രകടനം പില്‌ക്കാലത്ത്‌ ഒരധ്യാപകനായപ്പോള്‍ തന്നെ ഏറെ സഹായിച്ചുവെന്നും പോള്‍ ഓര്‍മ്മിക്കുന്നുണ്ട്‌. 

1960-ല്‍ ഡോവറിലെ ബിഷപ്പില്‍ നിന്ന്‌ സ്ഥൈര്യലേപനം സ്വീകരിച്ച പോള്‍ ദിവ്യകാരുണ്യം വിതരണം ചെയ്യാനും നിയോഗിക്കപ്പെട്ടു. അറുപതുകളിലെ ഒട്ടുമിക്ക ചെറുപ്പക്കാരുടെയും ജീവിതശൈലിയിലേക്ക്‌ വൈകാതെ അദ്ദേഹം തിരിഞ്ഞു. നീണ്ട മുടിയും താടിയും ഹിപ്പി വേഷവുമൊക്കെയായി ജീവിതം അരക്ഷിതാവസ്ഥയിലേക്ക്‌ വഴിപിരിഞ്ഞപ്പോള്‍ പള്ളിയില്‍ നിന്നും വിശ്വാസത്തില്‍ നിന്നുമുള്ള പടിയിറക്കം കൂടിയാണ്‌ സംഭവിച്ചത്‌.
ഇക്കാലത്താണ്‌ ഭാരതീയ തത്ത്വശാസ്‌ത്ര ത്തിലേക്കും ധ്യാനരീതികളിലേക്കും പോള്‍ ആകൃഷ്‌ടനായത്‌. ആ വഴി ചെന്നുചേര്‍ന്നത്‌ ബുദ്ധമത ചിന്തയിലാണ്‌. ബുദ്ധമതത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ആഗ്രഹം ഓക്‌സ്‌ ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബുദ്ധമതത്തില്‍ ഡോക്‌ടറേറ്റ്‌ നേടുന്നതില്‍ വരെയെത്തി. ദലൈലാമയുടെ ടിബറ്റന്‍ ബുദ്ധരീതിയോടാണ്‌ പോള്‍ കൂടുതല്‍ ഐക്യപ്പെട്ടത്‌. ബുദ്ധമതത്തിന്റെ ഔദ്യോഗികവക്താവായി അക്കാലങ്ങളില്‍ റേഡിയോ, ടെലിവിഷന്‍ മാധ്യമങ്ങളിലും മതസംവാദരംഗങ്ങളിലും പോള്‍ നിറഞ്ഞുനിന്നു. യഹൂദരും ക്രൈസ്‌തവരും മറ്റുമായി വാഗ്വാദങ്ങളിലും സംവാദങ്ങളിലും അദ്ദേഹം മുഴുകി. മലയാളിവേരുകളുള്ള ഫാ. റെയ്‌മണ്ടോ പണിക്കര്‍ പോള്‍ വില്യംസുമായി സംവാദത്തിലേര്‍പ്പെട്ടവരില്‍ ഒരാള്‍ മാത്രം.

സംവാദങ്ങളിലും ചര്‍ച്ചകളിലും മുഴുകി ബുദ്ധമത വിശ്വാസിയായി ജീവിക്കുമ്പോഴും പോള്‍ വില്യംസിന്റെ ഉള്ളില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം കിടന്നു. ബുദ്ധമത വിശ്വാസമനുസരിച്ചുള്ള കര്‍മ്മ സിദ്ധാന്തവും പുനര്‍ജ്ജന്മവും സത്യമാണെങ്കില്‍ മനുഷ്യജീവിതത്തിന്‌ എവിടെയാണ്‌ പ്രതീക്ഷയുള്ളത്‌? 

ബുദ്ധമതത്തില്‍ ദൈവമില്ല. ദൈവത്തില്‍ വിശ്വസിക്കാതിരിക്കാനും ദൈവമില്ലെന്ന്‌ വിശ്വസിക്കാനും കാരണമായി അവര്‍ പറയുന്നത്‌ തിന്മയുടെ സാന്നിധ്യമാണ്‌. നിലനില്‌ക്കുന്ന തിന്മയുടെ സാന്നിധ്യം ദൈവത്തിന്റെ അസ്‌തിത്വത്തെ നിഷേധിക്കാന്‍ അവരെ പ്രാപ്‌തരാക്കുന്നു. ബുദ്ധമതക്കാര്‍ പുനര്‍ജ്ജന്മത്തില്‍ വിശ്വസിക്കുന്നു. എണ്ണം കണക്കാക്കാന്‍ സാധ്യമാവാത്തവിധത്തിലുള്ള ഈ പുനര്‍ജ്ജന്മങ്ങളിലൊന്നിനുംദൈവത്തെ ആവശ്യമില്ല. പുനര്‍ജ്ജന്മവിശ്വാസം പുരാതന ഗ്രീസിലും റോമിലും ഹൈന്ദവ വിശ്വാസങ്ങളിലും ഉണ്ടെങ്കിലും ക്രിസ്‌തുമതം ഒരിക്കലും അത്‌ അംഗീകരിക്കുന്നില്ല. മനുഷ്യരെ അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച്‌ പുഴുവായും പാറ്റയായും ഈച്ചയായും വീണ്ടും വീണ്ടും ജനിക്കാന്‍ വിധിക്കുന്നത്‌-പുനര്‍ജ്ജന്മം-ഓരോ വ്യക്തിയെയും അമൂല്യനും പ്രിയങ്കരനുമായി കരുതുന്ന ക്രിസ്‌തീയ ദൈവവിശ്വാസവും കരുണയുമായി ഒരിക്കലും പൊരുത്തപ്പെട്ടുപോകുന്നില്ല. പാപങ്ങള്‍ക്ക്‌ ശിക്ഷ വിധിക്കുന്നവനല്ല ക്രൈ സ്‌തവന്റെ ദൈവം. മനുഷ്യന്‍ പാറ്റയായിത്തീരുന്നത്‌- രൂപാന്തരീകരണം- കാഫ്‌കയുടെയും മറ്റും കഥകളിലല്ലാതെ യഥാര്‍ത്ഥജീവിതത്തില്‍ ഒരാള്‍ക്ക്‌ സങ്കല്‌പിക്കാന്‍ കഴിയുന്നതല്ല. 

മറ്റൊന്നാണ്‌ `നിര്‍വാണ' അഥവാ ബോധോദയം. നിര്‍വാണം പ്രാപിക്കുന്നതുവരെ ഒരാള്‍ വീണ്ടും വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. ഈ ജീവിതം കൊണ്ട്‌ ഒരാള്‍ നിര്‍വാണം പ്രാപിക്കുന്നില്ലെങ്കില്‍- ആത്മീയമായി ഉന്നതനിലയില്‍ എത്തിയവര്‍ മാത്രമേ നിര്‍വാണത്തിലെത്തിച്ചേരുകയുള്ളൂ എന്നത്‌ മറ്റൊരു കാര്യം- ഒരാള്‍ക്ക്‌ എത്ര തവണ ജനിക്കേണ്ടിവരും? സാധാരണക്കാര്‍ക്ക്‌ ഈ ജീവിതത്തില്‍ എവിടെയാണ്‌ പ്രതീക്ഷിക്കാനുള്ളത്‌?
`കര്‍മ്മ' ത്തെയും `നിര്‍വാണ'ത്തെയും കുറിച്ചുള്ള ഇത്തരം ബുദ്ധമതവിശ്വാസങ്ങളെക്കുറിച്ചുള്ള സംശയങ്ങളാണ്‌ പോള്‍ വില്യംസിനെ യഥാര്‍ത്ഥ സത്യം അറിയാനുള്ള അന്വേഷണത്തിലേക്ക്‌ നയിച്ചത്‌. ആ അന്വേഷണം അവസാനിച്ചത്‌ ക്രൂശിതനായ ക്രിസ്‌തുവിലായിരുന്നു. ക്രിസ്‌തീയവീക്ഷണമനുസരിച്ച്‌ ഓരോ മനുഷ്യനും ദൈവത്തിന്റെ സൃഷ്‌ടിയാണ്‌. ദൈവത്തിന്റെ സാദൃശ്യമുള്ളവനാണ്‌ മനുഷ്യന്‍. അതുകൊണ്ടുതന്നെ അവന്‍ മൂല്യമുള്ളവനാണ്‌. ഓരോ വ്യക്തിയെയും ക്രിസ്‌തുമതം പ്രധാനപ്പെട്ടതായി കരുതുന്നു. ജനിച്ചതും ഇനി ജനിക്കാനിരിക്കുന്നതുമായ എല്ലാ മനുഷ്യരുടെയും പാപങ്ങള്‍ക്കുവേണ്ടിയാണ്‌ ക്രിസ്‌തു കുരിശുമരണം വരിച്ചത്‌. അവന്റെ കുരിശുമരണത്താല്‍ മാനവകുലമൊന്നാകെ രക്ഷിക്കപ്പെട്ടു. പാപങ്ങള്‍ക്കുവേണ്ടി ഇതിലും വലിയ മറ്റൊരു ബലി ഇനി അര്‍പ്പിക്കാനില്ല. പുനര്‍ജ്ജന്മങ്ങളെയും കര്‍മ്മസിദ്ധാന്തങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള ഇത്തരം ക്രിസ്‌തീയചിന്താധാര പോള്‍ വില്യംസിന്‌ എത്രമേല്‍ ആശ്വാസമാണ്‌ നല്‌കിയതെന്ന്‌ നിശ്ചയം പോരാ.

ക്രിസ്‌തീയവിശ്വാസമനുസരിച്ച്‌ മരണം ഒന്നിന്റെയും അന്ത്യമല്ല. അത്‌ ദൈവത്തോടുകൂടെയുള്ള ജീവിതമാണ്‌. അതുകൊണ്ടുതന്നെ അത്‌ പ്രതീക്ഷയാണ്‌, വിജയമാണ്‌. പ്രതീക്ഷയുള്ളതും മനുഷ്യനെ മാനിക്കുന്നതും ആദരിക്കുന്നതുമായ ഒരു മതവിശ്വാസവും അത്‌ നല്‌കുന്ന ആശ്വാസവുമാണ്‌ പോള്‍ വില്യംസിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക്‌ തിരിഞ്ഞുനടക്കാന്‍ പ്രേരിപ്പിച്ചത്‌. ജീവിതം, മരണം തുടങ്ങിയവയെക്കുറിച്ചുള്ള ക്രൈസ്‌തവവീക്ഷണം ഉത്തരം കിട്ടാത്തതും ആഴമുള്ളതുമായ തന്റെ സംശയങ്ങള്‍ക്ക്‌ മറുപടിയേകിയതാണ്‌ ഒടുവില്‍ ക്രിസ്‌തുമാര്‍ഗ്ഗേ ചരിക്കാന്‍ പോള്‍ വില്യംസിനെ പ്രേരിപ്പിച്ചത്‌. ചുരുക്കത്തില്‍ പോള്‍ വില്യംസിന്റെ സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ക്രിസ്‌തുമതം. ആ ഉത്തരം കിട്ടിയപ്പോള്‍ ജീവിതം മാത്രമല്ല മരണവും അര്‍ത്ഥമുള്ളതായി മാറി. 1999 ലാണ്‌ അദ്ദേഹം കത്തോലിക്കാസഭയെ ആശ്ലേഷിച്ചത്‌. ഡൊമിനിക്കന്‍ സഭയിലെ അല്‌മായപ്രതിനിധിയുമാണ്‌ അദ്ദേഹം.
Written by  ബിജു സെബാസ്റ്റ്യന്‍

No comments:

Post a Comment