Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Sunday, July 22, 2012

ഹിസോപ്പുകൊണ്ട്‌ എന്നെ കഴുകണമേ...

മാനസാന്തരം വിശുദ്ധിയുടെ പൂര്‍ണതയില്‍ എത്തുന്നതുവരെ തുടരേണ്ടതായ ഒരു പ്രക്രിയയാണ്‌. പരിശുദ്ധാത്മാവ്‌ നല്‌കുന്ന പാപബോധം ഇല്ലാതെ ആര്‍ക്കും നിരന്തരമായ മാനസാന്തരാനുഭവത്തില്‍ വളരാന്‍ കഴിയില്ല. ആഴമായ ആത്മീയതയിലേക്ക്‌ വളരാന്‍ ആഗ്രഹിക്കുന്നവര്‍ സഞ്ചരിക്കേണ്ടഅനുതാപവഴികളുടെ വിവരണമാണീ ലേഖനം




പുതിയൊരു വാടകവീട്ടിലേക്ക്‌ താമസം മാറ്റി യപ്പോള്‍ അത്‌ വൃത്തിയാക്കിയെടുക്കാന്‍ വളരെയധികം കഷ്‌ടപ്പെട്ടു. കാരണം, ആരും താമസിക്കാതെ കിടന്നിരുന്ന ആ വീട്‌ കടവാവലുകളുടെ കൂടായിരുന്നു. അവയുടെ കാഷ്‌ഠം വീണ്‌ തറകളൊക്കെയും വൃത്തികേടായിരുന്നു. അനേകദിവസം ഉരച്ചു കഴുകിയപ്പോള്‍ തറകളെല്ലാം മനോഹരമായി. പക്ഷേ, ഏതാനും ദിവസത്തെ യാത്രകള്‍ക്കുശേഷം മടങ്ങിയെത്തിയ ഞങ്ങള്‍ അടച്ചിട്ടിരിക്കുന്ന വീട്‌ തുറന്നു നോക്കിയപ്പോള്‍ കണ്ടത്‌ വീണ്ടും വാവലുകളുടെ കാഷ്‌ഠംകൊണ്ട്‌ വൃത്തികേടായ നിലമായിരുന്നു.

ഇത്‌ വൃത്തിയാക്കുന്നതിനിടയില്‍ ഈശോ ഒരു രഹസ്യം എനിക്ക്‌ വെളിപ്പെടുത്തി. മനുഷ്യന്റെ ആ ത്മാവും ഇതുപോലെയാണ്‌. നിരന്തരമായ അല്ലെങ്കില്‍ കൂടെക്കൂടെയുള്ള വിശുദ്ധീകരണത്തിലൂടെയാണ്‌ ഒരു മനുഷ്യന്റെ ആത്മാവ്‌ പുണ്യപൂര്‍ണതയിലേക്ക്‌ വളരുക. ഇതിന്‌ യഥാര്‍ത്ഥമായ അനുതാപവും ആഴമായ മാനസാന്തരവും ആവശ്യമാണ്‌.

``ഹിസോപ്പുകൊണ്ട്‌ എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മ്മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും'' (സങ്കീ.51:7)എന്ന സങ്കീര്‍ത്തകന്റെ വാക്കുകള്‍ ഒരിക്കല്‍ മാത്രം പോരാ, നിരന്തരം നാം പ്രാര്‍ത്ഥനയാക്കി മാറ്റണം.

സ്വാഭാവികമായും മനുഷ്യപ്രകൃതി പാപത്തിന്റെതാണ്‌. ജന്മപാപത്തിലൂടെ നമുക്ക്‌ ഏറ്റുവാങ്ങേണ്ടിവന്ന ഈ പാപപ്രകൃതി സ്ഥായിയായ ഏഴു മൂലപാപങ്ങളുടെ പിടിയില്‍ മനുഷ്യനെ വരിഞ്ഞുമുറുക്കുന്നു. ഈ മൂലപാപങ്ങളുടെ സ്വാധീനം മൂലമാണ്‌ വീണ്ടും വീണ്ടും പാപാവസ്ഥയിലേക്ക്‌ വീണുപോകുന്നത്‌.

നമ്മുടെ നിസഹായതയില്‍ എന്തുചെയ്യണം?
ഏകദേശം ഒന്നരവര്‍ഷത്തോളം സ്ഥിരമായി കുമ്പസാരക്കൂട്ടില്‍ ഒരേ പാപംതന്നെ ആവര്‍ത്തിച്ച്‌ ഏറ്റുപറഞ്ഞിട്ടും ആ പാപത്തില്‍നിന്നും വിടുതല്‍ നേടുവാന്‍ കഴിയാത്തതിന്റെ കണ്ണുനീരുമായി എത്തിയ ഒരു സഹോദരനെ ഞാനോര്‍ക്കുന്നു. ഞാന്‍ ആ സഹോദരനോട്‌ പറഞ്ഞു, ഇത്രയും നാള്‍ നിങ്ങള്‍ തനിച്ച്‌ പാപത്തോടു പോരാടുകയായിരുന്നു. ഇന്നുമുതല്‍ അതു നിര്‍ത്തിയിട്ട്‌ പരിശുദ്ധാത്മാവിനെ കൂട്ടുപിടിക്കുക. പരിശുദ്ധാത്മാവേ എന്നില്‍ വന്നു നിറയണമേ, എന്റെ പാപാവസ്ഥയെ ഏറ്റെടുത്ത്‌ സമ്പൂര്‍ണമായ വിമോചനം എനിക്കു നല്‌കണമേ എന്ന്‌ പ്രാര്‍ത്ഥിക്കാന്‍ ആരംഭിക്കുക. അദ്ദേഹം അപ്രകാരം ചെയ്‌തു. അത്ഭുതമെന്നു പറയട്ടെ, ഒന്നര വര്‍ഷം തനിച്ചു പോരാടിയിട്ട്‌ നീങ്ങിപ്പോകാത്ത പാപാവസ്ഥയെ പരിശുദ്ധാത്മാവിന്‌ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിച്ചപ്പോള്‍ ഏതാനും ദിവസങ്ങള്‍കൊണ്ട്‌ പൂര്‍ണമായി മാറിപ്പോയി. ഇതില്‍നിന്നും വ്യക്തമാകുന്ന ഒന്നുണ്ട്‌- പാപത്തോടുള്ള പോരാട്ടത്തില്‍ നമ്മുടെ ഏറ്റവും വലിയ സഹായകന്‍ പരിശുദ്ധാത്മാവ്‌ തന്നെയാണ്‌. അതുകൊണ്ടാണ്‌ ഈശോ ഇപ്രകാരം പറഞ്ഞത,്‌ ``ഞാന്‍ പിതാവിനോട്‌ അപേക്ഷിക്കുകയും എന്നേ യ്‌ക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന്‌ നിങ്ങള്‍ക്ക്‌ തരുകയും ചെയ്യും'' (യോഹ.14:16). നിത്യസഹായകനായ പരിശുദ്ധാത്മാവ്‌ ഏറ്റവും കൂടുതല്‍ നമ്മെ സഹായിക്കുന്നത്‌ പാപത്തോടുള്ള പോരാട്ടത്തിലാണ്‌. പാപം ചെയ്യാതിരിക്കാനുള്ള കഴിവ്‌ നമുക്ക്‌ നല്‌കുന്നത്‌ പരിശുദ്ധാത്മാവാണ്‌.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം
പാപബോധവും പശ്ചാത്താപവും ഒരു വ്യക്തിയിലേക്ക്‌ ഒഴുക്കുന്നത്‌ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്‌. തിരുവചനത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ``അവന്‍ വന്ന്‌ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും'' (യോഹ.16:8).

പാപത്തെക്കുറിച്ച്‌ ബോധ്യം കിട്ടിയതുകൊണ്ടുമാത്രം ആര്‍ ക്കും പാപത്തെ ഉപേക്ഷിക്കുവാന്‍ കഴിയുകയില്ല. പാപത്തെ ഉപേക്ഷിക്കുവാനുള്ള ശക്തി നമുക്കു തരുന്നതും നമ്മെ പുണ്യത്തിന്റെയും സത്യത്തിന്റെയും പൂര്‍ണതയിലേക്ക്‌ നയിക്കുന്നതും ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്‌. ``സത്യാത്മാവ്‌ വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്ക്‌ നയിക്കും...'' (യോഹ.16:13).

നമ്മുടെ ദൈവവിളി
ദൈവം നമ്മെ വിളിച്ചിരിക്കുന്നത്‌ വിശുദ്ധിയില്‍ പൂര്‍ണത പ്രാപിക്കാനാണ്‌. തിരുവചനത്തില്‍ നമുക്ക്‌ ലഭിച്ചിരിക്കുന്ന മഹോന്നതമായ ദൈവവിളിയെക്കുറിച്ച്‌ ഇപ്രകാരം എഴുതിയിരിക്കുന്നു. ``നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട്‌ നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍'' (1 പത്രോസ്‌ 1:15).

ഒറ്റനിമിഷംകൊണ്ട്‌ വിശുദ്ധിയിലേക്കുള്ള വിളിയില്‍ ആരും പൂര്‍ണത പ്രാപിക്കില്ല. നിരന്തരമായ അനുതാപത്തിലൂടെയും നിരന്തരമായ മാനസാന്തരത്തിലൂടെയും വിശുദ്ധീകരണം പ്രാപിച്ചുകൊണ്ടാണ്‌ നാം വിശുദ്ധിയുടെ പൂര്‍ണതയിലേക്ക്‌ വളരുന്നത്‌. ഇതിനു നമ്മെ സഹായിക്കുന്നത്‌ പരിശുദ്ധാത്മാവാണ്‌. പരിശുദ്ധാത്മാവ്‌ വിശുദ്ധീകരിക്കുന്നതാകട്ടെ ക്രിസ്‌തുവിന്റെ അമൂല്യരക്തത്താല്‍ നമ്മെ കഴുകിക്കൊണ്ടാണ്‌. ``പിതാക്കന്മാരില്‍നിന്നു നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ത്ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത്‌ നശ്വരമായ സ്വര്‍ണമോ വെള്ളിയോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്‌തുവിന്റെ അമൂല്യരക്തംകൊണ്ടത്രേ''(1 പത്രോസ്‌ 1:18-19). ക്രിസ്‌തുവിന്റെ അമൂല്യമായ രക്തംകൊണ്ട്‌ നിരന്തമായി നടത്തുന്ന കഴുകലാണ്‌ വിശുദ്ധിയുടെയും പുണ്യത്തിന്റെയും പൂര്‍ണതയിലേക്ക്‌ നമ്മെ നടത്തുന്നത്‌.

വിശുദ്ധി പ്രാപിക്കാന്‍
പല വിശുദ്ധരും എല്ലാ ദിവസവും കുമ്പസാരിച്ചിരുന്നതായി നാം കേട്ടിട്ടുണ്ട്‌. അതിന്റെയര്‍ത്ഥം അവര്‍ കൂടുതല്‍ പാപം ചെയ്‌തിരുന്നു എന്നല്ല. ആഴമായ പാപബോധവും നിരന്തരമായ മാനസാന്തരവുമാണ്‌ എല്ലാ ദിവസവും കുമ്പസാരക്കൂടിനെ സമീപിക്കാന്‍ അവരെ പ്രേരിപ്പിച്ചത്‌. പശ്ചാത്താപമില്ലാതെ കുമ്പസാരക്കൂടിനെ സമീപിക്കുന്നവരെക്കുറിച്ച്‌ കര്‍ത്താവ്‌ ഇപ്രകാരം പറയുന്നു. ``എത്രയേറെ താളിയും കാരവും തേച്ചു കുളിച്ചാലും നിന്റെ പാപക്കറ എന്റെ മുമ്പില്‍ ഉണ്ടായിരിക്കും എന്ന്‌ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു'' (ജറെമിയ 2:22). പലവട്ടം കുമ്പസാരിച്ചിട്ടും ആവര്‍ത്തിക്കപ്പെടുന്ന പാപങ്ങളുടെ പിന്നിലെ ഒരു കാരണം ശരിയായ പശ്ചാത്താപമില്ലാത്ത ഹൃദയമാണ്‌. പശ്ചാത്താപമുള്ള ഹൃദയംമാത്രമാണ്‌ പാപം ഏറ്റുപറയുന്ന ഒരാളില്‍നിന്നും കര്‍ത്താവ്‌ പ്രതീക്ഷിക്കുന്ന ഏകയോഗ്യത. അതുകൊണ്ടാണ്‌ 51-ാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം സങ്കീര്‍ത്തകന്‍ എഴുതിയിരിക്കുന്നത്‌: ``ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല; ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങ്‌ സന്തുഷ്‌ടനാവുകയുമില്ല. ഉരുകിയ മനസാണ്‌ ദൈവത്തിന്‌ സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങ്‌ നിരസിക്കുകയില്ല'' (സങ്കീ.51:16-17).

നമ്മളില്‍ പലരും നന്മമാത്രം ചെയ്യാനാഗ്രഹിക്കുന്നവരും പുണ്യപൂര്‍ണത പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്‌. പക്ഷേ, അനേകവട്ടം കുമ്പസാരക്കൂടിനെ സമീപിച്ചിട്ടും നമ്മള്‍ ആഗ്രഹിക്കുന്ന വിടുതലോ നന്മയുടെ പൂര്‍ണതയോ പ്രാപിക്കാനാവാതെ ഉള്ളില്‍ കരയുന്നവരായിരിക്കാം. ഒന്നരവര്‍ഷം കുമ്പസാരക്കൂടിനെ സമീപിച്ചിട്ടും വിടുതല്‍ പ്രാപിക്കാന്‍ കഴിയാതിരുന്ന ആ മകന്‍ വിടുതല്‍ പ്രാപിച്ചത്‌ എങ്ങനെയെന്ന്‌ നാം തിരിച്ചറിയണം. പരിശുദ്ധാത്മാവായ ദൈവത്തെ സഹായത്തിനായി വിളിച്ചപ്പോള്‍ അവിടുന്നു നല്‌കിയ ആഴമായ അനുതാപത്തിലൂടെയാണ്‌ പൂര്‍ണമായ വിടുതലിലേക്ക്‌ കടന്നുവന്നത്‌.

നമ്മില്‍ രൂഢമൂലമായിരിക്കുന്ന മൂലപാപങ്ങളുടെ ഫലമാ യുള്ള പാപബന്ധനങ്ങള്‍ നമ്മുടെ വ്യക്തിത്വത്തെ വികൃതമാക്കുന്നുണ്ടാകാം. നിരാശപ്പെടേണ്ട, നിരന്തരമായ അനുതാപത്തിലൂടെയും മാനസാന്തരത്തിനു ചേര്‍ന്ന പ്രവൃത്തികളിലൂടെയും നമ്മുടെ പാപസ്വഭാവങ്ങള്‍ നമ്മില്‍നിന്നു നീക്കപ്പെടുകയും നമ്മള്‍ പരിശുദ്ധിയുടെ പൂര്‍ണതയിലേക്ക്‌ നടന്നടുക്കുകയും ചെയ്യും. ഇതിനു നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിനോട്‌ യേശുവിന്റെ തിരുരക്തംകൊണ്ട്‌ വീണ്ടും വീണ്ടും കഴുകുവാനും മാനസാന്തരത്തിന്റെ യഥാര്‍ത്ഥ ഫലം പുറപ്പെടുവിക്കുന്നവരായി നമ്മെ രൂപാന്തരപ്പെടുത്തുവാനും പ്രാര്‍ത്ഥിക്കാം.

ഓ, ദൈവത്തിന്റെ പരിശുദ്ധാത്മാവേ, എന്നില്‍ വന്നു നിറയണമേ. പാപത്തോടുള്ള പോരാട്ടത്തില്‍ എന്നെ സഹായിക്കണമേ. യഥാര്‍ത്ഥമായ പാപബോധവും പശ്ചാത്താപവും നിരന്തരമായ മാനസാന്തരവും എന്നില്‍ ചൊരിഞ്ഞുകൊണ്ട്‌ യേശുവിന്റെ രക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കണമേ. പിതാവായ ദൈവത്തിന്റെ പൂര്‍ണതയിലേക്ക്‌ എന്നെ കൈപിടിച്ചു നടത്തണമേ. ആമ്മേന്‍.







Written by  സ്റ്റെല്ല ബെന്നി

No comments:

Post a Comment