സമ്പത്തും സൗകര്യങ്ങളും വര്‍ദ്ധിക്കുമ്പോഴാണ് മനുഷ്യന്‍ ദൈവത്തെ തിരസ്‌കരിക്കുന്നത്. എന്തെങ്കിലും ഉയര്‍ന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ നല്ല വിജയം നേടി അരലക്ഷത്തിന് മേല്‍ ശമ്പളം വാങ്ങിയാല്‍ ഒരു യുവാവിന് ചിലപ്പോള്‍ ഇങ്ങനെ തോന്നാം.'ഇനി ദൈവത്തെ കൂട്ടുപിടിക്കേണ്ട കാര്യമില്ല. എന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി പോകുന്നുണ്ട്. എനിക്കിനി ആരുടെയും ആശ്രയം വേണ്ട.' അവന്‍ ദേവാലയസന്ദര്‍ശനവും പ്രാര്‍ത്ഥനയും മിക്കവാറും അതോടെ അവസാനിപ്പിക്കും. ആത്മീയകാര്യങ്ങളെക്കുറിച്ച് ആരെങ്കിലും പറയുമ്പോള്‍ മാറിക്കളയും. അതൊക്കെ പ്രായമായവര്‍ക്കായി അവന്‍ മാറ്റിവെച്ച് കഴിഞ്ഞു.
ബാബേല്‍ ദേശക്കാര്‍ ഗോപുരം കെട്ടി ദൈവത്തെ വെല്ലുവിളിച്ചതിനെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തില്‍ നാം വായിക്കുന്നു. അവര്‍ ദൈവത്തിന്മേല്‍ അധീശത്വം ഉറപ്പിക്കാനായി ആകാശം മുട്ടുന്ന കോട്ടകെട്ടാനാരംഭിച്ചു. അവിടെത്തുടങ്ങുന്നു അവരുടെ തകര്‍ച്ച. സംസാരഭാഷയെ ചിതറിച്ചുകൊണ്ട് ദൈവം അവര്‍ക്ക് തിരിച്ചടി നല്‍കി. ദൈവത്തെയും സഹോദരങ്ങളെയും മറന്നാല്‍ എത്ര വലിയ സമ്പത്തിന്മേല്‍ കെട്ടിയുയര്‍ത്തിയ കോട്ടകൊത്തളങ്ങളും നിമിഷാര്‍ദ്ധത്തിനുള്ളില്‍ തകരുമെന്ന് ദൈവം ഓര്‍മ്മിപ്പിക്കുകയായിരുന്നു. സമ്പത്ത് കൂട്ടിവയ്ക്കാന്‍ ധാന്യപ്പുരയുടെ വലിപ്പം പോരാ എന്ന് കരുതുന്ന പുതിയ നിയമത്തിലെ ധനാഢ്യനോട് ദൈവം ചോദിക്കുന്നു. 'ഇന്ന് രാത്രി നിന്റെ ആത്മാവിനെ ഞാന്‍ തിരികെ വിളിച്ചാല്‍ നിന്റെ സമ്പാദ്യങ്ങളുടെ സ്ഥിതിയെന്ത്?' ദൈവത്തെ മറന്ന് അവന്‍ നേടിയതത്രയും കള്ളന്മാരും കീടങ്ങളുമാണ് സ്വന്തമാക്കിയത്. സര്‍വശക്തനെ ഉപേക്ഷിച്ച് മനുഷ്യന്‍ ശാസ്ത്രത്തിലും സമ്പത്തിലും ആശ്രയിക്കുമ്പോള്‍ മനുഷ്യന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂടുന്നു.
ഇന്ന് പലര്‍ക്കും ശാസ്ത്രം പറയുന്നതാണ് വേദവാക്യം. ശാസ്ത്രം വളരുമ്പോള്‍ ദൈവവചനം നിസാരവത്ക്കരിക്കാനുള്ള ശ്രമവും മനുഷ്യന്‍ നടത്തുന്നു. ഇതൊക്കെ കണ്ട് ദൈവം ചിരിക്കുന്നുണ്ടാകും. പ്രപഞ്ചോത്പത്തിക്ക് പിന്നിലെ 'ദൈവകണ'ത്തെ കണ്ടെത്താനുള്ള പടപ്പുറപ്പാടിലാണിന്ന് ശാസ്ത്രം. ദൈവത്തെ തള്ളിപ്പറഞ്ഞ് കൊണ്ട് ലോകരാജ്യങ്ങള്‍ പുതിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്നു. മാധ്യമങ്ങളിലൂടെ അവര്‍ പ്രചരിപ്പിക്കുന്ന ദൈവനിഷേധവാര്‍ത്തകളിലേക്ക് അപ്പോള്‍ പുതുതലമുറയും ആകര്‍ഷിക്കപ്പെടുന്നു. ദേവാലയ സന്ദര്‍ശനത്തോടും കൂദാശകളോടുമുള്ള യുവജനങ്ങള്‍ക്കുള്ള വൈമുഖ്യം ഇനിയെങ്കിലും സഭ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
അമേരിക്കന്‍ ഡോളര്‍ പുറത്ത് വരുന്നത് 1928 ലാണ്. ഒരു വശത്ത് ജോര്‍ജ് വാഷിംഗ്ടണും മറുവശത്ത് സ്വാതന്ത്ര്യപ്രതിമയുമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് മുകളിലായി എഴുതിച്ചേര്‍ത്തിരിക്കുന്ന വാചകം, 'In God we trust' എന്നാണ്. ആ വിശ്വാസമാണ് അമേരിക്കന്‍ ജനതയെ ഉറപ്പിച്ച് നിര്‍ത്തിയതും പണിതുയര്‍ത്തിയതും. എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് ദൈവവിശ്വാസത്തിന്റെ നാരായവേരുകള്‍ അടര്‍ന്ന് നീങ്ങുന്നതായി നാം മനസിലാക്കുന്നു. ദൈവവിശ്വാസത്തെ ധിക്കരിച്ച് സംസാരിക്കുന്നതാണ് ആധുനിക തലമുറയുടെ ലേറ്റസ്റ്റ് ഫാഷന്‍. രാജ്യസഭാസമ്മേളനങ്ങളില്‍ രാഷ്ട്ര നേതാക്കള്‍ ദൈവനാമത്തില്‍ പ്രഭാഷണങ്ങള്‍ ഉപസംഹരിച്ചിരുന്ന പതിവ് അവസാനിപ്പിക്കാനുള്ള നീക്കവും ഇപ്പോള്‍ അവിടെ തകൃതിയായി നടക്കുന്നു. അതോടൊപ്പം ക്രൈസ്തവസഭ ശക്തമായി എതിര്‍ത്ത് പോരുന്ന അബോര്‍ഷന്‍, സ്വവര്‍ഗവിവാഹം ഇവയ്‌ക്കൊക്കെയും പച്ചക്കൊടി കാട്ടാനുള്ള നീക്കവും രാജ്യത്തുടനീളം വ്യാപകമാകുന്നു. മിക്കവാറും സ്റ്റേറ്റുകള്‍ ഇതിനൊക്കെയും അനുവാദം നല്‍കിക്കഴിഞ്ഞു. സ്രഷ്ടാവിനെ തള്ളിപ്പറയുന്ന സൃഷ്ടിയുടെ വാക്കുകളിലെ ഭോഷത്തമോര്‍ത്ത് ദൈവമപ്പോള്‍ ഊറിച്ചിരിക്കുന്നുണ്ടാകും.
ആധുനിക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ശാസ്ത്രപഠനങ്ങളായിരുന്നു കേംബ്രിഡ്ജ് സര്‍വകലാശാല പ്രഫസറായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങ് നടത്തിയത്. ഇരുപത്തിയൊന്നാം വയസില്‍ ശരീരം തളര്‍ന്നുപോയ വ്യക്തിയാണ് ഹോക്കിങ്ങ്. 'അമിയോട്രോഫിക് ലേറ്റല്‍ സ്‌കെലോസിസ്' എന്ന നാഡീവ്യൂഹത്തിന്റെ രോഗവുമായി ബന്ധപ്പെട്ടായിരുന്നു തളര്‍ച്ച. രണ്ടോ മൂന്നോ വര്‍ഷം ജീവിച്ചാല്‍ ഭാഗ്യമെന്ന് മെഡിക്കല്‍ സയന്‍സ് വിധിയെഴുതിയ വ്യക്തിയാണദ്ദേഹം. എന്നാല്‍ തന്റെ ഇച്ഛാശക്തികൊണ്ടും ദീര്‍ഘവീക്ഷണം കൊണ്ടും മികവുറ്റ ശാസ്ത്രജ്ഞനായി അദ്ദേഹം ഉയര്‍ത്തുവന്നു.
''സൃഷ്ടിയെ വിശ്വാസാടിസ്ഥാനത്തില്‍ കാണുന്നതും ശാസ്ത്രീയമായി ദര്‍ശിക്കുന്നതും തമ്മില്‍ വൈരുദ്ധ്യമില്ല.'' 2008 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടന്ന ശാസ്ത്ര- മത സംവാദസമ്മേളനത്തില്‍ ഹോക്കിങ് തന്റെ വിശ്വാസപ്രമാണം ഏറ്റ് ചൊല്ലി. സമ്മേളനത്തിനുശേഷം ബനഡിക്ട് മാര്‍പാപ്പയും ഹോക്കിങും പരസ്പരം ആശംസകളര്‍പ്പിച്ചു. പിരിയുമ്പോള്‍ പാപ്പാ, ഹോക്കിങിന് വേണ്ടി പ്രാര്‍ത്ഥിക്കാനും മറന്നില്ല.
എന്നാല്‍, സമ്പത്തും പ്രശസ്തിയും പതിന്മടങ്ങ് വര്‍ദ്ധിച്ചപ്പോള്‍ അദ്ദേഹം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായി. കഴിഞ്ഞവര്‍ഷം രചിച്ച 'ദ ഗ്രാന്റ് ഡിസൈന്‍' എന്ന ഗ്രന്ഥത്തില്‍ പ്രപഞ്ചോല്‍പ്പത്തിക്ക് ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നാണ് ഹോക്കിങ്ങ് കുറിച്ചത്. പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ് ദൈവമല്ലെന്ന് മതനിഷേധികളെ തൃപ്തിപ്പെടുത്താനായി ഹോക്കിങ് വെളിപ്പെടുത്തി. ഹോക്കിങ്ങ് സമ്പത്തിന്റെ കലവറകള്‍ക്കായി വിശ്വാസത്തിന്റെ ബലവത്തായ ധാന്യപ്പുരകള്‍ പൊളിച്ച് കളയുമ്പോഴെല്ലാം ദൈവം അദ്ദേഹത്തിന്റെ ഭോഷത്തമോര്‍ത്ത് ചിരിക്കുന്നുണ്ടെന്ന് തീര്‍ച്ച.
2007 ഏപ്രില്‍ 17 ന് കൊറിയന്‍ വംശജനായ ചോ സ്യൂങ്ങ് ഹൂയ് എന്ന 23 കാരന്‍ വിര്‍ജീനിയാ യൂണിവേഴ്‌സിറ്റിയില്‍ കടന്നുകയറിയത് നാം മറക്കാനിടയില്ല. സഹപാഠികളെയും അധ്യാപകരെയും ഉള്‍പ്പെടെ 30 പേരെ വെടിവെച്ച് വീഴ്ത്തിയശേഷം സ്വയം വെടിവച്ച് അയാളും മരണത്തെ പുല്‍കി. ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതിന് ശേഷമായിരുന്നു ചോയുടെ ഈ പ്രകടനം. ദൈവത്തെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ജനിച്ച നാള്‍ മുതല്‍ ആരും അയാളോട് സംസാരിച്ചിരുന്നില്ല.
വിര്‍ജീനിയാ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ പകര്‍ന്ന് കൊടുത്ത ശാസ്ത്രപാഠങ്ങളെല്ലാം ദൈവത്തെക്കൂടാതെ എത്ര കാലം മനുഷ്യന് ജീവിക്കാന്‍ കഴിയുമെന്നായിരുന്നു. ദൈവ നിഷേധത്തിന്റെ പാഠങ്ങളില്‍ മനസ് പൂണ്ടുപോയ ആ ചെറുപ്പക്കാരന്റെ ആത്മഹത്യാക്കുറിപ്പിലെ ഏറ്റവും പ്രധാന പ്രതിപാദ്യം, 'നിങ്ങളാണ്, നിങ്ങള്‍ മാത്രമാണ് എന്നെക്കൊണ്ടിത് ചെയ്യിച്ചത്...'' എന്നായിരുന്നു.
റീഡേഴ്‌സ് ഡൈജസ്റ്റില്‍ 1980 നവംബറില്‍ പ്രസിദ്ധീകരിച്ച അനുഭവം കൂടി ശ്രദ്ധിക്കുക. 81 വയസുകാരനായ ജോവ്‌സ്‌ക്കിന്നറുടെ ബര്‍ത്ത് ഡേ ആഘോഷത്തെക്കുറിച്ചാണത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സ്‌നേഹിതരുമെല്ലാം ആ ചടങ്ങിനെത്തിയിരുന്നു. അതീവ ആഹ്ലാദത്തോടെ സ്‌നേഹിതരോട് ഇടപെടുന്ന അദ്ദേഹത്തിന്റെ ആനന്ദത്തിന്റെ രഹസ്യത്തെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. എല്ലാവരും അതു തന്നെ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.
''ദൈവം തിരികെ നല്‍കിയ ജീവിതമാണ് എന്റേത്.'' അത് പറഞ്ഞിട്ടദ്ദേഹം പോക്കറ്റില്‍ നിന്നും രണ്ട് നാണയത്തുട്ടുകളെടുത്ത് മേശപ്പുറത്ത് നിരത്തി. അതിലൊന്ന് വളഞ്ഞിരിക്കുന്നത് കാട്ടി അദ്ദേഹം തുടര്‍ന്നു. ''അന്ന് ഞാന്‍ വിയറ്റ്‌നാമില്‍ ഒരു പട്ടാളക്കാരനായിരുന്നു. അതിശക്തമായ യുദ്ധം നടക്കുന്ന സമയം. ശത്രു സൈന്യത്തില്‍ നിന്നുള്ള വെടിയുണ്ടകളേറ്റ് എന്നൊടൊപ്പം ധാരാളം പേര്‍ മാരകമായി മുറിവേറ്റ് നിലത്ത് വീണു. അവരെല്ലാവരും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു. മുറിവേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട എന്നോട് ഡോക്ടര്‍ പറഞ്ഞത്, ''നിങ്ങള്‍ രക്ഷപെട്ടത് മഹാത്ഭുതമായിരിക്കുന്നു എന്നാണ്. കാരണം, ബുള്ളറ്റ് എന്റെ മാംസം തുളച്ച് കയറിയിരുന്നു. എന്നാല്‍ തുടയെല്ലില്‍ പ്രവേശിക്കാതിരുന്നത് എന്റെ പാന്റ്‌സിലെ പോക്കറ്റില്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ മൂലമാണ്...''
''അന്ന് ഡോക്ടര്‍ എടുത്തുതന്ന വളഞ്ഞ നാണയമാണിത്.'' മേശപ്പുറത്തിരുന്ന നാണയം ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.''ഇത് ദൈവം എനിക്ക് തന്ന ബോണസ് ജീവിതമാണ്. നന്ദിചൊല്ലി തീര്‍ക്കേണ്ട ജീവിതം. ഇത് തിരിച്ചറിയുന്ന ഞാനെങ്ങനെ സന്തോഷിക്കാതിരിക്കും? ഞാനെങ്ങനെ പ്രാര്‍ത്ഥിക്കാതിരിക്കും?''
ദൈവത്തെ നിഷേധിച്ച് സ്വന്തം വിജയത്തില്‍ മനം മറക്കുന്നവര്‍ ചോ യെപ്പോലെ ശൂന്യത മാത്രമാണ് സമ്പാദിക്കുന്നത്. എന്നാല്‍ ദൈവം നല്‍കുന്നത് ബോണസ് ജീവിതമാണെന്ന് ബോധ്യപ്പെടുന്നവര്‍ ജോവ്‌സ്‌ക്കിന്നറെപ്പോലെ എന്നും സന്തുഷ്ടരായിരിക്കും. അവര്‍ ദൈവഹിതാനുസരണം ജീവിതത്തെ ക്രമീകരിക്കും.
ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ ശക്തിയും വലുപ്പവും അടുത്തറിയാന്‍ മഹാമേരുക്കളിലേക്കോ കുരിശിലെ നിണം വീണിടത്തേക്കോ ഇനി യാത്രയാകേണ്ടതില്ല. നിന്റെ ജീവിതത്തിലേക്കും പ്രപഞ്ചത്തിലേക്കും കണ്ണോടിച്ചാല്‍ മാത്രം മതി. മനുഷ്യശരീരത്തിന്റെ നിര്‍മ്മാണ വൈദഗ്ദ്യത്തിന്റെ ശില്പി ദൈവമാണെന്ന് അപ്പോള്‍ ആര്‍ക്കും വ്യക്തമാകും. മനുഷ്യശരീരത്തിലെ മൊത്തം രക്തക്കുഴലുകള്‍ നീട്ടിവെച്ചാല്‍ 12 ലക്ഷം കിലോമീറ്റര്‍ നീളമുണ്ടായിരിക്കുമെന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്. രണ്ടായിരം ഗ്യാലന്‍ രക്തമാണ് രക്ത ധമനികളിലൂടെയും ഞരമ്പുകളിലൂടെയും പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഇഷ്ടികകളേക്കാള്‍ മുപ്പതിരട്ടി ഭാരം വഹിക്കാന്‍ കഴിവുണ്ട് മനുഷ്യന്‍ നിസാരമായി കാണുന്ന എല്ലുകള്‍ക്കും പല്ലുകള്‍ക്കും. ഒരാള്‍ മിനിട്ടില്‍ ആറ് ലിറ്റര്‍ വായു വലിച്ചെടുക്കുന്നു. അതേസമയത്തിനുള്ളില്‍250 മി.ഓക്‌സിജന്‍ ഉള്ളിലാക്കാനും 200 മി. കാര്‍ബണ്‍ പുറന്തള്ളാനും കഴിയുന്നു. ഒരാള്‍ ദിവസവും 25920 തവണ ശ്വാസോഛ്വാസം ചെയ്യുന്നു. 17,000തരത്തിലുളള വര്‍ണ്ണങ്ങള്‍ സെക്കന്റുകള്‍ക്കുള്ളില്‍ മനസിലാക്കാന്‍ നമ്മുടെ കണ്ണുകള്‍ക്ക് കഴിയുമ്പോള്‍ ആറായിരം ഗ്യാലന്‍ ഉമിനീര്‍ ഒരാള്‍ ഉല്പാദിപ്പിക്കുന്നു. ഇനി പറയൂ, ദൈവത്തിന്റെ മഹാത്ഭുതത്തിന്റെ കലവറയായ മനുഷ്യശരീരത്തെക്കുറിച്ച് മാത്രം ധ്യാനിക്കുന്ന ഒരാള്‍ക്ക് ആയുസുള്ള കാലം ദൈവത്തെ നിഷേധിക്കാനാവുമോ?
'ഗുരുത്വാകര്‍ഷണ തത്വം' പ്രപഞ്ച നിയന്താവിന്റെ അദൃശ്യകരങ്ങളില്‍ ആശ്രയിക്കാനാണ് ന്യൂട്ടനെന്ന അതുല്യപ്രതിഭയെ പ്രേരിപ്പിച്ചത്. വിശുദ്ധ ഗ്രന്ഥത്തിലെ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴമളക്കാനാണ് വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞന്‍ ലൂയി പാസ്റ്റര്‍ തന്റെ ജീവിതത്തില്‍ അധിക സമയവും നീക്കിവെച്ചത്. മരണനേരത്തുപോലും ജപമണികളെ ചുംബിച്ച് അന്ത്യയാത്രയായ വ്യക്തിയാണ് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണി.
ഇതുപോലെ പതിനായിരക്കണക്കിന് അതുല്യ പ്രതിഭകളെ നമുക്ക് ചരിത്രത്തിലുടനീളം കാണാം. അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും ശാസ്ത്രത്തെയും മതത്തെയും തമ്മില്‍ കൂട്ടിയിണക്കുന്നതായിരുന്നു; ദൈവചിന്തകളിലേക്ക് മനസിനെ നയിക്കുന്നതായിരുന്നു. ശാസ്ത്രത്തിന്റെ പുത്തന്‍ സിദ്ധാന്തങ്ങളിലും കമ്പ്യൂട്ടറുകളുടെ മായിക ലോകത്തും വിഹരിക്കുന്നവര്‍ അതുകൊണ്ടു തന്നെ ദൈവത്തെ മറന്നുള്ള വിശ്വാസപ്രമാണങ്ങളിലേക്ക് യാതൊരുകാരണവശാലും തിരിയരുത്. സ്വന്തം സാധ്യതകളില്‍ മാത്രം മിഴിയൂന്നുന്നവരാണ് ബാബേല്‍ ഗോപുരങ്ങളും ധാന്യപ്പുരകളും കെട്ടിയുയര്‍ത്തുന്നത്. ദൈവത്തെ മറന്നുള്ള മനുഷ്യന്റെ പ്രവര്‍ത്തനം കണ്ട് അപ്പോള്‍ ദൈവം ചിരിക്കുന്നുണ്ടാകും.
Written by ചീഫ് എഡിറ്റര്‍ (Shalom)
No comments:
Post a Comment