Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Saturday, December 29, 2012

വരുവിന്‍, നമുക്ക് രമ്യതപ്പെടാം


ന്തുകൊണ്ട് ദൈവത്തിലേക്ക് തിരിയാനും പ്രാര്‍ത്ഥിക്കാനും കഴിയുന്നില്ല?!

 ഇതിനു പല കാരണങ്ങളുണ്ട്.   അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്; ദൈവത്തെ എതിര്‍ക്കുന്ന ശക്തിയുടെ അടിമത്തത്തില്‍ കഴിയുന്നു എന്നതാണ്.
                      നമ്മുടെ തെറ്റായ വഴികളില്‍ നിന്നു കിട്ടുന്ന തത്ക്കാല സുഖത്തെ ഉപേക്ഷിക്കാന്‍ കഴിയാത്തതും ദൈവത്തിലേക്കു തിരിയാന്‍ തടസ്സമാണ്.   പാപത്തില്‍ നിന്നും നേടിയ സമ്പത്ത് കൈവശമിരിക്കുമ്പോള്‍ ദൈവത്തിലേക്കു തിരിയാന്‍ മനുഷ്യനു കഴിയില്ല(പണം മാത്രമല്ല പലതും അക്കൂട്ടത്തില്‍ വരാം).

                    ലോകത്തില്‍ മാത്രം പ്രത്യാശവച്ചു ജീവിക്കുന്നവരുമായുള്ള അമിതമായ കൂട്ടുകെട്ടുകള്‍ ദൈവവഴികളില്‍ നിന്നും നമ്മെ പിന്‍തിരിപ്പിക്കാം. അനീതിയിലും അസത്യത്തിലും ജീവിക്കുന്നവരുമായുള്ള സംസാരം പോലും വിശ്വാസത്തില്‍ നിന്നും നമ്മെ വ്യതിചലിപ്പിക്കും.
                    നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ ചിലവിടുന്നത് ഏതു തരക്കാരാണോ,അതായിരിക്കും നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്.    നാം പോലും അറിയാതെ നമ്മുടെ സ്വഭാവം രൂപപ്പെടും. അശുദ്ധിയില്‍ നിന്നും അശുദ്ധിയും വിശുദ്ധിയില്‍ നിന്നും വിശുദ്ധിയും നമ്മിലേക്കു കടന്നു വരും.    ശപിക്കപ്പെട്ടവരില്‍ നിന്നും ശാപമെ കടന്നു വരികയുള്ളൂ. അത് ദൈവനിഷേധത്തിലേക്കു നയിക്കും. നാം നശിച്ചാലും,  രക്ഷപ്രാപിച്ചാലും ഗുണം നമുക്കു മാത്രമാണ്. നമ്മുടെ രക്ഷയിലോ തകര്‍ച്ചയിലോ ആര്‍ക്കും ഓഹരിയുണ്ടാകില്ല.
                   പലരും മരണാനന്തരം ചിന്തിക്കും! ഇനിയൊരു ജീവിതം കിട്ടിയിരുന്നെങ്കില്‍ സത്യത്തില്‍ ജീവിക്കാമായിരുന്നു എന്ന്. ബൈബിളില്‍ അതിനു തെളിവുണ്ട്.     ലാസറിന്‍റെയും ധനവാന്‍റെയും ഉപമ!  മരിച്ച ധനവാന്‍ നരകത്തിലെ യാതനകളില്‍ കിടന്നു കൊണ്ട് അപേക്ഷിച്ചു തിരിച്ചു ഭൂമിയിലേക്ക് അയച്ചാല്‍ നന്നായി ജീവിക്കാമെന്ന്.   എന്നാല്‍, അതു സാധിച്ചില്ല. ജീവിതം ഒന്നുമാത്രമെയുള്ളൂ! എങ്ങനെ ജീവിക്കാനും നമുക്ക് അവസരമുണ്ടെന്നോര്‍ക്കുക. 
                   പാപം ചെയ്യാതെ ജീവിക്കാമെന്നു വിശുദ്ധര്‍ തെളിയിച്ചു കാണിച്ചിട്ടുണ്ട്.   നാം ഏത് അവസ്ഥയില്‍ ആണെങ്കിലും ഇന്ന് ഈ നിമിഷം ചിന്തിക്കുക.   ദൈവവും സ്വര്‍ഗ്ഗരാജ്യവും വേണോ, നരകവും സാത്താനും മതിയോ? താത്കാലിക സുഖത്തിനു വേണ്ടി ഈ ലോകത്തില്‍  ജീവിച്ച ധനവാന്‍,  നിത്യനരകത്തിന്‍റെ തീച്ചൂളയില്‍ വച്ചാണ് മാനസാന്തരപ്പെട്ടത്. അത് അവനു രക്ഷ നല്‍കിയില്ല. എന്നാല്‍ അവസാന മണിക്കൂറില്‍ ദൈവത്തിലേക്കു തിരിഞ്ഞ നല്ല കള്ളന്‍ രക്ഷ നേടി. എന്തും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്.    സ്വര്‍ഗ്ഗമോ നരകമോ എന്തും, നമ്മുടെ തിരഞ്ഞെടുപ്പിലൂടെ നാം തന്നെ കണ്ടെത്തുന്നു.    അവസരങ്ങളെ ഉപയോഗിക്കാതെ ദൈവത്തെ പഴിച്ചിട്ടു കാര്യമില്ല.     ഈ ലോകത്തുവച്ചുതന്നെ, എന്തുവേണമെന്ന് തീരുമാനിക്കുക.
                  ജീവിതത്തില്‍ ചെയ്ത വലിയ പാപങ്ങളുടെ ഗൗരവം സാത്താനും മനുഷ്യനെ ഓര്‍മ്മപ്പെടിത്തിക്കൊണ്ടിരിക്കുന്നു.    ഈ ഓര്‍മ്മകള്‍ മനുഷ്യനെ കുറ്റബോധത്തിലേക്കും,   നിരാശയിലേക്കും അതുവഴി ദൈവത്തോടുള്ള എതിര്‍പ്പിലേക്കും നയിക്കും.    ഇനി നമുക്കുരക്ഷയില്ല, അത്രവലിയ പാപങ്ങളാണ് നീ ചെയ്തത് എന്നൊക്കെ സാത്താന്‍ പഠിപ്പിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും.   ഏതായാലും നിനക്കു ദൈവരാജ്യം കിട്ടില്ല, അതുകൊണ്ട്  കഴിയുന്നത്ര ഇവിടെ ആസ്വദിച്ച് ജീവിക്കാന്‍ അവന്‍ പ്രേരിപ്പിക്കും. 
                  ഈ വഞ്ചനയില്‍ മനുഷ്യന്‍ കുടുങ്ങരുത്.   ദൈവത്തിന്‍റെ കാരുണ്യം വലുതാണ്!  നാം ഏതവസ്ഥയില്‍ ആയിരുന്നാലും ദൈവം നമ്മെ സ്വീകരിക്കും.    നാം തിരിയാന്‍ തയ്യാറകണം എന്നുമാത്രം.    ഇന്നു വരെ നാം സഞ്ചരിച്ചിരുന്ന എല്ലാ വഴികളും ഉപേക്ഷിച്ച് പുതിയ സൃഷ്ടിയാകാന്‍ തയ്യാറാകണം.

                 

                  ദൈവവചനം ഇങ്ങനെ പറയുന്നു; "പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം"(ഗലാത്തി:6;15). ശരീരത്തിന്‍റെ അഭിലാഷത്തിനനുസരിച്ചു ജീവിക്കുമ്പോള്‍ ആര്‍ക്കും ആത്മീയമനുഷ്യരാകാന്‍ കഴിയുകയില്ല.  "ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.  ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്‍റെ അഭിലാഷങ്ങള്‍ ജഡത്തിനുമെതിരാണ്(ഗലാത്തി:5;16,17). ശരീരത്തിന്‍റെ അഭിലാഷങ്ങള്‍ എന്തൊക്കെയാണെന്ന് വചനം പഠിപ്പിക്കുന്നുണ്ട്. "അവ വ്യഭിചാരം, അശുദ്ധി, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം,ഭിന്നത വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശമായ മറ്റു പ്രവര്‍ത്തികളുമാണ്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല"(ഗലാത്തി:5:20,21).

                  

                അതുകൊണ്ട് എത്രമാത്രം പാപത്തില്‍ ജീവിച്ചുവോ അതിലേറെ ശക്തിയില്‍ ദൈവത്തിലേക്കു തിരിയുകയാണു വേണ്ടത്.​‍ " രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല; കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്‍റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്‍റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു.   അതിനാല്‍ അവിടുന്ന് നിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. നിന്‍റെ കരങ്ങള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്‍റെ അധരം വ്യാജം പറയുന്നു, നാവ് ദുഷ്ടത പിറുപിറുക്കുന്നു"(ഏശയ്യ:59;1-3).

               

               എന്നാല്‍ കര്‍ത്താവ് വീണ്ടും അരിളിച്ചെയ്യുന്നു; "വരുവിന്‍, നമുക്കു രമ്യതപ്പെടാം.  നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും.   അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുപ്പിക്കും.   അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും.    അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും"(ഏശയ്യ:1;18-20).
               "ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതിയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യം നിമിത്തം അജ്ഞതബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്‍റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു"(എഫേ:4;17,18)."  അതുകൊണ്ട് ; "നിങ്ങളുടെ പഴയ ജീവിതരീതിയില്‍ നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍.   നിങ്ങള്‍ മനസ്സിന്‍റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.   യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍"(എഫേ:4;22-24).

             

                 "ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു"(2കോറി:6;17.



                  നാളെയെന്നത് നമ്മുടേതാകണമെന്നില്ല! ദൈവത്തിനു സ്വീകാര്യമായ ഇപ്പോള്‍തന്നെ; ദൈവത്തിലേക്കു തിരിയുക!!

Written by  ആംസ്ട്രോങ്ങ് ജോസഫ്


No comments:

Post a Comment