Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, January 9, 2013

ഈ ജനം എത്രത്തോളം എന്നെ പ്രകോപിപ്പിക്കും? സംഖ്യ 14:11

ഇസ്രായേൽക്കാർ ഹാരാൻ മരുഭൂമിയിൽ പാളയമടിച്ചിരിക്കേ, കർത്താവിന്റെ കല്പന അനുസരിച്ച് ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളിൽനിന്നും ഓരോരുത്തരെ തെരഞ്ഞെടുത്ത് വാഗ്ദത്തനാടായ കാനാൻദേശം ഒറ്റുനോക്കാൻ മോശ അയച്ചു. 40 ദിവസത്തെ രഹസ്യനിരീക്ഷണത്തിനുശേഷം തിരിച്ചുവന്ന അവർ മോശയെയും അഹറോനെയും ജനങ്ങളെയും വിവരങ്ങൾ അറിയിക്കുകയും അവിടെനിന്ന് കൊണ്ടുവന്ന പഴങ്ങൾ കാണിക്കുകയും ചെയ്തു. ആ പ്രദേശം പാലും തേനും ഒഴുകുന്നതാണെന്നും പട്ടണങ്ങൾ വിശാലവും കോട്ടകളാൽ ചുറ്റെപ്പട്ടതുമാണെന്നും ജനങ്ങൾ മല്ലന്മാരാണെന്നും അവർ പറഞ്ഞു. ഒറ്റുനോക്കാൻ പോയവരിൽ ഒരാളായ കാലെബ് പറഞ്ഞു: നമുക്ക് ഉടനെ പോയി ആ ദേശം കൈവശപ്പെടുത്താം. അത് കീഴടക്കാനുള്ള ശക്തി നമുക്കുണ്ട്. എന്നാൽ, അവിടുത്തെ ജനങ്ങളെ കീഴടക്കാനുള്ള ശക്തി ഇസ്രായേൽ ജനത്തിന് ഇല്ലെന്ന് കൂടെപ്പോയവർ പറഞ്ഞു. അവിടുത്തെ മല്ലന്മാരുടെ മുൻപിൽ നമ്മൾ വെറും വിട്ടിലുകൾ ആണെന്നുവരെ അവർ പറഞ്ഞു.
ഈ അഭിപ്രായങ്ങൾ കേട്ട ജനങ്ങൾ രാത്രി മുഴുവൻ ഉറ ക്കെ നിലവിളിച്ചു. മോശക്കും അഹറോനുമെതിരെ പിറുപിറുത്തു. അവർ പറഞ്ഞു: ഈജിപ്തിൽവച്ച് ഞങ്ങൾ മരിച്ചിരുന്നെങ്കിൽ! വാളിനിരയാകാൻ കർത്താവ് ഞങ്ങളെ ഈ ദേശത്തേക്ക് കൊണ്ടുവന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ശത്രുക്കൾക്ക് ഇരയായിത്തീരുമല്ലോ? ഈജിപ്തിലേക്ക് തിരികെ പോകുന്നതല്ലേ നല്ലത്? നമുക്ക് ഒരു തലവനെ തെരഞ്ഞെടുത്ത് അവന്റെ കീഴിൽ ഈജിപ്തിലേക്ക് തിരികെ പോകാം.
അപ്പോൾ മോശയും അഹറോനും അവിടെ ഒന്നിച്ചു കൂടിയിരുന്ന ഇസ്രായേൽക്കാരുടെ മുൻപിൽ കമിഴ്ന്നുവീണു. ഒറ്റുനോക്കാൻ പോയിരുന്ന ജോഷ്വായും കാലെബും തങ്ങളുടെ വസ്ത്രങ്ങൾ കീറി. അവർ ജനത്തോട് പറഞ്ഞു: ഞങ്ങൾ ഒറ്റു നോക്കാൻ പോയ ദേശം അതിവിശിഷ്ടമാണ്. കർത്താവ് നമ്മിൽ സംപ്രീതനാണെങ്കിൽ അവിടുന്ന് നമ്മെ അങ്ങോട്ട് നയിക്കുകയും തേനും പാലും ഒഴുകുന്ന ആ ദേശം നമുക്ക് തരുകയും ചെയ്യും. നിങ്ങൾ കർത്താവിനോട് മറുതലിക്കരു ത്; ആ ദേശത്തെ ജനങ്ങളെ ഭയപ്പെടുകയുമരുത്. എന്നാൽ, ജോഷ്വയെയും കാലെബിനെയും കല്ലെറിയണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുകയാണ് ചെയ്തത്. അപ്പോൾ സമാഗമ കൂടാരത്തിൽ കർത്താവിന്റെ മഹത്വം ഇസ്രായേലിന് പ്രത്യക്ഷമായി. കർത്താവ് മോശയോട് അരുളിച്ചെയ്തു: ഈ ജനം എത്രത്തോളം എന്നെ പ്രകോപിപ്പിക്കും? അവരുടെമധ്യേ ഞാൻ പ്രവർത്തിച്ചിട്ടുള്ള അടയാളങ്ങൾ കണ്ടിട്ടും എത്രനാൾ എന്നെ അവർ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ മഹാമാരികൊണ്ട് പ്രഹരിച്ച് നിർമാർജനം ചെയ്യും.

അപ്പോൾ മോശ കർത്താവിന്റെ സന്നിധിയിൽ ഇസ്രായേൽക്കാരോട് കരുണ കാണിക്കുവാൻ വേണ്ടി നടത്തുന്ന ഒരു പ്രാർത്ഥനയുണ്ട്. എത്ര ശക്തമാണ് ആ പ്രാർത്ഥനയെന്ന് ശ്രദ്ധിക്കുക: ഈജിപ്തുകാർ ഇതേപ്പറ്റി (ദൈവം അവരെ നശിപ്പിച്ചു എന്ന വാർത്ത) കേൾക്കും. അവിടുത്തെ ശക്തമായ കരമാണല്ലോ ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് കൊണ്ടുവന്നത്. ഈ ദേശത്ത് വസിക്കുന്നവരോടും അവർ ഇക്കാര്യം പറയും. അങ്ങ് ഈ ജനത്തെ സംഹരിച്ചു കളഞ്ഞാൽ അങ്ങയുടെ പ്രശസ്തി കേട്ടിട്ടുള്ള ജനം പറയും: അവർക്ക് കൊടുക്കാമെന്ന് സത്യം ചെയ്ത ദേശത്ത് അവരെ എത്തിക്കാൻ കർത്താവിന് കഴിവില്ല. അതുകൊണ്ട് മരുഭൂമിയിൽ വച്ച് അവൻ അവരെ കൊന്നുകളഞ്ഞു. കർത്താവേ, അങ്ങ് അരുളിച്ചെയ്തിട്ടുള്ളതുപോലെ അങ്ങയുടെ ശക്തി വലുതാണെന്ന് പ്രകടമാക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവ് ക്ഷമാശീലനും അചഞ്ചല സ്‌നേഹം കവിഞ്ഞൊഴുകുന്നവനുമാണ്. അവിടുന്ന് അകൃത്യവും അപരാധങ്ങളും ക്ഷമിക്കുന്നവനാണ്.... അങ്ങയുടെ കാരുണ്യാതിരേകത്തിന് യോജിച്ചവിധം ഈജിപ്തുമുതൽ ഇവിടംവരെ ക്ഷമിച്ചതുപോലെ ഇപ്പോഴും ഇവരുടെ അപരാധം പൊറുക്കണമെന്ന് അങ്ങയോട് ഞാൻ യാചിക്കുന്നു.

മോശയുടെ പ്രാർത്ഥന കേട്ട് കർത്താവ് അവരോട് ക്ഷമിച്ചു. എങ്കിലും, ഈജിപ്തിൽനിന്ന് പുറപ്പെട്ട ജോഷ്വയും കാലെബും ഒഴിച്ചുള്ള ആരെയും വാഗ്ദത്ത നാട്ടിൽ പ്രവേശിക്കാൻ അനുവദിക്കാതെ നാൽപത് വർഷങ്ങൾ അവരെ മരുഭൂമിയിലൂടെ നടത്തി. മരുഭൂമിയിൽ അവർ മരിച്ചുവീണു.

ദൈവത്തെ പ്രകോപിപ്പിച്ച ഇസ്രായേൽക്കാരെ വാഗ്ദത്തനാട്ടിൽ ദൈവം കയറ്റിയില്ല. നമ്മളും ദൈവത്തെ പ്രകോപിപ്പിച്ചാൽ ദൈവത്തിന്റെ ശിക്ഷ നമ്മുടെമേലും ഉണ്ടാകുമെന്ന് ഓർക്കാം. മോശയെപ്പോലെ ദൈവസന്നിധിയിൽ മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന മനുഷ്യർ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മനസിലാക്കാം. വിശുദ്ധിയും വിശ്വാസവും ഉള്ളവരുടെ മധ്യസ്ഥപ്രാർത്ഥന വളരെ ഫലമുണ്ടാക്കുന്നതാണ്!

Written by  ഫാ. ജോസഫ് വയലിൽ CMI 

No comments:

Post a Comment