Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, January 16, 2013

നിത്യതയിലേക്ക് ഇനി എത്ര ദൂരം?


ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമന്റെ ചാൻസിലറായിരുന്നു വിശുദ്ധ തോമസ് മൂർ. ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം ചെയ്യാൻ പാപ്പ അനുവദിക്കാത്തതിന്റെ ദേഷ്യത്തിൽ രാജാവ് പാപ്പയുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ട് സഭയുടെ തലവൻ താൻതന്നെയാണെന്നു പ്രഖ്യാപിച്ചു. എന്നാൽ, വിശുദ്ധ തോമസ് മൂർ ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. അതിനാൽ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. ഏതാനും നാളുകൾക്കുശേഷം ജയിലിൽ സന്ദർശിക്കാനെത്തിയ ഭാര്യ തോമസ് മൂറിനോടു ചോദിച്ചു:

'അങ്ങ് എന്തിനാണ് ഈ മൂട്ടയും എലിയും നിറഞ്ഞ തടവറയ്ക്കുള്ളിൽ കിടന്നു വിഷമിക്കുന്നത്? വൈദികരും മെത്രാന്മാരും രാജാവിനെ സഭയുടെ തലവനായി സ്വീകരിച്ചുകഴിഞ്ഞു. പിന്നെന്തുകൊണ്ടാണ് അൽമായനായ അങ്ങുമാത്രം അത് അംഗീകരിക്കാതിരിക്കുന്നത്? ഇതാ, നമ്മുടെ വീട് അങ്ങേക്കുവേണ്ടി കാത്തിരിക്കുകയാണ്.'

ഇതിന് വിശുദ്ധ തോമസ് മൂർ പറഞ്ഞ മറുപടി ഇപ്രകാരമാണ്:

'ഈ തടവറയെക്കാളും നമ്മുടെ വീട് സ്വർഗത്തോടടുത്താണോ; ഈ തടവറയെപ്പോലെതന്നെ അവിടെയും മരണത്തിന് എന്നെ വന്നുകൊണ്ടുപോകാൻ കഴിയില്ലേ?' തോമസ് മൂർ വീട്ടിലേക്ക് പോയില്ല. രാജാവിനെ സഭാതലവനായി സ്വീകരിച്ചുമില്ല. അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു. നിത്യതയിലേക്ക് പ്രവേശിക്കുകയും ചെയ്തു.

2012നോട് യാത്രപറഞ്ഞുകഴിഞ്ഞ ഈ ദിനങ്ങളിൽ നാമും ചിന്തിച്ചറിയേണ്ട ഒരു വസ്തുത വിശുദ്ധ തോമസ് മൂറിന്റെ ചോദ്യത്തിലുണ്ട്. നമ്മുടെ ജീവിതം സ്വർഗത്തോട് അടുത്താണോ; എന്നെ സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന വഴിയിലൂടെയാണോ ഞാൻ യാത്ര ചെയ്യുന്നത്? 'സമയമാകുന്ന രഥത്തിൽ' നാമെല്ലാം യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. സമയമെല്ലാം കടന്നുപോകും. സമയത്തിനതീതമായ നിത്യതയിലേക്ക് നാം വിളിക്കപ്പെടുകയുംചെയ്യും. 

സംവത്സരത്തിന് 'ഇയർ' എന്നാണ് ഇംഗ്ലീഷിൽ പറയു ന്നത്. 'കടന്നുപോകുന്നത്' എന്നർത്ഥമുള്ള ‘Ire’ എന്ന ലാറ്റിൻ വാക്കിൽനിന്നാണ് ഇതുത്ഭവിച്ചത്. അതിനാൽ കടന്നുപോകുന്നതെല്ലാം കടന്നുപോകാത്തവയിലേക്കുള്ള ചവിട്ടുപടികളാണ്. 2012 കടന്നുപോകുമ്പോൾ ശിശുമുതൽ ശയ്യാവലംബിയായ വൃദ്ധർവരെ  നിത്യതയിലേക്ക് ഒരുപടികൂടി അടുത്തുകൊണ്ടിരിക്കുന്നു. ഓരോ നിമിഷവും നാം വീണ്ടും അടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഏതൊരുയാത്രയ്ക്കും ഒരു അവസാനമുണ്ട്. അതിനാൽ ജീവിതയാത്രയ്ക്കും ഒരു ഒടുക്കമുണ്ടെന്നത് തീർച്ചയാണ്. 

എന്നാൽ, പലപ്പോഴും എങ്ങോട്ടാണ് യാത്രപോകുന്നതെന്ന് നിശ്ചയമില്ലാത്തവരാണ് ലോകത്തിലെ ബഹുഭൂരിപക്ഷവും. ജനിച്ചതുകൊണ്ട് ജീവിക്കുന്നു, എങ്ങനെയെങ്കിലുമൊക്കെ ജീവിക്കുന്നു; പക്ഷേ എന്തിനാണെന്നറിയില്ല. ഈ അറിവില്ലായ്മയാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും ജീർണതയ്ക്കു കാരണം. നിത്യതയെക്കുറിച്ചുള്ള ഈ 

ജ്ഞാനക്കുറവാണ് ക്ഷണികതകളിൽ മനസ്സുടക്കുന്നതിന്റെ കാരണവും. അനശ്വരജീവനെക്കുറിച്ചുള്ള ബോധ്യം കൂടുംതോറും ജീവിതത്തിലും കാഴ്ചപ്പാടുകളിലും ബന്ധങ്ങളിലും വ്യതിയാനങ്ങളുണ്ടാകും; സഹിക്കാനുള്ള ശക്തി വർദ്ധിക്കുകയും ചെയ്യും.

ആദിമനൂറ്റാണ്ടുകളിൽ, പീഡനങ്ങളുടെ മധ്യത്തിലും സഭ തളരാതെ നിന്നത് സ്വർഗത്തെക്കുറിച്ചും നിത്യജീവനെക്കുറിച്ചുമുള്ള യാഥാർത്ഥ്യബോധംമൂലമാണ്. നമുക്കിന്ന് ആ ബോധ്യം നഷ്ടപ്പെട്ടിരിക്കുന്നു. സ്വർഗവും നരകവും വേദപാ~ക്ലാസിലെ പ~നവിഷയങ്ങൾ മാത്രമാണ് ചിലർക്ക്. വർഷങ്ങൾക്കുമുമ്പ് 'ടൈം' മാസിക അമേരിക്കയിലെ വിവിധ സഭകളിലെ പുരോഹിതർക്കിടയിൽ ഒരു സർവേ നടത്തി. അതിൽ കണ്ടത് 40% പുരോഹിതരും സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ലാത്തവരായിരുന്നു എന്നാണ്. പിന്നെ ജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ! 

ഒരുപക്ഷേ നമ്മുടെ വിശ്വാസികളിലധികവും സ്വർഗ- നരകങ്ങളിൽ വിശ്വാസമുള്ളവരായിരിക്കാം. പക്ഷേ ആ വിശ്വാസം ജീവനുള്ള വിശ്വാസമായിരുന്നുവെങ്കിൽ ക്രൈസ്തവസമൂഹം ഇന്നത്തേതിൽനിന്നും തികച്ചും വ്യത്യസ്തമായേനെ. പ്രശ്‌നങ്ങളും പ്രതിസന്ധികളും വേദനയും നിരന്തരം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, മാനുഷികപരിഹാരങ്ങൾക്കും ആലോചനകൾക്കും പരിമിതികളുണ്ട്. എന്നാൽ ജീവിതയാത്രയുടെ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധ്യം ലഭിച്ചാൽ പതറിപ്പോകാത്ത ക്രൈസ്തവജീവിതങ്ങൾ രൂപംകൊള്ളും.

ആയുസിന്റെ 2012നെ കടന്നുപോകുന്ന നാം 2013ലൂടെ നിത്യതയിലേക്ക് കൂടുതൽ അടുക്കുകയാണ്. പക്ഷേ അത് നിത്യമായ സന്തോഷത്തിലേക്കാണോ നിത്യമായ ദു:ഖത്തിലേക്കാണോ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. 2013ലെ ഓരോ ദിനവും അനശ്വരമായ സന്തോഷത്തിലേക്കുള്ള ചവിട്ടുപടികളായിത്തീരാൻ എല്ലാ വായനക്കാർക്കും ഇടയായിത്തീരട്ടെ. പുതുവർഷാശംസകളോടെ...

Written by  ബെന്നി പുന്നത്തറ

No comments:

Post a Comment