Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Tuesday, January 22, 2013

ശാസ്ത്രം സമ്മതിച്ചു; തിരുവോസ്തിയിൽ ഹൃദയകോശങ്ങൾ



2008 ഒക്‌ടോബർ 12 രാവിലെ 8.30 പോളണ്ടിലെ സെക്കോട്കയിലുള്ള സെന്റ് ആന്റണി ഓഫ് പാദുവ ദേവാലയം. ഞായറാഴ്ചയിലെ ആദ്യ വിശുദ്ധബലി.
ഫാ. ഫിലിപ്പ് ഡ്രോഡോവ്‌സ്‌കിയുടെ മുഖ്യകാർമികത്വത്തിലാണ് ദിവ്യബലി. ഫാ. ജാക്ക് ഇംഥി ലൂയീസ് ദിവ്യകാരുണ്യം നല്കാൻ ഫാ. ഫിലിപ്പിനൊപ്പം സഹായി. 
പെട്ടെന്നാണ് മുൻ നിരയിൽ മുട്ടുകുത്തി നിൽക്കുന്ന സ്ത്രീകളിലൊരാൾ അത് ശ്രദ്ധിച്ചത്. അൾത്താരയിലേക്കുള്ള പടിയിൽ ഒരു തിരുവോസ്തി. ആരോ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനിടയിൽ അറിയാതെവീണതായിരിക്കാം. 

ആ സ്ത്രീ ഉടൻ തന്നെ ഫാ. ജാക്കിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. അദ്ദേഹം ആ തിരുവോസ്തി മുട്ടുകുത്തി നിന്ന് കരങ്ങളിലെടുത്തു. മറ്റാർക്കും അത് നല്കാതെ അൾത്താരയിൽ വച്ചു. കൂദാശചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന ഒരു പതിവുണ്ട്. ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിക്കുക. ഇത്തരത്തിൽ തിരുവോസ്തി അലിഞ്ഞുചേർന്ന വെള്ളം മറ്റാരും ചവിട്ടികടന്നുപോകാത്ത ഒരിടത്ത് ഒഴുക്കിക്കളയുക.

ഓരോ ദേവാലയത്തിന്റെയും അൾത്താരക്ക് സമീപം ഒരു സാക്രേറിയം ഉണ്ടായിരിക്കും. ഓവ് ചാലുകളിലേക്കു തുറക്കാതെ നേരെ ഭൂമിയിലേക്ക് പതിക്കത്തക്കവണ്ണം വെള്ളം ഒഴുകാനാകാവും വിധം ക്രമീകരിച്ചിട്ടുള്ള ഒരു 'സിങ്കാ'ണിത്. വിശുദ്ധബലി അർപ്പിക്കുന്ന വേളയിൽ കൈകഴുകുന്ന വെള്ളം ഒഴുക്കിക്കളയുക എന്നിവയൊക്കെ സാക്രേറിയത്തിലൂടെയാണ്. തറയിൽ കിടന്നുകിട്ടിയ തിരുവോസ്തി ഫാ. ജാക്ക് ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ചു വച്ചു. തിരുവോസ്തി വെള്ളത്തിൽ ലയിച്ചു ചേർന്നാൽ അത് സാക്രേറിയത്തിൽ ഒഴിച്ചു കളയാം. 

സാമാന്യം വലിയൊരു ഇടവകയാണ് സെന്റ് ആന്റണി ഓഫ് പാദുവ. സിസ്റ്റർ ജൂലിയ സുബോഡ്ക എന്ന കന്യാസ്ത്രീക്കാണ് ദേവാലയ ശുശ്രൂഷയുടെ ചുമതല. കുർബാനയിൽ സഹായിക്കുന്നവരുടെ ഏകോപനം, വിശുദ്ധ കുർബാനയ്ക്കുവേണ്ട തിരുവസ്തുക്കളുടെ ക്രമീകരണം ഇവയൊക്കെയും സിസ്റ്ററിന്റെ ഉത്തരവാദിത്തമാണ്. 

തിരുവോസ്തി അടങ്ങിയ വെള്ളം സിസ്റ്റർ ജൂലിയ ഒരു സേഫിൽ വച്ച് പൂട്ടി. മറ്റാരും അശ്രദ്ധമായി കൈകാര്യം ചെയ്യാതിരിക്കാനുള്ള ഒരു മുൻകരുതൽ. ഈ സേഫിന്റെ ഒരു താക്കോൽ സിസ്റ്റർ ജൂലിയയുടെ കൈയിലും മറ്റൊന്ന് ഇടവക വികാരിയായ മോൺ. സ്റ്റനിസ്ലാവ് ഗ്‌നീഡ്‌സിക്കോയുടെ കൈയിലും. സെർവെന്റ്‌സ് ഓഫ് ജീസസ് ഇൻ ദ യൂക്കരിസ്റ്റ് എന്ന സന്യാസസഭാംഗമാണ് സിസ്റ്റർ ജൂലിയ. 

സിസ്റ്റർ ഓരോ ദിവസം സേഫ് തുറക്കുമ്പോഴും തിരുവോസ്തി ഇട്ടുവച്ച വെള്ളത്തിലേക്കൊന്നു നോക്കും. തിരുവോസ്തി ലയിച്ചു തീർന്നോ എന്നറിയാനാണിത്. ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ വേണ്ടി വന്നിട്ടില്ല. അത്രയും സൂക്ഷ്മതയോടെയാണ് വൈദികർ ദിവ്യകാരുണ്യം നല്കുന്നത്. എന്നിട്ടും ഇതെന്തേ ഇങ്ങനെ? സിസ്റ്ററിന് സങ്കടം തോന്നി.
ഒക്‌ടോബർ 19, തിരുവോസ്തി വെള്ളത്തിൽ ഇട്ടുവച്ചിട്ടിപ്പോൾ ഒരാഴ്ച. ഞായറാഴ്ചത്തെ പ്രഭാതബലിക്കു ക്രമീകരണങ്ങൾ ഒരുക്കുന്ന തിരക്കിലാണ് സിസ്റ്റർ. സങ്കീർത്തിയിലെ സേഫ് വീണ്ടും തുറന്നു. അന്നും പതിവുപോലെ സിസ്റ്റർ പാത്രത്തിലേക്ക് നോക്കി. തിരുവോസ്തി ലയിച്ച് തീർന്നെങ്കിൽ സാക്രേറിയത്തിൽ ഒഴിച്ചു കളയാനായിരുന്നു ചിന്ത. 

എന്നാൽ സിസ്റ്റർ ജൂലിയ അമ്പരന്നു. തിരുവോസ്തിയുടെ നടുവിലായി ചുവന്ന തടിപ്പ്. കേടായതാവാം എന്നായിരുന്നു സിസ്റ്ററിന്റെ ആദ്യനിഗമനം. പക്ഷേ, സൂക്ഷിച്ചു നോക്കിയപ്പോൾ വ്യക്തമായി, അത് മാംസംപോലെ എന്തോ ഒന്നാണ്. ഏകദേശം ഒന്നര സെന്റിമീറ്റർ നീളവും ഒരു സെന്റീമീറ്റർ വീതിയും മാത്രമേയുള്ളൂ ഈ ചുവന്ന തടിപ്പിന്. 

വീണ്ടും സൂക്ഷിച്ചു നോക്കിയ സിസ്റ്ററിന് ഉറപ്പായി; മനുഷ്യശരീരത്തിന്റെ മാംസം പോലെയാണത്. നടുങ്ങിത്തരിച്ചു നിന്നുപോയി സിസ്റ്റർ ജൂലിയ. 'ഈശോയുടെ ദിവ്യകാരുണ്യത്തിന്റെ ദാസികൾ' എന്നാണ് സിസ്റ്ററിന്റെ സഭയുടെ പേര്. ലോകത്ത് പലയിടത്തും സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട് സിസ്റ്റർ ജൂലിയ. പക്ഷേ, തന്റെ ജീവിതത്തിൽ ഇത്തരത്തിലൊരു സംഭവം! എന്തുചെയ്യണമെന്നറിയാതെ ഏറെ നേരം നിന്നു സിസ്റ്റർ. ശബ്ദം നിലച്ചതുപോലെയായിരുന്നു നിൽപ്പ്. സങ്കീർത്തിയിലേക്കു കടന്നു വന്ന ഫാ. ഫിലിപ്പ് ഡ്രോഡോവ്‌സി എന്തുപറ്റിയെന്നാരാഞ്ഞു സിസ്റ്ററിനോട്. നടന്ന സംഭവങ്ങളെല്ലാം സിസ്റ്റർ വിവരിച്ചു. തിരുവോസ്തി അടങ്ങിയ പാത്രം സിസ്റ്റർ സങ്കീർത്തിയിലെ മേശപ്പുറത്തു വച്ചു. വിവരമറിഞ്ഞ് മറ്റ് വൈദികരും സങ്കീർത്തിയിലെത്തി. വെളുത്ത തിരുവോസ്തിയിലെ ചുവന്ന വസ്തു മുതിർന്ന വൈദികനായ മോൺ. സ്റ്റിനിസ്ലാവ്ഗ്‌നിഡ്‌സിക്കോയേയും അമ്പരപ്പിച്ചു. ഇത്തരത്തിലൊന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലും ഇതാദ്യം. 

തിരുവോസ്തി വെള്ളത്തിൽ നിന്നെടുത്ത് സസൂക്ഷ്മം നിരീക്ഷിച്ചു മോൺസിഞ്ഞോർ തിരുവോസ്തിയുടെ നടുവിലുള്ളത് മനുഷ്യശരീരത്തിന്റെ ഭാഗംപോലെയെന്ന് തീർച്ചയാക്കി അദ്ദേഹവും. പക്ഷേ, എന്തെങ്കിലും ജൈവശാസ്ത്രപരമായ കാരണങ്ങളാൽ സംഭവിച്ചതായിക്കൂടെന്നില്ലല്ലോ? എന്തൊക്കെയായാലും ഇത് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു; ശാസ്ത്രീയപരീക്ഷണങ്ങളിലൂടെ സത്യമറിയാം. 

ഇതേക്കുറിച്ചു മറ്റാരോടും സംസാരിക്കരുതെന്നു സഹവൈദികരെയും സിസ്റ്റർ ജൂലിയയെയും വിലക്കി. ഇതിന്റെ പേരിലുള്ള അനാവശ്യ വിവാദങ്ങളും സെൻസേഷനും ഒഴിവാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പോളണ്ടിന്റെ കിഴക്കൻ മേഖലയിലുള്ള ഒരു അതിരൂപതയാണ് ബിയിലിസ്റ്റേറ്റ്. മോൺ. സ്റ്റനിസ്ലാവാസ് തന്റെ ഇടവകയിൽ നടന്ന അസാധാരണസംഭവങ്ങളുടെ വിവരണം ആർച്ച് ബിഷപ് എഡ്വേർഡ് ഓസൊരോവ്‌സ്‌കിക്കു നല്കി. അധികം വൈകാതെ നേരിട്ടു സന്ദർശനത്തിനെത്തി ആർച്ച് ബിഷപ്. 

അത്ഭുതം നടന്ന തിരുവോസ്തി സങ്കീർത്തിയിൽ നിന്ന് പ്രിസ്ബിറ്ററി (വൈദികമന്ദിരം)യിലുള്ള ഡിവൈൻ മേഴ്‌സി ദേവാലയത്തിലേക്കു മാറ്റാൻ നിർദേശിച്ചു മെത്രാപ്പോലീത്ത. വെള്ളത്തിൽ നിന്ന് പുറത്തെടുത്തു തിരുവോസ്തി കട്ടിയുള്ള ഒരു വെള്ളത്തുണിയിൽ (കോർപ്പറൽ - കെത്താന) ഉറപ്പിച്ചശേഷം ഒരു അരുളിക്കയിലാക്കി. ഈ അരുളിക്ക സക്രാരിയിലേക്ക് മാറ്റി. 

2009 ഓഗസ്റ്റ് അഞ്ച്. ബിയാലിസ്റ്റോക്ക് അതിരൂപതയുടെ കൂരിയാ സമ്മേളിക്കുകയാണ്. തിരുവോസ്തിയുടെ അത്ഭുതരൂപാന്തരീകരണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്താനായിരുന്നു കൂരിയയുടെ തീരുമാനം. അങ്ങേയറ്റം ശാസ്ത്രീയമായിരിക്കണം ഈ പഠനമെന്നും രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞർ ഇക്കാര്യം പഠിക്കണമെന്നും കൂരിയ നിശ്ചയിച്ചു. 

ബിയാലിസ്റ്റോക്കിലെ പ്രമുഖ സർവകലാശാലയാണ് ബിയിലിസ്റ്റോക്ക് മെഡിക്കൽ യൂണിവേഴ്‌സിറ്റി. വൈദ്യശാസ്ത്രഗവേഷണ രംഗത്ത് കിഴക്കൻ യൂറോപ്പിലെ തന്നെ മികവുറ്റ സ്ഥാപനങ്ങളിലൊന്ന്. കമ്മ്യൂണിസ്റ്റ് ഭരണകാലത്തു തന്നെ പേരു കേട്ട ഒരു സ്ഥാപനം. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ രണ്ട് ശാസ്ത്രജ്ഞരാണ് പ്രഫ. മരിയാ സെബാനീക്ക്, പ്രഫ. സ്റ്റനിസ്ലാവ് സൂൾക്കോവ്‌സ്‌കി എന്നിവർ. മൂന്ന് പതിറ്റാണ്ടിലേറെ ശാസ്ത്രഗവേഷണരംഗത്ത് പ്രവർത്തിക്കുന്നവരായിരുന്നു ഇരുവരും. 
ബിയാലിസ്റ്റോക്ക് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പാതോ മോർഫോളജിയുടെ മേധാവിയായിരുന്നു ഡോ. മരിയാ സെബാനീക്ക്. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ജനറൽ പാതോമോർഫോളജിയുടെ മേധാവിയാണ് പ്രഫ. സ്റ്റനിസ്ലാവ് സുൾക്കോവ്‌സ്‌കി. 

2009 ഓഗസ്റ്റ് ഏഴ്. പ്രഫ. മരിയാ സെബാനീക് സൊക്കോട്കയിലെത്തി. സെന്റ് ആന്റണി ഓഫ് പാദുവ ദേവാലയത്തിൽ അതിരൂപതാ കൂരിയായിലെ മുതിർന്ന അംഗങ്ങളിൽ പലരും സന്നിഹിതർ. അവരുടെ സാന്നിധ്യത്തിൽ തിരുവോസ്തിയുടെ രൂപാന്തരീകരണം നടന്ന ഭാഗത്തിന്റെ അല്പം മുറിച്ചെടുത്തു ഡോ. സെബാനീസ്. 
അത് മുറിച്ചെടുക്കുമ്പോൾ അതെന്താണെന്നോ എന്തായിരിക്കുമെന്നോ എനിക്കൊരു ഉറപ്പുമില്ലായിരുന്നു. തവിട്ടു നിറമായിരുന്നു അതിന്. തിരുവോസ്തിയുടെ അവിഭാജ്യമായ ഒരു ഭാഗം തന്നെയായിരുന്നു അത്; ഡോ. മരിയാ സെബാനീറ്റ് പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞു. 

രണ്ട് പ്രഫസർമാരും തികച്ചും സ്വതന്ത്രമായി വെവ്വേറെ പരീക്ഷണങ്ങളാണു നടത്തിയത്. പരസ്പരം യാതൊന്നും ചർച്ച ചെയ്യാതെ നടത്തിയ സ്വതന്ത്രമായ പഠനം! സർവകലാശാലയിൽ ലഭ്യമായിരുന്ന ഏറ്റവും മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും അവരതിനുപയോഗിച്ചു. ഓരോ ഘട്ടത്തിലും അതുവരെയുള്ള പഠനഫലങ്ങൾ വിലയിരുത്തി. ആധുനിക മാനേജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിരന്തരം ചിത്രങ്ങളെടുത്തു. 

ഒടുവിൽ രണ്ട് ശാസ്ത്രജ്ഞരും വെവ്വേറെയായി തങ്ങളുടെ കണ്ടെത്തലുകൾ സമർപ്പിച്ചു. രണ്ട് റിപ്പോർട്ടുകളും പരിശോധിച്ച കൂരിയാ അംഗങ്ങൾ അത്ഭുതപരതന്ത്രരായി. രണ്ട് റിപ്പോർട്ടുകളുടെയും രത്‌നചുരുക്കം ഇങ്ങനെയായിരുന്നു. 

'മരണവേദന അനുഭവിച്ചിരുന്ന ഒരു പുരുഷന്റെ ഹൃദയഭിത്തിയുടെ കോശങ്ങളാണിത്. ഹാർട്ട് അറ്റാക്ക് മൂലം മരിക്കുന്ന ഒരു വ്യക്തിയുടേതുപോലെ ഒട്ടേറെ നേരിയ മുറിവുകളുള്ളൊരു ഹൃദയകോശം' ശാസ്ത്രീയ ഭാഷയിൽ 'ഇതൊരു മയോ കാർഡിയൽ ടിഷ്യൂ' ആണ്. ജീവനുള്ള മനുഷ്യശരീരത്തിലെ ഹൃദയഭിത്തിയുടെ ഒരു കോശം. ഞങ്ങൾ പരിശോധിച്ച ഈ സാമ്പിളിന്റെ മുഴുവൻ ഭാഗവും ഒരേ വസ്തുവിന്റേതു തന്നെയായിരുന്നു; പ്രഫ. മരിയാ സെബാത്തീനലൊട്ടോവ്‌സ്‌ക പറഞ്ഞു. 

ഇനി പ്രഫ. സ്റ്റിനിസ്ലാവ് സുൾക്കോവിയുടെ പഠന റിപ്പോർട്ടിലേക്ക്. 'സാധാരണ ഗതിയിൽ തിരുവോസ്തി വെള്ളത്തിലിട്ടുവച്ചാൽ വളരെ വേഗം അത് ലയിച്ചു തീരും. എന്നാൽ സെക്കോട്ക്കയിലെ തിരുവോസ്തി ശാസ്ത്രത്തിനജ്ഞാതമായ കാരണങ്ങളാൽ വെള്ളത്തിൽ ലയിച്ചു ചേർന്നില്ല. തിരുവോസ്തിയുടെ നടക്കുള്ള ഭാഗം മനുഷ്യന്റെ ഹൃദയപേശികോശങ്ങളായി രൂപാന്തരപ്പെടുകയായിരുന്നു. തിരുവോസ്തിയുടെ മറ്റ് ഭാഗങ്ങളും. ഇതിനെ യാതൊരു രീതിയിലും വേർതിരിച്ചുനിർത്താനാവുമായിരുന്നില്ല. 

ഈ ദിവ്യകാരുണ്യത്തിന്റെ 'ഫോട്ടോമൈക്രോഗ്രാഫ്' ഇമേജുകൾ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു. ഗോതമ്പ് അപ്പത്തിൽ നിന്ന് രൂപാന്തരപ്പെട്ടതാണ് ഈ മനുഷ്യഹൃദയകോശം. ഗോതമ്പ് അപ്പത്തിൽ നിന്നു സ്വാഭാവികമായി ഉണ്ടായ ഒന്നാണത്. യാതൊരുവിധ ആധുനിക സാങ്കേതികവിദ്യകളാലും ഇത്തരത്തിലൊരു കൃത്രിമസംയോജനം സാധ്യമല്ല. ഗോതമ്പ് അപ്പവും ഹൃദയപേശികളെയും ഇത്തരത്തിൽ ശാസ്ത്രീയമായി കൂട്ടിച്ചേർക്കാനാവില്ല. മാനുഷികമായ കൃത്രിമത്വത്തിനൊന്നും ഇവിടെ സാധ്യതയില്ലന്നർത്ഥം. 

ഇതെങ്ങനെ സംഭവിക്കുന്നുവെന്നു ഞങ്ങൾക്കറിയില്ല എന്റെ ജീവിതത്തിൽ ഞാൻ നടത്തിയ ഏറ്റവും സവിശേഷമായ ശാസ്ത്രീയപഠനമാണിത്. ഇതെന്നെ അമ്പരപ്പിക്കുന്നു. അസാധാരണമാണ് ഈ പ്രതിഭാസം. പ്രഫ. സ്റ്റനിസ്ലാവ് സുൾക്കോവ്‌സ്‌കിയുടെ സാക്ഷ്യം. ഇറ്റലിയിലെ ലാൻസിയാനോയിൽ രൂപാന്തരപ്പെട്ട തിരുവോസ്തിയിൽ കണ്ടെത്തിയതും ഹൃദയപേശീകോശങ്ങൾ. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരായിരുന്നു ലാൻസിയാനോയിലെ തിരുവോസ്തിശാസ്ത്രീയപഠനത്തിന് വിധേയമാക്കിയതെന്ന് മാത്രം. ഇപ്പോൾ പോളണ്ടിലെ സെക്കോട്കയിലുള്ള സെന്റ് ആന്റണി ഓഫ് പാദുവ ദേവാലയം തീർത്ഥാടകരുടെ അഭൂതപൂർവമായ തിരക്കിലാഴ്ന്നിരിക്കുന്നു. മാംസമായി മാറിയ തിരുവോസ്തി ദർശിക്കാനുള്ള തിരക്ക്... 


Written by  ശാന്തിമോൻ ജേക്കബ്,[സണ്‍‌ഡേ ശലോമില്‍ വന്ന ലേഖനം]

No comments:

Post a Comment