Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Sunday, December 9, 2012

ക്രിസ്തു മിസാകുന്ന ക്രിസ്മസുകൾ


എത്രയോ രാത്രികൾ കടന്നുപോകുന്നു. എന്നാൽ, ഈ രാത്രിക്ക് മാത്രം എത്ര വിശേഷങ്ങളാണുള്ളത്! രക്ഷകൻ ഭൂജാതനായ രാത്രിയാണ് ക്രിസ്മസ് രാത്രി. ഇന്നേവരെയുള്ള ചരിത്രത്തിൽ എത്രയോ മഹാന്മാർ ജനിച്ചിട്ടുണ്ട്. എന്നാൽ 2012 വർഷത്തോളം ജന്മദിനം ആഘോഷിക്കുന്ന ഒരു വ്യക്തിയുണ്ടോ? ഒരിക്കലും ഇല്ല. അത് ക്രിസ്തുവിന് മാത്രമുള്ളതാണ്. ക്രിസ്മസ് ഒരു അടയാളമാണ്. പ്രവാചക വചനത്തിന്റെ പൂർത്തീകരണമാണ് ക്രിസ്മസ് (ഏശയ്യ 7:14). കന്യക (യുവതി) ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ആരാണീ പുത്രൻ! അവൻ പണ്ട് യുഗങ്ങൾക്കുമുമ്പേയുള്ളവനാണ്. പണ്ടേ യുഗങ്ങൾക്കു മുമ്പേയുള്ളവൻ മനുഷ്യരൂപം സ്വീകരിച്ച രാത്രിയാണ് ക്രിസ്മസ് രാത്രി (മലാക്കി 5:2). ദൈവത്തിന്റെ രൂപത്തിലായിരുന്നവൻ തന്നെത്തന്നെ ശൂന്യനാക്കിയ രാത്രിയാണ് ക്രിസ്മസ് രാത്രി (ഫിലിപ്പി.2:6-7). അങ്ങനെയാണെങ്കിൽ ക്രിസ്മസ് ആഘോഷം എങ്ങനെയുള്ളതായിരിക്കണം. നമ്മുടെ ഇന്നത്തെ ക്രിസ്മസ് ആഘോഷങ്ങൾ എങ്ങനെ മാറ്റിയെടുക്കേണ്ടതുണ്ട്?

സ്വാമി വിവേകാനന്ദൻ എല്ലാ ക്രിസ്മസ് ദിവസവും ഉപവാസം അനുഷ്ഠിച്ചിരുന്നു. വെള്ളംപോലും അദ്ദേഹം അന്നേദിവസം കുടിച്ചിരുന്നില്ല. ഈ ഉപവാസത്തെക്കുറിച്ച് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു: ''ഈ കാണുന്ന പ്രപഞ്ചത്തിനെയും നമുക്ക് കാണാൻ പറ്റാത്ത സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവം മനുഷ്യനായി അവതരിച്ച ദിവസമാണ്, തിന്മയിൽനിന്നും പാപത്തിന്റെ നീരാളി പിടിത്തത്തിൽനിന്നും മനുഷ്യനെ രക്ഷിക്കാൻ മനുഷ്യരൂപം സ്വീകരിച്ച ദിവസമാണ് ഈ മഹാദിവസം. ഇതിന് പകരം വയ്ക്കാൻ എനിക്ക് ഒന്നുമില്ല. അതിനാലാണ് മനസും ശരീരവും ആത്മാവും അവനിൽ സമർപ്പിച്ച് അവൻ ആയിരുന്നുകൊണ്ട് അവനെ ധ്യാനിക്കുകയാണ് ഞാൻ ചെയ്യുന്നത്.''

എന്നാൽ നമുക്ക് ക്രിസ്തുമസാണോ അതോ ക്രിസ്തു മിസാണോ! ഇന്നും പല ക്രിസ്ത്യാനികൾക്കും വൈദികർക്കും സന്യാസികൾക്കും സെമിനാരി വിദ്യാർത്ഥികൾക്കും ക്രിസ്തു, മിസായിക്കൊണ്ടിരിക്കുകയാണ്. ''സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല'' (ലൂക്കാ 2:7). സത്രം തലയുയർത്തി നിൽക്കുകയാണ്. പല തരത്തിലുള്ള വ്യക്തികൾ സത്രത്തിനുള്ളിലുണ്ട്. എന്നാൽ, ക്രിസ്തുവിന് സ്ഥലമില്ല. കിട്ടിയ അവസരം നഷ്ടപ്പെടുത്തിയ സത്രം. ഇന്ന് നമ്മുടെ ഇടയിലും ഇതല്ലേ നടക്കുന്നത്? ക്രിസ്തുവില്ലാത്ത ക്രിസ്മസ് ആഘോഷങ്ങൾ. സത്രത്തിൽ പല ഉന്നതവ്യക്തികളും പണ്ഡിതന്മാരും അന്ന് താമസിച്ചിരുന്നു. ഇന്ന് ആ സ്ഥലം ആർക്കും തിരിച്ചറിയാൻ പറ്റുന്നില്ല. എന്നാൽ, യേശു ജനിച്ച കാലിത്തൊഴുത്ത് ലക്ഷങ്ങൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥനാലയമായി മാറിയിരിക്കുന്നു. ഇവിടെയാണ് ലൂക്കായുടെ സുവിശേഷം 3:4- വാക്യങ്ങൾ ഓർക്കേണ്ടത്: ''കർത്താവിന്റെ വഴിയൊരുക്കുവിൻ. അവന്റെ പാത നേരെയാക്കുവിൻ. താഴ്‌വരകൾ നികത്തപ്പെടും. കുന്നും മലയും നിരത്തപ്പെടും. വളഞ്ഞ വഴികൾ നേരെയാക്കപ്പെടും. പരുപരുത്തവ മൃദുവാക്കപ്പെടും.''

ഓരോ ക്രിസ്ത്യാനിയും ക്രിസ്തുവിന്റെ വഴിയൊരുക്കേണ്ടവനാണ്. ഈ ആഗമനകാലത്ത് എന്റെ ജീവിതപാത നേരെയാക്കുവാൻ ലഭിച്ച അവസരം കൂടിയാണിത്. മറ്റുള്ളവരുടെ കുറവുകളും ആവശ്യങ്ങളും നികത്തപ്പെടേണ്ട കാലമാണല്ലോ ക്രിസ്മസ്. കുന്നും മലയും പോലെ ഉയർന്നുനിൽക്കുന്ന എന്റെ അഹന്ത, ഞാനെന്ന ഭാവം, ഗർവ് ഇവയൊക്കെ നിരത്തപ്പെടുവാനായി വിളിക്കപ്പെട്ടവനാണ് ഓരോ ക്രിസ്ത്യാനിയും. വളഞ്ഞ വഴികളിൽ ഉണ്ടാക്കുന്ന സമ്പത്ത്, മദ്യം, മയക്കുമരുന്ന്, ലഹരിപദാർത്ഥങ്ങൾ ഇവയിൽനിന്ന് പിന്തിരിയുവാനും നേരായ മാർഗം സ്വീകരിക്കാനുമാണ് ക്രിസ്മസ് നമ്മോട് ആഹ്വാനം ചെയ്യുന്നത്. പരുപരുത്ത നമ്മുടെ മനസും തഴക്കദോഷങ്ങളും പാപവിചാരങ്ങളും മൃദുവാക്കാൻ ലഭിക്കുന്ന അവസരം കൂടിയാണിത്.

ഏറ്റവും എളിയവരോട് തന്നെ താരതമ്യപ്പെടുത്തുന്ന ക്രിസ്തുവിനെ ചെറിയവരിൽ കണ്ടുകൊണ്ട് അവരെ സഹായിച്ചുകൊണ്ട് ഈ ക്രിസ്മസ് ആഘോഷിക്കാം. ദൈവകൃപ ലഭിച്ചവരായി സമാധാനം ആസ്വദിക്കാം. എല്ലാവരെയും സമമായി കാണുവാനും ഉള്ളതിൽനിന്ന് ദാനം ചെയ്യുവാനും നമുക്ക് സാധിച്ചാൽ ക്രിസ്തു ആശംസിച്ച 
സമാധാനം നമ്മുടെ കുടുംബങ്ങളിൽ നിലകൊള്ളും.


Written by  ബ്ര. സ്റ്റെലിൻ ജെ. 

No comments:

Post a Comment