Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Friday, December 7, 2012

ജോൺ ഇരുപത്തിമൂന്നാമനും പോൾ ആറാമനും ചരിത്ര നിയോഗത്തിനായി ദൈവം തിരഞ്ഞെടുത്തവർ

കർദിനാൾ ആഞ്ചലോ റോങ്കാള്ളി അന്ന് റോമിലേക്ക് ട്രെയിൻ കയറിയത് മടക്കയാത്രയ്ക്കുള്ള ഒരു ടിക്കറ്റുമായി. പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് തുടങ്ങുകയാണ്; എത്രനാൾ നീളുമെന്നറിയാത്തതിനാൽ തിയതി രേഖപ്പെടുത്താത്ത ഒരു ഓപ്പൺ ടിക്കറ്റാണ് കൈവശം.

വെനീസിലെ പാത്രിയർക്കീസാണ്. പക്ഷേ, യാത്രയിൽ പരിവാരങ്ങളൊന്നുമില്ല; ആരവങ്ങളും. പതിവുപോലെ ലഗേജുകളും ലളിതം. ബെർഗാമോയിലെ ആ കർഷകന്റെ മകന് എന്നും അന്യമായിരുന്നു ആഡംബരങ്ങളുടെ കെട്ടുകാഴ്ചകൾ. വെനീസിലേക്കുള്ള ആ മടക്ക ടിക്കറ്റ് പക്ഷേ, ഉപയോഗിക്കേണ്ടി വന്നില്ല. ദൈവം കരുതിവച്ച യാത്രാപഥം മറ്റൊന്നായിരുന്നുവല്ലോ?
1958 ഒക്‌ടോബർ 25. പത്തൊൻപതു വർഷം സഭയെ നയിച്ച പന്ത്രണ്ടാം പീയൂസ് മാർപാപ്പയ്‌ക്കൊരു പിൻഗാമിയെ തേടുകയാണ് ലോകം. സിസ്റ്റെയ്ൻ ചാപ്പലിൽ വെളുത്ത പുകയുയരുന്നതും കാത്തിരിക്കുന്ന മാധ്യമപ്പട.

ആദ്യത്തെ രണ്ടു ദിവസങ്ങളും സംഭവരഹിതം. ആകാംക്ഷയുടെ രസമാപിനിയിൽ ചൂട് ഉയർന്നുകൊണ്ടിരുന്നു; ഒക്‌ടോബർ 28.
വത്തിക്കാന്റെ ആകാശത്തേക്ക് ഉയരുന്ന വെളുത്ത പുക. ആഗോളസഭയ്ക്ക് പുതിയൊരു അമരക്കാരൻ. ഇനി, അതാരായിരിക്കും എന്നറിയാനുള്ള ഉദ്വേഗംമാത്രം.
പെട്ടെന്ന്, കാമറകളുടെ ഫഌഷ് മിന്നി. വെനീസിലെ പാത്രിയർക്കീസ് കർദിനാൾ ആഞ്ചലോ റോങ്കാളി. പ്രായം 77 വയസ്. പലരുടെയും നെറ്റികൾ ചുളിഞ്ഞു; ചിലരുടെ ചുണ്ടുകളിൽ നിരാശ. പിറ്റേന്ന് പത്രങ്ങളുടെ തലക്കെട്ടുകൾ പോലും പുതിയ മാർപാപ്പയെ താഴ്ത്തിക്കെട്ടി. അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടാത്ത ഒരു വന്ദ്യവയോധികൻ. ഒരു 'സ്റ്റോപ്പ് ഗ്യാപ്പ്' പാപ്പ. മാധ്യമങ്ങളുടെ കമന്ററികൾ അങ്ങനെ പോയി.

അഞ്ഞൂറു വർഷങ്ങളായി പലർക്കും അപ്രിയമായിരുന്ന ഒരു പേരാണ് പുതിയ മാർപാപ്പ സ്വീകരിച്ചത്; 'ജോൺ.'
ചെറുപ്പംമുതൽ യോഹന്നാൻ എന്ന നാമധേയത്തോട് ആദരവു കലർന്ന അടുപ്പം പുലർത്തിയിരുന്നു ഏയ്ഞ്ചലോ. ചരിത്രത്തിൽ ഇനിയെന്നാളും കുറിച്ചിടുവാൻ ദൈവം തന്നെ പ്രേരിപ്പിച്ചതുമാകാം. അങ്ങനെ, 1958 നവംബർ 23 ന് കർദിനാൾ ആഞ്ചലോ റോങ്കാളി, ജോൺ 23-ാമൻ എന്ന പേരു സ്വീകരിച്ചു മാർപാപ്പയായി. 
1959 ജനുവരി 25. പുതിയ മാർപാപ്പ സ്ഥാനമേറ്റിട്ടു മൂന്നു മാസം തികയാൻ ഇനിയും ദിവസങ്ങൾ ബാക്കി.

മാർപാപ്പയുടെ ആലോചനാസംഘം പതിവു ചർച്ചകളിൽ. ആകസ്മികമായിരുന്നു പാപ്പായുടെ പ്രഖ്യാപനം; അപ്രതീക്ഷിതമായത് കേട്ടതുപോലെ കൂരിയ അംഗങ്ങൾ തരിച്ചിരുന്നു.
''സഭയുടെ വാതായനങ്ങൾ മലർക്കെ തുറന്നിടുക. രണ്ടാം വത്തിക്കാൻ കൗൺസിലിനു സജ്ജരാവുക.''

റോമിൽ ശരത്കാലം അതിന്റെ സകല ശക്തിയോടുംകൂടി വീശിയടിക്കുകയായിരുന്നു ആ ജനുവരിയിൽ. അടച്ചിട്ട വാതിലുകൾക്കുള്ളിലെ അടക്കിപ്പിടിച്ച സംസാരങ്ങളിൽ പക്ഷേ, ആ ആഹ്വാനം ഒതുങ്ങിപ്പോയില്ല.

വത്തിക്കാന് പുറത്തുള്ള ലോകം ഈ വാർത്തയെ സ്വീകരിച്ചത് നിറഞ്ഞമനസോടെ. പുതിയൊരു യുഗപ്പിറവിയുടെ മണിനാദമായി പലരും ഈ പ്രഖ്യാപനത്തെ വാഴ്ത്തി.
പക്ഷേ, സഭാനേതൃത്വത്തിൽ പലർക്കും അറിയാമായിരുന്നു ഏറ്റെടുക്കാൻ പോവുന്ന ദൗത്യത്തിന്റെ യഥാർത്ഥ വലുപ്പം. അതുകൊണ്ടാണ് വെനീസിലെ പുതിയ കർദിനാൾ ജിയോവാന്നി മാർട്ടിനി ''കടന്നൽ കൂട്ടിൽ കല്ലെറിയുംപോലെ'' എന്ന് ഈ പ്രഖ്യാപനത്തെക്കുറിച്ച് പറഞ്ഞത്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രണ്ടാം പകുതിയുടെ ചുമതലക്കാരനാവാൻ ദൈവം ഒരുക്കി യത് ഈ കർദിനാളിനെ ആയിരുന്നുവെന്നത് ചരിത്രത്തിലെ മറ്റൊരു ആകസ്മികത.
1950-60 കാലഘട്ടം മാനവരാശിയുടെ ചരിത്രത്തിൽ അതിനിർണായകമായിരുന്നു. ലോകത്ത് പുതിയ രാജ്യങ്ങളുടെ ഉദയം. അന്നുവരെ കോളനികളായിരുന്ന പലയിടങ്ങളും സ്വതന്ത്രരാഷ്ട്രങ്ങൾ. പലകുറി മാറ്റിവരയ്ക്കപ്പെടുന്ന അതിർത്തികൾ. ലോകത്തിന്റെ പാതിയോളം നിരീശ്വരവാദത്തിന് തീറെഴുതി കൊടുത്ത കമ്യൂണിസ്റ്റുകളുടെ ഭരണത്തിനു കീഴിൽ. സഭയ്ക്കുള്ളിലും പുറത്തും പുരോഗമനത്തിനുവേണ്ടി മുറവിളി ഉയരുന്ന കാലം.

ആ യുഗസന്ധിയിലാണ് മാർപാപ്പയുടെ പ്രഖ്യാപനം! എഴുതി തയാറാക്കിയിരുന്ന പദാവലികൾക്കു പകരമായി ഒരു പ്രവചനംപോലെ ജോൺ 23-ാമൻ പാപ്പാ പ്രഖ്യാപിച്ചു: ''ഇതൊരു പുതിയ പന്തക്കുസ്തയാണ്.''

പരിശുദ്ധാത്മാവ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന തുറവിയുടെ പുതിയ പന്തക്കുസ്താ! അതു വാസ്തവമാകുകയായിരുന്നുവെന്നു കാലം പിന്നീടു തെളിയിച്ചു.
'വയോവൃദ്ധൻ' എന്നു മാധ്യമങ്ങൾ വിധിയെഴുതിയ പുതിയ പാപ്പാ പിന്നെയും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം. അക്കാലത്തെ ഏറ്റവും താരമൂല്യമുള്ള ചലച്ചിത്രതാരങ്ങൾക്കും രാഷ്ട്രനേതാവിനും ഉയരത്തിലായിരുന്നു ജോൺ ഇരുപത്തിമൂന്നാമന്റെ ജനസമ്മിതിയുടെ ഗ്രാഫ്.

ആധുനിക കാലഘട്ടത്തിൽ ഇത്രയേറെ സ്‌നേഹം പിടിച്ചുപറ്റിയ മറ്റൊരു മാർപാപ്പയില്ല. പിറന്ന നാട് അദ്ദേഹത്തിനൊരു വിളിപ്പേരു നൽകി: 'ബുവാനോ പാപ്പാ.' നന്മനിറഞ്ഞ മാർപാപ്പ.
 വത്തിക്കാൻ കൗൺസിൽ യോഗങ്ങളിൽ വൈകിയും പങ്കെടുക്കുന്ന പരിശുദ്ധ പിതാവ് രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ ഒരു സാധാരണക്കാരനെപ്പോലെ റോമിന്റെ നഗരപാതകളിലൂടെ നടന്നിരുന്നു; ആരോരുമറിയാതെ.

യഹൂദരോടു പണ്ടെന്നോ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്ക് പരസ്യമായി മാപ്പു പറയാനും മറന്നില്ല ജോൺ ഇരുപത്തിമൂന്നാമൻ.
'എക്യുമെനിസം' അതിന്റെ സമ്പൂർണമായ അർത്ഥത്തിൽ സഭയുടെ കാതലായിത്തീർന്നതും ഈ മാർപാപ്പയുടെ ദീർഘവീക്ഷണത്തിന്റെ ഫലം.
'മാന്യമായ വിപ്ലവകാരി' എന്നാണ് ബാഹ്യലോകം ജോൺ ഇരുപത്തിമൂന്നാമനെ വിശേഷിപ്പിച്ചത്.

ഉത്തര ഇറ്റലിയിലെ ബെർഗാടോ എന്ന കൊച്ചുപട്ടണത്തിൽനിന്ന് വത്തിക്കാന്റെ പരമപദത്തിലേക്കുള്ള ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. 
1881 നവംബർ 25 ന് കർഷകനായ ജിയോവാന്നി ബാസ്റ്റിറ്റ റോങ്കാളിയുടെ പതിമൂന്നു മക്കളിൽ നാലാമനായി ജനനം. ഇരുപത്തിമൂന്നാമത്തെ വയസിൽ വൈദികൻ. ഒന്നാം ലോകമഹായുദ്ധകാലത്ത് സൈനിക സേവനം. 1925 ൽ മെത്രാനായി സ്ഥാനക്കയറ്റം; ഒപ്പം ബർഗേറിയയിലെ അപ്പസ്‌തോലിക് വിസിറ്ററായി സ്ഥാനക്കയറ്റം.
പത്തുകൊല്ലം കഴിഞ്ഞ് ടർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിൽ മാർപാപ്പയുടെ പ്രതിനിധി. ഇക്കാലത്താണ് യൂറോപ്പിനെ നടുക്കിക്കൊണ്ട് നാസികളുടെ പടയോട്ടം. 
യഹൂദരെ തെരഞ്ഞു പിടിച്ച് കൊന്നൊടുക്കുന്ന ഹിറ്റ്‌ലറുടെ പട്ടാളം. വത്തിക്കാൻ പ്രതിനിധിയുടെ കാര്യാലയം യഹൂദർക്കുവേണ്ടി തുറന്നുകൊടുക്കുവാൻ തന്റേടം കാണിച്ചു ഈ പൊന്തിഫിക്കൽ ഡെലിഗേറ്റ്. യഹൂദർ എക്കാലവും നന്ദിയോടെ സ്മരിച്ചിരുന്നു ഈ ഉദാത്തമായ മനുഷ്യസ്‌നേഹിയെ. 1944 ൽ പന്ത്രണ്ടാം പീയൂസ് പാപ്പാ അദ്ദേഹത്തെ ഫ്രാൻസിലെ വത്തിക്കാൻ സ്ഥാനപതിയാക്കി. 

1953 ൽ വെനീസിലെ പാത്രിയർക്കീസായി നിയമനം; തുടർന്ന് കർദിനാളിന്റെ ചുവന്ന തൊപ്പി. അഞ്ചു വർഷത്തിനുശേഷം പത്രോസിന്റെ സിംഹാസനത്തിലും.
1962 സെപ്റ്റംബർ 23. വത്തിക്കാൻ കൗൺസിൽ നടന്നുകൊണ്ടിരിക്കുകയാണ്. മാർപാപ്പയുടെ ഡോക്ടർ ഒരു രഹസ്യം അദ്ദേഹത്തോടു തുറന്നു പറഞ്ഞു: ''അങ്ങേക്ക് വയറിനുള്ളിൽ കാൻസറാണ്.''പാപ്പാ അന്നേരവും പുഞ്ചിരിച്ചു. 

1963 ജൂൺ മൂന്ന്. സമയം രാത്രി 7.49. ആ പുണ്യജീവിതത്തിന് അന്ത്യമായി.
മാർപാപ്പസ്ഥാനത്ത് നാലുവർഷവും ഏഴുമാസവും മാത്രം ഭരിച്ച ജോൺ ഇരുപത്തിമൂന്നാമൻ സഭയിലെ ഏറ്റവും സമാദരിക്കപ്പെടുന്ന ഭരണാധികാരിയായി മാറി. 
2000 സെപ്റ്റംബർ മൂന്നാം തിയതി ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

കർദിനാൾ അല്ലായിരുന്നിട്ടും മാർപാപ്പയാകാൻ പരിഗണിക്കപ്പെട്ട വ്യക്തി; പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയാകുമെന്നു പലരും പ്രവചിച്ച പ്രഗത്ഭൻ. അതായിരുന്നു ജിയോവാന്നി ബാറ്റിസ്റ്റ മോണ്ടിനി എന്ന പോൾ ആറാമൻ മാർപാപ്പയുടെ പശ്ചാത്തലം. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയ്ക്കായിരുന്നു കൗൺസിൽ വിളിച്ചു ചേർക്കാനുള്ള നിയോഗം.
നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ചതുപോലെയായിരുന്നു ജോൺ ഇരുപത്തിമൂന്നാമൻ എന്ന അത്യന്തം ജനകീയനായ മാർപാപ്പയുടെ വിയോഗം; ലോകത്തെ മുഴുവൻ ഒരു മൈതാനമധ്യത്തിൽ നിർത്തിയശേഷം നായകൻ പൊടുന്നനെ വിടവാങ്ങുന്നതുപോലെ.

സഭാനേതൃത്വം ഈ പ്രതിസന്ധിക്കു കണ്ടെത്തിയ അഴകാർന്ന പ്രതിവിധിയായിരുന്നു കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ മോണ്ടിനി. പന്ത്രണ്ടാം പീയൂസ് പാപ്പായുടെ വിയോഗത്തെ തുടർന്ന് സമ്മേളിച്ച കോൺക്ലേവിൽ പകരക്കാരനായി പലകുറി ഉയർന്നുകേട്ട പേരായിരുന്നു ഇത്. അന്നദ്ദേഹം കർദിനാൾ പദവിയിലില്ല; മിലാനിലെ ചുറുചുറുക്കുള്ള ആർച്ച് ബിഷപ് മാത്രം.
1958 ലെ കോൺക്ലേവിൽ പക്ഷേ, തിരുഹിതം ജോൺ ഇരുപത്തിമൂന്നാമന് അനുകൂലമായിരുന്നു. അദ്ദേഹം ഏറ്റവുമാദ്യം ചെയ്തത് ആർച്ച് ബിഷപ് ജിയോവാനി ബാറ്റിസ്റ്റ മോണ്ടിനി ഉൾപ്പെടെ 23 മുതിർന്ന ആർച്ച് ബിഷപ്പുമാരെ കർദിനാളിന്റെ ചുവന്ന തൊപ്പി അണിയിക്കുകയെന്നതായിരുന്നു.

മറിയത്തിന്റെ നിതാന്തഭക്തൻ. അതായിരുന്നു കർദിനാൾ മോണ്ടിനി. മറിയത്തെ സഭയുടെ മാതാവായി രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിക്കാനുള്ള കാരണവും പുതിയ മാർപാപ്പയുടെ ഈ മരിയഭക്തിതന്നെ.

ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ വിയോഗത്തോടെ അവസാനിക്കേണ്ടതായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. അങ്ങനെയാണ് കാനോനിക അനുശാസനം. പക്ഷേ, കൗൺസിൽ തുടർന്നുകൊണ്ടു പോകാനായിരുന്നു പോൾ ആറാമൻ മാർപാപ്പയുടെ സുചിന്തിത തീരുമാനം; കൗൺസിൽ പുനഃരാരംഭിച്ചു; പുതിയൊരു ദിശാബോധത്തോടെ...
അടിമുടി തറവാടിയായിരുന്നു ജിയോവാനി മോണ്ടിനി. 1897 സെപ്റ്റംബർ 26 ന് ലൊംബാർഡിയിലെ കൊൺസെസിയോവിൽ ഒരു സമ്പന്ന തറവാട്ടിൽ ജനനം. നിയമബിരുദം നേടിയിട്ടും പ്രാക്ടീസ് ചെയ്യാതെ മാധ്യമപ്രവർത്തനവും രാഷ്ട്രീയവും ഒരുമിച്ചു കൊണ്ടുപോയിരുന്ന പാർലമെന്റംഗമായിരുന്നു പിതാവ്. പത്തൊൻപതാം വയസിൽ സെമിനാരി പ്രവേശനം. നാലുവർഷം കഴിഞ്ഞ് 1920 ൽ തിരുപ്പട്ടം! പിന്നെ പടിപടിയായുള്ള ഉയർച്ചകൾ. ഇടയ്ക്ക് ഒരു വർഷം പോളണ്ടിലെ വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ സേവനം ചെയ്തതൊഴിച്ചാൽ സുദീർഘമായൊരു കാലം വത്തിക്കാൻ കൂരിയയുടെ സജീവമായ മുഖ്യമായിരുന്നു മോണ്ടിനി.

1937 ൽ ബുഡാപെസ്റ്റിൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്. മാർപാപ്പയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് കർദിനാൾ പസേല്ലി. പസേല്ലിയുടെ നിഴലായിരുന്നു മോണ്ടിനിയെന്നും.
1939. കർദിനാൾ പസേല്ലിക്ക് അത്യുന്നതമായ നിയോഗം; പീയൂസ് പന്ത്രണ്ടാമൻ എന്ന പേരിൽ സഭയുടെ പുതിയ അമരക്കാരൻ. യുദ്ധം കത്തിനിന്ന കാലമായിരുന്നു പിന്നീട്. ലോകരാഷ്ട്രങ്ങളും മാർപാപ്പയും തമ്മിലുള്ള സജീവമായൊരു സമ്പർക്ക സരണി തീർത്തു ബിഷപ് മോണ്ടിനി. മാർപാപ്പയുടെ ഏറ്റവും വിശ്വസ്തനായ സെക്രട്ടറി.
യുദ്ധം കഴിഞ്ഞ പാടേ, മോണ്ടിനിയെ കർദിനാൾ തിരുസംഘത്തിൽ ഉൾപ്പെടുത്താൻ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ് പന്ത്രണ്ടാം പീയൂസ് മാർപാപ്പ. അൻപത്തഞ്ചാം വയസിൽ കർദിനാൾ ആകുമായിരുന്നു മോണ്ടിനി. പക്ഷേ, അദ്ദേഹമതു വിനയപൂർവം നിരസിച്ചു.

മാർപാപ്പ മറ്റൊരു വലിയ ദൗത്യമേൽപ്പിച്ചു അദ്ദേഹത്തെ; ഇറ്റലിയിലെ ഏറ്റവും വലിയ അതിരൂപതയെ നയിക്കാനുള്ള ദൗത്യം. 
രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിക്കുമ്പോൾ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ കരുത്തനായ സഹായിയായിരുന്നു മിലാനിലെ ഈ ആർച്ച് ബിഷപ്. കൗൺസിലിന്റെ തയാറെടുപ്പുകൾക്കുവേണ്ടിയുള്ള സെൻട്രൽ പ്രിപ്പറേറ്ററി കമ്മീഷനിലും സാങ്കേതിക ക്രമീകരണങ്ങൾക്കുള്ള സമിതിയിലും മാർപാപ്പ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു.
ജോൺ ഇരുപത്തിമൂന്നാമന്റെ വേർപാട്. 1963 ജൂൺ 21 ന് മണിക്കൂറുകൾ മാത്രം നീണ്ട ചർച്ചകൾക്കൊടുവിൽ പുതിയൊരു മാർപാപ്പയെ കണ്ടെത്തി കർദിനാൾമാർ; കർദിനാൾ ജിയോവാനി മോണ്ടിനി!

ജോൺ ഇരുപത്തിമൂന്നാമൻ തുടങ്ങിവച്ച വിപ്ലവം തുടർന്നുകൊണ്ടുപോകുമെന്നതായിരുന്നു പുതിയ പാപ്പായുടെ ആദ്യവാഗ്ദാനം. 'മെത്രാന്മാരുടെ സിനഡ്' സഭയുടെ കൂട്ടുത്തരവാദിത്വത്തിനുള്ള ചാലകശക്തിയാക്കി മാറ്റിയെടുത്തതു പോൾ ആറാമൻ മാർപാപ്പയുടെ നയതന്ത്രവിജയമായിരുന്നു.സഭയെ ചലനാത്മകമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു നയിക്കാൻ ദൈവം പ്രത്യേകം തെരഞ്ഞെടുത്തയച്ചവനായിരുന്നു പോൾ ആറാമൻ മാർപാപ്പ.  തീർത്ഥാടകനായ മാർപാപ്പ എന്ന് മറുപേരു സമ്പാദിച്ച പോൾ ആ റാമൻ 1978 ഓഗസ്റ്റ് ആറിന് ദിവംഗതനായി.

Written by  ശാന്തിമോൻ ജേക്കബ് 

No comments:

Post a Comment