സിനഗോഗധികാരികളുടെ വീട്ടിലേക്കായിരുന്നു അവന്റെ യാത്ര. അവനെ കേള്‍ക്കാന്‍ കാത്തിരുന്ന ജനക്കൂട്ടം തിക്കിത്തിരക്കി ഒപ്പം നടന്നുനീങ്ങി. ഈ ആള്‍ക്കൂട്ടത്തിലാണവള്‍ ധൈര്യപൂര്‍വ്വം അടുത്തുകൂടിയത്; പഴയനിയമ കല്‌പനകളെ തൃണവല്‍ഗണിച്ചുകൊണ്ട് പന്ത്രണ്ട്
വര്‍ഷങ്ങളായിട്ടവള്‍ രോഗിയാണ്. നിലയ്‌ക്കാത്ത രക്തസ്രാവം, അസ്വസ്ഥതയും അപകര്‍ഷതയും ദു:ഖവും അവള്‍ക്ക് കൂട്ടിനുണ്ട്. ആരുടെയും മുന്നില്‍ വന്നുപെടാനവള്‍ക്കിഷ്ടമില്ല. പക്ഷേ, ഏതോ ഒരു ധൈര്യത്തോടെയാണ് അന്നവള്‍ ഗുരുസവിധമണഞ്ഞത്. ഗുരുവിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും നേരില്‍ കാണുന്നത് ഇത് ആദ്യമായാണ്. ഗുരുവിന്റെ ചാരത്ത് കഷ്ടപ്പെട്ടണഞ്ഞ അവളുടെ ഉള്ളിലൊരു തേങ്ങല്‍: "ഗുരുവിന്റെ അടുത്തു നില്‍ക്കാന്‍ ഞാനൊരശുദ്ധയല്ലേ"? അവളിലെ ആത്മസംഘര്‍ഷം പുതിയ വെളിപാടുകള്‍ക്ക് വഴിമാറി. അവളുടെ മനസ്സില്‍ ഒരു രൂപം, ചിന്തയില്‍ ഒരു കാര്യം. പ്രവര്‍ത്തിയില്‍ ഒരു ലക്ഷ്യം: ഗുരുസ്‌പര്‍ശം! ആള്‍ക്കൂട്ടത്തിന്റെ ആരവത്തിലും വിശ്വാസം അവളെ നയിച്ചു. വിശ്വാസത്തികവില്‍ അവള്‍ ഗുരുവിന്റെ വസ്‌ത്രവിളുമ്പില്‍ തൊട്ടു. ഫലമോ രോഗവിമുക്തി. പച്ചമണ്ണില്‍ കുഴച്ചെടുത്ത ആദിമനുഷ്യരൂപത്തിന് ജീവസ്‌പര്‍ശം നല്‍കിയ ദൈവഹൃദയത്തിന്റെ സ്‌പന്ദനം വീണ്ടും ആവര്‍ത്തിച്ചു. വിശ്വാസത്തികവിലൊരു പുന:സൃഷ്ടി!
ഗുരുവിന്റെ സ്വരം ഉയര്‍ന്നു. "ആരാണെന്നെ സ്‌പര്‍ശിച്ചത്"? ആ ചോദ്യത്തിന്റെ ആഴമറിയാന്‍ ആള്‍ക്കൂട്ടത്തിനായില്ല. "ആരാണ് നിന്നെ സ്‌പര്‍ശിക്കാത്ത"തെന്ന മറുചോദ്യമാണവിടെ ഉയര്‍ന്നത്. ദൈവഹൃദയത്തില്‍ സ്‌പര്‍ശനം നല്‍കാന്‍ കൃപ ലഭിച്ചവള്‍ കാല്‍ക്കല്‍ വീണുത്തരം നല്‍കി. പിന്നെ ഗുരുവിന്റെ സാന്ത്വനമൊഴികള്‍: "മകളെ നിന്റെ വിശ്വാസം....." (ലൂക്കാ: 8 : 4 - 8).
"ആള്‍ക്കൂട്ടം ഇന്നും ഗുരുവിന്റെ ചാരത്തണ്ട് . വര്‍ഷങ്ങള്‍ പിന്നിടുന്തോറും ആള്‍ക്കൂട്ടത്തിന്റെ തിരക്ക് ഏറിവരുന്നേയുള്ളൂ. പക്ഷെ ആരുണ്ട് , അവനെ തിരയാന്‍? ഗുരുഹൃദയത്തില്‍ സ്‌പര്‍ശിക്കാന്‍ കഴിയുന്നവര്‍ വിരളം. വിശ്വാസത്തിന്റെ ആഡംബരഭാവങ്ങളിന്നേറിവരുന്നു. വിശ്വാസികള്‍ ദൈവത്തെ ആഭരണങ്ങണിയിക്കുന്ന തിരക്കിലാണ്. ഞായറാഴ്‌ചകളിലും കടമുള്ള ദിനങ്ങളിലും പ്രത്യേകമണിയുന്ന "ദൈവാഭരണങ്ങള്‍" ഇട ദിവസങ്ങളിലഴിച്ചു പെട്ടിയിലാക്കുന്നു. വീണ്ടുമൊരു കടമുള്ള ദിനം വന്നെത്തുംവരെ.
ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും തന്നെയൊന്നു തൊടുന്നുണ്ടോയെന്ന് ദൈവം അന്വേഷിക്കുന്നു. അനൂഗ്രഹം പേറി കനിവുള്ള ഹൃദയവുമായി ഗുരുവിന്ന് കാത്തിരിക്കുകയാണ് വഴിയോരത്ത്. ദൈവത്തെ തൊട്ടെന്ന ഭാവത്തിലാണ് പലരുടെയും സഞ്ചാരം. പാപങ്ങളുടെ വിഴുപ്പുഭാണ്ഡങ്ങളും അഴിക്കാത്ത മാറാപ്പും മനുഷ്യനിന്ന് പ്രിയപ്പെട്ടവ തന്നെ. ഗുരുസന്നിധേ ഇതൊന്നിറക്കിവച്ചാല്‍ അനുഗ്രഹധാരയവിടെ ഒഴുകിയെത്തും.
ഒരു ദൈവസ്‌പര്‍ശം കൊതിച്ച് ആള്‍ക്കൂട്ടത്തിലും പാതയോരത്തും ഇന്ന് ഏറെപ്പേരുണ്ട്. ജീവിതത്തിന്റെ തിരക്കേറിയ നാല്‍ക്കവലകളില്‍ നട്ടം തിരിയുന്നവര്‍, ആരോരുമില്ലാത്ത ജനപഥങ്ങള്‍, ഏകാന്തതയുടെ കയ്‌പുനീരു കുടിക്കുന്നവര്‍... ഈ തകര്‍ന്ന ജനഹൃദയങ്ങളില്‍ ഗുരുസ്‌പര്‍ശനവുമായി കാത്തുനില്‍ക്കാന്‍ നമുക്കാവണം. നമ്മുടെ വസ്‌ത്രത്തിന്റെ വിളുമ്പില്‍ പിടിച്ചുവലിക്കുന്ന നിര്‍ജ്ജീവ ദേഹങ്ങളില്‍ മൃദുസ്‌പര്‍ശനമേകാന്‍ എനിക്കാവണം.
ജായ്‌റോസിന്റെ മകളെ പുനര്‍ജീവിപ്പിക്കാനുള്ള യേശുവിന്റെ യാത്രയില്‍ ആരും ശ്രദ്ധിക്കാത്ത ഒരു കഥാപാത്രമുണ്ട്, ഒരു ദൂതന്‍, പാതിവഴിയില്‍ ജായ്‌റോസിന് മരണവാര്‍ത്ത കൊണ്ടുവരുന്നവന്‍. സിനഗോഗധികാരിയുടെ വീട്ടില്‍നിന്നും വരുന്നവന്‍.
അയാള്‍ ജായ്‌റോസിനെ അറിയിക്കുന്നത് ദു:ഖവാര്‍ത്തയാണ്. "നിന്റെ മകള്‍ മരിച്ചുപോയി, ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട".
അവന്റെ ഈ വാക്കുകള്‍ അവന്റെ മനോഗതത്തെ വെളിപ്പെടുത്തുന്നു. അതായത് രോഗിയായിരുന്നവളെ സുഖപ്പെടുത്താന്‍ വരുന്നതില്‍ കാര്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അവള്‍ മരിച്ചുകഴിഞ്ഞശേഷം വന്നതുകൊണ്ട് ഫലമില്ല.
പക്ഷെ ഉടനെവന്നു യേശുവിന്റെ മറുപടി: "ഭയപ്പെടേണ്ട ; വിശ്വസിക്കുക മാത്രം ചെയ്യുക".
മനുഷ്യമനസ്സിന്റെ സത്യമാണ് ഗുരു ഇവിടെ വിവരിക്കുന്നത്. ഞാന്‍ ഒരാളില്‍ വിശ്വാസമര്‍പ്പിച്ചാല്‍, ആ വ്യക്തിയെ ശരണപ്പെട്ടാല്‍, എനിക്കുവേണ്ടി എന്ത് ക്ലേശവും സഹിക്കുന്നതിന് അയാള്‍ക്ക് മടിയുണ്ടാവില്ല. "നീ എന്നില്‍ വിശ്വാസമര്‍പ്പിച്ചാല്‍ എനിക്കത് ബുദ്ധിമുട്ടാവില്ല"!
പകലന്തിയോളം ജോലിചെയ്‌ത അമ്മതന്നെ മകന്റെ രോഗശയ്യക്കരികെ ഉറക്കമിഴച്ചിരിക്കുന്നത് ഇതുകൊണ്ടാണ്. ചികിത്സക്കായി പറമ്പും വീടും വിറ്റ് ദരിദ്രരാകുന്നവര്‍ ചെയ്യുന്നതിതാണ്. അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് മുഴുവന്‍ പ്രേയസിക്കായി ഒരുനിമിഷംകൊണ്ട് ചിലവഴിച്ചു തീര്‍ക്കുന്ന വിഡ്‌ഢിത്തം ഇതാണ്. നമ്മെ സ്‌നേഹിക്കുന്നവര്‍ക്കായി ഏത് ക്ലേശവും നാം ഏറ്റെടുക്കും. അപരനെ ആത്മാര്‍ത്ഥമായി വിശ്വസിക്കുക, സ്‌നേഹിക്കുക. അപ്പോള്‍ നമുക്കുവേണ്ടി അവന്‍ എന്തുംചെയ്യും.
വിശ്വാസമുള്ളിടത്ത് പിന്നീട് "പക്ഷേ"കളില്ല. "ചെയ്യാന്‍ പറ്റുമോ" എന്ന സംശയമില്ല. "ശ്ശേ" എന്ന സന്ദേഹമില്ല. എല്ലാം കഴിയും എന്ന ചിന്ത/വിശ്വാസം മാത്രം.
No comments:
Post a Comment