Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Saturday, October 26, 2013

ബേത്സഥാ


" ബേത്സഥായിലെ കുളക്കടവിൽ എന്റെ മനസ്സും ശാന്തമാണ്‌...പവിത്രമായ പടവുകൾക്ക് ആശ്വാസത്തിന്റെ ഗന്ധം....സൗഖ്യത്തിന്റെ നിർവൃതി..ദൈവാനുഭാവത്തിന്റെ അലകൾ..അനേകായിരങ്ങൾ ഈ തീർത്ഥത്തിൽ മുങ്ങി നിവർന്ന് ഒരു പുതു നിറവിലേക്ക് അടുക്കുന്നത്  കൗതുകത്തോടെ ഞാൻ കണ്ടുകൊണ്ടിരുന്നു...."
          'ബേത്സഥാ എനിക്കെന്നും തീവ്രമായ ആഗ്രഹമാണ്....അസ്തമിക്കാത്ത പ്രതീക്ഷകളുടെ തിളക്കം എനിക്ക് അവനിൽ കാണാം..ഒരു ആത്മീയ നിറവിനായി കാലങ്ങളോളം കാത്തുനിന്ന ആ താപസിക്ക്‌ കണ്മുന്നിലെ ദിവ്യത്വം അനുഭവവേദ്യമാകതിരുന്നത് ഒരു പക്ഷെ തളർവാതം ആത്മാവിനെയും ഗ്രസിച്ചു തുടങ്ങിയതുകൊണ്ടാകം...എന്നിട്ടും  പ്രത്യാശയുടെ കിരണങ്ങൾ മുപ്പതിയെട്ടുവർഷം അവനെ ആ കുളക്കടവിൽ പാർപ്പിച്ചു...
       "എന്റെ പ്രതീക്ഷകൾ എന്നും കുറച്ചു  ദിനരാത്രങ്ങളിൽ ഒതുങ്ങി..പിന്നെ ഫലരഹിതങ്ങളായ പ്രാർത്ഥനകൾ എന്ന  പരാതിയും."
"പ്രതീക്ഷകൾ ജീവിതത്തിനു കവലാകണം..
പ്രതീക്ഷകൾ നീണ്ടാനാളുകളുടെ കാത്തിരിപ്പുകൾ ആകണം..
പ്രതീക്ഷകൾ ജീവിതത്തെ ഉത്തെജിപ്പിക്കണം..
  കാരണം മിശിഹാ സന്ദർശനം ജീവിതത്തിൽ നിനച്ചിരിക്കാതെയാകാം.."
            പിന്നീട് ബേത്സഥായിൽ ഞാൻ കണ്ട ഗുരു ഒരു ചോദ്യമെറിഞ്ഞു..'സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ??'(യോഹന്നാൻ 5:6)
നാളുകളായി  ഞാനിതാ വലയുന്നു എന്നറിഞ്ഞിട്ടും എന്തെ ഒരു ചോദ്യം??.. അതെ നാളിതുവരെയും ഞാൻ ഈശോയോട് തീവ്രമായി ആഗ്രഹിച്ചു എന്തെങ്കിലും ചോദിച്ചുവോ???..കിട്ടുമോ എന്നാ സന്ദേഹത്തോടെ..,കിട്ടിയാൽ കിട്ടട്ടെ എന്നാ പകുതി വിശ്വാസത്തോടെ...അതും ലൗകികതയിൽ കലർന്ന ചില ആവശ്യങ്ങൾ..ഒരു ജോലി,,അല്ലെങ്കിൽ ഒരു രോഗശാന്തി.,,അതുമല്ലെങ്കിൽ ഉയർന്ന  സമ്പാദ്യം...
'ഒരു മനുഷ്യന്റെ സൌഖ്യം പൂർണമാകുന്നത്  മിശിഹാ  ശരീരത്തിലൂടെ ഒഴികിയിറങ്ങി ആത്മാവിൽ നിറയുമ്പോഴാണ്..അവനിലൂടെ മിശിഹാ എന്നും ജീവിക്കുമ്പോഴാണ്..'
പ്രാർത്ഥനയുടെ പടവുകളിൽ മിശിഹായെ  ഞാനിന്നും  കണ്ടുമുട്ടുമ്പോൾ അവൻ എന്നോട് ചോദിച്ചുകൊണ്ടേയിരിക്കും  
സുഖം പ്രാപിക്കുവാൻ നിനക്ക് ആഗ്രഹമുണ്ടോ?'
      ഗുരുഹൃദയം ആഗ്രഹിക്കുന്നതും,ഉവ്വ് കർത്താവെ എന്നാ ഉത്തരമാകം...എന്നാൽ ഞാനോ ആ പഴയ തളർവാതരോഗി തന്നെ,
"കർത്താവെ വെള്ളം ഇളകുമ്പോൾ എന്നെ കുളത്തിറക്കാൻ ആരുമില്ല..ഞാൻ എത്തുമ്പോഴേക്കും മറ്റൊരുവാൻ വെള്ളത്തിൽ ഇറങ്ങി കഴിഞ്ഞിരിക്കും"(യോഹന്നാൻ 5:7)
      സഹായമരങ്ങളുടെ തണലുകളാണ് ഇന്ന് ഏതൊരുവന്റെയും ആവശ്യം..ഒപ്പം നിഷേധിക്കപ്പെട്ട സഹായതോടുള്ള അമർഷവും..എന്നാൽ എന്റെ സഹായം അർഹിക്കുന്നവനെ ഞാൻ എന്നെ മറന്നു..ഒരു മിശിഹാ ചൈതന്യം എന്നിലൂടെ കൈവരിക്കേണ്ട നിരവധി ജീവിതങ്ങൾ എനിക്ക് ചുറ്റുമുണ്ട്..ചേർത്തുപിടിക്കാൻ എന്റെ കരങ്ങൾ അശക്തമെങ്കിൽ  ഞാൻ എങ്ങനെ ക്രിസ്ത്യനിയാകും? വിശപ്പിന്റെ വിളികൾ കാതുകളിൽ മുഴങ്ങണം, രോഗ നൊമ്പരങ്ങൾ കണ്ണുകളെ ഈറൻഅണിയിക്കണം,,
നിരാശയുടെ ദുരിതങ്ങൾ  ആത്മാവിനെ ഉണർത്തണം, തകർച്ചയുടെ വീഥികൾ കാലുകളെ മരവിപ്പിക്കണം, അവിടെയെല്ലാം 
എന്നിലൂടെയും നിന്നിലൂടെയും മിശിഹാ ചൈതന്യം ഒരു പുഴയായ് ഒഴുകണം!!!!....
      ഈശോ പറഞ്ഞു 'എഴുന്നേറ്റ് കിടക്കയെടുത്ത് നടക്കുക,.അവൻ തൽക്ഷണം  സുഖം പ്രാപിച്ച് കിടക്കയെടുത്ത് നടന്നു(യോഹന്നാൻ5:8-10)
തന്നെ ബലപ്പെടുത്തിയവൻ ആഹ്വാനം ചെയ്തത് അവൻ അക്ഷരാർഥത്തിൽ സ്വീകരിച്ചു..ഇതുവരെ തൻ എന്തിനോടെല്ലാം കീഴടങ്ങിയോ അവയെല്ലാം ആ ഗുരുവിന്റെ അക കണ്ണുകളുടെ വെളിച്ചത്താൽ കീഴടക്കണം എന്ന  വെല്ലുവിളി.. ഭയം കൂടാതെ സാക്ഷ്യം നല്കുവാനുള്ള മനസ്സുറപ്പ്...അങ്ങനെ അവന്റെ ഭാവങ്ങളിലെല്ലാം ഒരു നവ്യ പ്രകാശം..
ഈശോയുടെ  മുൻപിൽ  കീഴടങ്ങലിന്റെ ഒരു സുഖം..
അതായിരുന്നു അവന്റെ സൌഖ്യം.
           ഗുരു എങ്ങോ മറഞ്ഞു..വിശുദ്ധ   ഗ്രന്ഥം പിന്നീടും പലയിടത്തും ഗുരുവിനെ അവതരിപ്പിക്കുന്നുണ്ട്...സൗഖ്യമായി, ശാന്തിയായി, സമൃധിയായി, സഹനമായി, മരണത്തെ ജയിക്കുന്ന ഉയിർപ്പായി.
          എന്നാൽ തളർവതരോഗിയുടെ ഇടവേളകൾ ഏതൊരു ക്രൈസ്തവ ജീവിതത്തെയും ചലിപ്പിക്കണം, ചിന്തിപ്പിക്കണം , ധ്യനിപ്പിക്കണം..,സൗഖ്യത്തിന്റെ  നിമിഷത്തിലും അവൻ തിരിച്ചറിയാതെ പോയ സത്യം തുടർന്നങ്ങോട്ട് അവനെ ആലോസരപ്പെടുത്തിയിരിക്കാം.. ഈശോയെ അനുഗമിക്കാൻ തീർച്ചയായും അവനെ പ്രേരിപ്പിച്ചിരിക്കാം...ഒരുപക്ഷെ  ആ തേടലുകൾ വീണ്ടും ദേവാലയത്തിൽ വച്ചു ഈശോയെ കണ്ടുമുട്ടാൻ അവനെ സഹായിച്ചിരിക്കാം..ഗുരുമുഖത്തെ പ്രബോധനങ്ങൾക്കായ്‌ അവൻ കാതോർത്തിരിക്കാം..അപ്പോഴും ഈശോ  ഒന്നേ പറയാനുള്ളൂ ,
  ഇതാ നീ സൌഖ്യം പ്രാപിച്ചിരിക്കുന്നു.. കൂടുതൽ മോശമയാതോന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്(യോഹന്നാൻ 5:15)
    ഒരു ദൈവാനുഭവവും അവസാനത്തെതല്ല..ദൈവാനുഭാവത്തിൽ നിന്ന് അടുത്ത ദൈവാനുഭവത്തിലെക്കുള്ള ഇടവേളകൾ ഉത്തരവാദിത്തം നിറഞ്ഞതാണ്‌..പാപവഴികളുടെ ഉപേക്ഷയാണ്..ഈശോയെ  അറിയുംതോറും അടുക്കുന്നു.. അടുക്കുന്തോറും അറിയുന്നു..ആ അറിവുകൾ ഒരിക്കലും അവസാനിക്കുനില്ല..അവനിലെ ആഴങ്ങളിലെക്കുള്ള എത്തിനോട്ടങ്ങൾ മാത്രം..
              ബേത്സഥായിൽ ഒരു ദാഹത്തോടെ ഞാൻ വീണ്ടുമെത്തി..തീവ്രമായി എന്റെ ഗുരുവിനെ ആഗ്രഹിച്ചു കൊണ്ട്..പ്രതീക്ഷകളുടെ നാളങ്ങൾ തെളിയിച്ചുകൊണ്ട്...ഇനിയും ദൈവാനുഭാവങ്ങളാൽ നിറയാൻ..എന്റെ ആത്മീയ തളർച്ചകളെ ബലപ്പെടുത്താൻ..പാപ ഞരമ്പുകളെ  തളർത്താൻ.. അതുവഴി എന്റെ
ഗുരുവിനെ തിരിച്ചറിയുവാൻ..
ആ ഗുരുവിന്റെ സ്വരം എനിക്കും ഒരു ഉണർത്തുപാട്ടാണ്..
"കൂടുതൽ മോശമയതോന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയരുത് "
"ഗുരുവേ പാപിയായ എന്റെമേൽ കനിയണമേ!!!,, ആമേൻ "
ഈ ലേഖനം എഴുതിയത് . സിഫി എടാട്ടുകാരന്‍

Wednesday, October 16, 2013

എന്റെ കാരുണ്യകൂടാരം


നിന്റെ പാപം എത്ര കടും ചുമപ്പ്ആണെങ്കിലും ഞാനത് മഞ്ഞു പോലെ വെളുപ്പിക്കാം'
                   ആ പ്രതിധ്വനിയുടെ അടിസ്ഥാനം തേടിയുള്ള അലച്ചിലുകൾ എന്നെ കൊണ്ടെത്തിച്ചത് ഈ കാരുണ്യകൂടാരത്തിലാണ്....ഇന്നലകളിൽ ഞാൻ അറിഞ്ഞ പാപമോചന കൂദാശയുടെ പാവനത അനുഭവവേദ്യമാകുന്നത് ഈ കൂടാരങ്ങളിലെ ജാലവിദ്യയും ജാലവിദ്യക്കാരനും പുതിയ തിരിച്ചറിവുകൾ ആകുമ്പോഴാണ്...സൃഷ്ടികൾ സൃഷ്ടാവിങ്കലെക്കുള്ള യാത്ര....ഈ യാത്രയുടെ ആരംഭത്തിലും ദൈവസ്നേഹത്തിന്റെ പരിലാളനയുണ്ട്...കാരണം,
      പിതാവിൽ നിന്ന് വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേക്കു വരാൻ ആര്ക്കും സാധിക്കുകയില്ല(യോഹന്നാൻ 6:65)

   "എന്റേയും  നിന്റെയും ആത്മാവുകളുടെ വിങ്ങലുകൾക്കു ദാഹശമനിയെകുന്ന ഉറവകളാണ്  ഈ കാരുണ്യകൂടാരങ്ങൾ"
         തിരഞ്ഞെടുത്ത ഇസ്രായേൽ ജനതയിൽ  ഞാനും നീയും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇത് നമുക്കുള്ളതാണ്......
      'ഇസ്രയേലെ  നീ ശത്രു രാജ്യത്ത് അകപ്പെടാൻ എന്താണ് കാരണം??വിദേശത്ത് വച്ച് വാർദ്ധക്യം പ്രാപിക്കുന്നതെന്തുകൊണ്ട്?മൃതരോടൊപ്പം അശുദ്ധനാകാൻ കാരണമെന്ത്?പാതാളത്തിൽ പതിക്കുന്നവരോടൊപ്പം നീ ഗണിക്കപ്പെടുന്നതെന്തുകൊണ്ട്???ജ്ഞാനത്തിന്റെ ഉറവിടം നീ പരിത്യജിച്ചു.....(ബാറൂക്ക് 3:10-12)
             സഹോദര ബന്ധത്തിന്റെ നൂലിഴകളാൽ കെട്ടുപിണയുന്ന നമ്മുടെ ലോകത്ത് ശത്രു ആ പഴയ വഞ്ചനയുടെ സർപ്പവും.,ശത്രു രാജ്യമെന്നാൽ അവന്റെ പൈശാചിക സാമ്രാജ്യവുമാണ്....എന്റെ കർത്താവു കുരിശു മരണത്താൽ നേടിത്തന്ന നന്മയുടെ താവളങ്ങൾ ഞാൻ അന്യമാക്കിയപ്പോഴെല്ലാം ഞാൻ വിദേശത്ത് അകപ്പെട്ടു.....തിരിച്ചുവരവുകൾ കുറഞ്ഞതിനാലാകണം ഞാനവിടെ വൃദ്ധനായത്....പാപങ്ങളാൽ ദ്രവിച്ചു തുടങ്ങിയ ആത്മാക്കളുടെ സഹവാസം എന്നെയും നിരന്തരം അശുദ്ധനക്കിക്കൊണ്ടിരുന്നു...പാതാളത്തിലെക്കുള്ള കണക്കെടുപ്പിൽ ഞാനും ഉൾപ്പെട്ടു....കാരണം എന്റെ കർത്താവിനെ ഞാനെന്നേ  കൈവിട്ടിരുന്നു.....
    പച്ചയായ പുതിയ പുല്തടങ്ങളിലേക്ക് എന്റെ ഇടയൻ കരുതലോടെ വൽസല്യമോടെ നയിക്കുന്നുവെങ്കിലും അതിനുമപ്പുറത്തെ വിശാല ലോകത്തേക്കുള്ള എന്റെ കുതിച്ചു ചാട്ടങ്ങൾ ഇടയന്റെ കാന്ത വലയത്തിൽ നിന്ന് എന്നെ അകറ്റികൊണ്ടിരുന്നത് ഞാൻ അറിയാതെ പോയി.....'ഞാനൊന്നു തിരിഞ്ഞു നോക്കിയെങ്കിൽ,,, ചാട്ടുളിപോലെയാ നോട്ടം എന്റെ ഇടനെഞ്ചിനെ പൊള്ളിച്ചിരുന്നെങ്കിൽ,,,'എന്നാൽ എന്റെ ദൈവം എന്നേക്കാൾ എന്നെ അറിയുന്നു...അതുകൊണ്ട് അവിടുന്ന് ഇപ്രകാരം പറഞ്ഞു...."മുലകുടിക്കുന്ന കുഞ്ഞിനെ അമ്മക്ക് മറക്കാനാകുമോ??പെറ്റമ്മ പുത്രനോട് കരുണ കാണിക്കാതിരിക്കുമോ??പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല...ഇതാ നിന്നെ എന്റെ ഉള്ളം കൈയിൽ രേഖപ്പെടുതിയിരിക്കുന്നു...(ഏശയ്യ49:15-16)മലകൾ അകന്നുപോയേക്കാം കുന്നുകൾ മാറ്റപെട്ടേക്കാം എന്നാൽ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല....എന്റെ സമാധാന ഉടമ്പടിക്ക് മാറ്റം വരുകയില്ല(ഏശയ്യ54:10)
ഈ സ്നേഹജ്വാലകൾ അവന്റെ ആത്മാവിൽ നിന്ന് ആളിപ്പടർന്നതിനലാണ് ഈ ലോക സുഖങ്ങളിലെല്ലാം ഞാൻ മതി മറന്നപ്പോഴും നിസ്സാരലാഭങ്ങൾക്കായി ഞാൻ അവനിൽ നിന്ന് ഓടിയകന്നപോഴും ഒരു വെട്ടപ്പട്ടിപോലെ കിതപ്പോടെ അവനെന്നെ വാരിപ്പുണർന്നത്....എന്നാൽ കടുപ്പമേറിയ എന്റെ പാപഭിത്തികൾ അവന്റെ മുഖം എന്നിൽ നിന്നും മറച്ചു വച്ചു......
''അവന്റെ മുഖ ദർശനതിനായ് കൊതിക്കുംപോഴെല്ലാം എനിക്ക് ചൂണ്ടുപലകയായിരുന്നത്....എന്റെ കാരുണ്യ കൂടരങ്ങളാണ്.....എന്റെ കുമ്പസാര കൂടുകളാണ്""
           എന്റെ കുമ്പസാരങ്ങളെല്ലാം പാപമോചന കൂദാശയായിരുന്നോ??സീമാതീതമായ അവന്റെ കാരുണ്യകടാക്ഷത്തിനു എന്നെ യോഗ്യനാക്കിയിരുന്നോ???
      "ആത്മാവിൽ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുംപോൾ വിറക്കുകയും ചെയ്യുന്നവനെയാണ് ഞാൻ കടക്ഷിക്കുക(ഏശയ്യ66:2)"
     സീനായ് മാമലയിൽ ദൈവം മോശക്കെകിയ പത്തു പ്രമാണങ്ങളും പരിശുധാത്മാവിൽ നയിക്കപ്പെടുന്ന കർത്താവിൻറെ മണവാട്ടിയായ തിരുസഭയുടെ അഞ്ചു പ്രമാണങ്ങളും എന്നെയും നിന്നെയും എന്നെകിലും വിറപ്പിചിട്ടുണ്ടോ?ഞാനും നീയും പാപികളിൽ ഏറ്റവും പാപിയും നിസ്സാരരിൽ നിസ്സാരനും അശുദ്ധാരിൽ അശുദ്ധനും  ബലഹീനരിൽ ബലഹീനനും ആണെന്നുള്ള ബോധ്യം എന്നെങ്കിലും നമ്മുടെ കണ്ണുകളെ ഈറനാണിയിപ്പിച്ചിട്ടുണ്ടോ??????
   വളരെ രസകരവും വിചിത്രവും പരിചിതവുമായ ചില ഓർമ്മകൾ,........"അവൻ പോകുമ്പോൾ ജനങ്ങൾ ചുറ്റും കൂടി അവനെ തിക്കിയിരുന്നു....അപ്പോൾ പന്ത്രണ്ടു വര്ഷമായി രക്തസ്രവമുണ്ടായിരുന്നവളും ആർക്കും സുഖപ്പെടുത്താൻ കഴിയതിരുന്നവളുമായ ഒരു സ്‌ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്ത്ര വിളുമ്പിൽ സ്പർശിച്ചു...തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു...അവൾ സൌഖ്യമുള്ളവളായി....(ലൂക്കാ 8:43-45)
           ജനക്കൂട്ടത്തിന്റെ നടുവിലായിരുന്ന ഈശോയുടെ വസ്‌ത്രവിളുമ്പിൽ പലരും സ്പർശിച്ചിരിക്കാം.....എന്നാൽ സുഖപ്പെട്ടത് രക്തസ്രാവക്കാരി മാത്രം.....'കുമ്പസാര കൂടിനരികെ നിര നിരയായ് ഞാനും നീയും പലവട്ടം നിന്നിരിക്കാം.......എന്നാൽ അവൻ സ്വന്തമാക്കിയതും,,,,, സുഖപ്പെട്ടതും.....?????
      "നിന്റെ തീവ്രമായ അനുതാപം......തീക്ഷ്ണമായ ആഗ്രഹം...എളിമയുടെ കൂപ്പുകൈകൾ...."

    പിന്നെ കലപ്പയിൽ കൈ വച്ചിട്ടു പിന് തിരിയത്തവനെ പോലെ " ഇനിമേൽ ഞാൻ അല്ല ക്രിസ്തുവാണ്‌ എന്നിൽ ജീവിക്കുക"എന്നാ ദൃഡമായ തീരുമാനം..
        സുഹൃത്തേ തീർച്ചയാണ്,,,നീ ഈ കാരുണ്യ കൂടാരത്തിന്റെ വാതിലിലൂടെ നിത്യരക്ഷയിലേക്കു നടന്നു തുടങ്ങിയിരിക്കുന്നു...
   പക്ഷെ ഓർക്കുക,,ഈ യാത്രയിൽ ഹരം കൊള്ളിക്കുന്ന അത്തിപഴങ്ങൾ ഉണ്ടായേക്കാം ...ലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നിറച്ച കല്ഭരണികൾ കണ്ടേക്കാം....പതറരുത്....നിന്റെ ആശ്രയം കർത്താവിൽ ആയിരിക്കുക...കാരണം "കർത്താവിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും...അവൻ കഴുകാൻമാരെ പോലെ ചിറകടിച്ചുയരും...അവർ ഓടിയാലും ക്ഷീണിക്കുകയില്ല...നടന്നാൽ തളരുകയുമില്ല..(ഏശയ്യ40:31)"
    വരുവിൻ എന്നെയും നിന്നെയും പവിത്രമാക്കുന്ന കുമ്പസരമെന്ന മഹനീയ കൂദാശയിലൂടെ നമുക്ക് രമ്യതപ്പെടം.....ദൈവത്തിൽ നിന്ന് അകലാൻ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷണതയോടെ നമുക്ക് അവിടുത്തെ തേടാം...


ഈ ലേഖനം എഴുതിയത് . സിഫി എടാട്ടുകാരന്‍

Friday, October 11, 2013

കര്‍ത്താവെ, നിന്റെ കാഴ്ച എത്രയോ ശ്രേഷ്ഠം


എന്റെ കാഴ്ചകളുടെയും അവന്റെ കാഴ്ചകളുടെയും അന്തരവും അവന്റെ കാഴ്ചകളുടെ ആഴവും ഞാനറിയുവാന്‍ തുടങ്ങിയത് ഇവിടെ നിന്നാണ്.
"പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുന്‍പേ അത്തിമരത്തിന് ചുവട്ടില്‍ ഇരിക്കുമ്പോള്‍ നിന്നെ ഞാന്‍ കണ്ടു.."
വ്യക്തിപരമായി അറിയുന്നതും അളക്കുന്നതുമായിരുന്നു അവന്റെ കാഴ്ചശക്തി.കാണപ്പെടാതെ പോകുന്നതും കാണേണ്ടവയും കാണുന്നതായിരുന്നു അവന്റെ കാഴ്ചശക്തി..."നാഥനയേല്‍ നീയെത്ര ഭാഗ്യവാന്‍..നിന്നെ കാണുവാനുള്ള അതെ ദൂരമായിരിക്കാം നിനക്ക് അവനെ കാണുവാനും.,എന്നിട്ടും നാഥനയേല്‍ നീയെന്തേ..??"
നാഥനയേലിന്റെ കാഴ്ച കുറവുകളുടെ കാരണതെക്കള്‍ ഞാന്‍ ഉള്‍ക്കൊള്ളാന്‍ ആഗ്രഹിച്ചത് ക്രിസ്തുവിന്റെ കാഴ്ചകളുടെയും ഉള്കാഴ്ചകളുടെയും വിശാലതയാണ്‌..'നാഥനയേല്‍ ബലഹീനതകളും പരിമിതികളും നിറഞ്ഞ നന്മയുള്ള ഒരു സാധാരണ മനുഷ്യന്റെ പ്രതീകമാകാം..എന്നാല്‍ അവനെയും അതുപോലെ പലരെയും ഒടുവില്‍ ഏവരെയും കണ്ടെത്തുന്ന ക്രിസ്തുവിലെ ദൈവീക ഭാവത്തിനും കാഴ്ചശക്തിക്കും ഒരു കാന്തിക വലയത്തെക്കള്‍ ആകർഷതയുണ്ട്.അവന്റെ കാഴ്ചകളുടെ അവലോകനങ്ങളിലെല്ലാം ഞാന്‍ അറിഞ്ഞത് പ്രതാശയുടെ തുടിക്കുന്ന സത്യങ്ങളാണ്..എന്നിലെ ഭൌതിക മനുഷ്യനെ ഒരേ സമയം തല്ലലും തലോടലുംഎകുന്ന ആശ്ചര്യപ്പെടുത്തുന്ന തിരിച്ചറിവുകള്‍..
ജീവിതത്തിന്റെ തുടർകാഴ്ച്ചകൾ കൂടെനിന്ന് കാണുവാന്‍ അവന്‍ ആദ്യം കൂടെ കൂട്ടിയത് ആ നാലുപെരെയാണ്..പത്രോസ്..അന്ത്രയോസ്..യാകോബ്.. യോഹന്നാന്‍..വഞ്ചിയുടെയും വലയുടെയും ഇടയില്‍ സ്വജീവിതം ഒതുക്കിയവര്‍.ക്രിസ്തുവിന്റെ കണ്ണുകള്‍ നിസ്സാരരായ ആ മുക്കുവരെ കണ്ടെത്തുകയായിരുന്നു.. ക്രിസ്തു കണ്ടത് അവരിലെ അറിവില്ലായ്മയോ??ഒന്നുമില്ലയ്മയോ??നിഷ്കാപട്ട്യമോ??വിനീത ഹൃദയമോ?? രണ്ടു വാക്കില്‍ ഒരായിരം രഹസ്യങ്ങള്‍ അവന്‍ ഒളിപ്പിച്ചു.."എന്നെ അനുഗമിക്കുക.." ഞാനയിരുന്നുവെങ്കില്‍ നിര നിരയായി മറുചോദ്യങ്ങള്‍ അയച്ചേനെ..ആരാണ്??എന്തിനാണ്??എങ്ങോട്ടാണ്??ഒടുവില്‍ ലാഭ കൊതിയോടെ എന്ത് കിട്ടും??
'ദൈവം തിരിച്ചറിവുകള്‍ നല്‍കുന്നത് എളിമ നിറഞ്ഞ ഹൃദയങ്ങളിലാണ്‌..അതിനാലയിരിക്കം ക്രിസ്തുവിന്റെ കണ്ടെത്തലുകളെ പൂർതീകരിക്കുന്ന വിധം എല്ലാം ഉപേക്ഷിച്ച്, ജന്മം നല്‍കിയ പിതാവിനെ പോലും മറന്നു ദൈവപുത്രനോടൊപ്പം അവര്‍ ഇറങ്ങി തിരിച്ചത്..'
എന്റെ ആത്മാവിനെറ്റ പ്രഹരങ്ങളില്‍ ആദ്യത്തേതായിരുന്നു അത്.."ചങ്കൂറ്റമുണ്ടോ അവനോടൊപ്പം നിനക്കും നടക്കുവാന്‍??നിന്നെയും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവന്റെ കണ്ടെത്തലുകള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ അവനോടൊപ്പം നിനക്കും ചേര്ന്നു നില്‍ക്കാനാകുമോ??
ക്രിസ്തു കാഴ്ചകളില്‍ ഇല്ലായ്മ നിറഞ്ഞവനും നന്മ നിറഞ്ഞവനും നിഷ്കളങ്കനും മാത്രമായിരുന്നില്ല..,ധാരാളിത്തവും മുതലാളിത്തവും കാർക്കശ്യവും നിറഞ്ഞ ചുങ്കക്കാരന്‍ ലെവിയും സക്കെവുസും ഉള്‍പ്പെട്ടിരുന്നു..അന്ന് സക്കെവൂസ് ഓര്‍ത്തിരിക്കില്ല..,സൃഷ്ടികള്‍ക്ക് സൃഷ്ടവസ്തുക്കളാല്‍ സൃഷ്ടാവില്‍ നിന്ന് മറഞ്ഞിരിക്കാനകില്ല എന്ന്..തന്റെ കുറവുകളുടെ വേദനകളും നിരാശകളും ഒരു സിക്കമൂര്‍ മരത്തില്‍ മറയ്ക്കുവാന്‍ ശ്രമിച്ച സക്കെവൂസ് പക്ഷെ ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിച്ചിരുന്നു..ചുങ്കകാരന്‍ ലേവി ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിചില്ലയിരിക്കാം..,എന്നാല്‍ ക്രിസ്തുവിനു ഇവരെയും കണ്ടെത്തെണമായിരുന്നു...ക്രിസ്തുവിനു സകലരെയും നേടണമായിരുന്നു ..
"നിഷ്കാപട്ട്യങ്ങളെയും നിഷ്കളങ്കതയും ഒപ്പം കളങ്കിത ഹൃദയങ്ങളും കൂട്ടിപിടിച്ചു കറ കഴുകി പിതാവിലേക്ക് ചേർത്തു വയ്ക്കുന്ന ദിവ്യമായ കണ്ടെത്തലുകള്‍.."
അവിടെയും ക്രിസ്തുവിന്റെ കണ്ടെത്തലുകള്‍ രക്ഷകരമായത് രണ്ടു കുടുംബങ്ങളിലും ക്രിസ്തു വിരുന്നിനെത്തിയപ്പോഴും അവിടെ പങ്കു വയ്ക്കലിന്റെ ആനന്ദം നുകര്ന്നപോഴുമാണ്.. "അവന്‍ നിന്നെ കണ്ടെത്തിയിട്ടും ഇനിയും നീ രക്ഷിക്കപ്പെട്ടിലെങ്കില്‍ അവന്റെ ന്യായ പ്രമാണങ്ങള്‍ നിന്നെ തെല്ലും സ്പര്ശിച്ചിട്ടില്ലെന്നും നിനക്കുള്ളതൊന്നും ഇതുവരെ വിഭജിക്കപ്പെട്ടിട്ടില്ലെന്നും സാരം.."
ഒരിക്കല്‍ ഒരു അത്തിവൃക്ഷത്തെയും അവന്‍ കണ്ടെത്തി..ഇലകളുടെ സമൃദ്ധിയിലും ഒന്നും നല്‍കാതെ അവനെ കബളിപ്പിച്ച അത്തിവൃക്ഷം..ഒരു തക്കീതോടെ ആ അത്തിവൃക്ഷം എന്നെ ഒര്മാപ്പെടുതുന്നത് എന്തായിരിക്കാം??..."അവന്റെ കണ്ടെത്തലുകളെ അവഗണിക്കാതെ അവന്റെ സൂക്തങ്ങളെ മനനം ചെയ്തു മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുക എന്നതല്ലേ??മറ്റൊരിക്കല്‍ ഒരു വിധവയെയും അവള്‍ നിക്ഷേപിച്ച ഭണ്ടാരത്തിലെ ചെമ്പുതുട്ടിനെയും അവന്‍ കണ്ടു..ദരിദ്രമായ ജീവിതാവസ്ഥകളിലും സര്‍വവും ഈശ്വരന് സമര്‍പിച്ച വിധവയും ആ കാണിക്ക കണ്ട ക്രിസ്തുവും പഠിപ്പിച്ചതെന്തയിരിക്കാം??, 'നിനക്ക് ലഭിക്കപ്പെട്ട ശാരീരികവും മാനസികവും ആത്മീയവും ആയതെല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയെന്നും നിന്റെ ഉരുകിയ ഹൃദയര്‍പ്പണം ദൈവത്തിനു സ്വീകാര്യമായ ബലിയാണ് എന്നുമല്ലേ?'
"എന്റെ കര്‍ത്താവിന്റെ കാഴ്ചകളും ഉള്കഴ്ചകളും എത്രയോ ശ്രേഷ്ഠം ... "ഇനിയും ഞാന്‍ കാണാതെ പോകുന്ന എന്റെ ദൈവത്തിന്റെ വൈവിധ്യങ്ങളായ വിശിഷ്ട കണ്ടെത്തലുകള്‍ ...."ഉള്ളവനെയും ഇല്ലാത്തവനെയും കാണുന്നവന്‍ .."പാപിയും നീതിമാനെയും കാണുന്നവന്‍...അതെ...എന്നെയും നിന്നെയം ഏവരെയും സൂക്ഷ്മമായി കാണുന്നവന്‍..."
'കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ ആയിരം മടങ്ങ്‌ പ്രകാശമുള്ളവ..' കലങ്ങിയ കണ്ണുകളോടും ഹൃദയത്തോടും കൂടെ ഞാനിന്നു ഓര്‍ക്കുന്നു..നാഥനയെലിനെ പോലെ നിഷ്കപടനല്ലെങ്കിലും ക്രിസ്തു എന്നെയും എപ്പോഴും കാണുന്നു..വ്യക്തിപരമായി അറിയുന്നു..എന്റെ അനുവാദത്തിനായി കാത്തുനില്‍ക്കുന്നു...."നിന്നിലെ കര്‍ത്താവിന്റെ കണ്ടെത്തലുകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് അവനോട ചേര്ന്നു നില്‍ക്കാനുള്ള നിന്റെ മൌനനുവാദത്തില്‍ ആണ്.."
എന്റെ കൊച്ചു അര്‍പ്പനങ്ങളെല്ലാം നെഞ്ചോട്‌ ചേര്‍ത്ത് ഹൃദയ വാതിലില്‍ എന്നെ കണ്ടെത്തിയ ക്രിസ്തു നില്ക്കുന്നുണ്ടോ??എന്നെ അനുഗമിക്കുക എന്നൊരു സ്വരം ഞാന്‍ കേള്‍ക്കുന്നുണ്ടോ??എന്റെ ഭവനത്തില്‍ വിരുന്നുകാരനാകാന്‍ അവന്റെ മനസ്സ് തുടിക്കുന്നുണ്ടോ?? ഇത്രയേറെ സ്നേഹിച്ചിട്ടും നന്മയുടെ നല്ല ഫലങ്ങള്‍ നല്‍കാത്ത എന്നെ കോപത്തോടെ ശകാരിക്കുന്നുണ്ടോ??അവന്റെ കാഴ്ചകളുടെയും ഉള്കാഴ്ചകളുടെയും ആഴങ്ങള്‍ എന്നില്‍ തിരിച്ചറിവുകള്‍ വിരിയിച്ചപോള്‍ എന്നിലും ഒരു വിചിന്തനം ഒരുങ്ങി..ഒപ്പം നിന്നിലും...... ഈ ലേഖനം എഴുതിയത് .
സിഫി എടാട്ടുകാരന്‍

Tuesday, October 8, 2013

ആരാണെന്നെ സ്‌പര്‍ശിച്ചത്‌


സിനഗോഗധികാരികളുടെ വീട്ടിലേക്കായിരുന്നു അവന്റെ യാത്ര. അവനെ കേള്‍ക്കാന്‍ കാത്തിരുന്ന ജനക്കൂട്ടം തിക്കിത്തിരക്കി ഒപ്പം നടന്നുനീങ്ങി. ഈ ആള്‍ക്കൂട്ടത്തിലാണവള്‍ ധൈര്യപൂര്‍വ്വം അടുത്തുകൂടിയത്‌; പഴയനിയമ കല്‌പനകളെ  തൃണവല്‍ഗണിച്ചുകൊണ്ട് പന്ത്രണ്ട്
വര്‍ഷങ്ങളായിട്ടവള്‍ രോഗിയാണ്‌. നിലയ്‌ക്കാത്ത രക്തസ്രാവം, അസ്വസ്ഥതയും അപകര്‍ഷതയും ദു:ഖവും അവള്‍ക്ക്‌ കൂട്ടിനുണ്ട്‌. ആരുടെയും മുന്നില്‍ വന്നുപെടാനവള്‍ക്കിഷ്ടമില്ല. പക്ഷേ, ഏതോ ഒരു ധൈര്യത്തോടെയാണ്‌ അന്നവള്‍ ഗുരുസവിധമണഞ്ഞത്‌. ഗുരുവിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും നേരില്‍ കാണുന്നത്‌ ഇത്‌ ആദ്യമായാണ്‌. ഗുരുവിന്റെ ചാരത്ത്‌ കഷ്ടപ്പെട്ടണഞ്ഞ അവളുടെ ഉള്ളിലൊരു തേങ്ങല്‍: "ഗുരുവിന്റെ അടുത്തു നില്‍ക്കാന്‍ ഞാനൊരശുദ്ധയല്ലേ"? അവളിലെ ആത്മസംഘര്‍ഷം പുതിയ വെളിപാടുകള്‍ക്ക്‌ വഴിമാറി. അവളുടെ മനസ്സില്‍ ഒരു രൂപം, ചിന്തയില്‍ ഒരു കാര്യം. പ്രവര്‍ത്തിയില്‍ ഒരു ലക്ഷ്യം: ഗുരുസ്‌പര്‍ശം! ആള്‍ക്കൂട്ടത്തിന്റെ ആരവത്തിലും വിശ്വാസം അവളെ നയിച്ചു. വിശ്വാസത്തികവില്‍ അവള്‍ ഗുരുവിന്റെ വസ്‌ത്രവിളുമ്പില്‍ തൊട്ടു. ഫലമോ രോഗവിമുക്തി. പച്ചമണ്ണില്‍ കുഴച്ചെടുത്ത ആദിമനുഷ്യരൂപത്തിന്‌ ജീവസ്‌പര്‍ശം നല്‍കിയ ദൈവഹൃദയത്തിന്റെ സ്‌പന്ദനം വീണ്ടും ആവര്‍ത്തിച്ചു. വിശ്വാസത്തികവിലൊരു പുന:സൃഷ്ടി!  
ഗുരുവിന്റെ സ്വരം ഉയര്‍ന്നു. "ആരാണെന്നെ സ്‌പര്‍ശിച്ചത്‌"? ആ ചോദ്യത്തിന്റെ ആഴമറിയാന്‍ ആള്‍ക്കൂട്ടത്തിനായില്ല. "ആരാണ്‌ നിന്നെ സ്‌പര്‍ശിക്കാത്ത"തെന്ന മറുചോദ്യമാണവിടെ ഉയര്‍ന്നത്‌. ദൈവഹൃദയത്തില്‍ സ്‌പര്‍ശനം നല്‍കാന്‍ കൃപ ലഭിച്ചവള്‍ കാല്‍ക്കല്‍ വീണുത്തരം നല്‍കി. പിന്നെ ഗുരുവിന്റെ സാന്ത്വനമൊഴികള്‍: "മകളെ നിന്റെ വിശ്വാസം....." (ലൂക്കാ: 8 : 4 - 8).

"ആള്‍ക്കൂട്ടം ഇന്നും ഗുരുവിന്റെ ചാരത്തണ്ട് . വര്‍ഷങ്ങള്‍ പിന്നിടുന്തോറും ആള്‍ക്കൂട്ടത്തിന്റെ തിരക്ക്‌ ഏറിവരുന്നേയുള്ളൂ. പക്ഷെ ആരുണ്ട് , അവനെ തിരയാന്‍? ഗുരുഹൃദയത്തില്‍ സ്‌പര്‍ശിക്കാന്‍ കഴിയുന്നവര്‍ വിരളം. വിശ്വാസത്തിന്റെ ആഡംബരഭാവങ്ങളിന്നേറിവരുന്നു. വിശ്വാസികള്‍ ദൈവത്തെ ആഭരണങ്ങണിയിക്കുന്ന തിരക്കിലാണ്‌. ഞായറാഴ്‌ചകളിലും കടമുള്ള ദിനങ്ങളിലും പ്രത്യേകമണിയുന്ന "ദൈവാഭരണങ്ങള്‍" ഇട ദിവസങ്ങളിലഴിച്ചു പെട്ടിയിലാക്കുന്നു. വീണ്ടുമൊരു കടമുള്ള ദിനം വന്നെത്തുംവരെ. 
ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും തന്നെയൊന്നു തൊടുന്നുണ്ടോയെന്ന്‌ ദൈവം അന്വേഷിക്കുന്നു. അനൂഗ്രഹം പേറി കനിവുള്ള ഹൃദയവുമായി ഗുരുവിന്ന്‌ കാത്തിരിക്കുകയാണ്‌ വഴിയോരത്ത്‌. ദൈവത്തെ തൊട്ടെന്ന ഭാവത്തിലാണ്‌ പലരുടെയും സഞ്ചാരം. പാപങ്ങളുടെ വിഴുപ്പുഭാണ്ഡങ്ങളും അഴിക്കാത്ത മാറാപ്പും മനുഷ്യനിന്ന്‌ പ്രിയപ്പെട്ടവ തന്നെ. ഗുരുസന്നിധേ ഇതൊന്നിറക്കിവച്ചാല്‍ അനുഗ്രഹധാരയവിടെ ഒഴുകിയെത്തും. 
ഒരു ദൈവസ്‌പര്‍ശം കൊതിച്ച്‌ ആള്‍ക്കൂട്ടത്തിലും പാതയോരത്തും ഇന്ന്‌ ഏറെപ്പേരുണ്ട്. ജീവിതത്തിന്റെ തിരക്കേറിയ നാല്‍ക്കവലകളില്‍ നട്ടം തിരിയുന്നവര്‍, ആരോരുമില്ലാത്ത ജനപഥങ്ങള്‍, ഏകാന്തതയുടെ കയ്‌പുനീരു കുടിക്കുന്നവര്‍... ഈ തകര്‍ന്ന ജനഹൃദയങ്ങളില്‍ ഗുരുസ്‌പര്‍ശനവുമായി കാത്തുനില്‍ക്കാന്‍ നമുക്കാവണം. നമ്മുടെ വസ്‌ത്രത്തിന്റെ വിളുമ്പില്‍ പിടിച്ചുവലിക്കുന്ന നിര്‍ജ്ജീവ ദേഹങ്ങളില്‍ മൃദുസ്‌പര്‍ശനമേകാന്‍ എനിക്കാവണം. 
ജായ്‌റോസിന്റെ മകളെ പുനര്‍ജീവിപ്പിക്കാനുള്ള യേശുവിന്റെ യാത്രയില്‍ ആരും ശ്രദ്ധിക്കാത്ത ഒരു കഥാപാത്രമുണ്ട്‌,  ഒരു ദൂതന്‍, പാതിവഴിയില്‍ ജായ്‌റോസിന്‌ മരണവാര്‍ത്ത കൊണ്ടുവരുന്നവന്‍. സിനഗോഗധികാരിയുടെ വീട്ടില്‍നിന്നും വരുന്നവന്‍.

അയാള്‍ ജായ്‌റോസിനെ അറിയിക്കുന്നത്‌ ദു:ഖവാര്‍ത്തയാണ്‌. "നിന്റെ മകള്‍ മരിച്ചുപോയി, ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട". 
അവന്റെ ഈ വാക്കുകള്‍ അവന്റെ മനോഗതത്തെ വെളിപ്പെടുത്തുന്നു. അതായത്‌ രോഗിയായിരുന്നവളെ സുഖപ്പെടുത്താന്‍ വരുന്നതില്‍ കാര്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അവള്‍ മരിച്ചുകഴിഞ്ഞശേഷം വന്നതുകൊണ്ട് ഫലമില്ല. 

പക്ഷെ ഉടനെവന്നു യേശുവിന്റെ മറുപടി: "ഭയപ്പെടേണ്ട ; വിശ്വസിക്കുക മാത്രം ചെയ്യുക". 

മനുഷ്യമനസ്സിന്റെ സത്യമാണ്‌ ഗുരു ഇവിടെ വിവരിക്കുന്നത്‌. ഞാന്‍ ഒരാളില്‍ വിശ്വാസമര്‍പ്പിച്ചാല്‍, ആ വ്യക്തിയെ ശരണപ്പെട്ടാല്‍, എനിക്കുവേണ്ടി  എന്ത്‌ ക്ലേശവും സഹിക്കുന്നതിന്‌ അയാള്‍ക്ക്‌ മടിയുണ്ടാവില്ല. "നീ എന്നില്‍ വിശ്വാസമര്‍പ്പിച്ചാല്‍ എനിക്കത്‌ ബുദ്ധിമുട്ടാവില്ല"!

പകലന്തിയോളം ജോലിചെയ്‌ത അമ്മതന്നെ മകന്റെ രോഗശയ്യക്കരികെ ഉറക്കമിഴച്ചിരിക്കുന്നത്‌ ഇതുകൊണ്ടാണ്‌. ചികിത്സക്കായി പറമ്പും വീടും വിറ്റ്‌ ദരിദ്രരാകുന്നവര്‍ ചെയ്യുന്നതിതാണ്‌. അദ്ധ്വാനിച്ചുണ്ടാക്കിയ കാശ്‌ മുഴുവന്‍ പ്രേയസിക്കായി ഒരുനിമിഷംകൊണ്ട് ചിലവഴിച്ചു തീര്‍ക്കുന്ന വിഡ്‌ഢിത്തം ഇതാണ്‌. നമ്മെ സ്‌നേഹിക്കുന്നവര്‍ക്കായി ഏത്‌ ക്ലേശവും നാം ഏറ്റെടുക്കും. അപരനെ ആത്മാര്‍ത്ഥമായി വിശ്വസിക്കുക, സ്‌നേഹിക്കുക. അപ്പോള്‍ നമുക്കുവേണ്ടി അവന്‍ എന്തുംചെയ്യും. 

വിശ്വാസമുള്ളിടത്ത്‌ പിന്നീട്‌ "പക്ഷേ"കളില്ല. "ചെയ്യാന്‍ പറ്റുമോ" എന്ന സംശയമില്ല. "ശ്ശേ" എന്ന സന്ദേഹമില്ല. എല്ലാം കഴിയും എന്ന ചിന്ത/വിശ്വാസം മാത്രം.