Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, September 5, 2012

നിഴൽപ്പോലൊരു സ്‌നേഹിതൻ

Written by  മാർക്ക് വിൻസ്റ്റൺ 

ഈശോസഭാ വൈദികനായ ഫാ. ഹസ്ലെൻ എഴുതുന്നു; ''ദൈവം നല്കിയിരിക്കുന്ന കാവൽമാലാഖയെ അംഗീകരിക്കുന്നതുകൊണ്ടും നമുക്കൊരു കാവൽമാലാഖ ഉണ്ടെന്ന് മനസിലാക്കുന്നതുകൊണ്ടും മാത്രം തൃപ്തിപ്പെടരുത്. ഓരോ വ്യക്തിക്കും പ്രത്യേക കാവൽദൂതനുണ്ട്. ഈ ദൂതന് ദൈവം കൃത്യമായ നിർദേശങ്ങൾ നല്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ബലഹീനതകളും പോരായ്മകളും സാഹചര്യങ്ങളും കൃത്യമായും വ്യക്തമായും മനസിലാക്കിയതിനുശേഷമാണത്.'' തോബിത്തിന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തിയപ്പോൾ റഫായേൽ മാലാഖ അവർക്കുവേണ്ടി അയക്കപ്പെടുന്നുണ്ട്. റഫായേൽ എന്താണ്  ചെയ്യേണ്ടിയിരുന്നത് എന്നു കല്പിക്കപ്പെട്ടിരുന്നു. ''ഇരുവരുടെയും പ്രാർത്ഥന ദൈവത്തി ന്റെ മഹനീയ സന്നിധിയിൽ എത്തി. അവർ ഇരുവർക്കും ഉപശാന്തി നല്കാൻ - തോബിത്തിന്റെ കണ്ണുകളിലെ വെളുത്ത പടലം നീക്കം ചെയ്യാനും, റഗുവേലിന്റെ പുത്രി സാറായെ തോബിത്തിന്റെ പുത്രൻ തോബിയാസിനു വധുവായി നല്കാനും, അസ്‌മോദേവൂസ് എന്ന ദുഷ്ടഭൂതത്തെ ബന്ധിക്കാനും - റഫായേൽ നിയുക്തനായി'' (തോബിത് 3:16-17).   
അതുകൊണ്ട് നമ്മുടെ കാവൽമാലാഖയ്ക്ക് നമ്മെ സഹായിക്കാൻ സാധിക്കുന്നതുപോലെ മറ്റാർക്കും, മറ്റൊരു മാലാഖയ്ക്കുപോലും നമ്മെ സഹായിക്കാനാവില്ല. മാത്രമല്ല, ഇക്കാര്യത്തിൽ ദൈവം യാതൊരു പക്ഷപാതവും കാട്ടുന്നില്ല. നീതിമാനോ പാപിയോ മുതിർന്നവരോ കുട്ടികളോ ക്രൈസ്തവരോ അക്രൈസ്തവരോ എന്നുള്ള വ്യത്യാസം കൂടാതെ ഓരോരുത്തർക്കും കാവൽമാലാഖയുണ്ട്. ഇത് തീർച്ചയുള്ള കാര്യമാണ്. നമുക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന കാവൽമാലാഖക്ക് മറ്റാരുടെയും ആവശ്യങ്ങൾ അന്വേഷിക്കണ്ട കാര്യംപോലുമില്ല. അത്ര വ്യക്തിപരമായി ദൈവം ഓരോരുത്തരെയും സ്‌നേഹിക്കുന്നുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും അപകടകരമായ സാഹചര്യങ്ങളിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടാനിടയായ ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അവിടെ ഇടപെട്ടത് നമ്മുടെ കാവൽമാലാഖയാണ്. ദൈവഹിതമല്ലാതെ നമ്മുടെ ജീവിതത്തിൽ യാതൊന്നും സംഭവിക്കാൻ അവർ അനുവദിക്കില്ല; സ്വതന്ത്ര മനസുകൊണ്ട് നാം ചെയ്യുന്ന പാപങ്ങൾ ഒഴികെ. നമ്മുടെ പാപങ്ങൾ കാവൽമാലാഖയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അവ ദൈവഹിതമല്ല എന്നതുതന്നെയാണ് പ്രധാന കാരണം. മറിച്ച്, എന്തെല്ലാം വേദനകളും ദ്രോഹങ്ങളും നമ്മുടേതല്ലാത്ത കുറ്റത്താൽ നേരിടേണ്ടി വന്നാലും കാവൽമാലാഖ അവയിലൂടെ നമ്മുടെ കരം പിടിച്ചു നടത്തും.
 

ജീവിതത്തിൽ ഉണ്ടാകുന്ന തിക്താനുഭവങ്ങളിലും കാവൽമാലാഖ തുണയായുണ്ട്. നമ്മെ മറ്റുള്ളവർ ദ്രോഹിക്കുമ്പോൾ അവരുടെ കാവൽമാലാഖയും നമ്മുടെ കാവൽമാലാഖയും ദുഃഖിക്കും. ഇതുതന്നെയാണല്ലോ ഈശോയുടെ വാക്കുകളും വ്യക്തമാക്കുന്നത്; ''ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു'' (മത്താ. 18:10). മറ്റൊരാളെ ദ്രോഹിക്കുമ്പോൾ നാം അസ്വസ്ഥപ്പെടുത്തുന്നത് സ്വർഗത്തെ മുഴുവനുമാണ്. ദൈവവും മാലാഖമാരും വിശുദ്ധരും അതിൽ വേദനിക്കുന്നുണ്ട്. അതുകൊണ്ടാണ് കുമ്പസാരത്തിനുള്ള ജപത്തിൽ നാം ദൈവത്തോടും സകലവിശുദ്ധരോടും മാപ്പപേക്ഷിക്കുന്നത്. 

നമ്മുടെ കാവൽമാലാഖ എന്തുചെയ്യുന്നു? 
കാവൽമാലാഖമാരുടെ ദൗത്യങ്ങൾ പലതാണ്. ശരീരത്തിന്റെയും ആത്മാവിന്റെയും അപകടങ്ങളെ തടയുന്നു. നാമുറങ്ങുമ്പോഴും കാവൽമാലാഖ ജാഗ്രതയോടെ കാവലിരിക്കുന്നു. പിശാചിന്റെ ദുഷിച്ച ചിന്തകളെ നിലയ്ക്കുനിർത്തുകയും പാപസാഹചര്യങ്ങളെ ഒഴിവാക്കുകയും പ്രലോഭനങ്ങളെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഒരമ്മ തന്റെ കുഞ്ഞിനെ നോക്കിയിരിക്കുന്നതുപോലെ മാലാഖ നമ്മെ നോക്കുന്നു. ''നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും'' (സങ്കീ. 91:11,12). നമ്മെ പ്രകാശിപ്പിക്കുകയും വിശുദ്ധമായ ചിന്തകളും നല്ല ആഗ്രഹങ്ങളും നമ്മിൽ നിറയ്ക്കുകയും ചെയ്യുന്നു. നല്ല വ്യക്തികളെ നമുക്ക് പരിചയപ്പെടുത്തുകയും ആത്മീയ ഉണർവു നല്കുന്ന പുസ്തകങ്ങളും ലേഖനങ്ങളും കാട്ടിത്തരികയും ചെയ്യുന്നു. ഇങ്ങനെ നല്ലൊരു ആത്മീയ പിതാവിന്റെ ജോലിയും കാവൽമാലാഖ നിർവഹിക്കുന്നുണ്ട്. നമ്മുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ അർപ്പിക്കുകയും നമുക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. പാപം ചെയ്താൽ നമ്മെ തിരുത്തുന്നു. മരണസമയത്ത് നമ്മെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ആത്മാക്കളെ സ്വർഗത്തിലേക്ക് നയിക്കുകയോ ശുദ്ധീകരണസ്ഥലത്തിൽ ആശ്വാസം കണ്ടെത്തുന്നതിനായി എത്തിക്കുകയോ ചെയ്യും. ഇപ്രകാരമാണ് നമ്മുടെ കാവൽ മാലാഖമാർ നമ്മെ സംരക്ഷിക്കുകയും സൂക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നത്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവയായതിനാൽ ആത്മാക്കളുടെ അളവില്ലാത്ത വിലയെക്കുറിച്ച് മാലാഖമാർക്ക് ശരിയായ ബോധ്യമുണ്ട്. ഒരാത്മാവ് നരകത്തിൽ പോകുന്നതിനെക്കാൾ ദുഃഖകരമായി യാതൊന്നും അവർക്കില്ല. കാവൽമാലാഖയും ആത്മാവും വേർപെടുന്ന ഒരേ ഒരു നിമിഷമാണത്. ആ മാലാഖയുടെ കണ്ണുനീർ തടയാൻ ആർക്കുമാവില്ല. അതുകൊണ്ടാണ് അനുതാപിയുടെ തിരിച്ചുവരവിൽ സ്വർഗം അത്രയധികം സന്തോഷിക്കുന്നത്.  

കാവൽമാലാഖയ്ക്ക് രഹസ്യങ്ങൾ അറിയാമോ? 
ദൈവം തനിക്കായി മാറ്റിവച്ചിരിക്കുന്ന മനുഷ്യഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മാലാഖമാർക്ക് പ്രവേശനമില്ല. എങ്കിലും തങ്ങൾക്കാവുന്നതെല്ലാം അവർ നമുക്കാ യി ചെയ്തുതരുന്നു. നമ്മുടെ ചിന്തകൾ കാവൽമാലാഖയ്ക്ക് വെളിപ്പെടുത്തിക്കൊടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അപ്രകാരം നമ്മുടെ കാവൽമാലാഖയുമായി നിരന്തര സമ്പർക്കം പുലർത്തുന്നത് ആത്മാവിന്റെ സുസ്ഥിതിക്ക് പ്രയോജനകരമാണ്. ഈശോയ്ക്കും മാതാവിനും ശേഷം കാവൽമാലാഖയായിരിക്കണം നമ്മുടെ ഏറ്റവും നല്ല സുഹൃത്ത്. കാവൽമാലാഖയെ ഏറെ സ്‌നേഹിക്കുന്നുവെങ്കിൽ അവനിൽനിന്നു മറച്ചുവയ്ക്കുവാൻ യാതൊരു രഹസ്യവുമുണ്ടാകില്ല. പ്രത്യക്ഷത്തിൽ നമുക്ക് മാലാഖയെ കാണാനാവില്ല. നമ്മുടെ കാതുകളിൽ അവരുടെ താക്കീത്  കേൾക്കാനുമാവില്ല. കരങ്ങൾ അവരെ സ്പർശിക്കുകയോ കണ്ണുകൾ അവരെ കാണുകയോ ചെയ്യാറില്ല. എന്നാൽ, അദൃശ്യനായി അവൻ നമ്മോടൊപ്പമുണ്ട്. ജീവന്റെ ആദ്യനിമിഷം മുതൽ നാം പ്രത്യാശിക്കുന്നതുപോലെ ദൈവത്തെ മുഖാമുഖം കാണുന്നതുവരെ അവരുടെ ദൗത്യം അവസാനിക്കുന്നില്ല.

നാമറിയാതെ നമുക്കുവേണ്ടി യുദ്ധം ചെയ്യുന്നവർ
നമ്മുടെ കാവൽമാലാഖമാരുടെ ഉൽക്കണ്ഠകളെക്കുറിച്ച് ഫാദർ ഫേബർ വളരെ ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്; ''നമ്മുടെ തൊട്ടടുത്ത് ഒരു സ്വർഗീയ ജീവനുണ്ട്. ദൈവത്തിന്റെ മഹത്വം ദർശിച്ചുകൊണ്ട് നമ്മുടെ കൈപ്പാടകലത്തെക്കാൾ അടുത്ത് ഈ ദൈവദൂതൻ വസിക്കുന്നു. നമ്മുടെ പാദങ്ങൾക്കു ചുറ്റും കാണപ്പെടാത്ത ഒരു യുദ്ധം നടക്കുന്നു. പക്ഷേ, കാവൽമാലാഖ അതിന്റെ ശബ്ദംപോലും നമ്മെ കേൾപ്പിക്കുന്നില്ല. അവൻ നമുക്കുവേണ്ടി യുദ്ധം ചെയ്യുന്നു. നന്ദിപ്രകാശനം അവൻ ആഗ്രഹിക്കുന്നില്ല. തന്റെ വിജയങ്ങളെല്ലാം ദൈവമഹത്വത്തിനായി സമർപ്പിച്ച് പിതാവിനെത്തന്നെ അവൻ ആസ്വദിക്കുന്നു. നമ്മോടുള്ള അവന്റെ കരുതൽ വാക്കുകൾക്ക് വർണിക്കാവുന്നതല്ല. കല്ലറയ്ക്കപ്പുറത്തേക്കും ഈ ബന്ധം നീളുന്നു. സ്വർഗീയമായൊരു തുല്യത നമുക്കവിടെ കാണാം. ഒരിക്കലും അസ്തമിക്കാത്ത സ്വർഗീയ സ്‌നേഹത്താൽ പരസ്പരം ബന്ധപ്പെടുന്ന നിമിഷങ്ങൾ ഉത്ഥാനത്തിന്റെ ആദ്യസമയങ്ങളിൽ നമുക്കുണ്ടാകും. അന്നുവരെ നമ്മെ എത്ര അപകടങ്ങളിൽ നിന്ന് അവൻ രക്ഷിച്ചിട്ടുണ്ടെന്നോ, നമ്മുടെ രക്ഷയ്ക്കായി അവനോട് നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നോ നമുക്ക് മനസിലാകില്ല. തന്റെ ദൗത്യത്തിന് ഈ ദൂതന് യാതൊരു പ്രതിഫലവുമില്ല. ദൈവത്തിന്റെ മുഖം ദർശിക്കുന്ന മാലാഖയ്ക്ക് മറ്റെന്ത് പ്രതിഫലമാണ് അധികമായി നല്കപ്പെടുക? ഈ മാലാഖയുടെ പ്രവർത്തനം സ്വഭാവികമായ സ്‌നേഹത്തിന്റെ പ്രതിഫലനം മാത്രമാണ്. കാരണം, നമ്മുടെ ആത്മാക്കളോടുള്ള ദൈവത്തിന്റെ നിത്യമായ സ്‌നേഹത്തെക്കുറിച്ച് അവർ നന്നായറിയുന്നു.''
അവനിൽ നമുക്ക് കാണപ്പെടാത്ത ഒരു സുഹൃത്തും സഹായകനും ഒരിക്കലും വീഴ്ചവരുത്താത്ത കാവൽക്കാരനുമുണ്ട്. എത്രമാത്രം അവിടുത്തെ സാന്നിധ്യം അനുഭവിക്കുവാനും അപകടങ്ങളിൽനിന്നും രക്ഷിച്ച സന്ദർഭങ്ങൾ മനസിലാക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്? 

മാലാഖമാർക്കുവേണ്ടി നമുക്കും ചെയ്യാനുണ്ട്!
മാലാഖമാർ നമ്മോട് കാണിച്ച സ്‌നേഹത്തിന് പ്രത്യുപകാരമായി നമുക്കെന്താണ് നല്കാനുള്ളത്? എളിയവരായ നമ്മുടെ സ്‌നേഹത്തെ അവർ വിലമതിക്കുന്നുണ്ടാവുമോ? തീർച്ചയായും. വിശുദ്ധ ജെർത്രൂദ് ഒരിക്കൽ തന്റെ ദിവ്യകാരുണ്യസ്വീകരണം ഒൻപതു വൃന്ദം മാലാഖമാർക്കും വേണ്ടിയാണ് കാഴ്ചവച്ചത്. ഈ സ്‌നേഹത്തെപ്രതി മാലാഖമാർ എത്ര സന്തോഷിച്ചു എന്ന് കാണുവാൻ ദൈവം അവൾക്ക് ഇടനല്കി. അന്ന് മാലാഖമാർ സ്വർഗത്തിൽ തുള്ളിച്ചാടുകയും ആനന്ദനൃത്തം ചെയ്യുകയും ചെയ്തത്രേ. അവർക്ക് ഇതിലൂടെ ഇത്രയും സന്തോഷം ലഭിക്കുമെന്ന് അവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒരു ദിവ്യകാരുണ്യസ്വീകരണം മാലാഖമാർക്കായി കാഴ്ചവച്ചപ്പോൾ അവർക്ക് ഇത്ര ആനന്ദമുണ്ടായെങ്കിൽ നാം അവരെ എത്രകണ്ട് പരിഗണിക്കേണ്ടിയിരിക്കുന്നു. ദൈവം മാലാഖമാർക്ക് നല്കിയ സൗന്ദര്യവും പരിശുദ്ധിയും  മഹത്വവും ഓർത്ത് യേശുക്രിസ്തുവിന്റെ തിരുരക്തം പിതാവിന് സമർപ്പിച്ച് നന്ദിയോടെ പ്രാർത്ഥിക്കാം. അപ്രകാരം ചെയ്താൽ ആയിരം മടങ്ങായി അവർ നമുക്ക് പ്രത്യുപകാരം ചെയ്യാതിരിക്കില്ല. ഈ സുഹൃദ്ബന്ധത്തിനും സ്‌നേഹത്തിനും പകരമായി മാലാഖമാരുടെ സ്തുതിക്കായി നമ്മുടെ സത്കൃത്യങ്ങൾ നിത്യപിതാവിന് കാഴ്ചവയ്ക്കാം. അനുദിന ജീവിതത്തിൽ കാവൽമാലാഖയുടെ സഹായം കൂടുതലായി തേടുകയും ചെയ്യാം 

No comments:

Post a Comment