''അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു'' (റോമാ 4:3). ഈ വചനം കേൾക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാകാനിടയുള്ള ഒരു ചോദ്യമുണ്ട്; അതെന്താ മറ്റാരും ദൈ വത്തിൽ വിശ്വസിച്ചിട്ടില്ലേ എന്ന്! സത്യമായും ദൈവത്തിൽ വിശ്വസിച്ചവർ അനേകരുണ്ട്. എന്നാൽ, വിശ്വാസത്തിന്റെ കാര്യത്തിൽ അബ്രാഹത്തിനു തുല്യനായി മറ്റാരുമില്ല. കഠിനമായ പരീക്ഷകളിലൂടെ കടന്നുപോയിട്ടും ഒട്ടും ചഞ്ചലപ്പെടാതെ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് ദൈവത്തിന് മഹത്വം നല്കി യ അബ്രാഹത്തിന് തുല്യനായി പഴയനിയമത്തിൽ വേറൊരു വ്യക്തിയെ കാണുക അസാധ്യംതന്നെ.
എല്ലാം അനുകൂലമായി ഭവിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവത്തിൽ വിശ്വസിക്കാനും അവിടുത്തെ മഹത്വപ്പെടുത്താനും എളുപ്പമാണ്. എന്നാൽ, പ്രതികൂലങ്ങൾ നിറഞ്ഞ പാതയിലൂടെ ഒറ്റയ്ക്ക് മുൻപോട്ടു നയിക്കപ്പെടുമ്പോൾ അതത്ര എളുപ്പമല്ല. അബ്രാഹത്തെ സംബന്ധിച്ചിടത്തോളം കഠിനമായ വിശ്വാസപോരാട്ടത്തിന്റെ വഴികളിലൂടെയാണ് അദ്ദേഹം നടത്തപ്പെട്ടത്. അപ്പോഴൊക്കെയും ഇടംവലം തിരിയാൻ തയാറാകാതെ തന്നെ വിളിച്ചവനിൽ വിശ്വസിച്ചുകൊണ്ട് തീവ്രശോധനകളെ അതിജീവിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയതുകൊണ്ടാണ് അബ്രാഹം വിശ്വാസികളുടെ പിതാവായിത്തീ ർന്നത്. ഇപ്രകാരം ദൈവത്തിൽ മാത്രം വിശ്വസിച്ചുകൊണ്ട് കഠിനശോധനകളെ ധീരതയോടെ നേരിട്ട് ദൈവത്തിനു മഹത്വം കരേറ്റുന്നവരെക്കുറിച്ച് തിരുവചനത്തിലുള്ള സ്ഥിരീകരണം ഇതാണ്. ''നിങ്ങളിലാരാണ് ദൈവത്തെ ഭയപ്പെടുകയും അവിടുത്തെ ദാസ ന്റെ വാക്ക് അനുസരിക്കുകയും ചെയ്യുന്നത്? പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവൻ തന്നെ'' (ഏശയ്യാ 50:10).
യേശു പറഞ്ഞു: ''ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല'' (യോഹ.8:12). എന്നാൽ പ്രകാശം തന്നെയായ യേശുവിൽ വിശ്വസിച്ച്, അവന്റെ കാലടികളെ അനുഗമിക്കാൻ തുടങ്ങുമ്പോഴാണ് നാം അതികഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകാൻ ചിലപ്പോൾ ഇടവരുന്നത്. ആരുടെ കാല്പാദങ്ങളെ നോക്കി നാം യാത്ര തിരിച്ചുവോ ആ പാദങ്ങൾ അപ്രത്യക്ഷമാകുമ്പോഴും ഏതു പ്രകാശത്തിൽ നമ്മുടെ കണ്ണുകളെ നാം കേന്ദ്രീകരിച്ചിരുന്നുവോ ആ പ്രകാശം വഴിമാറി മുൻപിൽ അന്ധകാരം നിറയുമ്പോഴും നാം ഏറ്റുപറഞ്ഞ വിശ്വാസത്തിൽനിന്നും വ്യതിചലിക്കാതെ അവന്റെ നാമത്തെ ഏറ്റുപറഞ്ഞുകൊണ്ട് മുന്നോട്ടുപോവുക എന്നത് നിസാരമായ കാര്യമല്ല. ഇത്തരത്തിലുള്ള ഒരു വിശ്വാസയാത്രയെയാണ് ഒരു സീയോൻ സഞ്ചാരിയിൽനിന്നും ദൈവം പ്രതീക്ഷിക്കുന്നത്. നമ്മുടെ അഭീഷ്ടങ്ങളെല്ലാം സാധിതമാകുന്ന, കൈനീട്ടിയാൽ തൊടാൻ പാകത്തിന് ദൈവം നമ്മുടെ മുൻപേ നടക്കുന്ന, നമ്മുടെ പ്രാർത്ഥനകൾക്കെല്ലാം പ്രാർത്ഥിച്ചു തീരുംമുൻപേ ഉത്തരം ലഭിക്കുന്ന, എല്ലാവിധത്തിലും സൗഭാഗ്യപൂർണമായ ഒരു യാത്രയാണ് യേശുവിന്റെ പിന്നാലെ നാം നടത്താൻ ആഗ്രഹിക്കുന്നതെങ്കിൽ നമ്മൾ എല്ലാവരെയുംകാൾ ബുദ്ധിഹീനരത്രേ. . കാരണം, കർത്താവ് തന്നെ പിൻഗമിക്കാൻ ആഗ്രഹിക്കുന്നവരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, ''ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സ്വയം പരിത്യജിച്ച് സ്വന്തം കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (ലൂക്കാ 9:23) എന്ന്.
പൂർവപിതാവായ അബ്രാഹമിന്റെ യാത്ര ഇത്തരത്തിലുള്ളതായിരുന്നു. 75 വയസുള്ളപ്പോഴാണ് ദൈവം അബ്രാഹത്തെ വിളിച്ചത്. ''കർത്താവ് അബ്രാഹമിനോട് അരുളിച്ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക'' ( ഉൽ.12:1). വാർധക്യത്തിൽ സ്വസ്ഥമായി കഴിയേണ്ട സമയത്താണ് വിദൂരദേശത്തേക്ക് സ്വന്തമായിരുന്നവരെയും നിലവിലുള്ള എല്ലാ സുരക്ഷിതത്വങ്ങളെയും ഉപേക്ഷിച്ച് പോകാനുള്ള കർത്താവിന്റെ ആഹ്വാനം അബ്രാഹം കേട്ടത്. ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം പുറപ്പെട്ടു. യാത്ര തുടങ്ങുമ്പോൾ അബ്രാഹത്തിന് അറിഞ്ഞുകൂടായിരുന്നു എങ്ങോട്ടാണ് പോകുന്നതെന്ന്.
കാത്തിരിപ്പിന്റെ കാലം
ദൈവം അബ്രാഹമിനോട് വാഗ്ദാനം ചെയ്തു, ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അബ്രാഹമിന് സന്താനങ്ങളെ നല്കുമെന്ന്. താൻ വൃദ്ധനായിരിക്കുന്നുവെന്നും സാറായുടെ ഗർഭധാരണത്തിനുള്ള കാലഘട്ടങ്ങൾ കഴിഞ്ഞുപോയി എന്നു മനസിലാക്കിയിട്ടും അബ്രാഹം ദൈവം പറഞ്ഞതു വിശ്വസിച്ചു. ഇതേക്കുറിച്ച് തിരുവചനങ്ങളിലൂടെ ദൈവം നല്കുന്ന സാക്ഷ്യം ഇതാണ്. ''നിന്റെ സന്തതി ഇപ്രകാരമായിരിക്കും എന്ന് പറയപ്പെട്ടതനുസരിച്ച് താൻ അനേക ജനതകളുടെ പിതാവാകും എന്ന് പ്രതീക്ഷയ്ക്ക് സാധ്യതയില്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവൻ വിശ്വസിച്ചു. നൂറുവയസായ തന്റെ ശരീരം മൃതപ്രായമായിരിക്കുന്നുവെന്നും സാറായുടെ ഉദരം വന്ധ്യമാണെന്ന് അറിയാമായിരുന്നിട്ടും അവന്റെ വിശ്വാസം ദുർബലമായില്ല. വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവൻ ചിന്തിച്ചില്ല. മറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിക്കൊ ണ്ട് അവൻ വിശ്വാസത്താൽ ശക്തി പ്രാപിച്ചു. വാഗ്ദാനം നിറവേറ്റാൻ ദൈവത്തിന് കഴിയുമെന്ന് അവന് പൂർണബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അവന്റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്'' (റോമാ 4:18-23).
പക്ഷേ, ദൈവം വാഗ്ദാനം ചെയ്ത ആ കുഞ്ഞിനുവേണ്ടി ഒന്നോ രണ്ടോ വർഷങ്ങളല്ല, 25 വർഷങ്ങൾ അബ്രാഹത്തിന് കാത്തിരിക്കേണ്ടതായിവന്നു. ഇത്തരത്തിലുള്ള ഒരു കാത്തിരിപ്പിന്റെ നൊമ്പരം എന്താണെന്ന് അല്പമെങ്കി ലും അതനുഭവിച്ചിട്ടുള്ളവർക്കേ നന്നായി മനസിലാക്കാൻ കഴിയൂ. അത്രത്തോളം ഒരു കുഞ്ഞിനുവേണ്ടിയുള്ള കാ ത്തിരിപ്പിൽ അവൻ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നവനെപ്പോലെയായി. എങ്കിലും അവൻ ദൈവത്തിൽ വിശ്വസിച്ചു. വേദനാപൂർണമായ നീണ്ട കാത്തിരിപ്പിന് അ ബ്രാഹത്തിന്റെ ദൈവത്തിലുള്ള വിശ്വാസത്തെയോ ദൈവാശ്രയത്വത്തെയോ മാറ്റിക്കളയാനായില്ല. അതുകൊണ്ടാണ് അബ്രാഹത്തിന്റെ വിശ്വാസം അവനു നീതിയായി പരിണമിച്ചത്.
കുഞ്ഞു ജനിച്ചതിനുശേഷവും വിശ്വാസ പരീക്ഷണങ്ങൾ മാറിപ്പോയില്ല. സാറായുടെ അപേക്ഷയനുസരിച്ച് സാറായുടെ ദാസിയിൽ ജനിച്ച കുഞ്ഞിനെ അനാഥനായി വഴിയിലിറക്കിവിടേണ്ടിവന്നപ്പോൾ അബ്രാഹത്തിന്റെ പിതൃഹൃദയം എത്രയേറെ വേദനിച്ചിരിക്കും... സ്‌നേഹവാനായ ആ പിതാവിന്റെ ഹൃദയവേദനയെക്കുറിച്ച് നമ്മളാരും അധി കം ചിന്തിച്ചിട്ടില്ല. ദൈവം കല്പിച്ചു, അബ്രാഹം അനുസരിച്ചു, അത്രമാത്രം!
സാറായിൽ പിറന്ന തന്റെ സ്വന്തം മകനായ ഇസഹാക്കിനെപ്രതിയും ദൈവം കഠിനമായ പരീക്ഷണത്തിന് വിട്ടുകൊടുത്തു. ദൈവം പറഞ്ഞു ''നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകൻ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് നീ മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാൻ കാണിച്ചുതരുന്ന മലമുകളിൽ നീ അവനെ ഒരു ദഹനബലിയായി അർപ്പിക്കണം'' (ഉൽപത്തി 22:2).
ദൈവം പറഞ്ഞതുപോലെ അബ്രാഹം അനുസരിച്ചു. തകർന്ന ഹൃദയത്തോടെ മകനെയുംകൂട്ടി ബലിക്കുള്ള വിറകുമായി അദ്ദേഹം ദൈവം കാണിച്ചുകൊടുത്ത മലയിലേക്കു കയറിച്ചെന്നു. വിറകുകൊള്ളികൾകൊണ്ട് കിടക്കയുണ്ടാക്കി. താൻ സ്‌നേഹിച്ച മകന്റെ കൈകാലുകൾ ബ ന്ധിച്ച് വിറകിന്മേൽ അവനെ കിടത്തി. കഠാര കൈയിലെടുത്ത് കുഞ്ഞിന്റെ ചങ്കിനു നേരെ ആഞ്ഞതും ദൈവം അബ്രാഹമിന്റെ കൈ തടഞ്ഞു. ദൈവം തന്റെ ദൂതനിലൂടെ സംസാരിച്ചു. ''കുട്ടിയുടെമേൽ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്ക് ഉറപ്പായി. കാരണം നിന്റെ ഏകപുത്രനെ എനിക്കു തരാൻ നീ മടി കാണിച്ചില്ല'' (ഉൽപ. 22:12-13).
ആത്മാവിന്റെ ഇരുണ്ട രാത്രികൾ
കേൾക്കാൻ ഭംഗിയുള്ള ഒരു സംഭവകഥയാണ്. പക്ഷേ, അബ്രാഹം കടന്നുപോയ കഠിന നൊമ്പരങ്ങളൊന്നും ബൈബിളിലോ മറ്റെവിടെയെങ്കിലുമോ രേഖപ്പെടുത്തിയിട്ടില്ല. ഈ കഠിന വേദനകളിലും അബ്രാഹം ദൈവത്തിൽ വിശ്വസിക്കുകയും അവിടുത്തെ അനുസരിക്കുകയും ചെയ്തു. ഇതാണ് പ്രകാശമില്ലാതെ അന്ധകാരത്തിൽ നടന്നിട്ടും കർത്താവിന്റെ നാമത്തിൽ ആശ്രയിക്കുകയും തന്റെ ദൈവത്തിൽ അഭയം തേടുകയും ചെയ്യുന്നവന്റെ വിശ്വാസം!
ഇതുപോലെതന്നെ കൂരിരുട്ടിൽ സഞ്ചരിക്കാനിടവന്നിട്ടും കർത്താവിൽ പ്രത്യാശവയ്ക്കുകയും ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം കഠിന ശോധനകളുടെ ഇടയിൽ കൈവിടാതെ കാക്കുകയും ചെയ്തവനാണ് യാക്കോബിന്റെ ഇളയ മകനായ ജോസഫ്. ജയിലിൽനിന്നും ഫറവോയുടെ സ്വപ്നം വ്യാഖ്യാനിക്കാൻ വിളിക്കപ്പെട്ടതുവരെ അവന്റെ യാത്ര കൂരിരുളിന്റെ പാതയിലൂടെയായിരുന്നു. ആദ്യം സഹോദരങ്ങളുടെ അസൂയയും പരിഹാസവും. പിന്നീട് കൂടെപ്പിറപ്പുകളിലൂടെയുള്ള വധശ്രമം, അതിനുശേഷം പൊട്ടക്കിണറ്റിൽ എറിയപ്പെട്ട അവസ്ഥ. അവിടെനിന്നും മിദിയാൻ കച്ചവടക്കാരുടെ കൈയിൽ അടിമയായി വില്ക്കപ്പെടുന്നു. പൊത്തിഫറിന്റെ ഭവനത്തിൽനിന്നും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തടവറയിലേക്ക്. ഇങ്ങനെ നീണ്ട ഒരു കാലഘട്ടം ജോസഫിന്റെ യാത്ര പ്രകാശമില്ലാത്ത അന്ധകാരത്തിന്റെ വഴികളിലൂടെയായിരുന്നു. എന്നിട്ടും ജോസഫ് വിശ്വാസം കൈവിട്ടില്ല. തന്നോടുള്ള വിശ്വസ്തത കാത്തുസൂക്ഷിച്ച ജോസഫിനെ ദൈവം ഇരുൾമൂടിയ വഴികളിൽനിന്നും പൊക്കിയെടുത്ത് ഈജിപ്തിന്റെ അധിപനാക്കി മാറ്റി.
പുതിയ നിയമ കാലഘട്ടത്തിലേക്കു കടന്നുവരുമ്പോൾ വിശുദ്ധരായി പേരു വിളിക്കപ്പെട്ട് അൾത്താരയിൽ വണങ്ങുന്ന വിശുദ്ധന്മാരിൽ മിക്കവരുംതന്നെ 'ആത്മാവിന്റെ ഇരുണ്ട രാത്രികൾ' എന്ന തീവ്രതയേറിയ സഹനാനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ്. തീവ്രതയേറിയ സഹനത്തിനൊപ്പം ഇവർക്ക് ദൈവസാന്നിധ്യബോധംപോലും നഷ്ടപ്പെടുന്നു. ദൈവം ഉണ്ടോയെന്നുപോലും സംശയിച്ചുപോയ വിശുദ്ധന്മാരും അക്കൂട്ടത്തിലുണ്ട്. അത്രയേറെ കഠോരമായിരുന്നു ഇരുണ്ട രാവുകളിലൂടെ കടന്നുപോകേണ്ടിവന്നപ്പോഴത്തെ അവസ്ഥ.
യേശുപോലും കുരിശിലെ അന്ധകാരപൂർണമായ മണിക്കൂറുകളുടെ അന്ത്യത്തിൽ 'എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് അവിടുന്ന് എന്നെ ഉപേക്ഷിച്ചു'വെന്ന് നിലവിളിച്ചുപോയി. പക്ഷേ അടുത്ത നിമിഷങ്ങളിൽ ഏതൊരു ദൈവം തന്നെ ഉപേക്ഷിച്ചുവെന്ന് പറഞ്ഞുവോ ആ ദൈവത്തിന്റെ കരങ്ങളിലേക്ക് തന്റെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് യേശു ഇപ്രകാരം പ്രാർത്ഥിച്ചു; പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. ഇതാണ് സഹനത്തിന്റെ തീവ്രത നിറഞ്ഞ കൂരിരുട്ടിൽ തപ്പിത്തടഞ്ഞിട്ടും ദൈവത്തിലുള്ള പ്രത്യാശയും അവിടുന്നിലുള്ള വിശ്വാസവും കൈവിടാത്ത ഒരുവന്റെ സഹനയാത്രയുടെ പര്യവസാനം.
ജോബ് തന്റെ വിശ്വാസപരീക്ഷണത്തിന്റെ തീവ്രമായ അവസ്ഥയിൽ പറഞ്ഞതുപോലെ നമുക്കും പറയാം:
''എനിക്കു ന്യായം നടത്തിത്തരുന്നവൻ ജീവിക്കുന്നുവെന്നും അവസാനം എനിക്കുവേണ്ടി നിലകൊള്ളുമെന്നും ഞാനറിയുന്നു.
എന്റെ ചർമം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽനിന്നും ഞാൻ ദൈവത്തെ കാണും. അവിടുത്തെ ഞാൻ എന്റെ പക്ഷത്തു കാണും. മറ്റാരെയുമല്ല അവിടുത്തെത്തന്നെ എന്റെ കണ്ണുകൾ ദർശിക്കും'' (ജോബ് 19:25-27).
Written by സ്റ്റെല്ല ബെന്നി
No comments:
Post a Comment