Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Monday, August 13, 2012

സീയോനിൽ ജനിക്കുന്നവർ


സീയോനിൽ ജനിക്കുന്നവർ


''...കർത്താവ് ഭൂമിയിൽ ഒരു പുതിയ സൃഷ്ടി നടത്തിയിരിക്കുന്നു. സ്ത്രീ പുരുഷനെ പരിപാലിക്കുന്നു'' (ജറെ.31:22).

ഈശോ കുരിശിൽ കിടന്നുകൊണ്ട് യോഹന്നാനോടായി പറഞ്ഞു: 'ഇതാ നിന്റെ അമ്മ.' അതോടുകൂടി തന്റെ അമ്മയുടെ ആധ്യാത്മികമാതൃത്വം ജനിക്കുവാനിരിക്കുന്ന എല്ലാവർക്കും ലഭിക്കത്തക്കവിധം യുഗാന്ത്യം വരെ കർത്താവ് നീട്ടിക്കൊടുത്തു.

ഉൽപത്തി പുസ്തകത്തിൽ ഒന്നും രണ്ടും അധ്യായങ്ങളിൽ ഭൂമിയെയും ജീവജാലങ്ങളെയും ആകാശഗോളങ്ങളെയും  മനുഷ്യനെയും സൃഷ്ടിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂമുഖത്തുള്ള എല്ലാ വസ്തുക്കളുടെമേലും ആധിപത്യം ദൈ വം മനുഷ്യന് നല്കി. അതോടൊപ്പം സ്ത്രീയെ പരിപാലിക്കാനുള്ള ചുമതലയും.

പിന്നീട് മനുഷ്യന് എന്തു സംഭവിച്ചുവെന്ന് ജ്ഞാനം 2:23-24 പഠിപ്പിക്കുന്നു: ''ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു. തന്റെ അനന്തതയുടെ സാദൃശ്യത്തിൽ നിർമിച്ചു. പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തിൽ പ്രവേശിച്ചു...'' അങ്ങ നെ പിശാച് അവനിൽ ആധിപത്യം സ്ഥാപിച്ചു. സാത്താന്റെ ആധിപത്യത്തിൽ നിന്നും സൃഷ്ടിയെ മോചിപ്പിക്കാൻ ദൈവം വീണ്ടും തിരുമനസായി. 

അരൂപിയായ ദൈവത്തിന് മനുഷ്യനെ പിശാചിന്റെ അടിമത്തത്തിൽനിന്ന് രക്ഷിക്കാൻ രൂപം ധരിക്കേണ്ടിവന്നു. ഫിലിപ്പി.2:7 പറയുന്നു: ''അവിടുന്ന് ദാസന്റെ രൂപം സ്വീകരിച്ചു. ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മനുഷ്യന്റെ സാദൃശ്യത്തിൽ ആയിത്തീർ ന്നു.'' മരണവിധേയനായ മനുഷ്യനെ തന്റെ ഭൗമികശരീരത്തിൽ ഉൾച്ചേർത്തതിനാലാണ് അവിടുത്തേക്ക് മരിക്കേണ്ടിവന്നത്. ''ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് നമുക്കറിയാം. മരണത്തിന് അവന്റെമേൽ അധികാരമില്ല. അവൻ മരിച്ചു, പാപത്തെ സംബന്ധിച്ചിടത്തോളം എന്നേക്കുമായി അവൻ മരിച്ചു. അവൻ ജീവിക്കുന്നു'' (റോമ.6:9-10). ആദിമനുഷ്യനെ ദൈവം പൂഴിയിൽനിന്നും രൂപപ്പെടുത്തിയെങ്കിൽ പുതിയ മനുഷ്യനെ തന്റെ തിരുരക്തത്തിൽ കുതിർത്ത് വിശുദ്ധീകരിച്ചു. 

യേശുവിലൂടെ വീണ്ടെടുക്കപ്പെട്ട വ്യ ക്തിയാണ് പുതിയ മനുഷ്യൻ എന്ന വാ ക്കുകൊണ്ട് അർത്ഥമാക്കുന്നത്. 2 കോറി. 5:17 പഠിപ്പിക്കുന്നു: ''യേശുക്രിസ്തുവിലായിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്.''

ഈ ബോധ്യത്തിലേക്ക് എന്നെ നയിച്ച ഒരു സംഭവം കൂടി കുറിക്കട്ടെ. കഴിഞ്ഞവർഷം ഞാൻ വിശുദ്ധ നാട്ടിലേക്ക് നയിച്ച ഗ്രൂപ്പിൽ മാതാവിന്റെ പ്രത്യേക അനുഗ്രഹമുള്ള കഞ്ചിക്കോട്ടുള്ള റാണിയും ഉണ്ടായിരുന്നു. കാൽവരിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് തിരിച്ചുപോരുന്ന സമയത്ത് ഞാൻ റാണിയോടു പറഞ്ഞു, ''എവിടെനിന്നാണ് മാതാവ് ഈ ക്രൂശിക്കൽ സംഭവം കണ്ടത് എന്ന് മാതാവിനോടു ചോദിക്കൂ.'' പിന്നീട് ഞങ്ങൾ കണ്ടത് റാണി ഒരു സ്ഥലത്ത് മുട്ടുകുത്തി നിലം ചുംബിക്കുന്നതാണ്. അപ്പോൾ ആ സ്ഥലത്തുനിന്ന് അതിശക്തമായ സുഗന്ധാഭിഷേകം ഉണ്ടായി. മാതാവ് ഇപ്രകാരം പറഞ്ഞു: ''മകളേ ഇവിടെ നിന്നുകൊണ്ടാണ് ഞാൻ ഈശോയുടെ ബലിയിൽ പങ്കെടുത്തത്.'' കാൽവരിയിലെ ക്രൂശിക്കൽ തന്റെ മകന്റെ പാപപരിഹാരബലിയാണെന്ന് ആ സമയം ലോകത്തിൽ തിരിച്ചറിഞ്ഞ ഏക വ്യക്തി മാതാവായിരുന്നു. അതുകൊണ്ടാണ് ജോൺപോൾ രണ്ടാമൻ മാർപാപ്പ പരിശുദ്ധ അമ്മയെ കുർബാനയുടെ സ്ത്രീയായി വിശേഷിപ്പിച്ചത്. കാൽവരി സംഭവം മാനവകുലത്തിന്റെ രക്ഷയുടെ പാപപരിഹാരബലിയായി കണ്ട് ആ ബലിയിൽ പങ്കെടുത്ത പരിശുദ്ധ അമ്മയെ ഈശോ ഒരു വൻ കാര്യം ഏ ല്പിച്ചു. താൻ നേടിയെടുത്ത മക്കളെ മുഴുവൻ തന്റെ അമ്മയുടെ സംരക്ഷണത്തിനായി ഏല്പിച്ചു- ഇതാ നിന്റെ അമ്മ എന്ന വചനത്തിലൂടെ.

കാൽവരി സംഭവത്തിലൂടെ താൻ നേടിയെടുത്ത എല്ലാവരെയും കുരിശിൻ ചുവട്ടിലെ അമ്മയ്ക്ക് പുത്രൻ ഭരമേൽപിച്ചതിനാൽ എല്ലാവരും അമ്മയുടെ സംരക്ഷണത്തിലാണ്. സങ്കീർത്തനം 87:5 പരിശുദ്ധ അമ്മയെക്കുറിച്ചാണ് പറയുന്നത്: ''സകലരും അവിടെ ജനിച്ചവരാണെന്ന് സീയോനെക്കുറിച്ച് പറയും. അത്യുന്നതൻ തന്നെയാണ് അവളെ സ്ഥാപിച്ചത്. കർത്താവ് ജനതകളുടെ കണക്കെടുക്കുമ്പോൾ ഇവൻ അവിടെ ജനിച്ചു എന്ന് രേഖപ്പെടുത്തും.''


Written by  ഫാ. അബ്രാഹം കടിയക്കുഴി 

No comments:

Post a Comment