ദയാബായി വിശുദ്ധ ഡാമിയനെ കണ്ടുമുട്ടിയപ്പോള്
Written by റോയ് പാലാട്ടി CMI
ക്രിസ്തു കഴിഞ്ഞാല്‍ തനിക്കേറ്റവും പ്രചോദനമേകിയത് വിശുദ്ധ ഡാമിയനെന്നു സമ്മതിക്കുമ്പോഴും ദയാബായി ഈ വിശുദ്ധ ദേഹത്തെ അടുത്തറിഞ്ഞിരുന്നില്ല. സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരു അവാര്‍ഡ് വാങ്ങാനെത്തിയ ഇവര്‍, അങ്ങനെ ബെല്‍ജിയത്തിലുമെത്തി. ആ പുണ്യപുരുഷന്റെ ഭൗതികശരീരം കുടികൊള്ളുന്ന ചാപ്പലില്‍ ദയാബായി കുറച്ചുനേരമിരുന്നു. അല്പസമയം കരഞ്ഞു. ദയാബായി അവിടെ കയറിയപ്പോള്‍ ഡാമിയന്റെ മുഖം കുറെക്കൂടെ പ്രസന്നമായതുപോലെ. കഴിഞ്ഞ ജന്മത്തിലെ രണ്ടു സഹോദരങ്ങള്‍ പരസ്പരം കാണുന്നതുപോലെ. കാലം വേര്പെടുത്തിയ രണ്ടു വിശുദ്ധര്‍ കാലത്തിന്റെ പൂര്‍ത്തിയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതുപോലെ.
ഡാമിയന്‍ മൊളോക്കോയിലെ ഹവായ് ദ്വീപില്‍ കുഷ്ഠരോഗികള്‍ക്കായി ജീവിതം വ്യയം ചെയ്‌തെങ്കില്‍ ദയാബായിയുടെ നിയോഗം മധ്യപ്രദേശിലെ ചിന്വാഡ വില്ലേജായിരുന്നു. അവരിരുവരുടെയും ദേഹങ്ങളില്‍ ചരിത്രത്തിന്റെ മുറിപ്പാടുകളുണ്ട്. വരണ്ടുണങ്ങിയും വിണ്ടുകീറിയും വല്ലാതെ വിഭജിക്കപ്പെട്ടുവെന്നു തോന്നിയേക്കാവുന്ന ശരീരം ഡാമിയനെന്ന വിശുദ്ധ പുരുഷന്റെ കാല്പാദേ സമര്‍പ്പിച്ച് അവര്‍ മടങ്ങി. മടങ്ങിവരും വഴി ഞാന്‍ ചോദിച്ചു: ''എന്തു തോന്നുന്നു, വിശുദ്ധ ഡാമിയനെ കണ്ടിട്ട്?''
''എന്തു പറയാന്‍!'' ചോദ്യങ്ങള്ക്ക് മറുപടി നല്‍കുന്നതില്‍ വാചാലയാകാറുള്ള ആ സ്ത്രീ പക്ഷേ ഒന്നും ഉരിയാടിയില്ല. എന്തുപറയാന്‍! സ്നേഹം പലപ്പോഴും അതിര്ത്തിയില്ലാത്ത നിശബ്ദതയും അളക്കാനാവാത്ത ആഴവുമാണ്.
തുടര്‍ന്ന് അവര്‍ സംസാരിച്ചത് ലുവെയ്ന്‍ സര്‍വകലാശാലയില്‍ ഉന്നതപഠനം നടത്തുന്ന വൈദികരോടും സിസ്റ്റേഴ്സിനോടുമാണ്. ദയാബായിയുടെഅനുഭവത്തിന്റെ ആഴമറിയാന്‍ ഒരിക്കലെങ്കിലും പട്ടിണി കിടക്കാതെ ആവില്ലെന്ന് അവര്ക്കറിയാം. സുരക്ഷിതത്വത്തിന്റെ തടവറയ്ക്ക് അരക്ഷിതത്വത്തിന്റെ സ്വാതന്ത്ര്യം അറിയാന്‍ ഒരു കല്ലേറുദൂരം എന്തായാലും പോയേ മതിയാകൂ. വീടുവിട്ടിറങ്ങി വര്ഷങ്ങള്ക്കുശേഷം ഗോത്രവര്ഗക്കാരുടെ വസ്ത്രം ധരിച്ച് പാലായിലെ ക്രിസ്തീയ തറവാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അപ്പന്‍ അവളോടു ചോദിച്ചു: ''മോളേ, ഇത്രയും വേണമായിരുന്നോ?'' കുരിശില്‍ നിര്‍ഭയനായി കിടക്കുന്ന രക്ഷകനെ കാണിച്ച് ദയാബായി ചോദിച്ചു: ''അപ്പാ, ഇത്രയും വേണമായിരുന്നോ?''
അവരുടെ അനുഭവങ്ങള്‍ ദൈവശാസ്ത്ര-തത്വശാസ്ത്രമൂശയില്‍ പാകപ്പെടുത്തുക ക്ലേശകരമായ ദൗത്യമെന്നറിഞ്ഞ് മീറ്റിങ്ങിനിടയില്‍ ചിലര്‍ ചോദിച്ചു: സഭയോടൊത്തുള്ള സാമൂഹ്യസേവനവും ദയാബായിയുടെ ശുശ്രൂഷയും തമ്മില്‍ വ്യത്യാസം എന്തെങ്കിലുമുണ്ടോ? ഒട്ടേറെക്കാലം വിവിധ രൂപതകളില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ച അവര്‍ പറഞ്ഞു. ''ഇനിയും പാവപ്പെട്ടവന്റെ സഭയാകുന്നതില്‍ നാം വളര്‍ന്നിട്ടില്ല. ദരിദ്രന്റെ മുഖത്ത് ക്രിസ്തുവിനെ കാണാതെ അള്ത്താരകളിലെ അലങ്കാരങ്ങളിലും പൊതുനിരത്തിലെ ആഘോഷങ്ങളിലും അവനെ കാണാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമല്ലേ? ദൈവരാജ്യത്തെ സ്നേഹിക്കുന്നതിനു പകരം നാം ദൈവരാജ്യബിംബങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. അതാണെന്റെ തെറ്റ്.'' ഇരട്ട ഡോക്ട്രേറ്റ് ഉള്ള മാര്‍ട്ടിന്‍ കല്ലുങ്കലച്ചന്‍ കുറ്റസമ്മതത്തോടെ നന്ദി പറഞ്ഞു. ''ഇനിയും ഞങ്ങള്‍ എടുത്തെറിയപ്പെടാന്‍ എന്നനുവദിക്കും? ബിരുദങ്ങള്‍ക്കിടയില്‍ രക്ഷകന്റെ വഴികളെ ഞങ്ങള്‍ വിസ്മരിച്ചുപോയേക്കുമോ? അവന്റെ വഴികള്‍ ഞങ്ങളെങ്ങനെ അറിയും? അരക്ഷിതമായ ജീവിതത്തിന്റെ കനല്വഴികളറിയാത്തവര്ക്ക് അത്തരം ജീവിതങ്ങള്‍ക്കു തണല്‍ മരങ്ങളാകാന്‍ കഴിയുമോ?'' ദയാബായിയുടെ അനുഭവം കേട്ട് സ്തംഭിച്ചിരുന്ന വരുംകാല ഡോക്ട്രേറ്റുകാരും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് തെല്ലു കുറ്റബോധത്തോടെ മടങ്ങി. എന്നാല്‍, ആദിവാസി വില്ലേജില്നിന്നും പഠനത്തിനെത്തിയ പ്രദീപ് എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു, 'ആത്മാഭിമാനമുണ്ട്. ദയാബായിയില്‍ ഞാന്‍ എന്നെ കാണുന്നു. എന്റെ പൂര്വികരെ, മാതാപിതാക്കളെ. ആദിവാസിയെപ്പോലെയാകാതെ ആദിവാസിയുടെ നിശബ്ദരോദനം കര്‍ണപുടങ്ങളില്‍ അലയടിക്കുന്നത് കേള്‍ക്കാനാവില്ല. ക്രിസ്തുവിനെപ്പോലെയാകാതെ ജീവിതംകൊണ്ടും അധ്വാനംകൊണ്ടും കാലം മുറിവേല്പിച്ച പരശതം ക്രിസ്തുമുഖങ്ങളെ മനസിലാക്കാനാകില്ല. മാര്ട്ടിനച്ചന്റെ ചോദ്യംതന്നെ വീണ്ടും ബാക്കി: ഈശ്വരാ, എന്നു ഞാന്‍ നിന്റെ വഴികളറിയും
No comments:
Post a Comment