Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Sunday, June 24, 2012

പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍

വിശുദ്ധനും പണ്ഡിതനും ധീരനും സര്‍വ്വോപരി മാതൃസഭയ്ക്കുവേണ്ടി ജീവിതം ഹോമിച്ച ശുദ്ധ നസ്രാണി പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍ കാലം ചെയ്തിട്ട്‌ 2012 മാര്‍ച്ച്‌ 20 ന്‌ ഇരുന്നൂറ്റി പതുമുന്നു  വര്‍ഷം പൂര്‍ത്തിയായി. തളര്‍ച്ചയുടേയും പീഡനത്തിന്റേയും കാലഘട്ടത്തില്‍ നസ്രാണി സഭയെ പാറേമ്മാക്കല്‍ കത്തനാര്‍ ധീരമായി മുന്നോട്ട്‌ നയിച്ചു എന്നത്‌ കാലം മായിക്കാത്ത സത്യം. വിശുദ്ധിയുടേയും പാണ്ഡ്യത്യത്തിന്റേയും ധീരതയുടേയും ആത്മാര്‍ത്ഥതയുടേയും സഭാസ്നേഹത്തിന്റേയും കാര്യത്തില്‍ തോമ്മാ കത്തനാര്‍ മാര്‍ത്തോമ്മാ നസ്രാണി സഭയുടെ ആധുനീക നേതൃത്വത്തിന്‌ മാതൃകയും വെല്ലുവിളിയുമാണ്‌. ഓര്‍മ്മിക്കാന്‍ കടപ്പെട്ടവര്‍ മറക്കുമ്പോഴും അനുകരിക്കേണ്ടവര്‍ അവഗണിക്കുമ്പോഴും വിശ്വാസികള്‍ക്ക്‌ മാര്‍ഗ്ഗമായി ഉയര്‍ന്നു പ്രകാശിക്കുന്ന പുണ്യ പിതാവിന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ സ്നേഹാഞ്ജലി!

പുണ്യ ജീവിതത്തിന്റെ ചെറു വിവരണം.

ഇന്നത്തെ കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലുള്ള കടനാട്‌ ഗ്രാമത്തിലെ പാറേമാക്കല്‍ കുടുംബത്തില്‍ കുരുവിള - അന്ന ദമ്പതിമാരുടെ നാലാമത്തെ സന്താനമായി 1736 സെപ്റ്റംബര്‍ 10 ന്‌ തോമ്മാ കത്തനാര്‍ ജനിച്ചു. മീനച്ചില്‍ ശങ്കരന്‍ കര്‍ത്താവിന്റെ പക്കല്‍ മൂന്നു വര്‍ഷം സംസ്കൃതവും കാനാട്‌ അയ്പു കത്തനാരുടെ പക്കല്‍ മൂന്നു വര്‍ഷം സുറിയാനിയും പഠിച്ച തോമ്മാ ആലങ്ങാട്‌ സെമിനാരിയില്‍ പുരോഹിത പഠനം നടത്തവേ ലത്തീന്‍, പോര്‍ട്ടുഗീസ്‌ ഭാഷകള്‍ വശമാക്കി. 1761-ല്‍ ശുശ്രൂഷാ പൗരോഹിത്യ പട്ടം സ്വീകരിച്ച തോമ്മാ കത്തനാര്‍ മാതൃ ഇടവകയായ കടനാട്ടില്‍ വികാരിയായി. 1778-1786 കാലഘട്ടത്തില്‍ കരിയാറ്റില്‍ യൗസേപ്പ്‌ മല്‍പാനോടൊപ്പം വിഖ്യാതമായ റോമാ ലിസ്ബണ്‍ യാത്രയും വര്‍ത്തമാന പുസ്തക രചനയും നടത്തി. 1786-ല്‍ കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മെത്രാപ്പോലിത്തായുടെ ആകസ്മികവും അപ്രതീക്ഷിതവും അവിശ്വസനീയവുമായ വേര്‍പാടിനെ തുടര്‍ന്ന്‌ നസ്രാണികളുടെ ഗോവര്‍ണ്ണദോരായി നിയമിതനായി. 1790-ല്‍ ടിപ്പു സുല്‍ത്താന്റെ ആക്രമണം മൂലം വടയാറു പള്ളിയിലേയ്ക്ക്‌ ആസ്ഥാനം മാറ്റി. 1798-മുതല്‍ രോഗ ബാധിതനായി കടനാട്ടില്‍ വിശ്രമം. 1799 മാര്‍ച്ച്‌ 20 ന്‌ നിത്യ വിശ്രമത്തിലേയ്ക്ക്‌ വിളിക്കപ്പെട്ട തോമ്മാ കത്തനാരുടെ ഭൗതീകാവശിഷ്ടം രാമപുരം പഴയപള്ളിയുടെ മദ്ബഹയില്‍ അടക്കം ചെയ്തിരിക്കുന്നു.
പാറേമ്മാക്കല്‍ തോമ്മാകത്തനാരുടെ പ്രസിദ്ധീകരിക്കാത്ത കൃതികള്‍ .
1, മിശിഹാനുകരണം- തര്‍ജ്ജമ
2, ലത്തീന്‍- തമിഴ്‌- മലയാള സംസ്കൃത സമശബ്ദനിഘണ്ടു.(Synonymous Dictionary)
3, പുതിയ നിയമം - തര്‍ജ്ജമ
4, പഴയനിയമം- ഭാഗിക തര്‍ജ്ജമ.
5, മനുഷ്യാത്മാവ്‌
6, സ്വര്‍ഗ്ഗം അഥവാ പാരത്രിക സുഖം.
7, മനുഷ്യ ജീവിതം പുല്‍ക്കൊടിക്കു തുല്യം.
8, കൊടുങ്ങല്ലൂരും മാര്‍ത്തോമ്മ ശ്ലീഹായും.
9, ഭാരതമക്കള്‍
10, ഇന്ത്യ ഇന്ത്യാക്കരുടേത്‌.
11, മലയാറ്റൂര്‍ മലമുകളിലെ പൊന്നും കുരിശ്‌.
12, മലയാറ്റൂര്‍ മലമുകളിലെ കാല്‍പ്പാദം.
13, മലയാറ്റൂര്‍ മലമുകളിലെ അത്ഭുതനീരുറവ.
14, പെരിയ മലയിലെ തോമ്മാശ്ലീഹായുടെ അത്ഭുതങ്ങള്‍.
15, ചിന്നമലയിലെ തോമ്മാ ശ്ലീഹായുടെ അത്ഭുതങ്ങള്‍.
16, തോമ്മാ ശ്ലീഹായുടെ മരണവും കബറടക്കവും.

[ വിവരങ്ങള്‍ക്കു കടപ്പാട്‌; വര്‍ത്തമാന പുസ്തകം,OIRSI, കോട്ടയം, 1989, പേജ്‌, 538]

വര്‍ത്തമാന പുസ്തകം

വര്‍ത്തമാന പുസ്തകവുമായി ബന്ധപ്പെട്ടേ തോമ്മാ കത്തനാരേക്കുറിച്ച്‌ പറയാനാകൂ. വര്‍ത്തമാനപ്പുസ്തകത്തില്‍ നിന്നു വേറിട്ട്‌ തോമ്മാ കത്തനാരെ മനസ്സിലാക്കാനോ തോമ്മാ കത്തനാരെ മാറ്റി നിറുത്തി വര്‍ത്തമാനപ്പുസ്തകത്തെ പഠിക്കാനോ സാധ്യമല്ല. 


മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതിയെന്ന നിലയില്‍ പേരും പെരുമയും നേടിയതാണ്‌ വര്‍ത്തമാനപ്പുസ്തകം. അതിന്റെ രചയിതാവ്‌ എന്ന പേരില്‍ വായനാലോകത്ത്‌ കത്തനാര്‍ സുപരിചിതനുമാണ്‌. എന്നാല്‍ കത്തനാരുടേയും വര്‍ത്തമാനപ്പുസ്തകത്തിന്റേയും മഹത്വം ഈ വിശേഷണങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഭാഷാ ചരിത്ര സാഹിത്യകാരന്മാര്‍ പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രസക്തിയില്‍ ബോധ്യമുള്ളവരാണെങ്കിലും ആധുനീക സഭാ പണ്ഡിതന്മാര്‍ ഇതിന്റെ മൂല്യം ശരിയാം വണ്ണം മനസ്സിലാക്കിയിട്ടില്ല എന്നു വേണം പറയാന്‍.

1785 ഏപ്രില്‍ 20- ന്‌ ആരംഭിച്ച്‌ 1786 മേയ്‌ ഒന്നിന്‌ അവസാനിക്കുന്ന ലിസ്ബണ്‍ ഗോവാ കപ്പല്‍ യാത്രാ സന്ദര്‍ഭത്തിലാണ്‌ ഈ ഗ്രന്ഥ രചനയുടെ സിംഹഭാഗവും നിര്‍വ്വഹിക്കപ്പെട്ടത്‌ എന്നു കരുതാം. രണ്ട്‌ നൂറ്റാണ്ട്‌ മുന്‍പെഴുതിയ ഈ കൃതി ഇന്നത്തെ ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാഷ ക്ലിഷ്ടമായി ആരംഭത്തില്‍ തോന്നുമെങ്കിലും പരിചയിച്ചു കഴിയുമ്പോള്‍ എളുപ്പമുള്ളതായി അനുഭവപ്പെടും. സഭാ ചരിത്രപരമായി നോക്കുമ്പോള്‍ വര്‍ത്തമാനപ്പുസ്തകം വലിയ ഒരു നിധിയാണ്‌. 1773 മുതല്‍ 1786 വരെയുള്ള കാലഘട്ടത്തെയാണ്‌ പ്രധാനമായും വര്‍ത്തമാനപ്പുസ്തകത്തില്‍ വിവരിക്കുന്നത്‌. അത്യന്തം രസകരവും വിജ്ഞാനപ്രദവുമായ ഒരു യാത്രാ വിവരണം എന്നതിനു പുറമേ അത്‌ കരുത്തുറ്റൊരു വിപ്ലവേതിഹാസമാണ്‌. നസ്രാണി സഭയുടെ വിദേശ മേല്‍ക്കോയ്മയും ചൂഷണങ്ങളും സ്വയം ഭരണത്തിനുവേണ്ടിയുള്ള ആവേശം നിറഞ്ഞ പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമെല്ലാം ഇതിലെ പ്രതിപാദ്യ വിഷയമാണ്‌. തങ്ങളുടെ ജാതിയും സമുദായവും സുറിയാനിയാണ്‌ എന്നു ധീരമായി പറയുന്ന പാറേമ്മാക്കലച്ചനെയാണിവിടെ നാം കാണുക.

ഈ പുസ്തകമെഴുതിയ പാറെമ്മാക്കലച്ചന്‍ എത്ര വല്യ കുശാഗ്ര ബുദ്ധിയായിരുന്നു, എന്തു വലിയ സമുദായിക സ്നേഹിയായിരുന്നു, എത്ര വലിയ ആത്മാഭിമാനമാണ്‌ അദ്ദേഹത്തെ നയിച്ചിരുന്നത്‌, തന്റേയും തന്റെ സമുദായത്തിന്റേയും സഭാത്മക വ്യക്തിത്ത്വത്തേപ്പറ്റി എത്ര വലിയ ഉള്‍ക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു, സുറിയാനിസഭയ്ക്ക്‌ ഭാരതത്തിലും സാര്‍വ്വത്രിക സഭയിലുമുള്ള സ്ഥാനത്തെപ്പറ്റി എത്ര ആഴമായ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു, എത്ര കൃത്യമായ രീതിയിലാണ്‌ സ്ഥലകാലങ്ങളേയും വ്യക്തികളേയും അദ്ദേഹം അപഗ്രഥിക്കുന്നത്‌ , എത്ര വലിയ ആശകളും പ്രതീക്ഷകളുമാണ്‌ അദ്ദേഹത്തെ നയിച്ചിരുന്നത്‌ എന്തു മാത്രം ത്യാഗങ്ങളാണ്‌ കരിയാറ്റിയും ഗോവര്‍ണ്ണദോരും മാതൃസഭയ്ക്കുവേണ്ടി സഹിച്ചത്‌ എന്നെല്ലാം വര്‍ത്തമാനപ്പൂസ്തകം ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്കു മനസ്സിലാകും. വിദേശ മിഷണറിമാര്‍ തന്റെ സഭയെ പീഡിപ്പിക്കുന്നതും വിവേചനയ്ക്കു വിധേയമ്മാക്കുന്നതും കണ്ട അദ്ദേഹം പ്രവാചകനേപ്പോലെ ധാര്‍മ്മിക രോക്ഷം കൊണ്ടു. ശക്തമായ ഭാഷയില്‍ അക്രമത്തേയും അനീതിയേയും അദ്ദേഹം ചേറുത്തു. ഏതു തലത്തിലും മിഷണറിമാരേക്കാള്‍ ഒട്ടും പിന്നിലല്ല നസ്രാണി സമുദായം എന്ന്‌ അദ്ദേഹം ദൃഢമായി പ്രഖ്യാപിച്ചു.

വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭാത്മക കാഴ്ചപ്പാട്‌ കൗണ്‍സലിന്‌ വളരെയേറെക്കൊല്ലം മുന്‍പേ അദ്ദേഹം പ്രഖ്യാപിച്ചു.പാറേമാക്കല്‍ തോമ്മാ കത്തനാരും കരിയാറ്റില്‍ യൗസേപ്പ്‌ മല്‍പ്പാനും വിദേശ പര്യടനത്തിന്‌ പോയവരല്ല. അന്നത്തെ സഭാകേന്ദ്രങ്ങളില്‍ ഇവിടുത്തെ ദൈവജനത്തിന്റെ നിവേദനവുമായി പോയവരാണ്‌. തങ്ങളെ റോമ്മാ യാത്രയയക്കാന്‍ പള്ളികളിലെ മുണ്ടുമുറികള്‍( ഉപകരണങ്ങള്‍) പോലും വിറ്റ്‌ പണമുണ്ടാക്കിയ സ്വജനങ്ങളുടെ പക്ഷം ആ യാത്രയെ സംബന്ധിച്ച വിശദമായ ഒരു ചിത്രം കൊടുക്കാന്‍ ബധ്യതയുണ്ട്‌ എന്ന വിധേയത്വ ബോധത്തില്‍ നിന്നാണ്‌ വര്‍ത്തമാനപ്പുസ്തകം എഴുതാന്‍ തോമ്മാകത്തനാര്‍ക്ക്‌ ഉത്തേജനം ലഭിച്ചതെന്ന് അദ്ദേഹം എഴുതിയ പ്രസ്താവനയില്‍ നിന്നു തന്നെ വ്യക്തമാണ്‌. എല്ലാ കാര്യങ്ങളും വിശദമായും സത്യ സന്ധമായും അദ്ദേഹം എഴുതുന്നു. തങ്ങള്‍ക്കു പറ്റിയ അമളികള്‍ പോലും മറച്ചു വയ്ക്കുന്നില്ല. നേരിട്ട്‌ ബോധ്യം വരാത്ത ഒരു കാര്യവും അദ്ദേഹം രേഖപ്പെടുത്തുന്നില്ല.

സ്വപ്നങ്ങള്‍
‍ചില സ്വപ്നങ്ങള്‍ ഞാനും കാണാറുണ്ട്‌. മോഹങ്ങളും അതിമോഹങ്ങളുമായി തോന്നിയേക്കാവുന്ന സ്വപ്നങ്ങള്‍. മാര്‍ത്തോമ്മാ നസ്രാണിസഭയിലെ വൈദിക പരിശീലന കേന്ദ്രങ്ങളില്‍ വര്‍ത്തമാനപ്പുസ്തകം പാഠ്യപുസ്തകമാകുമെന്ന സ്വപ്നം. നമ്മുടെ സഭയിലെ വൈദികരെല്ലാം പട്ടം കിട്ടുന്നതിനുമുന്‍പുള്ള കാലഘട്ടത്തില്‍ ഒരു പ്രാവശ്യമെങ്കിലും വര്‍ത്തമാനപ്പുസ്തകം വായിച്ചിരുന്നുവെങ്കില്‍ എന്ന മോഹം. നമ്മുടെ സഭയെ നയിക്കുന്ന മെത്രാന്മാര്‍ എല്ലാ ദിവസവും വര്‍ത്തമാനപ്പുസ്തകം ധ്യാനവിഷയമാക്കിയിരുന്നുവെങ്കില്‍ എന്ന അതിമോഹം. കാരണം തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ പാറേമാക്കല്‍ തോമ്മാ കത്തനാര്‍ അനുകരിക്കപ്പെടേണ്ട ഒരു മാതൃകയാണ്‌.

യൂറോപ്യന്‍ മിഷണറിമാര്‍ ഇല്ലെങ്കില്‍ ഇവിടെ സഭയുടേതായ പ്രവര്‍ത്തനങ്ങളൊന്നും നടക്കില്ല എന്ന പോര്‍ട്ടുഗീസ്‌ പാതിരിമാരുടെ വാദത്തിനു മറുപടിയായി തോമ്മാ കത്തനാര്‍ പറയുന്ന വാക്യം എഴുതികൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു.

"നീയും നിന്റെ ജാതിയൊക്കെയും മര്‍ഗ്ഗം എന്നും ഈശോ മിശിഹാ എന്നും ഉള്ള കെള്‍വി കേള്‍ക്കുന്നതിനു മുന്‍പില്‍ മലങ്കര വിശ്വസികളും പട്ടക്കാറരും മെത്രാന്മാരും ഉണ്ടായിരുന്നു എന്നതിന്‌ സംശയമേ ഇല്ല. അതിന്റെ പരമാര്‍ത്ഥം നമ്മുടെ മലങ്കര ഇടവകയില്‍ ഉള്ള പള്ളികളുടെ അവസ്ഥ സൂക്ഷിച്ചാല്‍ അറിയാം. അതെന്തെന്നാല്‍ നമ്മുടെ എടത്തുള്ള പള്ളികളില്‍ ഏറിയ കൂറും ആയതില്‍ വലിയ ഇടവകപ്പള്ളികളും നിനക്കും നിന്റെ കാരണവന്മാര്‍ക്കും മലങ്കര എന്ന കേട്ടുകേള്‍വി ഉണ്ടാകുന്നതിന്‌ മുന്‍പില്‍ പണിചെയ്തിരിക്കുന്നതത്രേ ആകുന്നു എന്ന് നമ്മുടെ മലങ്കരെയുള്ളവര്‍ എല്ലാവര്‍ക്കും നിനക്കു തന്നേയും പ്രസിദ്ധമായിരിക്കുന്ന കാര്യമത്രെ ആകുന്നു....."(വര്‍ത്തമാനപ്പുസ്തകം, പേജ്‌-418)

No comments:

Post a Comment