Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Saturday, June 1, 2013

സ്‌നേഹം എല്ലാം ക്ഷമിക്കും: ഗ്ലാഡിസ് സ്‌റ്റെയിൻസ്


ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവാർട്‌സ് സ്റ്റെയിൻസിനെയും പിഞ്ചുബാലന്മാരെയും 1999-ൽ ഒറീസയിലെ ബാരിപ്പഡയിൽ മത തീവ്രവാദികൾ ജീവനോടെ ചുട്ടുകൊന്നിരുന്നു. ഈ കേസിലെ രണ്ട് പ്രതികളെ സിബിഐ ഇക്കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തു.

ഘനശ്യാം മഹന്ത, രാംജാൻ മഹന്ത എന്നിവരെയാണ് ഒഡീഷയിലെ കിയോൻജ ർജില്ലയിലെ അനന്തപുരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഭുവനേശ്വറിലെ സിബിഐ ഹെഡ്ക്വാർട്ടേഴ്‌സിൽ ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. 

1965-മുതൽ ഒറീസയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷൻ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. മക്കൾ എസ്‌തേർ, തിമോത്തി, ഫിലിപ്പ്. ഈ കുടുംബം മയൂർഭഞ്ചിലെ വനത്തോടു ചേർന്നുള്ള ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഒഡീഷയിൽ കുഷ്ഠരോഗികളെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും സമൂഹം അകറ്റി നിർത്തിയിരുന്നു. വർഷങ്ങളായി സമൂഹത്തിന്റെ പുറംപോക്കിൽ കഴിഞ്ഞ ഈ കുഷ്ഠരോഗികളെയും അവരുടെ മക്കളെയും ചികിത്സിക്കുകയും അവരെ പുനരധിവസിപ്പിക്കുകമായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. ഗ്ലാഡിസിനെ വിവാഹം കഴിക്കുന്നതിന് മുമ്പ്തന്നെ ഗ്രഹാം, ഇന്ത്യയിലെത്തിയിരുന്നു. അവധിക്കായി ഓസ്‌ത്രേലിയയിലെത്തിയ നാളുകളിൽ ഗ്രഹാമിനെ പരിചയപ്പെട്ട ഗ്ലാഡിസ് അദ്ദേഹത്തിന്റെ സേവനതൽപ്പരതയും ആത്മാർത്ഥത യും മനസിലാക്കി. വിവാഹത്തിന് ശേഷം ഗ്രഹാമിനൊപ്പം ഇന്ത്യയിലെത്തിയ ഗ്ലാഡിസ് പിന്നീട് ഭാരതത്തെ ജന്മനാട് പോലെ സ്‌നേഹിച്ചു. കുഷ്ഠരോഗികളുടെ ശുശ്രൂഷയിൽ ഭർത്താവിനൊപ്പം അവരും പങ്കാളിയായി. മക്കളായ പത്തുവയസുകാരൻ ഫിലിപ്പും, എട്ടുവയസുകാരൻ തിമോത്തിക്കും ഒപ്പമാണ് ഗ്രഹാം തന്റെ തന്നെ ജീപ്പിൽ കൊല്ലപ്പെടുന്നത്. 

വനത്തിനടുത്ത കുഷ്ഠരോഗികളുടെ കോളനിയിൽ രാത്രിയിൽ നടന്ന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തശേഷം ദൂരെയുള്ള ഭവനത്തിലേക്ക് പോകാൻ വൈകിയതിനാലാണ് ഗ്രഹാം ജീപ്പിൽ ഉറങ്ങാൻ തീരുമാനിച്ചത്. 

ശൈത്യത്തിൽ നിന്നും രക്ഷപ്പെടാൻ അ വരുടെ  ജീപ്പിന് മുകളിൽ വൈക്കോൽ വിതറിയിരുന്നു. ഗ്രഹാമിനെയും മക്കളെയും കൊല്ലാൻ തീരുമാനിച്ച തീവ്രവാദികളായ ധാരാസിംഗും സംഘവും ജീപ്പിന് മുകളിലൊഴിക്കാൻ പെട്രോളും കരുതിയാണ് എത്തിയത്. ജീപ്പിന്റെ വാതിലുകൾ പുറത്തു നിന്നും പൂട്ടുകയും ഗ്രാമവാസികളെ അകറ്റി നിർത്താൻ ഗുണ്ടകളെ അവർ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. രാത്രിയുടെ അന്ത്യയാമത്തിലായിരുന്നു ഇങ്ങനെ അക്രമി സംഘം ജീപ്പ് വളഞ്ഞത്. ജീപ്പിന് മുകളിൽ വിതറിയിരുന്ന വൈക്കോലിൽ പെട്രോൾ ഒഴിച്ച് തീവെച്ചു. നിമിഷങ്ങൾക്കകം അഗ്നികുണ്ഡമായ ജീപ്പിനകത്തു നിന്നും ഗ്രഹാമിന്റെയും മക്കളുടെയും നിലവിളി ഉയർന്നു. രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരെ ധാരാസിംഗും സംഘവും വാളുകൾ വീശി ഓടിച്ചു. 

36 വർഷം ഒറീസയിലെ ആദിവാസികളെയും കുഷ്ഠരോഗികളെയും പരിചരിച്ച ഗ്രഹാം സ്റ്റെയിൻസും മക്കളും അപ്പോഴേക്കും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞിരുന്നു. നന്ദികേടിന്റെ മറക്കാനാവാത്ത ഇരയായി ആ സാധുമനുഷ്യനും അദ്ദേഹത്തിന്റെ ഓമനപ്പുത്രന്മാരും. പിതാവിനെ മാതൃകയായി കണ്ട ഫിലിപ്പും തിമോത്തിയും തങ്ങളുടെ ജന്മദിനങ്ങളൊക്കെയും ആഘോഷിച്ചിരുന്നത് ഈ കുഷ്ഠരോഗികളൊടൊത്തായിരുന്നു. അപ്പന്റെ യാത്രകളിലൊക്കെ മക്കളും അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. അത്തരത്തിലൊരു യാത്ര അവരുടെ അന്ത്യയാത്രയായി. പിതാവിനെപ്പെലെ മനുഷ്യരെ സ്‌നേഹിച്ച് അവർക്കായി ജീവിക്കാനാഗ്രഹിച്ചവരായിരുന്നു മക്കളും. ഗ്രഹാമിന്റെ മരണം വർഗീയവാദികൾ ആഘോഷിച്ചു. സാമൂഹ്യവിരുദ്ധനും ക്രിമിനലുമായ ധാരാസിംഗിന് വീരാളിപ്പട്ടു നൽകി ആദരിക്കാനും, അയാൾക്ക് വേണ്ടി സൗജന്യമായി കേസ് വാദിക്കാനും, ചിലരൊക്കെ മുന്നോട്ട് വന്നു. 
ഭർത്താവിന്റെ മരണശേഷം മയൂർഭഞ്ച് വിട്ടുപോകാൻ അദ്ദേഹത്തിന്റെ ഭാര്യ ഗ്ലാഡിസ് വിസമ്മതിക്കുകായിരുന്നു. ഭർത്താവിന്റെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ, ആർക്ക് വേണ്ടി അദ്ദേഹം ജീവിച്ചോ അവർക്കുവേണ്ടി തന്റ ശിഷ്ടജീവിതം മാറ്റിവെച്ച ഗ്ലാഡിസിനെ ഇന്ത്യയിലെ മതേതരവാദികളായ മനുഷ്യർ ഹൃദയം തുറന്ന് അഭനന്ദിച്ചു. 

ധാരാസിംഗിന് വധശിക്ഷ വിധിച്ചപ്പോൾ അയാളെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസാണ്. അന്ന് ഗ്ലാഡിസ് പറഞ്ഞ വാക്കുകൾ മനുഷ്യമനസുകളെ സ്പർശിച്ചു. ''എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭർത്താവിന്റെ ജീവിതം എനിക്ക് നൽകിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കൾ വളർന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വർഗത്തിൽ അവർ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കർത്താവിന്റെ പീഡനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാൽ ഗ്രഹാമിന്റെ ഘാതകനോട് ഞാൻ ക്ഷമിക്കുന്നു.''

തന്റെ മകൾ എസ്‌തേറിന്റെ പഠനവുമായി ബന്ധപ്പെട്ടാണ് ഗ്ലാഡിസ് ജന്മനാടായ ഓസ്‌ത്രേലിയയിലേക്ക് തിരിച്ചത്. അവർ മടങ്ങിപ്പോയപ്പോൾ ബാരിപ്പാഡയിലെ കുഷ്ഠരോഗികൾ പൊട്ടിക്കരഞ്ഞു. മാത്രമല്ല ഇന്ത്യയിൽ അവരെ സ്‌നേഹിച്ച എല്ലാവരും ദു:ഖിച്ചു, മടങ്ങിവരണം എന്ന സ്‌നേഹത്തോടെയുള്ള ആവശ്യം അവർക്ക് നിഷേധിക്കാനായില്ല. തിരികെ വരുമെന്ന ഉറപ്പോടെതന്നെയാണ് ഗ്ലാഡിസ് മടങ്ങിയത്. 

പിന്നീട് ഇന്ത്യയിലെ പല പ്രമാദമായ കൊലപാതകങ്ങൾ ഉണ്ടായപ്പോഴും, കൊല്ലപ്പെട്ടവരുടെ വിധവകളെയും അവരുടെ ബന്ധുക്കളെയും ആശ്വസിപ്പിച്ച് ഗ്ലാഡിസ്പറയും. ''ക്ഷമിക്കുക... ക്ഷമിക്കാനും സഹിക്കാനും കഴിഞ്ഞില്ലെങ്കിൽ നാമാരും വിശ്വാസികളല്ല; ദൈവമക്കളുമല്ല.'' വചനാധിഷ്ഠിത വാക്കുകളിലൂടെ അവർ ജനങ്ങളോട് സംസാരിച്ചു. അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുക്കുമ്പോൾ അവരുടെ വാക്കുകൾ കേട്ട അമ്മമാരും സ്ത്രീകളും നിറകണ്ണുകളോടെ അവരെ സാകൂതം നോക്കി. ഇങ്ങനെയും മനുഷ്യരോ?  

വളരെ വൈകിമാത്രം പ്രവർത്തിക്കുന്ന ഇന്ത്യൻ നീതിന്യയ സംവിധാനങ്ങളെക്കുറിച്ചോ, കോടതികളെക്കുറിച്ചോ, ജാതിയും മതവും നോക്കി കുറ്റവാളികളെ തീരുമാനിക്കുന്ന ഒഡീസയിലെ പോലീസിനെക്കുറിച്ചോ ഇന്നുവരെയും ഗ്ലാഡിസ് ആരോടും പരാതി പറഞ്ഞിട്ടില്ല. 

ഓസ്‌ത്രേലിയയിലെ സിഡ്‌നിയിൽ നിന്നും പല തവണ സൺഡേ ശാലോമിനോട് സംസാരിച്ചിട്ടുള്ള ഗ്ലാഡിസ്, ഗ്രഹാമിനെ ചുട്ടുകൊന്ന രണ്ട് കുറ്റവാളികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു എന്നറിഞ്ഞിട്ടും തെല്ലും സന്തോഷിക്കുന്നില്ല. പാപികളെ സ്‌നേഹിക്കാനും പാപത്തെ വെറുക്കാനും പഠിപ്പിച്ച ദൈവവചനം ഉൾക്കൊണ്ടു ജീവിച്ച ഗ്ലാഡിസ് ഇന്നും തന്റെ ബോധ്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. ''എന്റെ കർത്താവ് എന്നെ അളവറ്റ് സ്‌നേഹിക്കുന്നതിനാൽ അവിടുന്നു നൽകുന്ന സഹനങ്ങളെ ഞാൻ സ്വീകരിക്കുന്നു, എനിക്കാരെയും വെറുക്കാൻ കഴിയില്ല.'' ഗ്ലാഡിസ് പറയുന്നു.

കടപ്പാട് സണ്‍‌ഡേ ശാലോം 
സണ്‍‌ഡേ ശലോമിൽ Friday, 24 May 2013  വന്ന ലേഖനം 

No comments:

Post a Comment