Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Saturday, June 15, 2013

യാമപ്രാര്‍ത്ഥനകള്‍


യാമപ്രാര്‍ത്ഥന

സ്വര്‍ഗ്ഗത്തില്‍ നിത്യകാലത്തോളം ആലപിക്കുന്ന സ്തോത്രഗീതം മിശിഹാ തന്റെ മനുഷ്യാവതാരത്തിലൂടെ ഭൂമിയിലും ആരംഭിച്ചു. അതില്‍ മനുഷ്യവര്‍ഗ്ഗം മുഴുവനെയും പങ്കുകാരാക്കുന്ന മുഖ്യമായ ഒരു ഉപാധിയാണ് സഭയുടെ യാമപ്രര്‍ത്ഥനകള്‍ . അതുവഴി തിരുസഭ കര്‍ത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സര്‍വ്വലോകത്തിന്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു (SC 83). ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണു് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം (SC 83). ദൈവസ്തോത്രങ്ങള്‍ ആലപിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ പൂര്‍ണ്ണമായി പവിത്രീകരിക്കാനുതകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. മിശിഹാ തന്റെ മൗതികശരീരമായ സഭയോടൊന്നിച്ച് പിതാവിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന (SC 84). സഭയുടെ ശിരസ്സായ ഈശോയ്ക്ക് സഭ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണിത്. കൂദാശകള്‍ , കൂദാശാനുകരണങ്ങള്‍ , യാമപ്രാര്‍ത്ഥന ഇവ ചേരുന്നതാണല്ലോ സഭയുടെ ഔദ്യോഗികമായ ആരാധനക്രമം. 
             സീറോ-മലബാര്‍ സഭയില്‍ സായംകാലപ്രാര്‍ത്ഥന (റംശാ), രാത്രിജപം (ലെലിയാ), പ്രഭാത നമസ്കാരം (സപ്രാ) ഇങ്ങനെ മൂന്നു യാമപ്രാര്‍ത്ഥനകളാണുള്ളത്. ദിവസം ആരംഭിക്കുന്നത് വൈകുന്നേരമായിട്ടാണ് കരുതുക. സഭാനിയമപ്രകാരം നിയുക്തരായ വ്യക്തികളുടെ നേതൃത്വത്തിലാണു് യാമപ്രാര്‍ത്ഥന നടത്തുന്നത്. അല്‍മായരും ഇതില്‍ പങ്കെടുക്കുന്ന പാരമ്പര്യമാണ് സീറോ-മലബാര്‍ സഭയില്‍ നിലവിലിരുന്നത്. അലസതകൂടാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്ന ദിവ്യനാഥന്റെ കല്പനയുടെ നിറവേറ്റലാണ് യാമപ്രാര്‍ത്ഥന. വ്യക്തിപരമായ പ്രാര്‍ത്ഥനാജീവിതത്തെ യാമപ്രാര്‍ത്ഥന പോഷിപ്പിക്കുകയും പുണ്യാഭിവൃദ്ധിയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. 
                വിശുദ്ധ ഗ്രന്ഥത്തിലെ പ്രാര്‍ത്ഥനാഗീതങ്ങളായ സങ്കീര്‍ത്തനങ്ങളാണു് യാമപ്രാര്‍ത്ഥനകളുടെ പ്രധാനഭാഗം.

ആരാധനാവത്സരവും കാലങ്ങളും

                    ആരാധനാവത്സരം തുടര്‍ന്നു പറയുന്ന പ്രകാരം വിഭജിക്കപ്പെട്ടിരിക്കുന്നു: മംഗലവാര്‍ത്ത, ദനഹാ, നോമ്പ്, ഉയിര്‍പ്പ്, ശ്ലീഹാ, കൈത്താ, ഏലിയാ-ശ്ലീവാ, മൂശേ, പള്ളിക്കൂദാശ. 
                നൂറ്റാണ്ടുകളായി രക്ഷകനുവേണ്ടി കാത്തിരുന്ന ജനതയ്ക്ക് രക്ഷയുടെയും സന്തോഷത്തിന്റെയും സുവിശേഷമായ മിശിഹായെ ലഭിച്ചതിന്റെ അനുസ്മരണമാണു് മംഗലവാര്‍ത്തക്കാലം. രക്ഷാസന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് രക്ഷകനെ ലോകത്തിനു് നല്കിയ പരിശുദ്ധ അമ്മയെയും മംഗലവാര്‍ത്തക്കാലത്ത് നമ്മള്‍ അനുസ്മരിച്ചാദരിക്കുന്നു. എല്ലാവര്‍ക്കും സേവനം ചെയ്തുകൊണ്ട് മനുഷ്യരക്ഷയ്ക്കുവേണ്ടി സ്വയം കയ്യാളിച്ച ദിവ്യഗുരുവിന്റെ പരസ്യജീവിതമാണു് ദനഹാക്കാലത്തില്‍ നാം അനുസ്മരിക്കുന്നത്. പശ്ചാത്താപവും അനുരഞ്ജനവും വഴി ആത്മവിശുദ്ധീകരണം പ്രാപിക്കാന്‍ നോമ്പുകാലം വഴിയൊരുക്കുന്നു.
               മരിച്ച് ഉയിര്‍ത്തുകൊണ്ട് മരണത്തെ ജയിച്ച കര്‍ത്താവിന്റെ വിജയത്തെ ഉയിര്‍പ്പുകാലത്തില്‍ നാം ആഘോഷിക്കുന്നു. നിത്യം ജീവിക്കുന്ന മിശിഹായോടുകൂടി പ്രത്യാശയുടെ ജീവിതം നയിക്കാന്‍ ഉയിര്‍പ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ശ്ലീഹന്മാര്‍ നാനാദിക്കുകളിലും സധൈര്യം സുവിശേഷം പ്രഘോഷിച്ചുകൊണ്ട് സഭയെ പടുത്തുയര്‍ത്തിയതിനെയാണു് ശ്ലീഹാക്കാലം അവതരിപ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണു് കൈത്താക്കാലത്തെ മനസ്സിലാക്കേണ്ടത്. മിശിഹായുടെ പ്രത്യാഗമനത്തെ ലക്ഷ്യമാക്കി സഭ നൂറ്റാണ്ടുകളിലൂടെ മുന്നേറുന്നതിനെ ഈ കാലം സൂചിപ്പിക്കുന്നു. 
                ഏലിയാ-സ്ലീവാക്കാലം ലോകാവസാനത്തെ സൂചിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 14-നു് ആഘോഷിക്കുന്ന വി.സ്ലീവായുടെ തിരുനാള്‍ ഈ കാലത്തിലാണു്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കുണ്ടായ ദര്‍ശനം, യുദ്ധത്തില്‍ അദ്ദേഹം നേടിയ വിജയം, ജറുസലേമില്‍ തിരുക്കല്ലറയുടെ മുകളില്‍ പണിത ദേവാലയത്തിന്റെ പ്രതിഷ്ഠ ഇവയെല്ലാം അനുസ്മരിപ്പിക്കുന്നു ഈ തിരുനാള്‍. തുടര്‍ന്നു വരുന്നത് മൂശെക്കാലമാണു്. താബോര്‍മലയില്‍ മഹത്വമണിഞ്ഞ ഈശോയുടെ ഇരുവശങ്ങളിലായി മൂശെയും ഏലിയായും കാണപ്പെട്ടതുപോലെ കുരിശിന്റെ മഹത്വത്തെ ആചരിക്കുന്ന തിരുനാളിനു മുമ്പും പിമ്പുമായി ഇവര്‍ ഇരുവരുടെയും പേരില്‍ രണ്ടുകാലം നിലകൊള്ളുന്നു. 
                 അവസാനത്തേതായ പള്ളിക്കൂദാശക്കാലം മിശിഹായുടെ മണവാട്ടിയായ തിരുസ്സഭ സ്വര്‍ഗ്ഗീയ മണവറയില്‍ തന്റെ നിത്യമണവാളനോട് എന്നേക്കുമായി ചേര്‍ക്കപ്പെടുന്നത് സൂചിപ്പിക്കുന്നു. 
                 സീറോ-മലബാര്‍ സഭയുടെ ആരാധനാവത്സരക്രമത്തെ പറ്റി കൂടുതല്‍ അറിയുവാന്‍ വിക്കിപീഡിയയിലെ  ലേഖനം വായിക്കാവുന്നതാണു്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. കൈക്കസ്തൂരി (സമാധാനാശംസ) കൊടുത്തുകൊണ്ടാണു് സപ്രാ ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും. ഇത് അംഗങ്ങള്‍ തമ്മിലുള്ള ഹൃദയൈക്യത്തിന്റെ പ്രകാശനമാണു്. "ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പരസ്പരം ആശംസിച്ചുകൊണ്ട് പ്രാര്‍ത്ഥന അവസാനിപ്പിക്കുന്ന രീതി തുടരണം.
  2. കാര്‍മ്മികന്റെ പ്രാര്‍ത്ഥനകള്‍ കുടുംബനാഥനോ കുടുംബനാഥന്റെ അഭാവത്തില്‍ കുടുംബനാഥയോ കുടുംബത്തിലെ മുതിര്‍ന്ന മറ്റംഗങ്ങളാരെങ്കിലുമോ ചൊല്ലേണ്ടതാണു്. പ്രാര്‍ത്ഥനകള്‍ ഭംഗിയായി ചൊല്ലാന്‍ കഴിവുള്ള ഏതെങ്കിലും ഒരംഗം ശുശ്രൂഷിയായി വര്‍ത്തിക്കുന്നു.
  3. പ്രാര്‍ത്ഥനകളും ഗാനങ്ങളും സ്ഫുടമായും ആവശ്യത്തിനു് ശബ്ദമുയര്‍ത്തിയും നിര്‍ത്തിയും എല്ലാവരും ഒന്നിച്ചും ചൊല്ലേണ്ടതാണു്. എല്ലാവരും പുസ്തകമുപയോഗിച്ച് (അവസരത്തിനനുസരിച്ച്. ഇവിടെ അത് ഒരു പ്രിന്റ്-ഔട്ടോ, കംമ്പ്യൂട്ടര്‍ സ്ക്രീന്‍ തന്നെയുമോ ആവാം) പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുവാന്‍ ശ്രദ്ധിയ്ക്കുക.
  4. സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥന ആയതു കൊണ്ട് എല്ലാവരും എഴുന്നേറ്റുനിന്ന് സപ്രാ ചൊല്ലുന്നതാണു് പതിവ്. സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുമ്പോഴും ഗാനങ്ങള്‍ ആലപിക്കുമ്പോഴും ഇരിക്കുന്നു.
  5. വി. കുര്‍ബ്ബാനയും, മറ്റു കൂദാശകളും, കൂദാശാനുകരണങ്ങളും പോലെ യാമപ്രാര്‍ത്ഥനകള്‍ സഭയുടെ ആരാധനാക്രമത്തിന്റെ ഭാഗമാകയാല്‍ അത് മറ്റെല്ലാ പ്രാര്‍ത്ഥനകളെക്കാളും സ്വകാര്യഭക്താനുഷ്ഠാനങ്ങളെക്കാളും ശ്രേഷ്ഠവും ദൈവത്തിനു് സ്വീകാര്യവുമായിരിക്കും

യാമപ്രാര്‍ത്ഥനയിലെ ചില സുറിയാനി പദങ്ങള്‍

സപ്രാ-പ്രഭാതജപം
റംശാ-സായാഹ്ന പ്രാര്‍ത്ഥനകള്‍
ലെലിയാ-രാത്രിജപം
ശൂറായാ-പ്രകീര്‍ത്തനം
ശൂബാഹാ-സ്തോത്രഗീതം
സ്ലോസാ-ജപം, പ്രാര്‍ത്ഥന
കാറോസൂസാ-പ്രഘോഷണ പ്രാര്‍ത്ഥന
ഹൂത്താമ്മാ-മുദ്രവയ്ക്കല്‍ പ്രാര്‍ത്ഥന
എങ്കര്‍ത്താ-ലേഖനം
തെശ്ബോഹത്താ-സ്തുതിഗീതം
ഓനീസാ ദക്ക്ദം-പൂര്‍വ്വഗീതം (സായാഹ്ന സങ്കീര്‍ത്തനത്തിനു മുമ്പ്)
ഓനീസാ ദ്ബാസര്‍-ഉത്തരഗീതം (സായാഹ്ന സങ്കീര്‍ത്തനത്തിനു ശേഷം)
ഓനീസാ ദ്‌റംശാ-സായാഹ്നഗീതം
ഓനീസാ ദ്‌ബാസാലിക്കേ-രാജഗീതം
ഓനീസാ ദ്‌മൗത്വാ-നിശാഗീതം
ഓനീസാ ദ്‌സപ്രാ-പ്രഭാതഗീതം
ബാറെക് കൊലഹോന്‍-കൃതജ്ഞതാഗാനം / കൃതജ്ഞതാ കീര്‍ത്തനം
ബ്‌മദ്‌നാഹൈ സപ്രാ-പ്രഭാതകീര്‍ത്തനം
മറിയാ ക്രോസാക്-സായാഹ്ന സങ്കീര്‍ത്തനം
ആസ്‌വാസാ-അക്ഷരമാലാനുസൃതമായി ഓരോ ഭാഗവും തുടങ്ങുന്ന രീതിയില്‍ വിരചിതമായ സങ്കീര്‍ത്തനങ്ങള്‍

Wednesday, June 12, 2013

നമുക്കിടയിൽ ഇങ്ങനെയും ഒരാൾ!


ഭരണകൂടത്തിന്റെ കാപട്യങ്ങൾക്കും അഴിമതികൾക്കും നേരെ  വിരൽ ചൂണ്ടുമ്പോൾ തെല്ലും വളയാറുണ്ടായിരുന്നില്ല മുദ്രമോതിരമണിഞ്ഞ ആ വിരൽ. കർദിനാൾ സ്ഥാനലബ്ധി അറിഞ്ഞപ്പോൾ കാലം ചെയ്ത തന്റെ പിൻഗാമിയുടെ സ്ഥാനവസ്ത്രം അഴിച്ചുതുന്നി ധരിച്ചാൽ മതിയെന്നു വാശിപിടിച്ച ലാളിത്യമായിരുന്നു അത്. മരംകോച്ചുന്ന അർജന്റീനിയൻ ശിശിരത്തിലും 'സെൻട്രൽ ഹീറ്റിംഗ്' ആഡംബരമെന്നു കരുതിയ ഒരാൾ! ചേരികളിൽ സാധാരണ വൈദികന്റെ വസ്ത്രമണിഞ്ഞ് പാപികളെ തേടി അലഞ്ഞ ഇടയൻ. കൂടുതൽ കൂടുതൽ അറിയുന്തോറും ഉയരവും ഉൾക്കരുത്തും കൂടുകയാണ് ഈ ആത്മീയ വൃദ്ധന്.

അർജന്റീനയിലെ മാർപാപ്പയുടെ പ്രതിനിധിയായിരുന്ന ആർച്ച് ബിഷപ് ഉബാൾഡോ കലബ്രെസിയുമായി സൗഹൃദത്തിലായിരുന്നു അദ്ദേഹം. പല മെത്രാന്മാരുടെയും നിയമനത്തിനുമുമ്പ് നുൺഷ്യോ അഭിപ്രായം ആരാഞ്ഞിരുന്ന വൈദികരിൽ ഒരാളായിരുന്നു ഫാ. ബെർഗോളിയോ.

1992. ബ്യൂണസ് ഐറിസിൽനിന്നു കൊർഡോബ നഗരത്തിലേക്കുള്ള വിമാന സർവീസ് അക്കാലം മെൻഡോസ വഴിയായിരുന്നു. ബ്യൂണസ് ഐറിസിൽ യാത്രക്കാരെ ഇറക്കിയശേഷം മെൻഡോസയിലേക്ക് ഒരു ചെറുയാത്ര. മടങ്ങിയെത്തി പഴയ യാത്രക്കാരെയും കയറ്റി വീണ്ടും കൊർഡോബയിലേക്ക്. വിമാനത്താവളത്തിലെ ഈ ഇടവേളയിൽ ഒന്നു നേരിട്ടു കണ്ടു സംസാരിക്കാൻ കഴിയുമോയെന്നു തിരക്കി അപ്പസ്‌തോലിക് നുൺഷ്യോ.

1992 മെയ് 13. വിമാനത്താവളത്തിലെ സന്ദർശകഗാലറിയിൽ ഫാ. ബെർഗോളിയോയും ന്യൂൺഷ്യോയും മുഖാഭിമുഖം. പല കാര്യങ്ങളെക്കുറിച്ചും ചർച്ചചെയ്തു അവർ. ന്യൂൺഷ്യോയ്ക്ക് പോകേണ്ട വിമാനത്തിനുള്ള അനൗൺസ്‌മെന്റ് മുഴങ്ങി. നാടകീയമായി ന്യൂൺഷ്യോ പറഞ്ഞു: ''ഒരു കാര്യം മറന്നു. ബ്യൂണസ് ഐറിസ് അതിരൂപതയുടെ സഹായമെത്രാനായി താങ്കളെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുപതാം തിയതി ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടാവും.''

അരുതെന്നു പറയാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. അപ്പസ്‌തോലിക് നൂൺഷ്യോ വിമാനത്തിനടുത്ത ഗേറ്റിലേക്ക് തിടുക്കത്തിൽ നടന്നു. അമ്പരന്നു നിന്നു ഫാ. ജോർജ് ബെർഗോളിയോ. അദ്ദേഹത്തിനത് തെല്ലും താല്പര്യമുണ്ടായിരുന്നില്ലെന്ന് ആ മുഖഭാവം വിളിച്ച് പറഞ്ഞു. 

ബ്യൂണസ് ഐറിസ് അതിരൂപതയിൽ അക്കാലം കർദിനാൾ അന്റോണിയോ ക്വറാസിനോ ആയിരുന്നു ആർച്ച് ബിഷപ്. അദ്ദേഹം വിരമിക്കാൻ കാലമായി. മറ്റേതെങ്കിലുമൊരു രൂപതയിൽനിന്നു പുതിയ ആർച്ച് ബിഷപ് വന്നേക്കുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാൽ, സംഭവിച്ചതു മറ്റൊന്നാണ്.

1997 മെയ് 27. നുൺഷ്യോച്ചറിൽ നിന്നൊരു ഫോൺകോൾ. ഉച്ചഭക്ഷണം ഒന്നിച്ചാകാമെന്നു ക്ഷണിച്ചു മാർപാപ്പയുടെ പ്രതിനിധി. ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും കാപ്പി നുണഞ്ഞുതുടങ്ങി. യാത്ര പറഞ്ഞു പിരിയാം എന്നു കരുതുകയായിരുന്നു ബിഷപ് ബെർഗോളിയോ. അപ്പോഴാണ് ഒരു വലിയ കേക്കുമായി ഒരു വൈദികൻ ഊൺമുറിയിലേക്ക് കടന്നുവന്നത്. നുൺഷ്യോയുടെ ജന്മദിനമായിരിക്കുമെന്നാണ് ബിഷപ് ബെർഗോളിയോ കരുതിയത്.

''എന്റെ ജന്മദിനമൊന്നുമല്ല. താങ്കളുടെ പുതിയ സ്ഥാനലബ്ധി ആഘോഷിക്കാനാണിത്. 

കർദിനാൾ ക്വറാസിനോയുടെ പിൻഗാമിയായി താങ്കളെ നിയമിച്ചിരിക്കുകയാണ് വത്തിക്കാൻ''- നുൺഷ്യോ ഗൗരവപൂർവം പറഞ്ഞു.
ഏതെങ്കിലുമൊരു ചെറിയ രൂപതയിൽ ശിഷ്ടകാലം കഴിച്ചുകൂട്ടാൻ ആഗ്രഹിച്ചയാൾ ഇതാ രാജ്യത്തെ ഏറ്റവും മുതിർന്ന ബിഷപ്പിന്റെ കസേരയിലേക്ക്. സകലവും ദൈവഹിതം എന്നു കരുതി കീഴ്‌വഴങ്ങാനായിരുന്നു ബെർഗോളിയോയുടെ ആത്മപ്രചോദനം.

വൈദികർ ഇതാഗ്രഹിച്ചിരുന്നുവെന്നതാണ് സത്യം. ഏത് ഇടവകവൈദികനും എപ്പോൾ വേണമെങ്കിലും വിളിച്ചു സംസാരിക്കാവുന്ന വിധത്തിൽ ടെലിഫോൺ സ്ഥാപിച്ചു ബിഷപ് ബെർഗോളിയോ. ഒരുതരം ഹോട്ട്‌ലൈൻ. ഏതു പാതിരാത്രിയിലും മെത്രാനുമായി ഏതു കാര്യവും സംസാരിക്കാം വൈദികർക്ക്. അവർ നൊമ്പരങ്ങളും സ്വപ്‌നങ്ങളും നിരാശയുമൊക്കെ തങ്ങളുടെ ഇടയനോടു പങ്കുവച്ചു. സെക്രട്ടറിയെ ആവശ്യമില്ലെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു അദ്ദേഹം.

ഇടവകപ്പള്ളികളിലായിരുന്നു സായാഹ്നങ്ങൾ. രോഗികളായ വൈദികരെ പരിചരിക്കാൻ സ്വയം സമയം കണ്ടെത്തി മെത്രാൻ. കീറിയ വസ്ത്രങ്ങൾ തുന്നിച്ചേർത്തും ഭക്ഷണം സ്വയം പാകം ചെയ്തും ജീവിച്ചുപോന്നു അർജന്റീനയിലെ വ്യത്യസ്തനായ ഈ മെത്രാൻ. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കാനും മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാനും സന്നദ്ധനായിരുന്നു ഈ ബിഷപ്. എല്ലാ ടെലിഫോണുകളും മെത്രാൻ നേരിട്ട് അറ്റൻഡ് ചെയ്തു. ഒരു കൊച്ചു ഡയറിയിൽ തന്റെ യാത്രകളും മീറ്റിംഗുകളും കുറിച്ചുവച്ചു!
ബസിൽ സാധാരണക്കാർക്കിടയിലായിരുന്നു യാത്രകളേറെയും. ലോക്കൽ ട്രെയിനുകളിലെ തിരക്കിനിടയിലും നിരന്തര സാന്നിധ്യമായിരുന്നു ആ മുഖം. ഔദ്യോഗിക അവസരങ്ങളിലൊഴികെ എപ്പോഴും സാധാരണ പുരോഹിതന്റെ വേഷത്തിലായിരുന്നു ബെർഗോളിയോ. സ്റ്റീൽമാലയും കുരിശുംപോലും ഷർട്ടിനുള്ളിൽ സൂക്ഷിച്ചു. സാധാരണ ജനത്തിന്റെ വിയർപ്പും വേദനയും വികാരങ്ങളും നന്നായി മനസിലാക്കാൻ ഇത്തരം യാത്രകൾ സഹായകമായി.

''ഞാൻ ജോർജ് ബെർഗോളിയോ. ഒരു കത്തോലിക്കാ പുരോഹിതൻ'' ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പരിചയപ്പെടുത്തൽ. അടിസ്ഥാനപരമായി താനൊരു പുരോഹിതൻ മാത്രമാണെന്നും മറ്റെല്ലാം വെറും 'തസ്തികകൾ' മാത്രമാണെന്നും വിശദീകരിച്ചിരുന്നു അദ്ദേഹം.

ഒരിക്കൽ പ്രധാനപ്പെട്ടൊരു യോഗത്തിനു പോകാൻ ഇറങ്ങിയതായിരുന്നു കർദിനാൾ ബെർഗോളിയോ. റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുംമുമ്പ് ദേവാലയത്തിൽ കയറി അൽപനേരം പ്രാർത്ഥിക്കും. ഒരിക്കലും മുടക്കം വരാത്ത ചിട്ടയാണത്. അന്നും അതുപോലെ പ്രാർത്ഥനാനിരതനായി.
അദ്ദേഹത്തിനു പിന്നിലൊരു മുരടനക്കം. തിരിഞ്ഞുനോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടെന്നു വ്യക്തം. വഴുതിപ്പോകുന്ന ദൃഷ്ടി. ഉറയ്ക്കാത്ത കാൽച്ചുവടുകൾ.
''ഫാദർ എനിക്കൊന്നു കുമ്പസാരിക്കണം'' യുവാവ് പറഞ്ഞു.

''ക്ഷമിക്കണം, എനിക്കിപ്പോൾ അത്യാവശ്യമായി പോകേണ്ടതുണ്ട്. ഉടൻതന്നെ മറ്റൊരു വൈദികനെത്തും. അതുവരെ താങ്കൾ കാത്തിരിക്കണം.'' തിടുക്കത്തിൽ പറഞ്ഞൊപ്പിച്ചു കർദിനാൾ.
ദേവാലയത്തിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഒരു വടംവലി; താൻ ചെയ്തതു ശരിയായില്ലെന്നൊരു തോന്നൽ. വലിയൊരു കുറ്റബോധം. കർദിനാൾ തിരികെ നടന്നു, പള്ളിക്കുള്ളിലേക്ക്. ആ ചെറുപ്പക്കാരന്റെ പാപസങ്കീർത്തനം ക്ഷമയോടെ കേട്ടുകൊണ്ടിരുന്നപ്പോൾ തന്റെ യാത്രയുടെ കാര്യം മറന്നുപോയിരുന്നു അദ്ദേഹം.
ദീർഘമായ കുമ്പസാരത്തിനുശേഷം പാപമോചനം നൽകി എഴുന്നേറ്റു കർദിനാൾ. താൻ യാത്ര ചെയ്യേണ്ട ട്രെയിൻ ഇതിനകം തന്നെ കടന്നുപോയിക്കഴിഞ്ഞിരിക്കും എന്നുറപ്പ്. എങ്കിലും തിടുക്കത്തിൽ റെയിൽവേ സ്റ്റേഷനിലേക്കു നടന്നു അദ്ദേഹം.

അവിടെയൊരു ദൈവിക ഇടപെടൽ നടന്നിരുന്നു. ട്രെയിൻ വൈകിയിരിക്കുന്നു! ആ യുവാവിന്റെ കുമ്പസാരം കേൾക്കാൻ ചിലവഴിച്ച അത്രയും സമയമാണ് ട്രെയിൻ വൈകിയോടിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതം താൻ തന്നെ നിയന്ത്രിക്കുന്നതല്ലെന്നും ദൈവമാണ് അതിന്റെ നിയന്താവെന്നും ഒരിക്കൽക്കൂടി ഓർമിക്കുകയായിരുന്നു ആ ഇടയൻ. ഒരു വൈദികന്റെ ഏറ്റവും പ്രധാനമായ കടമ ദൈവജനത്തിനുവേണ്ടിയുള്ള ശുശ്രൂഷകൾതന്നെ. ഭരണപരമായ മറ്റെല്ലാ ജോലികളും ഒരുപടി താഴെ മാത്രം!

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ നിരന്തരം താൻ പാപിയാണെന്ന് ഏറ്റുപറയുകയും നിശബ്ദമായി വിലപിക്കുകയും ചെയ്യുന്ന ഒരാത്മാവിനെയാണ് ജീവചരിത്രഗ്രന്ഥത്തിൽ കാണുന്നത്.

''എന്നിൽ പാപമില്ലെന്നു ഞാൻ പറഞ്ഞാൽ അത് ആത്മവഞ്ചനയായിരിക്കും. ഞാനൊരു പാപിയാണെന്നതാണ് സത്യം. എന്നാൽ, ദൈവത്തിന്റെ മഹാകരുണ എന്റെ എല്ലാ അയോഗ്യതകളെയും അതിലംഘിക്കുകയാണ്'' പത്രോസിന്റെ ഈ പിൻഗാമി തന്നെത്തന്നെ വിലയിരുത്തുന്നു.

വിശ്വാസികളാണ് സഭയെന്നും വൈദികർ ജനത്തിന്റെ ശുശ്രൂഷകരാണെന്നും ഏറ്റുപറയുന്നു ഫ്രാൻസീസ് മാർപാപ്പ. ഒരുദാഹരണത്തിലൂടെ അദ്ദേഹമിതു വിശദീകരിക്കുന്നത് ഇങ്ങനെ:
''മാമോദീസയാണ് ഒരുവനെ വിശ്വാസത്തിൽ ജനിപ്പിക്കുന്നത്. ജപ്പാനിലെ കത്തോലിക്കരുടെ കാര്യം നോക്കുക. രണ്ടു നൂറ്റാണ്ടിലധികം ഒരൊറ്റ വൈദികൻ പോലുമുണ്ടായിരുന്നില്ല അവിടെ. മിഷനറിമാർ മടങ്ങിയെത്തിയപ്പോൾ അവർ കണ്ട കാഴ്ച അവർക്കുതന്നെ അമ്പരപ്പായി. അവിടുത്തെ വിശ്വാസികളെല്ലാവരും മാമോദീസ സ്വീകരിച്ചിരുന്നു. സഭയുടെ ക്രമപ്രകാരം തന്നെ എല്ലാവരും വിവാഹിതരായിരുന്നു. വിശ്വാസമനുസരിച്ചുതന്നെ മരിച്ചവരെല്ലാം സംസ്‌കരിക്കപ്പെട്ടു. അല്മായരാണ് ഇതത്രയും ചെയ്തത്. മാമോദീസ മാത്രം സ്വീകരിച്ചവരായിരുന്നു അവർ. ജ്ഞാനസ്‌നാനത്തിലൂടെ കൈവന്ന അഭിഷേകം അവരിൽ പലമടങ്ങായി പ്രവർത്തിക്കുകയായിരുന്നിരിക്കണം. ദൈവകരുണയിലാണ് നാം ആശ്രയിക്കേണ്ടത്.''

ദൈവകരുണ സകല നിയമങ്ങൾക്കും ഉപരിയാണെന്ന് പ്രഘോഷിക്കുകയായിരുന്നു അദ്ദേഹം. യോനാ പ്രവാചകനോടാണ് കടുംപിടുത്തക്കാരായ പുരോഹിതരെ അദ്ദേഹം ഉപമിക്കുന്നത്. നിയമവും ശിക്ഷയുമെല്ലാം വള്ളിപുള്ളി വിടാതെ നടപ്പാക്കാൻ തിടുക്കം കൂട്ടുന്നവർ. കർത്താവിന്റെ മഹാകരുണയെ കാണാതെ പോകുന്നവർ!

''നമ്മുടെ കടുംപിടുത്തങ്ങൾ നമുക്കുതന്നെ ഒരു തടവറ തീർക്കുകയാണ്. പരിശുദ്ധാത്മാവിനെ നാം ആ തടവറയ്ക്കുള്ളിൽ തളച്ചിട്ടിരിക്കുകയാണ്.'' ആത്മാവുള്ളിടത്തു സ്വാതന്ത്ര്യവും സ്‌നേഹവുമുണ്ടെന്നും ഉറക്കെ വിളിച്ചുപറയുകയാണ് ഫ്രാൻസീസ് പാപ്പ.

''ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഞാൻ ഒരു പാവപ്പെട്ട വിധവയുടെ ഏഴുമക്കൾക്ക് ഒരേസമയം ജ്ഞാനസ്‌നാനം നൽകിയത്. ഒരു വീട്ടുവേലക്കാരിയാണവൾ. സമൂഹത്തിന്റെ പര്യമ്പുറത്തു നിന്നൊരുവൾ. രണ്ടു പുരുഷന്മാരിൽ നിന്നാണ് അവളുടെ ഈ ഏഴുമക്കൾ. അവൾ എന്നോടു പറഞ്ഞു: 'പിതാവേ, ഞാൻ പാപം ചെയ്തു ജീവിക്കുന്നവളാണ്. എന്റെ മക്കളെ ഞാൻ മാമോദീസ മുക്കിയിട്ടില്ല. ആ ചടങ്ങു നടത്താൻ പോലും പണമില്ലാത്തളാണ് ഞാൻ. രാവും പകലും കൂലിവേല ചെയ്താലും ഏഴുമക്കളും ഞാനും അർദ്ധപട്ടിണിയിലാണ്. പിന്നീട് വിശദമായി സംസാരിക്കാമെന്നു ഞാനവളോടു പറഞ്ഞു.'' ഫ്രാൻസീസ് പാപ്പ കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

''പിന്നീട് ഞാനവളെ ഫോൺ വിളിച്ചു. ആ സ്ത്രീ എന്നെ വന്നു കണ്ടു. ഏഴുമക്കൾക്കുവേണ്ടി തലതൊട്ടപ്പനെയും തലതൊട്ടമ്മയെയും കണ്ടെത്താൻപോലും കഴിഞ്ഞില്ല അവൾക്ക്. ഒരു പിഴച്ച പെണ്ണിനെ തീണ്ടാപ്പാട് അകലെ നിർത്താൻ താൽപര്യപ്പെട്ട വിശ്വാസികൾ! അവളെയും കുട്ടികളെയും വേദപാഠം പഠിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ആർച്ച് ബിഷപ്പിന്റെ അരമനയിലെ ചാപ്പലിൽ തന്നെ ഏഴുമക്കളുടെയും ജ്ഞാനസ്‌നാനം നടത്തി. ചടങ്ങുകൾക്കുശേഷം ചെറിയൊരു വിരുന്നും ഞങ്ങൾ ഒരുക്കിയിരുന്നു; അവർക്ക് ലഭിക്കുന്ന പരിഗണന വിശ്വസിക്കാനാവാതെ ആ സാധുസ്ത്രീ വിതുമ്പിപ്പോയി. ഞാനവളോടു പറഞ്ഞു: ''മകളേ, ഈശോയുടെ സ്‌നേഹമാണ് നിന്നെ പ്രാധാന്യമുള്ളവളാക്കിയത്.''
''കാനൻ നിയമത്തിലെ അവസാനത്തെ കാനൻ ഇതാണ്: ആത്മാക്കളുടെ രക്ഷയാണ് പരമപ്രധാന നിയമം.''

വഴി പിഴച്ചുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകാൻ ചില വൈദികർ മടിക്കുന്നതായി കേട്ടു അദ്ദേഹം. വിവാഹബന്ധത്തിനു പുറത്തു ജനിക്കുന്ന മക്കൾക്ക് മാമോദീസ നൽകരുതെന്ന കടുംപിടുത്തക്കാരായിരുന്നു അവർ.
''മാതാപിതാക്കളുടെ വിവാഹജീവിതം ഒരു കുഞ്ഞിന്റെ ഉത്തരവാദിത്തമാണോ? ചില അവസരങ്ങളിൽ ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് സഭ മാമോദീസ നൽകുന്നതിലൂടെ മാതാപിതാക്കൾ നവീകരിക്കപ്പെടാറുണ്ട്'' - ദൈവകരുണയുടെ ഈ പ്രവാചകന്റെ വിശദീകരണം.

സഭ സമ്പന്നർക്കും വിശുദ്ധർക്കും മാത്രമുള്ളതല്ലെന്ന് തന്റെ പ്രസംഗങ്ങളിൽ ഉടനീളം പറഞ്ഞിരുന്നു കർദിനാൾ ബെർഗോളിയോ. ക്രിസ്തുവിന്റെ സഭ പാപികളുടേതും വ്യഭിചാരികളുടേതും കൊലപാതകികളുടേതുമാണ്. കാരണം, പാപികളെ രക്ഷിക്കാനാണ് അവൻ അവതരിച്ചത്. പാപത്തിന്റെ തടവറയിൽ കഴിയുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കാണാതെ പോകുമ്പോൾ ഫരിസേയന്റെ കപടനാട്യമാവുന്ന പുളിപ്പ് ക്രിസ്തുവിന്റെ സഭയെയും ദുഷിപ്പിക്കുന്നുവെന്നു പറയുന്നു അദ്ദേഹം.

വിശുദ്ധ കൊച്ചുത്രേസ്യയുടെ നിതാന്ത ഭക്തനാണ് ഫ്രാൻസീസ് പാപ്പ. റോമിൽ വത്തിക്കാൻ കൊട്ടാരത്തിനടുത്തുള്ള ഒരു ദേവാലയം. കുറെ ദിവസങ്ങളായി രാവിലെ കൃത്യം ഒൻപതുമണിക്ക് ദേവാലയത്തിലെത്തി അരമണിക്കൂറോളം മുട്ടിന്മേൽനിന്നു പ്രാർത്ഥിക്കുന്ന വൃദ്ധ വൈദികനെ ശ്രദ്ധിച്ചുതുടങ്ങി ദേവാലയചുമതലയുള്ള സന്യാസവൈദികർ. ഒരിക്കൽ പോലും ആ സന്ദർശനം വൈകാറില്ല. തന്റെ താമസസ്ഥലത്തുനിന്ന് നടത്തം തുടങ്ങി ഈ ദേവാലയത്തിലെത്തി ദീർഘമായ പ്രാർത്ഥന. പിന്നെ വത്തിക്കാൻ അരമനയിലേക്കു ദ്രുതഗതിയിലുള്ള നടത്തം.
സങ്കീർത്തിയുടെ ഉള്ളിൽനിന്നു സന്യാസവൈദികർ ഇദ്ദേഹത്തെ തന്നെ ശ്രദ്ധിക്കുക പതിവായിരുന്നു. പ്രാർത്ഥന കഴിഞ്ഞാലുടൻ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപത്തിനു മുന്നിലെത്തും. അവിടെയും കൈകൂപ്പി കുറച്ചു നേരം. ഒടുവിൽ പ്രായംചെന്ന അമ്മച്ചിമാരെപ്പോലെ രൂപത്തിന്റെ കാലിൽ തൊട്ടു വന്ദിക്കും!
അങ്ങനെയൊരു ദിവസം ഒരു സന്യാസവൈദികൻ അതു കണ്ടുപിടിച്ചു. വൃദ്ധവൈദികന്റെ കറുത്ത ളോഹയിൽ ചുവന്ന ബട്ടണുകൾ: ''ഇദ്ദേഹം ഒരു കർദിനാളാണ്!''
പിറ്റേന്ന് തിടുക്കത്തിൽ പ്രാർത്ഥന കഴിഞ്ഞു മടങ്ങുന്ന അദ്ദേഹത്തിനു മുന്നിൽ ചെറുപ്പക്കാരനായ സന്യാസവൈദികനെത്തി. 
''അങ്ങൊരു കർദിനാളാണ്, അല്ലേ?''

''അതെ, ഞാൻ ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ് ആണ്'' വിനയപൂർവമുള്ള മറുപടി.
അത്ഭുതം കൂറിനിന്നു ആ യുവവൈദികൻ: ''ഇങ്ങനെയുമുണ്ടോ കർദിനാൾമാർ!''
പുതിയ കാലത്തിനും പുതിയ ലോകത്തിനും വേണ്ടി ദൈവം കരുതിവച്ചിരുന്ന ഒരാൾ- അതാണ് ഫ്രാൻസീസ് മാർപാപ്പ. ഈ പുസ്തകം ആ വലിയ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്.
അതെ, നമുക്കിടയിൽ ഇങ്ങനെയും ഒരാൾ...

ശലോമിൽ വന്നലേഖനം 
Written by  ശാന്തിമോൻ ജേക്കബ്

Saturday, June 1, 2013

സ്‌നേഹം എല്ലാം ക്ഷമിക്കും: ഗ്ലാഡിസ് സ്‌റ്റെയിൻസ്


ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവാർട്‌സ് സ്റ്റെയിൻസിനെയും പിഞ്ചുബാലന്മാരെയും 1999-ൽ ഒറീസയിലെ ബാരിപ്പഡയിൽ മത തീവ്രവാദികൾ ജീവനോടെ ചുട്ടുകൊന്നിരുന്നു. ഈ കേസിലെ രണ്ട് പ്രതികളെ സിബിഐ ഇക്കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തു.

ഘനശ്യാം മഹന്ത, രാംജാൻ മഹന്ത എന്നിവരെയാണ് ഒഡീഷയിലെ കിയോൻജ ർജില്ലയിലെ അനന്തപുരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഭുവനേശ്വറിലെ സിബിഐ ഹെഡ്ക്വാർട്ടേഴ്‌സിൽ ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. 

1965-മുതൽ ഒറീസയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷൻ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. മക്കൾ എസ്‌തേർ, തിമോത്തി, ഫിലിപ്പ്. ഈ കുടുംബം മയൂർഭഞ്ചിലെ വനത്തോടു ചേർന്നുള്ള ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഒഡീഷയിൽ കുഷ്ഠരോഗികളെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും സമൂഹം അകറ്റി നിർത്തിയിരുന്നു. വർഷങ്ങളായി സമൂഹത്തിന്റെ പുറംപോക്കിൽ കഴിഞ്ഞ ഈ കുഷ്ഠരോഗികളെയും അവരുടെ മക്കളെയും ചികിത്സിക്കുകയും അവരെ പുനരധിവസിപ്പിക്കുകമായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. ഗ്ലാഡിസിനെ വിവാഹം കഴിക്കുന്നതിന് മുമ്പ്തന്നെ ഗ്രഹാം, ഇന്ത്യയിലെത്തിയിരുന്നു. അവധിക്കായി ഓസ്‌ത്രേലിയയിലെത്തിയ നാളുകളിൽ ഗ്രഹാമിനെ പരിചയപ്പെട്ട ഗ്ലാഡിസ് അദ്ദേഹത്തിന്റെ സേവനതൽപ്പരതയും ആത്മാർത്ഥത യും മനസിലാക്കി. വിവാഹത്തിന് ശേഷം ഗ്രഹാമിനൊപ്പം ഇന്ത്യയിലെത്തിയ ഗ്ലാഡിസ് പിന്നീട് ഭാരതത്തെ ജന്മനാട് പോലെ സ്‌നേഹിച്ചു. കുഷ്ഠരോഗികളുടെ ശുശ്രൂഷയിൽ ഭർത്താവിനൊപ്പം അവരും പങ്കാളിയായി. മക്കളായ പത്തുവയസുകാരൻ ഫിലിപ്പും, എട്ടുവയസുകാരൻ തിമോത്തിക്കും ഒപ്പമാണ് ഗ്രഹാം തന്റെ തന്നെ ജീപ്പിൽ കൊല്ലപ്പെടുന്നത്. 

വനത്തിനടുത്ത കുഷ്ഠരോഗികളുടെ കോളനിയിൽ രാത്രിയിൽ നടന്ന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തശേഷം ദൂരെയുള്ള ഭവനത്തിലേക്ക് പോകാൻ വൈകിയതിനാലാണ് ഗ്രഹാം ജീപ്പിൽ ഉറങ്ങാൻ തീരുമാനിച്ചത്. 

ശൈത്യത്തിൽ നിന്നും രക്ഷപ്പെടാൻ അ വരുടെ  ജീപ്പിന് മുകളിൽ വൈക്കോൽ വിതറിയിരുന്നു. ഗ്രഹാമിനെയും മക്കളെയും കൊല്ലാൻ തീരുമാനിച്ച തീവ്രവാദികളായ ധാരാസിംഗും സംഘവും ജീപ്പിന് മുകളിലൊഴിക്കാൻ പെട്രോളും കരുതിയാണ് എത്തിയത്. ജീപ്പിന്റെ വാതിലുകൾ പുറത്തു നിന്നും പൂട്ടുകയും ഗ്രാമവാസികളെ അകറ്റി നിർത്താൻ ഗുണ്ടകളെ അവർ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. രാത്രിയുടെ അന്ത്യയാമത്തിലായിരുന്നു ഇങ്ങനെ അക്രമി സംഘം ജീപ്പ് വളഞ്ഞത്. ജീപ്പിന് മുകളിൽ വിതറിയിരുന്ന വൈക്കോലിൽ പെട്രോൾ ഒഴിച്ച് തീവെച്ചു. നിമിഷങ്ങൾക്കകം അഗ്നികുണ്ഡമായ ജീപ്പിനകത്തു നിന്നും ഗ്രഹാമിന്റെയും മക്കളുടെയും നിലവിളി ഉയർന്നു. രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരെ ധാരാസിംഗും സംഘവും വാളുകൾ വീശി ഓടിച്ചു. 

36 വർഷം ഒറീസയിലെ ആദിവാസികളെയും കുഷ്ഠരോഗികളെയും പരിചരിച്ച ഗ്രഹാം സ്റ്റെയിൻസും മക്കളും അപ്പോഴേക്കും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞിരുന്നു. നന്ദികേടിന്റെ മറക്കാനാവാത്ത ഇരയായി ആ സാധുമനുഷ്യനും അദ്ദേഹത്തിന്റെ ഓമനപ്പുത്രന്മാരും. പിതാവിനെ മാതൃകയായി കണ്ട ഫിലിപ്പും തിമോത്തിയും തങ്ങളുടെ ജന്മദിനങ്ങളൊക്കെയും ആഘോഷിച്ചിരുന്നത് ഈ കുഷ്ഠരോഗികളൊടൊത്തായിരുന്നു. അപ്പന്റെ യാത്രകളിലൊക്കെ മക്കളും അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. അത്തരത്തിലൊരു യാത്ര അവരുടെ അന്ത്യയാത്രയായി. പിതാവിനെപ്പെലെ മനുഷ്യരെ സ്‌നേഹിച്ച് അവർക്കായി ജീവിക്കാനാഗ്രഹിച്ചവരായിരുന്നു മക്കളും. ഗ്രഹാമിന്റെ മരണം വർഗീയവാദികൾ ആഘോഷിച്ചു. സാമൂഹ്യവിരുദ്ധനും ക്രിമിനലുമായ ധാരാസിംഗിന് വീരാളിപ്പട്ടു നൽകി ആദരിക്കാനും, അയാൾക്ക് വേണ്ടി സൗജന്യമായി കേസ് വാദിക്കാനും, ചിലരൊക്കെ മുന്നോട്ട് വന്നു. 
ഭർത്താവിന്റെ മരണശേഷം മയൂർഭഞ്ച് വിട്ടുപോകാൻ അദ്ദേഹത്തിന്റെ ഭാര്യ ഗ്ലാഡിസ് വിസമ്മതിക്കുകായിരുന്നു. ഭർത്താവിന്റെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ, ആർക്ക് വേണ്ടി അദ്ദേഹം ജീവിച്ചോ അവർക്കുവേണ്ടി തന്റ ശിഷ്ടജീവിതം മാറ്റിവെച്ച ഗ്ലാഡിസിനെ ഇന്ത്യയിലെ മതേതരവാദികളായ മനുഷ്യർ ഹൃദയം തുറന്ന് അഭനന്ദിച്ചു. 

ധാരാസിംഗിന് വധശിക്ഷ വിധിച്ചപ്പോൾ അയാളെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസാണ്. അന്ന് ഗ്ലാഡിസ് പറഞ്ഞ വാക്കുകൾ മനുഷ്യമനസുകളെ സ്പർശിച്ചു. ''എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭർത്താവിന്റെ ജീവിതം എനിക്ക് നൽകിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കൾ വളർന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വർഗത്തിൽ അവർ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കർത്താവിന്റെ പീഡനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാൽ ഗ്രഹാമിന്റെ ഘാതകനോട് ഞാൻ ക്ഷമിക്കുന്നു.''

തന്റെ മകൾ എസ്‌തേറിന്റെ പഠനവുമായി ബന്ധപ്പെട്ടാണ് ഗ്ലാഡിസ് ജന്മനാടായ ഓസ്‌ത്രേലിയയിലേക്ക് തിരിച്ചത്. അവർ മടങ്ങിപ്പോയപ്പോൾ ബാരിപ്പാഡയിലെ കുഷ്ഠരോഗികൾ പൊട്ടിക്കരഞ്ഞു. മാത്രമല്ല ഇന്ത്യയിൽ അവരെ സ്‌നേഹിച്ച എല്ലാവരും ദു:ഖിച്ചു, മടങ്ങിവരണം എന്ന സ്‌നേഹത്തോടെയുള്ള ആവശ്യം അവർക്ക് നിഷേധിക്കാനായില്ല. തിരികെ വരുമെന്ന ഉറപ്പോടെതന്നെയാണ് ഗ്ലാഡിസ് മടങ്ങിയത്. 

പിന്നീട് ഇന്ത്യയിലെ പല പ്രമാദമായ കൊലപാതകങ്ങൾ ഉണ്ടായപ്പോഴും, കൊല്ലപ്പെട്ടവരുടെ വിധവകളെയും അവരുടെ ബന്ധുക്കളെയും ആശ്വസിപ്പിച്ച് ഗ്ലാഡിസ്പറയും. ''ക്ഷമിക്കുക... ക്ഷമിക്കാനും സഹിക്കാനും കഴിഞ്ഞില്ലെങ്കിൽ നാമാരും വിശ്വാസികളല്ല; ദൈവമക്കളുമല്ല.'' വചനാധിഷ്ഠിത വാക്കുകളിലൂടെ അവർ ജനങ്ങളോട് സംസാരിച്ചു. അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുക്കുമ്പോൾ അവരുടെ വാക്കുകൾ കേട്ട അമ്മമാരും സ്ത്രീകളും നിറകണ്ണുകളോടെ അവരെ സാകൂതം നോക്കി. ഇങ്ങനെയും മനുഷ്യരോ?  

വളരെ വൈകിമാത്രം പ്രവർത്തിക്കുന്ന ഇന്ത്യൻ നീതിന്യയ സംവിധാനങ്ങളെക്കുറിച്ചോ, കോടതികളെക്കുറിച്ചോ, ജാതിയും മതവും നോക്കി കുറ്റവാളികളെ തീരുമാനിക്കുന്ന ഒഡീസയിലെ പോലീസിനെക്കുറിച്ചോ ഇന്നുവരെയും ഗ്ലാഡിസ് ആരോടും പരാതി പറഞ്ഞിട്ടില്ല. 

ഓസ്‌ത്രേലിയയിലെ സിഡ്‌നിയിൽ നിന്നും പല തവണ സൺഡേ ശാലോമിനോട് സംസാരിച്ചിട്ടുള്ള ഗ്ലാഡിസ്, ഗ്രഹാമിനെ ചുട്ടുകൊന്ന രണ്ട് കുറ്റവാളികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു എന്നറിഞ്ഞിട്ടും തെല്ലും സന്തോഷിക്കുന്നില്ല. പാപികളെ സ്‌നേഹിക്കാനും പാപത്തെ വെറുക്കാനും പഠിപ്പിച്ച ദൈവവചനം ഉൾക്കൊണ്ടു ജീവിച്ച ഗ്ലാഡിസ് ഇന്നും തന്റെ ബോധ്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. ''എന്റെ കർത്താവ് എന്നെ അളവറ്റ് സ്‌നേഹിക്കുന്നതിനാൽ അവിടുന്നു നൽകുന്ന സഹനങ്ങളെ ഞാൻ സ്വീകരിക്കുന്നു, എനിക്കാരെയും വെറുക്കാൻ കഴിയില്ല.'' ഗ്ലാഡിസ് പറയുന്നു.

കടപ്പാട് സണ്‍‌ഡേ ശാലോം 
സണ്‍‌ഡേ ശലോമിൽ Friday, 24 May 2013  വന്ന ലേഖനം