Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Monday, March 25, 2013

അന്ന് വത്തിക്കാനിൽ

''പണിക്കാർ ഉപേക്ഷിച്ച കളഞ്ഞ കല്ല്, മൂലക്കല്ലായിത്തീർന്നു'' എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെയായിരുന്നു, പുതിയ ഫ്രാൻസിസ് മാർപാപ്പായുടെ കാര്യം. വത്തിക്കാനിൽ ആഴ്ചകളോളം തമ്പടിച്ച് നേരിട്ട് കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന ലോകത്തിലെ മുൻനിര മാധ്യമങ്ങളിലൊന്നിലും കർദിനാൾ ജോർജ് മാരിയോ ബെർഗോളിയോയുടെ പേരുണ്ടായിരുന്നില്ല. കാരണം മാധ്യമ ദൃഷ്ടിയിൽ അദ്ദേഹത്തിന് പാപ്പയാകാനുള്ള പ്രായം ഏറിയിരുന്നു.
ഭൂഖണ്ഡങ്ങളുടെയും ചിന്താഗതികളുടെയും വർണത്തിന്റെയും കഴിവിന്റെയും മാനദണ്ഡമുപയോഗിച്ച്, മാധ്യമങ്ങൾ പുതിയ മാർപാപ്പയെക്കുറിച്ച് പ്രവചിച്ചു. കഴിഞ്ഞ രണ്ടു പ്രാവശ്യവും ഇറ്റലിക്കാരനല്ലാത്തതിനാൽ ഇത്തവണ ഒരു ഇറ്റാലിയൻ പാപ്പ എന്ന് ഉറപ്പിച്ചവരുണ്ടായിരുന്നു. എന്നാൽ എല്ലാ മാനുഷിക പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി, ദൈവത്തിന്റെ ഇടപെടൽ മനുഷ്യരുടെ ഇടയിൽ ഉണ്ടെന്ന് ഉറപ്പിച്ച കാര്യമായിരുന്നു ഈ കോൺക്ലേവ്.

വത്തിക്കാൻ സ്‌ക്വയർ നിറഞ്ഞ് കവിഞ്ഞിരുന്നു. എല്ലാ വർണങ്ങളിലുമുള്ള ആളുകൾ, ഒരേ വികാരത്തോടെ പ്രതീക്ഷയോടെ, പുകക്കുഴലിലേക്ക് കണ്ണ് ഉറപ്പിച്ച്, ഹൃദയത്തിൽ പ്രാർത്ഥനയോടെ നിന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. എല്ലാ കൈകളിലും കുട. വിവിധ വർണക്കുടകളായതിനാൽ, അതും ആ മഹാജനസഞ്ചയത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു.

വരാൻ പോകുന്ന വലിയ അനുഗ്രഹത്തിന്റെ നാന്ദിയെന്നോണമായിരുന്നു ആ മഴ. അതിനിടയിൽ അസീസിയിലെ ഫ്രാൻസീസ് പുണ്യവാനെ സ്മരിപ്പിക്കുന്ന ഒരാൾ. അയാൾ ചാക്ക് വസ്ത്രം ധരിച്ച് ആ മഴയിൽ മുട്ടുകുത്തി ജപമാലയർപ്പിക്കുന്നു. പെരുമഴയിൽ അയാളുടെ നിലവിളി ആകാശങ്ങളെ ഭേദിച്ചിട്ടുണ്ടാകണം. ഏതാനും നിമിഷങ്ങൾക്കകം പ്രഖ്യാപനം വന്നു.'' ഫ്രാൻസീസ് പുതിയ പാപ്പാ..''

സ്വന്തം താമസസ്ഥലങ്ങളിലിരുന്ന്, ടി.വിയിലും കമ്പ്യൂട്ടറിലും വത്തിക്കാനിലെ സംഭവവികാസങ്ങൾ ഏറ്റവും നന്നായി കാണാമെന്നിരിക്കെ, വന്നെത്തിയ ജനത്തിന്റെ അതിരില്ലാത്ത വിശ്വാസം അതിശയിപ്പിക്കുന്നതായിരുന്നു. മഴയിൽ കുതിർന്ന് ഒരു പറ്റം ചെറുപ്പക്കാർ കുരിശും ചുമന്ന് വത്തിക്കാൻ തെരുവിലൂടെ നീങ്ങുന്ന കാഴ്ച അനേകരുടെ ഹൃദയത്തെ കുളിർപ്പിച്ചു. ഉയരങ്ങളിലേക്ക് ആ ദിവസങ്ങളിൽ ഉയർന്ന് പൊന്തിയ ജപമണികൾക്ക് എണ്ണമില്ല. 

വത്തിക്കാൻ റിപ്പോർട്ടിങ്ങിൽ, യാതൊരുവിധ മാന്യതയും പുലർത്താത്ത ലോകമാധ്യമ ശ്രദ്ധയിലേക്ക് എലിസബത്ത് ലീവ് എന്ന പത്ര പ്രവർത്തക എഴുതി, ''വത്തിക്കാൻ റിപ്പോർട്ടിംഗിന്റെ പത്ത് കൽപനകൾ'' എന്ന പേരിൽ.  ''അൽക്വയ്ദയ്ക്ക് നൽകുന്ന മാന്യതപോലും നിങ്ങൾ വത്തിക്കാനെയും പുതിയ മാർപാപ്പ തെരഞ്ഞെടുപ്പിനെയും കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ നൽകുന്നില്ല'' എന്ന്. സത്യമായിരുന്നു അവരുടെ വാക്കുകൾ.

തെരഞ്ഞെടുപ്പിന്റെ ആദ്യദിനത്തിന്റെ അന്ത്യം. കറുത്ത പുകയോ വെളുത്ത പുകയോ എന്നറിയാൻ, അരിച്ചുകയറുന്ന തണുപ്പിനെയും പൊടിയുന്ന മഴയെയും അവഗണിച്ചു നിന്നവരുടെ മുമ്പിലേക്ക് കറുത്ത പുകയെത്തി. അളവിൽ ഏറെയുണ്ടായിരുന്നു പുക. അപ്പോൾ ഒരു മാധ്യമപ്രവർത്തകന്റെ കമന്റ്, ''ഇനിയിപ്പോ സിസ്‌റ്റെൻ ചാപ്പലിനെങ്ങാനും തീ പിടിച്ചുവോ? എവിടുന്നാ ഇത്ര പുക.'' എന്നാൽ ആരും  ആ തമാശയിൽ പങ്കു ചേർന്നില്ല. അപ്പോൾ അടുത്തു നിന്നിരുന്ന ആളിന്റെ തിരുത്ത്. ''അരുത്, വിശ്വാസകാര്യങ്ങളെക്കുറിച്ച് ഫലിതം പറയരുത്.''

പിന്നെ ഒരിക്കൽക്കൂടി  കറുത്ത പുക ഉയർന്നപ്പോൾ പലരുടെയും മുഖം കരിപോലെ ഇരുണ്ടു. ''ദൈവമേ ഇന്ന് വൈകിട്ടെങ്കിലും പുതിയ പാപ്പയെ തരണേ.'' ഒരാൾ ഉറക്കെ കരഞ്ഞ് പ്രാർത്ഥിച്ചു. അമേരിക്കയിൽനിന്നുള്ള ടൂറിസ്റ്റാണ്. നാട്ടിലേക്ക് തിരികെ മടങ്ങാനുളള സമയം വൈകിയിരിക്കുന്നുവെന്ന ഓർമ്മ അയാളെ വേദനിപ്പിക്കുന്നു.  

പുകക്കുഴലിൽ വെളുത്ത പുക ഉയരുംമുമ്പ് ഒരു കടൽക്കാക്ക വന്നിരുന്നു. ആളുകളുടെ കൂട്ട ആരവം. ക്യാമറ അവിടേക്ക് ഫോക്കസ് ചെയ്ത് ചിലർ പറഞ്ഞു, അത് ദൈവിക സാന്നിധ്യത്തിന്റെ പ്രതീകമെന്ന്. ആൾക്കാരുടെ ശ്രദ്ധ തന്നിലേക്ക് കേന്ദ്രീകരിച്ച് ആ കടൽക്കാക്ക, ഏതാണ്ട് 25 മിനിട്ട് ആ പുകക്കുഴലിൽ ഇരുന്നു. എന്തായാലും സുന്ദരമായ കാഴ്ച.

ഏഴുമണിയോടെ മഴയുടെ ശക്തി കുറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുകളിൽ ഒരാൾ അനുഗ്രഹിച്ചു നിൽക്കുന്ന രൂപത്തിൽ മേഘപാളി, ദൃശ്യമായി. ജനം ആർത്തുവിളിച്ച് ഉറക്കെ പ്രാർത്ഥിക്കാൻ തുടങ്ങി. ദൈവകരം ആകാശത്ത് ദൃശ്യമായെന്ന് പലരും രഹസ്യമായും പരസ്യമായും പറഞ്ഞു. അതിന്റെ ഫോട്ടോ, സോഷ്യൽ നെറ്റ് വർക്കുകളിൽ പെട്ടെന്ന് പ്രചരിച്ചു. ദൈവത്തിന്റെ പ്രതീക്ഷിക്കാത്ത സാന്നിധ്യം എന്ന് ചിലർ വിധിയെഴുതി.

പിന്നീടാണ് ഏറ്റവും പ്രതീക്ഷാനിർഭരമായ കാഴ്ച. അതാ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയരുന്നു. പതിനായിരക്കണക്കിനാളുകൾ ആഹ്ലാദത്താൽ ആർപ്പുവിളിച്ചു, 'വിവാ ഇൽ പാപ്പാ'. ആഹ്ലാദം അണപൊട്ടിയൊഴുകിയ നിമിഷങ്ങൾ. വാക്കുകൾക്ക് വർണനാതീതമാണ് ഈ നിമിഷങ്ങൾ.

പേപ്പൽ ഗാർഡ്‌സിന്റെ മാർച്ച്പാസ്റ്റ്. അവർ സെന്റ് പീറ്റേഴസ് സ്‌ക്വയറിന് മുമ്പിലായി വന്നു നിന്നു. നയനമനോഹരമായ കാഴ്ച. ഇതുകണ്ട് ഒരാൾ അലറി, ''ലോകം മുഴുവൻ കാണട്ടെ, കത്തോലിക്കാ സഭയുടെ ഈ അപൂർവ്വ സൗന്ദര്യം. ലോകം മുഴുവൻ അറിയട്ടെ, സഭയുടെ ശക്തി.''

വെളുത്ത പുക ഉയർന്ന് ഏതാണ്ട് 50 മിനിറ്റുകൾക്കുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെ വിളക്കുകൾ തെളിഞ്ഞു. ആളുകളുടെ ആരവം. പ്രഭാതം മുതൽ വത്തിക്കാൻ ചത്വരത്തിൽ മഴ നനഞ്ഞ് നിന്നവരുടെ മുഖം വിളക്ക് പോലെ പ്രശോഭിതമായി. വാതിലുകൾ തുറക്കപ്പെടുകയായി. മാർപാപ്പാ തെരഞ്ഞെടുപ്പിന്റെ അറിയിപ്പ്, വത്തിക്കാൻ സ്‌ക്വയറിലും ലോകം മുഴുവനിലും പ്രതിഫലിക്കുന്നു. ''ജോർജ് മാരിയോ ബർഗോളിയോ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫ്രാൻസിസ് എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നു.'' 

അൽപസമയത്തേക്ക് വത്തിക്കാൻ നിശ്ചലമായി. ജനക്കൂട്ടത്തിന് ആരാണ് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മനസിലായില്ല. തങ്ങൾ പ്രതീക്ഷിച്ചുവന്ന, മാധ്യമങ്ങൾ പ്രവചിച്ച, തങ്ങൾക്ക് അറിയാവുന്ന ആരും അല്ല. പുതിയ മാർപാപ്പയുടെ നാമം അറിയിച്ച് കർദിനാൾ, മടങ്ങിപ്പോയി, വാതിലുകൾ പിന്നെയും അടഞ്ഞു. ജനം സംസാരമായി ആരാണ് പാപ്പ? പേര് അറിയിച്ചെങ്കിലും ആർക്കും പരിചയം ഇല്ല. ഓരോരുത്തരും ഓരോരോ ഊഹങ്ങൾ പറഞ്ഞു. ആകെയൊരു ആകാംക്ഷ. 

വീണ്ടും ഏതാനും മിനിറ്റുകൾ കഴിഞ്ഞ്, സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ മട്ടുപ്പാവിലെ വാതിലുകൾ പിന്നെയും തുറന്നു. അതാ പുതിയ പാപ്പ! വെള്ളവസ്ത്രം അണിഞ്ഞ് ചൈതന്യം നിറഞ്ഞ ഒരാൾ! ആളുകൾ എന്താണ് ഈ പാപ്പയുടെ പേരെന്നറിയാതെ നോക്കിനിൽക്കുന്നു. പാപ്പയും ഒരു നിമിഷം വിശ്വാസസമൂഹത്തെ നോക്കുന്നു. അല്പം പരിഭവം മുഖത്തുള്ളതുപോലെ. പിന്നെ, ഇറ്റാലിയനിൽ ആരംഭിച്ചു, ''ഫ്രത്തോലി, ഏ സൊരേല്ലേ, ബോണാ സേരാ.'' (സഹോദരീ സഹോദരന്മാരേ, നല്ല സായാഹ്നം!). വിശ്വാസസമൂഹം കേൾക്കാൻ കൊതിച്ച വാക്കുകൾ! ജനം ആർപ്പുവിളിച്ചു. അവർ പുതിയ പാപ്പയെ, തങ്ങളുടെ ആത്മീയ പിതാവിനെ സസന്തോഷം ഹൃദയത്തിലേക്ക് സ്വീകരിക്കുന്നു.

''നിങ്ങൾ ഒരു നിമിഷം എനിക്കുവേണ്ടി പ്രാർത്ഥിക്കണം'' എന്നു പറഞ്ഞ് തല കുനിച്ച് പുതിയ പാപ്പ നിന്നപ്പോൾ വിശ്വാസസമൂഹം അമ്പരന്നു, ആദ്യമായാണ് ഒരു പാപ്പ ജനത്തോട് അങ്ങനെ പറയുന്നത്. പിന്നെ നിശബ്ദനായിരുന്നു. പതിനായിരക്കണക്കിനാളുകൾ നിശബ്ദമായി നിന്ന് പുതിയ പാപ്പയ്ക്കായി ഹൃദയമുരുകി പ്രാർത്ഥിച്ചിട്ടുണ്ടാകും. 

പുതിയൊരു യുഗത്തിന്റെ തുടക്കമായി. പതുക്കെപ്പതുക്കെ, ആളുകൾ അറിഞ്ഞുതുടങ്ങി, പറഞ്ഞുതുടങ്ങി, ആദ്യത്തെ അർജന്റീനക്കാരൻ പാപ്പയെക്കുറിച്ച്, ആദ്യത്തെ ഈശോസഭാക്കാരൻ പാപ്പയെക്കുറിച്ച്...

ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും മടങ്ങുമ്പോൾ  വത്തിക്കാൻ സ്‌ക്വയറിൽ അഞ്ച് അർജന്റീനൻ യുവവൈദികരും ഏതാനും വിശ്വാസികളും നൃത്തച്ചുവടുകളോടെ പുതിയ പാപ്പയ്ക്ക് സ്പാനിഷ് ഭാഷയിൽ ജയ് വിളിക്കുന്നുണ്ടായിരുന്നു.
Written by  വത്തിക്കാൻ സിറ്റിയിൽ നിന്ന് ജി. കടൂപ്പാറയിൽ


No comments:

Post a Comment