അമേരിക്കയിലെ എണ്ണം പറഞ്ഞ സർവകലാശാലയാണ് ഹാർവാർഡ്; ശാസ്ത്രഗവേഷണങ്ങളിൽ അവസാന വാക്ക്. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ അസോസിയേറ്റ് പ്രഫസറാണ് ഡോ. എബൻ അലക്‌സാണ്ടർ. ലോകത്തെ തന്നെ പ്രമുഖ തലച്ചോർ വിദഗ്ധരിൽ ഒരാൾ. ന്യൂറോ സർജനായ പിതാവിന്റെ ന്യൂറോ സർജനായ പുത്രൻ.
മരണശേഷം ഒരു ജീവിതമുണ്ടെന്നു സാക്ഷ്യം നൽകുകയാണ് ഈ ലോകോത്തര ശാസ്ത്രജ്ഞൻ. ''സ്വർഗത്തിന്റെ തെളിവ്'' എന്ന പുസ്തകം കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ വിറ്റഴിയപ്പെട്ടത് ദശലക്ഷക്കണക്കിന് കോപ്പികൾ. 'പ്രൂഫ് ഓഫ് ഹെവൻ' ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ.
പതിനഞ്ചുലക്ഷം കോപ്പികൾ അച്ചടിച്ചിരുന്നു 'ന്യൂസ്‌വീക്ക്' വാരികയുടെ 2012 ഒക്‌ടോബർ 15 ലക്കത്തിന്റെ കവർ സ്റ്റോറി പലരെയും അത്ഭുതപ്പെടുത്തി: 'ഹെവൻ ഈസ് റിയൽ' എന്നായിരുന്നു ആ തലവാചകം!
സെക്കുലർ മൂല്യങ്ങൾ മാത്രം വിളിച്ചു പറഞ്ഞിരുന്ന ന്യൂസ്‌വീക്കിന് ഇതെന്തുപറ്റി? 'സ്വർഗം യാഥാർത്ഥ്യമാണ്' എന്നു സമ്മതിക്കാൻ മാത്രം എന്തുണ്ടായി?
അത്ഭുതത്തോടെ വാരിക കൈയിലെടുത്തപ്പോൾ വീണ്ടും അമ്പരപ്പ്: 'സ്വർഗം യാഥാർത്ഥ്യമാണ്- മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്' ഇതായിരുന്നു ന്യൂസ്‌വീക്ക് ലേഖനത്തിന്റെ തലവാചകം.
ഇതാദ്യമായല്ല, മരണാനന്തര ജീവിതാനുഭവങ്ങൾ പുസ്തകശാലകളിൽ ഇടംപിടിക്കുന്നത്; അമേരിക്കയിൽതന്നെ ഡസൻകണക്കിന് പുസ്തകങ്ങളുണ്ട് ഈ ഗണത്തിൽ. എന്നാൽ, ഈ പുസ്തകം അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തം.
ക്രിസ്ത്യാനികളെ വധിക്കാൻ യാത്ര തിരിച്ച വേദപുസ്തകത്തിലെ സാവൂൾ അപ്പസ്‌തോലനായി മാറിയതുപോലൊരു വിചിത്രാനുഭവമാണ് ഡോ. എബൻ അലക്‌സാണ്ടർ എഴുതിയ 'പ്രൂഫ് ഓഫ് ഹെവൻ' എന്ന പുസ്തകം. മരണം, മരണമുഖത്തുനിന്നു മടങ്ങിയെത്തുന്നവരുടെ കഥകൾ നിറംപിടിപ്പിച്ച ഭാവനകളാണെന്നു നിസംശയം പ്രഖ്യാപിച്ച വ്യക്തിയായിരുന്നു ഡോ. എബൻ അലക്‌സാണ്ടർ!
താൻ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആശുപത്രിയിലൊരു റൂമിൽ ജീവഛവമായി 'കോമ'യിൽ കഴിഞ്ഞ ഏഴു ദിവസങ്ങൾ! ആ ദിനരാത്രങ്ങളിൽ ഡോ. എബൻ അലക്‌സാണ്ടർ എന്ന ന്യൂറോ സർജൻ ഒരു യാത്ര പോവുകയായിരുന്നു. ഓർമകളുടെ അവസാനത്തെ നാഡീബന്ധവും വിട്ട് അചേതനമായൊരു ഭ്രമാത്മക ലോകത്തിലൂടെ ഒരു യാത്ര. ആകാശനീലിമയും കടന്ന്, ഒടുവിൽ അത്യന്തം ആനന്ദദായകമായൊരിടത്തു ചെന്നെത്തുന്ന യാത്ര! ചിത്രശലഭങ്ങളുടെ താഴ്‌വരകൾക്കു മുകളിൽ സാന്ദ്രസംഗീതമൊഴുകുന്ന ഒരു തലമായിരുന്നു അത്!
ഈ രാത്രി നിന്റെ ജീവൻ...
2008 നവംബർ 10. പുലർച്ചെ നാലരമണി. അസാധാരണമായ വിധം ഞെട്ടിയുണരുകയായിരുന്നു ഡോ. എബൻ. ഇതു പതിവില്ലാത്തതാണ്. കാരണം, പുലർച്ചെ അഞ്ചരയ്ക്ക് ഉറക്കമുണരുന്നതാണ് പതിവായുള്ള ചിട്ട. വർഷങ്ങളായി അതിനൊരു വ്യത്യാസവുമില്ല.
തലേന്ന് ഞായറാഴ്ചയായിരുന്നു. വെർജീനിയയിലെ വേനൽക്കാലം സുഖകരമാണ്. വീടുകളുടെ പിൻഭാഗത്തുള്ള ചെറുതോട്ടങ്ങളിൽ പലപ്പോഴും 'ബാർബി ക്യൂ' അടുപ്പുകൾ പുക പടർത്തുന്ന സമയം. തിന്നും കുടിച്ചും സായന്തനം ചിലവിടാൻ എല്ലാവർക്കും താൽപര്യം.
അത്തരത്തിലൊരു ബാർബി ക്യൂ പാർട്ടിയുണ്ടായിരുന്നു ഡോക്ടറുടെ അയൽപക്കത്ത്. തണുത്ത പാനീയങ്ങൾ കുടിച്ചതുകൊണ്ടാവാം ചെറിയൊരു ജലദോഷം ആക്രമിച്ചു തുടങ്ങിയിരുന്നു. ചെറിയ ചെറിയ രോഗങ്ങൾക്ക് ചികിത്സ പാടില്ലെന്ന പക്ഷക്കാരനാണ് ഡോക്ടർ. താനേ മാറുന്നവയാണ് പല അസുഖങ്ങളും. രോഗി അതിനെ സങ്കീർണമാക്കുന്നതാണ് കുഴപ്പം.
ആ തിങ്കളാഴ്ച ഡോ. ഏബൻ അലക്‌സാണ്ടറുടെ ജീവിതം പാടെ മാറി. കിടക്കയിൽ തിരിഞ്ഞുകിടന്ന് വീണ്ടുമൊരു മയക്കത്തിന് ശ്രമിച്ചു ഡോക്ടർ. പക്ഷേ, നട്ടെല്ലിലെവിടെയോ അതിശക്തമായ വേദന. തലേന്നു മുതൽ പിന്നാലെ കൂടിയിരിക്കുന്ന ഫഌ വൈറസിന്റെയാവണം. ഇളംചൂടുവെള്ളത്തിൽ ബാത്ടബിൽ കുറച്ചുനേരം കിടന്നാൽ തീരാവുന്നതേയുള്ളൂ വേദന. സ്വയം സമാധാനിച്ചു അദ്ദേഹം.
ബാത്ടബിൽ കിടന്ന് ടാപ്പുകൾ മെല്ലെ തുറന്നു. തണുപ്പും ചൂടുമുള്ള വെള്ളം രണ്ടു ടാപ്പുകളിൽ നിന്നായി ടബിൽ ഒഴുകിപ്പരന്നു. നട്ടെല്ലിനുള്ളിലെ വേദനയ്ക്ക് കുറവില്ല. മാത്രമല്ല, അതു കൂടുന്നില്ലേയെന്നൊരു സംശയം. ബാത്ടബിൽ പാതിയോളം വെള്ളം നിറഞ്ഞപ്പോഴാണ് ഡോ. ഏബന് ഒരു കാര്യം ബോധ്യമായത്; പരസഹായമില്ലാതെ എഴുന്നേൽക്കാൻ തനിക്കു കഴിയുന്നില്ലെങ്കിൽ അടച്ചിട്ടിരിക്കുന്ന കുളിമുറിയിൽ കിടന്നു വിളിച്ചുകൂവിയാലും ആരും കേൾക്കണമെന്നില്ല.
മെല്ലെ, കരംകുത്തി എഴുന്നേൽക്കാനാഞ്ഞു അദ്ദേഹം. അൽപ്പനേരത്തെ ശ്രമഫലമായി എഴുന്നേറ്റു നിൽക്കാമെന്നായി. വളരെ പതിയെ ഓരോ ചുവടുംവച്ച് എങ്ങനെയോ ബെഡ്‌റൂമിലെത്തി. കിടക്കയിലേക്ക് വീഴുകയായിരുന്നുവെന്നുവേണം പറയാൻ. ഭാര്യ ഹോളി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
''എന്തുപറ്റി? സമയമെന്തായി?'' അവർ തിരക്കി.
''എനിക്കറിയില്ല, എനിക്കു ശക്തമായ പുറംവേദന.''
ഹോളി ഭർത്താവിന്റെ പുറം തടവിക്കൊടുത്തു. ശക്തമായ വേദന കടിച്ചമർത്തി കുറെനേരം കിടന്നു ഡോക്ടർ. രാവിലെ ആറരയ്ക്ക് ഓഫിസിലേക്കു തിരിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. നേരമേറെ കഴിഞ്ഞിട്ടും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാവാതെ വേദനയാൽ പുളയുകയായിരുന്നു അദ്ദേഹം.
ഇളയ മകനെ സ്‌കൂൾബസിൽ കയറ്റിവിട്ട് ഹോളി മടങ്ങിയെത്തുമ്പോഴും കിടക്കയിൽ തന്നെയാണ് എബൻ. മുറിയിലെ ലൈറ്റ് ഓൺ ചെയ്ത് ഭർത്താവിനെ നോക്കി അവൾ. നിശ്ചലമായി കിടക്കുകയാണ് അദ്ദേഹം അപ്പോഴും.
അടുത്തെത്തി കുലുക്കി വിളിച്ചു ഹോളി. ഒരു ഞടുക്കം അവളെ ബാധിച്ചു. അബോധാവസ്ഥയിലാണ് എബൻ. 55-ാം വയസിലും അരോഗദൃഢഗാത്രനായിരുന്നു അദ്ദേഹം. 19 വയസുള്ള മൂത്ത മകന്റെയൊപ്പം പർവതാരോഹണത്തിനു പോകുന്ന പിതാവ്.
ഒരു നിലവിളി ഹോളിയുടെ തൊണ്ടയിൽ തങ്ങിനിന്നു. ഉടനടി എമർജൻസി ആംബുലൻസിന് ഫോൺ ചെയ്തു അവൾ. പത്തുമിനിറ്റ്. ഡോ. എബൻ ജോലി ചെയ്യുന്ന വിർജീനിയയിലെ ലിഞ്ച്ബർഗ് ആശുപത്രിയിൽനിന്ന് അലറിക്കിതച്ചുവന്നു ആംബുലൻസ്. നിശ്ചലമായ ഡോക്ടറുടെ ശരീരം ആംബുലൻസിലേക്ക്.
ശരീരം വെറും തൃണം മാത്രം...
ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റലിലെ എമർജൻസി റൂം. തിങ്കളാഴ്ച രാവിലെ സജീവമായിരിക്കും അവിടം.
ഡോ. ലോറ പോട്ടർ എന്ന ഫിസിഷ്യനാണ് അന്ന് എമർജൻസി റൂമിൽ. സ്‌ട്രെക്ചറിൽ ആംബുലൻസ് ജീവനക്കാർ കൊണ്ടുവരുന്ന രോഗി ഡോ. എബൻ അലക്‌സാണ്ടറായിരിക്കുമെന്ന വിദൂരമായൊരു ധാരണപോലുമുണ്ടായിരുന്നില്ല ഡോ. ലോറയ്ക്ക്.
രോഗിയുടെ മുഖത്തേക്കു നോക്കിയ ഡോ. ലോറ വിളിച്ചുകൂവി.
''ഇതു നമ്മുടെ ഡോക്ടർ എബൻ അലക്‌സാണ്ടറാണ്.''
വാർത്ത ആശുപത്രിയിലുടനീളം പ്രചരിക്കാൻ വേണ്ടിവന്നത് നിമിഷങ്ങൾ മാത്രം. അതിപ്രഗത്ഭരായ ഡോക്ടർമാർ, മികവുറ്റ നഴ്‌സിംഗ് സ്റ്റാഫ്. അത്യാധുനീകസംവിധാനങ്ങൾ. എങ്കിലും വൈദ്യശാസ്ത്രം നിസഹായമായി നിൽക്കുന്ന ചില നിമിഷങ്ങളുണ്ട്; അത്തരത്തിലൊരു നിമിഷമായിരുന്നു അപ്പോൾ ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റൽ.
പരിണിതപ്രജ്ഞമായ അനേകം ഡോക്ടർമാരുടെ നടുവിൽ വെള്ള വിരിയിൽ നിശ്ചലം നീണ്ടുനിവർന്നു കിടക്കുകയാണ് ഡോ. എബൻ അലക്‌സാണ്ടർ. അതിപ്രഗത്ഭനായ ന്യൂറോ സർജൻ. ശ്വാസോഛ്വാസം മന്ദഗതിയിൽ. വെന്റിലേറ്ററിലേക്കു നീക്കാൻ മിനിറ്റുകൾക്കുള്ളിൽ തീരുമാനിച്ചു സഹപ്രവർത്തകർ.
ശരീരം ആത്മാവിന്റെ കൂടാരം മാത്രമാണെന്നു കരുതുന്നവരായി ഒരാൾപോലുമുണ്ടായിരുന്നില്ല അവർക്കിടയിൽ. ശരീരമെന്ന യന്ത്രം എങ്ങനെ വീണ്ടും പ്രവർത്തിപ്പിക്കാമെന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ, ആ ശരീരത്തിനകത്തുനിന്നും ആത്മാവ് യാത്രയാരംഭിച്ച കാര്യം അറിഞ്ഞിരുന്നില്ല സഹഡോക്ടർമാർ.
മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെ...
''ഇരുട്ട്. എങ്കിലും കാഴ്ചയ്ക്കു തടസമുണ്ടായിരുന്നില്ല. ചെളിനിറഞ്ഞ ഒരു കുഴിയിൽ മുങ്ങിത്താണിട്ടും കാണാൻ കഴിയുന്നതുപോലെ. ശ്വാസം മുട്ടിക്കുന്ന ഒരുതരം ചതുപ്പിൽ ആഴ്ന്നതുപോലെ. ഓർമയുണ്ട്. എന്നാൽ, ഭൂതകാലത്തെക്കുറിച്ചൊന്നും എനിക്കറിയില്ല. ഞാനാരാണെന്നോ, എന്താണെന്നോ അറിയില്ല''- ഡോക്ടർ ആ അനുഭവങ്ങൾ കുറിച്ചുവച്ചത് ഇങ്ങനെ.
ഭൂമിയുടെയുള്ളിൽ ഒരു മണ്ണിരയുടെ ജീവിതംപോലെയായിരുന്നു അതെന്നു ഡോക്ടർ ഓർമിക്കുന്നു; കാണാം, ശ്വസിക്കാം, അറിയാം.
''ദൂരെയെവിടെനിന്നോ അസ്വസ്ഥതപ്പെടുത്തുന്ന ചില ശബ്ദകോലാഹലങ്ങൾ. യാന്ത്രികമായ ചില ഒച്ചയനക്കങ്ങൾ. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ കൂട്ടിയിടിക്കുന്നതുപോലുള്ള ശബ്ദങ്ങൾ'' ഓർമകളിൽ അസ്വസ്ഥത.
''എത്ര നാളായി ഞാനിവിടെയുണ്ടെന്ന് എനിക്കറിയില്ല. സമയം നിശ്ചലമായൊരിടത്തു ചെന്നതുപോലെ. ഒരു മനുഷ്യനേ ആയിരുന്നില്ല അവിടെ ഞാൻ. മൃഗവുമായിരുന്നില്ല. അതിനെല്ലാം താഴെയായി എന്തോ ആയിരുന്നു ഞാൻ. കാലാതീതമായൊരു ചുവന്ന കടലിനുള്ളിൽ പെട്ടുപോയ ബോധത്തിന്റെ ചെറുതരി ആയിരുന്നു ഞാൻ.''
''പിന്നെപ്പിന്നെ എനിക്കു മനസിലായി. ഞാനീ 'ഭൂഗർഭ' ലോകത്തിന്റെ ഭാഗമല്ല. ഞാനിവിടെ അകപ്പെട്ടുപോയിരിക്കുകയാണ്. എന്നെ പൊതിഞ്ഞിരിക്കുന്ന ജൈവവസ്തുവിൽ നിന്ന് മൃഗങ്ങളുടേതുപോലെ ചില മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിലത് ഓരിയിട്ടു കടന്നുപോയി. ഇടയ്ക്കിടെ ചില അലർച്ചകൾ. ചിലപ്പോൾ പേടിപ്പെടുത്തുന്ന തരം മന്ത്രോച്ചാരണങ്ങൾ'' ഡോക്ടർ എഴുതുന്നു.
''ഞാൻ ആ ലോകത്തുകൂടി കടന്നുപോവുകയാണ്. വിചിത്ര ശബ്ദങ്ങളും രൂപങ്ങളും മെല്ലെ കുറഞ്ഞുവരികയാണ്. എനിക്ക് ചുറ്റുമുള്ള തണുത്തുറഞ്ഞ ലോകം മെല്ലെ അകന്നുപോവുന്നു. ഇപ്പോൾ കാണുന്ന മുഖങ്ങൾ അറപ്പുളവാക്കുന്നവയാണ്. പുഴുക്കളെപ്പോലുള്ള രൂപങ്ങൾ പിന്നിലേക്ക് ഓടിപ്പോവുന്നതുപോലെ. ചിലതെന്നെ സ്പർശിച്ചാണു നീങ്ങുന്നത്. അവയുടെ വൃത്തികെട്ട സാന്നിധ്യം എനിക്കറിയാം'' - ഡോ. എബൻ അലക്‌സാണ്ടറുടെ വിവരണം.
''പിന്നെ ഒരു തരം ഗന്ധം. ചോരയും ചലവും കലർന്ന ഗന്ധം. ശർദിയുടെ മനംപിരട്ടുന്ന മണം. മരണത്തിന്റെ ഗന്ധം. എനിക്കിവിടെ നിന്നു പുറത്തു കടന്നേപറ്റൂ. പക്ഷേ, എങ്ങനെ? എവിടേക്ക്?'' - ഡോക്ടർ എബൻ തുറന്നെഴുതുകയാണ്.
ഈ ഭാഗം വായിച്ചപ്പോൾ ഓർമ വന്നത് ജോബിന്റെ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം, ദൈവം ജോബിനോടു ചോദിക്കുകയാണ്:
''മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകൾ നീ കണ്ടിട്ടുണ്ടോ?'' (ജോബ് 38:17).
മരണത്തിന്റെ കവാടമല്ലേ ഇത്? അന്ധകാരത്തിന്റെ ആഴപ്പാടുകളിലേക്കുള്ള വാതിലുകൾ.
ശരീരം ഒന്നിനും ഉപകരിക്കുന്നില്ല...
തലച്ചോറിലെ അതിപ്രധാനമായൊരു ഭാഗമാണ് കോർട്ടെക്‌സ്. ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഭാഗമാണിത്. തലച്ചോറിനെ കീറിമുറിച്ചു ചികിത്സിച്ചിരുന്ന ഡോ. എബൻ അലക്‌സാണ്ടറുടെ രോഗം ഒടുവിൽ കണ്ടെത്തി സഹപ്രവർത്തകരായ ഡോക്ടർമാർ.
തലച്ചോറിലെ കോർട്ടക്‌സ് തിന്നൊടുക്കുകയാണ് മാരകമായ ചില ബാക്ടീരിയകൾ. 'ഇ-കോളി' എന്ന അത്യന്തം മാരകമായ ബാക്ടീരിയകൾ കീഴടക്കിയിരിക്കുകയാണ് വിലയേറിയ ആ തലച്ചോറ്.
ഒരു കോടിയിൽ ഒരാൾക്കുമാത്രം വരാവുന്ന അത്യപൂർവ രോഗമാണിത്. സാധാരണഗതിയിൽ നവജാതശിശുക്കളിലാണ് ഈ രോഗം ഉണ്ടാവുക- 'ഇ-കോളി മെനെഞ്ചൈറ്റിസ്.'
അമേരിക്കയിലെ ന്യൂറോ സർജറി വിദഗ്ധരെയപ്പാടെ അമ്പരപ്പിച്ചിരിക്കുകയാണ് ഡോ. എബൻ അലക്‌സാണ്ടറുടെ രോഗം. 'കോമ'യിൽ നിന്ന് എബൻ മടങ്ങിയെത്താനുള്ള സാധ്യത അങ്ങേയറ്റം വിരളമാണെന്നു പറയാതെ പറഞ്ഞു വിദഗ്ധർ.
ഇനി ഒരത്ഭുതത്തിനു മാത്രമേ തന്റെ ഭർത്താവിനെ രക്ഷിക്കാനാവൂ എന്നു ഹോളിക്കും മനസിലായി. പത്തുവയസുകാരനായ മകൻ ബോണ്ട് മാത്രം ഡാഡി കണ്ണു തുറക്കുന്നതും കാത്തിരിക്കുകയാണ്. 19 വയസുള്ള മകൻ എബൻ 'നാലാമൻ' യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി.
അനാഥനായിരുന്നു എബൻ. നാലുമാസം പ്രായമുള്ളപ്പോൾ ഒരു അനാഥാലയത്തിൽനിന്ന് ഒരു ഡോക്ടറും ഭാര്യയും ദത്തെടുക്കുകയായിരുന്നു അവനെ. അവർ അവനെ നന്നായി പഠിപ്പിച്ചു. ഏറ്റവും മികച്ച അവസരങ്ങളാണവന് ലഭിച്ചത്. എങ്കിലും ഉള്ളിന്റെയുള്ളിലെ അനാഥത്വത്തിന്റെ നൊമ്പരം നിരന്തരമവനെ വേട്ടയാടിയിരുന്നു.
സഹപ്രവർത്തകന്റെ അന്ത്യനിമിഷങ്ങൾക്കാണ് തങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് സമാധാനിച്ചു ലിഞ്ച്ബർഗ് ആശുപത്രിയിലെ സ്റ്റാഫ്. എങ്കിലും ഏറ്റവും മികച്ച പരിചരണങ്ങളൊരുക്കി അവർ.
നീതിപൂർവം ജീവിച്ച ഒരാളായിരുന്നു ഭർത്താവെന്നു ഹോളിക്കു നിശ്ചയം. താനും മക്കളും ദേവാലയത്തിൽ പോവുന്നതിനും പ്രാർത്ഥിക്കുന്നതിനും എതിരല്ല. ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ പള്ളിയിലും പോയിരുന്നു അദ്ദേഹം. എപ്പിസ്‌കോപ്പൽ സഭാംഗമായിരുന്നു ഡോ. എബൻ അലക്‌സാണ്ടർ.
ഒരു നാമമാത്ര ക്രിസ്ത്യാനി എന്നുതന്നെ വിശേഷിപ്പിക്കാനാണ് ഡോക്ടർക്കിഷ്ടം. ബൈബിൾ വായിക്കാനും പഠിക്കാനും താൽപര്യമുണ്ടായിരുന്നില്ല; സമയവും.
അഗാധമായ ശാസ്ത്രീയ ജ്ഞാനമായിരുന്നു എബൻ അലക്‌സാണ്ടറുടെ കൈമുതൽ. മരണത്തോടെ സകലവും അവസാനിക്കുന്നുവെന്നും ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം.
അഗാധത്തിൽനിന്നു ഞാൻ...
''ഇരുട്ടിൽ എന്തോ ഒന്നു പ്രത്യക്ഷപ്പെട്ടു. മെല്ലെ കറങ്ങുന്ന ഒന്ന്. സ്വർണനിറത്തിലുള്ള പ്രകാശരശ്മികൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു അത്. എനിക്ക് ചുറ്റുമുള്ള അന്ധകാരം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. അപ്പോൾ ഞാനൊരു ശബ്ദം കേട്ടു. 'ജീവനുള്ള' ഒരു ശബ്ദം. ജീവിതത്തിലിന്നോളം കേട്ടതിൽവച്ചേറ്റവും ഹൃദ്യമായൊരു ശബ്ദമായിരുന്നു അത്'' - ഡോക്ടർ എഴുതുന്നു.
ആ പ്രകാശത്തിന്റെ ശക്തി കൂടിക്കൂടി വന്നു. സ്വർണം വിതറിയതുപോലെ വെളിച്ചത്തിന്റെ കണികകൾ. പിന്നെക്കണ്ടു, ആ പ്രകാശത്തിന്റ ഒത്ത നടുവിൽ എന്തോ ഒന്ന്. ഞാൻ സൂക്ഷിച്ചുനോക്കി. അതൊരു വാതിലാണ്. കറങ്ങുന്ന പ്രകാശത്തിനു പുറത്തല്ല ഞാനിപ്പോൾ, അതിനുള്ളിലാണ്. ആ നിമിഷംതന്നെ ഞാൻ ഉയർന്നു പൊങ്ങിത്തുടങ്ങി'' - ഡോക്ടറുടെ സാക്ഷ്യം.
തികച്ചും വ്യത്യസ്തമായൊരു ലോകത്തായിരുന്നു ഡോക്ടർ എബൻ അപ്പോൾ. ഇംഗ്ലീഷിലെ സകല വിശേഷണപദങ്ങൾകൊണ്ടും വിവരിക്കാനാവാത്തവിധം സുന്ദരമായൊരിടമായിരുന്നു അതെന്നാണ് എബൻ അലക്‌സാണ്ടറുടെ ഓർമ.
''താഴെ എനിക്ക് നന്നായി കാണാം. ഒരു താഴ്‌വാരം. പച്ച പുതച്ച കുന്നുകൾ, ജീവന്റെ തുടിപ്പുകൾ. അതേ, അതു ഭൂമി തന്നെയാണ്; എന്നാൽ അല്ല താനും.''
''ഞാൻ പറക്കുകയായിരുന്നു; മരങ്ങൾക്കും പുൽമേടുകൾക്കുമൊക്കെ മുകളിലൂടെ. അവിടെയവിടെയായി മനുഷ്യർ. കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന കുട്ടികൾ. ആനന്ദത്തിന്റെ മൂർത്ത തീരം. അവരുടെ വസ്ത്രങ്ങൾ ലളിതവും സുന്ദരവുമായിരുന്നു. അവിശ്വസനീയമായൊരു സ്വപ്‌നലോകം'' ; ഡോക്ടർ എബന്റെ ഓർമകൾക്കുപോലുമുണ്ട് ആർദ്രത.
എത്രനേരം ആകാശത്തു പറന്നുവെന്ന് ഓർമയില്ല അദ്ദേഹത്തിന്. സമയം ഇവിടെ തികച്ചും വ്യത്യസ്തമാണെന്നാണ് ഡോക്ടർ പറയുന്നത്.
''ആ യാത്രയ്ക്കിടയിൽ എനിക്കൊരു കാര്യം മനസിലായി. ഞാൻ ഒറ്റയ്ക്കല്ല, മറ്റൊരാൾകൂടി എന്നോടൊപ്പമുണ്ട്. എന്റെ തൊട്ടടുത്തുതന്നെ ഒരാൾ...''
''കാവൽ മാലാഖമാരേ...''
അതൊരു പെൺകുട്ടിയായിരുന്നു. അഗാധമായ നീലമിഴികളുള്ള ഒരു സുന്ദരി. തവിട്ടും സ്വർണവും കലർന്ന നിറത്തിലുള്ള മുടിയിഴകൾ. അവളാണ് ഡോ. എബൻ അലക്‌സാണ്ടറെ സ്വർഗത്തിലേക്കു നയിച്ചത്; പിന്നീട് ഭൂമിയിലേക്കും.
'ഉപാധികളില്ലാത്ത സ്‌നേഹം' ഈ യാത്രകളിൽ താൻ അനുഭവിച്ചറിഞ്ഞുവെന്നാണദ്ദേഹം പറയുന്നത്. ഡോ. എബൻ അലക്‌സാണ്ടറുടെ പുസ്തകം അമേരിക്കയുടെ മാത്രമല്ല, പടിഞ്ഞാറൻ വിചാരലോകത്താകമാനം ഒരു വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു; ആത്മീയതയിലേക്ക് ഓരോ ആത്മാവിനെയും നയിക്കുന്ന ഒരു 'വിചാരവിപ്ലവം.'
മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്നു പറയുന്ന 'ശരീരത്തിന്റെ തത്വശാസ്ത്രം' പ്രസംഗിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പുസ്തകം. മരണം ഒരു വാതിൽ മാത്രമാണെന്നാണ് ഈ പുസ്തകം നൽകുന്ന സന്ദേശം.
മൂർത്തമായ ഒന്നിൽനിന്ന് അമൂർത്തമായ ഒന്നിലേക്കു തുറക്കുന്ന ഒരു വാതിൽ മാത്രമാണ് മരണം.
കടപ്പാട് സണ്‍ഡേ ശാലോം
Written by ശാന്തിമോൻ ജേക്കബ്
No comments:
Post a Comment