എംപറർ എമ്മാനുവൽ ട്രസ്റ്റിന്റെ പ്രബോധനങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് കത്തോലിക്കാസഭ ഇതിനെ എതിർക്കുന്നത്? തോമസ് മാത്യു, തൃശൂർ
ഇരിങ്ങാലക്കുട അടുത്ത് മൂരിയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എംപറർ എമ്മാനുവൽ ട്രസ്റ്റ് എന്ന പ്രസ്ഥാനം വിശ്വാസമേഖലയിൽ മാത്രമല്ല സാമൂഹിക - കുടുംബ ജീവിതമേഖലകളിലും ഭിന്നതയ്ക്കു കാരണമാകുന്നുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ഇത് ഒരു സഭയോ വിശ്വാസ സമൂഹമോ അല്ല, മറിച്ച് ട്രസ്റ്റ് ആണ്. 'ട്രസ്റ്റ്' എന്ന പദത്തിന് വിഖ്യാതമായ നിഘണ്ടുക്കൾ നൽകുന്ന നിർവ്വചനം ശ്രദ്ധിക്കുക. ''ഗുണഭോക്താക്കളുടെ ഉപയോഗത്തിനായി സ്വന്തം സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം ഏതെങ്കിലുമൊരു വ്യക്തിയെ (Trustee) ചുമതലപ്പെടുത്തുന്ന നൈയാമിക വ്യവസ്ഥയ്ക്കാണ് ട്രസ്റ്റ് എന്നുപറയുന്നത്.'' ഇത്തരം ട്രസ്റ്റുകൾക്ക് സർക്കാരിൽനിന്ന് നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്. എമ്മാനുവൽ എംപററിലുള്ള വിശ്വാസം സാമ്പത്തിക മേഖലയെ ലാക്കാക്കിയാണെന്ന് ഈ പേരുതന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഇവർ കത്തോലിക്കാവിശ്വാസത്തിലെ അടിസ്ഥാന പ്രമാണങ്ങളിൽ പലതും നിഷേധിക്കുന്നവരാണ്. താഴെപ്പറയുന്ന വസ്തുതകളിൽ നിന്നും ഇവ വ്യക്തമാണ്.
1. ത്രിതൈ്വക ദൈവത്തിലെ രണ്ടാമത്തെ ആളും ദൈവത്തിന്റെ ഏകപുത്രനും കന്യകാമറിയത്തിൽ നിന്നു ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നവനും പന്തിയോസ് പീലാത്തോസിന്റെ കാലത്തു കുരിശിൽ മരിച്ചവനുമായ യേശുക്രിസ്തുവാണ് ക്രൈസ്തവവിശ്വാസത്തിന് ആധാരം. യേശുവിലൂടെ കൈവന്ന രക്ഷയാണ് ക്രിസ്തീയ പ്രത്യാശയുടെ ഉറവിടം. എന്നാൽ പിതാവായ ദൈവം ആരംഭിച്ച രക്ഷാപദ്ധതിയിൽ രക്ഷകൻ ഇനിയും വന്നിട്ടില്ല എന്നും കന്യകയിൽനിന്നും ജനിക്കുന്ന എമ്മാനുവൽ എംപററിലൂടെയാണ് രക്ഷകൈവരുന്നതെന്നും ഇവർ പഠിപ്പിക്കുന്നു. അടുത്തകാലത്ത് അത്ഭുത ശിശുവായി എംപറർ ജനിച്ചതായും ഇവർ പഠിപ്പിക്കുന്നു. ദൈവപുത്രനായ ക്രിസ്തുവിനെയും അവിടുന്നു നേടിത്തന്ന രക്ഷയെയും നിഷേധിക്കുന്നു എന്നതാണ് ഇവരുടെ പഠനങ്ങളിലെ ഏറ്റവും നിഷേധാത്മകമായിട്ടുള്ളത്.
2. യേശു നേടിത്തന്ന രക്ഷയെ നിഷേധിക്കുന്നതിനാൽ, തിരുസഭ, കൂദാശകൾ, സഭയുടെ ഹയരാർക്കി എന്നിവയെ ഇവർ നിഷേധിക്കുന്നു. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് വൈദിക വിദ്വേഷം ജനിക്കുന്നതിനുതകുന്ന പഠനങ്ങളും ദൃശ്യങ്ങളും ഇവർ സംലഭ്യമാക്കുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഒരു വശത്ത് കൂദാശകൾക്കെതിരായി പഠിക്കുമ്പോഴും തങ്ങളുടെ വലയിൽ അകപ്പെട്ട രണ്ടു വൈദികരെ ഉപയോഗിച്ചുകൊണ്ട് ഇവരുടെ കൂടാരത്തിൽ കുമ്പസാരവും വിശുദ്ധ കുർബ്ബാനയും പരികർമ്മം ചെയ്തുകൊണ്ട് സാധാരണക്കാരായ വിശ്വാസികളുടെയിടയിൽ തങ്ങൾ കത്തോലിക്കാ ആധ്യാത്മികതയാണ് അനുധാവനം ചെയ്യുന്നത് എന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.
3. പരിശുദ്ധ ത്രിത്വത്തെക്കുറിച്ചും വികലമായ പഠനങ്ങളാണ് ഇവർ നടത്തുന്നത്. പരിശുദ്ധ മറിയത്തെ ത്രിതൈ്വക ദൈവത്തിലെ ആളായി അവതരിപ്പിച്ചുകൊണ്ട് നിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ കൗൺസിലുകൾ പഠിപ്പിച്ച ത്രിതൈ്വക ദൈവവിശ്വാസത്തെ ഇവർ നിഷേധിക്കുന്നു. ഉൽപ 1:25-27; വെളി 12:1-4 എന്നീ വചനഭാഗങ്ങളെ ദുർവ്യാഖ്യാനം ചെയ്താണ് എംപറർ എമ്മാനുവലിനു ജന്മം നൽകുന്ന മറിയത്തെ ദൈവികസത്തയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. ഏറ്റവും അനുഗ്രഹീതയും ഭാഗ്യവതിയുമായ മറിയം ദൈവമാതാവും നിത്യകന്യകയും അമലോത്ഭവവും സ്വർഗ്ഗാരോപിതയുമാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നു. എന്നാൽ മറിയത്തെക്കുറിച്ചുള്ള ഈ നാലു വിശ്വാസസത്യങ്ങളിലും പരിശുദ്ധ അമ്മ ദൈവത്തിന്റെ സൃഷ്ടിയാണെന്നും ദൈവമല്ലെന്നും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിനെ മനസിലാക്കാത്തവർക്ക് മറിയത്തെ ശരിയായി മനസിലാക്കാനാകില്ല എന്ന സത്യത്തിനുള്ള സജീവദൃഷ്ടാന്തമാണ് എംപറർ എമ്മാനുവൽ ട്രസ്റ്റ്.
4. ലോകാവസാനത്തെക്കുറിച്ച് വികലമായ ധാരണകൾ പുലർത്തുന്ന ഇവർ അണികളിൽ അനാവശ്യമായ ഭയം ജനിപ്പിക്കുന്നു. 2010, 2012, 2014, 2020 വർഷങ്ങൾ ലോകാവസാനത്തിന്റെ വർഷങ്ങളായി ഇവർ മാറിമാറി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജ പ്രസ്താവനകളെ ശാസ്ത്രീയ നിഗമനങ്ങളായി അവതരിപ്പിക്കുന്നതിലൂടെ ഒട്ടനവധി വ്യക്തികൾക്കിടയിൽ ഭയവും തെറ്റിദ്ധാരണയും ജനിപ്പിക്കാൻ ഈ പ്രസ്ഥാനം ഇടവരുത്തുന്നുണ്ട്. ബൈബിളിലെ ലോകാവസാന വിവരണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതിൽ ഇവർ പ്രാഗത്ഭ്യം കാട്ടുന്നു. വെളിപാടു സാഹിത്യശൈലിയുടെ പ്രതീകങ്ങളും രൂപകങ്ങളുമുപയോഗിച്ചാണ് സുവിശേഷങ്ങളിൽ ഈശോ ലോകാവസാനത്തെക്കുറിച്ചു പഠിപ്പിക്കുന്നത് (മത്താ 24; മർക്കോ 13; ലൂക്ക 21). ലോകസൃഷ്ടിയെക്കുറിച്ചുള്ള ഉൽപത്തി പുസ്തകത്തിലെ വിവരണം അക്ഷരാർത്ഥത്തിലുള്ള വ്യാഖ്യാനത്തിനുള്ളതല്ലാത്തതുപോലെ ലോകാവസാനത്തെക്കുറിച്ചുള്ള വിവരണങ്ങളും അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കാനുള്ളതല്ല.
ലോകാവസാനത്തിൽ ഭൂമിമുഴുവൻ കത്തിചാമ്പലാകുമെന്ന് 2 പത്രോസ് 3:7-13 ന്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ ഇത് പ്രതീകാത്മക വിവരണമാണ്. ഈ വചനഭാഗത്തെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കരുതെന്ന് 1452 ൽ രണ്ടാം പിയൂസ് പാപ്പ പഠിപ്പിച്ചു. ലോകാവസാനത്തിൽ സംഭവിക്കുന്ന ഭീകരസംഭവങ്ങൾക്കല്ല ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിനാണ് പ്രാധാന്യം കൽപിക്കേണ്ടത് എന്നാണ് സഭയുടെ പഠനം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവോടെ ഈ ലോകം അതിന്റെ ലക്ഷ്യത്തിലെത്തിച്ചേരുന്നു എന്നതാണ് പ്രസക്തമായ വിഷയം. അവൻ എപ്പോൾ വന്നാലും നാം ഒരുക്കമുള്ളവരായി അവനെ സ്വീകരിക്കുക എന്നതാണ് അടിസ്ഥാനപരമായ ആവശ്യം. അതിനാൽ നാം സദാ ജാഗരൂകരായിരിക്കണം'(മർക്കോ 13:37). മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെ സൂചിപ്പിക്കുന്ന പദം 'പരുസിയ' (Parousia) എന്നതാണ്. വെളിപ്പെടുത്തൽ'എന്നാണ് ഈ പദത്തിന്റെ അർത്ഥം. ക്രിസ്തുവിന്റെ മഹത്വം സമ്പൂർണ്ണമായും ഈ ലോകത്തിനു വെളിപ്പെടുത്തുന്ന അവസരമാണിത്. മറ്റൊരു ഭാഷയിൽ ഈ ലോകത്ത് തന്റെ ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി നിരന്തരം പ്രവർത്തിക്കുന്ന ക്രിസ്തുവിന്റെ മഹത്വവും ദൈവരാജ്യത്തിന്റെ പൂർത്തീകരണവും സംഭവിക്കുന്ന സന്ദർഭമാണ് ദ്വിതീയാഗമനം. രക്ഷാകരമായ ഈ പൂർത്തീകരണത്തിനായി സൃഷ്ടപ്രപഞ്ചം ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ് (റോമാ 8:19-22). ഈ സൃഷ്ടപ്രപഞ്ചം ദൈവമഹത്വത്തിന്റെ 'പുതിയ ആകാശവും പുതിയ ഭൂമിയുമായി രൂപാന്തരപ്പെടുന്നു അങ്ങനെ സൃഷ്ടപ്രപഞ്ചം സൃഷ്ടാവു നിശ്ചയിച്ച ലക്ഷ്യത്തിലെത്തിച്ചേരുന്ന അവസ്ഥയാണ് ലോകാവസാനം അഥവാ യുഗാന്തം എന്ന് അർത്ഥമാക്കുന്നത്. ഇതേക്കുറിച്ച് വത്തിക്കാൻ കൗൺസിൽ നടത്തുന്ന പഠനം ശ്രദ്ധാർഹമാണ്: 'ലോകത്തിന്റെയും മനുഷ്യരാശിയുടെയും അന്തിമഘട്ടം നമുക്കജ്ഞാതമാണ്. പ്രപഞ്ച രൂപാന്തരത്തിന്റെ ഭാവിസവിശേഷതകളും നമുക്കറിഞ്ഞുകൂടാ. പാപകലുഷിതമായ ലോകത്തിന്റെ ബീഭത്സരൂപം കടന്നുപോകും. എന്നാൽ നീതി വസിക്കുന്ന പുതിയ വാസസ്ഥലവും പുതിയ ഭൂമിയും നമുക്കായി ദൈവം ഒരുക്കിയിട്ടുണ്ടെന്ന് നമുക്കറിയാം. ആ സൗഭാഗ്യം മനുഷ്യഹൃദയത്തിലുരുവാകുന്ന സമാധാനത്തിനുവേണ്ടിയുള്ള എല്ലാ അഭിലാഷങ്ങളെയും പൂർത്തിയാക്കുകയും അവയെ അതിശയിക്കുകയും ചെയ്യുന്നു. അന്നു ദൈവപുത്രർ മൃത്യുവിനെ ജയിച്ച് ക്രിസ്തുവിലുത്ഥാനം ചെയ്യും. ബലഹീനതയിലും ക്ഷയത്തിലും വിതയ്ക്കപ്പെട്ടവ അക്ഷയത്വത്താൽ അലങ്കരിക്കപ്പെടും. അവിടെ സ്‌നേഹവും അതിന്റെ പ്രവർത്തനങ്ങളും നിലനിൽക്കുകയും ദൈവം മനുഷ്യനുവേണ്ടി സൃഷ്ടിച്ചവയെല്ലാം വ്യർത്ഥതയുടെ ദാസ്യത്തിൽ നിന്നു സ്വതന്ത്രമാവുകയും ചെയ്യും' (സഭ ആധുനികലോകത്തിൽ, 39). ചുരുക്കത്തിൽ തിന്മയായതെല്ലാം അവസാനിപ്പിച്ച് നന്മയുടെ പൂർണ്ണതയായി പ്രപഞ്ചത്തെ ദൈവം രൂപപ്പെടുത്തുന്ന അവസരത്തെയാണ് ലോകാവസാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
5. രാജാവായ എമ്മാനുവലിന്റെ ആഗമനം അത്യാസന്നമാണെന്ന് എമ്മാനുവൽ എംപറർ ട്രസ്റ്റ് പഠിപ്പിക്കുന്നു. കർത്താവിന്റെ പെട്ടെന്നുള്ള ആഗമനത്തെ സൂചിപ്പിക്കുന്ന ചില വചനഭാഗങ്ങൾ പുതിയനിയമത്തിലുണ്ട്: ''കർത്താവു വാതിൽക്കൽ എത്തിയിരിക്കുന്നു'' (യാക്കോബ് 5:9); ''എത്തിക്കഴിഞ്ഞു'' (ഫിലി 4:5;1 പത്രോ 4:7), ''ആഗമനം സമീപസ്ഥമായി'' (ഹെബ്രാ 10:25),'' പെട്ടെന്നു വരുന്നു'' (വെളി 3:11; 22:7) എന്നീ പദപ്രയോഗങ്ങളെല്ലാം തന്നെ കർത്താവിന്റെ ആഗമനത്തിന്റെ ആസന്ന സ്വഭാവം വ്യക്തമാക്കുന്നതാണ്. എന്നാൽ ക്രിസ്തുവിന്റെ പ്രത്യാഗമനം വൈകുന്നത് വിശ്വാസികളെ സന്ദിഗ്ദ്ധാവസ്തയിലാക്കി. ഇതിനുള്ള പരിഹാരമാണ് പുതിയ നിയമഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നത്.
കർത്താവിന്റെ ആഗമനദിനം ദൈവത്തിനുമാത്രമേ അറിയാനാകൂ (മത്താ 24: 42) എന്നും ദൈവത്തിന്റെ സമയക്രമത്തിൽ ആയിരം വർഷം ഒരു ദിനംപോലെ ഹ്രസ്വകാലമായാൽ (2 പത്രോ 3:8) അവിടുന്ന് വൈകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കർത്താവിന്റെ ആഗമനം വൈകുന്നത് സഹനത്തിലൂടെയുളള സഭയുടെ വിശുദ്ധീകരണം പൂർത്തിയാക്കുന്നതിനുവേണ്ടിയാണെന്നും (1 തെസ 2:1-2; 2 തെസ 2;13; പുതിയനിയമഗ്രന്ഥകർത്താക്കൾ വാദിച്ചു. കർത്താവിന്റെ വരവിനുവേണ്ടി ഒരുങ്ങാനുള്ള അവസരമാണ് കാത്തിരിപ്പിന്റെ കാലമെന്നും വിവിധ പുണ്യങ്ങൾ ഈ കാലഘട്ടത്തിൽ അഭ്യസിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. സ്ഥിരത (യാക്കോ 5:8); കാരുണ്യം (5:9); പ്രാർത്ഥനയിലുള്ള ജാഗ്രത (പത്രോ 4:7), വിശ്വസ്തത (ഹെബ്രാ 10:24-25), വിശുദ്ധി (2 പത്രോ 3:11), ക്രിസ്തുവിനുതുല്യമായ ശുദ്ധത (യോഹ 3:2-3) എന്നീ പൂണ്യങ്ങൾ അഭ്യസിക്കാൻ ദൈവം തന്ന അവസരമാണ് ഓരോരുത്തരുടെയും മരണം വരെ ലഭിക്കുന്നത്. സ്വന്തം ജീവിതകാലം മുഴുവൻ മാനസാന്തരത്തിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് യുഗാന്ത്യം വൈകുന്നതിലൂടെ വിശ്വാസിക്കു ലഭിക്കുന്ന നേട്ടം. യുഗാന്ത്യത്തിന്റെ സമയത്തെക്കുറിച്ച് ആശങ്കപ്പെടുകയും ആശങ്കപ്പെടുത്തുകയും ചെയ്യാതെ മേൽപറഞ്ഞ പുണ്യങ്ങൾ അഭ്യസിക്കാൻ ശ്രമിക്കുക എന്നതാണ് വിശുദ്ധ ഗ്രന്ഥം നൽകുന്ന സന്ദേശം.
കർത്താവിന്റെ ആഗമനം എപ്പോഴാണ് എന്നതിന്റെ കൃത്യമായ ഉത്തരം നൽകുന്നത് സഭയുടെ ആരാധനാക്രമമാണ്. മാറാനാത്താ (കർത്താവേ, വരേണമേ) എന്ന പ്രാർത്ഥനയാണ് ഡിഡാക്കയിലെ വിശുദ്ധ കുർബ്ബാന പ്രാർത്ഥനയിൽ (Eucharistic Prayer) ആവർത്തിക്കുന്നത്. (cfr. വെളി 22:21) ഈ പ്രാർത്ഥനക്ക് ഓരോ വിശുദ്ധബലിയിലും സത്യമായും വ്യക്തിപരമായും പൂർണ്ണമായും സന്നിഹിതരായിക്കൊണ്ട് ക്രിസ്തു ഉത്തരം നൽകുന്നു. ഓരോ വിശുദ്ധ ബലിയും ക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ രണ്ടാമത്തെ ആഗമനത്തിന്റെ മൂന്നാസ്വാദനമാണ്. (CCC.1204). കർത്താവിന്റെ ആഗമനം ആഗ്രഹിക്കുന്നവർ അവിടുന്നു നിശ്ചയിക്കുന്ന മഹത്വപൂർണ്ണമായ ആഗമനം വരെ സഭയിലെ പരിശുദ്ധകുർബ്ബാനയിലെ യേശുവിന്റെ നിത്യമായ ആഗമനം അനുഭവിച്ചു ജീവിക്കണം. സഭയെയും സഭയുടെ കൗദാശിക ജീവിതത്തെയും തള്ളിപ്പറയുന്ന വിഭാഗീയ പ്രസ്ഥാനങ്ങൾ ലോകാവസാനത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും അമിതമായ ആകുലതയും ഉത്കണ്ഠയും ജനങ്ങളിൽ ഉളവാക്കുന്നവരാണ്. എമ്മാനുവൽ എംപറർ പ്രസ്ഥാനവും ചെയ്യുന്നത് ഇതുതന്നെയാണ്.
6. എമ്മാനുവൽ എംപററിന്റെ ആഗമനം ഉടനുണ്ടാകും എന്നതിനാൽ സ്വകാര്യ സമ്പത്തും കുടുംബ ജീവിതവുമൊക്കെ ഉപേക്ഷിച്ച് (പ്രസ്ഥാനത്തിന്റെ നേതാക്കളെ ഭരമേൽപ്പിച്ച്) എമ്മാനുവൽ എംപററിന്റെ യുഗത്തിനുവേണ്ടി ഒരുങ്ങണം എന്ന ആഹ്വാനമാണ് ഇതിന്റെ പ്രണേതാക്കൾ നൽകുന്നത്. സ്വകാര്യസ്വത്ത്, കുടുംബജീവിതം, സന്താനോല്പാദനം എന്നീ സാമൂഹിക യാഥാർത്ഥ്യങ്ങൾക്കെതിരായ പഠനം വഴി വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഈ പ്രസ്ഥാനം പ്രതിസന്ധി സൃഷ്ടിക്കുന്നു.
എമ്മാനുവൽ എംപറർ പ്രസ്ഥാനത്തിന്റെ കൂടാരത്തിലെത്തി ധ്യാനം കൂടിയതിന്റെ ഫലമായി തകർന്നുപോയ കുടുംബജീവിതങ്ങളുടെ അനുഭവ കഥകൾ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവം യോജിപ്പിച്ച ബന്ധമായ ദാമ്പത്യബന്ധത്തെ' (മത്താ 19:7) പൊട്ടിച്ചെറിഞ്ഞുകളഞ്ഞ് തങ്ങളോടൊത്തുവരാൻ ആഹ്വാനം ചെയ്യുന്ന ഈ പ്രസ്ഥാനം വിശ്വാസജീവിതത്തിൽ മാത്രമല്ല സാമൂഹിക - കുടുംബസദാചാര മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ കൂടാരത്തിനുചുറ്റും ഒളിക്യാമറകൾ സ്ഥാപിച്ച് സമീപവാസികളുടെപോലും ചലനങ്ങൾ സദാ നിരീക്ഷണ വിധേയമാക്കുന്നതും സമീപത്തെ പഞ്ചായത്തു റോഡിലൂടെ വഴിനടക്കുന്ന ആളുകളെപോലും ചോദ്യംചെയ്യുന്നതും ഇവരുടെ പ്രവർത്തനങ്ങളിലെ സുതാര്യതയില്ലായ്മയെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ ഇടവരുത്തുന്നു.
7. തങ്ങൾ നിർമ്മിച്ചിരിക്കുന്ന കൂടാരത്തിൽ ആദ്യമെത്തുന്ന 1,44,000 പേർ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും മറ്റെല്ലാവരും എമ്മാനുവലിന്റെ ആഗമനത്തിൽ നശിച്ചുപോകും എന്നുമുള്ള ചിന്തയാണ് ഇവർ പ്രചരിപ്പിക്കുന്നത്. വെളി 7:3-4; 14:3-5 എന്നീ വചനഭാഗങ്ങളെ ആധാരമാക്കിയാണ് ഇത്തരം അബദ്ധങ്ങൾ ഇവർ പ്രചരിപ്പിക്കുന്നത്.
ബൈബിളിലെ സെമിറ്റിക് സംഖ്യാശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ വേണം 1,44,000 എന്ന സംഖ്യയെ വിശദീകരിക്കാൻ 12 ഃ 12 ഃ 1000 =1,44,000 എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. 12, 1000 എന്നിവ പൂർണ്ണസംഖ്യകളാണ്. ഇവയുടെ ഗുണിതമാകട്ടെ സമ്പൂർണ്ണതയെ സൂചിപ്പിക്കുന്നു. തന്മൂലം സമസ്ത വിശ്വാസികളെയും (സഭയെ) സൂചിപ്പിക്കുന്ന സംഖ്യയാണ് 1,44,000 എന്നു കരുതാം. ഈ സംഖ്യയെ അക്ഷരാത്ഥത്തിൽ വ്യാഖ്യാനിക്കാനാവില്ലെന്ന് വെളിപാട് വിവരണം തന്നെ സൂചന തരുന്നുണ്ട്. കാരണം, അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ രണ്ടു സമസ്യകൾക്ക് ഉത്തരം കണ്ടെത്താനാവില്ല: (1) ഓരോ യഹൂദ ഗോത്രത്തിൽ നിന്നും 12000 വീതം ആളുകൾ മാത്രമെ രക്ഷപ്പെടുന്നുള്ളു. യഹൂദരല്ലാത്തവർ (എമ്മാനുവൽ എംപറർ വിഭാഗക്കാരുൾപ്പെടെയുള്ളവർ) രക്ഷപ്പെടുകയില്ലെന്നു വ്യാഖ്യാനിക്കേണ്ടിവരും; (2) ഓരോ യഹൂദഗോത്രത്തിൽ നിന്നുമുള്ള പുത്രന്മാർ'(Huioi) മാത്രമേ രക്ഷപ്പെടുകയുള്ളു, സ്ത്രീകളാരും രക്ഷിക്കപ്പെടുകയില്ല എന്നു സമ്മതിക്കേണ്ടിവരും.
1,44,000 ആളുകൾ മാത്രമല്ല സ്വർഗ്ഗത്തിലെത്തുന്നത് എന്നതിന്റെ ഏറ്റവും പ്രകടമായ സാക്ഷ്യം വെളി 7:9-10 ൽ വിവരിക്കുന്ന ആർക്കും എണ്ണിതിട്ടപ്പെടുത്താനാവാത്ത ജനസഞ്ചയത്തിന്റെ വിവരണമാണ.് ലോകത്തിലെ സകല ജനപദങ്ങളിലും ഗോത്രങ്ങളിലും രാജ്യങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും വന്ന ഇവർ വെള്ളയങ്കിയണിഞ്ഞ് കുരുത്തോലയുമായി കുഞ്ഞാടിന്റെ മുന്നിൽ സ്തുതി പാടുന്നതായാണ് ഗ്രന്ഥകാരൻ ചിത്രീകരിക്കുന്നത്. ഇവർ രക്ഷപ്രാപിച്ചവരാണെന്നു വ്യക്തം.
കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രം കഴുകിയിട്ടുള്ളവർ ലോകമാസകലമുള്ള സഭയിലെ വിശ്വാസികളാണെന്ന് (യഹൂദരല്ലാത്ത വിശ്വാസികൾ) വ്യക്തം. ചുരുക്കത്തിൽ 1,44,000 എന്ന സംഖ്യയിലൂടെയും അസംഖ്യംവരുന്ന ജനപദത്തിന്റെ വിവരണത്തിലൂടെയും സഭയെയാണ് യോഹന്നാൻ പ്രതീകവത്കരിക്കുന്നത്. അതിനാൽ ചെറിയ അജഗണമാകാൻ, 1,44,000 ൽ അംഗമാകാൻ എമ്മാനുവൽ എംപററർ പ്രസ്ഥാനത്തിൽ അംഗമാകുകയല്ല വേണ്ടത്. മറിച്ച്, സത്യവിശ്വാസം പാലിച്ച്, ക്രിസ്തു തന്റെ രക്തത്താൽ വീണ്ടെടുത്ത തിരുസഭയിൽ നിലനിൽക്കുകയാണ് വേണ്ടത്.
Written by റവ.ഡോ. ജോസഫ് പാംപ്ലാനി