മാര്‍ അപ്രേം (AD 306-373)
മാര്‍ അപ്രേം മെസൊപ്പൊട്ടേമിയായിലെ നിസിബിസ് പട്ടണത്തിലോ, അതിനടുത്തോ ആണ് ജനിച്ചത്. ബാല്യം മുതല്‍ അദേഹത്തിന്റെ വിശ്വാസപരിശീലനം നിസിബിസിലെ മാര്‍ യാക്കോബിന്റെ (AD 303-338) കീഴിലായിരുന്നു. അദേഹം അപ്രേമിനെ ഡീക്കനാക്കി, നിസിബിസിലെ മതപഠനശാലയില്‍ AD 326-നോടടുത്ത് പ്രധാനാധ്യപകനായി നിയമിച്ചു. ബൈബിള്‍ വ്യാഖ്യാനമായിരുന്നു മുഖ്യജോലി. മാര്‍ യാക്കോബിന്റെ പിന്‍ഗാമികളായ മാര്‍ ബാബോവായ് (AD 338-350), മാര്‍ വൊളൊഗേസ് (AD 350-361),
മാര്‍ അബ്രഹാം(AD 361-?) എന്നീ മെത്രാന്മാരുടെ കീഴിലാണ് മാര്‍ അപ്രേം പ്രവര്‍ത്തിച്ചത്. പേര്‍ഷ്യന്‍ രാജാവായ ഷപ്പൂര്‍ രണ്ടാമന്‍ (AD 309-379), 338,346,350, എന്നീ വര്‍ഷങ്ങളില്‍ നിസിബിസ് ആക്രമിച്ചു. പേര്‍ഷ്യന്‍ സൈന്ന്യം മൂന്നു തവണയും പരാജയപ്പെട്ട് പിന്മാറി. എന്നാല്‍ AD 363-ലെ റോമന്‍ പരാജയത്തിനുശേഷം റോമാക്കാര്‍ പേര്‍ഷ്യാക്കാര്‍ക്ക് നിസിബിസി വിട്ടുകൊടുത്തു. മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികളെല്ലാം തദവസരം എഡേസ്സായിലേക്ക് കുടിയേറി. AD 371/2-ല്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും പിടിപെട്ട് എഡേസ്സയില്‍ അനേകര്‍ മരിച്ചു. അപ്പോള്‍ സേവനസന്നദ്ധനായി മാര്‍ അപ്രേം മുന്നോട്ടിറങ്ങി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ഈ സാമൂഹ്യസേവനം അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തു. AD 373 ജൂണ്‍ 9-ന് അദ്ദേഹം മരിച്ചു.