Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Saturday, June 23, 2012

സ്‌നേഹത്തിന്റെ മുഖങ്ങള്‍


സ്‌നേഹത്തിന്റെ മുഖങ്ങള്‍



ആഴ്ചയുടെ ആദ്യദിവസം മഗ്ദലനാക്കാരി മറിയം യേശുവിന്റെ കല്ലറയുടെ മുമ്പിലെത്തുന്നതായി സുവിശേഷം രേഖപ്പെടുത്തുന്നു. പ്രകാശം വീഴുന്നതിനുമുമ്പ് കല്ലറയ്ക്കലെത്തിയ അവള്‍ കല്ലുരുട്ടി മാറ്റിയിരിക്കുന്നത് കണ്ടു. അവള്‍ ഓടിച്ചെന്ന് പത്രോസിനോടും മറ്റ് ശിഷ്യന്മാരോടും ഇക്കാര്യം പറഞ്ഞു. പത്രോസും യോഹന്നാനും കല്ലറയിങ്കലേക്ക് ഓടി (യോഹ.20:5). മൃതശരീരം പൊതിഞ്ഞ കച്ച ചുരുട്ടിവച്ചിരിക്കുന്നതും അങ്കി മടക്കിവച്ചിരിക്കുന്നതും അവര്‍ കണ്ടു. പക്ഷേ യേശുവിനെ കണ്ടില്ല. അവന്‍ മരിച്ചവരില്‍ നിന്നുയിര്‍ക്കുമെന്ന തിരുവചനം അവര്‍ ഗ്രഹിച്ചിരുന്നില്ല.

സൂര്യനുദിക്കുന്നതിനുമുമ്പ് മഗ്ദലന മറിയം യേശുവിന്റെ ശരീരം തേടി കല്ലറയ്ക്കല്‍ ചെല്ലുന്നു. ഒന്നിനെക്കുറിച്ചും ഭയമില്ലാതെ ഇരുട്ടില്‍ യാത്ര തിരിച്ച അവളെ ഒന്നോര്‍ക്കുക. രാത്രിയുടെ ഭീകര നിശബ്ദതയില്‍ സിമിത്തേരിയിലെത്തുന്ന ഒരു സ്ത്രീ... കാവലിരിക്കുന്ന പട്ടാളക്കാര്‍ അവളെ കൊന്നേക്കാം. യേശുവിന്റെ സ്‌നേഹിതയാണെന്നറിഞ്ഞാല്‍ ജയിലിലടച്ചേക്കാം. സ്‌നേഹത്തിന്റെ ഭ്രാന്ത് തലയ്ക്കു പിടിച്ച അവള്‍ ഓടിനടന്നു പറയുന്നു, അവര്‍ അവന്റെ ശരീരം എടുത്തുകൊണ്ടുപോയി. അവനെ എവിടെവച്ചുവെന്ന് എനിക്കറിഞ്ഞുകൂടാ, പത്രോസിനോടും മാലാഖയോടും തോട്ടക്കാരനെപ്പോലെ കാണപ്പെട്ടവനോടും ഒരു ഭ്രാന്തിയെപ്പോലെ അവള്‍ ഈ വാക്യം പറഞ്ഞുകൊണ്ടിരുന്നു. വിശുദ്ധമായ സ്‌നേഹം അന്വേഷണത്തിലേക്ക് ഒരാളെ ആനയിക്കും. സ്‌നേഹിക്കുന്നവരെ അന്വേഷിക്കുവാന്‍ സ്‌നേഹം നിര്‍ബന്ധിക്കുന്നു. കാല്‍വരിയുടെ മുകളിലേക്ക് അവള്‍ ഓടിക്കയറി. താഴ്‌വരയിലുള്ള നഗരങ്ങളിലേക്ക് ഇറങ്ങിയോടി. വീണ്ടും കാല്‍വരിയിലേക്ക് തിരിച്ചോടി. അന്വേഷണത്തിന്റെ ഹൃദയത്തോടെ അവള്‍ ഓട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. തോട്ടക്കാരന്റെ രൂപത്തില്‍ യേശു അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. നീ എന്തിനു കരയുന്നുവെന്നും നീ എന്തന്വേഷിക്കുന്നുവെന്നും അവന്‍ ചോദിച്ചു. ഇതാണ് ശരിയായ ചോദ്യം. കാരണം, അവള്‍ അന്വേഷിച്ചത് ഒരു മൃതശരീരത്തെയായിരുന്നു. യേശു മൃതശരീരമല്ല പിന്നെയോ ജീവനും പ്രകാശവുമാണ്. അതുകൊണ്ട് അവന്‍ ചോദിക്കുന്നു ആരെയാണ് നീ അന്വേഷിക്കുന്നത്? യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തില്‍ തന്റെ പിന്നാലെ വന്നവരോട് യേശു ചോദിച്ച ചോദ്യം ഇതുതന്നെയായിരുന്നു. ഉത്ഥിതന്‍ ചോദിക്കുന്ന ആദ്യ ചോദ്യവുമിതുതന്നെയാണ്. യോഹന്നാന്റെ സുവിശേഷത്തിന്റെ ആരംഭത്തിലും അന്ത്യത്തിലും ഈ ചോദ്യമുയരുന്നത് നമ്മെ നോക്കിയാണ്. എന്റെ ഭാവനയിലെ തുടുത്ത മുഖമുള്ള യേശുവിനെയല്ല തിരസ്‌കരിക്കപ്പെട്ട, ക്രൂശിക്കപ്പെട്ടവനെ ഞാന്‍ അന്വേഷിക്കണം. സ്‌നേഹപൂര്‍ണമായ അന്വേഷണം ഞാന്‍ തുടര്‍ന്നുകൊണ്ടിരിക്കണം.

സ്‌നേഹം നമ്മെ കരയിപ്പിക്കും. യേശുവിന്റെ കല്ലറയുടെ അടുത്തുനിന്നു കരയുന്ന മഗ്ദലനമറിയത്തെ നാം കാണുന്നു. ലാസറിന്റെ കല്ലറയുടെ മുന്നില്‍നിന്നു കരയുന്ന യേശുവിനെ നോക്കി ജനം പറഞ്ഞു, നോക്കൂ അവന്‍ കരയുന്നു. എത്രമാത്രം അവന്‍ ലാസറിനെ സ്‌നേഹിച്ചിരുന്നു, മാലാഖയും തോട്ടക്കാരനും ചോദിച്ചിട്ടും അവള്‍ കരച്ചില്‍ നിറുത്തിയില്ല. ഗുരുവിനോടുള്ള അവളുടെ സ്‌നേഹം കണ്ണുനീര്‍ പ്രവാഹമായി പുറത്തുവന്നു. അവന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു. നീ അവനെ കാണും എന്നുള്ള മാലാഖയുടെ ആശ്വാസവചസുകള്‍പോലും അവളെ ശാന്തമാക്കിയില്ല. കരയുന്ന സ്‌നേഹമായി അവള്‍ കല്ലറയുടെ ചുറ്റും നടന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള സ്മരണകള്‍ എന്റെ കണ്ണിനെ ഈറനണിയിക്കുന്നുണ്ടോ? അവന്റെ സഹനവും മരണവുമെല്ലാം എന്റെ മിഴികളില്‍ കണ്ണുനീരായി രൂപാന്തരപ്പെടണം. സ്‌നേഹത്തിന്റെ കണ്ണുനീരും സ്‌നേഹപൂര്‍വമായ അന്വേഷണവും കണ്ടെത്തലിന്റെ അവസ്ഥയില്‍ എന്നെ എത്തിക്കും.

തോട്ടക്കാരന്റെ രൂപത്തില്‍ കാണപ്പെട്ട യേശു അവളെ പേരുചൊല്ലി വിളിച്ചു. ''മേരി'' അവള്‍ പെട്ടെന്ന് അവനെ തിരിച്ചറിഞ്ഞു വിളിച്ചു, റബോനി. യോഹന്നാന്റെ സുവിശേഷം പത്താം അധ്യായത്തില്‍ യേശു പറഞ്ഞു, ഞാന്‍ നല്ല ഇടയനാണ്, എന്റെ ആടുകളെ എനിക്കറിയാം. എന്റെ ആടുകള്‍ക്ക് എന്നെയും അറിയാം. ഞാന്‍ അവയെ പേരിചൊല്ലി വിളിക്കും. അവ എന്റെ ശബ്ദം തിരിച്ചറിയും, യേശു അവളെ പേരുചൊല്ലി വിളിച്ചു. അവള്‍ തിരിച്ചറിഞ്ഞു. 

കണ്ണുനീരോടും സ്‌നേഹത്തോടും കൂടിയുള്ള ദൈവാന്വേഷണം നമ്മെ ദൈവസാന്നിധ്യത്തിലെത്തിക്കും. നിരാശപ്പെടാതെയുള്ള നിരന്തര അന്വേഷണമാണ് അതിനാവശ്യം. യോഹന്നാന്‍ 20 ല്‍ പതിനാലാം വാക്യത്തിലും പതിനാറാം വാക്യത്തിലും 'മറിയം തിരിഞ്ഞു' എന്നു പറയുന്നു. രണ്ടു പ്രാവശ്യം അവള്‍ തിരിഞ്ഞു എന്നതിന് ഒരു ആന്തരിക അര്‍ത്ഥം നാം കാണേണ്ടതുണ്ട്. ആദ്യം അവളുടെ കാതുകളും കണ്ണുകളും ഇന്ദ്രിയങ്ങളും യേശുവിലേക്കു തിരിഞ്ഞു. രണ്ടാം ഘട്ടത്തില്‍ അവളുടെ ഹൃദയത്തില്‍ പൂര്‍ണമായ തിരിവുണ്ടായി. ഹൃദയത്തില്‍ വന്ന പൂര്‍ണ മാറ്റം ഈ തിരിച്ചില്‍ സൂചിപ്പിക്കുന്നു. യേശുവിനോട് അടുത്തുചെന്ന മറിയത്തെ ഉത്ഥാന പ്രഘോഷണ ദൗത്യവുമായി ഈശോ അയ്ക്കുന്നു. ജീവിതകാലത്ത് സകലരാലും സ്പര്‍ശിക്കപ്പെട്ട യേശു നീ എന്നെ തടഞ്ഞുനിറുത്താതിരിക്കുക എന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്? യേശുവിന് പൂര്‍ത്തിയാക്കാനുള്ള ദൗത്യം ഇനിയുമുണ്ട്. ആ ദൗത്യ പൂര്‍ത്തീകരണത്തിനായി പിതാവിന്റെ പക്കലേക്കു പോകേണ്ടതുകൊണ്ട് എന്നെ തടയരുത് എന്നു പറയുന്നു. 

40 ദിവസങ്ങള്‍ കഴിഞ്ഞുള്ള സ്വര്‍ഗാരോഹണവും അതിനും പത്തു ദിവസം കഴിഞ്ഞുള്ള പന്തക്കുസ്തായും അവനു പൂര്‍ത്തിയാക്കേണ്ടതുണ്ട്. സ്‌നേഹപൂര്‍വം അവനെ അന്വേഷിച്ചുകൊണ്ട് ഭൂമിയിലെ തീര്‍ത്ഥാടനം നമുക്കു തുടരാം.


Written by  ഫാ. ജോസഫ് പുത്തന്‍പുര

Tuesday, June 19, 2012

ഏലീഷാ പ്രവാചകന്റെ വിജയരഹസ്യം


ഏലീഷാ പ്രവാചകന്റെ വിജയരഹസ്യം



അനുഗ്രഹിക്കാന്‍ കാത്തിരിക്കുന്ന ഒരു ദൈവമുള്ളപ്പോഴും പലരുടെയും ജീവിതത്തില്‍ എന്തുകൊണ്ടാണ് പരാജയങ്ങള്‍ തുടര്‍ക്കഥകളാകുന്നത്?

ആത്മീയജീവിതത്തെ കണ്ണീരും സങ്കടവും സഹനവുംമാത്രം നിറഞ്ഞ ഒന്നായിട്ടാണ് പലരും കാണുന്നത്. കണ്ണീരിന്റെ ഈ താഴ്‌വരയില്‍ ഏന്തിയും വലിഞ്ഞും ജീവിച്ച് എങ്ങനെയെങ്കിലും ആത്മാവിനെ രക്ഷിച്ചെടുക്കണമെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍, വിശുദ്ധ യോഹന്നാനിലൂടെ വെളിപ്പെട്ട വചനങ്ങള്‍ ഇങ്ങനെയാണ്. ''വാത്സല്യഭാജനമേ, നിന്റെ ആത്മാവ് ക്ഷേമസ്ഥിതിയിലായിരിക്കുന്നതുപോലെതന്നെ, എല്ലാക്കാര്യങ്ങളിലും നിനക്ക് ഐശ്വര്യമുണ്ടാകട്ടെ, എന്നും നീ ആരോഗ്യവാനായിരിക്കട്ടെ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (3 യോഹ. 1:2). വിശുദ്ധ യോഹന്നാന്‍ ശിഷ്യനായ ഗായൂസിന് എഴുതിയ വാക്കുകളാണിവ. അതിനാല്‍ ഭയപ്പെടേണ്ടതില്ല. ദൈവം നമ്മുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. ജീവിതത്തിലെ സംഘര്‍ഷങ്ങള്‍ അവിടുന്ന് കാണുന്നുണ്ട്. ആത്മീയജീവിതത്തില്‍ വളരുവാന്‍ നടത്തുന്ന നിരന്തരപരിശ്രമങ്ങള്‍ അവിടുന്ന് അറിയുന്നു. നിനക്കുണ്ടാകുന്ന ഇടര്‍ച്ചകള്‍, വീഴ്ചകള്‍ അവിടുന്ന് വളരെ ആര്‍ദ്രമായി കാണുന്നു. വീണാലും ദൈവം നിന്നെ പിടിച്ചെഴുന്നേല്‍പ്പിക്കും. കാരണം നിന്റെ ആത്മാവ് ക്ഷേമസ്ഥിതിയിലായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

ആത്മാവിന്റെ ക്ഷേമസ്ഥിതി മാത്രമല്ല അവിടുന്ന് ആഗ്രഹിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഐശ്വര്യമുണ്ടാകണമെന്നത് ദൈവത്തിന്റെ തിരുമനസാണെന്നോര്‍ക്കുക. നീ ഒരു കൃഷിക്കാരനാണെങ്കില്‍ ഈ ജീവിതാന്തസില്‍ ദൈവത്തിനായി ജീവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അതേസമയംതന്നെ നിന്റെ കൃഷിയിടം അനുഗ്രഹിക്കപ്പെടണമെന്നതും അവിടുത്തെ ഇഷ്ടമാണ്. 
കൃഷിസ്ഥലത്തെ ഫലവൃക്ഷങ്ങള്‍ രോഗബാധിതമാണെങ്കില്‍ മനസുമടുത്ത് പിന്മാറുകയല്ല വേണ്ടത്. കൃഷിയിടത്തെ വീണ്ടും അനുഗ്രഹിക്കാന്‍ സാധിക്കുന്ന സര്‍വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുക. അവിടുത്തോട് ചേര്‍ന്ന് അധ്വാനിക്കുക. നിശ്ചയമായും ദൈവം അനുഗ്രഹിക്കും. ഗരാറിന്റെ വരണ്ട ഭൂമിയില്‍ ദൈവകല്പനയനുസരിച്ച് കൃഷിയിറക്കി നൂറുമേനി വിളവെടുത്ത ഇസഹാക്ക് എന്ന കൃഷിക്കാരന്റെ ജീവിതാനുഭവം അതുതന്നെയാണ് നമ്മെ പഠിപ്പിക്കുന്നത്.

ഉറപ്പുള്ള വാഗ്ദാനം
ജീവിതസാഹചര്യങ്ങള്‍ എത്ര മോശമാണെങ്കിലും ഭയപ്പെടേണ്ട ആവശ്യമില്ല. അനുഗ്രഹിക്കാന്‍ ദൈവം കാത്തിരിക്കുന്നു. അബ്രാഹത്തോട് ദൈവം പറഞ്ഞത്, 'നീ ഒരു അനുഗ്രഹമായിരിക്കും' എന്നാണ് (ഉല്‍. 12:12). എന്നു പറഞ്ഞാല്‍ കുടുംബത്തെയും ദേശത്തെയും അനുഗ്രഹിക്കാന്‍ ദൈവത്തിന്റെ കരങ്ങളിലെ ഒരു മാധ്യമമായി അദ്ദേഹം മാറുന്നു എന്നാണല്ലോ. നിന്നിലൂടെ നിന്റെ കുടുംബത്തെ, ഓഫീസിനെ, വിദ്യാലയത്തെ, നാടിനെ അനുഗ്രഹിക്കാന്‍ ദൈവം ആഗ്രഹിക്കുന്നതിനാല്‍ നിനക്ക് അവിടെ അസ്വസ്ഥതയുണ്ടാക്കുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് നിരന്തരം പ്രാര്‍ത്ഥിക്കുക. 

വിശുദ്ധ ഗ്രന്ഥം ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: ''നിന്റെ അധ്വാനഫലം നീ അനുഭവിക്കും. നീ സന്തുഷ്ടനായിരിക്കും; നിനക്ക് നന്മ വരും. നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും. നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും ഒലിവുതൈകള്‍ പോലെയും... നിന്റെ ആയുഷ്‌കാലമത്രയും നീ ജറുസലേമിന്റെ ഐശ്വര്യം കാണും'' (സങ്കീ 128:2-5).ശ്രദ്ധിച്ച് വായിച്ചാല്‍ മേല്‍പറഞ്ഞ ദൈവവചനത്തില്‍ അനുഗ്രഹത്തിന്റെ ഒരു ക്രമമായ വികാസം കാണുവാന്‍ സാധിക്കും. ആദ്യം നീ അനുഗ്രഹിക്കപ്പെടുന്നു. പിന്നെ നിന്റെ കുടുംബം (ഭാര്യ, മക്കള്‍), അതിനുശേഷം നിന്റെ നാട്. അതിനാല്‍ ലോകദൃഷ്ടിയില്‍ പ്രത്യാശയ്ക്ക് വകയില്ലാത്ത ജീവിതസാഹചര്യങ്ങളില്‍ നിന്ന് ഈ വാഗ്ദാനങ്ങള്‍ നല്കിയ ദൈവത്തിന്റെ മുഖത്തേക്ക് ഇപ്പോള്‍ത്തന്നെ നോക്കുക. ഈ വാഗ്ദാനങ്ങള്‍ ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുക. 'എന്റെ ദൈവത്തിന്റെ കൃപയാല്‍ ഞാന്‍, എന്റെ ജീവിതപങ്കാളി, മക്കള്‍, നാട് അനുഗ്രഹിക്കപ്പെടും.' ദൈവവചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മനസിനെ നിരാശയിലേക്ക് നയിക്കുന്ന ദുഷ്ടാരൂപി ഓടി മറയും, മനസ് ദൈവികമായ പ്രകാശത്താലും ആനന്ദത്താലും നിറയും.

ദൈവത്തിന്റെ സമയത്തിനായുള്ള കാത്തിരിപ്പ്
ഒരുപക്ഷേ, നിങ്ങള്‍ ഇപ്പോള്‍ ഇപ്രകാരം ചിന്തിക്കുന്നുണ്ടാകും. 'ഞാന്‍ ഇങ്ങനെ അനേകതവണ പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും എന്റെ ജീവിതത്തില്‍ സ്ഥായിയായ ഒരു മാറ്റവും കാണാത്തതിന് കാരണമെന്താണ്?' ദൈവത്തിന്റെ വചനത്തിനും വാഗ്ദാനത്തിനും മാറ്റമില്ല. എങ്കില്‍ നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പല കാരണങ്ങളുണ്ടാകാം. അതില്‍ ഒരു കാരണമിതാണ്. ദൈവം ഓരോരുത്തരെയും അനുഗ്രഹിക്കാന്‍ നിശ്ചിത സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തെ എപ്രകാരം പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലഭിക്കുന്ന അനുഗ്രഹവും. ഉദാഹരണമായി, ഒരു വൃദ്ധന് ഇഷ്ടംപോലെ സമയമുണ്ട്. ആ സമയത്തെ അയാള്‍ എപ്രകാരം ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്ന ഐശ്വര്യം. 'എന്നെ ആര്‍ക്കും വേണ്ട, ആരും എന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. ഞാനിവിടെ ഒരു അധികപ്പറ്റാണ്' എന്നൊക്കെ ചിന്തിച്ച് പരാതിയും പിറുപിറുപ്പും ആയി കഴിയുകയാണെങ്കില്‍ അയാള്‍ക്ക് ഒരിക്കലും സന്തോഷമുണ്ടാകുകയില്ല. എപ്പോഴും എന്തിനും മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. അങ്ങനെ അയാളുടെയും ചുറ്റുമുള്ളവരുടെയും ജീവിതം നരകമായിത്തീരുന്നു. എന്നാല്‍ തനിക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി, പേരക്കുട്ടികള്‍ക്കുവേണ്ടി, നാടിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോള്‍ ദൈവികമായ ആനന്ദം അയാളുടെ മനസില്‍ നിറയും. അങ്ങനെ അദ്ദേഹം മാത്രമല്ല, കുടുംബം, നാട് ഒക്കെ അനുഗ്രഹിക്കപ്പെടുന്നു. വാര്‍ധക്യത്തിലും ഫലം ചൂടുന്ന വൃക്ഷമായി അദ്ദേഹം മാറുന്നു.

ഒരു ഓഫീസ് ജീവനക്കാരന്‍ അയാളുടെ സമയം എങ്ങനെ ഉപയോഗിക്കണം? കൃത്യസമയത്ത് ഓഫീസില്‍ വരുന്നു. ജോലികളെല്ലാം കൃത്യമായും ആത്മാര്‍ത്ഥമായും തീര്‍ക്കുന്നു. അന്നത്തെ ജോലി തീര്‍ക്കുവാന്‍ വേണ്ടിവന്നാല്‍ വൈകി ഓഫീസിലിരിക്കുന്നു. എങ്കില്‍ അയാളുടെ ജീവിതവും ചുറ്റുമുള്ളവരുടെ ജീവിതവും അനുഗൃഹീതമായി. നേരെ മറിച്ചാണെങ്കിലോ? ഒരു പ്രാവശ്യം ചെന്നാല്‍ സാധിച്ചുകിട്ടേണ്ട കാര്യം സാധിക്കുവാന്‍ അനേകദിവസങ്ങള്‍ ജനങ്ങള്‍ക്ക് ഓഫീസ് കയറി ഇറങ്ങേണ്ടിവരുന്നു. അയാളെ ഉള്ളുകൊണ്ട് അവര്‍ വെറുക്കാനും ശപിക്കാനും തുടങ്ങും. ഫലമോ അയാള്‍ അനുഗ്രഹത്തിനുപകരം ശാപമായിത്തീരുന്നു.

അനുഗ്രഹത്തിന്റെ തടസങ്ങള്‍
ആത്മപരിശോധന നടത്തുക. 'ദൈവം നല്കിയിട്ടുള്ള സമയം അവിടുന്ന് എന്നെ ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടിത്തന്നെയാണോ ഉപയോഗിക്കുന്നത്? കൂടാതെ ദൈവത്തിന് കൊടുക്കേണ്ട സമയം ഞാന്‍ കൊടുക്കുന്നുണ്ടോ?' തീര്‍ച്ചയായും അനുഗ്രഹത്തിന്റെ തടസങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഫലംചൂടി നില്‌ക്കേണ്ട ഒരു വൃക്ഷമായ നീ, ഇപ്പോള്‍ ഇലകള്‍ നഷ്ടപ്പെട്ട് വരണ്ടുണങ്ങി നില്ക്കുന്നതിന്റെ കാരണം മനസിലാക്കാന്‍ അപ്പോള്‍ കഴിയും.

ആത്മീയ ശുശ്രൂഷകര്‍ ദൈവവേലക്കുവേണ്ടിയാണ് അവരുടെ സമയം ഉപയോഗിക്കുന്നത്. എന്നാല്‍, ആത്മപരിശോധന നടത്തുമ്പോള്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. പലരും യഥാര്‍ത്ഥത്തില്‍ സമയം ദൈവത്തിനുവേണ്ടിയല്ല ഉപയോഗിക്കുന്നത്. തങ്ങള്‍ക്കുവേണ്ടിത്തന്നെയാണ്. പണത്തിന്, പ്രശസ്തിക്ക്, സ്ഥാനമാനങ്ങള്‍ക്ക് ഒക്കെവേണ്ടി അവര്‍ അധ്വാനിക്കുന്നു. ഫലമോ, അവരുടെ ജീവിതവും മറ്റുള്ളവരുെട ജീവിതവും ഐശ്വര്യം പ്രാപിക്കുന്നില്ല. എന്നാല്‍ സ്വയം മറന്ന്, ദൈവത്തെ മഹത്വപ്പെടുത്തുന്ന ജീവിതങ്ങളിലൂടെ ദൈവം ഇന്നും അനുഗ്രഹങ്ങള്‍ സമൃദ്ധമായി വര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
ഒരു വ്യക്തിയുടെ ആത്മരക്ഷയുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. ദൈവം നിനക്ക് രക്ഷ പ്രാപിക്കാന്‍ ഇന്ന്, ഇപ്പോള്‍ എന്ന സമയമാണ് നല്കിയിരിക്കുന്നത്. അടുത്ത നിമിഷത്തെക്കുറിച്ച് ഉറപ്പില്ല. അടുത്ത നിമിഷം ജീവിച്ചിരിക്കുമെന്നോ, ഇനി ജീവിച്ചിരുന്നാല്‍ ത്തന്നെ ദൈവം കഴിഞ്ഞ നിമിഷം നല്കിയ കൃപ വീണ്ടും നല്കുമെന്നോ തീര്‍ച്ചയില്ല. അതിനാല്‍ രക്ഷയുടെ ഈ നിമിഷം തന്നെ അത് ഉപയോഗിക്കണം. നാളെയാകട്ടെ എന്ന് വിചാരിച്ച് നീട്ടിവയ്ക്കരുത്.

അനുഗ്രഹിക്കാന്‍ കാത്തുനില്ക്കുന്ന ദൈവം
മനുഷ്യരക്ഷയ്ക്കായി കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിന്റെ ഇരുവശങ്ങളിലും തൂങ്ങിക്കിടന്ന രണ്ടുപേരും കള്ളന്മാരായിരുന്നു. അവരില്‍ ഒരാള്‍ നല്ല കള്ളനും അപരന്‍ തിരസ്‌കൃതനുമായത് എങ്ങനെയാണ്? ഒരുവന്‍ ദൈവം നല്കിയ കൃപയുടെ സമയത്തോട് സഹകരിച്ചു. എന്നിട്ട് ചങ്കുപൊട്ടി ഒരു പ്രാര്‍ത്ഥന നടത്തി. ''യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ.'' ദൈവത്തിന് അതുമാത്രം മതി. അവന്റെ കഴിഞ്ഞകാല ചരിത്രമൊന്നും അവിടുന്ന് ചികഞ്ഞില്ല. അവന്റെ എല്ലാ അപരാധങ്ങളും പൊറുത്തുകൊണ്ട് അവിടുന്ന് അരുളിച്ചെയ്തു. ''സത്യമായി ഞാന്‍ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും'' (ലൂക്കാ 23:43).

അനുഗ്രഹിക്കാന്‍ കാത്തുനില്ക്കുന്ന ദൈവത്തിലേക്ക് ഇപ്പോള്‍ത്തന്നെ മനസ് തിരിക്കുക. മനസിന്റെ മാറ്റമാണ് പ്രധാനപ്പെട്ടത്. ഓര്‍ക്കുക, അനുഗ്രഹങ്ങള്‍ക്ക് ഒരു ഉറവിടമുണ്ട്. 128-ാം സങ്കീര്‍ത്തനം ആരംഭിക്കുന്നത് ഇപ്രകാരമാണ്. ''കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍'' (സങ്കീ 128:1). നീയും നിന്റെ കുടുംബവും അനുഗ്രഹിക്കപ്പെടണമെങ്കില്‍ നീ കര്‍ത്താവിന്റെ വഴികളില്‍ നടക്കണം.

ലോകത്തിന്റെ മുന്‍പില്‍ നീ എത്ര നിസാരനാണെങ്കിലും ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാനാണ് ദൈവം വിളിച്ചിരിക്കുന്നത്. പഴയ നിയമത്തിലെ ഏലീഷാ പ്രവാചകനെ ഓര്‍ക്കുക. ശക്തനായ ഏലിയാ പ്രവാചകന്റെ ഇരട്ടിപ്പങ്ക് അഭിഷേകം പ്രാപിച്ച് ജീവിതകാലത്തും മരണശേഷവും ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ വെളിപ്പെടുത്തിയ അദ്ദേഹത്തിന്റെ വിജയരഹസ്യം എന്താണ്? ദൈവത്തിന്റെ സമയത്തോട് അദ്ദേഹം പൂര്‍ണമായി സഹകരിച്ചു. ഏലിയാ പ്രവാചകനിലൂടെ ദൈവം വിളിച്ചപ്പോള്‍ അദ്ദേഹം ഉടന്‍ തന്നെ പ്രത്യുത്തരിച്ചു. പിറ്റേദിവസത്തേക്ക് മാറ്റിവച്ചില്ല. വളരെ ചിന്തോദ്ദീപകമായ കാര്യമാണ് അദ്ദേഹം ചെയ്തത്. ''അവന്‍ മടങ്ങിച്ചെന്ന് ഒരേര്‍ കാളയെ കൊന്ന് കലപ്പ കത്തിച്ച് മാംസം വേവിച്ച് ജനത്തിന് കൊടുത്തു'' (1 രാജാ. 19:21). കാളയും കലപ്പയും അദ്ദേഹത്തിന്റെ ജീവിതോപാധിയാണ്, അദ്ദേഹം പ്രത്യാശവച്ചിരുന്ന രണ്ട് കാര്യങ്ങളാണ്. ഇവിടെ ഒരു മനസുമാറ്റം നമ്മള്‍ കാണുന്നു. കാളയില്‍നിന്ന്, കലപ്പയില്‍ നിന്ന് പൂര്‍ണമായും ദൈവത്തിലേക്കുള്ള മനസുതിരിച്ചില്‍. നിനക്കും ഇതുപോലെ ദൈവത്തിന്റെ ശക്തനായ വക്താവായിത്തീരുവാന്‍ സാധിക്കും. പ്രത്യാശ വച്ചിരിക്കുന്ന കാളയെ കൊല്ലുക. അത് പലര്‍ക്കും പലതാകാം. ഭക്ഷണത്തോടുള്ള അമിതാസക്തി, പണമുണ്ടാക്കണം, സുഖിക്കണം എന്ന ചിന്ത, മദ്യാസക്തി, പ്രശസ്തിക്കുവേണ്ടിയുള്ള ദാഹം, മനസില്‍ ഇപ്പോഴും സൂക്ഷിക്കുന്ന വെറുപ്പ്, സഹോദരന്റെ നന്മയിലുള്ള അസൂയ ഇങ്ങനെ എന്തുമാകാം. നിന്റെ കാളയെ കണ്ടെത്തുക, അതിനോട് ദാക്ഷിണ്യം കാണിക്കരുത്. നീ ഇപ്പോള്‍ അതിനെ കൊന്നില്ലെങ്കില്‍ നാളെ അത് നിന്നെ കൊല്ലും. അതിനാല്‍ ഈ രക്ഷയുടെ സമയത്ത് ദൈവത്തോട് 'ആമ്മേന്‍' പറയുക.

പ്രാര്‍ത്ഥന
കാരുണ്യവാനായ ദൈവമേ, എന്നെ ഇപ്പോള്‍ വിളിക്കുന്നതിന് നന്ദി പറയുന്നു. ഇപ്പോള്‍ത്തന്നെ പൂര്‍ണമനസോടെ അങ്ങയുടെ പക്കലേക്ക് മനസ് തിരിക്കുവാന്‍ കൃപ നല്കിയാലും. അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങള്‍ സ്വീകരിക്കാനുള്ള തടസങ്ങള്‍ എന്നില്‍ത്തന്നെയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. അനുതാപമുള്ള ഹൃദയം എനിക്ക് നല്കിയാലും. അങ്ങയുടെ ആത്മാവിന്റെ ശക്തി എനിക്ക് നല്കണമേ. ശരിയായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുവാന്‍ നാഥാ കൃപ നല്കിയാലും. അങ്ങയെ ഭയപ്പെടാനും അങ്ങയുടെ പാതയില്‍ നടക്കുവാനും എന്നെ അനുഗ്രഹിക്കണമേ. അങ്ങനെ അങ്ങയുടെ അനുഗ്രഹങ്ങളുടെ ഒരു ചാനലായി ഞാന്‍ രൂപാന്തരപ്പെടട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പ് പിതാവേ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.



      കെ. ജെ. മാത്യു


Monday, June 18, 2012

ക്രിസ്തുവിനെ അറിയുക; ക്രിസ്തുവിനെ അറിയിക്കുക


ക്രിസ്തുവിനെ അറിയുക; ക്രിസ്തുവിനെ അറിയിക്കുക



ക്രിസ്തുവിനെ അറിഞ്ഞവരുടെ ജീവിതവും അറിയാത്തവരുടെ  ജീവിതവും തമ്മില്‍വ്യത്യാസമില്ലെങ്കില്‍, അറിയാത്തവരോട് ക്രിസ്തുവിനെ സ്വീകരിക്കണമെന്നു പറയാന്‍നമുക്കെന്താണ് 
അവകാശം ?

പണ്ടൊരു ജൂലൈ മാസത്തില്‍ ഞാന്‍ മനിലായിലായിരുന്നു. ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമാണ് മനിലാ. കേരളത്തില്‍നിന്ന് ഏകദേശം 4000കിലോമീറ്റര്‍ കിഴക്കോട്ട് പറന്നാല്‍ മനിലായിലെത്തും. ഏഴായിരത്തിലധികം ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന മനോഹരമായ രാജ്യമാണ് ഫിലിപ്പൈന്‍സ്. അന്ന് മാനന്തവാടി മെത്രാനായിരുന്ന ഞാന്‍ പോയത് ഏഷ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളായെത്തിയ കുറെ മെത്രാന്മാരുടെ സമ്മേളനത്തിനായിരുന്നു. എല്ലാ മെത്രാന്മാരുമൊന്നിച്ച് അര്‍പ്പിച്ച സമൂഹബലിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. മനിലായിലെ കര്‍ദിനാള്‍ സിന്നായിരുന്നു പ്രധാന കാര്‍മികന്‍. 
സ്വല്പം വേദനയോടെയാണ് സമ്മേളനം ആരംഭിച്ചത്. കാരണം, ചില ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് പ്രതിനിധികളാരും എത്തിച്ചേര്‍ന്നില്ല. ആ രാജ്യങ്ങള്‍ ഏവയാണെന്നോ? ചൈന, വിയറ്റ്‌നാം, ലാവോസ്, കംബോഡിയാ. കമ്യൂണിസ്റ്റ് ഇരുമ്പുമറയ്ക്കുള്ളില്‍ അമര്‍ന്നുകഴിഞ്ഞിരിരുന്ന രാജ്യങ്ങളായിരുന്നു അവ. അവിടെ മതസ്വാതന്ത്ര്യമില്ല; മൗലികാവകാശങ്ങളില്ല. അവിടെനിന്ന് പുറത്തേക്കു പോകാനോ വിദേശികള്‍ക്ക് ആ രാജ്യങ്ങളില്‍ യഥേഷ്ടം സഞ്ചരിക്കുന്നതി നോ സ്വാതന്ത്ര്യമില്ല. 

മനിലായില്‍ ഞാന്‍ താമസിച്ചിരുന്ന സെന്റ് അഗസ്റ്റ്യന്‍സ് കൊവേന്തയിലെ വയോധികനായ ഫാ. സാന്തോസ്, 20 കൊല്ലം ചൈനാ വന്‍കരയില്‍ മിഷന്‍പ്രവര്‍ത്തനം നടത്തിയതിന്റെ അനുഭവകഥകള്‍ വിവരിച്ചു. ചൈനയുടെ അധിപനായിരുന്ന മാവോയുമായി അടുത്തുപരിചയിച്ച വ്യക്തിയാണദ്ദേഹം. തങ്ങള്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ചൈനീസ് വിപ്ലവകാലത്ത് മാവോയും മറ്റു കമ്യൂണിസ്റ്റ് നേതാക്കളും എല്ലാവരേയും ധരിപ്പിച്ചിരുന്നു. പക്ഷേ, അധികാരം കൈയിലായപ്പോള്‍ സ്വാതന്ത്ര്യമെല്ലാം അടിച്ചമര്‍ത്തി. ഈ കഥകളൊക്കെ അദ്ദേഹം പറഞ്ഞു. 
കമ്യൂണിസത്തിന്റെ തനിനിറമറിയാത്ത നമ്മള്‍ എത്ര ലാഘവബുദ്ധിയോടെയാണ് അതിനെ പരിഗണിക്കുന്നത്; എത്രയോ എളുപ്പം കമ്യൂണിസത്തിന്റെ പ്രചാരണങ്ങളിലും വാഗ്ദാനങ്ങളിലും അനേകമാളുകള്‍ കുടുങ്ങിപ്പോകുന്നു! ചൈനയില്‍നിന്ന് രക്ഷപെട്ടുപോന്നിട്ടുള്ള മെത്രാന്മാരുടെയും മറ്റും സംഭാഷണങ്ങളില്‍ നിന്നാണ് ഞാനിത് മനസിലാക്കിയത്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. മര്‍ദ്ദനമനുഭവിക്കുന്ന സഭകളില്‍നിന്ന് അടര്‍ന്നുവീഴുന്ന കണ്ണീരും നെടുവീര്‍പ്പുകളുംവഴി ഇന്നും കര്‍ത്താവിന്റെ പീഡാനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. സാര്‍വത്രികസഭയുടെ രക്ഷയാണ് ഈ പീഡാനുഭവം. ഈ മര്‍ദനങ്ങള്‍ക്കുശേഷം കമ്യൂണിസ്റ്റു രാജ്യങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു സഭയുടെ ആഗമനം വിദൂരമാകില്ല എന്ന പ്രതീക്ഷയോടെ നമുക്ക് പ്രാര്‍ത്ഥിക്കാം. ഇ ത്തരം പ്രാര്‍ത്ഥനകളിലൂടെയാണ് കമ്യൂണിസ്റ്റ് റഷ്യ മാനസാന്തരപ്പെട്ട് ജനാധിപത്യ രാജ്യമായത്.

ഞങ്ങളുടെ സമ്മേളനസ്ഥലം ബാഗ്ഗി യോ എന്നൊരു പട്ടണത്തിലായിരുന്നു. മലമേല്‍ പണിത പട്ടണമാണത്. മനിലായില്‍ നിന്ന് ഞങ്ങളെല്ലാവരുംകൂടെ ചുരം കയറി ബാഗ്ഗിയോയ്ക്കു പോയപ്പോള്‍ മാനന്തവാടി പരിചയമുള്ള ഒരച്ചന്‍ പറഞ്ഞു, ഇത് കോഴിക്കോട്ടുനിന്നു വയനാട്ടിനു പോകുന്നതുപോലെ തോന്നുന്നു എന്ന്. ശരിയാ ണ്; മാനന്തവാടിപോലെയാണ് ബാഗ്ഗി യോ. മലകളും മൊട്ടക്കുന്നുകളും താഴ്‌വരകളും നെല്പാടങ്ങളും എല്ലാമുള്ള സ്ഥ ലം. കേരളത്തിന്റെ കാലാവസ്ഥയുള്ള ഫിലിപ്പൈന്‍സില്‍ ഇവിടെയുള്ള എല്ലാ സ സ്യലതാദികളും വളരുന്നു. പ്ലാവും മാവും തെങ്ങും കൊക്കോയും കാപ്പിയും എല്ലാം. 

സമുദ്രനിരപ്പില്‍നിന്ന് 5000 അടി ഉയരമുള്ള ബാഗ്ഗിയോ മിക്കസമയവും മഞ്ഞില്‍ മൂടിക്കിടക്കും. മേഘങ്ങളില്‍ക്കൂടി മോശയോടു സംസാരിച്ച ദൈവത്തിന്റെ സാ ന്നിധ്യം ഞങ്ങള്‍ക്കും അനുഭവപ്പെട്ടു. പ്രാര്‍ത്ഥനകളും ചര്‍ച്ചകളും ധ്യാനങ്ങളുമായി ഞങ്ങളുടെ ദിവസങ്ങള്‍ നീങ്ങി. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ കോടാനുകോടി ജനങ്ങള്‍, ഭാരതീയനും ജപ്പാന്‍കാരനും ഫിലിപ്പീനോയും തായ്‌ലന്‍ഡുകാരനും പാക്കിസ്ഥാനിയും ഇന്‍ഡോനേഷ്യനും ചൈനാക്കാരനും ഞങ്ങളുടെ മുമ്പില്‍ അണിനിരന്നു. 

ഈ കോടാനുകോടികളുടെ ഓരോ നൂറിലും ഒരാള്‍മാത്ര മേയുള്ളൂ ക്രൈസ്തവന്‍! ബാക്കി 99 പോരോ? അവരെ സംബന്ധിച്ച ക്രിസ്തുവിന്റെ ആഗ്രഹമെന്താണ്? ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുവാന്‍, നല്ല വാര്‍ത്ത അറിയിക്കുവാന്‍ ക്രിസ്തു നമ്മോടാവശ്യപ്പെട്ടു. നമ്മള്‍ അതു ചെയ്‌തോ? പരാജയപ്പെട്ടോ? ഇനി എന്താണ് ചെയ്യേണ്ടത്? എന്നെല്ലാമായിരുന്നു ഞങ്ങളുടെ ചിന്തയും ചര്‍ച്ചയും. അവയെക്കുറിച്ചെല്ലാം ഇവിടെ പ്രതിപാദിക്കുക പ്രയാസമാണ്. പക്ഷേ, ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ 100-ല്‍ ഒരാള്‍ മാത്രമേ ക്രൈസ്തവനായുള്ളൂ എന്നതില്‍ ഒട്ടും നഷ്ടധൈര്യനാകേണ്ടതില്ല എന്നുള്ള സത്യം ഞങ്ങള്‍ അനുസ്മരിച്ചു. 

ക്രിസ്തുമതം ക്രിസ്തു എന്ന ഏകവ്യക്തിയിലാണ് ആരംഭിച്ചത്. ക്രിസ്തുവിന്റെ ശിഷ്യന്മാരായി ലോകമാകെ തങ്ങള്‍ വെറും 12 പേരേയുള്ളല്ലോ എന്നോര്‍ത്ത് നിരാശരാകാതെ ശിഷ്യര്‍ ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിച്ചു. ഇന്ന് 100 കോടിയില്‍പ്പരമുള്ള കത്തോലിക്കാസഭ ലോകത്തിലെ ഏറ്റവും വലിയ സഭയായി നിലകൊള്ളുന്നു. ഏഷ്യയില്‍ ഒരു ശതമാനമേ കത്തോലിക്കരുള്ളൂ, സാരമില്ല. ഒന്നില്‍ നിന്നാണ് വര്‍ദ്ധിക്കുന്നത്. പക്ഷേ, ഒന്നെന്നു പറയുന്നത് ക്രൈസ്തവസമൂഹം മുഴുവനുമാണ്. ക്രൈസ്തവ സമൂഹം ക്രിസ്തീയചൈതന്യംകൊണ്ടു നിറഞ്ഞ് സമൂഹം മുഴുവനും സുവിശേഷ പ്രസംഗം നിര്‍വഹിക്കണം. 

ആകയാല്‍ സുവിശേഷം അറിയിക്കുന്നതില്‍ നമുക്കെല്ലാവര്‍ക്കും സ്ഥാനമുണ്ട്, പങ്കുണ്ട്. നമ്മുടെ കുടുംബത്തിലെയും സ്‌കൂളിലെയും ദേവാലയത്തിലെയും ചന്തയിലെയും മറ്റും പെരുമാറ്റരീതി ക്രിസ്തുവിനെ നമ്മുടെ അയല്‍ക്കാര്‍ക്കും സഹപാഠികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്തുന്നവയാണോ? ഇതുപോലുള്ള ചോദ്യങ്ങള്‍ നമ്മോടുതന്നെ ചോദിക്കണം. 
ക്രിസ്തുവിനെ അറിയുകയും സ്‌നേഹിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്ത നമ്മുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ആകര്‍ഷകമായ എന്തെങ്കിലുമുണ്ടോ? ഇല്ലെങ്കില്‍ പിന്നെന്തിന് അക്രൈസ്തവര്‍ ക്രിസ്തുവിനെ സ്വീകരിക്കണം? അതേ, 100-ല്‍ 99 പേര്‍ ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലെങ്കില്‍ അതിന് ഒരു കാരണം നമ്മള്‍ ജീവിതംവഴി അറിയിക്കാത്തതാണ്. ഈ 99 പേരില്‍ ഭൂരിഭാഗവും ക്രിസ്തുവിനെക്കുറിച്ചു വായിക്കുന്ന ഏകപുസ്തകം നമ്മുടെ ജീവിതം മാത്രമായിരിക്കും. നമ്മുടെ ജീവിതം ക്രിസ്തുവിന്റെ നല്ല വാര്‍ത്തയല്ലെങ്കിലോ? അല്ലെങ്കില്‍ അങ്ങനെ ആയിത്തീരണം. നവീകരണ ധ്യാനങ്ങള്‍ അതിന് നല്ലതാണ്. അങ്ങനെ നിങ്ങള്‍ക്കും ചൈതന്യം നിറഞ്ഞ ക്രിസ്തീയ ജീവിതം ആരംഭിക്കാം. 

ഒരിക്കല്‍ ഒരു ധ്യാനത്തില്‍ സംബന്ധിച്ച കുറെയേറെ യുവതീയുവാക്കന്മാരുടെ കത്തുകള്‍ എനിക്കു കിട്ടി. അവര്‍ പറയുകയാണ്: ''ദൈവത്തിന്റെ സ്‌നേഹം പരിശുദ്ധാത്മാവിന്റെ വരത്താല്‍ ശക്തമായി അനുഭവിച്ചറിഞ്ഞു. ക്രിസ്തുവിനെ ഞങ്ങളുടെ കര്‍ത്താവായി ഞങ്ങള്‍ പരസ്യമായി ഏറ്റുപറയുന്നു. പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഞങ്ങളെ അനുഗ്രഹിക്കണം.'' 

പ്രശ്‌നങ്ങളും പരാതികളും വിമര്‍ശനങ്ങളും നിറഞ്ഞ കത്തുകള്‍ അനവധി കൈകാര്യംചെയ്തുകൊണ്ടിരുന്ന എനിക്ക് മരുഭൂമിയിലെ കുളിര്‍കാറ്റായിരുന്നു ആ കത്തുകള്‍. ഈ കാറ്റ് ശക്തിയേറിയ ഒരു കാറ്റായി രൂപന്തരപ്പെട്ട് ലോകം മുഴുവനും പരിശുദ്ധാത്മാവിനെക്കൊണ്ടു നിറയട്ടെ എന്ന് നിങ്ങളെല്ലാവരുംകൂടെ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ നിശ്ചയമായും അങ്ങനെതന്നെ സംഭവിക്കും.

(കോഴിക്കോട് സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച 'തൂങ്കുഴി പിതാവ് കുട്ടികളോട്' എന്ന പുസ്തകത്തില്‍നിന്ന്).