Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Tuesday, October 8, 2013

ആരാണെന്നെ സ്‌പര്‍ശിച്ചത്‌


സിനഗോഗധികാരികളുടെ വീട്ടിലേക്കായിരുന്നു അവന്റെ യാത്ര. അവനെ കേള്‍ക്കാന്‍ കാത്തിരുന്ന ജനക്കൂട്ടം തിക്കിത്തിരക്കി ഒപ്പം നടന്നുനീങ്ങി. ഈ ആള്‍ക്കൂട്ടത്തിലാണവള്‍ ധൈര്യപൂര്‍വ്വം അടുത്തുകൂടിയത്‌; പഴയനിയമ കല്‌പനകളെ  തൃണവല്‍ഗണിച്ചുകൊണ്ട് പന്ത്രണ്ട്
വര്‍ഷങ്ങളായിട്ടവള്‍ രോഗിയാണ്‌. നിലയ്‌ക്കാത്ത രക്തസ്രാവം, അസ്വസ്ഥതയും അപകര്‍ഷതയും ദു:ഖവും അവള്‍ക്ക്‌ കൂട്ടിനുണ്ട്‌. ആരുടെയും മുന്നില്‍ വന്നുപെടാനവള്‍ക്കിഷ്ടമില്ല. പക്ഷേ, ഏതോ ഒരു ധൈര്യത്തോടെയാണ്‌ അന്നവള്‍ ഗുരുസവിധമണഞ്ഞത്‌. ഗുരുവിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും നേരില്‍ കാണുന്നത്‌ ഇത്‌ ആദ്യമായാണ്‌. ഗുരുവിന്റെ ചാരത്ത്‌ കഷ്ടപ്പെട്ടണഞ്ഞ അവളുടെ ഉള്ളിലൊരു തേങ്ങല്‍: "ഗുരുവിന്റെ അടുത്തു നില്‍ക്കാന്‍ ഞാനൊരശുദ്ധയല്ലേ"? അവളിലെ ആത്മസംഘര്‍ഷം പുതിയ വെളിപാടുകള്‍ക്ക്‌ വഴിമാറി. അവളുടെ മനസ്സില്‍ ഒരു രൂപം, ചിന്തയില്‍ ഒരു കാര്യം. പ്രവര്‍ത്തിയില്‍ ഒരു ലക്ഷ്യം: ഗുരുസ്‌പര്‍ശം! ആള്‍ക്കൂട്ടത്തിന്റെ ആരവത്തിലും വിശ്വാസം അവളെ നയിച്ചു. വിശ്വാസത്തികവില്‍ അവള്‍ ഗുരുവിന്റെ വസ്‌ത്രവിളുമ്പില്‍ തൊട്ടു. ഫലമോ രോഗവിമുക്തി. പച്ചമണ്ണില്‍ കുഴച്ചെടുത്ത ആദിമനുഷ്യരൂപത്തിന്‌ ജീവസ്‌പര്‍ശം നല്‍കിയ ദൈവഹൃദയത്തിന്റെ സ്‌പന്ദനം വീണ്ടും ആവര്‍ത്തിച്ചു. വിശ്വാസത്തികവിലൊരു പുന:സൃഷ്ടി!  
ഗുരുവിന്റെ സ്വരം ഉയര്‍ന്നു. "ആരാണെന്നെ സ്‌പര്‍ശിച്ചത്‌"? ആ ചോദ്യത്തിന്റെ ആഴമറിയാന്‍ ആള്‍ക്കൂട്ടത്തിനായില്ല. "ആരാണ്‌ നിന്നെ സ്‌പര്‍ശിക്കാത്ത"തെന്ന മറുചോദ്യമാണവിടെ ഉയര്‍ന്നത്‌. ദൈവഹൃദയത്തില്‍ സ്‌പര്‍ശനം നല്‍കാന്‍ കൃപ ലഭിച്ചവള്‍ കാല്‍ക്കല്‍ വീണുത്തരം നല്‍കി. പിന്നെ ഗുരുവിന്റെ സാന്ത്വനമൊഴികള്‍: "മകളെ നിന്റെ വിശ്വാസം....." (ലൂക്കാ: 8 : 4 - 8).

"ആള്‍ക്കൂട്ടം ഇന്നും ഗുരുവിന്റെ ചാരത്തണ്ട് . വര്‍ഷങ്ങള്‍ പിന്നിടുന്തോറും ആള്‍ക്കൂട്ടത്തിന്റെ തിരക്ക്‌ ഏറിവരുന്നേയുള്ളൂ. പക്ഷെ ആരുണ്ട് , അവനെ തിരയാന്‍? ഗുരുഹൃദയത്തില്‍ സ്‌പര്‍ശിക്കാന്‍ കഴിയുന്നവര്‍ വിരളം. വിശ്വാസത്തിന്റെ ആഡംബരഭാവങ്ങളിന്നേറിവരുന്നു. വിശ്വാസികള്‍ ദൈവത്തെ ആഭരണങ്ങണിയിക്കുന്ന തിരക്കിലാണ്‌. ഞായറാഴ്‌ചകളിലും കടമുള്ള ദിനങ്ങളിലും പ്രത്യേകമണിയുന്ന "ദൈവാഭരണങ്ങള്‍" ഇട ദിവസങ്ങളിലഴിച്ചു പെട്ടിയിലാക്കുന്നു. വീണ്ടുമൊരു കടമുള്ള ദിനം വന്നെത്തുംവരെ. 
ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും തന്നെയൊന്നു തൊടുന്നുണ്ടോയെന്ന്‌ ദൈവം അന്വേഷിക്കുന്നു. അനൂഗ്രഹം പേറി കനിവുള്ള ഹൃദയവുമായി ഗുരുവിന്ന്‌ കാത്തിരിക്കുകയാണ്‌ വഴിയോരത്ത്‌. ദൈവത്തെ തൊട്ടെന്ന ഭാവത്തിലാണ്‌ പലരുടെയും സഞ്ചാരം. പാപങ്ങളുടെ വിഴുപ്പുഭാണ്ഡങ്ങളും അഴിക്കാത്ത മാറാപ്പും മനുഷ്യനിന്ന്‌ പ്രിയപ്പെട്ടവ തന്നെ. ഗുരുസന്നിധേ ഇതൊന്നിറക്കിവച്ചാല്‍ അനുഗ്രഹധാരയവിടെ ഒഴുകിയെത്തും. 
ഒരു ദൈവസ്‌പര്‍ശം കൊതിച്ച്‌ ആള്‍ക്കൂട്ടത്തിലും പാതയോരത്തും ഇന്ന്‌ ഏറെപ്പേരുണ്ട്. ജീവിതത്തിന്റെ തിരക്കേറിയ നാല്‍ക്കവലകളില്‍ നട്ടം തിരിയുന്നവര്‍, ആരോരുമില്ലാത്ത ജനപഥങ്ങള്‍, ഏകാന്തതയുടെ കയ്‌പുനീരു കുടിക്കുന്നവര്‍... ഈ തകര്‍ന്ന ജനഹൃദയങ്ങളില്‍ ഗുരുസ്‌പര്‍ശനവുമായി കാത്തുനില്‍ക്കാന്‍ നമുക്കാവണം. നമ്മുടെ വസ്‌ത്രത്തിന്റെ വിളുമ്പില്‍ പിടിച്ചുവലിക്കുന്ന നിര്‍ജ്ജീവ ദേഹങ്ങളില്‍ മൃദുസ്‌പര്‍ശനമേകാന്‍ എനിക്കാവണം. 
ജായ്‌റോസിന്റെ മകളെ പുനര്‍ജീവിപ്പിക്കാനുള്ള യേശുവിന്റെ യാത്രയില്‍ ആരും ശ്രദ്ധിക്കാത്ത ഒരു കഥാപാത്രമുണ്ട്‌,  ഒരു ദൂതന്‍, പാതിവഴിയില്‍ ജായ്‌റോസിന്‌ മരണവാര്‍ത്ത കൊണ്ടുവരുന്നവന്‍. സിനഗോഗധികാരിയുടെ വീട്ടില്‍നിന്നും വരുന്നവന്‍.

അയാള്‍ ജായ്‌റോസിനെ അറിയിക്കുന്നത്‌ ദു:ഖവാര്‍ത്തയാണ്‌. "നിന്റെ മകള്‍ മരിച്ചുപോയി, ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട". 
അവന്റെ ഈ വാക്കുകള്‍ അവന്റെ മനോഗതത്തെ വെളിപ്പെടുത്തുന്നു. അതായത്‌ രോഗിയായിരുന്നവളെ സുഖപ്പെടുത്താന്‍ വരുന്നതില്‍ കാര്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അവള്‍ മരിച്ചുകഴിഞ്ഞശേഷം വന്നതുകൊണ്ട് ഫലമില്ല. 

പക്ഷെ ഉടനെവന്നു യേശുവിന്റെ മറുപടി: "ഭയപ്പെടേണ്ട ; വിശ്വസിക്കുക മാത്രം ചെയ്യുക". 

മനുഷ്യമനസ്സിന്റെ സത്യമാണ്‌ ഗുരു ഇവിടെ വിവരിക്കുന്നത്‌. ഞാന്‍ ഒരാളില്‍ വിശ്വാസമര്‍പ്പിച്ചാല്‍, ആ വ്യക്തിയെ ശരണപ്പെട്ടാല്‍, എനിക്കുവേണ്ടി  എന്ത്‌ ക്ലേശവും സഹിക്കുന്നതിന്‌ അയാള്‍ക്ക്‌ മടിയുണ്ടാവില്ല. "നീ എന്നില്‍ വിശ്വാസമര്‍പ്പിച്ചാല്‍ എനിക്കത്‌ ബുദ്ധിമുട്ടാവില്ല"!

പകലന്തിയോളം ജോലിചെയ്‌ത അമ്മതന്നെ മകന്റെ രോഗശയ്യക്കരികെ ഉറക്കമിഴച്ചിരിക്കുന്നത്‌ ഇതുകൊണ്ടാണ്‌. ചികിത്സക്കായി പറമ്പും വീടും വിറ്റ്‌ ദരിദ്രരാകുന്നവര്‍ ചെയ്യുന്നതിതാണ്‌. അദ്ധ്വാനിച്ചുണ്ടാക്കിയ കാശ്‌ മുഴുവന്‍ പ്രേയസിക്കായി ഒരുനിമിഷംകൊണ്ട് ചിലവഴിച്ചു തീര്‍ക്കുന്ന വിഡ്‌ഢിത്തം ഇതാണ്‌. നമ്മെ സ്‌നേഹിക്കുന്നവര്‍ക്കായി ഏത്‌ ക്ലേശവും നാം ഏറ്റെടുക്കും. അപരനെ ആത്മാര്‍ത്ഥമായി വിശ്വസിക്കുക, സ്‌നേഹിക്കുക. അപ്പോള്‍ നമുക്കുവേണ്ടി അവന്‍ എന്തുംചെയ്യും. 

വിശ്വാസമുള്ളിടത്ത്‌ പിന്നീട്‌ "പക്ഷേ"കളില്ല. "ചെയ്യാന്‍ പറ്റുമോ" എന്ന സംശയമില്ല. "ശ്ശേ" എന്ന സന്ദേഹമില്ല. എല്ലാം കഴിയും എന്ന ചിന്ത/വിശ്വാസം മാത്രം.




Thursday, September 26, 2013

സിറോ മലബാര്‍ കത്തോലിക്കാ സഭ (മാര്‍ത്തോമ നസ്രാണി സഭ) Part-I


മാര്‍ത്തോമ നസ്രാണി സഭ അല്ലെങ്കിൽ സിറോ മലബാര്‍ സുറിയാനി കത്തോലിക്കാ സഭആഗോള കത്തോലിക്കാ സഭയുടെ ഭാഗമായ ഒരു പൌരസ്ത്യ സഭയാണ്. AD 52-ൽ  കേരളത്തില്‍ വന്ന ഈശോ മിശിഹായുടെ ശിഷ്യനായ വിശുദ്ധ മാര്‍ത്തോമ സ്ലീഹയില്‍ നിന്നും വിശ്വാസം (മാര്‍ഗം ) സ്വീകരിച്ചവരാണ് മാര്‍ത്തോമ നസ്രാണികള്‍ , കേരളത്തിലെ ഏറ്റവും ആദ്യം ക്രിസ്ത്യാനികളായ മാര്‍ത്തോമ നസ്രാണികളുടെ പാരമ്പര്യത്തിലുള്ള സഭയാണ് സിറോ മലബാര്‍ സുറിയാനി കത്തോലിക്കാ സഭ. ഭാരതത്തിന്റെയും അതിന്റെ കവാടതിന്റെയും പാത്രിയർക്കീസ് ആയ പ. മാര്‍ ജോർജ് ആലഞ്ചേരി ബാവായാണ് സഭായുടെ തലവൻ.

മാര്‍ത്തോമ സ്ഥാപിച്ച സഭകള്‍
"It was to a land of dark people he was sent, to clothe them by Baptism in white robes. His grateful dawn dispelled India's painful darkness. It was his mission to espouse India to the One-Begotten. The merchant is blessed for having so great a treasure. Edessa thus became the blessed city by possessing the greatest pearl India could yield. Thomas works miracles in India, and at Edessa Thomas is destined to baptize peoples perverse and steeped in darkness and that in the land of India." – Hymns of St. Ephraem, edited by Lamy (Ephr. Hymni et Sermones, IV).
ഈശോ മിശിഹായുടെ അപ്പസ്തോലനായ തോമാ ശ്ലീഹാ മിശിഹായിക്ക്  ശേഷം ഒന്നാം നൂറ്റാണ്ടിൽ തന്നെ പേര്‍ഷ്യയിലും (പൗരസ്ത്യ സഭ AD37 ) AD 52-ൽ ഭാരതത്തിലും(മലബാര്‍ സഭ ) സുവിശേഷം അറിയിക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തു . തോമ ശ്ലീഹ സ്ഥാപിച്ച സഭയുടെ പുത്രീസഭയായാണു് പേർഷ്യയിലെ കല്‍ദായ സഭ . AD-410 സസാനിയന്‍ സാമ്രാജ്യം പേര്‍ഷ്യയിലെ സഭയെ ഔയ്ധ്യോഗിഗ സഭ ആയി പ്രക്യാപിച്ചു .ഈ സഭ നൂറ്റാണ്ടിനു മുന്‍പ് റോമാ സാമ്രാജ്യത്തിനു പുറത്തുള്ള രണ്ടു സഭകളില്‍ ഒന്നായിരുന്നു (രണ്ടാമത്തെ സഭ മലബാരിലെത് ).ഇക്കാലത്ത് പേർ‍ഷ്യയിലെ സെലൂക്യ —ക്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു.
തോമസ്ലീഹ സ്ഥാപിച്ചു എന്നത് കൊണ്ട് തന്നെ മലബാറിലെ നസ്രാണി സഭയും, പേര്‍ഷ്യയിലെ കല്‍ദായ സഭയും സഹോദര സഭകള്‍ ആയിത്തീര്‍ന്നു,തോമാസ്ലീഹായുടെ ശിഷ്യനായ മാര്‍ ആദി യാണ് പേര്‍ഷ്യന്‍ കല്‍ദായ സഭയുടെ നേതൃത്വം തോമസ്ലീഹയ്ക്ക് ശേഷം ഏറ്റെടുത്തത് .മാര്‍ ആദി അദ്ധേഹത്തിന്റെ ശിഷ്യനായ മാര്‍ മാരി എന്നിവര്‍ ചേര്‍ന്നാണ് പ്രസിദ്ധമായ ആദിയുടെയും മാരിയുടെയും കുർബ്ബാന  എന്നറിയപെടുന്ന ആരാധനാ ക്രമം സ്ഥാപിച്ചത് .മാര്‍തോമയുടെആശിർവാധതോടെ അദ്ധേഹത്തിന്റെ ശിഷ്യന്മാര്‍ സ്ഥാപിച്ച ഈ ആരാധനക്രമം മാര്‍ത്തോമ സ്ഥാപിച്ച പൗരസ്ത്യ സഭയും മാര്‍ത്തോമ നസ്രാണി സഭയും സ്വീകരിച്ചു.
            തോമാസിന്റെ നടപടികൾ എന്ന ഗ്രന്ഥം, സുവിശേഷങ്ങൾ കഴിഞ്ഞാൽ തോമാശ്ലീഹായെ സംബന്ധിച്ച ആദ്യ ഗ്രന്ഥമായി കരുതിപ്പോരുന്നു. പ്രസ്തുത കൃതിയെ 9 നടപടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിലെ ആദ്യ എട്ടു നടപടികളിൽ തോമാശ്ലീഹായുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നു. അതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം തോമാശ്ലീഹക്ക്‌ ഇന്ത്യയിലേക്ക്‌ പോകുവാൻ നറുക്ക്‌ വീണെങ്കിലും അദ്ദേഹം അവിടെ ഒഴിച്ച്‌ എവിടെ വേണമെങ്കിലും പോകാം എന്ന് പറയുകയും ചെയ്തു. എന്നാൽ ഈശോ മിശിഹാ സ്വപ്നത്തിൽ വന്ന് അവിടെ പോകുവാൻ പറയുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇന്ത്യയിൽ എത്തിയ തോമ്മാ ശ്ലീഹാ ഇന്ത്യയൊട്ടുക്കും സുവിശേഷം പ്രചരിപ്പിക്കുകയും കേരളത്തില്‍ വിശ്വാസി സമൂഹങ്ങളും ആരാധനാലയങ്ങളും സ്ഥാപിക്കുകയും ചെയ്തു ,ഇതാണ് മാര്‍ത്തോമ സ്ഥാപിച്ച എഴാരപ്പള്ളികള്‍ എന്നാ പേരില്‍ പ്രശസ്തമായത്‌ . മൈലാപൂര്‍ എന്നാ സ്ഥലത്ത് വച്ച് രക്തസാക്ഷിത്വം വരികുകയും ചെയ്തു.. എന്നാൽ നാലാം നൂറ്റണ്ടിൽ വിശ്വാസികൾ തോമാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ ഉർഹോയിലെക്ക് (ആധുനിക കാല തുർക്കിയിലെ എഡേസ) കൊണ്ടുപോവുകയും സെ. തോമസ് പള്ളീയിൽ സ്ഥാപിക്കുകയും ചെയ്തു. മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ ഉണ്ടായിരുന്ന  യഹൂദരെ മിശിഹായുടെ അനുയായികൾ ആക്കി മാറ്റി ഇവരാണ് മാർ തോമാ ക്രിസ്ത്യാനികളെന്നും നസ്രാണികൾ (നസ്രായനായ ക്രിസ്തുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ) എന്ന് പിന്നീടു അറിയപെട്ടത്‌ . 
കല്‍ദായ സഭയും കേരള സഭയും
സസനിയന്‍ സാമ്രാജ്യത്തില്‍ നിന്നും ഉള്ള സമ്മര്‍ദം മൂലം പൗരസ്ത്യ സഭ ആഗോള കത്തോലിക്കാ സഭയില്‍ നിന്നും അകലം പാലിച്ചു പോന്നു എന്നാല്‍എഫെസുസ് സുന്ഹധോസില്‍ വച്ച് പൗരസ്ത്യ സഭയില്‍ നിന്നും ഉള്ള നെസ്തോറിയൻ സിദ്ധാന്തംഎന്ന ആശയം തള്ളികളയുകയും അത് ഒരു പഷന്ധത ആയി പ്രക്യപിക്കുകയും ചെയ്തു .എഫെസുസ് സുഹ്നഹധോസിനു ശേഷം പൗരസ്ത്യ സഭ നെസ്റൊര്യന്‍ ആശയങ്ങള്‍ സ്വീകരിച്ചതായി പറയപെടുന്നു എന്നാല്‍ പേര്‍ഷ്യയിലെ കല്‍ദായ സഭ ആഗോള കത്തോലിക്കാ സഭയില്‍ നിന്നും പുറത്തു പോയിട്ടില്ല എന്ന വാദവും ശക്തമാണ് .
എന്തൊക്കെയായിരുന്നാലും പേര്‍ഷ്യയിലെ കല്‍ദായ സഭയും കേരളത്തിലെ മാര്‍ത്തോമനസ്രാണി സഭയും സഹോദരസഭാകള്‍ ആയിരുനു എന്നത് തര്‍ക്കമില്ലാത്ത വിഷയം ആണ്


Thursday, September 12, 2013

ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? (ജോബ് 38:4)


അനുഗ്രഹങ്ങൾ കിട്ടിയതുകൊണ്ടാണ് ജോബ് ദൈവത്തിന്റെ വിശ്വസ്ത ദാസനായി നില്ക്കുന്നതെന്നും ഇവയെ ല്ലാം നഷ്ടപ്പെട്ടാൽ അദ്ദേഹവും ദൈവത്തിൽനിന്ന് അകലുമെന്നും സാത്താൻ ദൈവത്തോട് പറഞ്ഞു. അങ്ങനെയെങ്കിൽ അവനെ നീ പരീക്ഷിച്ചുനോക്ക് എന്ന് ദൈവം സാത്താന് അനുമതി നൽകി. സാത്താന്റെ പരീക്ഷണത്തി ന്റെ ഭാഗമായി ജോബിന് മക്കളും സ മ്പത്തും നഷ്ടപ്പെട്ടു. ശരീരത്തിൽ വ്ര ണങ്ങൾ ഉണ്ടായി. ജോബിനുണ്ടായ അനർത്ഥങ്ങളെക്കുറിച്ച് അറിഞ്ഞ മൂന്ന് സ്‌നേഹിതന്മാർ ഒരുമിച്ച് ജോബിനെ കാണാനും ആശ്വസിപ്പിക്കാനും എ ത്തി. ജോബിന്റെ അവസ്ഥ കണ്ട അവർ ഉറക്കെ നിലവിളിച്ചു. വസ്ത്രം കീറി. തലയിൽ പൂഴി വാരിയിട്ടു. ജോബിന്റെ പീഡകൾ അതികഠിനമെന്ന് കണ്ട് ഒരക്ഷരം സംസാരിക്കാനാവാതെ ഏഴു രാ പകലുകൾ അവർ ജോബിനോടൊപ്പം നിലത്തിരുന്നു.

പിന്നീട് ജോബ് പരാതികളും ആവലാതികളും ദൈവസന്നിധിയിൽ പറയാൻ തുടങ്ങി. ഒരുപാട് ന്യായവാദങ്ങളും ദൈവസന്നിധിയിൽ ഉയർത്തി. നിരവധി ചോദ്യങ്ങൾ ദൈവത്തോട് ചോദിച്ചു. സ്വന്തം പാപം നിമിത്തമാണ് ജോബ് ക്ലേശങ്ങൾ സഹിക്കേണ്ടിവന്നതെന്ന് ജോബിന്റെ കൂട്ടുകാർ സ്ഥാപിക്കുവാൻ ശ്രമിക്കുന്നു. ജോബും കൂട്ട രും പറഞ്ഞ ന്യായവാദങ്ങളെയും ചോ ദിച്ച ചോദ്യങ്ങളെയുമെല്ലാം നേരിടുന്ന ദൈവത്തെ നാം കാണുന്നു. ദൈവം ജോബിനോട് പറഞ്ഞു: പൗരുഷത്തോ ടെ നീ അര മുറുക്കുക; ഞാൻ നിന്നെ ചോദ്യം ചെയ്യും. തുടർന്ന് ചോദ്യങ്ങളുടെ പരമ്പര ആരംഭിക്കുകയാണ്. ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു (38:4). നിനക്ക് അറിയാമെങ്കിൽ പറയുക എന്ന് ദൈവം ജോബിനെ ഇതേ വചനത്തിലൂടെ വെല്ലുവിളിക്കുന്നുമുണ്ട്. തുട ർന്ന് ദൈവം ചോദിക്കുന്ന ചോദ്യങ്ങളിൽനിന്ന് ചില സാമ്പിളുകൾ ഇവിടെ ഉദ്ധരിക്കട്ടെ: സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴി ഏതാണ്? കന്മഴയുടെ കലവറ നീ ക ണ്ടിട്ടുണ്ടോ? ഭൂമിയിൽ വ്യാപരിക്കു ന്ന കിഴക്കൻ കാറ്റിന്റെ പ്രഭവകേന്ദ്രത്തിലേക്കുള്ള വഴി ഏത്? മഴക്ക് ഒരു ജനയിതാവ് ഉണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? ആകാശത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളെ നിനക്കറിയാമോ? ഈബീസിന് ജ്ഞാനവും പൂവൻകോഴിക്ക് മുൻകൂട്ടി കാണാൻ കഴിവും കൊടുത്തത് ആരാണ്? നി ന്റെ കൽപനയാലാണോ കഴുകൻ പറന്നുയരുന്നതും ഉയർത്തിൽ കൂടുകൂട്ടുന്നതും? നീ ദൈവത്തെപ്പോലെ ശക്തനാണോ? അവിടുത്തെപ്പോലെ ഗർജനം മുഴക്കാൻ നിനക്കാകുമോ? നിനക്ക് മുതലയെ ചൂണ്ടയിട്ട് പിടിക്കാ മോ? അവന്റെ മൂക്കിൽ കയറിടാമോ?

ദൈവത്തിന്റെ ചോദ്യങ്ങളുടെ മുൻ പിൽ ജോബ് പതറി. ജോബിന്റെ പ്രതികരണം ഈ വാക്കുകളിൽ ഒതുങ്ങി; അങ്ങേക്ക് എല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശ്യവും ത ടയാനാവുകയില്ലെന്നും ഞാൻ അറിയുന്നു. അറിവില്ലാതെ ഉപദേശത്തെ മറച്ചുവയ്ക്കുന്നവൻ ആരാണ് എന്ന് അങ്ങ് ചോദിച്ചു. എനിക്ക് മനസിലാകാത്ത അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞുപോയി. കേൾ ക്കുക, ഞാൻ സംസാരിക്കുന്നു, ഞാൻ ചോദിക്കും, നീ ഉത്തരം പറയണം എ ന്ന് അങ്ങ് പറഞ്ഞു. അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു. അതിനാൽ ഞാ ൻ എന്നെത്തന്നെ വെറുക്കുന്നു. പൊടിയിലും ചാരത്തിലും കിടന്ന് ഞാൻ പശ്ചാത്തപിക്കുന്നു.

ദൈവത്തെ ചോദ്യം ചെയ്തയാൾ ദൈവത്തിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ കീഴടങ്ങുന്നു. ദൈവത്തോട് ന്യായം പറഞ്ഞവൻ ദൈവം പറഞ്ഞ ന്യായവാദങ്ങൾക്ക് മുൻപിൽ ഉത്തരം പറയാനില്ലാതെ അടിയറവ് പറയുന്നു. ജോബിനെ അവഹേളിക്കുവാനോ നാണംകെടുത്തുവാനോ ആയിരുന്നില്ല ദൈവത്തിന്റെ ചോദ്യങ്ങൾ. ജോബിനെ യാഥാർത്ഥ്യബോധത്തിലേ ക്ക് കൊണ്ടുവരിക എന്നത് മാത്രമായിരുന്നു ദൈവത്തിന്റെ ലക്ഷ്യം. ജോബ് സ്വന്തം നിസാരതയും ദൈവത്തിന്റെ ശക്തിയും ഏറ്റുപറഞ്ഞു. ചെയ്ത തെറ്റിനെയോർത്ത് അനുതപിച്ചു. അ പ്പോൾ ദൈവം ജോബിനെ സമൃദ്ധമാ യി അനുഗ്രഹിച്ചു. പരീക്ഷണത്തിന് മുൻപുണ്ടായിരുന്ന സമൃദ്ധി ഇരട്ടിയാ ക്കി തിരിച്ചുനല്കി.

നമ്മളും ദൈവത്തോട് ധാരാളം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ചിലപ്പോൾ ന്യായവാദങ്ങളും പറയാറുണ്ട്. ദൈവം നാലുചോദ്യങ്ങൾ തിരിച്ചു ചോദിച്ചാൽ നമുക്കും മറുപടി ഉണ്ടാവില്ല. ചോദ്യങ്ങളും ന്യായങ്ങളും ഉപേക്ഷിച്ച് എളിമയോടെ പ്രാർത്ഥിക്കാം. അപ്പോൾ ജോബിനെ എന്നതുപോലെ, ദൈവം നമ്മെയും അനുഗ്രഹിക്കും.

Written by  ഫാ. ജോസഫ് വയലിൽ സി.എം.ഐ
കടപ്പാട്  ശാലോം