Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, June 12, 2013

നമുക്കിടയിൽ ഇങ്ങനെയും ഒരാൾ!


ഭരണകൂടത്തിന്റെ കാപട്യങ്ങൾക്കും അഴിമതികൾക്കും നേരെ  വിരൽ ചൂണ്ടുമ്പോൾ തെല്ലും വളയാറുണ്ടായിരുന്നില്ല മുദ്രമോതിരമണിഞ്ഞ ആ വിരൽ. കർദിനാൾ സ്ഥാനലബ്ധി അറിഞ്ഞപ്പോൾ കാലം ചെയ്ത തന്റെ പിൻഗാമിയുടെ സ്ഥാനവസ്ത്രം അഴിച്ചുതുന്നി ധരിച്ചാൽ മതിയെന്നു വാശിപിടിച്ച ലാളിത്യമായിരുന്നു അത്. മരംകോച്ചുന്ന അർജന്റീനിയൻ ശിശിരത്തിലും 'സെൻട്രൽ ഹീറ്റിംഗ്' ആഡംബരമെന്നു കരുതിയ ഒരാൾ! ചേരികളിൽ സാധാരണ വൈദികന്റെ വസ്ത്രമണിഞ്ഞ് പാപികളെ തേടി അലഞ്ഞ ഇടയൻ. കൂടുതൽ കൂടുതൽ അറിയുന്തോറും ഉയരവും ഉൾക്കരുത്തും കൂടുകയാണ് ഈ ആത്മീയ വൃദ്ധന്.

അർജന്റീനയിലെ മാർപാപ്പയുടെ പ്രതിനിധിയായിരുന്ന ആർച്ച് ബിഷപ് ഉബാൾഡോ കലബ്രെസിയുമായി സൗഹൃദത്തിലായിരുന്നു അദ്ദേഹം. പല മെത്രാന്മാരുടെയും നിയമനത്തിനുമുമ്പ് നുൺഷ്യോ അഭിപ്രായം ആരാഞ്ഞിരുന്ന വൈദികരിൽ ഒരാളായിരുന്നു ഫാ. ബെർഗോളിയോ.

1992. ബ്യൂണസ് ഐറിസിൽനിന്നു കൊർഡോബ നഗരത്തിലേക്കുള്ള വിമാന സർവീസ് അക്കാലം മെൻഡോസ വഴിയായിരുന്നു. ബ്യൂണസ് ഐറിസിൽ യാത്രക്കാരെ ഇറക്കിയശേഷം മെൻഡോസയിലേക്ക് ഒരു ചെറുയാത്ര. മടങ്ങിയെത്തി പഴയ യാത്രക്കാരെയും കയറ്റി വീണ്ടും കൊർഡോബയിലേക്ക്. വിമാനത്താവളത്തിലെ ഈ ഇടവേളയിൽ ഒന്നു നേരിട്ടു കണ്ടു സംസാരിക്കാൻ കഴിയുമോയെന്നു തിരക്കി അപ്പസ്‌തോലിക് നുൺഷ്യോ.

1992 മെയ് 13. വിമാനത്താവളത്തിലെ സന്ദർശകഗാലറിയിൽ ഫാ. ബെർഗോളിയോയും ന്യൂൺഷ്യോയും മുഖാഭിമുഖം. പല കാര്യങ്ങളെക്കുറിച്ചും ചർച്ചചെയ്തു അവർ. ന്യൂൺഷ്യോയ്ക്ക് പോകേണ്ട വിമാനത്തിനുള്ള അനൗൺസ്‌മെന്റ് മുഴങ്ങി. നാടകീയമായി ന്യൂൺഷ്യോ പറഞ്ഞു: ''ഒരു കാര്യം മറന്നു. ബ്യൂണസ് ഐറിസ് അതിരൂപതയുടെ സഹായമെത്രാനായി താങ്കളെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുപതാം തിയതി ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടാവും.''

അരുതെന്നു പറയാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. അപ്പസ്‌തോലിക് നൂൺഷ്യോ വിമാനത്തിനടുത്ത ഗേറ്റിലേക്ക് തിടുക്കത്തിൽ നടന്നു. അമ്പരന്നു നിന്നു ഫാ. ജോർജ് ബെർഗോളിയോ. അദ്ദേഹത്തിനത് തെല്ലും താല്പര്യമുണ്ടായിരുന്നില്ലെന്ന് ആ മുഖഭാവം വിളിച്ച് പറഞ്ഞു. 

ബ്യൂണസ് ഐറിസ് അതിരൂപതയിൽ അക്കാലം കർദിനാൾ അന്റോണിയോ ക്വറാസിനോ ആയിരുന്നു ആർച്ച് ബിഷപ്. അദ്ദേഹം വിരമിക്കാൻ കാലമായി. മറ്റേതെങ്കിലുമൊരു രൂപതയിൽനിന്നു പുതിയ ആർച്ച് ബിഷപ് വന്നേക്കുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാൽ, സംഭവിച്ചതു മറ്റൊന്നാണ്.

1997 മെയ് 27. നുൺഷ്യോച്ചറിൽ നിന്നൊരു ഫോൺകോൾ. ഉച്ചഭക്ഷണം ഒന്നിച്ചാകാമെന്നു ക്ഷണിച്ചു മാർപാപ്പയുടെ പ്രതിനിധി. ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും കാപ്പി നുണഞ്ഞുതുടങ്ങി. യാത്ര പറഞ്ഞു പിരിയാം എന്നു കരുതുകയായിരുന്നു ബിഷപ് ബെർഗോളിയോ. അപ്പോഴാണ് ഒരു വലിയ കേക്കുമായി ഒരു വൈദികൻ ഊൺമുറിയിലേക്ക് കടന്നുവന്നത്. നുൺഷ്യോയുടെ ജന്മദിനമായിരിക്കുമെന്നാണ് ബിഷപ് ബെർഗോളിയോ കരുതിയത്.

''എന്റെ ജന്മദിനമൊന്നുമല്ല. താങ്കളുടെ പുതിയ സ്ഥാനലബ്ധി ആഘോഷിക്കാനാണിത്. 

കർദിനാൾ ക്വറാസിനോയുടെ പിൻഗാമിയായി താങ്കളെ നിയമിച്ചിരിക്കുകയാണ് വത്തിക്കാൻ''- നുൺഷ്യോ ഗൗരവപൂർവം പറഞ്ഞു.
ഏതെങ്കിലുമൊരു ചെറിയ രൂപതയിൽ ശിഷ്ടകാലം കഴിച്ചുകൂട്ടാൻ ആഗ്രഹിച്ചയാൾ ഇതാ രാജ്യത്തെ ഏറ്റവും മുതിർന്ന ബിഷപ്പിന്റെ കസേരയിലേക്ക്. സകലവും ദൈവഹിതം എന്നു കരുതി കീഴ്‌വഴങ്ങാനായിരുന്നു ബെർഗോളിയോയുടെ ആത്മപ്രചോദനം.

വൈദികർ ഇതാഗ്രഹിച്ചിരുന്നുവെന്നതാണ് സത്യം. ഏത് ഇടവകവൈദികനും എപ്പോൾ വേണമെങ്കിലും വിളിച്ചു സംസാരിക്കാവുന്ന വിധത്തിൽ ടെലിഫോൺ സ്ഥാപിച്ചു ബിഷപ് ബെർഗോളിയോ. ഒരുതരം ഹോട്ട്‌ലൈൻ. ഏതു പാതിരാത്രിയിലും മെത്രാനുമായി ഏതു കാര്യവും സംസാരിക്കാം വൈദികർക്ക്. അവർ നൊമ്പരങ്ങളും സ്വപ്‌നങ്ങളും നിരാശയുമൊക്കെ തങ്ങളുടെ ഇടയനോടു പങ്കുവച്ചു. സെക്രട്ടറിയെ ആവശ്യമില്ലെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു അദ്ദേഹം.

ഇടവകപ്പള്ളികളിലായിരുന്നു സായാഹ്നങ്ങൾ. രോഗികളായ വൈദികരെ പരിചരിക്കാൻ സ്വയം സമയം കണ്ടെത്തി മെത്രാൻ. കീറിയ വസ്ത്രങ്ങൾ തുന്നിച്ചേർത്തും ഭക്ഷണം സ്വയം പാകം ചെയ്തും ജീവിച്ചുപോന്നു അർജന്റീനയിലെ വ്യത്യസ്തനായ ഈ മെത്രാൻ. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കാനും മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാനും സന്നദ്ധനായിരുന്നു ഈ ബിഷപ്. എല്ലാ ടെലിഫോണുകളും മെത്രാൻ നേരിട്ട് അറ്റൻഡ് ചെയ്തു. ഒരു കൊച്ചു ഡയറിയിൽ തന്റെ യാത്രകളും മീറ്റിംഗുകളും കുറിച്ചുവച്ചു!
ബസിൽ സാധാരണക്കാർക്കിടയിലായിരുന്നു യാത്രകളേറെയും. ലോക്കൽ ട്രെയിനുകളിലെ തിരക്കിനിടയിലും നിരന്തര സാന്നിധ്യമായിരുന്നു ആ മുഖം. ഔദ്യോഗിക അവസരങ്ങളിലൊഴികെ എപ്പോഴും സാധാരണ പുരോഹിതന്റെ വേഷത്തിലായിരുന്നു ബെർഗോളിയോ. സ്റ്റീൽമാലയും കുരിശുംപോലും ഷർട്ടിനുള്ളിൽ സൂക്ഷിച്ചു. സാധാരണ ജനത്തിന്റെ വിയർപ്പും വേദനയും വികാരങ്ങളും നന്നായി മനസിലാക്കാൻ ഇത്തരം യാത്രകൾ സഹായകമായി.

''ഞാൻ ജോർജ് ബെർഗോളിയോ. ഒരു കത്തോലിക്കാ പുരോഹിതൻ'' ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പരിചയപ്പെടുത്തൽ. അടിസ്ഥാനപരമായി താനൊരു പുരോഹിതൻ മാത്രമാണെന്നും മറ്റെല്ലാം വെറും 'തസ്തികകൾ' മാത്രമാണെന്നും വിശദീകരിച്ചിരുന്നു അദ്ദേഹം.

ഒരിക്കൽ പ്രധാനപ്പെട്ടൊരു യോഗത്തിനു പോകാൻ ഇറങ്ങിയതായിരുന്നു കർദിനാൾ ബെർഗോളിയോ. റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുംമുമ്പ് ദേവാലയത്തിൽ കയറി അൽപനേരം പ്രാർത്ഥിക്കും. ഒരിക്കലും മുടക്കം വരാത്ത ചിട്ടയാണത്. അന്നും അതുപോലെ പ്രാർത്ഥനാനിരതനായി.
അദ്ദേഹത്തിനു പിന്നിലൊരു മുരടനക്കം. തിരിഞ്ഞുനോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടെന്നു വ്യക്തം. വഴുതിപ്പോകുന്ന ദൃഷ്ടി. ഉറയ്ക്കാത്ത കാൽച്ചുവടുകൾ.
''ഫാദർ എനിക്കൊന്നു കുമ്പസാരിക്കണം'' യുവാവ് പറഞ്ഞു.

''ക്ഷമിക്കണം, എനിക്കിപ്പോൾ അത്യാവശ്യമായി പോകേണ്ടതുണ്ട്. ഉടൻതന്നെ മറ്റൊരു വൈദികനെത്തും. അതുവരെ താങ്കൾ കാത്തിരിക്കണം.'' തിടുക്കത്തിൽ പറഞ്ഞൊപ്പിച്ചു കർദിനാൾ.
ദേവാലയത്തിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഒരു വടംവലി; താൻ ചെയ്തതു ശരിയായില്ലെന്നൊരു തോന്നൽ. വലിയൊരു കുറ്റബോധം. കർദിനാൾ തിരികെ നടന്നു, പള്ളിക്കുള്ളിലേക്ക്. ആ ചെറുപ്പക്കാരന്റെ പാപസങ്കീർത്തനം ക്ഷമയോടെ കേട്ടുകൊണ്ടിരുന്നപ്പോൾ തന്റെ യാത്രയുടെ കാര്യം മറന്നുപോയിരുന്നു അദ്ദേഹം.
ദീർഘമായ കുമ്പസാരത്തിനുശേഷം പാപമോചനം നൽകി എഴുന്നേറ്റു കർദിനാൾ. താൻ യാത്ര ചെയ്യേണ്ട ട്രെയിൻ ഇതിനകം തന്നെ കടന്നുപോയിക്കഴിഞ്ഞിരിക്കും എന്നുറപ്പ്. എങ്കിലും തിടുക്കത്തിൽ റെയിൽവേ സ്റ്റേഷനിലേക്കു നടന്നു അദ്ദേഹം.

അവിടെയൊരു ദൈവിക ഇടപെടൽ നടന്നിരുന്നു. ട്രെയിൻ വൈകിയിരിക്കുന്നു! ആ യുവാവിന്റെ കുമ്പസാരം കേൾക്കാൻ ചിലവഴിച്ച അത്രയും സമയമാണ് ട്രെയിൻ വൈകിയോടിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതം താൻ തന്നെ നിയന്ത്രിക്കുന്നതല്ലെന്നും ദൈവമാണ് അതിന്റെ നിയന്താവെന്നും ഒരിക്കൽക്കൂടി ഓർമിക്കുകയായിരുന്നു ആ ഇടയൻ. ഒരു വൈദികന്റെ ഏറ്റവും പ്രധാനമായ കടമ ദൈവജനത്തിനുവേണ്ടിയുള്ള ശുശ്രൂഷകൾതന്നെ. ഭരണപരമായ മറ്റെല്ലാ ജോലികളും ഒരുപടി താഴെ മാത്രം!

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ നിരന്തരം താൻ പാപിയാണെന്ന് ഏറ്റുപറയുകയും നിശബ്ദമായി വിലപിക്കുകയും ചെയ്യുന്ന ഒരാത്മാവിനെയാണ് ജീവചരിത്രഗ്രന്ഥത്തിൽ കാണുന്നത്.

''എന്നിൽ പാപമില്ലെന്നു ഞാൻ പറഞ്ഞാൽ അത് ആത്മവഞ്ചനയായിരിക്കും. ഞാനൊരു പാപിയാണെന്നതാണ് സത്യം. എന്നാൽ, ദൈവത്തിന്റെ മഹാകരുണ എന്റെ എല്ലാ അയോഗ്യതകളെയും അതിലംഘിക്കുകയാണ്'' പത്രോസിന്റെ ഈ പിൻഗാമി തന്നെത്തന്നെ വിലയിരുത്തുന്നു.

വിശ്വാസികളാണ് സഭയെന്നും വൈദികർ ജനത്തിന്റെ ശുശ്രൂഷകരാണെന്നും ഏറ്റുപറയുന്നു ഫ്രാൻസീസ് മാർപാപ്പ. ഒരുദാഹരണത്തിലൂടെ അദ്ദേഹമിതു വിശദീകരിക്കുന്നത് ഇങ്ങനെ:
''മാമോദീസയാണ് ഒരുവനെ വിശ്വാസത്തിൽ ജനിപ്പിക്കുന്നത്. ജപ്പാനിലെ കത്തോലിക്കരുടെ കാര്യം നോക്കുക. രണ്ടു നൂറ്റാണ്ടിലധികം ഒരൊറ്റ വൈദികൻ പോലുമുണ്ടായിരുന്നില്ല അവിടെ. മിഷനറിമാർ മടങ്ങിയെത്തിയപ്പോൾ അവർ കണ്ട കാഴ്ച അവർക്കുതന്നെ അമ്പരപ്പായി. അവിടുത്തെ വിശ്വാസികളെല്ലാവരും മാമോദീസ സ്വീകരിച്ചിരുന്നു. സഭയുടെ ക്രമപ്രകാരം തന്നെ എല്ലാവരും വിവാഹിതരായിരുന്നു. വിശ്വാസമനുസരിച്ചുതന്നെ മരിച്ചവരെല്ലാം സംസ്‌കരിക്കപ്പെട്ടു. അല്മായരാണ് ഇതത്രയും ചെയ്തത്. മാമോദീസ മാത്രം സ്വീകരിച്ചവരായിരുന്നു അവർ. ജ്ഞാനസ്‌നാനത്തിലൂടെ കൈവന്ന അഭിഷേകം അവരിൽ പലമടങ്ങായി പ്രവർത്തിക്കുകയായിരുന്നിരിക്കണം. ദൈവകരുണയിലാണ് നാം ആശ്രയിക്കേണ്ടത്.''

ദൈവകരുണ സകല നിയമങ്ങൾക്കും ഉപരിയാണെന്ന് പ്രഘോഷിക്കുകയായിരുന്നു അദ്ദേഹം. യോനാ പ്രവാചകനോടാണ് കടുംപിടുത്തക്കാരായ പുരോഹിതരെ അദ്ദേഹം ഉപമിക്കുന്നത്. നിയമവും ശിക്ഷയുമെല്ലാം വള്ളിപുള്ളി വിടാതെ നടപ്പാക്കാൻ തിടുക്കം കൂട്ടുന്നവർ. കർത്താവിന്റെ മഹാകരുണയെ കാണാതെ പോകുന്നവർ!

''നമ്മുടെ കടുംപിടുത്തങ്ങൾ നമുക്കുതന്നെ ഒരു തടവറ തീർക്കുകയാണ്. പരിശുദ്ധാത്മാവിനെ നാം ആ തടവറയ്ക്കുള്ളിൽ തളച്ചിട്ടിരിക്കുകയാണ്.'' ആത്മാവുള്ളിടത്തു സ്വാതന്ത്ര്യവും സ്‌നേഹവുമുണ്ടെന്നും ഉറക്കെ വിളിച്ചുപറയുകയാണ് ഫ്രാൻസീസ് പാപ്പ.

''ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഞാൻ ഒരു പാവപ്പെട്ട വിധവയുടെ ഏഴുമക്കൾക്ക് ഒരേസമയം ജ്ഞാനസ്‌നാനം നൽകിയത്. ഒരു വീട്ടുവേലക്കാരിയാണവൾ. സമൂഹത്തിന്റെ പര്യമ്പുറത്തു നിന്നൊരുവൾ. രണ്ടു പുരുഷന്മാരിൽ നിന്നാണ് അവളുടെ ഈ ഏഴുമക്കൾ. അവൾ എന്നോടു പറഞ്ഞു: 'പിതാവേ, ഞാൻ പാപം ചെയ്തു ജീവിക്കുന്നവളാണ്. എന്റെ മക്കളെ ഞാൻ മാമോദീസ മുക്കിയിട്ടില്ല. ആ ചടങ്ങു നടത്താൻ പോലും പണമില്ലാത്തളാണ് ഞാൻ. രാവും പകലും കൂലിവേല ചെയ്താലും ഏഴുമക്കളും ഞാനും അർദ്ധപട്ടിണിയിലാണ്. പിന്നീട് വിശദമായി സംസാരിക്കാമെന്നു ഞാനവളോടു പറഞ്ഞു.'' ഫ്രാൻസീസ് പാപ്പ കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

''പിന്നീട് ഞാനവളെ ഫോൺ വിളിച്ചു. ആ സ്ത്രീ എന്നെ വന്നു കണ്ടു. ഏഴുമക്കൾക്കുവേണ്ടി തലതൊട്ടപ്പനെയും തലതൊട്ടമ്മയെയും കണ്ടെത്താൻപോലും കഴിഞ്ഞില്ല അവൾക്ക്. ഒരു പിഴച്ച പെണ്ണിനെ തീണ്ടാപ്പാട് അകലെ നിർത്താൻ താൽപര്യപ്പെട്ട വിശ്വാസികൾ! അവളെയും കുട്ടികളെയും വേദപാഠം പഠിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ആർച്ച് ബിഷപ്പിന്റെ അരമനയിലെ ചാപ്പലിൽ തന്നെ ഏഴുമക്കളുടെയും ജ്ഞാനസ്‌നാനം നടത്തി. ചടങ്ങുകൾക്കുശേഷം ചെറിയൊരു വിരുന്നും ഞങ്ങൾ ഒരുക്കിയിരുന്നു; അവർക്ക് ലഭിക്കുന്ന പരിഗണന വിശ്വസിക്കാനാവാതെ ആ സാധുസ്ത്രീ വിതുമ്പിപ്പോയി. ഞാനവളോടു പറഞ്ഞു: ''മകളേ, ഈശോയുടെ സ്‌നേഹമാണ് നിന്നെ പ്രാധാന്യമുള്ളവളാക്കിയത്.''
''കാനൻ നിയമത്തിലെ അവസാനത്തെ കാനൻ ഇതാണ്: ആത്മാക്കളുടെ രക്ഷയാണ് പരമപ്രധാന നിയമം.''

വഴി പിഴച്ചുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകാൻ ചില വൈദികർ മടിക്കുന്നതായി കേട്ടു അദ്ദേഹം. വിവാഹബന്ധത്തിനു പുറത്തു ജനിക്കുന്ന മക്കൾക്ക് മാമോദീസ നൽകരുതെന്ന കടുംപിടുത്തക്കാരായിരുന്നു അവർ.
''മാതാപിതാക്കളുടെ വിവാഹജീവിതം ഒരു കുഞ്ഞിന്റെ ഉത്തരവാദിത്തമാണോ? ചില അവസരങ്ങളിൽ ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് സഭ മാമോദീസ നൽകുന്നതിലൂടെ മാതാപിതാക്കൾ നവീകരിക്കപ്പെടാറുണ്ട്'' - ദൈവകരുണയുടെ ഈ പ്രവാചകന്റെ വിശദീകരണം.

സഭ സമ്പന്നർക്കും വിശുദ്ധർക്കും മാത്രമുള്ളതല്ലെന്ന് തന്റെ പ്രസംഗങ്ങളിൽ ഉടനീളം പറഞ്ഞിരുന്നു കർദിനാൾ ബെർഗോളിയോ. ക്രിസ്തുവിന്റെ സഭ പാപികളുടേതും വ്യഭിചാരികളുടേതും കൊലപാതകികളുടേതുമാണ്. കാരണം, പാപികളെ രക്ഷിക്കാനാണ് അവൻ അവതരിച്ചത്. പാപത്തിന്റെ തടവറയിൽ കഴിയുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കാണാതെ പോകുമ്പോൾ ഫരിസേയന്റെ കപടനാട്യമാവുന്ന പുളിപ്പ് ക്രിസ്തുവിന്റെ സഭയെയും ദുഷിപ്പിക്കുന്നുവെന്നു പറയുന്നു അദ്ദേഹം.

വിശുദ്ധ കൊച്ചുത്രേസ്യയുടെ നിതാന്ത ഭക്തനാണ് ഫ്രാൻസീസ് പാപ്പ. റോമിൽ വത്തിക്കാൻ കൊട്ടാരത്തിനടുത്തുള്ള ഒരു ദേവാലയം. കുറെ ദിവസങ്ങളായി രാവിലെ കൃത്യം ഒൻപതുമണിക്ക് ദേവാലയത്തിലെത്തി അരമണിക്കൂറോളം മുട്ടിന്മേൽനിന്നു പ്രാർത്ഥിക്കുന്ന വൃദ്ധ വൈദികനെ ശ്രദ്ധിച്ചുതുടങ്ങി ദേവാലയചുമതലയുള്ള സന്യാസവൈദികർ. ഒരിക്കൽ പോലും ആ സന്ദർശനം വൈകാറില്ല. തന്റെ താമസസ്ഥലത്തുനിന്ന് നടത്തം തുടങ്ങി ഈ ദേവാലയത്തിലെത്തി ദീർഘമായ പ്രാർത്ഥന. പിന്നെ വത്തിക്കാൻ അരമനയിലേക്കു ദ്രുതഗതിയിലുള്ള നടത്തം.
സങ്കീർത്തിയുടെ ഉള്ളിൽനിന്നു സന്യാസവൈദികർ ഇദ്ദേഹത്തെ തന്നെ ശ്രദ്ധിക്കുക പതിവായിരുന്നു. പ്രാർത്ഥന കഴിഞ്ഞാലുടൻ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപത്തിനു മുന്നിലെത്തും. അവിടെയും കൈകൂപ്പി കുറച്ചു നേരം. ഒടുവിൽ പ്രായംചെന്ന അമ്മച്ചിമാരെപ്പോലെ രൂപത്തിന്റെ കാലിൽ തൊട്ടു വന്ദിക്കും!
അങ്ങനെയൊരു ദിവസം ഒരു സന്യാസവൈദികൻ അതു കണ്ടുപിടിച്ചു. വൃദ്ധവൈദികന്റെ കറുത്ത ളോഹയിൽ ചുവന്ന ബട്ടണുകൾ: ''ഇദ്ദേഹം ഒരു കർദിനാളാണ്!''
പിറ്റേന്ന് തിടുക്കത്തിൽ പ്രാർത്ഥന കഴിഞ്ഞു മടങ്ങുന്ന അദ്ദേഹത്തിനു മുന്നിൽ ചെറുപ്പക്കാരനായ സന്യാസവൈദികനെത്തി. 
''അങ്ങൊരു കർദിനാളാണ്, അല്ലേ?''

''അതെ, ഞാൻ ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ് ആണ്'' വിനയപൂർവമുള്ള മറുപടി.
അത്ഭുതം കൂറിനിന്നു ആ യുവവൈദികൻ: ''ഇങ്ങനെയുമുണ്ടോ കർദിനാൾമാർ!''
പുതിയ കാലത്തിനും പുതിയ ലോകത്തിനും വേണ്ടി ദൈവം കരുതിവച്ചിരുന്ന ഒരാൾ- അതാണ് ഫ്രാൻസീസ് മാർപാപ്പ. ഈ പുസ്തകം ആ വലിയ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്.
അതെ, നമുക്കിടയിൽ ഇങ്ങനെയും ഒരാൾ...

ശലോമിൽ വന്നലേഖനം 
Written by  ശാന്തിമോൻ ജേക്കബ്

Saturday, June 1, 2013

സ്‌നേഹം എല്ലാം ക്ഷമിക്കും: ഗ്ലാഡിസ് സ്‌റ്റെയിൻസ്


ന്യൂഡൽഹി: ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവാർട്‌സ് സ്റ്റെയിൻസിനെയും പിഞ്ചുബാലന്മാരെയും 1999-ൽ ഒറീസയിലെ ബാരിപ്പഡയിൽ മത തീവ്രവാദികൾ ജീവനോടെ ചുട്ടുകൊന്നിരുന്നു. ഈ കേസിലെ രണ്ട് പ്രതികളെ സിബിഐ ഇക്കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തു.

ഘനശ്യാം മഹന്ത, രാംജാൻ മഹന്ത എന്നിവരെയാണ് ഒഡീഷയിലെ കിയോൻജ ർജില്ലയിലെ അനന്തപുരിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഭുവനേശ്വറിലെ സിബിഐ ഹെഡ്ക്വാർട്ടേഴ്‌സിൽ ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി. 

1965-മുതൽ ഒറീസയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷൻ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. മക്കൾ എസ്‌തേർ, തിമോത്തി, ഫിലിപ്പ്. ഈ കുടുംബം മയൂർഭഞ്ചിലെ വനത്തോടു ചേർന്നുള്ള ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ഒഡീഷയിൽ കുഷ്ഠരോഗികളെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും സമൂഹം അകറ്റി നിർത്തിയിരുന്നു. വർഷങ്ങളായി സമൂഹത്തിന്റെ പുറംപോക്കിൽ കഴിഞ്ഞ ഈ കുഷ്ഠരോഗികളെയും അവരുടെ മക്കളെയും ചികിത്സിക്കുകയും അവരെ പുനരധിവസിപ്പിക്കുകമായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. ഗ്ലാഡിസിനെ വിവാഹം കഴിക്കുന്നതിന് മുമ്പ്തന്നെ ഗ്രഹാം, ഇന്ത്യയിലെത്തിയിരുന്നു. അവധിക്കായി ഓസ്‌ത്രേലിയയിലെത്തിയ നാളുകളിൽ ഗ്രഹാമിനെ പരിചയപ്പെട്ട ഗ്ലാഡിസ് അദ്ദേഹത്തിന്റെ സേവനതൽപ്പരതയും ആത്മാർത്ഥത യും മനസിലാക്കി. വിവാഹത്തിന് ശേഷം ഗ്രഹാമിനൊപ്പം ഇന്ത്യയിലെത്തിയ ഗ്ലാഡിസ് പിന്നീട് ഭാരതത്തെ ജന്മനാട് പോലെ സ്‌നേഹിച്ചു. കുഷ്ഠരോഗികളുടെ ശുശ്രൂഷയിൽ ഭർത്താവിനൊപ്പം അവരും പങ്കാളിയായി. മക്കളായ പത്തുവയസുകാരൻ ഫിലിപ്പും, എട്ടുവയസുകാരൻ തിമോത്തിക്കും ഒപ്പമാണ് ഗ്രഹാം തന്റെ തന്നെ ജീപ്പിൽ കൊല്ലപ്പെടുന്നത്. 

വനത്തിനടുത്ത കുഷ്ഠരോഗികളുടെ കോളനിയിൽ രാത്രിയിൽ നടന്ന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തശേഷം ദൂരെയുള്ള ഭവനത്തിലേക്ക് പോകാൻ വൈകിയതിനാലാണ് ഗ്രഹാം ജീപ്പിൽ ഉറങ്ങാൻ തീരുമാനിച്ചത്. 

ശൈത്യത്തിൽ നിന്നും രക്ഷപ്പെടാൻ അ വരുടെ  ജീപ്പിന് മുകളിൽ വൈക്കോൽ വിതറിയിരുന്നു. ഗ്രഹാമിനെയും മക്കളെയും കൊല്ലാൻ തീരുമാനിച്ച തീവ്രവാദികളായ ധാരാസിംഗും സംഘവും ജീപ്പിന് മുകളിലൊഴിക്കാൻ പെട്രോളും കരുതിയാണ് എത്തിയത്. ജീപ്പിന്റെ വാതിലുകൾ പുറത്തു നിന്നും പൂട്ടുകയും ഗ്രാമവാസികളെ അകറ്റി നിർത്താൻ ഗുണ്ടകളെ അവർ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. രാത്രിയുടെ അന്ത്യയാമത്തിലായിരുന്നു ഇങ്ങനെ അക്രമി സംഘം ജീപ്പ് വളഞ്ഞത്. ജീപ്പിന് മുകളിൽ വിതറിയിരുന്ന വൈക്കോലിൽ പെട്രോൾ ഒഴിച്ച് തീവെച്ചു. നിമിഷങ്ങൾക്കകം അഗ്നികുണ്ഡമായ ജീപ്പിനകത്തു നിന്നും ഗ്രഹാമിന്റെയും മക്കളുടെയും നിലവിളി ഉയർന്നു. രക്ഷിക്കാൻ ഓടിയെത്തിയ നാട്ടുകാരെ ധാരാസിംഗും സംഘവും വാളുകൾ വീശി ഓടിച്ചു. 

36 വർഷം ഒറീസയിലെ ആദിവാസികളെയും കുഷ്ഠരോഗികളെയും പരിചരിച്ച ഗ്രഹാം സ്റ്റെയിൻസും മക്കളും അപ്പോഴേക്കും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞിരുന്നു. നന്ദികേടിന്റെ മറക്കാനാവാത്ത ഇരയായി ആ സാധുമനുഷ്യനും അദ്ദേഹത്തിന്റെ ഓമനപ്പുത്രന്മാരും. പിതാവിനെ മാതൃകയായി കണ്ട ഫിലിപ്പും തിമോത്തിയും തങ്ങളുടെ ജന്മദിനങ്ങളൊക്കെയും ആഘോഷിച്ചിരുന്നത് ഈ കുഷ്ഠരോഗികളൊടൊത്തായിരുന്നു. അപ്പന്റെ യാത്രകളിലൊക്കെ മക്കളും അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. അത്തരത്തിലൊരു യാത്ര അവരുടെ അന്ത്യയാത്രയായി. പിതാവിനെപ്പെലെ മനുഷ്യരെ സ്‌നേഹിച്ച് അവർക്കായി ജീവിക്കാനാഗ്രഹിച്ചവരായിരുന്നു മക്കളും. ഗ്രഹാമിന്റെ മരണം വർഗീയവാദികൾ ആഘോഷിച്ചു. സാമൂഹ്യവിരുദ്ധനും ക്രിമിനലുമായ ധാരാസിംഗിന് വീരാളിപ്പട്ടു നൽകി ആദരിക്കാനും, അയാൾക്ക് വേണ്ടി സൗജന്യമായി കേസ് വാദിക്കാനും, ചിലരൊക്കെ മുന്നോട്ട് വന്നു. 
ഭർത്താവിന്റെ മരണശേഷം മയൂർഭഞ്ച് വിട്ടുപോകാൻ അദ്ദേഹത്തിന്റെ ഭാര്യ ഗ്ലാഡിസ് വിസമ്മതിക്കുകായിരുന്നു. ഭർത്താവിന്റെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ, ആർക്ക് വേണ്ടി അദ്ദേഹം ജീവിച്ചോ അവർക്കുവേണ്ടി തന്റ ശിഷ്ടജീവിതം മാറ്റിവെച്ച ഗ്ലാഡിസിനെ ഇന്ത്യയിലെ മതേതരവാദികളായ മനുഷ്യർ ഹൃദയം തുറന്ന് അഭനന്ദിച്ചു. 

ധാരാസിംഗിന് വധശിക്ഷ വിധിച്ചപ്പോൾ അയാളെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസാണ്. അന്ന് ഗ്ലാഡിസ് പറഞ്ഞ വാക്കുകൾ മനുഷ്യമനസുകളെ സ്പർശിച്ചു. ''എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭർത്താവിന്റെ ജീവിതം എനിക്ക് നൽകിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കൾ വളർന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വർഗത്തിൽ അവർ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കർത്താവിന്റെ പീഡനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാൽ ഗ്രഹാമിന്റെ ഘാതകനോട് ഞാൻ ക്ഷമിക്കുന്നു.''

തന്റെ മകൾ എസ്‌തേറിന്റെ പഠനവുമായി ബന്ധപ്പെട്ടാണ് ഗ്ലാഡിസ് ജന്മനാടായ ഓസ്‌ത്രേലിയയിലേക്ക് തിരിച്ചത്. അവർ മടങ്ങിപ്പോയപ്പോൾ ബാരിപ്പാഡയിലെ കുഷ്ഠരോഗികൾ പൊട്ടിക്കരഞ്ഞു. മാത്രമല്ല ഇന്ത്യയിൽ അവരെ സ്‌നേഹിച്ച എല്ലാവരും ദു:ഖിച്ചു, മടങ്ങിവരണം എന്ന സ്‌നേഹത്തോടെയുള്ള ആവശ്യം അവർക്ക് നിഷേധിക്കാനായില്ല. തിരികെ വരുമെന്ന ഉറപ്പോടെതന്നെയാണ് ഗ്ലാഡിസ് മടങ്ങിയത്. 

പിന്നീട് ഇന്ത്യയിലെ പല പ്രമാദമായ കൊലപാതകങ്ങൾ ഉണ്ടായപ്പോഴും, കൊല്ലപ്പെട്ടവരുടെ വിധവകളെയും അവരുടെ ബന്ധുക്കളെയും ആശ്വസിപ്പിച്ച് ഗ്ലാഡിസ്പറയും. ''ക്ഷമിക്കുക... ക്ഷമിക്കാനും സഹിക്കാനും കഴിഞ്ഞില്ലെങ്കിൽ നാമാരും വിശ്വാസികളല്ല; ദൈവമക്കളുമല്ല.'' വചനാധിഷ്ഠിത വാക്കുകളിലൂടെ അവർ ജനങ്ങളോട് സംസാരിച്ചു. അന്താരാഷ്ട്ര സെമിനാറുകളിൽ പങ്കെടുക്കുമ്പോൾ അവരുടെ വാക്കുകൾ കേട്ട അമ്മമാരും സ്ത്രീകളും നിറകണ്ണുകളോടെ അവരെ സാകൂതം നോക്കി. ഇങ്ങനെയും മനുഷ്യരോ?  

വളരെ വൈകിമാത്രം പ്രവർത്തിക്കുന്ന ഇന്ത്യൻ നീതിന്യയ സംവിധാനങ്ങളെക്കുറിച്ചോ, കോടതികളെക്കുറിച്ചോ, ജാതിയും മതവും നോക്കി കുറ്റവാളികളെ തീരുമാനിക്കുന്ന ഒഡീസയിലെ പോലീസിനെക്കുറിച്ചോ ഇന്നുവരെയും ഗ്ലാഡിസ് ആരോടും പരാതി പറഞ്ഞിട്ടില്ല. 

ഓസ്‌ത്രേലിയയിലെ സിഡ്‌നിയിൽ നിന്നും പല തവണ സൺഡേ ശാലോമിനോട് സംസാരിച്ചിട്ടുള്ള ഗ്ലാഡിസ്, ഗ്രഹാമിനെ ചുട്ടുകൊന്ന രണ്ട് കുറ്റവാളികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു എന്നറിഞ്ഞിട്ടും തെല്ലും സന്തോഷിക്കുന്നില്ല. പാപികളെ സ്‌നേഹിക്കാനും പാപത്തെ വെറുക്കാനും പഠിപ്പിച്ച ദൈവവചനം ഉൾക്കൊണ്ടു ജീവിച്ച ഗ്ലാഡിസ് ഇന്നും തന്റെ ബോധ്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. ''എന്റെ കർത്താവ് എന്നെ അളവറ്റ് സ്‌നേഹിക്കുന്നതിനാൽ അവിടുന്നു നൽകുന്ന സഹനങ്ങളെ ഞാൻ സ്വീകരിക്കുന്നു, എനിക്കാരെയും വെറുക്കാൻ കഴിയില്ല.'' ഗ്ലാഡിസ് പറയുന്നു.

കടപ്പാട് സണ്‍‌ഡേ ശാലോം 
സണ്‍‌ഡേ ശലോമിൽ Friday, 24 May 2013  വന്ന ലേഖനം 

Monday, May 27, 2013

എംപറർ എമ്മാനുവൽ ട്രസ്റ്റിന്റെ അബദ്ധപ്രബോധനങ്ങൾ


എംപറർ എമ്മാനുവൽ ട്രസ്റ്റിന്റെ പ്രബോധനങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് കത്തോലിക്കാസഭ ഇതിനെ എതിർക്കുന്നത്? തോമസ് മാത്യു, തൃശൂർ

ഇരിങ്ങാലക്കുട അടുത്ത് മൂരിയാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എംപറർ എമ്മാനുവൽ ട്രസ്റ്റ് എന്ന പ്രസ്ഥാനം വിശ്വാസമേഖലയിൽ മാത്രമല്ല സാമൂഹിക - കുടുംബ ജീവിതമേഖലകളിലും ഭിന്നതയ്ക്കു കാരണമാകുന്നുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ഇത് ഒരു സഭയോ വിശ്വാസ സമൂഹമോ അല്ല, മറിച്ച് ട്രസ്റ്റ് ആണ്. 'ട്രസ്റ്റ്' എന്ന പദത്തിന് വിഖ്യാതമായ നിഘണ്ടുക്കൾ നൽകുന്ന നിർവ്വചനം ശ്രദ്ധിക്കുക. ''ഗുണഭോക്താക്കളുടെ ഉപയോഗത്തിനായി സ്വന്തം സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശം ഏതെങ്കിലുമൊരു വ്യക്തിയെ (Trustee) ചുമതലപ്പെടുത്തുന്ന നൈയാമിക വ്യവസ്ഥയ്ക്കാണ് ട്രസ്റ്റ് എന്നുപറയുന്നത്.'' ഇത്തരം ട്രസ്റ്റുകൾക്ക് സർക്കാരിൽനിന്ന് നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്. എമ്മാനുവൽ എംപററിലുള്ള വിശ്വാസം സാമ്പത്തിക മേഖലയെ ലാക്കാക്കിയാണെന്ന് ഈ പേരുതന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഇവർ കത്തോലിക്കാവിശ്വാസത്തിലെ അടിസ്ഥാന പ്രമാണങ്ങളിൽ പലതും നിഷേധിക്കുന്നവരാണ്. താഴെപ്പറയുന്ന വസ്തുതകളിൽ നിന്നും ഇവ വ്യക്തമാണ്.

1. ത്രിതൈ്വക ദൈവത്തിലെ രണ്ടാമത്തെ ആളും ദൈവത്തിന്റെ ഏകപുത്രനും കന്യകാമറിയത്തിൽ നിന്നു  ശരീരം സ്വീകരിച്ച് മനുഷ്യനായി പിറന്നവനും പന്തിയോസ് പീലാത്തോസിന്റെ കാലത്തു കുരിശിൽ മരിച്ചവനുമായ യേശുക്രിസ്തുവാണ് ക്രൈസ്തവവിശ്വാസത്തിന് ആധാരം. യേശുവിലൂടെ കൈവന്ന രക്ഷയാണ് ക്രിസ്തീയ പ്രത്യാശയുടെ ഉറവിടം. എന്നാൽ പിതാവായ ദൈവം ആരംഭിച്ച രക്ഷാപദ്ധതിയിൽ രക്ഷകൻ ഇനിയും വന്നിട്ടില്ല എന്നും കന്യകയിൽനിന്നും ജനിക്കുന്ന എമ്മാനുവൽ എംപററിലൂടെയാണ് രക്ഷകൈവരുന്നതെന്നും ഇവർ പഠിപ്പിക്കുന്നു. അടുത്തകാലത്ത് അത്ഭുത ശിശുവായി എംപറർ ജനിച്ചതായും ഇവർ പഠിപ്പിക്കുന്നു. ദൈവപുത്രനായ ക്രിസ്തുവിനെയും അവിടുന്നു നേടിത്തന്ന രക്ഷയെയും നിഷേധിക്കുന്നു എന്നതാണ് ഇവരുടെ പഠനങ്ങളിലെ ഏറ്റവും നിഷേധാത്മകമായിട്ടുള്ളത്.

2. യേശു നേടിത്തന്ന രക്ഷയെ നിഷേധിക്കുന്നതിനാൽ, തിരുസഭ, കൂദാശകൾ, സഭയുടെ ഹയരാർക്കി എന്നിവയെ ഇവർ നിഷേധിക്കുന്നു. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് വൈദിക വിദ്വേഷം ജനിക്കുന്നതിനുതകുന്ന പഠനങ്ങളും ദൃശ്യങ്ങളും ഇവർ സംലഭ്യമാക്കുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ഒരു വശത്ത് കൂദാശകൾക്കെതിരായി പഠിക്കുമ്പോഴും തങ്ങളുടെ വലയിൽ അകപ്പെട്ട രണ്ടു വൈദികരെ ഉപയോഗിച്ചുകൊണ്ട് ഇവരുടെ കൂടാരത്തിൽ കുമ്പസാരവും വിശുദ്ധ കുർബ്ബാനയും പരികർമ്മം ചെയ്തുകൊണ്ട് സാധാരണക്കാരായ വിശ്വാസികളുടെയിടയിൽ തങ്ങൾ കത്തോലിക്കാ ആധ്യാത്മികതയാണ് അനുധാവനം ചെയ്യുന്നത് എന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.

3. പരിശുദ്ധ ത്രിത്വത്തെക്കുറിച്ചും വികലമായ പഠനങ്ങളാണ് ഇവർ നടത്തുന്നത്. പരിശുദ്ധ മറിയത്തെ ത്രിതൈ്വക ദൈവത്തിലെ ആളായി അവതരിപ്പിച്ചുകൊണ്ട് നിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ കൗൺസിലുകൾ പഠിപ്പിച്ച ത്രിതൈ്വക ദൈവവിശ്വാസത്തെ ഇവർ നിഷേധിക്കുന്നു. ഉൽപ 1:25-27; വെളി 12:1-4 എന്നീ വചനഭാഗങ്ങളെ ദുർവ്യാഖ്യാനം ചെയ്താണ് എംപറർ എമ്മാനുവലിനു ജന്മം നൽകുന്ന മറിയത്തെ ദൈവികസത്തയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. ഏറ്റവും അനുഗ്രഹീതയും ഭാഗ്യവതിയുമായ മറിയം ദൈവമാതാവും നിത്യകന്യകയും അമലോത്ഭവവും സ്വർഗ്ഗാരോപിതയുമാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നു. എന്നാൽ മറിയത്തെക്കുറിച്ചുള്ള ഈ നാലു വിശ്വാസസത്യങ്ങളിലും പരിശുദ്ധ അമ്മ ദൈവത്തിന്റെ സൃഷ്ടിയാണെന്നും ദൈവമല്ലെന്നും വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിനെ മനസിലാക്കാത്തവർക്ക് മറിയത്തെ ശരിയായി മനസിലാക്കാനാകില്ല എന്ന സത്യത്തിനുള്ള സജീവദൃഷ്ടാന്തമാണ് എംപറർ എമ്മാനുവൽ ട്രസ്റ്റ്.

4. ലോകാവസാനത്തെക്കുറിച്ച് വികലമായ ധാരണകൾ പുലർത്തുന്ന ഇവർ അണികളിൽ അനാവശ്യമായ ഭയം ജനിപ്പിക്കുന്നു. 2010, 2012, 2014, 2020 വർഷങ്ങൾ ലോകാവസാനത്തിന്റെ വർഷങ്ങളായി ഇവർ മാറിമാറി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജ പ്രസ്താവനകളെ ശാസ്ത്രീയ നിഗമനങ്ങളായി അവതരിപ്പിക്കുന്നതിലൂടെ ഒട്ടനവധി വ്യക്തികൾക്കിടയിൽ ഭയവും തെറ്റിദ്ധാരണയും ജനിപ്പിക്കാൻ ഈ പ്രസ്ഥാനം ഇടവരുത്തുന്നുണ്ട്. ബൈബിളിലെ ലോകാവസാന വിവരണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതിൽ ഇവർ പ്രാഗത്ഭ്യം കാട്ടുന്നു. വെളിപാടു സാഹിത്യശൈലിയുടെ പ്രതീകങ്ങളും രൂപകങ്ങളുമുപയോഗിച്ചാണ് സുവിശേഷങ്ങളിൽ ഈശോ ലോകാവസാനത്തെക്കുറിച്ചു പഠിപ്പിക്കുന്നത് (മത്താ 24; മർക്കോ 13; ലൂക്ക 21). ലോകസൃഷ്ടിയെക്കുറിച്ചുള്ള ഉൽപത്തി പുസ്തകത്തിലെ വിവരണം അക്ഷരാർത്ഥത്തിലുള്ള വ്യാഖ്യാനത്തിനുള്ളതല്ലാത്തതുപോലെ ലോകാവസാനത്തെക്കുറിച്ചുള്ള വിവരണങ്ങളും അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കാനുള്ളതല്ല.

ലോകാവസാനത്തിൽ ഭൂമിമുഴുവൻ കത്തിചാമ്പലാകുമെന്ന് 2 പത്രോസ് 3:7-13 ന്റെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാൽ ഇത് പ്രതീകാത്മക വിവരണമാണ്. ഈ വചനഭാഗത്തെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കരുതെന്ന് 1452 ൽ രണ്ടാം പിയൂസ് പാപ്പ പഠിപ്പിച്ചു. ലോകാവസാനത്തിൽ സംഭവിക്കുന്ന ഭീകരസംഭവങ്ങൾക്കല്ല ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിനാണ് പ്രാധാന്യം കൽപിക്കേണ്ടത് എന്നാണ് സഭയുടെ പഠനം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവോടെ ഈ ലോകം അതിന്റെ ലക്ഷ്യത്തിലെത്തിച്ചേരുന്നു എന്നതാണ് പ്രസക്തമായ വിഷയം. അവൻ എപ്പോൾ വന്നാലും നാം ഒരുക്കമുള്ളവരായി അവനെ സ്വീകരിക്കുക എന്നതാണ് അടിസ്ഥാനപരമായ ആവശ്യം. അതിനാൽ നാം സദാ ജാഗരൂകരായിരിക്കണം'(മർക്കോ 13:37). മിശിഹായുടെ രണ്ടാമത്തെ ആഗമനത്തെ സൂചിപ്പിക്കുന്ന പദം 'പരുസിയ'  (Parousia) എന്നതാണ്. വെളിപ്പെടുത്തൽ'എന്നാണ് ഈ പദത്തിന്റെ അർത്ഥം. ക്രിസ്തുവിന്റെ മഹത്വം സമ്പൂർണ്ണമായും ഈ ലോകത്തിനു വെളിപ്പെടുത്തുന്ന അവസരമാണിത്. മറ്റൊരു ഭാഷയിൽ ഈ ലോകത്ത് തന്റെ ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി നിരന്തരം പ്രവർത്തിക്കുന്ന ക്രിസ്തുവിന്റെ മഹത്വവും ദൈവരാജ്യത്തിന്റെ പൂർത്തീകരണവും സംഭവിക്കുന്ന സന്ദർഭമാണ് ദ്വിതീയാഗമനം.  രക്ഷാകരമായ ഈ പൂർത്തീകരണത്തിനായി സൃഷ്ടപ്രപഞ്ചം ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ് (റോമാ 8:19-22). ഈ സൃഷ്ടപ്രപഞ്ചം ദൈവമഹത്വത്തിന്റെ 'പുതിയ ആകാശവും പുതിയ ഭൂമിയുമായി രൂപാന്തരപ്പെടുന്നു അങ്ങനെ സൃഷ്ടപ്രപഞ്ചം സൃഷ്ടാവു നിശ്ചയിച്ച ലക്ഷ്യത്തിലെത്തിച്ചേരുന്ന അവസ്ഥയാണ് ലോകാവസാനം അഥവാ യുഗാന്തം എന്ന് അർത്ഥമാക്കുന്നത്. ഇതേക്കുറിച്ച് വത്തിക്കാൻ കൗൺസിൽ നടത്തുന്ന പഠനം ശ്രദ്ധാർഹമാണ്: 'ലോകത്തിന്റെയും മനുഷ്യരാശിയുടെയും അന്തിമഘട്ടം നമുക്കജ്ഞാതമാണ്. പ്രപഞ്ച രൂപാന്തരത്തിന്റെ ഭാവിസവിശേഷതകളും നമുക്കറിഞ്ഞുകൂടാ. പാപകലുഷിതമായ ലോകത്തിന്റെ ബീഭത്സരൂപം കടന്നുപോകും. എന്നാൽ നീതി വസിക്കുന്ന പുതിയ വാസസ്ഥലവും പുതിയ ഭൂമിയും നമുക്കായി ദൈവം ഒരുക്കിയിട്ടുണ്ടെന്ന് നമുക്കറിയാം. ആ സൗഭാഗ്യം മനുഷ്യഹൃദയത്തിലുരുവാകുന്ന സമാധാനത്തിനുവേണ്ടിയുള്ള എല്ലാ അഭിലാഷങ്ങളെയും പൂർത്തിയാക്കുകയും അവയെ അതിശയിക്കുകയും ചെയ്യുന്നു. അന്നു ദൈവപുത്രർ  മൃത്യുവിനെ ജയിച്ച് ക്രിസ്തുവിലുത്ഥാനം ചെയ്യും. ബലഹീനതയിലും ക്ഷയത്തിലും വിതയ്ക്കപ്പെട്ടവ അക്ഷയത്വത്താൽ അലങ്കരിക്കപ്പെടും. അവിടെ സ്‌നേഹവും അതിന്റെ പ്രവർത്തനങ്ങളും നിലനിൽക്കുകയും ദൈവം മനുഷ്യനുവേണ്ടി സൃഷ്ടിച്ചവയെല്ലാം വ്യർത്ഥതയുടെ ദാസ്യത്തിൽ നിന്നു സ്വതന്ത്രമാവുകയും ചെയ്യും' (സഭ ആധുനികലോകത്തിൽ, 39). ചുരുക്കത്തിൽ തിന്മയായതെല്ലാം അവസാനിപ്പിച്ച് നന്മയുടെ പൂർണ്ണതയായി പ്രപഞ്ചത്തെ ദൈവം രൂപപ്പെടുത്തുന്ന അവസരത്തെയാണ് ലോകാവസാനം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

5. രാജാവായ എമ്മാനുവലിന്റെ ആഗമനം അത്യാസന്നമാണെന്ന് എമ്മാനുവൽ എംപറർ ട്രസ്റ്റ് പഠിപ്പിക്കുന്നു. കർത്താവിന്റെ പെട്ടെന്നുള്ള ആഗമനത്തെ സൂചിപ്പിക്കുന്ന ചില വചനഭാഗങ്ങൾ പുതിയനിയമത്തിലുണ്ട്: ''കർത്താവു വാതിൽക്കൽ എത്തിയിരിക്കുന്നു'' (യാക്കോബ് 5:9); ''എത്തിക്കഴിഞ്ഞു'' (ഫിലി 4:5;1 പത്രോ 4:7), ''ആഗമനം സമീപസ്ഥമായി'' (ഹെബ്രാ 10:25),'' പെട്ടെന്നു വരുന്നു'' (വെളി 3:11; 22:7) എന്നീ പദപ്രയോഗങ്ങളെല്ലാം തന്നെ കർത്താവിന്റെ ആഗമനത്തിന്റെ ആസന്ന സ്വഭാവം വ്യക്തമാക്കുന്നതാണ്. എന്നാൽ ക്രിസ്തുവിന്റെ പ്രത്യാഗമനം വൈകുന്നത് വിശ്വാസികളെ സന്ദിഗ്ദ്ധാവസ്തയിലാക്കി. ഇതിനുള്ള പരിഹാരമാണ് പുതിയ നിയമഗ്രന്ഥങ്ങൾ നിർദ്ദേശിക്കുന്നത്.
കർത്താവിന്റെ ആഗമനദിനം ദൈവത്തിനുമാത്രമേ അറിയാനാകൂ (മത്താ 24: 42) എന്നും ദൈവത്തിന്റെ സമയക്രമത്തിൽ ആയിരം വർഷം ഒരു ദിനംപോലെ ഹ്രസ്വകാലമായാൽ (2 പത്രോ 3:8) അവിടുന്ന് വൈകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും കർത്താവിന്റെ ആഗമനം വൈകുന്നത് സഹനത്തിലൂടെയുളള സഭയുടെ വിശുദ്ധീകരണം പൂർത്തിയാക്കുന്നതിനുവേണ്ടിയാണെന്നും (1 തെസ 2:1-2; 2 തെസ 2;13; പുതിയനിയമഗ്രന്ഥകർത്താക്കൾ വാദിച്ചു. കർത്താവിന്റെ വരവിനുവേണ്ടി ഒരുങ്ങാനുള്ള അവസരമാണ് കാത്തിരിപ്പിന്റെ കാലമെന്നും വിവിധ പുണ്യങ്ങൾ ഈ കാലഘട്ടത്തിൽ അഭ്യസിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. സ്ഥിരത (യാക്കോ 5:8); കാരുണ്യം (5:9); പ്രാർത്ഥനയിലുള്ള ജാഗ്രത (പത്രോ 4:7), വിശ്വസ്തത (ഹെബ്രാ 10:24-25), വിശുദ്ധി (2 പത്രോ 3:11), ക്രിസ്തുവിനുതുല്യമായ ശുദ്ധത (യോഹ 3:2-3) എന്നീ പൂണ്യങ്ങൾ അഭ്യസിക്കാൻ ദൈവം തന്ന അവസരമാണ് ഓരോരുത്തരുടെയും മരണം വരെ ലഭിക്കുന്നത്. സ്വന്തം ജീവിതകാലം മുഴുവൻ മാനസാന്തരത്തിനുള്ള അവസരം ലഭിക്കുന്നു എന്നതാണ് യുഗാന്ത്യം വൈകുന്നതിലൂടെ വിശ്വാസിക്കു ലഭിക്കുന്ന നേട്ടം. യുഗാന്ത്യത്തിന്റെ സമയത്തെക്കുറിച്ച് ആശങ്കപ്പെടുകയും ആശങ്കപ്പെടുത്തുകയും ചെയ്യാതെ മേൽപറഞ്ഞ പുണ്യങ്ങൾ അഭ്യസിക്കാൻ ശ്രമിക്കുക എന്നതാണ് വിശുദ്ധ ഗ്രന്ഥം നൽകുന്ന സന്ദേശം.

കർത്താവിന്റെ ആഗമനം എപ്പോഴാണ് എന്നതിന്റെ കൃത്യമായ ഉത്തരം നൽകുന്നത് സഭയുടെ ആരാധനാക്രമമാണ്. മാറാനാത്താ (കർത്താവേ, വരേണമേ) എന്ന പ്രാർത്ഥനയാണ്  ഡിഡാക്കയിലെ വിശുദ്ധ കുർബ്ബാന പ്രാർത്ഥനയിൽ (Eucharistic Prayer) ആവർത്തിക്കുന്നത്. (cfr. വെളി 22:21) ഈ പ്രാർത്ഥനക്ക് ഓരോ വിശുദ്ധബലിയിലും സത്യമായും വ്യക്തിപരമായും പൂർണ്ണമായും സന്നിഹിതരായിക്കൊണ്ട് ക്രിസ്തു ഉത്തരം നൽകുന്നു. ഓരോ വിശുദ്ധ ബലിയും ക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ രണ്ടാമത്തെ ആഗമനത്തിന്റെ മൂന്നാസ്വാദനമാണ്. (CCC.1204). കർത്താവിന്റെ ആഗമനം ആഗ്രഹിക്കുന്നവർ അവിടുന്നു നിശ്ചയിക്കുന്ന മഹത്വപൂർണ്ണമായ ആഗമനം വരെ സഭയിലെ പരിശുദ്ധകുർബ്ബാനയിലെ യേശുവിന്റെ നിത്യമായ ആഗമനം അനുഭവിച്ചു ജീവിക്കണം. സഭയെയും സഭയുടെ കൗദാശിക ജീവിതത്തെയും തള്ളിപ്പറയുന്ന വിഭാഗീയ പ്രസ്ഥാനങ്ങൾ ലോകാവസാനത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചും അമിതമായ ആകുലതയും ഉത്കണ്ഠയും ജനങ്ങളിൽ ഉളവാക്കുന്നവരാണ്. എമ്മാനുവൽ എംപറർ പ്രസ്ഥാനവും ചെയ്യുന്നത് ഇതുതന്നെയാണ്.

6. എമ്മാനുവൽ എംപററിന്റെ ആഗമനം ഉടനുണ്ടാകും എന്നതിനാൽ സ്വകാര്യ സമ്പത്തും കുടുംബ ജീവിതവുമൊക്കെ ഉപേക്ഷിച്ച് (പ്രസ്ഥാനത്തിന്റെ നേതാക്കളെ ഭരമേൽപ്പിച്ച്) എമ്മാനുവൽ എംപററിന്റെ യുഗത്തിനുവേണ്ടി ഒരുങ്ങണം എന്ന ആഹ്വാനമാണ് ഇതിന്റെ പ്രണേതാക്കൾ നൽകുന്നത്. സ്വകാര്യസ്വത്ത്, കുടുംബജീവിതം, സന്താനോല്പാദനം എന്നീ സാമൂഹിക യാഥാർത്ഥ്യങ്ങൾക്കെതിരായ പഠനം വഴി വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും ഈ പ്രസ്ഥാനം പ്രതിസന്ധി സൃഷ്ടിക്കുന്നു.

എമ്മാനുവൽ എംപറർ പ്രസ്ഥാനത്തിന്റെ കൂടാരത്തിലെത്തി ധ്യാനം കൂടിയതിന്റെ ഫലമായി തകർന്നുപോയ കുടുംബജീവിതങ്ങളുടെ അനുഭവ കഥകൾ കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ദൈവം യോജിപ്പിച്ച ബന്ധമായ ദാമ്പത്യബന്ധത്തെ' (മത്താ 19:7) പൊട്ടിച്ചെറിഞ്ഞുകളഞ്ഞ് തങ്ങളോടൊത്തുവരാൻ ആഹ്വാനം ചെയ്യുന്ന ഈ പ്രസ്ഥാനം വിശ്വാസജീവിതത്തിൽ മാത്രമല്ല സാമൂഹിക - കുടുംബസദാചാര മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ കൂടാരത്തിനുചുറ്റും ഒളിക്യാമറകൾ സ്ഥാപിച്ച് സമീപവാസികളുടെപോലും ചലനങ്ങൾ സദാ നിരീക്ഷണ വിധേയമാക്കുന്നതും സമീപത്തെ പഞ്ചായത്തു റോഡിലൂടെ വഴിനടക്കുന്ന ആളുകളെപോലും ചോദ്യംചെയ്യുന്നതും ഇവരുടെ പ്രവർത്തനങ്ങളിലെ സുതാര്യതയില്ലായ്മയെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ ഇടവരുത്തുന്നു.

7. തങ്ങൾ നിർമ്മിച്ചിരിക്കുന്ന കൂടാരത്തിൽ ആദ്യമെത്തുന്ന 1,44,000 പേർ മാത്രമേ രക്ഷപ്പെടുകയുള്ളൂ എന്നും മറ്റെല്ലാവരും എമ്മാനുവലിന്റെ ആഗമനത്തിൽ നശിച്ചുപോകും എന്നുമുള്ള ചിന്തയാണ് ഇവർ പ്രചരിപ്പിക്കുന്നത്. വെളി 7:3-4; 14:3-5 എന്നീ വചനഭാഗങ്ങളെ ആധാരമാക്കിയാണ് ഇത്തരം അബദ്ധങ്ങൾ ഇവർ പ്രചരിപ്പിക്കുന്നത്. 

ബൈബിളിലെ സെമിറ്റിക് സംഖ്യാശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ വേണം 1,44,000 എന്ന സംഖ്യയെ വിശദീകരിക്കാൻ 12 ഃ 12 ഃ 1000 =1,44,000 എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. 12, 1000 എന്നിവ പൂർണ്ണസംഖ്യകളാണ്. ഇവയുടെ ഗുണിതമാകട്ടെ സമ്പൂർണ്ണതയെ സൂചിപ്പിക്കുന്നു. തന്മൂലം സമസ്ത വിശ്വാസികളെയും (സഭയെ) സൂചിപ്പിക്കുന്ന സംഖ്യയാണ് 1,44,000 എന്നു കരുതാം. ഈ സംഖ്യയെ അക്ഷരാത്ഥത്തിൽ വ്യാഖ്യാനിക്കാനാവില്ലെന്ന് വെളിപാട് വിവരണം തന്നെ സൂചന തരുന്നുണ്ട്. കാരണം, അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ രണ്ടു സമസ്യകൾക്ക് ഉത്തരം കണ്ടെത്താനാവില്ല: (1) ഓരോ യഹൂദ ഗോത്രത്തിൽ നിന്നും 12000 വീതം ആളുകൾ മാത്രമെ രക്ഷപ്പെടുന്നുള്ളു. യഹൂദരല്ലാത്തവർ  (എമ്മാനുവൽ എംപറർ വിഭാഗക്കാരുൾപ്പെടെയുള്ളവർ) രക്ഷപ്പെടുകയില്ലെന്നു വ്യാഖ്യാനിക്കേണ്ടിവരും; (2) ഓരോ യഹൂദഗോത്രത്തിൽ നിന്നുമുള്ള പുത്രന്മാർ'(Huioi) മാത്രമേ രക്ഷപ്പെടുകയുള്ളു, സ്ത്രീകളാരും രക്ഷിക്കപ്പെടുകയില്ല എന്നു സമ്മതിക്കേണ്ടിവരും. 

1,44,000 ആളുകൾ മാത്രമല്ല സ്വർഗ്ഗത്തിലെത്തുന്നത് എന്നതിന്റെ ഏറ്റവും പ്രകടമായ സാക്ഷ്യം വെളി 7:9-10 ൽ വിവരിക്കുന്ന ആർക്കും എണ്ണിതിട്ടപ്പെടുത്താനാവാത്ത ജനസഞ്ചയത്തിന്റെ വിവരണമാണ.് ലോകത്തിലെ സകല ജനപദങ്ങളിലും ഗോത്രങ്ങളിലും രാജ്യങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും വന്ന ഇവർ വെള്ളയങ്കിയണിഞ്ഞ് കുരുത്തോലയുമായി കുഞ്ഞാടിന്റെ മുന്നിൽ സ്തുതി പാടുന്നതായാണ് ഗ്രന്ഥകാരൻ ചിത്രീകരിക്കുന്നത്. ഇവർ രക്ഷപ്രാപിച്ചവരാണെന്നു വ്യക്തം. 

കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ വസ്ത്രം കഴുകിയിട്ടുള്ളവർ ലോകമാസകലമുള്ള സഭയിലെ വിശ്വാസികളാണെന്ന് (യഹൂദരല്ലാത്ത വിശ്വാസികൾ) വ്യക്തം. ചുരുക്കത്തിൽ 1,44,000 എന്ന സംഖ്യയിലൂടെയും അസംഖ്യംവരുന്ന ജനപദത്തിന്റെ വിവരണത്തിലൂടെയും സഭയെയാണ് യോഹന്നാൻ പ്രതീകവത്കരിക്കുന്നത്. അതിനാൽ ചെറിയ അജഗണമാകാൻ, 1,44,000 ൽ അംഗമാകാൻ എമ്മാനുവൽ എംപററർ പ്രസ്ഥാനത്തിൽ അംഗമാകുകയല്ല വേണ്ടത്. മറിച്ച്, സത്യവിശ്വാസം പാലിച്ച്, ക്രിസ്തു തന്റെ രക്തത്താൽ വീണ്ടെടുത്ത തിരുസഭയിൽ നിലനിൽക്കുകയാണ് വേണ്ടത്. 

Written by  റവ.ഡോ. ജോസഫ് പാംപ്ലാനി