Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, May 8, 2013

സ്വർഗത്തിന്റെ തെളിവുമായി ന്യൂറോ സർജൻ


നൂറുകണക്കിന് മസ്തിഷ്‌കങ്ങൾ കീറിമുറിച്ചിട്ടുണ്ട് ഡോ. എബൻ അലക്‌സാണ്ടർ. ചിന്തകളും വികാരങ്ങളും ഭാവനകളുമൊക്കെ തലച്ചോറിന്റെ ഏതോ ഇടങ്ങളിൽ സംഭവിക്കുന്നുവെന്നു തൊട്ടുകാണിക്കാൻ തക്ക വൈദഗ്ധ്യമുള്ള ന്യൂറോ സർജൻ. മരണാനന്തരം ഒരു ജീവിതമുണ്ടെന്ന് പറഞ്ഞാൽ ചിരിച്ചു തള്ളുമായിരുന്നു ഈ ശാസ്ത്രജ്ഞൻ.

അമേരിക്കയിലെ എണ്ണം പറഞ്ഞ സർവകലാശാലയാണ് ഹാർവാർഡ്; ശാസ്ത്രഗവേഷണങ്ങളിൽ അവസാന വാക്ക്. ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ അസോസിയേറ്റ് പ്രഫസറാണ് ഡോ. എബൻ അലക്‌സാണ്ടർ. ലോകത്തെ തന്നെ പ്രമുഖ തലച്ചോർ വിദഗ്ധരിൽ ഒരാൾ. ന്യൂറോ സർജനായ പിതാവിന്റെ ന്യൂറോ സർജനായ പുത്രൻ.

മരണശേഷം ഒരു ജീവിതമുണ്ടെന്നു സാക്ഷ്യം നൽകുകയാണ് ഈ ലോകോത്തര ശാസ്ത്രജ്ഞൻ. ''സ്വർഗത്തിന്റെ തെളിവ്'' എന്ന പുസ്തകം കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ വിറ്റഴിയപ്പെട്ടത് ദശലക്ഷക്കണക്കിന് കോപ്പികൾ. 'പ്രൂഫ് ഓഫ് ഹെവൻ' ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ.

പതിനഞ്ചുലക്ഷം കോപ്പികൾ അച്ചടിച്ചിരുന്നു 'ന്യൂസ്‌വീക്ക്' വാരികയുടെ 2012 ഒക്‌ടോബർ 15 ലക്കത്തിന്റെ കവർ സ്റ്റോറി പലരെയും അത്ഭുതപ്പെടുത്തി: 'ഹെവൻ ഈസ് റിയൽ' എന്നായിരുന്നു ആ തലവാചകം!

സെക്കുലർ മൂല്യങ്ങൾ മാത്രം വിളിച്ചു പറഞ്ഞിരുന്ന ന്യൂസ്‌വീക്കിന് ഇതെന്തുപറ്റി? 'സ്വർഗം യാഥാർത്ഥ്യമാണ്' എന്നു സമ്മതിക്കാൻ മാത്രം എന്തുണ്ടായി?
അത്ഭുതത്തോടെ വാരിക കൈയിലെടുത്തപ്പോൾ വീണ്ടും അമ്പരപ്പ്: 'സ്വർഗം യാഥാർത്ഥ്യമാണ്- മരണാനന്തര ജീവിതത്തെക്കുറിച്ച് ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്' ഇതായിരുന്നു ന്യൂസ്‌വീക്ക് ലേഖനത്തിന്റെ തലവാചകം.

ഇതാദ്യമായല്ല, മരണാനന്തര ജീവിതാനുഭവങ്ങൾ പുസ്തകശാലകളിൽ ഇടംപിടിക്കുന്നത്; അമേരിക്കയിൽതന്നെ ഡസൻകണക്കിന് പുസ്തകങ്ങളുണ്ട് ഈ ഗണത്തിൽ. എന്നാൽ, ഈ പുസ്തകം അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തം.

ക്രിസ്ത്യാനികളെ വധിക്കാൻ  യാത്ര തിരിച്ച വേദപുസ്തകത്തിലെ സാവൂൾ അപ്പസ്‌തോലനായി മാറിയതുപോലൊരു വിചിത്രാനുഭവമാണ് ഡോ. എബൻ അലക്‌സാണ്ടർ എഴുതിയ 'പ്രൂഫ് ഓഫ് ഹെവൻ' എന്ന പുസ്തകം. മരണം, മരണമുഖത്തുനിന്നു മടങ്ങിയെത്തുന്നവരുടെ കഥകൾ നിറംപിടിപ്പിച്ച ഭാവനകളാണെന്നു നിസംശയം പ്രഖ്യാപിച്ച വ്യക്തിയായിരുന്നു ഡോ. എബൻ അലക്‌സാണ്ടർ!

താൻ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആശുപത്രിയിലൊരു റൂമിൽ ജീവഛവമായി 'കോമ'യിൽ കഴിഞ്ഞ ഏഴു ദിവസങ്ങൾ! ആ ദിനരാത്രങ്ങളിൽ ഡോ. എബൻ അലക്‌സാണ്ടർ എന്ന ന്യൂറോ സർജൻ ഒരു യാത്ര പോവുകയായിരുന്നു. ഓർമകളുടെ അവസാനത്തെ നാഡീബന്ധവും വിട്ട് അചേതനമായൊരു ഭ്രമാത്മക ലോകത്തിലൂടെ ഒരു യാത്ര. ആകാശനീലിമയും കടന്ന്, ഒടുവിൽ അത്യന്തം ആനന്ദദായകമായൊരിടത്തു ചെന്നെത്തുന്ന യാത്ര! ചിത്രശലഭങ്ങളുടെ താഴ്‌വരകൾക്കു മുകളിൽ സാന്ദ്രസംഗീതമൊഴുകുന്ന ഒരു തലമായിരുന്നു അത്!
ഈ രാത്രി നിന്റെ ജീവൻ...

2008 നവംബർ 10. പുലർച്ചെ നാലരമണി. അസാധാരണമായ വിധം ഞെട്ടിയുണരുകയായിരുന്നു ഡോ. എബൻ. ഇതു പതിവില്ലാത്തതാണ്. കാരണം, പുലർച്ചെ അഞ്ചരയ്ക്ക് ഉറക്കമുണരുന്നതാണ് പതിവായുള്ള ചിട്ട. വർഷങ്ങളായി അതിനൊരു വ്യത്യാസവുമില്ല.

തലേന്ന് ഞായറാഴ്ചയായിരുന്നു. വെർജീനിയയിലെ വേനൽക്കാലം സുഖകരമാണ്. വീടുകളുടെ പിൻഭാഗത്തുള്ള ചെറുതോട്ടങ്ങളിൽ പലപ്പോഴും 'ബാർബി ക്യൂ' അടുപ്പുകൾ പുക പടർത്തുന്ന സമയം. തിന്നും കുടിച്ചും സായന്തനം ചിലവിടാൻ എല്ലാവർക്കും താൽപര്യം.

അത്തരത്തിലൊരു ബാർബി ക്യൂ പാർട്ടിയുണ്ടായിരുന്നു ഡോക്ടറുടെ അയൽപക്കത്ത്. തണുത്ത പാനീയങ്ങൾ കുടിച്ചതുകൊണ്ടാവാം ചെറിയൊരു ജലദോഷം ആക്രമിച്ചു തുടങ്ങിയിരുന്നു. ചെറിയ ചെറിയ രോഗങ്ങൾക്ക് ചികിത്സ പാടില്ലെന്ന പക്ഷക്കാരനാണ് ഡോക്ടർ. താനേ മാറുന്നവയാണ് പല അസുഖങ്ങളും. രോഗി അതിനെ സങ്കീർണമാക്കുന്നതാണ് കുഴപ്പം.
ആ തിങ്കളാഴ്ച ഡോ. ഏബൻ അലക്‌സാണ്ടറുടെ ജീവിതം പാടെ മാറി. കിടക്കയിൽ തിരിഞ്ഞുകിടന്ന് വീണ്ടുമൊരു മയക്കത്തിന് ശ്രമിച്ചു ഡോക്ടർ. പക്ഷേ, നട്ടെല്ലിലെവിടെയോ അതിശക്തമായ വേദന. തലേന്നു മുതൽ പിന്നാലെ കൂടിയിരിക്കുന്ന ഫഌ വൈറസിന്റെയാവണം. ഇളംചൂടുവെള്ളത്തിൽ ബാത്ടബിൽ കുറച്ചുനേരം കിടന്നാൽ തീരാവുന്നതേയുള്ളൂ വേദന. സ്വയം സമാധാനിച്ചു അദ്ദേഹം.

ബാത്ടബിൽ കിടന്ന് ടാപ്പുകൾ മെല്ലെ തുറന്നു. തണുപ്പും ചൂടുമുള്ള വെള്ളം രണ്ടു ടാപ്പുകളിൽ നിന്നായി ടബിൽ ഒഴുകിപ്പരന്നു. നട്ടെല്ലിനുള്ളിലെ വേദനയ്ക്ക് കുറവില്ല. മാത്രമല്ല, അതു കൂടുന്നില്ലേയെന്നൊരു സംശയം. ബാത്ടബിൽ പാതിയോളം വെള്ളം നിറഞ്ഞപ്പോഴാണ് ഡോ. ഏബന് ഒരു കാര്യം ബോധ്യമായത്; പരസഹായമില്ലാതെ എഴുന്നേൽക്കാൻ തനിക്കു കഴിയുന്നില്ലെങ്കിൽ അടച്ചിട്ടിരിക്കുന്ന കുളിമുറിയിൽ കിടന്നു വിളിച്ചുകൂവിയാലും ആരും കേൾക്കണമെന്നില്ല.

മെല്ലെ, കരംകുത്തി എഴുന്നേൽക്കാനാഞ്ഞു അദ്ദേഹം. അൽപ്പനേരത്തെ ശ്രമഫലമായി എഴുന്നേറ്റു നിൽക്കാമെന്നായി. വളരെ പതിയെ ഓരോ ചുവടുംവച്ച് എങ്ങനെയോ ബെഡ്‌റൂമിലെത്തി. കിടക്കയിലേക്ക് വീഴുകയായിരുന്നുവെന്നുവേണം പറയാൻ. ഭാര്യ ഹോളി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.

''എന്തുപറ്റി? സമയമെന്തായി?'' അവർ തിരക്കി.
''എനിക്കറിയില്ല, എനിക്കു ശക്തമായ പുറംവേദന.''
ഹോളി ഭർത്താവിന്റെ പുറം തടവിക്കൊടുത്തു. ശക്തമായ വേദന കടിച്ചമർത്തി കുറെനേരം കിടന്നു ഡോക്ടർ. രാവിലെ ആറരയ്ക്ക് ഓഫിസിലേക്കു തിരിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്. നേരമേറെ കഴിഞ്ഞിട്ടും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാവാതെ വേദനയാൽ പുളയുകയായിരുന്നു അദ്ദേഹം.
ഇളയ മകനെ സ്‌കൂൾബസിൽ കയറ്റിവിട്ട് ഹോളി മടങ്ങിയെത്തുമ്പോഴും കിടക്കയിൽ തന്നെയാണ് എബൻ.  മുറിയിലെ ലൈറ്റ് ഓൺ ചെയ്ത് ഭർത്താവിനെ നോക്കി അവൾ. നിശ്ചലമായി കിടക്കുകയാണ് അദ്ദേഹം അപ്പോഴും.

അടുത്തെത്തി കുലുക്കി വിളിച്ചു ഹോളി. ഒരു ഞടുക്കം അവളെ ബാധിച്ചു. അബോധാവസ്ഥയിലാണ് എബൻ. 55-ാം വയസിലും അരോഗദൃഢഗാത്രനായിരുന്നു അദ്ദേഹം. 19 വയസുള്ള മൂത്ത മകന്റെയൊപ്പം പർവതാരോഹണത്തിനു പോകുന്ന പിതാവ്.

ഒരു നിലവിളി ഹോളിയുടെ തൊണ്ടയിൽ തങ്ങിനിന്നു. ഉടനടി എമർജൻസി ആംബുലൻസിന് ഫോൺ ചെയ്തു അവൾ. പത്തുമിനിറ്റ്. ഡോ. എബൻ ജോലി ചെയ്യുന്ന വിർജീനിയയിലെ ലിഞ്ച്ബർഗ് ആശുപത്രിയിൽനിന്ന് അലറിക്കിതച്ചുവന്നു ആംബുലൻസ്. നിശ്ചലമായ ഡോക്ടറുടെ ശരീരം ആംബുലൻസിലേക്ക്.
ശരീരം വെറും തൃണം മാത്രം...

ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റലിലെ എമർജൻസി റൂം. തിങ്കളാഴ്ച രാവിലെ സജീവമായിരിക്കും അവിടം.
ഡോ. ലോറ പോട്ടർ എന്ന ഫിസിഷ്യനാണ് അന്ന് എമർജൻസി റൂമിൽ. സ്‌ട്രെക്ചറിൽ ആംബുലൻസ് ജീവനക്കാർ കൊണ്ടുവരുന്ന രോഗി ഡോ. എബൻ അലക്‌സാണ്ടറായിരിക്കുമെന്ന വിദൂരമായൊരു ധാരണപോലുമുണ്ടായിരുന്നില്ല ഡോ. ലോറയ്ക്ക്.
രോഗിയുടെ മുഖത്തേക്കു നോക്കിയ ഡോ. ലോറ വിളിച്ചുകൂവി.
''ഇതു നമ്മുടെ ഡോക്ടർ എബൻ അലക്‌സാണ്ടറാണ്.''

വാർത്ത ആശുപത്രിയിലുടനീളം പ്രചരിക്കാൻ വേണ്ടിവന്നത് നിമിഷങ്ങൾ മാത്രം. അതിപ്രഗത്ഭരായ ഡോക്ടർമാർ, മികവുറ്റ നഴ്‌സിംഗ് സ്റ്റാഫ്. അത്യാധുനീകസംവിധാനങ്ങൾ. എങ്കിലും വൈദ്യശാസ്ത്രം നിസഹായമായി നിൽക്കുന്ന ചില നിമിഷങ്ങളുണ്ട്; അത്തരത്തിലൊരു നിമിഷമായിരുന്നു അപ്പോൾ ലിഞ്ച്ബർഗ് ജനറൽ ഹോസ്പിറ്റൽ.
പരിണിതപ്രജ്ഞമായ അനേകം ഡോക്ടർമാരുടെ നടുവിൽ വെള്ള വിരിയിൽ നിശ്ചലം നീണ്ടുനിവർന്നു കിടക്കുകയാണ് ഡോ. എബൻ അലക്‌സാണ്ടർ. അതിപ്രഗത്ഭനായ ന്യൂറോ സർജൻ. ശ്വാസോഛ്വാസം മന്ദഗതിയിൽ. വെന്റിലേറ്ററിലേക്കു നീക്കാൻ മിനിറ്റുകൾക്കുള്ളിൽ തീരുമാനിച്ചു സഹപ്രവർത്തകർ.
ശരീരം ആത്മാവിന്റെ കൂടാരം മാത്രമാണെന്നു കരുതുന്നവരായി ഒരാൾപോലുമുണ്ടായിരുന്നില്ല അവർക്കിടയിൽ. ശരീരമെന്ന യന്ത്രം എങ്ങനെ വീണ്ടും പ്രവർത്തിപ്പിക്കാമെന്നു മാത്രമായിരുന്നു അവരുടെ ചിന്ത. എന്നാൽ, ആ ശരീരത്തിനകത്തുനിന്നും ആത്മാവ് യാത്രയാരംഭിച്ച കാര്യം അറിഞ്ഞിരുന്നില്ല സഹഡോക്ടർമാർ.
മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെ...

''ഇരുട്ട്. എങ്കിലും കാഴ്ചയ്ക്കു തടസമുണ്ടായിരുന്നില്ല. ചെളിനിറഞ്ഞ ഒരു കുഴിയിൽ മുങ്ങിത്താണിട്ടും കാണാൻ കഴിയുന്നതുപോലെ. ശ്വാസം മുട്ടിക്കുന്ന ഒരുതരം ചതുപ്പിൽ ആഴ്ന്നതുപോലെ. ഓർമയുണ്ട്. എന്നാൽ, ഭൂതകാലത്തെക്കുറിച്ചൊന്നും എനിക്കറിയില്ല. ഞാനാരാണെന്നോ, എന്താണെന്നോ അറിയില്ല''- ഡോക്ടർ ആ അനുഭവങ്ങൾ കുറിച്ചുവച്ചത് ഇങ്ങനെ.
ഭൂമിയുടെയുള്ളിൽ ഒരു മണ്ണിരയുടെ ജീവിതംപോലെയായിരുന്നു അതെന്നു ഡോക്ടർ ഓർമിക്കുന്നു; കാണാം, ശ്വസിക്കാം, അറിയാം.
''ദൂരെയെവിടെനിന്നോ അസ്വസ്ഥതപ്പെടുത്തുന്ന ചില ശബ്ദകോലാഹലങ്ങൾ. യാന്ത്രികമായ ചില ഒച്ചയനക്കങ്ങൾ. ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ കൂട്ടിയിടിക്കുന്നതുപോലുള്ള ശബ്ദങ്ങൾ'' ഓർമകളിൽ അസ്വസ്ഥത.

''എത്ര നാളായി ഞാനിവിടെയുണ്ടെന്ന് എനിക്കറിയില്ല. സമയം നിശ്ചലമായൊരിടത്തു ചെന്നതുപോലെ. ഒരു മനുഷ്യനേ ആയിരുന്നില്ല അവിടെ ഞാൻ. മൃഗവുമായിരുന്നില്ല. അതിനെല്ലാം താഴെയായി എന്തോ ആയിരുന്നു ഞാൻ. കാലാതീതമായൊരു ചുവന്ന കടലിനുള്ളിൽ പെട്ടുപോയ ബോധത്തിന്റെ ചെറുതരി ആയിരുന്നു ഞാൻ.''
''പിന്നെപ്പിന്നെ എനിക്കു മനസിലായി. ഞാനീ 'ഭൂഗർഭ' ലോകത്തിന്റെ ഭാഗമല്ല. ഞാനിവിടെ അകപ്പെട്ടുപോയിരിക്കുകയാണ്. എന്നെ പൊതിഞ്ഞിരിക്കുന്ന ജൈവവസ്തുവിൽ നിന്ന് മൃഗങ്ങളുടേതുപോലെ ചില മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചിലത് ഓരിയിട്ടു കടന്നുപോയി. ഇടയ്ക്കിടെ ചില അലർച്ചകൾ. ചിലപ്പോൾ പേടിപ്പെടുത്തുന്ന തരം മന്ത്രോച്ചാരണങ്ങൾ'' ഡോക്ടർ എഴുതുന്നു.

''ഞാൻ ആ ലോകത്തുകൂടി കടന്നുപോവുകയാണ്. വിചിത്ര ശബ്ദങ്ങളും രൂപങ്ങളും മെല്ലെ കുറഞ്ഞുവരികയാണ്. എനിക്ക് ചുറ്റുമുള്ള തണുത്തുറഞ്ഞ ലോകം മെല്ലെ അകന്നുപോവുന്നു. ഇപ്പോൾ കാണുന്ന മുഖങ്ങൾ അറപ്പുളവാക്കുന്നവയാണ്. പുഴുക്കളെപ്പോലുള്ള രൂപങ്ങൾ പിന്നിലേക്ക് ഓടിപ്പോവുന്നതുപോലെ. ചിലതെന്നെ സ്പർശിച്ചാണു നീങ്ങുന്നത്. അവയുടെ വൃത്തികെട്ട സാന്നിധ്യം എനിക്കറിയാം'' - ഡോ. എബൻ അലക്‌സാണ്ടറുടെ വിവരണം.
''പിന്നെ ഒരു തരം ഗന്ധം. ചോരയും ചലവും കലർന്ന ഗന്ധം. ശർദിയുടെ മനംപിരട്ടുന്ന മണം. മരണത്തിന്റെ ഗന്ധം. എനിക്കിവിടെ നിന്നു പുറത്തു കടന്നേപറ്റൂ. പക്ഷേ, എങ്ങനെ? എവിടേക്ക്?'' - ഡോക്ടർ എബൻ തുറന്നെഴുതുകയാണ്.

ഈ ഭാഗം വായിച്ചപ്പോൾ ഓർമ വന്നത് ജോബിന്റെ പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം, ദൈവം ജോബിനോടു ചോദിക്കുകയാണ്:
''മൃത്യുകവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകൾ നീ കണ്ടിട്ടുണ്ടോ?'' (ജോബ് 38:17).
മരണത്തിന്റെ കവാടമല്ലേ ഇത്? അന്ധകാരത്തിന്റെ ആഴപ്പാടുകളിലേക്കുള്ള വാതിലുകൾ.
ശരീരം ഒന്നിനും ഉപകരിക്കുന്നില്ല...

തലച്ചോറിലെ അതിപ്രധാനമായൊരു ഭാഗമാണ് കോർട്ടെക്‌സ്. ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന ഭാഗമാണിത്. തലച്ചോറിനെ കീറിമുറിച്ചു ചികിത്സിച്ചിരുന്ന ഡോ. എബൻ അലക്‌സാണ്ടറുടെ രോഗം ഒടുവിൽ കണ്ടെത്തി സഹപ്രവർത്തകരായ ഡോക്ടർമാർ.
തലച്ചോറിലെ കോർട്ടക്‌സ് തിന്നൊടുക്കുകയാണ് മാരകമായ ചില ബാക്ടീരിയകൾ. 'ഇ-കോളി' എന്ന അത്യന്തം മാരകമായ ബാക്ടീരിയകൾ കീഴടക്കിയിരിക്കുകയാണ് വിലയേറിയ ആ തലച്ചോറ്.

ഒരു കോടിയിൽ ഒരാൾക്കുമാത്രം വരാവുന്ന അത്യപൂർവ രോഗമാണിത്. സാധാരണഗതിയിൽ നവജാതശിശുക്കളിലാണ് ഈ രോഗം ഉണ്ടാവുക- 'ഇ-കോളി മെനെഞ്ചൈറ്റിസ്.'
അമേരിക്കയിലെ ന്യൂറോ സർജറി വിദഗ്ധരെയപ്പാടെ അമ്പരപ്പിച്ചിരിക്കുകയാണ് ഡോ. എബൻ അലക്‌സാണ്ടറുടെ രോഗം. 'കോമ'യിൽ നിന്ന് എബൻ മടങ്ങിയെത്താനുള്ള സാധ്യത അങ്ങേയറ്റം വിരളമാണെന്നു പറയാതെ പറഞ്ഞു വിദഗ്ധർ.

ഇനി ഒരത്ഭുതത്തിനു മാത്രമേ തന്റെ ഭർത്താവിനെ രക്ഷിക്കാനാവൂ എന്നു ഹോളിക്കും മനസിലായി. പത്തുവയസുകാരനായ മകൻ ബോണ്ട് മാത്രം ഡാഡി കണ്ണു തുറക്കുന്നതും കാത്തിരിക്കുകയാണ്. 19 വയസുള്ള മകൻ എബൻ 'നാലാമൻ' യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി.
അനാഥനായിരുന്നു എബൻ. നാലുമാസം പ്രായമുള്ളപ്പോൾ ഒരു അനാഥാലയത്തിൽനിന്ന് ഒരു ഡോക്ടറും ഭാര്യയും ദത്തെടുക്കുകയായിരുന്നു അവനെ. അവർ അവനെ നന്നായി പഠിപ്പിച്ചു. ഏറ്റവും മികച്ച അവസരങ്ങളാണവന് ലഭിച്ചത്. എങ്കിലും ഉള്ളിന്റെയുള്ളിലെ അനാഥത്വത്തിന്റെ നൊമ്പരം നിരന്തരമവനെ വേട്ടയാടിയിരുന്നു.
സഹപ്രവർത്തകന്റെ അന്ത്യനിമിഷങ്ങൾക്കാണ് തങ്ങൾ സാക്ഷ്യം വഹിക്കുന്നതെന്ന് സമാധാനിച്ചു ലിഞ്ച്ബർഗ് ആശുപത്രിയിലെ സ്റ്റാഫ്. എങ്കിലും ഏറ്റവും മികച്ച പരിചരണങ്ങളൊരുക്കി അവർ.

നീതിപൂർവം ജീവിച്ച ഒരാളായിരുന്നു  ഭർത്താവെന്നു ഹോളിക്കു നിശ്ചയം. താനും മക്കളും ദേവാലയത്തിൽ പോവുന്നതിനും പ്രാർത്ഥിക്കുന്നതിനും എതിരല്ല. ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ പള്ളിയിലും പോയിരുന്നു അദ്ദേഹം. എപ്പിസ്‌കോപ്പൽ സഭാംഗമായിരുന്നു ഡോ. എബൻ അലക്‌സാണ്ടർ.
ഒരു നാമമാത്ര ക്രിസ്ത്യാനി എന്നുതന്നെ വിശേഷിപ്പിക്കാനാണ് ഡോക്ടർക്കിഷ്ടം. ബൈബിൾ വായിക്കാനും പഠിക്കാനും താൽപര്യമുണ്ടായിരുന്നില്ല; സമയവും. 
അഗാധമായ ശാസ്ത്രീയ ജ്ഞാനമായിരുന്നു എബൻ അലക്‌സാണ്ടറുടെ കൈമുതൽ. മരണത്തോടെ സകലവും അവസാനിക്കുന്നുവെന്നും ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം. 
അഗാധത്തിൽനിന്നു ഞാൻ...

''ഇരുട്ടിൽ എന്തോ ഒന്നു പ്രത്യക്ഷപ്പെട്ടു. മെല്ലെ കറങ്ങുന്ന ഒന്ന്. സ്വർണനിറത്തിലുള്ള പ്രകാശരശ്മികൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു അത്. എനിക്ക് ചുറ്റുമുള്ള അന്ധകാരം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. അപ്പോൾ ഞാനൊരു ശബ്ദം കേട്ടു. 'ജീവനുള്ള' ഒരു ശബ്ദം. ജീവിതത്തിലിന്നോളം കേട്ടതിൽവച്ചേറ്റവും ഹൃദ്യമായൊരു ശബ്ദമായിരുന്നു അത്'' - ഡോക്ടർ എഴുതുന്നു.
ആ പ്രകാശത്തിന്റെ ശക്തി കൂടിക്കൂടി വന്നു. സ്വർണം വിതറിയതുപോലെ വെളിച്ചത്തിന്റെ കണികകൾ. പിന്നെക്കണ്ടു, ആ പ്രകാശത്തിന്റ ഒത്ത നടുവിൽ എന്തോ ഒന്ന്. ഞാൻ സൂക്ഷിച്ചുനോക്കി. അതൊരു വാതിലാണ്. കറങ്ങുന്ന പ്രകാശത്തിനു പുറത്തല്ല ഞാനിപ്പോൾ, അതിനുള്ളിലാണ്. ആ നിമിഷംതന്നെ ഞാൻ ഉയർന്നു പൊങ്ങിത്തുടങ്ങി'' - ഡോക്ടറുടെ സാക്ഷ്യം.
തികച്ചും വ്യത്യസ്തമായൊരു ലോകത്തായിരുന്നു ഡോക്ടർ എബൻ അപ്പോൾ. ഇംഗ്ലീഷിലെ സകല വിശേഷണപദങ്ങൾകൊണ്ടും വിവരിക്കാനാവാത്തവിധം സുന്ദരമായൊരിടമായിരുന്നു അതെന്നാണ് എബൻ അലക്‌സാണ്ടറുടെ ഓർമ.

''താഴെ എനിക്ക് നന്നായി കാണാം. ഒരു താഴ്‌വാരം. പച്ച പുതച്ച കുന്നുകൾ, ജീവന്റെ തുടിപ്പുകൾ. അതേ, അതു ഭൂമി തന്നെയാണ്; എന്നാൽ അല്ല താനും.''
''ഞാൻ പറക്കുകയായിരുന്നു; മരങ്ങൾക്കും പുൽമേടുകൾക്കുമൊക്കെ മുകളിലൂടെ. അവിടെയവിടെയായി മനുഷ്യർ. കളിക്കുകയും ചിരിക്കുകയും ചെയ്യുന്ന കുട്ടികൾ. ആനന്ദത്തിന്റെ മൂർത്ത തീരം. അവരുടെ വസ്ത്രങ്ങൾ ലളിതവും സുന്ദരവുമായിരുന്നു. അവിശ്വസനീയമായൊരു സ്വപ്‌നലോകം'' ; ഡോക്ടർ എബന്റെ ഓർമകൾക്കുപോലുമുണ്ട് ആർദ്രത.
എത്രനേരം ആകാശത്തു പറന്നുവെന്ന് ഓർമയില്ല അദ്ദേഹത്തിന്. സമയം ഇവിടെ തികച്ചും വ്യത്യസ്തമാണെന്നാണ് ഡോക്ടർ പറയുന്നത്.
''ആ യാത്രയ്ക്കിടയിൽ എനിക്കൊരു കാര്യം മനസിലായി. ഞാൻ ഒറ്റയ്ക്കല്ല, മറ്റൊരാൾകൂടി എന്നോടൊപ്പമുണ്ട്. എന്റെ തൊട്ടടുത്തുതന്നെ ഒരാൾ...''
''കാവൽ മാലാഖമാരേ...''

അതൊരു പെൺകുട്ടിയായിരുന്നു. അഗാധമായ നീലമിഴികളുള്ള ഒരു സുന്ദരി. തവിട്ടും സ്വർണവും കലർന്ന നിറത്തിലുള്ള മുടിയിഴകൾ. അവളാണ് ഡോ. എബൻ അലക്‌സാണ്ടറെ സ്വർഗത്തിലേക്കു നയിച്ചത്; പിന്നീട് ഭൂമിയിലേക്കും.

'ഉപാധികളില്ലാത്ത സ്‌നേഹം' ഈ യാത്രകളിൽ താൻ അനുഭവിച്ചറിഞ്ഞുവെന്നാണദ്ദേഹം പറയുന്നത്. ഡോ. എബൻ അലക്‌സാണ്ടറുടെ പുസ്തകം അമേരിക്കയുടെ മാത്രമല്ല, പടിഞ്ഞാറൻ വിചാരലോകത്താകമാനം ഒരു വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു; ആത്മീയതയിലേക്ക് ഓരോ ആത്മാവിനെയും നയിക്കുന്ന ഒരു 'വിചാരവിപ്ലവം.'
മരണത്തോടെ എല്ലാം അവസാനിക്കുന്നുവെന്നു പറയുന്ന 'ശരീരത്തിന്റെ തത്വശാസ്ത്രം' പ്രസംഗിക്കുന്നവർക്കുള്ള മറുപടിയാണ് ഈ പുസ്തകം. മരണം ഒരു വാതിൽ മാത്രമാണെന്നാണ് ഈ പുസ്തകം നൽകുന്ന സന്ദേശം.

മൂർത്തമായ ഒന്നിൽനിന്ന് അമൂർത്തമായ ഒന്നിലേക്കു തുറക്കുന്ന ഒരു വാതിൽ മാത്രമാണ് മരണം.

കടപ്പാട് സണ്‍‌ഡേ ശാലോം 
Written by  ശാന്തിമോൻ ജേക്കബ്

Tuesday, April 2, 2013

പാഷൻ ഓഫ് മെൽ ഗിബ്‌സൺ

ന്യൂയോർക്ക് ടൈംസിൽ അയാൾ ഇങ്ങനെയെഴുതി... 'എന്റെ വിശാസം എന്നെ ചോദ്യം ചെയ്തു. ഞാൻ തകർന്ന് തരിപ്പണമായി പോയി.. ഏതോ ലോകത്തെത്തിയതുപോലെയായി ഞാൻ... എന്നെ കളിയാക്കാനും എന്റെ തകർച്ച കാണാനും കണ്ണും നട്ടിരിക്കുന്നവരെ ഞാൻ കണ്ടു. എനിക്ക് കഴിയുന്നില്ലായിരുന്നു അവ താങ്ങാൻ. ക്രൂശിതന്റെ മുമ്പിൽ മുട്ടുകുത്തി ഞാൻ വീണു...എന്റെ മുറിവുകൾ ഞാൻ ക്രൂശിതന്റെ മുറിവുകളോട് ചേർത്ത് വച്ചു..അവിടെ പാഷൻ ഓഫ് ക്രൈസ്റ്റ് ജനിക്കുകയായി...
ചെറുപ്പം മുതൽക്കേ തികഞ്ഞ ദൈവ വിശ്വാസിയായിരുന്നു മെൽ ഗിബ്‌സൻ. തന്റെ പിതാവിന്റെ ആഴമായ ദൈവാനുഭവമാണ് തന്റെ വിശ്വാസത്തിന് മാറ്റ് കൂട്ടിയതെന്ന് മെൽ പറയും.1958 ൽ ന്യൂയോർക്കിലെ പീസ്‌ക്കിൽ 11 മക്കളിൽ ആറാമനായാണ് മെൽ ജനിച്ചത്. വി.മെല്ലിന്റെ നാമധാരിയാണ് മെൽ ഗിബ്‌സൺ. ജീവിതത്തിൽ അഭിനയം ജീവിതോപാസനയാക്കിയെങ്കിലും യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കുക മെൽ ഗിബ്‌സണ് ഇഷ്ടമല്ലായിരുന്നു. ദൈവം തന്ന കഴിവ് തിരിച്ചറിഞ്ഞ മെൽ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡ്രാമാറ്റിക്ക് ആർട്‌സിൽ ചേർന്നു. 12-ാം വയസിൽ അഭിനയത്തിന്റെ പാഠം അഭ്യസിച്ചു... തന്റെ സിദ്ധികളെല്ലാം ഈ ജീവിതം തന്നെ ദാനമാണെന്ന ബോധ്യം മെല്ലിനുണ്ടായിരുന്നു.

ക്രിസ്തുവിന്റെ വേദനിക്കുന്ന മുറിവുകളിൽ നിന്നുമാണ് ജീവിതത്തിന്റെ ചൂടേറിയ അനുഭവങ്ങൾ മെൽ സ്വായത്തമാക്കിയത്...ചെറുപ്പത്തിൽ അപ്പന്റെ കരം പിടിച്ചു നടക്കുമ്പോൾ യേശുവിനെക്കുറിച്ച് പറഞ്ഞ കഥകൾ കാതങ്ങൾ കഴിഞ്ഞിട്ടും മെല്ലിന്റെ ഓർമ്മയിലുണ്ട്.

ക്രിസ്തുവില്ലാത്ത ജീവിതവും ക്രിസ്തുവിനെ തളളിപറയുന്ന ജീവിതവും അയാൾക്കോർക്കാൻ പോലും കഴിയുന്നതായിരുന്നില്ല. യുവാവായിരിക്കുമ്പോൾ തന്റെ ജീവിതം ക്രിസ്തുവിന്റെ പൗരോഹിത്യത്തോട് ചേർത്ത് വയ്ക്കാൻ ആഗ്രഹിച്ചുവെങ്കിലും തന്റെ വിളിയതല്ലെന്ന് കാലം തെളിയിക്കുകയായിരുന്നുവെന്ന് മെൽ ഓർത്തെടുക്കുന്നു. 

മാറ്റങ്ങൾക്കിടയിൽ കത്തോലിക്കനെന്ന പേര് മാറ്റത്തിന് മാത്രം മെൽ ആഗ്രഹിച്ചില്ല. ദൈവം തരുന്ന ജീവൻ വിലപ്പെട്ടതാണ് അതിനെതിരെ ആര് കരമുയർത്തിയ്‌ലും മെൽ പ്രതികരിക്കും. സമൂഹത്തെ കൊല്ലുന്ന പ്രവണതകൾക്കെതിരെ ശക്തമായിതന്നെ ശബ്ദമുയർത്തി...ഗർഭഛിദ്രം, ഗർഭനിരോധന ഉറകൾ, സ്വവർഗരതി തുടങ്ങിയ തിന്മകൾക്കെതിരെ  ശക്തമായി പ്രതിഷേധിക്കുന്ന വ്യക്തിത്വമാണ് അദേഹം...

ഹോളിവുഡിലെ അനിഷേധ്യ സാന്നിധ്യമാണ് മെൽ ഗിബ്‌സൺ. അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ്, കഥാകൃത്ത് തുടങ്ങിയ നിലകളിലെല്ലാം മെൽ പ്രശസ്തനാണ്. ദൈവത്തോട് അനുവാദം ചോദിക്കുക എന്നൊക്കെ പറയുന്നതിന്റെ പൊരുൾ ശരിക്കും മെൽ എന്ന വ്യക്തിയുടെ  ജീവിതത്തിൽ നിന്നുമാണ് നാം മനസ്സിലാക്കുക. എത്ര വലിയ ഫിലിം പ്രോജക്റ്റുകൾ ചെയ്യാൻ പോകുമ്പോഴും പ്രഭാതത്തിലെഴുന്നേറ്റുള്ള പ്രാർത്ഥന മെൽ മുടക്കിയില്ല...ദൈവമില്ലെങ്കിൽ ഞാനില്ല എന്ന അവബോധം എവിടെയും മെൽ തുറന്ന് പറയും. ദൈവം തന്ന കഴിവിനെ അവിടുത്തെ മഹത്വത്തിനുവേണ്ടി നൂറ് മേനിയായി തിരികെ നൽകണമെന്ന ആഗ്രഹമാണ് കോടികൾ മുടക്കി ഗിബ്‌സൺ ക്രൈസ്തവ ചിന്തകളിൽ ഊന്നിയുള്ള സിനിമകൾ ചെയ്യുന്നത്. 

സാങ്കേതിക തികവും, അറിവും, ജ്ഞാനവുമുള്ള മെല്ലിന്റെ സംവിധാനത്തിൽ പലരും വലിയ ഹോളിവുഡ് ചിത്രങ്ങൾ നിർമ്മിക്കാനാഗ്രഹിച്ചിട്ടുണ്ട്...ദൈവികതയിൽ ഊന്നിയുള്ള ചിത്രങ്ങളെ കൂടുതലായി പ്രണയിക്കുന്ന മെൽ പണത്തെക്കാളുപരി  തന്റെ വിശ്വാസത്തിനാണ് പ്രാധാന്യം കൊടുത്തത്. സഭയെ ആഴമായി സ്‌നേഹിക്കുന്ന മെല്ലിന് സഭ ഒരു സ്ഥാപനമായി കാണാൻ കഴിയുന്നില്ല. ദൈവാത്മാവിന്റെ കരത്തിൻ കീഴിൽ നയിക്കപ്പെടുന്ന ശ്രോതസാണ് മെല്ലിന് തിരുസഭ. 

സഭയെ ഇത്ര സ്‌നഹിക്കാൻ കാരണമായത് പിതാവ് ഹട്ടന്റെ ജീവിതമാണ്. ''ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, എന്റെ കത്തോലിക്കാ വിശ്വാസത്തിന്റെ ആദ്യപടി എന്റെ പിതാവാണ്... '' തന്റെ പ്രിയ പുത്രി ഹന്ന കന്യാസ്ത്രീയപ്പോൾ ഏറ്റവും സന്തോഷിച്ചത് മെല്ലായിരുന്നു.

 ഒരിക്കൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സഹപ്രവർത്തകരിൽ ഒരാൾ വത്തിക്കാൻ ആട്ടിൻ തോലിട്ട ചെന്നായാണെന്ന് പറഞ്ഞത് അദ്ദേഹത്തെ ചൊടിപ്പിച്ചു...അത്രയ്ക്കാണ് മെല്ലിന് കത്തോലിക്കാ സഭയോടുള്ള സ്‌നേഹം. 

സഭയിലെ ചില തെറ്റായ പ്രവണതകളെ എതിർത്തതിന്റെ പേരിൽ മെൽ കത്തോലിക്കാ സഭ വിട്ടു പോയി എന്ന് വരെ പലരും പറഞ്ഞു പരത്തിയിരുന്നു...അങ്ങനെ പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും കൊടുമുടിയ്ൽ നിൽക്കുമ്പോഴും സാധാരണത്ത്വത്തിൽ നിന്നും മാറി  വ്യത്യസ്ത നിലപാട് സ്വീകരിച്ച മെല്ലിന് കടലോളം നൊമ്പരങ്ങൾ സഹിക്കേണ്ടി വന്നു... മനുഷ്യന്റെ മുമ്പിൽ പരാജയപ്പെടുമ്പോൾ ദൈവം എന്നെ ഉയർത്തിയിട്ടുണ്ടെന്ന് മെൽ ആവർത്തിക്കുന്നു.

പലരും എന്നെ പ്രശസ്തനായി ചിത്രീകരിക്കുമ്പോഴും എന്റെ കുറവുകളെപറ്റി ഞാൻ തികഞ്ഞ ബോധവാനാണ്. ഞാൻ വലിയ ആത്മീയ മനുഷ്യനൊന്നുമല്ല, എന്റെ പിതാവിനുശേഷം എന്നെ ദൈവത്തിന്റെ പക്കലേക്കടുപ്പിച്ച ഗോവണിയാണ്  ഭാര്യ റോബിൻ.അവൾ എന്റെ ജീവിതത്തിലേക്ക് വരുന്നതിനുമുമ്പ് അത്ര ശുഭകരമായ ജീവിതമൊന്നുമല്ലായിരുന്നു എന്റേത്. അവൾ തികഞ്ഞ ദൈവവിശ്വാസിയാണ്. എന്റെ ചിന്തകൾ വികലമാകുമ്പോൾ ക്രൂശിതന്റെ കണ്ണുകളിലേക്ക് നോക്കാൻ അവളാണ് എനിക്ക് ആത്മബലം പകർന്ന് തന്നത്... ഞാൻ അവളെയോർത്ത് സന്തോഷിക്കുന്നു...ക്രിസ്തു അനുഭവത്തെക്കുറിച്ച് ചോദിക്കുമ്പോൾ മെൽ ഇങ്ങനെയാണ് പറയാറ്.

തികഞ്ഞ ദൈവവിശ്വാസിയായിരുന്ന റോബിൻ പല സന്നദ്ധ സംഘടനകളും തുടങ്ങാൻ മെല്ലിന് കൈതാങ്ങായി..എല്ലാം സമ്പാദിച്ചിട്ടും വിശക്കുന്നവന്റെ വിശപ്പും, കരയുന്നവന്റെ കണ്ണീരും തനിക്കൊപ്പാനായില്ലെങ്കിൽ ദൈവ  മുമ്പാകെ താൻ കണക്കുകൊടുക്കേണ്ടി വരുമെന്ന ബോധ്യം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, രോഗ നിർമ്മാർജനത്തിനുവേണ്ടി ഡിസ്‌പെൻസറികൾ തുടങ്ങിയവയെല്ലാം മെല്ലിന്റെ മനസിലെ മാനുഷിക പരിഗണന നല്കുന്ന സംഭാവനകളാണ്. തനിക്ക് ജീവിക്കാൻ വേണ്ട പണത്തിൽ ഉപരി കിട്ടുന്ന എന്തും സാന്ത്വന സ്പർശമേകാനാണ് മെൽ ഉപയോഗിക്കുന്നത്...

ജീവിതത്തിലെ ചെറിയ വേദനകൾ തന്റെ ഉറക്കം കെടുത്തുന്നുണ്ടെങ്കിൽ മാറു പിളർക്കുന്ന ക്രിസ്തുവിന്റെ പ്രിയ ശിഷ്യന്റെ ഒറ്റികൊടുക്കലും, ചാട്ടവാറിൽ ചിതറിതെറിച്ച മാംസക്കഷ്ണങ്ങളും കൊടുത്ത വേദന എപ്രകാരമായിരിക്കും എന്ന ചിന്തയാണ് മെൽ ഗിബ്‌സനെ ''പാഷൻ ഓഫ് ക്രൈസ്റ്റ്'' എന്ന ചിത്രത്തിൽ എത്തിച്ചേർത്തത്. 

ക്രിസ്തു സഹിച്ച പീഢ കൾ മനുഷ്യന് വിവരിക്കാനോ അനുഭവിക്കാനോ കഴിയില്ലെങ്കിലും മനുഷ്യനാൽ കഴിയുന്ന വിധത്തിൽ അത് അനാവരണം ചെയ്യണെമന്നാഗ്രഹിച്ചു... ദിവസങ്ങളോളം ഊണും ഉറക്കവും ഉപേക്ഷിച്ച് ക്രൂശിതന്റെ വേദനകൾക്കൊപ്പം നടന്നപ്പോൾ മെല്ലിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടു. 
പാഷൻ ഓഫ് ക്രൈസ്റ്റിനുവേണ്ടി  കഥയെഴുതിയതും, പണം മുടക്കിയതും, സംവിധാനം നിർവഹിച്ചതുമെല്ലാം മെൽ ഗിബ്‌സൺ തന്നെയായിരുന്നു... കോടികൾ ചിലവഴിച്ച സിനിമ തന്റെ പാഷനായിരുന്നുവെന്ന് മെൽ പറയുന്നു. 611,899,420 യു.എസ് ഡോളറായിരുന്നു ഈ ചിത്രത്തിന്റെ വരുമാനം. ബോക്‌സോഫീസിലെ ഏറ്റവും വരുമാനം നല്കിയ എട്ടാമത്തെ ചിത്രമാണ് പാഷൻ ഓഫ് ക്രൈസ്റ്റ്.

എക്കാലത്തെയും മികച്ച റേറ്റഡ് ചിത്രമെന്ന ഖ്യാതിയും പാഷന് സ്വന്തമായി. മൂന്ന് അക്കാദമി അവാർഡുകൾ ഉൾപ്പെടെ അനവധി അവാർഡുകൾ വാരിക്കൂട്ടി. ബോക്‌സോഫീസിൽ ഹിറ്റായ പല സിനിമകളും സംവിധാനം ചെയ്യുകയും, നിർമ്മിക്കുകയും, കഥയെഴുതുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലെ തന്റെ ജീവിതത്തെ സ്വാധീനിച്ച ചിത്രമില്ലെന്നും ഇനിയുണ്ടാകുമോയന്ന് താൻ ആശിക്കുന്നില്ലെന്നും മെൽ പറയുന്നു.

ഓരോ വർഷത്തേയും പീഡാനുഭവ ആഴ്ചകൾ ക്രൂശിതനൊപ്പം ആയിരിക്കാ ൻ തന്നെ ദൈവം ഉപകരണമാക്കിയല്ലോ എന്നോർക്കുമ്പോൾ മെൽ ഗിബ്‌സന്റെ മനസ് നിറയും. പാഷൻ ഓഫ് ക്രൈസ്റ്റ് തന്റെ വലിയൊരു പാഷനായി അവതരിച്ചപ്പോൾ മാറി നിന്ന് കളിയാക്കിയവരും, കുറ്റം പറഞ്ഞവരും ക്രൂശിതനുവേണ്ടി ഞാനേറ്റ കഷ്ടപാടുകൾ വൃഥാവിലായില്ലെന്ന് മനസ്സിലാക്കി...

തന്റെ കുറവുകളെ ക്രൂശിതന്റെ മുറിവിൽ ചേർത്തപ്പോൾ അത് പാഷൻ ഓഫ് ക്രൈസ്റ്റായി.



Written by  ബിനു അടുക്കത്തിൽ

Sunday Shalom-ൽ 27 March 2013 വന്ന ലേഖനം 

Monday, March 25, 2013

അന്ന് വത്തിക്കാനിൽ

''പണിക്കാർ ഉപേക്ഷിച്ച കളഞ്ഞ കല്ല്, മൂലക്കല്ലായിത്തീർന്നു'' എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെയായിരുന്നു, പുതിയ ഫ്രാൻസിസ് മാർപാപ്പായുടെ കാര്യം. വത്തിക്കാനിൽ ആഴ്ചകളോളം തമ്പടിച്ച് നേരിട്ട് കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന ലോകത്തിലെ മുൻനിര മാധ്യമങ്ങളിലൊന്നിലും കർദിനാൾ ജോർജ് മാരിയോ ബെർഗോളിയോയുടെ പേരുണ്ടായിരുന്നില്ല. കാരണം മാധ്യമ ദൃഷ്ടിയിൽ അദ്ദേഹത്തിന് പാപ്പയാകാനുള്ള പ്രായം ഏറിയിരുന്നു.
ഭൂഖണ്ഡങ്ങളുടെയും ചിന്താഗതികളുടെയും വർണത്തിന്റെയും കഴിവിന്റെയും മാനദണ്ഡമുപയോഗിച്ച്, മാധ്യമങ്ങൾ പുതിയ മാർപാപ്പയെക്കുറിച്ച് പ്രവചിച്ചു. കഴിഞ്ഞ രണ്ടു പ്രാവശ്യവും ഇറ്റലിക്കാരനല്ലാത്തതിനാൽ ഇത്തവണ ഒരു ഇറ്റാലിയൻ പാപ്പ എന്ന് ഉറപ്പിച്ചവരുണ്ടായിരുന്നു. എന്നാൽ എല്ലാ മാനുഷിക പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി, ദൈവത്തിന്റെ ഇടപെടൽ മനുഷ്യരുടെ ഇടയിൽ ഉണ്ടെന്ന് ഉറപ്പിച്ച കാര്യമായിരുന്നു ഈ കോൺക്ലേവ്.

വത്തിക്കാൻ സ്‌ക്വയർ നിറഞ്ഞ് കവിഞ്ഞിരുന്നു. എല്ലാ വർണങ്ങളിലുമുള്ള ആളുകൾ, ഒരേ വികാരത്തോടെ പ്രതീക്ഷയോടെ, പുകക്കുഴലിലേക്ക് കണ്ണ് ഉറപ്പിച്ച്, ഹൃദയത്തിൽ പ്രാർത്ഥനയോടെ നിന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. എല്ലാ കൈകളിലും കുട. വിവിധ വർണക്കുടകളായതിനാൽ, അതും ആ മഹാജനസഞ്ചയത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു.

വരാൻ പോകുന്ന വലിയ അനുഗ്രഹത്തിന്റെ നാന്ദിയെന്നോണമായിരുന്നു ആ മഴ. അതിനിടയിൽ അസീസിയിലെ ഫ്രാൻസീസ് പുണ്യവാനെ സ്മരിപ്പിക്കുന്ന ഒരാൾ. അയാൾ ചാക്ക് വസ്ത്രം ധരിച്ച് ആ മഴയിൽ മുട്ടുകുത്തി ജപമാലയർപ്പിക്കുന്നു. പെരുമഴയിൽ അയാളുടെ നിലവിളി ആകാശങ്ങളെ ഭേദിച്ചിട്ടുണ്ടാകണം. ഏതാനും നിമിഷങ്ങൾക്കകം പ്രഖ്യാപനം വന്നു.'' ഫ്രാൻസീസ് പുതിയ പാപ്പാ..''

സ്വന്തം താമസസ്ഥലങ്ങളിലിരുന്ന്, ടി.വിയിലും കമ്പ്യൂട്ടറിലും വത്തിക്കാനിലെ സംഭവവികാസങ്ങൾ ഏറ്റവും നന്നായി കാണാമെന്നിരിക്കെ, വന്നെത്തിയ ജനത്തിന്റെ അതിരില്ലാത്ത വിശ്വാസം അതിശയിപ്പിക്കുന്നതായിരുന്നു. മഴയിൽ കുതിർന്ന് ഒരു പറ്റം ചെറുപ്പക്കാർ കുരിശും ചുമന്ന് വത്തിക്കാൻ തെരുവിലൂടെ നീങ്ങുന്ന കാഴ്ച അനേകരുടെ ഹൃദയത്തെ കുളിർപ്പിച്ചു. ഉയരങ്ങളിലേക്ക് ആ ദിവസങ്ങളിൽ ഉയർന്ന് പൊന്തിയ ജപമണികൾക്ക് എണ്ണമില്ല. 

വത്തിക്കാൻ റിപ്പോർട്ടിങ്ങിൽ, യാതൊരുവിധ മാന്യതയും പുലർത്താത്ത ലോകമാധ്യമ ശ്രദ്ധയിലേക്ക് എലിസബത്ത് ലീവ് എന്ന പത്ര പ്രവർത്തക എഴുതി, ''വത്തിക്കാൻ റിപ്പോർട്ടിംഗിന്റെ പത്ത് കൽപനകൾ'' എന്ന പേരിൽ.  ''അൽക്വയ്ദയ്ക്ക് നൽകുന്ന മാന്യതപോലും നിങ്ങൾ വത്തിക്കാനെയും പുതിയ മാർപാപ്പ തെരഞ്ഞെടുപ്പിനെയും കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ നൽകുന്നില്ല'' എന്ന്. സത്യമായിരുന്നു അവരുടെ വാക്കുകൾ.

തെരഞ്ഞെടുപ്പിന്റെ ആദ്യദിനത്തിന്റെ അന്ത്യം. കറുത്ത പുകയോ വെളുത്ത പുകയോ എന്നറിയാൻ, അരിച്ചുകയറുന്ന തണുപ്പിനെയും പൊടിയുന്ന മഴയെയും അവഗണിച്ചു നിന്നവരുടെ മുമ്പിലേക്ക് കറുത്ത പുകയെത്തി. അളവിൽ ഏറെയുണ്ടായിരുന്നു പുക. അപ്പോൾ ഒരു മാധ്യമപ്രവർത്തകന്റെ കമന്റ്, ''ഇനിയിപ്പോ സിസ്‌റ്റെൻ ചാപ്പലിനെങ്ങാനും തീ പിടിച്ചുവോ? എവിടുന്നാ ഇത്ര പുക.'' എന്നാൽ ആരും  ആ തമാശയിൽ പങ്കു ചേർന്നില്ല. അപ്പോൾ അടുത്തു നിന്നിരുന്ന ആളിന്റെ തിരുത്ത്. ''അരുത്, വിശ്വാസകാര്യങ്ങളെക്കുറിച്ച് ഫലിതം പറയരുത്.''

പിന്നെ ഒരിക്കൽക്കൂടി  കറുത്ത പുക ഉയർന്നപ്പോൾ പലരുടെയും മുഖം കരിപോലെ ഇരുണ്ടു. ''ദൈവമേ ഇന്ന് വൈകിട്ടെങ്കിലും പുതിയ പാപ്പയെ തരണേ.'' ഒരാൾ ഉറക്കെ കരഞ്ഞ് പ്രാർത്ഥിച്ചു. അമേരിക്കയിൽനിന്നുള്ള ടൂറിസ്റ്റാണ്. നാട്ടിലേക്ക് തിരികെ മടങ്ങാനുളള സമയം വൈകിയിരിക്കുന്നുവെന്ന ഓർമ്മ അയാളെ വേദനിപ്പിക്കുന്നു.  

പുകക്കുഴലിൽ വെളുത്ത പുക ഉയരുംമുമ്പ് ഒരു കടൽക്കാക്ക വന്നിരുന്നു. ആളുകളുടെ കൂട്ട ആരവം. ക്യാമറ അവിടേക്ക് ഫോക്കസ് ചെയ്ത് ചിലർ പറഞ്ഞു, അത് ദൈവിക സാന്നിധ്യത്തിന്റെ പ്രതീകമെന്ന്. ആൾക്കാരുടെ ശ്രദ്ധ തന്നിലേക്ക് കേന്ദ്രീകരിച്ച് ആ കടൽക്കാക്ക, ഏതാണ്ട് 25 മിനിട്ട് ആ പുകക്കുഴലിൽ ഇരുന്നു. എന്തായാലും സുന്ദരമായ കാഴ്ച.

ഏഴുമണിയോടെ മഴയുടെ ശക്തി കുറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുകളിൽ ഒരാൾ അനുഗ്രഹിച്ചു നിൽക്കുന്ന രൂപത്തിൽ മേഘപാളി, ദൃശ്യമായി. ജനം ആർത്തുവിളിച്ച് ഉറക്കെ പ്രാർത്ഥിക്കാൻ തുടങ്ങി. ദൈവകരം ആകാശത്ത് ദൃശ്യമായെന്ന് പലരും രഹസ്യമായും പരസ്യമായും പറഞ്ഞു. അതിന്റെ ഫോട്ടോ, സോഷ്യൽ നെറ്റ് വർക്കുകളിൽ പെട്ടെന്ന് പ്രചരിച്ചു. ദൈവത്തിന്റെ പ്രതീക്ഷിക്കാത്ത സാന്നിധ്യം എന്ന് ചിലർ വിധിയെഴുതി.

പിന്നീടാണ് ഏറ്റവും പ്രതീക്ഷാനിർഭരമായ കാഴ്ച. അതാ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയരുന്നു. പതിനായിരക്കണക്കിനാളുകൾ ആഹ്ലാദത്താൽ ആർപ്പുവിളിച്ചു, 'വിവാ ഇൽ പാപ്പാ'. ആഹ്ലാദം അണപൊട്ടിയൊഴുകിയ നിമിഷങ്ങൾ. വാക്കുകൾക്ക് വർണനാതീതമാണ് ഈ നിമിഷങ്ങൾ.

പേപ്പൽ ഗാർഡ്‌സിന്റെ മാർച്ച്പാസ്റ്റ്. അവർ സെന്റ് പീറ്റേഴസ് സ്‌ക്വയറിന് മുമ്പിലായി വന്നു നിന്നു. നയനമനോഹരമായ കാഴ്ച. ഇതുകണ്ട് ഒരാൾ അലറി, ''ലോകം മുഴുവൻ കാണട്ടെ, കത്തോലിക്കാ സഭയുടെ ഈ അപൂർവ്വ സൗന്ദര്യം. ലോകം മുഴുവൻ അറിയട്ടെ, സഭയുടെ ശക്തി.''

വെളുത്ത പുക ഉയർന്ന് ഏതാണ്ട് 50 മിനിറ്റുകൾക്കുശേഷം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെ വിളക്കുകൾ തെളിഞ്ഞു. ആളുകളുടെ ആരവം. പ്രഭാതം മുതൽ വത്തിക്കാൻ ചത്വരത്തിൽ മഴ നനഞ്ഞ് നിന്നവരുടെ മുഖം വിളക്ക് പോലെ പ്രശോഭിതമായി. വാതിലുകൾ തുറക്കപ്പെടുകയായി. മാർപാപ്പാ തെരഞ്ഞെടുപ്പിന്റെ അറിയിപ്പ്, വത്തിക്കാൻ സ്‌ക്വയറിലും ലോകം മുഴുവനിലും പ്രതിഫലിക്കുന്നു. ''ജോർജ് മാരിയോ ബർഗോളിയോ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫ്രാൻസിസ് എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നു.'' 

അൽപസമയത്തേക്ക് വത്തിക്കാൻ നിശ്ചലമായി. ജനക്കൂട്ടത്തിന് ആരാണ് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മനസിലായില്ല. തങ്ങൾ പ്രതീക്ഷിച്ചുവന്ന, മാധ്യമങ്ങൾ പ്രവചിച്ച, തങ്ങൾക്ക് അറിയാവുന്ന ആരും അല്ല. പുതിയ മാർപാപ്പയുടെ നാമം അറിയിച്ച് കർദിനാൾ, മടങ്ങിപ്പോയി, വാതിലുകൾ പിന്നെയും അടഞ്ഞു. ജനം സംസാരമായി ആരാണ് പാപ്പ? പേര് അറിയിച്ചെങ്കിലും ആർക്കും പരിചയം ഇല്ല. ഓരോരുത്തരും ഓരോരോ ഊഹങ്ങൾ പറഞ്ഞു. ആകെയൊരു ആകാംക്ഷ. 

വീണ്ടും ഏതാനും മിനിറ്റുകൾ കഴിഞ്ഞ്, സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ മട്ടുപ്പാവിലെ വാതിലുകൾ പിന്നെയും തുറന്നു. അതാ പുതിയ പാപ്പ! വെള്ളവസ്ത്രം അണിഞ്ഞ് ചൈതന്യം നിറഞ്ഞ ഒരാൾ! ആളുകൾ എന്താണ് ഈ പാപ്പയുടെ പേരെന്നറിയാതെ നോക്കിനിൽക്കുന്നു. പാപ്പയും ഒരു നിമിഷം വിശ്വാസസമൂഹത്തെ നോക്കുന്നു. അല്പം പരിഭവം മുഖത്തുള്ളതുപോലെ. പിന്നെ, ഇറ്റാലിയനിൽ ആരംഭിച്ചു, ''ഫ്രത്തോലി, ഏ സൊരേല്ലേ, ബോണാ സേരാ.'' (സഹോദരീ സഹോദരന്മാരേ, നല്ല സായാഹ്നം!). വിശ്വാസസമൂഹം കേൾക്കാൻ കൊതിച്ച വാക്കുകൾ! ജനം ആർപ്പുവിളിച്ചു. അവർ പുതിയ പാപ്പയെ, തങ്ങളുടെ ആത്മീയ പിതാവിനെ സസന്തോഷം ഹൃദയത്തിലേക്ക് സ്വീകരിക്കുന്നു.

''നിങ്ങൾ ഒരു നിമിഷം എനിക്കുവേണ്ടി പ്രാർത്ഥിക്കണം'' എന്നു പറഞ്ഞ് തല കുനിച്ച് പുതിയ പാപ്പ നിന്നപ്പോൾ വിശ്വാസസമൂഹം അമ്പരന്നു, ആദ്യമായാണ് ഒരു പാപ്പ ജനത്തോട് അങ്ങനെ പറയുന്നത്. പിന്നെ നിശബ്ദനായിരുന്നു. പതിനായിരക്കണക്കിനാളുകൾ നിശബ്ദമായി നിന്ന് പുതിയ പാപ്പയ്ക്കായി ഹൃദയമുരുകി പ്രാർത്ഥിച്ചിട്ടുണ്ടാകും. 

പുതിയൊരു യുഗത്തിന്റെ തുടക്കമായി. പതുക്കെപ്പതുക്കെ, ആളുകൾ അറിഞ്ഞുതുടങ്ങി, പറഞ്ഞുതുടങ്ങി, ആദ്യത്തെ അർജന്റീനക്കാരൻ പാപ്പയെക്കുറിച്ച്, ആദ്യത്തെ ഈശോസഭാക്കാരൻ പാപ്പയെക്കുറിച്ച്...

ചടങ്ങുകൾ കഴിഞ്ഞ് എല്ലാവരും മടങ്ങുമ്പോൾ  വത്തിക്കാൻ സ്‌ക്വയറിൽ അഞ്ച് അർജന്റീനൻ യുവവൈദികരും ഏതാനും വിശ്വാസികളും നൃത്തച്ചുവടുകളോടെ പുതിയ പാപ്പയ്ക്ക് സ്പാനിഷ് ഭാഷയിൽ ജയ് വിളിക്കുന്നുണ്ടായിരുന്നു.
Written by  വത്തിക്കാൻ സിറ്റിയിൽ നിന്ന് ജി. കടൂപ്പാറയിൽ