Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, July 18, 2012

ശുദ്ധീകരണസ്ഥലം യാഥാര്‍ത്ഥ്യമോ?

ഒരാത്മാവ് ശുദ്ധീകരണസ്ഥലത്ത് എത്താനുള്ള കാരണമെന്താണ്?അവിടെയുള്ള ആത്മാക്കളെ നമുക്കെങ്ങനെ സഹായിക്കാന്‍ കഴിയും ? ബൈബിള്‍,  സഭാപ്രബോധനങ്ങള്‍,  പാരമ്പര്യങ്ങള്‍, വിശുദ്ധരുടെഅനുഭവങ്ങള്‍ തുടങ്ങിയവയുടെ  അടിസ്ഥാനത്തിലുള്ള ഒരു പഠനം.
വിശുദ്ധ ഗ്രന്ഥത്തില്‍, പ്രത്യേകിച്ച് പുതിയ നിയമത്തില്‍ നരകശിക്ഷയെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങളുണ്ട്. നരകത്തിലെ പിശാചുക്കളെയും നിത്യാഗ്നിയെയുംപറ്റി ന മ്മുടെ കര്‍ത്താവുതന്നെ പലതവണ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഇവിടെ ഉദ്ധരിക്കുന്നില്ല. എന്നാല്‍, ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പുതിയ നിയമഗ്രന്ഥങ്ങളില്‍ കുറവാണ്. നരകശിക്ഷയില്‍നിന്നും മനുഷ്യവര്‍ഗ ത്തെ രക്ഷിക്കാനുള്ള അതീവമായ ആഗ്രഹംകൊണ്ടാകാം യേശു നരകശിക്ഷയെപ്പറ്റി കൂടുതലായി പറഞ്ഞിട്ടുള്ളത്. കാരണം, ഒരിക്കല്‍ നരകത്തില്‍ അകപ്പെട്ടുപോയാല്‍ പിന്നെ നിത്യകാലത്തേക്ക് ആര്‍ ക്കും അവിടെനിന്ന് മോചനമില്ല.

ശുദ്ധീകരണസ്ഥലം അങ്ങനെയല്ല. അവിടെ വേദന അനുഭവിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ളവരാണ്. ആരെങ്കിലും നരകത്തി ല്‍ പോകുമെന്നോ പോയിട്ടുണ്ട് എ ന്നോ സഭ പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ നമുക്ക് അധികാരവുമില്ല. എന്നാല്‍, ഗൗരവമായ പാപങ്ങളില്ലാതെ മരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ശുദ്ധീകരണസ്ഥലത്തിലൂടെ കടന്നുപോകുമെന്നാണ് ദൈവശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുള്ളത്. താന്‍ ശുദ്ധീകരണസ്ഥലത്തിലൂടെ കടന്നുപോകേണ്ടിവരുമെന്നു ആവിലായിലെ വിശുദ്ധ അമ്മ ത്രേ സ്യാപോലും പറഞ്ഞിട്ടുണ്ട്.

ശുദ്ധീകരണസ്ഥലം വേദനയുടെയും അതേസമയം പ്ര ത്യാശയുടെയും സ്ഥലമായതുകൊണ്ടാകാം യേശു അതി നെപ്പറ്റി കൂടുതലായി പറയാത്തത്. അവസാനത്തെ ചില്ലിക്കാശുപോലും കൊടുത്തുതീര്‍ക്കാതെ അവിടെനിന്നു മോചനമില്ലെന്ന് യേശുവും, അഗ്നിയിലൂടെ എന്നപോലെ കടന്നുപോകേണ്ടിവരുമെന്ന് വിശുദ്ധ പൗലോസും പറയുന്നത് ശു ദ്ധീകരണസ്ഥലത്തെപ്പറ്റിയാണ്. അകത്തോലിക്കരായ ക്രൈസ്തവര്‍ ഈ വ്യാഖ്യാനം സ്വീകരിക്കാറില്ല. പ്രൊട്ടസ്റ്റന്റുകാര്‍ ശുദ്ധീകരണസ്ഥലം നിഷേധിക്കുന്നവരാണ്.
അനുഭവസാക്ഷ്യങ്ങള്‍

കത്തോലിക്കരായ നാം വിശ്വസിക്കുന്ന കാര്യങ്ങളെല്ലാം പലപ്പോഴും അത്ര വ്യക്തമായി വിശുദ്ധ ഗ്രന്ഥത്തില്‍ കാണില്ലെന്നുവരും (ചില കൂദാശകളുടെ കാര്യം അങ്ങനെയാണ്). ഇവിടെ നാം ആശ്രയിക്കുന്നത് സഭയുടെ അപ്രമാദവും ഔദ്യോഗികവുമായ പഠനങ്ങളെയാണ്. സഭയുടെ പ്രബോധനങ്ങള്‍ മാര്‍പാപ്പമാര്‍ നേരിട്ട് നടത്തുന്നതോ (ഉദാ: മാതാവിന്റെ സ്വര്‍ഗാരോപണം) സഭയുടെ സാര്‍വത്രിക സൂനഹദോസുകള്‍വഴി നടത്തുന്നതോ ആകാം (ദൈവശാസ്ത്രജ്ഞന്മാരുടെ പ്രബോധനങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവമില്ല).

ശുദ്ധീകരണസ്ഥലത്തെപ്പറ്റി ഏറ്റവും ആധികാരികമായി പഠിപ്പിച്ചിട്ടുള്ളത് പതിനാറാം നൂറ്റാണ്ടിലെ ത്രെന്തോസ് സൂനഹദോസാണ്. എ.ഡി. 1547 ജനുവരി13, 1566 ഡിസംബര്‍ നാല്, 1551 നവംബര്‍ 25 എന്നീ ദിവസങ്ങളിലെ സമ്മേളനങ്ങളിലാണ് പ്ര സ്തുത സൂനഹദോസ് ശുദ്ധീകരണസ്ഥലമുണ്ടെന്ന് ഔദ്യോഗികമായി പഠിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള പഠനമില്ലെന്നു വാദിക്കുന്നവരെ ഈ സൂനഹദോസ് ശപിച്ചു തള്ളുകയും ചെയ്തിട്ടുണ്ട്.

ആദ്യ നൂറ്റാണ്ടുകള്‍തൊട്ട് കത്തോലിക്കാ വിശ്വാസികള്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വിശുദ്ധബലികള്‍ അര്‍പ്പിക്കുകയും ഉപവാസം, ദാനധര്‍മം തുടങ്ങിയവ അനുഷ്ഠിക്കുകയും ചെയ്തുപോന്നിട്ടുണ്ട് (പഴയനിയമത്തിലെ മക്കബായരുടെ ഗ്രന്ഥം നല്കുന്ന സാക്ഷ്യവും കത്തോലിക്കര്‍ അംഗീകരിക്കുന്നുണ്ട്. സഭയുടെ പാരമ്പര്യങ്ങളെ വിശ്വാസികള്‍ സാര്‍വത്രികമായി അംഗീകരിക്കുന്നുണ്ടല്ലോ).

നൂറ്റാണ്ടുകളായി സഭയിലെ വിശുദ്ധരും വിജ്ഞാനികളുമായ അനേകംപേര്‍ ശുദ്ധീകരണസ്ഥലം യാഥാര്‍ത്ഥ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടേത് വിശ്വാസപരമായ പ്രബോധനങ്ങളല്ല, പ്രത്യുത അനുഭവസാക്ഷ്യങ്ങളാണ്. ഇവരില്‍ പലര്‍ക്കും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റുചിലരെ ശുദ്ധീകരണസ്ഥലം കാണാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്. വേറെചിലര്‍ ദൈവശാസ്ത്രപരമായ വിചിന്തനങ്ങളിലൂടെ ശുദ്ധീകരണസ്ഥലം ഉണ്ടെന്നു പഠിപ്പിക്കുന്നവരാണ്. വിശുദ്ധ ആഗസ്തിനോസ്, വിശുദ്ധ അക്വിനാസ്, ജനോവയിലെ വിശുദ്ധ കത്രീന, വിശുദ്ധ അമ്മ ത്രേസ്യാ, വിശുദ്ധ പെര്‍പെത്വ, വിശുദ്ധ ജെര്‍ത്രൂദ്, വിശുദ്ധ ലുദുവീന, വിശുദ്ധ പീറ്റര്‍ ക്ലാവര്‍, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി, ക്ലൂണിയിലെ വിശുദ്ധ ഹ്യൂഗ്, കുരിശിന്റെ വിശുദ്ധ യോഹന്നാന്‍, വിശുദ്ധ നിക്കോളാസ്, വി ശുദ്ധ മലാക്കി, വിശുദ്ധ ഫ്രാന്‍സിസ് സാലസ്, സീയന്നായിലെ വിശുദ്ധ കത്രീന, കൊറോണയിലെ വിശുദ്ധ മാര്‍ഗരറ്റ്, വിശുദ്ധ ഫിലിപ്പ് നേരി തുടങ്ങിയവരുടെ സാക്ഷ്യങ്ങളാണ് ഇവിടെ എടുത്തുപറയാനുള്ളത്. ഫാത്തിമായിലെ കുട്ടികള്‍ക്ക് ശുദ്ധീകരണസ്ഥലത്തിന്റെ ദൃശ്യം മാതാവ് കാണിച്ചുകൊടുത്തിരുന്നു. ഫാത്തിമായിലെ ദൃശ്യം സഭ അംഗീകരിച്ചിട്ടുള്ളതാണ്. മേല്പറഞ്ഞ വിശുദ്ധരെയെല്ലാം സഭ ഔദ്യോഗികമായി വിശുദ്ധരെന്നു നാമകരണം ചെയ്തിട്ടുള്ളവരത്രേ. ഈ സാക്ഷ്യങ്ങളെയും ദൃശ്യങ്ങളെയും പ്രത്യക്ഷങ്ങളെയും ന്യായമായും നമുക്കു വിശ്വസിക്കാമല്ലോ.

ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ക്കു 
കാരണമായ പാപങ്ങള്‍
പാപങ്ങള്‍ക്കുള്ള ശിക്ഷ രണ്ടുവിധമാണ്. മോചനം ലഭിക്കാത്ത ചാവുദോഷങ്ങള്‍ ചെയ്തവര്‍ നിത്യശിക്ഷയ്ക്ക് - നരകത്തിന് വിധേയരാകുന്നു. ലഘു പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍നിന്നും ഒഴിവാകാന്‍ ഈ ലോകത്തില്‍വച്ചോ ശുദ്ധീകരണസ്ഥലത്തുവച്ചോ നാം പരിഹാരം ചെയ്യണം. പ്രായശ്ചിത്തപ്രവൃത്തികള്‍, കൂദാശ സ്വീകരണങ്ങള്‍, ദണ്ഡവിമോചനങ്ങള്‍, സഹനങ്ങള്‍ തുടങ്ങിയവയിലൂടെ പരിഹാരപ്രവൃത്തികള്‍ ചെയ്യാവുന്നതാണ്. ഈ ലോകത്തില്‍ വച്ച് ഇത്തരം പരിഹാരപ്രവൃത്തികള്‍ മുഴുവന്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കാത്തവര്‍ക്കാണ് ശുദ്ധീകരണസ്ഥലത്തില്‍ കുറച്ചു സമയമോ ഏറെ സമയമോ ചെലവഴിക്കേണ്ടിവരുന്നത്. പരിഹാര ക്രിയകളുടെ ഗൗരവമനുസരിച്ച് ശുദ്ധീകരണസ്ഥലത്തിലെ ശിക്ഷകളും കൂടിയോ കുറഞ്ഞോ ഇരിക്കും.
ശുദ്ധീകരണസ്ഥലത്ത് പരിഹാരം ആവശ്യമുള്ള പ്രധാന പാപങ്ങള്‍ താഴെ കാണുന്നവയാണ്.

(1) മോചനം സിദ്ധിച്ചിട്ടും പൂര്‍ണമായി പരിഹാരം ചെയ്തുതീര്‍ത്തിട്ടില്ലാത്ത മാരക പാപങ്ങളുടെ അവശിഷ്ടങ്ങള്‍. തഴക്കദോഷങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ (വ്യഭിചാരം, മദ്യപാനം, ദൈവദൂഷണം, വിഗ്രഹാരാധന, മോഷണം, കൊലപാതകം തുടങ്ങിയവ). ചാവുദോഷങ്ങളുടെ അവശിഷ്ടങ്ങള്‍ക്കുള്ള ശിക്ഷയില്‍നിന്ന് മോചനം നേടാന്‍ ഏറെ സഹായിക്കുന്നതാണ് അന്ത്യകൂദാശകളുടെ സ്വീകരണമെന്ന് വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നുണ്ട്.

(2) രണ്ടാമത്തേത് തന്റെ കഴിവുകളെയും സിദ്ധികളെയും പറ്റിയുള്ള അത്യധികമായ അഹങ്കാരമാണ്. 


(3) സ്വയംഭോഗം, സ്വവര്‍ഗഭോഗം തുടങ്ങിയ പാപങ്ങള്‍ക്ക് ഈ ലോകത്തില്‍വച്ച് പൂര്‍ണമായി പരിഹാരം ചെയ്യുക ഏറെ പ്രയാസകരമാണ് (അത്യധികമായ സുഖലോലുപതയും ഓര്‍ ക്കുക).


(4) പരദൂഷണം, നാവിന്റെ ദുരുപയോഗം എന്നിവ ബഹുഭൂരിപക്ഷം പേരുടെയും സാധാരണമായ ഒരു പാപമാണ്. നാം നടത്തിയിട്ടുള്ള പരദൂഷണങ്ങള്‍ക്കെല്ലാം ഈ ലോകത്തില്‍വച്ച് പൂര്‍ണമായി പരിഹാരം ചെയ്യാന്‍ സാധിക്കുമോ?


(5) നീതിക്കെതിരായ പാപങ്ങള്‍

മറ്റുള്ളവര്‍ക്കു കൊടുക്കാനുള്ളത് കൊടുക്കാതിരിക്കുക, വഞ്ചിച്ചും തട്ടിപ്പറിച്ചും അന്യന്റെ മുതല്‍ സ്വന്തമാക്കുക, മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ സഭയ്‌ക്കോ സര്‍ക്കാരിനോ കൊടുക്കാനുള്ളവ കൊടുക്കാതിരിക്കുക, മോഷ്ടിച്ച വസ്തുക്കള്‍ സൂക്ഷിക്കുക, പാവങ്ങളോടും ദരിദ്രരോടും അനീതി പ്രവര്‍ത്തിക്കുക, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുക. ഇവയെല്ലാം നീതിക്കെതിരായ പാപങ്ങളാണ്. ഇവയെല്ലാം കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാലും ഇവയ്ക്കുള്ള പരിഹാരം അനുഷ്ഠിച്ചേ പറ്റൂ.

(6) ദൈവം നല്കിയ ദാനങ്ങളെ ഉപയോഗിക്കാതിരിക്കുന്നതും അവയെ ദുരുപയോഗിക്കുന്നതും തെറ്റാണ്. കഴിവുണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാതിരിക്കുക, പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ പണത്തിനുവേണ്ടി ഉപയോഗിക്കുക (ഉദാ: രോഗശാന്തി വരം) തുടങ്ങിയവ തെറ്റായ പ്രവൃത്തികളത്രേ.


(7) അവസാനമായി സൂചിപ്പിക്കാനുള്ളത് നമ്മുടെ ദുര്‍വാസനകളുടെ കാര്യമാണ്. ഒരാള്‍ മദ്യപാനം ഉപേക്ഷിച്ചിരിക്കാം. വ്യഭിചാരപ്രവൃത്തികള്‍ നിര്‍ത്തിയിരിക്കാം, പരദൂഷണം ഒഴിവാക്കിയിരിക്കാം. പക്ഷേ, ഇവയ്ക്കുള്ള വാസനകളും ഇവയിലേക്കുള്ള ചാച്ചിലുകളും പൂര്‍ണമായി നമ്മില്‍നിന്ന് ഒഴിവാക്കുക ഏറെ പ്രയാസമാണ്. അങ്ങനെയുള്ളവര്‍ തരംകിട്ടിയാല്‍ മദ്യപിക്കും. അവസരം കിട്ടിയാല്‍ വ്യഭിചാരപ്രവൃത്തികളില്‍ ഏര്‍പ്പെടും. മോഹം, ആര്‍ത്തി, ക്രൂരത തുടങ്ങിയവ എന്നും അയാളില്‍ ഉണ്ടായിരിക്കും. വലിയ താപസരോ വിശുദ്ധരോ അല്ലെങ്കില്‍ ഈ വാസനകളെ മുഴുവന്‍ നമ്മില്‍നിന്നും പാടെ പിഴുതെറിയുക ബുദ്ധിമുട്ടാണ്. എന്നാല്‍, സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ദുഷ്പ്രവൃത്തികളെന്നപോലെ ദുഷ്ടവാസനകളും പ്രതിബന്ധമാണ്. അവയ്ക്കുള്ള പരിഹാരം ഇഹത്തിലോ പരത്തിലോ വച്ച് നാം ചെയ്തു തീര്‍ത്തേ മതിയാവൂ.


ശുദ്ധീകരണാത്മാക്കളെ എങ്ങനെ സഹായിക്കാം?

ശുദ്ധീകരണാത്മാക്കള്‍ അതിതീവ്രമായ വേദന അനുഭവിക്കുന്നവരാണ്. അവ ലഘൂകരിക്കാന്‍ ഒന്നും ചെയ്യാന്‍ അവര്‍ക്കു സാധ്യമല്ല. ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രിയില്‍ അവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. പക്ഷേ, അവരെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവരായ നമുക്കു സാധിക്കും. ഈ സഹായം ക്രിസ്തീയ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രവൃത്തിയത്രേ. എങ്ങനെയൊക്കെ ഈ ആത്മാക്കളെ സഹായിക്കാമെന്ന് പരിശോധിക്കാം.

(1) അവര്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിച്ചുകൊണ്ട്. ദിവ്യബലി യേശുവിന്റെ കാല്‍വരിയിലെ ബലിയുടെ അതേ ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അതിനാല്‍ മരിച്ചവര്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിക്കുവാന്‍ നാം ശ്രദ്ധിക്കണം. മരിച്ച കാരണവന്മാര്‍ക്കുവേണ്ടി മക്കള്‍ ദിവ്യബലികള്‍ നടത്തേണ്ടതാണ്.
കുര്‍ബാനയ്ക്കു പണം നല്കുക, കുര്‍ബാനയില്‍ ഭക്തിപൂര്‍വം പങ്കുചേരുക എന്നിവയാണ് നാം ചെയ്യേണ്ടത്.
മരിച്ചവര്‍ക്കുവേണ്ടി ഗ്രിഗോറിയന്‍ കുര്‍ബാന ചൊല്ലിക്കുക എന്നത് വിശ്വാസികള്‍ അനേകം നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുപോരുന്ന വലിയ സത്കൃത്യമാണ്. കഴിവുള്ളവര്‍ അതു ചെയ്യിക്കുക.

(2) ഉപവാസം, ദാനധര്‍മങ്ങള്‍, ത്യാഗപ്രവൃത്തികള്‍, ആശാനിഗ്രഹം, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയുടെ കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. മാതാവിന്റെ ജപമാല, കുരിശിന്റെവഴി ഇവ പ്രത്യേകം ശ്രദ്ധിക്കുക.


(3) ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് പരേതാത്മാക്കളുടെ പാപപരിഹാരം സാധിക്കാം. ദണ്ഡവിമോചനങ്ങള്‍ പ്രാപിക്കുമ്പോള്‍ അവ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായിത്തീരുന്നു. ഈ പരിഹാരഫലങ്ങളെ മരിച്ചവര്‍ക്കുവേണ്ടി നമുക്കു കാഴ്ചവയ്ക്കാം. •



Written by  പ്രഫ. പി.ടി. ചാക്കോ

അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ...

വീഴ്‌ചകളിലും തകര്‍ച്ചകളിലും നിരാശപ്പെട്ടുപോകാതെ പ്രത്യാശയുടെ പാത കണ്ടെത്താന്‍ സഹായിക്കുന്ന ദൈവിക ചിന്തകള്‍.
എന്റെ മനസിനെ ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള ഒരു കഥയുണ്ട്‌- അതിന്റെ ആശയം ചുരുക്കത്തില്‍ ഇങ്ങനെയാണ്‌. ജീവിതസായാഹ്നത്തില്‍ എന്റെ ഇന്നലെകളിലേക്ക്‌ സ്വര്‍ഗീയ പിതാവ്‌ എന്നെ നടത്തുകയാണ്‌. ദൂരെ ചക്രവാളംവരെ നീളുന്ന പാതയില്‍ എന്റെ ജീവിതയാത്ര അവിടുന്നെന്നെ കാണിച്ചുതരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്റെ കാല്‌പാദങ്ങള്‍ക്കു പുറമേ മറ്റു രണ്ടു കാല്‌പാദങ്ങള്‍ക്കൂടി. അവിശ്വസനീയതയോടെ വീണ്ടും അങ്ങോട്ടു നോക്കിയപ്പോള്‍ മനസിലായി, അതെന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ നാളുകളാണ്‌. പക്ഷേ, മറ്റൊരാളും എന്നോടൊപ്പമുണ്ട്‌. അതാരാണെന്നു ചിന്തിച്ചിരിക്കേ, എന്റെ സ്വര്‍ഗീപിതാവ്‌ എന്നോടു പറഞ്ഞു. ``പ്രിയപ്പെട്ട മകളേ, നിന്റെ കാല്‌പാദങ്ങള്‍ക്കൊപ്പം കാണുന്നത്‌ എന്റെ കാല്‌പാദങ്ങളാണ്‌. നിന്റെ ജീവിതയാത്രയിലുടനീളം നിന്നോടൊപ്പം ഞാനും നടക്കുകയായിരുന്നു.'' നിറകണ്ണുകളോടെ ഞാന്‍ വീണ്ടും ആ പാതയോരത്തേക്ക്‌ സൂക്ഷിച്ചുനോക്കി.

ഇത്തവണ ഞാന്‍ കുറച്ചുകൂടി അത്ഭുതപ്പെട്ടു. കാരണം, ചില സമയങ്ങളില്‍ രണ്ടു കാല്‌പാദങ്ങള്‍ മാത്രമേയുള്ളൂ. അതെന്റെ വേദനയുടെ അവസ്ഥകളാണ്‌. എന്റെ വേദനയില്‍ ഞാന്‍ മാത്രം. എന്തുകൊണ്ട്‌ പിതാവേ, നീപോലും എന്റെകൂടെ ഉണ്ടായിരുന്നില്ല. ദുഃഖങ്ങളില്‍ ഞാനെത്ര വേദനിച്ചു. അല്‌പവിശ്വാസിയായ എന്നെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി അവിടുന്ന്‌ പറഞ്ഞു, ``എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നിന്റെ വേദനയില്‍, നിന്റെ ഇല്ലായ്‌മയില്‍, നിന്റെ കഷ്‌ടപ്പാടില്‍ നീ കണ്ടത്‌ നിന്റെ കാലടികള്‍ അല്ല, അവ എന്റേതാണ്‌. നിന്റെ ദുഃഖങ്ങളില്‍ നീ എന്റെ തോളിലായിരുന്നു. നിനക്കുവേണ്ടി നടന്നത്‌ ഞാനാണ്‌.''

പലപ്പോഴും നാമിങ്ങനെയാണ്‌. കരുതലാര്‍ന്ന ഈശോയുടെ വലിയ കരങ്ങള്‍ എ പ്പോഴും കൂടെ ഉണ്ടെന്നുള്ള കാര്യം മറന്നുപോകുന്നു. പലപ്പോഴും നമ്മുടെ വേദനകളില്‍ പരാതി പറയാനും ആവശ്യങ്ങള്‍ ചോദിക്കാനുമല്ലാതെ, തമ്പുരാന്റെ കരുതലാര്‍ന്ന സ്‌നേഹം അനുഭവിക്കാന്‍ കൂട്ടാക്കാറില്ല. ഒരിക്കലും ഉപേക്ഷിക്കാതെ തെറ്റുകള്‍ ക്ഷമിച്ചുകൊണ്ട്‌ വേദനകളില്‍ കൈത്താങ്ങായി സ്വര്‍ഗീയപിതാവ്‌ അഭയമായി, ആശ്രയമായി നമ്മോടൊപ്പമുണ്ടെന്നു വിശ്വസിക്കാന്‍ സാധിക്കണം.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവം അറിഞ്ഞുതന്നെയാണ്‌ നടക്കുന്നത്‌. ദൈവം എന്നെ ഉപേക്ഷിച്ചു, അല്ലെങ്കില്‍ എന്തുകൊണ്ടാണ്‌ എനിക്കുമാത്രം ഇങ്ങനെ? മറ്റുള്ളവര്‍ക്കെല്ലാം എത്ര നന്മകളാണ്‌ ദൈവം നല്‌കിയത്‌? തുടങ്ങിയ ചിന്താഗതികള്‍ പാടെ ഉപേക്ഷിച്ച്‌ നമ്മുടെ കാല്‌പാദങ്ങളോടൊപ്പം ഈ വേദനാവേളയില്‍ മറ്റൊ രു കാല്‌പാദവുംകൂടി ഉണ്ടല്ലോ എന്നൊന്ന്‌ ഓര്‍ത്തുനോക്കിയാലോ? എന്റെ കരങ്ങളോടൊപ്പം ദൈവത്തിന്റെ കരങ്ങള്‍, എന്റെ മനസിനോടൊപ്പം ദൈവത്തിന്റെ മനസ്‌, ബുദ്ധി, ശക്തി, അങ്ങനെ എല്ലാം. അങ്ങനെയെങ്കില്‍ ഒരുപക്ഷേ ആരെക്കാളും വലിയവനായിരിക്കും നാം. കാരണം, നമ്മുടെ കൂടെയുള്ളത്‌ ദൈവത്തിന്റെ ശക്തിയാണ്‌. ആ ശക്തിക്കുമേല്‍ ഒന്നിനും വാഴാന്‍ സാധ്യമല്ല.

വീഴ്‌ചകളില്‍ ദുഃഖിച്ചിരിക്കാതെ നിരാശയുടെ പടുകുഴിയില്‍ വീണു ചാമ്പലാകാതെ, പറ്റിപ്പോയല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു കഴിയാതെ മാനസാന്തരത്തിലേക്കും പ്രത്യാശയിലേക്കും കടന്നുവന്ന്‌, ദൈവത്തിന്റെ വലിയ സ്‌നേഹം അനുഭവിക്കുന്നവരായി മാറാന്‍ ശ്രമിക്കാം. ഇടറാതെ, പതറാതെ, തളരാതെ, അഭയമേകുന്ന ആ വലിയ കരങ്ങള്‍ക്കുകീഴെ ശാന്തമായി ഉറങ്ങാന്‍ ആഗ്രഹിക്കാം. വേദനകളുടെ ഇന്നലെകളെ പ്രതീക്ഷകളുടെ നാളെകളാക്കാന്‍, നിരാശയുടെ കാണാക്കയങ്ങളില്‍നിന്നു പ്രത്യാശയുടെ കിരണങ്ങളേകാന്‍ ഇനി നമ്മുടെ വിരല്‍ത്തുമ്പില്‍ ആ വലിയ പിതാവിന്റെ വിരല്‍ത്തുമ്പുകൂടി... നല്ല നാളെയുടെ തുട ക്കം നമ്മുടെ ആ വലിയ പിതാവിനൊപ്പം ഈ നിമിഷം നമുക്കും ആരംഭിക്കാം.



Written by  മരിയ ജോസ്‌, ചെമ്പേരി

Thursday, July 12, 2012

ദൈവത്തെ വെളിപ്പെടുത്തുന്ന വിളക്കുകള്‍

Written by  കെ. ജെ. മാത്യു



പലപ്പോഴും ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ലോകത്തിന്റെ പ്രകാശമായ ക്രിസ്തുവിനെ അറിയുവാന്‍ എന്തുകൊണ്ട് അവിടുന്ന് എന്നെ അനുവദിച്ചു? അവിടുന്ന് കൃപ നല്കിയതുകൊണ്ടാണ് എനിക്കത് സാധിച്ചത്. അല്ലെങ്കില്‍ ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത ഒരു സമൂഹത്തിലോ ദേശത്തോ കുടുംബത്തിലോ ഞാന്‍ പിറക്കുമായിരുന്നു. പാരമ്പര്യമായി അവിടുത്തെ അറിഞ്ഞ കുടുംബത്തില്‍ ജനിക്കാന്‍ ദൈവം അനുഗ്രഹിച്ചു. പലപ്പോഴും വീണിട്ടുള്ള എന്നെ അവിടുന്ന് പിടിച്ചെഴുന്നേല്പ്പിക്കുന്നു. തന്റെ കൈകളില്‍ വീണ്ടും പിടിച്ച് നടക്കാന്‍ അനുദിക്കുന്നു. എന്തുകൊണ്ടായിരിക്കാം അവിടുന്ന് എന്നെ ഒരിക്കലും തള്ളിക്കളയാത്തത്?

എനിക്ക് ലഭിച്ച ഉത്തരം ഇതാണ്: അവിടുത്തെ ദൗത്യം ഈ ലോകത്തില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ ഇന്ന് അവിടുന്ന് നിങ്ങളെയും എന്നെയും പ്രതീക്ഷയോടെ കാണുന്നു. 'ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്' എന്ന് അവകാശപ്പെടാന്‍ സാധിച്ച ഏക വ്യക്തി യേശുക്രിസ്തുവാണ്. അവിടുന്ന് മാത്രമാണ് മനുഷ്യകുലത്തിന്റെ ഏകരക്ഷകനും പ്രത്യാശയും. എന്നാല്‍, ലോകത്തെ പ്രകാശിപ്പിക്കുന്ന ക്രിസ്തുവിനെ ഇന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ട ദൗത്യം എന്റേതാണ്. അതുകൊണ്ടാണ് അവിടുന്ന് അരുള്‍ച്ചെയ്തത്: ''നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്'' (മത്തായി 5:14). ഇവിടെ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്: ഒന്ന്, യേശുവിന് നമ്മോടുള്ള മനോഭാവമാണ്. ലോകത്തിന്റെ പ്രകാശമായ തന്നോളംതന്നെ തന്റെ പ്രിയശിഷ്യര്‍ വളരണമെന്നും ഉയരണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. അത്രമാത്രം അവിടുന്ന് നമ്മെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അനുയായികളെ വളര്‍ച്ചയ്ക്കു ള്ള ചവിട്ടുപടികളായി ഉപയോഗിക്കുന്ന നേതാക്കളില്‍നിന്നും യേശു എത്രയോ വ്യത്യസ്തനാണ്. യേശുവിന്റെ അനുപമമായ നേതൃത്വശൈലി നാം ഇവിടെ കാണുന്നു. മറ്റൊന്ന്, യേശു എന്റെ ദൗത്യ ത്തെ എത്രമാത്രം വിലമതിക്കുന്നു എന്നതാണ്. എന്റെ ജീവിത സാഹചര്യങ്ങളില്‍ ഞാന്‍ ചെയ്യുന്ന ഓരോ സല്‍പ്രവൃത്തികളും ദൈവത്തെ പ്രകാശിപ്പിക്കുന്ന കൊച്ചുവിളക്കുകളാണ്.
ഉയര്‍ത്തെഴുന്നേല്പിന്റെ അനുഭവം
''മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ'' (മത്തായി 5:16). പ്രതികാരം ജീവിതശൈലിയാക്കിയിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ തിന്മയ്ക്കു പകരം നന്മ ചെയ്യുമ്പോള്‍ നിശ്ചയമായും സമൂഹത്തില്‍ പ്രകാശിക്കുന്നത് ക്രിസ്തുവിന്റെ തേജസാര്‍ന്ന മുഖമാണ്. അതുപോലെ ദ്രോഹിച്ചവനോട് നിരുപാധികം ക്ഷമിക്കുകയും അവനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെ യ്യുന്ന ഒരു ക്രിസ്തുശിഷ്യന്‍ ഒഴുക്കിനെതിരെ നീന്തുന്നവനാണ്. തീര്‍ച്ചയായും ആ പ്രവൃത്തി ഈ ലോകത്തില്‍ നിറഞ്ഞിരിക്കുന്ന അന്ധകാരത്തിന്റെ അളവ് വളരെ കുറയ്ക്കും. വ്യക്തിജീവിതത്തിലാണെങ്കിലും സമൂഹജീവിതത്തിലാണെങ്കിലും ക്രിസ്ത്യാനികളുടെ ജീവിതശൈലി ഇതുതന്നെയായിരിക്കണം. ഇതൊരു ദൗര്‍ബല്യമായി ലോകം കരുതിയേക്കാം. പക്ഷേ, തിന്മയുടെമേല്‍ ആത്യന്തികമായ വിജയം നേടുവാനുള്ള മാര്‍ഗം ഇതുമാത്രമാണ്. ലോകം തന്നെ നോക്കി വെല്ലുവിളിക്കുമ്പോഴും നിശബ്ദനായി ക്രിസ്തുവിന്റെ അരികില്‍ കുരിശില്‍ കിടക്കുന്ന ഒരു ക്രിസ്ത്യാനിക്കു മാത്രമേ അവിടുത്തെ അനശ്വരമായ ഉയി ര്‍പ്പില്‍ പങ്കുചേരാന്‍ സാധിക്കുകയുള്ളൂ. 'ഇവന്‍ ദൈവത്തിന്റെ ക്രിസ്തുവാണെങ്കില്‍, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്‍ തന്നെത്തന്നെ രക്ഷിക്കട്ടെ' എന്ന പ്രമാണികളുടെ വെല്ലുവിളി സര്‍വശക്തനായ ദൈവം അവഗണിച്ചു. വെല്ലുവിളിയെ നേരിടുന്നതാണ് ശക്തിയുടെ ലക്ഷണമെന്നും തിരിച്ചടിക്കുന്നവര്‍ ശക്തരാണെന്നുമുള്ള ലോകത്തിന്റെ ധാരണയെ തിരുത്തിക്കുറിക്കുവാന്‍ സാധിക്കുന്ന ശിഷ്യന്മാരെ യേശു ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ജീവിതപങ്കാളിയുടെ, മാതാപിതാക്കളുടെ, മക്കളുടെ, സഹപ്രവര്‍ത്തകരുടെ, അയല്ക്കാരന്റെ മുന്‍പില്‍ തോറ്റുകൊടുക്കാന്‍ തയാറാവുക. അര്‍ഹതപ്പെട്ടത് നിഷേധിക്കപ്പെടുമ്പോഴും പരാതി പറയേണ്ട. ഓര്‍ക്കുക, ഈ കീഴടങ്ങലും തോറ്റുകൊടുക്കലും താല്ക്കാലിക പരാജയം മാത്രമാണ്. ദൈവം നിനക്കുവേണ്ടി പ്രവര്‍ത്തിക്കും. നിന്റെ അഹത്തെ, അഭിമാനത്തെ നീ എവിടെയൊക്കെ മരിക്കുവാന്‍ അനുവദിക്കുന്നുവോ, അവിടങ്ങളിലൊക്കെ ഉയിര്‍ത്തെഴുന്നേല്പിന്റെ അനുഭവം ദൈവം ഒരുക്കും. അങ്ങനെ നീ അനേകരുടെ ജീവിതത്തില്‍ ക്രിസ്തുവിന്റെ സമാധാനത്തിന്റെ വാഹകനാകും.

ഈ പ്രകാശം പകരലിന് ഒരു യുഗാന്ത്യമാനവുമുണ്ട്. ക്രിസ്തുവിന്റെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുവാനുള്ള വിളി ലഭിച്ചവരാണ് ഓരോ ക്രിസ്തുശിഷ്യനും. അവിടുന്ന് എപ്പോള്‍ വരുമെന്ന് നമുക്കറിഞ്ഞുകൂടാ. പക്ഷേ, അവിടുത്തെ വരവ് എപ്പോള്‍ സംഭവിച്ചാലും നാം തയാറായിരിക്കണം എന്ന് അവിടുന്ന് നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ട്. ക്രിസ്തു പറഞ്ഞ മനോഹരമായ ഒരു ഉപമയിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കട്ടെ.

വിവേകത്തിന്റെ മാനദണ്ഡം
പത്തു കന്യകമാരുടെ ഉപമയാണിവിടെ പരാമര്‍ശിക്കപ്പെടുന്നത്. ഈ കന്യകമാരെല്ലാവരും വിളക്കു കത്തിച്ചാണ് മണവാളനെ എതിരേല്‌ക്കേണ്ടത് എന്നത് വളരെ ശ്രദ്ധേയമാണ്. വിളക്ക് കെട്ടുപോകാതിരിക്കാന്‍ നാം നിരന്തര ജാഗ്രത കാണിക്കണം എന്നത് ഈ ഉപമയുടെ ആന്തരികസന്ദേശമാണ്. പത്തു കന്യകമാരെ യേശു രണ്ടായി തിരിക്കുന്നു. അഞ്ചുപേര്‍ വിവേകമതികളും അഞ്ചുപേര്‍ വിവേകശൂന്യരുമായിരുന്നു. വിവേകത്തിന്റെ മാനദണ്ഡം ലോകത്തിന്റേതില്‍നിന്നും വ്യത്യസ്തമാണിവിടെ. വളരെ ദരിദ്രമായ അവസ്ഥയില്‍നിന്ന് കോടീശ്വരനായി ഉയരുന്നവന്‍ ലോകത്തിന്റെ മുമ്പില്‍ വിവേകമുള്ളവനും സമര്‍ത്ഥനുമാണ്. ഉന്നത സ്ഥാനങ്ങളിലെത്തുന്നവനെ ബുദ്ധിമാനായി ലോകം ഗണിക്കുന്നു. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്നവനാണ് ലോകത്തിന്റെ ദൃഷ്ടിയില്‍ കഴിവുള്ളവന്‍. ലോകത്തില്‍ ഐശ്വര്യം നേടുവാന്‍ കഴിയുന്നവനാണ് ലോകത്തിന്റെ അംഗീകാരം ലഭിക്കുന്നത്. ''മത്തായിച്ചേട്ടനെന്താ നല്ല കാലമല്ലേ!'' എന്ന് നാട്ടുകാര്‍ അത്ഭുതത്തോടെ പറയുന്നത് അദ്ദേഹത്തിന്റെ ബംഗ്ലാവും കാറും വിദേശത്തായിരിക്കുന്ന മക്കളെയും ഒക്കെ നോക്കിയാണ്. ഇതിലൊക്കെ ഒന്നാംസ്ഥാനത്താണെങ്കിലും, ലോകം നിന്നെ അംഗീകരിക്കുന്നുണ്ടെങ്കിലും ദൈവം നിന്നെ അംഗീകരിക്കണമെന്നില്ല. ഇതൊ ക്കെ നിലനില്ക്കാത്ത പരീക്ഷാവിജയങ്ങളാണ്. ക്ലാസുപരീക്ഷകളിലും യൂണിറ്റ് ടെസ്റ്റിലുമൊക്കെ ഒന്നാം സ്ഥാനം നേടുകയും, പബ്ലിക് പരീക്ഷയുടെ സമയത്ത് ഉഴപ്പിയതിന്റെ പേരില്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്ത വിദ്യാര്‍ത്ഥി പരിഹാസ്യനാകുന്നതുപോലെ നീയും ദൈവസമക്ഷം പരിഹാസ്യനാകും എന്നോര്‍ക്കുക. അന്ത്യവിധി രഹസ്യവിചാരണയല്ല, പരസ്യവിചാരണയാണ്, പബ്ലിക് പരീക്ഷ തന്നെയാണ്. ഈ പരീക്ഷ താമസിക്കുന്നതുകൊണ്ട് ഉഴപ്പരുത്. അത് എപ്പോള്‍ നടന്നാലും നേരിടാന്‍ തയാറായിരിക്കുക.

ചില പ്രതീകങ്ങള്‍
ഈ കന്യകമാര്‍ ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന മനുഷ്യന്റെ ആത്മാവിന്റെ പ്രതീകങ്ങളാണ്. ദൈവത്തെ കാണുമ്പോഴാണ് മനുഷ്യന്റെ ആത്മാവ് യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നത്. ദൈവത്തിന്റെ സന്നിധിയിലെത്തുവാനാണ് മനുഷ്യന്റെ ആത്മാവ് കൊതിക്കുന്നത്. അതിന് ദൈവികസാന്നിധ്യം പ്രദാനം ചെയ്യാതെ ലൗകികമായി എന്തു കൊടുത്താലും തൃപ്തമാകുകയില്ല. ലോകം കീഴടക്കിയവനും മഹാനെന്ന് ലോകം വിളിക്കുന്നവനുമായ അലക്‌സാണ്ടര്‍ വെറും കൈയോടെ പോകേണ്ടിവന്നത് അതിനാലത്രേ. പണത്തിന്മേല്‍ അടയിരിക്കുന്ന മഹാകോടീശ്വരന്മാരും ലോകം അസൂയയോടെ നോക്കിയിരുന്ന സൗന്ദര്യധാമങ്ങളുമൊക്കെ നിരാശയില്‍ ജീവിതം അവസാനിപ്പിച്ചത് അതുകൊണ്ടാണ്. ദൈവത്തെ നിഷേധിച്ച വോള്‍ട്ടയറുടെയും നീഷേയുടെയുമൊക്കെ അന്ത്യം ദുരിതപൂര്‍ണമായിരുന്നുവെന്നോര്‍ക്കുക.
കന്യകകളുടെ പക്കലുള്ള വിളക്കുകള്‍ എന്റെയും നിങ്ങളുടെയും ജീവിതമാണ്. ഒരു ജീവിതമേയുള്ളൂ. അതിനാല്‍ അത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ഇ വിടെ ഭാഗ്യപരീക്ഷണത്തിന് സാധിക്കുകയില്ല. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തകരുവാന്‍. ഈ നിധി മണ്‍പാത്രത്തിലാണ് നല്കപ്പെട്ടിരിക്കുന്നതെന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍ക്കുക. ഈ വിളക്ക് നിരന്തരം പ്രകാശിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നീ ഏത് ജീവിതാന്തസിലുള്ള വ്യക്തിയാണെന്നത് ദൈവത്തിന് പ്രശ്‌നമല്ല. ഒരുപക്ഷേ നീ കുശിനിപ്പണിക്കാരിയായിരിക്കാം. നിന്നെ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കുവാനോ ആരുമുണ്ടായിരിക്കുകയല്ല. പരാതി പറയാതെ, ആത്മസന്തോഷത്തോടെ ജോലി ചെയ്യുമ്പോള്‍ നിന്റെ ജീവിതം ദൈവത്തിന് പ്രീതികരമാകും. നീ ആരായാലും എവിടെയായാലും ആയിരിക്കുന്ന സ്ഥല ത്തും അവസ്ഥയിലും ദൈവത്തിന് സാക്ഷ്യം നല്കാന്‍ സാധിക്കുന്നുണ്ടോ എന്നാണ് ദൈ വം നോക്കുന്നത്. നിന്റെ ജീവിതം കണ്ട്, പെ രുമാറ്റം കണ്ട്, പ്രകോപന സാഹചര്യത്തിലെ ശാന്തമായ പ്രതികരണം കണ്ട്, 'സഹോദരാ, നീയാണോ യേശു?' എന്ന് ആരെങ്കിലും ചിന്തിക്കാനോ ചോദിക്കാനോ തുടങ്ങിയാല്‍ നിന്റെ ജീവിതം ധന്യമായി.

നിഷ്‌കളങ്കതയില്‍നിന്നും ആരംഭിക്കുന്ന യാത്ര
വിളക്ക് നിരന്തരം കത്തണമെങ്കില്‍ എണ്ണ ആവശ്യമാണ്. എണ്ണ ദൈവകൃപയുടെ, പരിശുദ്ധാത്മ അഭിഷേകത്തിന്റെ പ്രതീകമായി കാണാം. ഒരു മനുഷ്യനും സ്വന്തം ശക്തികൊണ്ട് ദൈവത്തിന് സാക്ഷ്യം നല്കുവാന്‍ സാധിക്കുകയില്ല. കാരണം, അവന്‍ ജഡവും പാപത്തില്‍ പിറന്നവനുമാണ്. പാപത്തിലേക്കുള്ള ആകര്‍ഷണങ്ങള്‍ എല്ലാ മനുഷ്യര്‍ ക്കുമുണ്ട്. അതിനെ നേരിടണമെങ്കില്‍ ദൈവത്തിന്റെ ശക്തി ആവശ്യമാണ്. അതിനാല്‍ നീ എത്ര തിരക്കുള്ളവനാണെങ്കിലും ദൈവസന്നിധിയില്‍ എല്ലാ ദിവസവും ചെല്ലണം. പ്രാര്‍ ത്ഥനയ്ക്കായി മുട്ടുകുത്തണം, ബലഹീനതകളെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം, പുതിയ അഭിഷേകം ഓരോ രാത്രിയിലും സ്വീകരിച്ചേ കിടന്നുറങ്ങാവൂ. അല്ലെങ്കില്‍ തകര്‍ന്നുപോകും. വിളക്ക് നല്കപ്പെട്ട കന്യകമാര്‍ വിളക്കുകളോടൊപ്പം എണ്ണയും കരുതാത്തതുകൊണ്ടാണ് തിരസ്‌കൃതരായതെന്നത് നമുക്ക് ശക്തമായ ഒരു മുന്നറിയിപ്പാണ്. ഇത് ഇന്നും സംഭവിക്കുന്നു. ജ്വലിച്ചിരുന്ന, അനേകരുടെ ജീവിതങ്ങളെ പ്രകാശിപ്പിച്ചിരുന്ന പല ശുശ്രൂഷകരുടെയും ജീവിതവിളക്ക് ഇന്ന് കെട്ടുപോയതിന്റെ കാരണമിതാണ്. ധ്യാനകേന്ദ്രങ്ങളിലേക്ക് കയറുന്നവര്‍ അനവധിയാണ്. പക്ഷേ, ഇറങ്ങുന്ന അനേകര്‍ക്ക് തങ്ങളുടെ വിളക്ക് കത്തിച്ചുപിടിക്കാന്‍ സാധിക്കുന്നില്ല. ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ ധ്യാനകേന്ദ്രങ്ങളില്‍നിന്നും ജ്വലിപ്പിച്ച അവരുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നു. കാരണം, എ ന്നും എണ്ണ പകരുന്ന, ബലഹീനതകളില്‍ കൃപ നിറയ്ക്കുന്ന ദൈവസന്നിധിയില്‍ എ ത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

എല്ലാ മനുഷ്യന്റെ ഉള്ളിലും ദൈവത്തിനുവേണ്ടിയുള്ള ശക്തമായ ആഗ്രഹം അവിടുന്ന് നിക്ഷേപിച്ചിട്ടുണ്ട്. ഓരോ ശിശുവും ജീവിതം ആരംഭിക്കുന്നത് നിഷ്‌കളങ്കതയിലാണ്. മലര്‍ന്നു കിടക്കുന്ന ശിശുക്കള്‍ മുകളിലേക്ക് നോക്കി മോണകാട്ടി ചിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അവര്‍ സ്വര്‍ഗപിതാവിനെ നോക്കി ചിരിക്കുന്നതാകാം. എന്നാല്‍, കാലങ്ങള്‍ കടന്നുപോകുമ്പോള്‍ അവന്റെ നിഷ്‌കളങ്കത നഷ്ടപ്പെടുന്നു, വിളക്ക് കെട്ടുപോകുന്നു.

പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്
ഇവിടെ കന്യകമാര്‍ കാത്തിരിക്കുന്ന മണവാളന്‍ യേശുക്രിസ്തുവിന്റെ പ്രതീകമാണ്. ഓരോ മനുഷ്യന്റെയും അന്ത്യത്തില്‍ അവ നെ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്നത് യേശുതന്നെയാണ്. ചിലര്‍ക്ക് ഈ ബോധ്യമില്ലാത്തതിനാല്‍ മരിക്കാന്‍ പേടിയാണ്. കാലന്‍ കൂട്ടിക്കൊണ്ടുപോകുവാന്‍ വരുന്നുവെന്നാണ് അവര്‍ കരുതുന്നത്. വിളക്ക് കത്തിച്ച ഒരു ജീവിതമാണ് നയിക്കുന്നതെങ്കില്‍ മരണത്തെ ഒട്ടും ഭയപ്പെടേണ്ടാ. മറിച്ച്, അതിനെ പ്രതീക്ഷയോടെ കാത്തിരിക്കണം. മഹാവിരുന്നിന് നിന്നെ കൂട്ടിക്കൊണ്ടുപോകാനാണ് യേശു, വരുന്നത്. അവിടുത്തോടുള്ള അന്ത്യയാത്ര എത്ര ആഹ്ലാദകരമായിരിക്കും!

ലോകാവസാനം എന്നുണ്ടാകുമെന്നോര്‍ ത്ത് തല പുണ്ണാക്കേണ്ട. കാരണം, നീ മരിക്കുമ്പോള്‍ നിന്റെ ഇവിടെയുള്ള ലോകം അവസാനിക്കുന്നു. അതാണ് നിന്റെ ലോകാവസാനം. അതിനായി ഒരുങ്ങിയിട്ടുണ്ടോ എന്നോര്‍ത്താണ് തല പുകയേണ്ടത്. നിന്റെ വിളക്കിലെ എണ്ണ വറ്റിപ്പോയിട്ടുണ്ടാകാം. ഒരുപക്ഷേ നിന്റെ വിളക്കിനുതന്നെ ഗൗരവമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടാകാം. നീ ഇപ്പോള്‍ അസ്വസ്ഥനും നിരാശനുമായിരിക്കാം. ദൈവം നല്കിയ നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനെയോര്‍ത്തുള്ള കുറ്റബോധം നിനക്കുണ്ടാകാം. വിഷമിക്കേണ്ട. വിളക്കിന്റെ തകരാറുകള്‍ പൂര്‍ണമായും നന്നാക്കുവാന്‍ കഴിവുള്ളവന്‍, വീണ്ടും എണ്ണ പകരാന്‍ കഴിവുള്ള സര്‍വശക്തന്‍ അടുത്തുണ്ട്. നിന്നെ ഒരു പുതിയ സൃഷ്ടിയാ ക്കി മാറ്റാന്‍ അവിടുത്തേക്ക് കഴിയും. അത് യേശുവാണ്. അവിടുത്തെ മുഖത്തേക്ക് നോക്കുക. ആ പ്രകാശം ജീവിതത്തിലേക്ക് ഒഴുകട്ടെ. ഇപ്പോള്‍ ത്തന്നെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുക:

കര്‍ത്താവായ യേശുവേ, എന്നോ ടു കരുണ തോന്നണമേ. പലവിധത്തി ലും തകര്‍ന്ന എന്റെ ജീവിതത്തോട് കരുണ തോന്നിയാലും. നന്മയില്‍ വളരാന്‍ അവിടുന്നെനിക്ക് നല്കിയ അവസരങ്ങള്‍ ഞാന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പിതാവേ, എന്റെ വിളക്കിലെ എണ്ണ വറ്റിപ്പോയിരിക്കുന്നു. എന്റെ ദുഃഖങ്ങളിലേക്കും നിരാശകളിലേ ക്കും അങ്ങയുടെ കൃപ വീണ്ടുമൊഴുക്കണമേ. ഒരു പുതിയ വിളക്ക്, ഒരു പുതിയ ഹൃദയം എനിക്ക് നല്കിയാലും. അങ്ങയുടെ വഴിയില്‍മാത്രം നടക്കാന്‍ എന്നെ അനുഗ്രഹിക്കണമേ. എന്റെ അന്ത്യനിമിഷങ്ങളില്‍ എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അങ്ങു വ രുന്നത് കാണുവാനുള്ള ഭാഗ്യം എ നിക്ക് നല്കണമേയെന്ന് ഇപ്പോള്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നു (സ്വതന്ത്രമായി സ്തുതിച്ച് പ്രാര്‍ത്ഥിക്കുക). പരിശുദ്ധ അമ്മേ, നന്മരണത്തി ന്റെ നാഥനായ വിശുദ്ധ യൗസേപ്പിതാവേ, ഞാന്‍ ലക്ഷ്യത്തിലെത്തിച്ചേരുവാന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.